മുഖ്യലേഖനം | ദൈവത്തോട് അടുക്കാൻ നിങ്ങൾക്ക് കഴിയും
ഇതിനെക്കാൾ മെച്ചമായ ജീവിതഗതി വേറെയില്ല!
ദൈവത്തോട് അടുത്തുചെല്ലാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? അവനുമായി ഒരു അടുത്ത ബന്ധം നട്ടുവളർത്താൻ സഹായകമായ പിൻവരുന്ന പടികളാണ് നാം ചർച്ച ചെയ്തത്:
ദൈവത്തിന്റെ പേര് അറിയുകയും ഉപയോഗിക്കുകയും ചെയ്യുക.
ദൈവത്തോടു പ്രാർഥിക്കുകയും ദൈവവചനമായ ബൈബിൾ പഠിക്കുകയും ചെയ്തുകൊണ്ട് ദൈവവുമായി തുടർച്ചയായി ആശയവിനിമയം ചെയ്യുക.
ദൈവത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ പതിവായി ചെയ്യുക.
ദൈവത്തിന്റെ പേര് ഉപയോഗിച്ചുകൊണ്ട്, ദൈവത്തോട് പ്രാർഥിച്ചുകൊണ്ട്, ദൈവവചനം പഠിച്ചുകൊണ്ട്, ദൈവത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ട് ദൈവത്തോട് അടുത്തുചെല്ലുക
ഈ കാര്യങ്ങൾക്കു ചേർച്ചയിൽ ദൈവത്തോട് അടുക്കാൻ വേണ്ടതെല്ലാം നിങ്ങൾ ചെയ്യുന്നുണ്ടോ? ഈ പടികളിൽ ഏതിലെങ്കിലും മെച്ചപ്പെടേണ്ടതുണ്ടെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? ഇതിനെല്ലാം തീർച്ചയായും ശ്രമം ആവശ്യമാണ്. എങ്കിലും അതിന്റെ പ്രയോജനങ്ങളെക്കുറിച്ചു ചിന്തിക്കുക.
അമേരിക്കയിലെ ജെന്നിഫർ പറയുന്നു: “ദൈവവുമായി ഒരു അടുത്ത ബന്ധമുണ്ടായിരിക്കാൻ എന്തു ശ്രമം ചെയ്താലും അതിനു തക്ക പ്രയോജനമുണ്ട്. അത് അനവധി അനുഗ്രഹങ്ങൾ കൈവരുത്തുന്നു: ദൈവത്തിലുള്ള ആശ്രയം കൂടുന്നു, അവന്റെ ഗുണങ്ങൾ മെച്ചമായി മനസ്സിലാക്കാൻ സഹായിക്കുന്നു, എല്ലാറ്റിനും പുറമേ ദൈവത്തോടുള്ള സ്നേഹം വർധിക്കുന്നു. ഇതിനെക്കാൾ മെച്ചമായ ജീവിതഗതി വേറെയില്ല!”
ദൈവവുമായി അടുത്ത ബന്ധമുണ്ടായിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ. സൗജന്യമായി ബൈബിൾ പഠിക്കാനുള്ള ക്രമീകരണം ചെയ്യാൻ അവർക്കാകും. നിങ്ങളുടെ അടുത്തുള്ള രാജ്യഹാളിൽ നടക്കുന്ന ബൈബിൾ പഠനപരിപാടികൾക്ക് കൂടിവരാനും നിങ്ങളെ ക്ഷണിക്കുന്നു.a അവിടെ ദൈവവുമായുള്ള ബന്ധം വിലമതിക്കുന്നവരോടൊപ്പം നിങ്ങൾക്ക് സഹവാസം ആസ്വദിക്കാം. അങ്ങനെ ചെയ്യുന്നെങ്കിൽ, സങ്കീർത്തനത്തിന്റെ എഴുത്തുകാരനു തോന്നിയതുപോലെയായിരിക്കും നിങ്ങൾക്കും തോന്നുക: “ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു.”—സങ്കീർത്തനം 73:28. ▪ (w14-E 12/01)
a ബൈബിൾ പഠിക്കാനോ നിങ്ങളുടെ അടുത്തുള്ള രാജ്യഹാൾ എവിടെയാണെന്ന് അറിയാനോ ആഗ്രഹിക്കുന്നെങ്കിൽ, ഈ മാസിക നിങ്ങൾക്കു നൽകിയ വ്യക്തിയോടു സംസാരിക്കുക, അല്ലെങ്കിൽ www.jw.org എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് അതിന്റെ താഴെ കൊടുത്തിരിക്കുന്ന, ഞങ്ങളുമായി ബന്ധപ്പെടുക എന്നതിനു കീഴിൽ നോക്കുക.