ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും
ദൈവത്തെ സ്നേഹിക്കാൻ മക്കളെ എങ്ങനെ പഠിപ്പിക്കാം?
ദൈവത്തിന്റെ സൃഷ്ടികളെക്കുറിച്ചു പഠിപ്പിച്ചുകൊണ്ട് ദൈവത്തെ അറിയാനും സ്നേഹിക്കാനും മക്കളെ സഹായിക്കുക
ദൈവമുണ്ടെന്നും അവൻ തങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും കുട്ടികൾക്ക് ബോധ്യം വന്നാൽ മാത്രമെ അവർക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയൂ. ദൈവത്തെ സ്നേഹിക്കണമെങ്കിൽ അവർ അവനെ അറിയണം. (1 യോഹന്നാൻ 4:8) ഉദാഹരണത്തിന്, ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്തിനാണ്? ആളുകൾ വിഷമിക്കാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ട്? മനുഷ്യരുടെ ഭാവിക്കായി ദൈവം എന്തു ചെയ്യും? എന്നെല്ലാം അവർ അറിയണം.—ഫിലിപ്പിയർ 1:9 വായിക്കുക.
ദൈവത്തെ സ്നേഹിക്കാൻ മക്കളെ സഹായിക്കുന്നതിന് നിങ്ങൾതന്നെ ദൈവത്തെ സ്നേഹിക്കണം. അവർ അതു കാണുമ്പോൾ നിങ്ങളുടെ മാതൃക അനുകരിച്ചേക്കാം.—ആവർത്തനപുസ്തകം 6:5-7; സദൃശവാക്യങ്ങൾ 22:6 വായിക്കുക.
നിങ്ങൾക്ക് മക്കളുടെ ഹൃദയത്തിൽ എങ്ങനെ എത്തിച്ചേരാം?
ദൈവവചനം ശക്തിയുള്ളതാണ്. (എബ്രായർ 4:12) അതുകൊണ്ട് പ്രാഥമിക ബൈബിൾപഠിപ്പിക്കലുകൾ മനസ്സിലാക്കാൻ മക്കളെ സഹായിക്കുക. ആളുകളുടെ ഹൃദയത്തിൽ എത്തിച്ചേരാൻ യേശു ചോദ്യങ്ങൾ ചോദിച്ചു, അവർ പറയുന്നതു ശ്രദ്ധിച്ചു, തിരുവെഴുത്തുകൾ വിശദീകരിച്ചു. യേശുവിന്റെ ഈ പഠിപ്പിക്കൽരീതികൾ അനുകരിച്ചുകൊണ്ടു മക്കളുടെ ഹൃദയത്തിൽ എത്തിച്ചേരാനാകും.—ലൂക്കോസ് 24:15-19, 27, 32 വായിക്കുക.
അതുകൂടാതെ, ദൈവം ആളുകളോട് ഇടപെട്ട വിധം സംബന്ധിച്ച ബൈബിൾവിവരണങ്ങൾ, ദൈവത്തെ അറിയാനും സ്നേഹിക്കാനും മക്കളെ സഹായിക്കും. ഇതിനായി തയ്യാറാക്കിയിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ www.jw.org വെബ്സൈറ്റിൽ ലഭ്യമാണ്.—2 തിമൊഥെയൊസ് 3:16 വായിക്കുക. (w14-E 12/01)