-
ആവർത്തനം 13:1-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 “നിങ്ങൾക്കിടയിൽനിന്ന് ഒരു പ്രവാചകനോ സ്വപ്‌നം വ്യാഖ്യാനിച്ച് ഭാവി പറയുന്നവനോ വന്ന് ഒരു അടയാളം തരുകയോ ലക്ഷണം പറയുകയോ ചെയ്യുന്നെന്നിരിക്കട്ടെ. 2 ആ അടയാളമോ ലക്ഷണമോ പോലെ സംഭവിക്കുകയും ആ വ്യക്തി നിങ്ങളോട്, ‘വരൂ,’ നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ‘അന്യദൈവങ്ങളുടെ പിന്നാലെ പോയി നമുക്ക് അവയെ സേവിക്കാം’ എന്നു പറയുകയും ചെയ്‌താൽ 3 ആ പ്രവാചകന്റെയോ സ്വപ്നദർശിയുടെയോ വാക്കുകൾക്കു ചെവി കൊടുക്കരുത്.+ കാരണം നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ സ്‌നേഹിക്കുന്നുണ്ടോ+ എന്ന് അറിയാൻ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്.+ 4 നിങ്ങളുടെ ദൈവമായ യഹോവയെയാണു നിങ്ങൾ അനുഗമിക്കേണ്ടത്; ദൈവത്തെയാണു നിങ്ങൾ ഭയപ്പെടേണ്ടത്; ദൈവത്തിന്റെ കല്പനകളാണു നിങ്ങൾ പാലിക്കേണ്ടത്; ദൈവത്തിന്റെ വാക്കുകൾക്കാണു നിങ്ങൾ ചെവി കൊടുക്കേണ്ടത്; ദൈവത്തെയാണു നിങ്ങൾ സേവിക്കേണ്ടത്; ദൈവത്തോടാണു നിങ്ങൾ പറ്റിച്ചേരേണ്ടത്.+ 5 ആ പ്രവാചകനെ അല്ലെങ്കിൽ സ്വപ്നദർശിയെ നിങ്ങൾ കൊന്നുകളയണം.+ കാരണം ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവരുകയും അടിമവീട്ടിൽനിന്ന് നിങ്ങളെ മോചിപ്പിക്കുകയും ചെയ്‌ത നിങ്ങളുടെ ദൈവമായ യഹോവയെ ധിക്കരിക്കാനും അങ്ങനെ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്‌പിച്ച വഴി വിട്ടുമാറാനും അയാൾ നിങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ ഇടയിൽനിന്ന് നിങ്ങൾ തിന്മ നീക്കിക്കളയണം.+
-
-
യിരെമ്യ 28:11-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 എന്നിട്ട് ഹനന്യ ജനങ്ങളുടെ മുഴുവൻ മുന്നിൽവെച്ച് ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നത് ഇതാണ്: ‘വെറും രണ്ടു വർഷത്തിനുള്ളിൽ എല്ലാ ജനതകളുടെയും കഴുത്തിലിരിക്കുന്ന, ബാബിലോണിലെ നെബൂഖദ്നേസർ രാജാവിന്റെ നുകം ഞാൻ ഇതുപോലെ ഒടിച്ചുകളയും.’”+ അപ്പോൾ യിരെമ്യ പ്രവാചകൻ അവിടെനിന്ന് പോയി.
12 യിരെമ്യ പ്രവാചകന്റെ കഴുത്തിലിരുന്ന നുകം ഹനന്യ പ്രവാചകൻ ഒടിച്ചുകളഞ്ഞതിനു ശേഷം യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി: 13 “പോയി ഹനന്യയോടു പറയുക: ‘യഹോവ പറയുന്നത് ഇതാണ്: “തടികൊണ്ടുള്ള നുകം നീ ഒടിച്ചുകളഞ്ഞല്ലോ.+ പക്ഷേ അതിനു പകരം ഇരുമ്പുകൊണ്ടുള്ള നുകം നീ ഉണ്ടാക്കും.” 14 ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: “ബാബിലോണിലെ നെബൂഖദ്നേസർ രാജാവിനെ സേവിക്കാൻ ഈ ജനതകളുടെയെല്ലാം കഴുത്തിൽ ഞാൻ ഇരുമ്പുനുകം വെക്കും. അവർ അവനെ സേവിക്കണം.+ കാട്ടിലെ മൃഗങ്ങളെപ്പോലും ഞാൻ അവനു നൽകും.”’”+
15 യിരെമ്യ പ്രവാചകൻ ഹനന്യ പ്രവാചകനോടു+ പറഞ്ഞു: “ഹനന്യാ, ദയവുചെയ്ത് ഒന്നു ശ്രദ്ധിക്കൂ! യഹോവ താങ്കളെ അയച്ചിട്ടില്ല. താങ്കൾ കാരണം ഈ ജനം നുണയിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു.+ 16 അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്: ‘ഇതാ, ഭൂമുഖത്തുനിന്ന് ഞാൻ നിന്നെ നീക്കിക്കളയുന്നു. ഈ വർഷംതന്നെ നീ മരിക്കും. കാരണം, യഹോവയെ ധിക്കരിക്കാൻ നീ ജനത്തെ പ്രേരിപ്പിച്ചു.’”+
17 അങ്ങനെ ഹനന്യ പ്രവാചകൻ അതേ വർഷം, ഏഴാം മാസം മരിച്ചു.
-