-
1 ദിനവൃത്താന്തം 21:18-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 യബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക എന്നു ദാവീദിനോടു പറയാൻ യഹോവയുടെ ദൂതൻ ഗാദിനോടു+ കല്പിച്ചു.+ 19 അങ്ങനെ യഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി. 20 ഇതിനിടെ, ഗോതമ്പു മെതിക്കുകയായിരുന്ന ഒർന്നാൻ തിരിഞ്ഞുനോക്കിയപ്പോൾ ദൈവദൂതനെ കണ്ടു. ഒർന്നാന്റെകൂടെയുണ്ടായിരുന്ന നാല് ആൺമക്കളും അപ്പോൾ ഓടിയൊളിച്ചു. 21 ദാവീദ് അടുത്തേക്കു വരുന്നതു കണ്ടപ്പോൾ ഒർന്നാൻ ഉടനെ മെതിക്കളത്തിൽനിന്ന് ഓടിച്ചെന്ന് ദാവീദിന്റെ മുന്നിൽ കമിഴ്ന്നുവീണു. 22 ദാവീദ് അപ്പോൾ ഒർന്നാനോടു പറഞ്ഞു: “ഈ മെതിക്കളവും സ്ഥലവും എനിക്കു വിൽക്കുക;* ഞാൻ ഇവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിയട്ടെ. ജനത്തിന്മേൽ വന്നിരിക്കുന്ന ബാധ നിലയ്‌ക്കാൻ+ അതിന്റെ മുഴുവൻ വിലയും വാങ്ങി അത് എനിക്കു തരണം.” 23 പക്ഷേ ഒർന്നാൻ ദാവീദിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവ് ഇത് എടുത്ത് ഇഷ്ടമുള്ളതെല്ലാം ചെയ്തുകൊള്ളൂ. ദഹനയാഗത്തിന് ആടുമാടുകളും ധാന്യയാഗത്തിനു ഗോതമ്പും ഞാൻ തരാം. വിറകായി ഈ മെതിവണ്ടി+ എടുത്തുകൊള്ളൂ. ഇതെല്ലാം ഞാൻ അങ്ങയ്‌ക്കു തരുന്നു.”
-