മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടിൽ
ഭാഗം 18: 15-ാം നൂററാണ്ടു മുതൽ “ക്രിസ്ത്യാനികളും” “വിജാതീയരും” സന്ധിച്ചപ്പോൾ
“മതം ഹൃദയത്തിലാണ്, മുട്ടുകളിലല്ല”—ഡി. ഡബ്ലിയു. ജെറോൾഡ്, 19-ാം നൂററാണ്ടിലെ ഇംഗ്ലീഷ് നാടകകൃത്ത്
ആദിമ ക്രിസ്ത്യാനിത്വത്തെ വേർതിരിച്ചറിയിക്കുന്ന ഒരു അടയാളമായിരുന്ന മിഷനറിപ്രവർത്തനം, “സകല ജനതകളിലെയും ആളുകളെ ശിഷ്യരാക്കുക” എന്നും “ഭൂമിയുടെ അതിവിദൂര ഭാഗത്തോളം” അവന്റെ സാക്ഷികളായിരിക്കുക എന്നുമുള്ള യേശുവിന്റെ കൽപ്പനക്ക് ചേർച്ചയിലായിരുന്നു.—മത്തായി 28:19, 20; പ്രവൃത്തികൾ 1:8.
പതിനഞ്ചാം നൂററാണ്ടിൽ ക്രൈസ്തവലോകം “വിജാതീയരെ” മതപരിവർത്തനം ചെയ്യിക്കുന്നതിനുള്ള ഒരു ആഗോള പരിപാടിയിൽ വ്യാപൃതമായി. ഈ “വിജാതീയരാ”യ ആളുകൾ ആ സമയംവരെ ഏതു തരം മതമാണ് ആചരിച്ചുപോന്നിരുന്നത്? പിന്നീട് “ക്രിസ്ത്യാനിത്വ”ത്തിലേക്കുള്ള മതപരിവർത്തനം അവരുടെ ഹൃദയത്തെ സ്പർശിച്ചോ, അതോ ഔപചാരികമായ കീഴ്പ്പെടലിൽ അവരുടെ മുട്ടുകൾ മടക്കാനിടയാക്കിയതേയുള്ളോ?
ആഫ്രിക്കയിൽ സഹാറായിക്കു തെക്കുഭാഗത്തായി 700 ഗോത്രങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ആരംഭത്തിൽ ഓരോന്നിനും അതിന്റേതായ സ്വന്തം ഗോത്രമതം ഉണ്ടായിരുന്നു, അവയുടെ സമാനതകൾ ഒരു പൊതുവായ ഉത്ഭവത്തിന്റെ ലക്ഷണം കാണിക്കുന്നെങ്കിൽത്തന്നെ. ആസ്ട്രേലിയായിലും അമേരിക്കാകളിലും പസഫിക്ക് ദ്വീപുകളിലും ഡസൻകണക്കിനു മററു പ്രാദേശിക മതങ്ങൾ കാണപ്പെടുന്നു.
മിക്കതും ഒരു അത്യുന്നത ദൈവത്തെ വിശ്വസിക്കുന്നു, എന്നിരുന്നാലും ബഹുദൈവവിശ്വാസത്തോടെ എത്ര വേണമെങ്കിലും താണ ദേവൻമാർക്ക്—കുടുംബ, കുല, അല്ലെങ്കിൽ സാമുദായിക ദൈവങ്ങൾക്ക്—അവ ഇടം നൽകുന്നു. ആസ്റെറക്ക് മതത്തേസംബന്ധിച്ചുള്ള ഒരു പഠനം വ്യത്യസ്തരും പരസ്പരം ബന്ധപ്പെട്ടവരുമായ 60 ദേവൻമാരുടെ പേരുകൾ പട്ടികപ്പെടുത്തുന്നു.
ആഫ്രിക്കയിലും അമേരിക്കാകളിലും ഏററവും “പുരാതനമായ” മതങ്ങൾ ട്രിക്ക്സ്ററർ എന്നറിയപ്പെടുന്ന ഒരു പ്രകൃതാതീത മൂർത്തിയിൽ വിശ്വസിക്കുന്നു. ചിലപ്പോൾ വിശ്വ സ്രഷ്ടാവ് എന്നും മററു സമയങ്ങളിൽ സൃഷ്ടിയുടെ ഒരു പുനഃക്രമീകരണം നടത്തുന്നവൻ എന്നും വർണ്ണിക്കപ്പെടുന്ന അവൻ അവശ്യം ദ്രോഹബുദ്ധിയല്ലെങ്കിലും എപ്പോഴും കൗശലക്കാരനും വഞ്ചകനും വിഷയലമ്പടനും ആയി വീക്ഷിക്കപ്പെടുന്നു. വടക്കേ അമേരിക്കയിലെ നവാഹോ ഇൻഡ്യാക്കാർ അവൻ മരണംവിധിക്കുന്നു എന്ന് പറയുന്നു; ഒഗ്ലാലാ ലക്കോട്ടാ ഗോത്രം അവൻ ആദ്യമനുഷ്യർക്ക് മറെറവിടെയോ ഒരു മെച്ചപ്പെട്ട ജീവിതം വാഗ്ദാനംചെയ്തുകൊണ്ട് അവർ പറുദീസായിൽനിന്ന് ബഹിഷ്ക്കരിക്കപ്പെടാൻ ഇടയാക്കിയ വീഴ്ചഭവിച്ച ഒരു ദൂതനാണെന്ന് പഠിപ്പിക്കുന്നു. ദി എൻസൈക്ലോപ്പീഡിയാ ഓഫ റിലിജിയൻ, ട്രിക്സ്ററർ മിക്കപ്പോഴും “ഒരു ആത്മീയ സ്രഷ്ടാവായ ദേവന് എതിരെ” പ്രവർത്തിക്കുന്നതായി “സൃഷ്ടിക്കഥകളിൽ” പ്രത്യക്ഷപ്പെടുന്നു എന്ന് പറയുന്നു.
ബാബിലോണിനെയും ഈജിപ്ററിനെയും അനുസ്മരിപ്പിക്കുമാറ് ചില പ്രാദേശിക മതങ്ങൾ ഒരു ത്രിത്വം പഠിപ്പിക്കുന്നു. വായുവിന്റെ ആത്മാവ്, സമുദ്രത്തിന്റെ ആത്മാവ്, ചന്ദ്രന്റെ ആത്മാവ് എന്നിവ ചേർന്ന്, “അന്തിമമായി എസ്കിമോ പരിസ്ഥിതിയിലെ, മിക്കവാറും സകലത്തെയും നിയന്ത്രിക്കുന്ന” ഒരു ത്രിത്വമായിത്തീരുന്നു എന്ന് ദി എസകിമോസ എന്ന പുസ്തകം പറയുന്നു.
മനുഷ്യർ—“ആത്മീയമായി അക്ഷയർ”
ആസ്ട്രേലിയൻ ആദിവാസികൾ, ജീവചക്രം “ജഡികത്തിൽനിന്ന് പൂർണ്ണമായ ആത്മീയത്വത്തിലേക്ക് പോകുകയും ക്രമേണ ജഡികപരിമാണത്തിലേക്ക് മടങ്ങുകയും” ചെയ്തുകൊണ്ട് മരണശേഷം തുടരുന്നു എന്ന് വിശ്വസിക്കുന്നതായി പശ്ചിമ ആസ്ട്രേലിയൻ യൂണിവേഴ്സിററിയിലെ റൊനാൾഡ് എം. ബെൺററ് നമ്മെ അറിയിക്കുന്നു. ഇതിന്റെ അർത്ഥം “മനുഷ്യജീവികൾ ആത്മീയമായി അക്ഷയരാണെന്നാണ്.”
ചില ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാർ, മരണാനന്തരം സാധാരണക്കാർ ഭൂതങ്ങളായിത്തീരുന്നെന്നും അതേസമയം പ്രമുഖവ്യക്തികൾ സമുദായത്തിലെ അദൃശ്യ നേതാക്കൻമാരെന്ന നിലയിൽ ബഹുമാനിക്കുന്നതിനും അപേക്ഷിക്കുന്നതിനും അർഹരായി പൂർവികാത്മാക്കളായിത്തീരുന്നെന്നും വിശ്വസിക്കുന്നു. മാനസ് ഓഫ് മെലനേഷ്യ അനുസരിച്ച് ഒരു മമനുഷ്യന്റെ ഭൂതം അല്ലെങ്കിൽ അയാളുടെ അടുത്ത ഒരു ബന്ധുവിന്റെ ഭൂതം അയാളുടെ കുടുംബത്തിന്റെ മേൽനോട്ടം തുടർന്ന് വഹിച്ചുകൊണ്ടിരിക്കുന്നു.
ദേഹികൾ “ആദ്യം ഒരു മനുഷ്യനിലും പിന്നീട് ഒരു ആത്മാവിലൊ ഒരു മൃഗജീവിയിലൊ പുനർജ്ജൻമം പ്രാപിക്കുന്നതാവശ്യമാക്കിത്തീർക്കവണ്ണം അവയുടെ എണ്ണം പരിമിതമാണെന്ന് ചില അമേരിക്കൻ ഇൻഡ്യാക്കാർ വിശ്വസിക്കുന്നു. ദി എൻസൈക്ലോപ്പീഡിയാ ഓഫ റിലിജിയൻ ഇപ്രകാരം വിശദീകരിക്കുന്നു: “ഒരു മാനുഷമരണം ഒരു മൃഗത്തിനുവേണ്ടിയൊ ആത്മാവിനുവേണ്ടിയൊ ഒരു ദേഹിയെ സ്വതന്ത്രമാക്കുന്നു, തിരിച്ചും അങ്ങനെ സംഭവിക്കുന്നു, അങ്ങനെ പരസ്പര ആശ്രയത്വത്തിന്റെ ഒരു ചക്രത്തിൽ മനുഷ്യരെയും മൃഗങ്ങളെയും ആത്മാക്കളെയും ബന്ധിപ്പിക്കുന്നു.”
അതുകൊണ്ട്, ആദിമ പര്യവേക്ഷകർ, എസ്കിമോവർഗ്ഗത്തിലെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ശിക്ഷണംനൽകുന്നതിന് വീഴ്ചവരുത്തിയിരുന്നുവെന്ന്, അവരെ “അമ്മ” അല്ലെങ്കിൽ “അപ്പൂപ്പൻ” എന്നിവപോലുള്ള പദങ്ങളാൽ സംബോധനചെയ്യുകപോലും ചെയ്തിരുന്നുവെന്ന്, കണ്ടെത്തിയതിൽ അതിശയിച്ചുപോയി. ഉപയോഗിക്കപ്പെട്ട പദത്താൽ സൂചിപ്പിക്കപ്പെടുന്ന ബന്ധുവിന്റെ പേര് കുട്ടിക്ക് വിളിച്ചിരുന്നതിനാലാണിതെന്ന് എഴുത്തുകാരനായ ഏണസ്ററ് എസ്. ബർക്ക് ജൂണിയർ വിശദീകരിക്കുന്നു, ഒരു എസ്കിമോ പിതാവ് സ്വാഭാവികമായി, “അയാളുടെ മുത്തശ്ശി ഇപ്പോൾ അയാളുടെ മകന്റെ ശരീരത്തിലേക്ക് മാറിയെങ്കിൽത്തന്നെയും അവരെ കഠിനമായി ശാസിക്കുക എന്ന ആശയത്തിൽനിന്ന് പിൻമാറിനിന്നു.”
ചില വടക്കേ അമേരിക്കൻ ഇൻഡ്യൻ ഗോത്രങ്ങൾ, മനുഷ്യരും മൃഗങ്ങളും മരണത്തിങ്കൽ പോകുന്നടമായ “മരണാനന്തര അവസ്ഥ”യെ ഒരു സന്തുഷ്ടമായ തെരച്ചിൽസ്ഥലമായി ചിത്രീകരിച്ചു, മരണത്തിങ്കൽ മനുഷ്യരും മൃഗങ്ങളും അങ്ങോട്ടാണു പോകുന്നത്. അവർ അവിടെ പ്രിയപ്പെട്ട ബന്ധുക്കളുമായി വീണ്ടും ഒന്നിക്കുന്നു, എന്നാൽ മുൻ ശത്രുക്കളെയും കണ്ടുമുട്ടുന്നു. ചില ഇൻഡ്യാക്കാർ തങ്ങളുടെ ശത്രുക്കളെ കൊന്നശേഷം, അവർ ആത്മലോകത്തിലേക്ക് പ്രവേശിക്കുന്നതിനെ തടയും എന്ന് പ്രത്യക്ഷത്തിൽ വിശ്വസിച്ചുകൊണ്ട് അവരുടെ ഉച്ചിത്തൊലിയുരിഞ്ഞിരുന്നു.
ഏതെങ്കിലും രൂപത്തിലുള്ള മരണാനന്തരജീവിതത്തെക്കുറിച്ച് പ്രദേശിക മതങ്ങളിൽ നിലവിലുള്ള വിശ്വാസം മനുഷ്യർക്ക് ഒരു അമർത്ത്യദേഹിയുണ്ടെന്നുള്ള ക്രൈസ്തവലോകത്തിന്റെ പഠിപ്പിക്കൽ ശരിയാണെന്ന് തെളിയിക്കുന്നുവോ? ഒരിക്കലുമില്ല. സത്യമതം ആരംഭിച്ച ഏദെനിൽ ദൈവം മരണാനന്തര ജീവനെക്കുറിച്ച് യാതൊന്നും പറഞ്ഞില്ല; അവൻ മരണത്തിന് എതിരായി നിത്യജീവന്റെ പ്രതീക്ഷ നൽകി. മരണം ഒരു മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള പടിവാതിലാണെന്ന ആശയം സാത്താനാൽ വളർത്തിയെടുക്കപ്പെട്ടതും പിന്നീട് ബാബിലോണിൽ പഠിപ്പിക്കപ്പെട്ടതുമാണ്.
മാനുഷ ആവശ്യങ്ങളോ അതോ ദിവ്യതാൽപ്പര്യങ്ങളോ?
പ്രാദേശിക മതങ്ങളിലെ ഊന്നൽ വ്യക്തിപരമായ സുരക്ഷിതത്വത്തിലോ സാമൂഹ്യക്ഷേമത്തിലോ ആയിരിക്കാൻ ചായ്വുകാണിക്കുന്നു. അപ്രകാരം, പണ്ടത്തെ ആസ്ട്രേലിയൻ ആദിവാസികളുടെ മതത്തെസംബന്ധിച്ച് റൊനാൺഡ് ബെൻററ് ഇപ്രകാരം എഴുതുന്നു: “[അത്] ആളുകളുടെ ദൈനംദിനജീവിതത്തിലെ മാറുന്ന താത്പര്യങ്ങളെ പ്രതിഫലിപ്പിച്ചു. അത് സാമൂഹികബന്ധങ്ങളിലും മനുഷ്യാസ്തിക്യത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലും അതിജീവനത്തിന്റെ പ്രായോഗിക കാര്യങ്ങളിലും കേന്ദ്രീകരിച്ചിരുന്നു.”
വിവിധ സമൂഹങ്ങളിൽ വിവിധ കലർപ്പുകളായി വ്യത്യസ്ത തീവ്രതകളിൽ സ്ഥിതിചെയ്യുന്ന ജഡാത്മവാദം, ജഡപൂജാവാദം, ഷാമാനിസം എന്നിങ്ങനെ അറിയപ്പെടുന്ന ആരാധനാരീതികൾ കേവലം അത്തരം മാനുഷാവശ്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നവയാണ്.
ജഡാത്മവാദം, സസ്യങ്ങൾ, കല്ലുകൾ മുതലായ ഭൗതികവസ്തുക്കൾക്കും ഇടിയോടുകൂടിയ വൻമഴ, ഭൂകമ്പം മുതലായ പ്രകൃതിശക്തികൾക്കും ബോധത്തോടുകൂടിയ ജീവനും ഉള്ളിൽ വസിക്കുന്ന ഒരു ആത്മാവും ഉണ്ടെന്ന് പറയുന്നു. അതിൽ ജീവിച്ചിരിക്കുന്നവരിൽ ഹിതകരമോ അഹിതകരമോ ആയ സ്വാധീനം ചെലുത്തുന്ന അശരീരികളായ ആത്മാക്കൾ സ്ഥിതിചെയ്യുന്നുണ്ടെന്നുള്ള ആശയവും ഉൾപ്പെട്ടേക്കാം.
ജഡപൂജാവാദം (ഫെററിസിസം) എന്നത് ഉടമസ്ഥന് സംരക്ഷണമൊ സഹായമൊ നൽകുന്ന പ്രകൃതാതീതശക്തിയുള്ളതെന്നു വിചാരിക്കപ്പെടുന്ന വസ്തുക്കളെ വിവരിക്കുന്നതിന് ചിലപ്പോൾ ഉപയോഗിക്കുന്ന ഒരു പോർട്ടുഗീസ് പദത്തിൽനിന്ന് വന്നതാണ്. അതുകൊണ്ട് പോർട്ടുഗീസ്പര്യവേക്ഷകർ, പശ്ചിമ ആഫ്രിക്കാക്കാർ അവരുടെ മതങ്ങളിൽ ഉപയോഗിക്കുന്നതായി തങ്ങൾ കണ്ട ആഭിചാരമന്ത്രത്തെയും മാന്ത്രികത്തകിടിനെയും വർണ്ണിക്കുന്നതിന് ഈ പദം ഉപയോഗിച്ചു. വിഗ്രഹാരാധനയോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്ന ജഡപൂജാവാദത്തിന് അനേകം രൂപങ്ങൾ ഉണ്ട്. ദൃഷ്ടാന്തത്തിന് ചില അമേരിക്കൻ ഇൻഡ്യാക്കാർ തൂവലുകൾ സ്വർഗ്ഗത്തിലേക്ക് പ്രാർത്ഥനകൾ അല്ലെങ്കിൽ സന്ദേശങ്ങൾ “പറപ്പിക്കുന്നതിനുള്ള” ഫലപ്രദമായ വാഹനങ്ങളാണ് എന്ന് പരിഗണിച്ചുകൊണ്ട് അവക്ക് പ്രകൃതാതീത ശക്തി ആരോപിച്ചു.
ഷാമാനിസം, ഇത് “അറിയുന്നവൻ” എന്ന് അർത്ഥമുള്ള ഒരു ററംഗുസോ മഞ്ചൂറിയൻ പദത്തിൽ നിന്നു വന്നിട്ടുള്ളതാണ്. അത് സുഖപ്പെടുത്തുന്നതിനും ആത്മലോകവുമായി ആശയവിനിയമം ചെയ്യുന്നതിനും കഴിവുള്ളവനെന്ന് വിചാരിക്കപ്പെടുന്ന ഷാമാൻ എന്ന ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നു. ഒരു വൈദ്യൻ, ഒരു മാന്ത്രികഡോക്ടർ, ക്ഷുദ്രക്കാരി—നിങ്ങൾ എന്തുതന്നെ വിളിക്കാൻ ആഗ്രഹിച്ചാലും—ഈ ചികിത്സകൻ ആരോഗ്യം ഉറപ്പുവരുത്തുകയൊ പുനരുൽപ്പാദനശേഷി പുനഃസ്ഥാപിക്കുകയൊ ചെയ്യുന്നു എന്ന് അവകാശപ്പെടുന്നു. ചില തെക്കെ അമേരിക്കൻ കാനനഗോത്രങ്ങൾ ചെയ്യുന്നതുപോലെ, ചികിത്സ നിങ്ങൾ നിങ്ങളുടെ ചുണ്ടുകളൊ നാസാദ്വാരങ്ങളുടെ ഇടഭിത്തിയൊ കാതുകളൊ തുളക്കുകയൊ, നിങ്ങളുടെ ശരീരത്തിൽ ചായമടിക്കുകയൊ അല്ലെങ്കിൽ ചില ആഭരണങ്ങൾ ധരിക്കുകയൊ ചെയ്യാൻ ആവശ്യപ്പെട്ടേക്കാം. അല്ലെങ്കിൽ നിങ്ങൾ പുകയിലയും കൊക്കാ ഇലകളും പോലുള്ള ചില ഉത്തേജകങ്ങളൊ മയക്കുമരുന്നുകളൊ ഉപയോഗിക്കാൻ പറയപ്പെട്ടേക്കാം.
പ്രാദേശികമതങ്ങളുടെ ഉപദേശം ബലഹീനമാകയാൽ അവക്ക് സ്രഷ്ടാവിനെസംബന്ധിച്ച സൂക്ഷ്മപരിജ്ഞാനം പകരാൻ കഴിവില്ല. കൂടാതെ മാനുഷ ആവശ്യങ്ങളെ ദിവ്യതാൽപ്പര്യങ്ങൾക്കുപരി ഉയർത്തുന്നതിനാൽ അവ അവന് ഉചിതമായി ചെല്ലേണ്ടത് അപഹരിക്കുന്നു. അതുകൊണ്ട് ക്രൈസ്തവലോകം അതിന്റെ ആധുനികകാല മിഷനറിവേല ആരംഭിച്ചപ്പോൾ ചോദ്യമിതായിരുന്നു: “ക്രിസ്ത്യാനികൾ”ക്ക് “വിജാതീയരു”ടെ ഹൃദയങ്ങളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കാൻ കഴിയുമോ?
സ്പെയിനും പോർട്ടുഗലും 15-ാം നൂററാണ്ടിൽ പര്യവേക്ഷണത്തിന്റെയും കോളനിവികസിപ്പിക്കലിന്റെയും പരിപാടി ആരംഭിച്ചു. ഈ കത്തോലിക്കാശക്തികൾ പുതിയ ദേശങ്ങൾ കണ്ടുപിടിച്ചപ്പോൾ സഭ, സ്ഥലവാസികൾ അവരുടെ പുതിയ “ക്രിസ്തീയ”ഗവൺമെൻറുകളെ അംഗീകരിക്കണമെന്നുള്ള വ്യവസ്ഥയിൽ മതപരിവർത്തനം തുടങ്ങി. പാപ്പായുടെ കല്പനകൾ പോർട്ടുഗലിന് ആഫ്രിക്കയിലും ഏഷ്യയിലും മിഷനറി അവകാശങ്ങൾ കൊടുത്തു. പിന്നീട് അമേരിക്കയുടെ കണ്ടുപിടുത്തത്തിനുശേഷം അലക്സാണ്ടർ VI-ാമൻ പാപ്പാ മദ്ധ്യ അററ്ലാൻറിക്കിൽ ഒരു സാങ്കൽപ്പികരേഖ വരക്കുകയും സ്പെയിനിന് പടിഞ്ഞാറുഭാഗത്തെയും പോർട്ടുഗലിന് കിഴക്കുഭാഗത്തെയും അവകാശം കൊടുക്കുകയും ചെയ്തു.
ഇതിനിടയിൽ പ്രൊട്ടസ്ററൻറുകാർ കത്തോലിക്കർക്കെതിരെ തങ്ങളുടെ സ്വന്തം നില ഭദ്രമാക്കുന്നതിൽ വളരെ തിരക്കുള്ളവരായിരുന്നതിനാൽ മററുള്ളവരെ മതപരിവർത്തനം ചെയ്യിക്കുന്നതിന് ചിന്തകൊടുത്തില്ല, പ്രൊട്ടസ്ററൻറ് നവീകരണപ്രവർത്തകർ അപ്രകാരം ചെയ്യുന്നതിന് അവരെ പ്രേരിപ്പിച്ചിരുന്നുമില്ല. പ്രത്യക്ഷത്തിൽ ലൂഥറും മെലക്തോണും ലോകാവസാനം വളരെ അടുത്തിരിക്കുന്നതിനാൽ “വിജാതീയരുടെ” അടുക്കൽ എത്താൻ കാലം വളരെ വൈകിപ്പോയെന്ന് വിശ്വസിച്ചു.
എന്നിരുന്നാലും, 17-ാം നൂററാണ്ടിൽ മതഭക്തിപ്രസ്ഥാനം എന്ന് വിളിക്കപ്പെട്ട ഒരു പ്രൊട്ടസ്ററൻറ് പ്രവർത്തനം വികാസംപ്രാപിക്കാൻ തുടങ്ങി. നവീകരണപ്രസ്ഥാനത്തിന്റെ ഒരു ശാഖയായിരുന്ന അത് രൂപവാദത്തെക്കാൾ വ്യക്തിപരമായ മതാനുഭവത്തിന് ഊന്നൽകൊടുക്കുകയും ബൈബിൾവായനയെയും മതപരമായ അർപ്പണത്തെയും ദൃഢീകരിക്കുകയും ചെയ്തു. ഒരു എഴുത്തുകാരൻ വിവരിച്ചതുപോലെ, “ക്രിസ്തുവിന്റെ സുവിശേഷം ആവശ്യമുള്ള ഒരു മനുഷ്യസമുദായം എന്ന അതിന്റെ ദർശനം” അന്തിമമായി 18-ാം നൂററാണ്ടിന്റെ അന്തിമഭാഗത്ത് മിഷനറി പ്രവർത്തനത്തിന്റെ “കപ്പലിൽ” കയറാൻ പ്രോട്ടസ്ററൻറ് പ്രസ്ഥാനത്തെ പ്രേരിപ്പിക്കുന്നതിന് സഹായിച്ചു.
ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നവരുടെ അനുപാതം 1500ലെ ലോകജനസംഖ്യയുടെ ഏകദേശം അഞ്ചിലൊന്നിൽനിന്ന് 1800-ൽ ഏകദേശം നാലിലൊന്നിലേക്കും 1900-ൽ ഏകദേശം മൂന്നിൽ ഒന്നിലേക്കും ഉയർത്തപ്പെട്ടു. ഇപ്പോൾ ലോകത്തിന്റെ മൂന്നിലൊന്ന് “ക്രിസ്തീയം” ആയിരുന്നു!
അവർ യഥാർത്ഥത്തിൽ ക്രിസ്തീയശിഷ്യരെ ഉളവാക്കിയോ?
പ്രാദേശികമതങ്ങളിൽ കാണപ്പെടുന്ന സത്യത്തിന്റെ അംശങ്ങൾ ബാബിലോന്യവ്യാജത്തിന്റെ അനേകം ഘടകങ്ങളാൽ നിഷ്ഫലമായിത്തീരുന്നു. എന്നാൽ ഇത് വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വത്തെസംബന്ധിച്ചും സമാനമായി സത്യമാണ്. അതുകൊണ്ട് ഈ പൊതുവായ മതപൈതൃകം “വിജാതിയർ”ക്ക് “ക്രിസ്ത്യാനികളാ”യിത്തീരുന്നത് വളരെ എളുപ്പമാക്കിത്തീർത്തു. ദി മിതോളജി ഓഫ ഓൾ റെയസസ എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “അമേരിക്കയിൽ മായൻ പ്രദേശം പോലെ യാതൊരു പ്രദേശവും ക്രിസ്തീയ മതചടങ്ങുകൾക്കും പ്രതീകങ്ങൾക്കും ഇത്രയധികമായി അല്ലെങ്കിൽ ശ്രദ്ധേയമായി സാമ്യങ്ങൾ നൽകിയിട്ടുള്ളതായി കാണുന്നില്ല.” കുരിശിന്റെ പൂജയും മററു സമാനമായ മതചടങ്ങുകളും “ഏററവും കുറഞ്ഞ സംഘർഷത്തോടെയുള്ള മതംമാററത്തെ ത്വരിതപ്പെടുത്തി.”
ഏതാണ്ട് 450 വർഷങ്ങളോളം നിരന്തരമായി “ക്രിസ്ത്യാനികളാൽ” തട്ടിക്കൊണ്ടുപോകപ്പെടുകയും അടിമകളായി സേവിക്കുന്നതിന് പുതിയ ലോകത്തേക്ക് കൊണ്ടുപോകുകയും ചെയ്ത ആഫ്രിക്കക്കാർക്കും “ഏററവും കുറഞ്ഞ സംഘർഷത്തോടെ” മതം മാറാൻ കഴിഞ്ഞു. “ക്രിസ്ത്യാനികൾ” മരിച്ച യൂറോപ്യൻ “പുണ്യവാളൻമാരെ” പൂജിച്ചിരുന്നതുകൊണ്ട്, “വിജാതീയ ക്രിസ്ത്യാനികൾ” ആഫ്രിക്കൻ പൂർവികരുടെ ആത്മാക്കളെ ആരാധിച്ചിരുന്നതിനെതിരെ എന്തു പറയാനാണ്? അതുകൊണ്ട് ദി എൻസൈക്ലോപ്പീഡിയാ ഓഫ റിലിജിയൻ ഇപ്രകാരം പറയുന്നു: “പടിഞ്ഞാറൻ ആഫ്രിക്കയിലെ മതങ്ങളിൽനിന്നും ആഭിചാരത്തിൽനിന്നും ക്രിസ്തീയമതത്തിൽനിന്നും ഐതിഹ്യങ്ങളിൽനിന്നും തുന്നിച്ചേർത്തെടുത്ത ഒരു സങ്കരമതമായ വൂഡൂ . . . , നാമമാത്ര കത്തോലിക്കർ ഉൾപ്പെടെ ഹെയ്ത്തിയിലെ അനേകം ആളുകളുടെ യഥാർത്ഥ മതമായിത്തീർന്നു.”
ദി കൺസൈസ ഡികഷനറി ഓഫ ദി ക്രിസററ്യൻ വേൾഡ മിഷൻ, ലാററിൻ അമേരിക്കയിലെയും ഫിലിപ്പീൻസിലെയും മതപരിവർത്തനം അങ്ങേയററം ഉപരിപ്ലവമാണെന്ന് സമ്മതിക്കുകയും ഇപ്രകാരം കൂട്ടിച്ചേർക്കുകയും ചെയ്യുന്നു, “ഇന്ന് ഈ പ്രദേശങ്ങളിലെ ക്രിസ്ത്യാനിത്വം അന്ധവിശ്വാസങ്ങളാലും അജ്ഞതയാലും അഗ്രാഹ്യമായിത്തീർന്നിരിക്കയാണ്.” ആസ്റെറക്സിനും മായാകൾക്കും ഇൻകാസിനും “‘മതപരിവർത്തനം,’ തങ്ങളുടെ ദേവഗണത്തോട് മറെറാരു ദേവനെക്കൂടി ചേർക്കുക എന്നതുമാത്രമാണ് അർത്ഥമാക്കിയത്.”
ഘാനായിലെയും കോട്ഡെൽവോയറിലെയും ആക്കൻ ജനതങ്ങളെസംബന്ധിച്ച് പീബോഡി മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റററിയിലെ മൈക്കൾ ഗിൽബെർട്ട് ഇപ്രകാരം പറയുന്നു: “മിക്ക ആളുകളും പാരമ്പര്യമതം വിശ്വാസത്തിന്റെ ഏററവും ഫലദായകമായ പദ്ധതിയായും ലോകത്തിന് അർത്ഥംകൊടുക്കുന്ന ഒന്നായും മനസ്സിലാക്കുന്നതിനാൽ അത് തുടരുന്നു.”
സിംബാംബ്വേ യൂണിവേഴ്സിററിയിലെ എം.എഫ്.സി. ബോർഡില്ലൺ, ഷോനാ മതത്തിലെ അംഗങ്ങളുടെ ഇടയിലെ “മതപരമായ ചലനക്ഷമത”യെ സംബന്ധിച്ച് പറയുകയും ഇങ്ങനെ വിശദീകരിക്കുകയുംചെയ്യുന്നു: “ക്രിസ്ത്യാനിത്വത്തിന്റെ വിവിധരൂപങ്ങളും വിവിധ പരമ്പരാഗത ആരാധനാക്രമങ്ങളും ഒരു വ്യക്തിക്ക് തൽസമയത്തെ തന്റെ ആവശ്യങ്ങളെ ആശ്രയിച്ച് തെരഞ്ഞെടുക്കാവുന്ന മതപരമായ ഒരു ശേഖരം പ്രദാനം ചെയ്യുന്നു.”
എന്നാൽ “വിജാതീയ ക്രിസ്ത്യാനികളുടെ” സ്വഭാവം ഉപരിപ്ലവചിന്തയോ അജ്ഞതയോ അന്ധവിശ്വാസമോ ബഹുദൈവവിശ്വാസമോ ആണെങ്കിൽ, അവർ പാരമ്പര്യമതങ്ങളെ ക്രിസ്ത്യാനിത്വത്തെക്കാൾ കൂടുതൽ ഫലദായകമായി വീക്ഷിക്കുകയാണെങ്കിൽ, സാഹചര്യങ്ങൾ ആവശ്യപ്പെടുന്നുവെങ്കിൽ ഒന്നിൽനിന്ന് മറെറാന്നിലേക്ക് മാറുന്നതിന് അനുവദിക്കുന്ന സൗകര്യത്തിന്റെയോ ആവശ്യത്തിന്റെയോ ഒരു സംഗതിമാത്രമാണ് മതമെന്ന് അവർ കരുതുന്നുവെങ്കിൽ, ക്രൈസ്തവലോകം യഥാർത്ഥ ക്രിസ്തീയശിഷ്യരെ ഉളവാക്കിയിരിക്കുന്നുവെന്ന് നിങ്ങൾ പറയുമോ?
ശിഷ്യരല്ലെങ്കിൽ അവർ ആരാണ്?
ക്രൈസ്തവലോകത്തിലെ മിഷനറിമാർ നിരക്ഷരരെ പഠിപ്പിക്കുന്നതിന് നൂറുകണക്കിന് സ്കൂളുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നത് സത്യം തന്നേ. അവർ രോഗികളെ സൗഖ്യമാക്കുന്നതിന് ആശുപത്രികൾ പണിതിരിക്കുന്നു. കൂടാതെ അവർ ഒരളവിൽ ബൈബിളിനോടും അതിന്റെ തത്വങ്ങളോടും ആദരവ് വർദ്ധിപ്പിച്ചിട്ടുമുണ്ട്.
എന്നാൽ “വിജാതീയർ” ദൈവവചനത്തിന്റെ ഈടുററ ആത്മീയാഹാരത്താൽ പോഷിപ്പിക്കപ്പെട്ടിട്ടുണ്ടോ, അതോ വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വത്തിന്റെ അപ്പക്കഷണങ്ങളാൽ മാത്രമാണോ? “വിജാതീയ” വിശ്വാസങ്ങളും ആചാരങ്ങളും പരിത്യജിക്കപ്പെട്ടിട്ടുണ്ടോ അതോ “ക്രിസ്തീയ”വസ്ത്രത്താൽ പൊതിയപ്പെടുക മാത്രമാണോ ചെയ്തിട്ടുള്ളത്? ചുരുക്കത്തിൽ, ക്രൈസ്തവലോകത്തിലെ മിഷനറിമാർ ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ നേടിയിട്ടുണ്ടോ, അതോ “വിജാതീയരെ” “ക്രിസ്തീയ” അൾത്താരയുടെ മുമ്പിൽ കുമ്പിടാൻ നിർബന്ധിക്കുക മാത്രമാണോ ചെയ്തിരിക്കുന്നത്?
വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വത്തിലേക്ക് മതപരിവർത്തനം ചെയ്യുന്ന ഒരുവൻ അയാളുടെ അജ്ഞതയാലുള്ള കഴിഞ്ഞകാലത്തെ പാപത്തോടുകൂടെ കപടഭക്തിപരമായ ക്രിസ്ത്യാനിത്വത്തിന്റെ പുതിയ പാപങ്ങൾ കൂട്ടുകയും അങ്ങനെ അയാളുടെ കുററകൃത്യത്തിന്റെ ഭാരം ഇരട്ടിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ക്രൈസ്തവലോകത്തിന് യേശുവിന്റെ ഈ വാക്കുകൾ യോജിച്ചതാണ്: “നിങ്ങൾ ഒരു ഒററ പുതുവിശ്വാസിയെ ഉളവാക്കാൻ കടലും കരയും ചുററിത്തിരിയുന്നു, അതിനുശേഷം നിങ്ങൾതന്നേ ആയിരിക്കുന്നതുപോലെ അയാളെ ഇരട്ടി നാശയോഗ്യനാക്കിത്തീർക്കുന്നു.”—മത്തായി 23:15, ഫിലിപസ.
ക്രൈസ്തവലോകം ക്രിസ്തീയശിഷ്യരെ ഉളവാക്കുന്നതിന്റെ വെല്ലുവിളിയെ നേരിടുന്നതിൽ വ്യക്തമായി പരാജയപ്പെട്ടിരിക്കുന്നു. അവൾ ലോകമാററത്തിന്റെ വെല്ലുവിളിയെ നേരിടുന്നതിൽ അല്പമെങ്കിലും മെച്ചമായി വർത്തിച്ചിരിക്കുന്നുവോ? ഞങ്ങളുടെ അടുത്ത ലക്കത്തിൽ, “ക്രൈസ്തവലോകം ലോകമാററവുമായി മല്ലടിക്കുന്നു?” എന്ന ലേഖനം ആ ചോദ്യത്തിന് ഉത്തരം നൽകും. (g89 9/22)
[17-ാം പേജിലെ ചിത്രം]
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഈ യഥാർത്ഥ ക്രിസ്തീയ മിഷനറിമാർ ഹൃദയങ്ങളിൽ എത്തിച്ചേരുന്നു, കേവലം മുട്ടുകളിൽ അല്ല