ആനക്കൊമ്പ്—അതിന്റെ വില എത്ര?
കെനിയയിലെ ഉണരുക! ലേഖകൻ
സിംബാബ്വേയിലെ ഹരാരേയിൽവെച്ച് 1997 ജൂണിൽ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ 138 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ, ആനക്കൊമ്പു വ്യാപാരത്തിന്മേൽ ഏഴു വർഷമായി ഏർപ്പെടുത്തിയിരുന്ന ആഗോള നിരോധനത്തിന് അയവുവരുത്താൻ വോട്ടുചെയ്തു. കടുത്ത വാദപ്രതിവാദങ്ങൾക്കുശേഷം കൈക്കൊണ്ട ആ തീരുമാനം തെക്കൻ ആഫ്രിക്കയിലെ ബോട്സ്വാന, നമീബിയ, സിംബാബ്വേ എന്നീ മൂന്നു രാജ്യങ്ങൾക്ക് ആനക്കൊമ്പ് വിൽക്കാനുള്ള അനുമതി നൽകി. ഒരു രാജ്യത്തിന്, അതായത് ജപ്പാന്, മാത്രമേ അതു വിൽക്കാവൂ എന്ന കരാറിന്മേൽ. തെക്കൻ ആഫ്രിക്കയിൽനിന്നുള്ള പ്രതിനിധികൾ തീരുമാനം കേട്ട് സന്തോഷിച്ചു, ആനന്ദാതിരേകത്താൽ അവർ ഗാനമാലപിച്ചു. മറ്റു പ്രതിനിധികളാകട്ടെ, ആഫ്രിക്കൻ ആനകളുടെ ഗതി എന്താകുമെന്നോർത്ത് പരിഭ്രാന്തരായി.
പൊതുയുഗത്തിനുമുമ്പ് മൂന്നാം നൂറ്റാണ്ടിൽ ഹാനിബൽ റോമൻ സൈന്യത്തെ വെല്ലുവിളിച്ചപ്പോൾ മെരുക്കിയെടുത്ത ആഫ്രിക്കൻ ആനകളുടെ ഒരു നിരതന്നെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അന്നാളുകളിൽ ആഫ്രിക്കൻ ആനകൾ കോടിക്കണക്കിനുണ്ടായിരുന്നു. കേപ്പ് മുതൽ കെയ്റോ വരെയുള്ള പ്രദേശങ്ങൾ അവ കൈയടക്കിയിരുന്നു.
എന്നാൽ സ്ഥിതിഗതികൾ മാറിയിരിക്കുന്നു. ഒരു നിരീക്ഷകൻ അഭിപ്രായപ്പെട്ടു: “ആനകളാകുന്ന സമുദ്രത്തിൽ ജനങ്ങളാകുന്ന ദ്വീപുകൾ എന്നതു മാറി ഇപ്പോൾ ജനങ്ങളാകുന്ന സമുദ്രത്തിൽ ആനകളാകുന്ന ദ്വീപുകൾ എന്ന അവസ്ഥയായിരിക്കുന്നു.” ആളുകളുടെ എണ്ണം പെരുകിയപ്പോൾ ഭൂമിക്കുവേണ്ടിയുള്ള മത്സരത്തിൽ ആനകൾക്കാണ് നഷ്ടം നേരിട്ടത്. ആനകളുടെ എണ്ണം കുറയാനുള്ള മറ്റൊരു ഘടകം സഹാറ മരുഭൂമിയുടെ തെക്കോട്ടുള്ള വ്യാപനമാണ്.
എങ്കിലും ഈ കാരണങ്ങളെയൊക്കെയും മറികടക്കാൻ പോന്നതായിരുന്നു ആനക്കൊമ്പിനുവേണ്ടിയുള്ള ആവശ്യം. പുലികളുടെ അസ്ഥികൾ, കാണ്ടാമൃഗങ്ങളുടെ കൊമ്പുകൾ എന്നിവയ്ക്കുള്ളതുപോലെ ആനക്കൊമ്പിന് ഔഷധഗുണ സംബന്ധമായ കെട്ടുകഥകളുമായി ബന്ധമൊന്നുമില്ല. എങ്കിലും അത് ആഡംബരവസ്തുവാണ്, ഭംഗിയുള്ളതാണ്, ഈടുനിൽക്കുന്നതാണ്. തന്നെയുമല്ല, അതിൽ കൊത്തുപണി ചെയ്യാനും എളുപ്പമാണ്. പുരാതനകാലം മുതൽക്കേ ആനക്കൊമ്പുത്പന്നങ്ങളെ വിലപിടിപ്പുള്ളതും ആകർഷകവുമായ വസ്തുക്കളുടെ കൂട്ടത്തിൽ പെടുത്തിയിരിക്കുന്നു.
ഹാനിബൽ മരിച്ച് നാനൂറു വർഷത്തിനുശേഷം റോമൻ സാമ്രാജ്യം ആനക്കൊമ്പിനുവേണ്ടിയുള്ള അഭിനിവേശത്തെ ശമിപ്പിക്കാൻ വടക്കൻ ആഫ്രിക്കയിലെ ആനകളെ കൂട്ടത്തോടെ കൊന്നൊടുക്കി. അതിൽപ്പിന്നെ ആ അഭിനിവേശം വിശേഷിച്ചും പാശ്ചാത്യലോകത്ത് കത്തിനിന്നിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആനക്കൊമ്പിനുവേണ്ടിയുള്ള ആവശ്യം അതിയായി വർധിച്ചിരിക്കുന്നു—മുൻകാലങ്ങളിലെപ്പോലെ കരകൗശലവസ്തുക്കളും മതപരമായ വസ്തുക്കളും ഉണ്ടാക്കാനായിരുന്നില്ല, മറിച്ച്, പിയാനോ കീബോർഡുകൾ ഉണ്ടാക്കാനായിരുന്നു. ആനകൾക്കായുള്ള പോരാട്ടം എന്ന ഇംഗ്ലീഷ് പുസ്തകം പറയുന്നതനുസരിച്ച്, 1910-ൽ മാത്രമായി ഐക്യനാടുകളിൽ 3,50,000 കീബോർഡുകൾ നിർമിക്കാൻ ഏതാണ്ട് 700 ടൺ ആനക്കൊമ്പ് (13,000 ആനകളെ കൊന്ന് എടുത്തത്) ഉപയോഗിക്കുകയുണ്ടായി.
അനിയന്ത്രിത വേട്ട
ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് ആനക്കൊമ്പിനുവേണ്ടിയുള്ള ആവശ്യം കുറഞ്ഞുവന്നു. വന്യജീവിസംരക്ഷണം സംബന്ധിച്ച പുതിയ നിയമങ്ങൾ പാസാക്കപ്പെട്ടു, ആനകളുടെ എണ്ണം വർധിക്കാൻ തുടങ്ങി. എങ്കിലും 1970-കളുടെ ആരംഭത്തോടെ വീണ്ടും ആനകളെ കൂട്ടത്തോടെ കൊല്ലാൻ തുടങ്ങി. ഇപ്പോൾ ആനക്കൊമ്പിനായി മുറവിളി കൂട്ടിയത് ആയിടെ സമ്പന്നമായ ഏഷ്യൻ രാജ്യങ്ങളായിരുന്നു.
ഇപ്രാവശ്യം ആഫ്രിക്കയിലെ ആനകൾക്കു ഭീഷണി ഉയർത്തിയത് രണ്ട് ഘടകങ്ങളായിരുന്നു. കനംകുറഞ്ഞ സങ്കീർണ ആയുധങ്ങളുടെ വർധിച്ച ലഭ്യതയായിരുന്നു ഒരു ഘടകം. അങ്ങനെ ഒരൊറ്റ ആനയെ മാത്രമല്ല, ഒരു ആനക്കൂട്ടത്തെത്തന്നെ ഒറ്റയടിക്ക് വെടിവെച്ചു വീഴ്ത്താൻ എളുപ്പമായിത്തീർന്നു. കൊത്തുപണി നടത്താനുള്ള വൈദ്യുത ഉപകരണങ്ങൾ ഉപയോഗിച്ച് ക്ഷണനേരംകൊണ്ട്, വിപണിയിലേക്കാവശ്യമായ ആനക്കൊമ്പുത്പന്നങ്ങൾക്ക് രൂപംനൽകാമെന്നായി. മുൻകാലങ്ങളിൽ, ജപ്പാൻകാരനായ ഒരു കൊത്തുപണിക്കാരൻ ഒരൊറ്റ ആനക്കൊമ്പിൽ കൊത്തുപണി നടത്താൻ ഒരു വർഷം എടുത്തിരിക്കാം. എങ്കിലും വൈദ്യുത ഉപകരണങ്ങളുടെ സഹായത്തോടെ എട്ട് ആളുകളുള്ള ഒരു ഫാക്ടറിയിൽ 300 ആനകളുടെ കൊമ്പുകൾ ഉപയോഗിച്ച് ഒരൊറ്റ ആഴ്ചകൊണ്ട് ആഭരണങ്ങളും ഹാങ്കോയും (ജപ്പാനിൽ പ്രചാരത്തിലുള്ള, പേരുകൾ കുത്താനുള്ള സീലുകൾ) നിർമിക്കാവുന്ന സ്ഥിതിവന്നു. ആനക്കൊമ്പിനുവേണ്ടിയുള്ള ആവശ്യം വർധിച്ചതോടെ അതിന്റെ വിലയും കുതിച്ചുയർന്നു. പണമൊഴുകിയത് അനധികൃതവേട്ടക്കാരുടെ കീശയിലേക്കല്ല, പിന്നെയോ ഇടനിലക്കാരുടെയും ഇടപാടുകാരുടെയും പക്കലേക്കായിരുന്നെന്നു മാത്രം. ഇവരിൽ പലരും അതിസമ്പന്നരായിത്തീർന്നു.
ആനകളുടെ എണ്ണത്തിലുണ്ടായ നഷ്ടം ഞെട്ടിക്കുന്നതായിരുന്നു. ഏതാണ്ട് രണ്ടു പതിറ്റാണ്ടുകൾക്കൊണ്ട് ടാൻസാനിയയ്ക്ക് 80 ശതമാനം ആനകൾ നഷ്ടമായി, ഭൂരിഭാഗവും അനധികൃതവേട്ടക്കാരുടെ കരങ്ങളാൽ. കെനിയയ്ക്ക് 85 ശതമാനവും ഉഗാണ്ടക്ക് 95 ശതമാനവും ആനകൾ നഷ്ടമായി. ആദ്യമൊക്കെ, അനധികൃതവേട്ടക്കാർ മുഖ്യമായും വളർച്ചയെത്തിയ കൊമ്പനാനകളെയായിരുന്നു വെടിവെച്ചു വീഴ്ത്തിയിരുന്നത്, കാരണം അവയ്ക്കായിരുന്നു ഏറ്റവും വലിയ കൊമ്പുകളുണ്ടായിരുന്നത്. എന്നാൽ വളർച്ചയെത്തിയ ആനകളുടെ എണ്ണം കുറഞ്ഞപ്പോൾ അനധികൃത നായാട്ടുകാർ കുട്ടിക്കൊമ്പന്മാരെപോലും വെടിവെച്ചു വീഴ്ത്താൻ തുടങ്ങി. അക്കാലത്ത്, കൊമ്പുകളെടുക്കാൻ പത്തുലക്ഷത്തിലേറെ ആനകളെയെങ്കിലും കൊന്നിരിക്കാം. ഇതുമൂലം ആഫ്രിക്കയിലെ ആനകളുടെ എണ്ണം 6,25,000 ആയി ചുരുങ്ങി.
ആഗോള നിരോധനം
ആനക്കൊമ്പു വ്യാപാരം നിയന്ത്രിക്കാനും ആനകളുടെ കൂട്ടക്കുരുതി അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങൾ ദയനീയമായി പരാജയപ്പെട്ടു. ഒടുവിൽ 1989 ഒക്ടോബറിൽ സ്വിറ്റ്സർലൻഡിൽ നടന്ന സമ്മേളനത്തിൽ, വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ അന്താരാഷ്ട്ര വിൽപ്പന സംബന്ധിച്ച കരാർ (സിഐടിഇഎസ്) അതിന്റെ അംഗരാഷ്ട്രങ്ങൾക്കിടയിലെ ആനക്കൊമ്പു വ്യാപാരം പാടേ നിരോധിച്ചു. ആനകളുടെ സംരക്ഷണത്തിന് വൻതുകകൾ ഇറക്കിക്കൊണ്ട് നിരോധനത്തെ ശക്തിപ്പെടുത്തി.
ആനക്കൊമ്പ് നിരോധനം മൂലം കരിഞ്ചന്തയിൽ അതിന്റെ വില ഉയരുമെന്നും അങ്ങനെ അനധികൃതവേട്ട വർധിക്കുമെന്നും ചിലർ പ്രവചിച്ചു. എന്നാൽ സംഭവിച്ചത് വിപരീതമാണ്. ആനക്കൊമ്പിന്റെ വില കുത്തനെ ഇടിഞ്ഞു. മുമ്പ് പണം വാരിക്കൂട്ടിയിരുന്ന വിപണികൾ ക്ഷയിച്ചുപോയി. ഉദാഹരണത്തിന്, ഇന്ത്യയിൽ ആനക്കൊമ്പിന്റെ മൊത്തക്കച്ചവടത്തിൽ 85 ശതമാനം ഇടിവുണ്ടായി. ഇവിടുത്തെ ആനക്കൊമ്പ് കരകൗശല വിദഗ്ധർക്ക് വേറെ തൊഴിൽ കണ്ടെത്തേണ്ടിവന്നു. അനധികൃതവേട്ടയിൽ ശ്രദ്ധേയമായ കുറവുണ്ടായി. നിരോധനത്തിനു മുമ്പ് കെനിയയിൽ അനധികൃതവേട്ടക്കാർ ഓരോ വർഷവും 2,000 ആനകളെയെങ്കിലും കൊന്നിരുന്നു. 1995-ഓടെ ഈ സംഖ്യ 35 ആയി കുറയുകയുണ്ടായി. തന്നെയുമല്ല, കെനിയയിലെ ആനകളുടെ എണ്ണം 1989-ൽ 19,000 ആയിരുന്നത് ഇന്ന് ഏതാണ്ട് 26,000 ആയി ഉയർന്നിരിക്കുന്നു.
ഇക്കാരണങ്ങൾ നിമിത്തം ലണ്ടൻ ആസ്ഥാനമാക്കിയുള്ള പരിസ്ഥിതി പര്യവേക്ഷണ ഏജൻസി ആനക്കൊമ്പിന്മേലുള്ള നിരോധനത്തെ “അടുത്തകാലത്തെ പരിരക്ഷണ ചരിത്രത്തിലെ വൻവിജയങ്ങളിലൊന്ന്” എന്ന് പ്രകീർത്തിക്കുകയുണ്ടായി. എങ്കിലും എല്ലാവരും, വിശേഷിച്ച് തെക്കൻ ആഫ്രിക്കയിലുള്ളവർ ഈ ആഹ്ലാദം പങ്കിടുന്നില്ല.
തെക്കൻ ആഫ്രിക്കയിലെ ആനകൾ
തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ 2,00,000-ത്തിലേറെ ആനകൾ—ആഫ്രിക്കൻ ആനകളുടെ മൊത്തം സംഖ്യയുടെ മൂന്നിലൊന്ന്—ഉണ്ട്. ഇത് ഭാഗികമായി, ഫലപ്രദമായ പരിരക്ഷണ നയങ്ങൾ കാരണവും ഭാഗികമായി, പൂർവ ആഫ്രിക്കയിലെയും മധ്യ ആഫ്രിക്കയിലെയും ആനക്കൂട്ടങ്ങളെ വകവരുത്തിയ മാരകായുധങ്ങളേന്തിയ മിലീഷ്യകൾ ഈ രാജ്യങ്ങളിൽ ഇല്ലാതെപോയതു കാരണവുമാണ്.
എങ്കിലും ആനകളുടെ എണ്ണം വർധിക്കവേ ആനകളും ഗ്രാമവാസികളും തമ്മിൽ മിക്കപ്പോഴും ഏറ്റുമുട്ടലുകളുണ്ടാകാറുണ്ട്. വളർച്ചയെത്തിയ ഒരാന വലിയ തീറ്റിപ്രിയനാണ്. ദിവസത്തിൽ 300 കിലോയിലേറെ ആഹാരം അവൻ അകത്താക്കിയേക്കാം. അയൽപക്കത്തെങ്ങാനും ഒരാനയുണ്ടെങ്കിൽ നിങ്ങൾ ഇക്കാര്യം മനസ്സിലാക്കിയിരിക്കും.
സിംബാബ്വേ ആസ്ഥാനമാക്കിയുള്ള ആഫ്രിക്ക റിസോഴ്സസ് ട്രസ്റ്റ് പറയുന്നു: “ആഫ്രിക്കൻ ഗ്രാമങ്ങളിൽ വസിക്കുന്ന മിക്കവരും ആനയെ ഭയത്തോടും സംശയത്തോടും ശത്രുതയോടും കൂടെയാണു വീക്ഷിക്കുന്നത്. വിളകൾ തിന്നുമുടിച്ചുകൊണ്ടോ വളർത്തുമൃഗങ്ങളെയും മറ്റും ചവിട്ടിക്കൊന്നുകൊണ്ടോ ആനകൾക്ക് മനുഷ്യരുടെ ഉപജീവനമാർഗം മണിക്കൂറുകൾക്കകം നശിപ്പിക്കാൻ സാധിക്കും. വീടുകളും സ്കൂളുകളും കന്നുകാലിത്തൊഴുത്തുകളും ഫലവൃക്ഷങ്ങളും ചിറകളും അവ നശിപ്പിക്കുന്നു, മണ്ണ് ഇളക്കി മറിക്കുന്നു. ആനകൾ വരുത്തിവെച്ച നഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രാദേശിക ദിനപ്പത്രങ്ങളിൽ ദിവസവും കാണാം.”
ആനകളുടെ ഗണ്യമായൊരു സംഖ്യയെ നിലനിർത്തിപ്പോരുന്നതിൽ തെക്കൻ ആഫ്രിക്കൻ രാഷ്ട്രങ്ങൾ അഭിമാനംകൊള്ളുന്നു. എന്നാൽ പരിരക്ഷണം പണച്ചെലവുള്ള സംഗതിയാണ്. തന്നെയുമല്ല മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രശ്നങ്ങൾക്ക് തങ്ങൾ പിഴയൊടുക്കേണ്ടവരാണെന്ന് അവർ കരുതുന്നില്ല. നിയന്ത്രിത ആനക്കൊമ്പു വ്യാപാരം, പരിരക്ഷണ ശ്രമങ്ങൾക്കുവേണ്ട പണം നൽകുമെന്നും സംഭവിച്ച നഷ്ടം നികത്താൻ ഗ്രാമീണ കർഷകരെ സഹായിക്കുമെന്നും അവർ ന്യായവാദം ചെയ്യുന്നു.
ആനക്കൊമ്പു ശേഖരം
ആനകൾ വിഹരിക്കുന്ന രാജ്യങ്ങളിൽ ആനക്കൊമ്പ് കുന്നുകൂടുന്നു. ഈ കൊമ്പുകൾ ലഭിക്കുന്നത്, എണ്ണം കുറയ്ക്കാൻവേണ്ടി നിയമപരമായി കൊല്ലുന്ന ആനകളിൽനിന്നും സ്വാഭാവിക രീതിയിൽ ചാകുന്ന ആനകളിൽനിന്നുമാകാം. അല്ലെങ്കിൽ അവ അനധികൃത പൂഴ്ത്തിവെപ്പുകാരിൽനിന്ന് കണ്ടുകെട്ടിയവയുമാകാം. ഈ ആനക്കൊമ്പുകൾക്കൊണ്ട് എന്താണു ചെയ്യുന്നത്?
കെനിയയിൽ ആനക്കൊമ്പുകൾ കത്തിച്ചുകളയുന്നു. 1989 ജൂലൈ മുതൽ കെനിയ കോടിക്കണക്കിനു രൂപ വിലവരുന്ന ആനക്കൊമ്പ് പരസ്യമായി കത്തിച്ചിരിക്കുന്നു, നഷ്ടം നികത്താനുള്ള ധനസഹായം മറ്റെങ്ങുനിന്നും നേരിട്ട് ലഭിക്കാതിരുന്നിട്ടുപോലും. 1992-ൽ സാംബിയയും അതിന്റെ ആനക്കൊമ്പു ശേഖരം കത്തിക്കുകയുണ്ടായി. സന്ദേശം വ്യക്തമാണ്: കെനിയയ്ക്കും സാംബിയയ്ക്കും ആനക്കൊമ്പു വ്യാപാരത്തിൽ പങ്കാളികളാകാൻ ആഗ്രഹമില്ലായിരുന്നു.
മറ്റു രാജ്യങ്ങൾ തങ്ങളുടെ ആനക്കൊമ്പു ശേഖരങ്ങൾ വരുംകാലത്തേക്കുള്ള നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്നു. 170 കോടി രൂപയുടെ, മൊത്തം 462 ടൺ തൂക്കം വരുന്ന ആനക്കൊമ്പുകൾ ആഫ്രിക്കൻ രാജ്യങ്ങൾ ഇപ്പോൾ ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് ലോകത്തിലെ ഏറ്റവും വലിയ വന്യജീവി നിരീക്ഷണ സംഘടനയായ ട്രാഫിക് കണക്കാക്കുന്നു. ജപ്പാനുമായി വ്യാപാരം നടത്താനുള്ള അനുവാദം ഇപ്പോൾ ലഭിച്ചിരിക്കുന്ന ബോട്സ്വാന, നമീബിയ, സിംബാബ്വേ എന്നീ മൂന്നു രാജ്യങ്ങളുടെ കൈവശം 120 ടൺ ആനക്കൊമ്പുണ്ട്. അതുകൊണ്ട് പലരും ഇപ്രകാരം ചോദിക്കുന്നു: ‘സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു ദേശത്ത് ആനക്കൊമ്പുകൾ പണ്ടകശാലകളിൽ പൊടിപിടിച്ചിരിക്കാൻ അനുവദിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? അവ വിറ്റ്, ആ പണം പരിരക്ഷണ ശ്രമങ്ങൾക്കായി തിരിച്ചുവിടരുതോ?’
ഉത്കണ്ഠകൾ നിലനിൽക്കുന്നു
ആനക്കൊമ്പു വിൽപ്പനയുടെമേൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനത്തിന് അയവു വരുത്തുന്നത് ആനകളുടെ പരിരക്ഷണത്തിനു സഹായകമാകുമെന്ന് ചില ആഫ്രിക്കൻ രാഷ്ട്രങ്ങൾ വാദിക്കുമ്പോൾ, വീണ്ടും ആരംഭിച്ചിരിക്കുന്ന അനധികൃതവേട്ട തടയണമെങ്കിൽ പൂർണ നിരോധനംതന്നെ ഏർപ്പെടുത്തണമെന്ന് മറ്റുള്ളവ ഉറച്ചു വിശ്വസിക്കുന്നു. ആനക്കൊമ്പു വ്യാപാരം എത്ര കർശനമായി നിയന്ത്രിക്കുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ് ഉത്കണ്ഠ മുഴുവൻ. അനധികൃതമായി ശേഖരിച്ച ആനക്കൊമ്പുകൾ നിയമാനുസൃത വാണിജ്യത്തിലേക്കു പ്രവേശിക്കാൻ വിപണന സംവിധാനങ്ങൾ പഴുതുകൾ നൽകുമോ? അമിതലാഭം പ്രതീക്ഷിച്ചുള്ള അനധികൃതവേട്ടയുടെ കാര്യമോ? നിരോധനത്തിന് അയവു വരുത്തുന്നതുമൂലം, ആനകൾ കൊല്ലപ്പെടുകയും ഭാവിയിൽ നിരോധനത്തിന് കൂടുതൽ അയവു വരുമെന്നു പ്രതീക്ഷിക്കുന്ന ആളുകൾ അവ പൂഴ്ത്തിവെക്കുകയും ചെയ്യുമോ?
ആഫ്രിക്കയിൽ തോക്കുകൾ മുമ്പെന്നത്തെക്കാളധികം സുലഭമാണെന്നുള്ളതും ഉത്കണ്ഠ വർധിപ്പിക്കുന്നു. അവിടെ നടക്കുന്ന ആഭ്യന്തരയുദ്ധങ്ങൾ മൂലം ഓട്ടോമാറ്റിക്ക് തോക്കുകൾ ഇന്ന് ജനങ്ങളുടെ കൈകളിലും എത്തിയിരിക്കുന്നു. കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഇവർ പണമുണ്ടാക്കാൻ അവ ഉപയോഗിക്കുന്നതിനു മടിക്കുന്നില്ല. ഈസ്റ്റ് ആഫ്രിക്കൻ വൈൽഡ് ലൈഫ് സൊസൈറ്റിയുടെ ഡയറക്ടറായ നെഹെമയ റോട്ടിച്ച് എഴുതി: “[പുനരാരംഭിക്കപ്പെട്ട വ്യാപാരം നിമിത്തം] ആനക്കൊമ്പ് വീണ്ടും വിപണിയിലെത്തിയിരിക്കുന്നതിനാൽ ഈ തോക്കുകൾ ആനകൾക്കുനേരെ തിരിയുമെന്നതിനു സംശയമില്ല—നഗരത്തിലെ ഒരു ബാങ്ക് കൊള്ളയടിക്കുന്നതിനെക്കാൾ ഏറെ എളുപ്പം വിസ്തൃതമായ ഒരു പ്രദേശത്തുവെച്ച് ഒരു ആനയെ വെടിവെച്ചു വീഴ്ത്തുന്നതാണല്ലോ.”
അനധികൃതവേട്ട തടയാനുള്ള നടപടികൾ ചെലവേറിയവയാണെന്നു മാത്രമല്ല ദുഷ്കരവുമാണെന്നതാണ് മറ്റൊരു പ്രശ്നം. ആനകൾ വിഹരിക്കുന്ന വിശാലമായ പ്രദേശങ്ങൾ നിരീക്ഷണവിധേയമാക്കാൻ വളരെയധികം സാമ്പത്തികവിഭവങ്ങൾ ആവശ്യമാണ്. പൂർവ ആഫ്രിക്കയിൽ ഇവ കണ്ടെത്താൻ പ്രയാസമാണ്.
ആനകൾക്ക് എന്തു ഭാവി?
ആനക്കൊമ്പ് വ്യാപാരത്തിന്മേലുള്ള നിരോധനത്തിന് അയവു വരുത്താനുള്ള തീരുമാനത്തിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ശ്രമങ്ങളെല്ലാം വിജയിച്ചാലും ആനകൾക്കു നേരെയുള്ള ഭീഷണി ഇല്ലാതാകില്ല. പെരുകുന്ന ജനസംഖ്യയും ആനകൾക്കൊരു ഭീഷണിയാണ്. കാരണം ആളുകൾക്ക് കൃഷിചെയ്യാനും മറ്റും സ്ഥലം ആവശ്യമാണ്. തെക്കൻ ആഫ്രിക്കയിൽ മാത്രമായി, കൂടുതലും കൃഷി ചെയ്യാനായി, വർഷംതോറും 20 ലക്ഷം ഏക്കർ വനം വെട്ടിത്തെളിക്കുന്നു—ഇസ്രായേലിന്റെ വലുപ്പത്തിന്റെ പകുതിയോളം പ്രദേശം എന്നർഥം. ജനങ്ങളാകുന്ന സമുദ്രത്തിന്റെ വിസ്തൃതി കൂടിക്കൊണ്ടിരിക്കവേ, ആനകളാകുന്ന ദ്വീപുകൾ ചുരുങ്ങിക്കൊണ്ടിരിക്കുമെന്നു തീർച്ച.
വേൾഡ് വാച്ച് മാഗസിൻ പറയുന്നു: “ഈ പ്രശ്നത്തെക്കുറിച്ച് പഠിച്ചിട്ടുള്ളവരെല്ലാം സമ്മതിക്കുന്ന ഒരു കാര്യമുണ്ട്: ആഫ്രിക്കൻ ആനകൾക്ക് ഒരു ഇരുണ്ട ഭാവിയാണുള്ളത്. [ജനസംഖ്യാവർധനവു മൂലമുണ്ടാകുന്ന] ആവാസ പ്രതിസന്ധി, പല ആനകളും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ വളർച്ചയെത്തുന്നതിനു മുമ്പ് ചെരിയാൻ ഇടയാക്കും. നിയമാനുസൃതമായി വേട്ടയാടുകയോ എണ്ണം കുറയ്ക്കാൻ കൊല്ലുകയോ—അല്ലെങ്കിൽ അനധികൃത വേട്ടക്കാർ കൊല്ലുകയോ—ചെയ്തില്ലെങ്കിലും അവ പട്ടിണികിടന്നു ചാകും.”
ഈ ഇരുണ്ട ഭാവി പ്രതീക്ഷ ആനയുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ വീക്ഷണത്തോടു ചേർച്ചയിലല്ല. തന്റെ സൃഷ്ടികളെക്കുറിച്ച് ദൈവത്തിനുള്ള കരുതൽ യേശുവിന്റെ ഈ വാക്കുകളിൽ പ്രകടമാണ്: “രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.” (ലൂക്കൊസ് 12:6) ഒരു ചെറിയ കുരികിലിനെപ്പോലും ദൈവം മറന്നുപോകുന്നില്ല എങ്കിൽ വലിയ ആനയുടെ ദുരവസ്ഥയെ അവൻ അവഗണിക്കുകയില്ല എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
[16-ാം പേജിലെ ചതുരം]
ആനക്കൊമ്പിനെ സംബന്ധിച്ച്
“ആനക്കൊമ്പ് ഒരു മനോഹര വസ്തുവാണെന്നുള്ളതിനു സംശയമില്ല. ആഭരണങ്ങളുണ്ടാക്കാനും കൊത്തുപണികൾ നടത്താനും ഉപയോഗിക്കപ്പെടുന്ന മറ്റു വസ്തുക്കളിൽനിന്നു വ്യത്യസ്തമായി അതിനൊരു തിളക്കവും കാന്തിയുമുണ്ട്. എന്നാൽ പ്രസ്തുത വസ്തു ഉപയോഗിക്കുമ്പോൾ അത് ഒരാനയുടെ കൊമ്പാണെന്ന കാര്യം പലരും വിസ്മരിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്. ഐവറി എന്ന പദം അത് ആനക്കൊമ്പാണെന്ന ആശയം നമ്മുടെ മനസ്സിൽനിന്നു വേർപെടുത്തിക്കളയുന്നു. ചിലർ വിവേചനശൂന്യമായി അതിനെ മരതകക്കല്ലിന്റെയും തേക്കിന്റെയും കരിന്താളിയുടെയും തൃണമണിയുടെയും, സ്വർണത്തിന്റെയും വെള്ളിയുടെയുംപോലും, കൂട്ടത്തിൽ പെടുത്തുന്നു. എന്നാൽ ഒരു വലിയ വ്യത്യാസമുണ്ട്: മറ്റു വസ്തുക്കൾ ഒരു മൃഗത്തിൽനിന്നു ലഭിച്ചതല്ല; എന്നാൽ ഒരു ആനക്കൊമ്പ്, ഉളിപ്പല്ലിനു രൂപമാറ്റം സംഭവിച്ചതാണ്. ആനക്കൊമ്പിൽ തീർത്ത മനോഹരമായ ഒരു വള കൈകളിലണിയുകയോ കൊത്തുപണി ചെയ്ത ലോലമായ ഒരു വസ്തു കൈയിൽ പിടിക്കുകയോ ചെയ്യുമ്പോൾ ആ വസ്തു, ആഹാരം കഴിക്കാനും കുഴിക്കാനും കുത്താനും കളിക്കാനും പോരടിക്കാനും കൊമ്പുകൾ ഉപയോഗിച്ചിരുന്ന ഒരാനയിൽനിന്ന് ലഭിച്ചതാണെന്നും ആ വസ്തു കൈയിൽ കിട്ടാൻ തക്കവണ്ണം ആ ആന കൊല്ലപ്പെടണമായിരുന്നെന്നും തിരിച്ചറിയാൻ ഒരുവൻ തന്റെ മനസ്സിനെ വിശാലമാക്കണം.”—സിന്ത്യ മൊസ് എഴുതിയ ആന സ്മരണകൾ (ഇംഗ്ലീഷ്).
[19-ാം പേജിലെ ചതുരം]
ആനകളെ സംബന്ധിച്ച്
ആനകൾ വലിയ കായബലമുള്ളവയാണ്. അവയ്ക്കു ദേഷ്യം വന്നാൽ ഭൂമി വിറയ്ക്കും. തുമ്പിക്കൈകൊണ്ട് നിങ്ങളെ പൊക്കിയെടുത്ത് ഒരു കല്ല് വായുവിലേക്ക് ചുഴറ്റിയെറിയുന്നതുപോലെ എറിയാൻ ഒരാനയ്ക്കു കഴിയും. എന്നിരുന്നാലും അത് തുമ്പിക്കൈകൊണ്ട് നിങ്ങളെ തലോടുകയോ നിങ്ങളുടെ കൈകളിൽനിന്ന് സൗമ്യതയോടെ ആഹാരം വാങ്ങിക്കുകയോ ചെയ്യും. ആനകൾ ബുദ്ധിശാലികളും നിഗൂഢസ്വഭാവമുള്ളവയും തമാശക്കാരുമാണ്. അവ ശക്തമായ കുടുംബ വിശ്വസ്തത പ്രകടമാക്കുന്നു, മുറിവേൽക്കുമ്പോൾ പരസ്പരം പരിപാലിക്കുന്നു, തങ്ങൾക്കിടയിൽ ആർക്കെങ്കിലും രോഗമുണ്ടാകുമ്പോൾ പരിചരിക്കുന്നു, കുടുംബാംഗത്തിന്റെ മരണത്തോടു പ്രതികരിക്കുന്നു. ഒരാന, മറ്റ് മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഗൗനിക്കാറില്ലെങ്കിലും മറ്റ് ആനകളുടെ അസ്ഥികൾ തിരിച്ചറിയുകയും അവ ചിതറിച്ചിടുകയോ കുഴിച്ചിടുകയോ ചെയ്തുകൊണ്ട് പ്രതികരിക്കുകയും ചെയ്യുന്നു.
[18-ാം പേജിലെ ചിത്രം]
രണ്ട് രാജ്യങ്ങൾ കൈവശമുള്ള ആനക്കൊമ്പ് കത്തിച്ചുകളഞ്ഞിരിക്കുന്നു; മറ്റുചിലവയാകട്ടെ അതൊരു നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്നു