ദൈവവചനം പഠിപ്പിക്കുന്നവർ തങ്ങളുടെ നിയോഗം നിവർത്തിക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ടു
പഠിപ്പിക്കുന്നവരായ ലക്ഷക്കണക്കിനു വ്യക്തികൾ കഴിഞ്ഞ ഏതാനും മാസങ്ങളിൽ പ്രബോധനത്തിനായി കൂടിവന്നു. കഴിഞ്ഞ മേയ് മാസം തുടങ്ങി അവർ ലോകമെങ്ങും നടത്തപ്പെട്ട, യഹോവയുടെ സാക്ഷികളുടെ നൂറുകണക്കിനു “ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ സമ്മേളിച്ചു. ഈ പ്രതിനിധികൾ, തങ്ങളെത്തന്നെ പഠിപ്പിക്കാനും കൂടുതൽ യോഗ്യത നേടാനും പഠിപ്പിക്കുന്നവർ എന്ന നിലയിലുള്ള തങ്ങളുടെ നിയോഗം നിവർത്തിക്കാനും പ്രോത്സാഹിപ്പിക്കപ്പെട്ടു.
ഈ കൺവെൻഷനുകളിൽ ഏതിലെങ്കിലും നിങ്ങൾ സംബന്ധിച്ചോ? എങ്കിൽ, സത്യദൈവമായ യഹോവയെ ആരാധിക്കാനായി കൂടിവന്ന ആ അവസരത്തിൽ ലഭിച്ച വിശിഷ്ടമായ ആത്മീയ ആഹാരം നിങ്ങൾ വിലമതിച്ചു എന്നതിനു സംശയമില്ല. ആ കൺവെൻഷനിലെ പ്രബോധനാത്മകമായ പരിപാടികൾ നമുക്കിപ്പോൾ അവലോകനം ചെയ്യാം.
ഒന്നാം ദിവസം—നിശ്വസ്ത തിരുവെഴുത്തുകൾ പഠിപ്പിക്കലിനു പ്രയോജനപ്രദം
“ദൈവവചനം പഠിപ്പിക്കുന്നവരേ, പ്രബോധനം കൈക്കൊൾവിൻ” എന്ന പ്രസംഗത്തോടെ കൺവെൻഷൻ അധ്യക്ഷൻ പ്രതിനിധികളെ ഊഷ്മളമായി സ്വാഗതം ചെയ്തു. “മഹാ പ്രബോധക”നായ യഹോവയിൽനിന്നു പഠിച്ച യേശുക്രിസ്തു മഹാഗുരു ആയിത്തീർന്നു. (യെശയ്യാവു 30:20, NW; മത്തായി 19:16) ദൈവവചനം പഠിപ്പിക്കുന്നവർ എന്ന നിലയിൽ പുരോഗതി പ്രാപിക്കണമെങ്കിൽ, നമ്മളും യഹോവയിൽനിന്നു പ്രബോധനം സ്വീകരിക്കേണ്ടതുണ്ട്.
അടുത്ത പ്രസംഗത്തിന്റെ വിഷയം “രാജ്യ പഠിപ്പിക്കൽ നല്ല ഫലം ഉളവാക്കുന്നു” എന്നതായിരുന്നു. ദൈവവചനം പഠിപ്പിക്കുന്നതിൽ പരിചയസമ്പന്നരായ വ്യക്തികളുമായുള്ള അഭിമുഖങ്ങളിലൂടെ ശിഷ്യരാക്കൽ വേലയുടെ സന്തോഷങ്ങളും അനുഗ്രഹങ്ങളും എടുത്തുകാണിക്കപ്പെട്ടു.
“‘ദൈവത്തിന്റെ വൻകാര്യങ്ങ’ളാൽ പ്രചോദിതർ” എന്ന പ്രോത്സാഹജനകമായ പ്രസംഗമായിരുന്നു അടുത്തത്. ഒന്നാം നൂറ്റാണ്ടിൽ, ദൈവരാജ്യം ഉൾപ്പെടെയുള്ള ‘വൻകാര്യങ്ങൾ’ ആളുകളെ പ്രവർത്തനത്തിനു പ്രചോദിപ്പിച്ചു. (പ്രവൃത്തികൾ 2:11) മറുവില, പുനരുത്ഥാനം, പുതിയ ഉടമ്പടി തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച തിരുവെഴുത്തു പഠിപ്പിക്കലുകൾ പോലുള്ള ‘വൻകാര്യങ്ങൾ’ പ്രഖ്യാപിച്ചുകൊണ്ട് നമുക്കും ആളുകളെ പ്രവർത്തനത്തിനു പ്രേരിപ്പിക്കാൻ കഴിയും.
തുടർന്നുള്ള പ്രസംഗം ‘യഹോവയുടെ നീതിയിൽ ആനന്ദം കണ്ടെത്താൻ’ എല്ലാവർക്കും പ്രോത്സാഹനമേകി. (സങ്കീർത്തനം 35:27) ബൈബിൾ പഠനത്തിലൂടെയും ആത്മീയമായി ഹാനികരമായ കാര്യങ്ങളെ ശക്തമായി ചെറുത്തുനിന്നുകൊണ്ടും താഴ്മ നട്ടുവളർത്തിക്കൊണ്ടും നീതിനിഷ്ഠമായ സംഗതികളെ സ്നേഹിക്കാനും തിന്മയായ സംഗതികളെ ദ്വേഷിക്കാനും പഠിക്കുകവഴി നീതി പിന്തുടരാൻ നമുക്കു കഴിയും. അത്തരം പടികൾ, മോശമായ സഹവാസങ്ങളിൽനിന്നും ലോകത്തിന്റെ ഭൗതികാസക്ത മൂല്യങ്ങളിൽനിന്നും അധാർമികവും അക്രമാസക്തവുമായ വിനോദങ്ങളിൽനിന്നും നമ്മെ സംരക്ഷിക്കും.
“ദൈവവചനം പഠിപ്പിക്കുന്നവർ എന്ന നിലയിൽ പൂർണ സജ്ജർ” എന്ന ശീർഷകത്തിലുള്ള മുഖ്യവിഷയ പ്രസംഗം, യഹോവ തന്റെ വചനം, പരിശുദ്ധാത്മാവ്, ഭൗമിക സംഘടന എന്നിവ മുഖാന്തരം നമ്മെ തന്റെ യോഗ്യതയുള്ള ശുശ്രൂഷകർ ആക്കിത്തീർക്കുന്നു എന്ന് ഓർമിപ്പിച്ചു. ദൈവവചനം ഉപയോഗിക്കുന്നതു സംബന്ധിച്ചു പ്രസംഗകൻ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “അച്ചടിച്ച താളുകളിൽനിന്ന് ബൈബിൾ സന്ദേശം അടർത്തിയെടുത്ത് കേൾവിക്കാരുടെ ഹൃദയങ്ങളിൽ പതിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.”
കൺവെൻഷനിലെ ആദ്യത്തെ സിമ്പോസിയത്തിന്റെ ശീർഷകം “മറ്റുള്ളവരെ പഠിപ്പിക്കവേ നമ്മെത്തന്നെ പഠിപ്പിക്കൽ” എന്നതായിരുന്നു. നാം മറ്റുള്ളവരെ പഠിപ്പിക്കുന്ന ക്രിസ്തീയ ധാർമികതയുടെ അതേ ഉയർന്ന നിലവാരത്തോടു നാംതന്നെ പറ്റിനിൽക്കേണ്ടതുണ്ടെന്ന് അതിന്റെ പ്രാരംഭ ഭാഗം ഊന്നിപ്പറഞ്ഞു. അടുത്ത ഭാഗം ‘സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്യാൻ’ ഉദ്ബോധനം നൽകി. (2 തിമൊഥെയൊസ് 2:15, NW) നമ്മെത്തന്നെ പഠിപ്പിക്കുന്നതിന്, ഉത്സാഹത്തോടെയുള്ള വ്യക്തിപരമായ നിരന്തര ബൈബിൾ പഠനം വളരെ അനിവാര്യമാണ്. എത്രകാലം നാം യഹോവയെ സേവിച്ചിരിക്കാമെങ്കിലും അതു സത്യമാണ്. സിമ്പോസിയത്തിന്റെ അവസാന ഭാഗം, അഹങ്കാരം, സ്വതന്ത്ര ചിന്താഗതി, താൻ പ്രമുഖനാണെന്ന ചിന്ത, അസൂയ, ഈർഷ്യ, അമർഷം, നീരസം, കുറ്റംകണ്ടുപിടിക്കൽ തുടങ്ങിയ സംഗതികൾ നമ്മിൽ കാണാൻ പിശാച് നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നു വ്യക്തമാക്കി. എന്നിരുന്നാലും, നാം പിശാചിനെ ശക്തമായി ചെറുത്തുനിൽക്കുകയാണെങ്കിൽ, അവൻ നമ്മെ വിട്ടോടും. പിശാചിനോടു ചെറുത്തുനിൽക്കുന്നതിനു നാം ദൈവത്തോട് അടുത്തു ചെല്ലേണ്ടതുണ്ട്.—യാക്കോബ് 4:7, 8.
“ലോകത്തെ ഗ്രസിച്ചിരിക്കുന്ന അശ്ലീലബാധയെ വെറുക്കുക” എന്ന കാലോചിത പ്രസംഗം നമ്മുടെ ആത്മീയതയ്ക്കു നേരെയുള്ള ഈ അധമ ഭീഷണിയോട് എങ്ങനെ വിജയകരമായി പോരാടാമെന്നു നമുക്കു കാണിച്ചുതന്നു. പ്രവാചകനായ ഹബക്കൂക് യഹോവയെ കുറിച്ച് ‘ദോഷം കണ്ടുകൂടാതവണ്ണം നിർമ്മലദൃഷ്ടിയുള്ളവൻ’ എന്നു പ്രസ്താവിച്ചു. (ഹബക്കൂക് 1:13) നാം ‘തീയതിനെ വെറുക്കണം.’ (റോമർ 12:9) കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന്റെയും ടെലിവിഷൻ കാണലിന്റെയും കാര്യത്തിൽ ഒരു കണ്ണുണ്ടായിരിക്കാൻ മാതാപിതാക്കൾ ഉദ്ബോധിപ്പിക്കപ്പെട്ടു. അശ്ലീലത്തിലേക്ക് ആകർഷിക്കപ്പെടുന്നവർ ആത്മീയമായി പക്വതയുള്ള ഒരു സുഹൃത്തിൽനിന്നു സഹായം തേടേണ്ടതാണ് എന്നു പ്രസംഗകൻ പറഞ്ഞു. സങ്കീർത്തനം 97:10; മത്തായി 5:28; 1 കൊരിന്ത്യർ 9:27; എഫെസ്യർ 5:3, 12; കൊലൊസ്സ്യർ 3:5; 1 തെസ്സലൊനീക്യർ 4:4, 5 എന്നിവ പോലുള്ള തിരുവെഴുത്തുകൾ ധ്യാനിക്കുന്നതും ഓർമയിൽ വെക്കുന്നതും സഹായകമാണ്.
ഉത്കണ്ഠ നമ്മെ ഭാരപ്പെടുത്തുമ്പോൾ, നമ്മുടെ ഭാരം യഹോവയുടെമേൽ ഇടാൻ സാധിക്കുമെന്ന് “ദൈവസമാധാനം നിങ്ങളെ കാക്കുമാറാകട്ടെ” എന്ന അടുത്ത പ്രസംഗം നമുക്ക് ഉറപ്പു നൽകി. (സങ്കീർത്തനം 55:22) നാം പ്രാർഥനയിൽ നമ്മുടെ ഹൃദയങ്ങളെ യഹോവയുടെ മുമ്പാകെ പകരുന്നെങ്കിൽ, അവനുമായുള്ള അമൂല്യമായ ബന്ധത്തിൽനിന്ന് ഉളവാകുന്ന ശാന്തിയും ആന്തരിക പ്രശാന്തതയുമാകുന്ന “ദൈവസമാധാനം” അവൻ നമുക്കു തരും.—ഫിലിപ്പിയർ 4:6, 7.
യെശയ്യാവു 60-ാം അധ്യായത്തിന്റെ നിവൃത്തിയെ വിശദീകരിച്ച, “യഹോവ പ്രകാശത്താൽ തന്റെ ജനത്തെ മനോഹരമാക്കുന്നു” എന്ന പ്രസംഗത്തോടെ ഒന്നാം ദിവസത്തെ പരിപാടികൾ സന്തോഷകരമായി പര്യവസാനിച്ചു. ലോകത്തിന്റെ ഇപ്പോഴത്തെ അന്ധകാരത്തിൻ മധ്യേ “അന്യജാതിക്കാർ”—കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചെമ്മരിയാടു തുല്യരായ മഹാപുരുഷാരം—അഭിഷിക്ത ക്രിസ്ത്യാനികളോടൊത്ത് യഹോവയുടെ പ്രകാശം ആസ്വദിക്കുന്നു. 19-ഉം 20-ഉം വാക്യങ്ങളെ പരാമർശിച്ചുകൊണ്ട് പ്രസംഗകൻ ഇങ്ങനെ വിശദീകരിച്ചു: “യഹോവ സൂര്യനെപ്പോലെ ‘അസ്തമിക്കുകയോ’ ചന്ദ്രനെപ്പോലെ ‘മറഞ്ഞുപോകുകയോ’ ചെയ്യില്ല. തന്റെ ജനത്തിന്മേൽ പ്രകാശം ചൊരിഞ്ഞുകൊണ്ട് അവൻ അവരെ മനോഹരമാക്കുന്നതിൽ തുടരും. ഈ അന്ധകാര ലോകത്തിന്റെ അന്ത്യനാളുകളിൽ ജീവിക്കുന്ന നമുക്ക് എത്ര മഹത്തായ ഒരു ഉറപ്പാണ് അത്!” പ്രസംഗത്തിന്റെ ഒടുവിൽ, യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം, വാല്യം രണ്ട് പ്രകാശനം ചെയ്യുന്നതായി പ്രസംഗകൻ അറിയിച്ചു. ആ പുതിയ പ്രസിദ്ധീകരണം നിങ്ങൾ വായിച്ചുകഴിഞ്ഞോ?
രണ്ടാം ദിവസം—മറ്റുള്ളവരെ പഠിപ്പിക്കാൻ വേണ്ടത്ര യോഗ്യതയുള്ളവർ
രണ്ടാം ദിവസം ദിനവാക്യത്തിന്റെ ചർച്ചയെ തുടർന്ന്, നാം കൺവെൻഷനിലെ രണ്ടാമത്തെ സിമ്പോസിയം അതീവ താത്പര്യത്തോടെ ശ്രദ്ധിച്ചു. “വിശ്വാസികൾ ആയിത്തീരാൻ മറ്റുള്ളവരെ സഹായിക്കുന്ന ശുശ്രൂഷകർ” എന്നതായിരുന്നു അതിന്റെ വിഷയം. മൂന്നു ഭാഗങ്ങൾ ഉണ്ടായിരുന്ന ആ സിമ്പോസിയത്തിലെ പ്രസംഗകർ, ആളുകളെ രാജ്യസന്ദേശം അറിയിക്കൽ, താത്പര്യം നട്ടുവളർത്തൽ, ക്രിസ്തു കൽപ്പിച്ച കാര്യങ്ങൾ പ്രമാണിക്കാൻ താത്പര്യക്കാരെ പഠിപ്പിക്കൽ എന്നിങ്ങനെ വിശ്വാസികൾ ആയിത്തീരാൻ ആളുകളെ സഹായിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്നു ഘട്ടങ്ങളിൽ ഓരോന്നും വിശേഷവത്കരിച്ചു. ശിഷ്യരായിത്തീരാൻ മറ്റുള്ളവരെ എങ്ങനെ പഠിപ്പിക്കാനാകും എന്നതു സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ അഭിമുഖങ്ങളിലൂടെയും പുനരവതരണങ്ങളിലൂടെയും നമുക്കു ലഭിച്ചു.
“നിങ്ങളുടെ സഹിഷ്ണുതയോടു ദൈവികഭക്തി കൂട്ടുക” എന്ന വിഷയത്തിലുള്ളതായിരുന്നു അടുത്ത പരിപാടി. ‘അവസാനത്തോളം സഹിച്ചുനില്ക്കുന്നതാണ്’ ഏറ്റവും പ്രധാനമെന്നു പ്രസംഗകൻ വ്യക്തമാക്കി. (മത്തായി 24:13) ദൈവഭക്തി നട്ടുവളർത്തുന്നതിനു ദൈവം നൽകിയിരിക്കുന്ന എല്ലാ കരുതലുകളും—പ്രാർഥന, വ്യക്തിപരമായ പഠനം, യോഗങ്ങൾ, ശുശ്രൂഷ—നാം ഉപയോഗിക്കേണ്ടതുണ്ട്. ലൗകിക മോഹങ്ങളോ പ്രവർത്തനങ്ങളോ നമ്മുടെ ദൈവഭക്തിയെ ആക്രമിക്കാനോ നശിപ്പിക്കാനോ നാം അനുവദിക്കരുത്.
അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ ആളുകൾക്ക് ഇന്ന് എങ്ങനെ നവോന്മേഷം കണ്ടെത്താൻ കഴിയും? “ക്രിസ്തുവിന്റെ നുകത്തിൻ കീഴിൽ നവോന്മേഷം കണ്ടെത്തൽ” എന്ന പ്രസംഗം ആ ചോദ്യത്തിനുള്ള ഉത്തരം നൽകി. തന്റെ നുകത്തിൻ കീഴിൽ വരാനും തന്നിൽനിന്നു പഠിക്കാനും യേശു തന്റെ അനുഗാമികളെ ദയാപുരസ്സരം ക്ഷണിച്ചു. (മത്തായി 11:28-30, NW) ലളിതവും സമനിലയോടു കൂടിയതുമായ ജീവിതം നയിക്കുന്നതിൽ യേശുവിനെ അടുത്ത് അനുകരിക്കുകവഴി നമുക്ക് അവന്റെ നുകത്തിൻ കീഴിൽ വരാൻ സാധിക്കും. തങ്ങളുടെ ജീവിതത്തെ ലളിതമാക്കിയിട്ടുള്ളവരുമായുള്ള അഭിമുഖങ്ങളാൽ ഈ അവതരണത്തിന്റെ മുഖ്യ ആശയങ്ങൾ എടുത്തുകാട്ടപ്പെട്ടു.
യഹോവയുടെ സാക്ഷികളുടെ വലിയ കൂടിവരവുകളിലെ പ്രത്യേകതകളിൽ ഒന്നാണ് പുതുതായി സമർപ്പിതരായ ദൈവദാസന്മാരുടെ സ്നാപനം. “സ്നാപനം വലിയ പഠിപ്പിക്കൽ പദവികളിലേക്കു നയിക്കുന്നു” എന്ന പ്രസംഗം നടത്തിയ സഹോദരൻ സ്നാപനാർഥികളെ ഊഷ്മളായി സ്വാഗതം ചെയ്യുകയും വർധിച്ച സേവന പദവികളിൽ പങ്കുചേരാൻ അവരെ ക്ഷണിക്കുകയും ചെയ്തു. തിരുവെഴുത്തു യോഗ്യത ഉള്ളവരും ദൈവവചനം പഠിപ്പിക്കുന്നവരുമായ പുതുതായി സ്നാപനമേറ്റ വ്യക്തികൾക്കു സഭയിലെ വിവിധ ഉത്തരവാദിത്വ സ്ഥാനങ്ങൾ എത്തിപ്പിടിക്കാൻ കഴിയും.
ഉച്ചകഴിഞ്ഞത്തെ ആദ്യ പ്രസംഗത്തിന്റെ ശീർഷകം “മഹാഗുരുവിനെ അനുകരിക്കുക” എന്നതായിരുന്നു. കോടാനുകോടി വർഷങ്ങൾ സ്വർഗത്തിൽ ആയിരുന്ന യേശു തന്റെ പിതാവിനെ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്തതിലൂടെ, മഹാഗുരു ആയിത്തീർന്നു. ഭൂമിയിലായിരിക്കെ, ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ചോദ്യങ്ങളും ലളിതവും വ്യക്തവുമായ ദൃഷ്ടാന്തങ്ങളും പോലുള്ള ഫലപ്രദമായ പഠിപ്പിക്കൽ രീതികൾ അവൻ ഉപയോഗിച്ചു. യേശുവിന്റെ പഠിപ്പിക്കലിന് ആധാരം ദൈവവചനം ആയിരുന്നു. മാത്രമല്ല, ഉത്സാഹത്തോടും ഊഷ്മളതയോടും അധികാരത്തോടും കൂടെയാണ് അവൻ സംസാരിച്ചത്. ആ മഹാഗുരുവിനെ അനുകരിക്കാൻ നമുക്കു പ്രചോദനം തോന്നിയില്ലേ?
“മറ്റുള്ളവരെ സേവിക്കാൻ നിങ്ങൾ സന്നദ്ധരാണോ?” എന്ന ശീർഷകത്തിലുള്ള പ്രചോദനാത്മകമായ മറ്റൊരു പ്രസംഗം മറ്റുള്ളവരെ സേവിക്കുന്നതിൽ യേശുവിന്റെ ദൃഷ്ടാന്തം അനുകരിക്കാൻ പ്രോത്സാഹനമേകി. (യോഹന്നാൻ 13:12-15) മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ തിമൊഥെയൊസിനെ പോലെ ആയിരിക്കാൻ പ്രസംഗകൻ യോഗ്യതയുള്ള പുരുഷന്മാരെ പ്രോത്സാഹിപ്പിച്ചു. (ഫിലിപ്പിയർ 2:20, 21) മുഴുസമയ ശുശ്രൂഷ തിരഞ്ഞെടുക്കാൻ മക്കളെ സഹായിക്കുന്ന കാര്യത്തിൽ എല്ക്കാനായെയും ഹന്നായെയും അനുകരിക്കാൻ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കപ്പെട്ടു. തങ്ങളെത്തന്നെ സ്വമേധയാ വിട്ടുകൊടുത്തുകൊണ്ട് യേശുക്രിസ്തുവിന്റെയും യുവാവായ തിമൊഥെയൊസിന്റെയും മാതൃകകൾ അനുകരിക്കാൻ യുവജനങ്ങൾ ഉദ്ബോധിപ്പിക്കപ്പെട്ടു. (1 പത്രൊസ് 2:21) മറ്റുള്ളവരെ സേവിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുള്ളവരുടെ വാക്കുകളും നമുക്ക് ഉത്തേജനമായി.
മൂന്നാമത്തെ സിമ്പോസിയത്തിന്റെ വിഷയം “ദിവ്യാധിപത്യ വിദ്യാഭ്യാസത്തിൽനിന്നു പൂർണമായും പ്രയോജനം നേടുക” എന്നതായിരുന്നു. നമ്മുടെ ശ്രദ്ധാദൈർഘ്യം വർധിപ്പിക്കുന്നതിന്റെ പ്രാധാന്യം ഒന്നാമത്തെ പ്രസംഗകൻ ഊന്നിപ്പറഞ്ഞു. ആ ലക്ഷ്യം നിവർത്തിക്കുന്നതിന്, തുടക്കത്തിൽ ഹ്രസ്വനേരത്തേക്ക് വ്യക്തിപരമായ പഠനത്തിൽ ഏർപ്പെടുകയും തുടർന്ന് അതിന്റെ സമയദൈർഘ്യം വർധിപ്പിക്കുകയും ചെയ്യാവുന്നതാണ്. മാത്രമല്ല, യോഗസമയത്ത് പരിചിന്തിക്കുന്ന വാക്യങ്ങൾ ബൈബിൾ തുറന്നു നോക്കുന്നതിനും അവയുടെ കുറിപ്പുകൾ എടുക്കുന്നതിനും അദ്ദേഹം സദസ്യരെ പ്രോത്സാഹിപ്പിച്ചു. “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക” മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യം രണ്ടാമത്തെ പ്രസംഗകൻ എടുത്തുപറഞ്ഞു. (2 തിമൊഥെയൊസ് 1:13, 14, NW) മാധ്യമങ്ങളിലെ അധാർമിക അവതരണങ്ങൾ, മനുഷ്യ തത്ത്വചിന്തകൾ, അതികൃത്തിപ്പ്, വിശ്വാസത്യാഗപരമായ പഠിപ്പിക്കലുകൾ എന്നിവയിൽനിന്നു നമ്മെത്തന്നെ സംരക്ഷിക്കുന്നതിനു വ്യക്തിപരമായ പഠനത്തിനും യോഗഹാജരിനും നാം സമയം വിലയ്ക്കു വാങ്ങേണ്ടതുണ്ട്. (എഫെസ്യർ 5:15, 16, NW) സിമ്പോസിയത്തിലെ അവസാനത്തെ പ്രസംഗകൻ, നമുക്കു ദിവ്യാധിപത്യ വിദ്യാഭ്യാസത്തിൽനിന്നു പൂർണ പ്രയോജനം നേടാൻ കഴിയത്തക്കവണ്ണം പഠിച്ച കാര്യങ്ങൾ ബാധകമാക്കേണ്ടതിന്റെ ആവശ്യം എടുത്തുപറഞ്ഞു.—ഫിലിപ്പിയർ 4:9.
“നമ്മുടെ ആത്മീയ പുരോഗതിക്കുള്ള പുതിയ കരുതലുകൾ” എന്ന പ്രസംഗം എത്ര ആവേശകരമായിരുന്നു! ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്ന് പ്രയോജനം നേടുക എന്ന ശീർഷകത്തിലുള്ള ഒരു പുതിയ പുസ്തകം അടുത്തുതന്നെ പ്രസിദ്ധീകരിക്കപ്പെടുമെന്നു കേട്ടപ്പോൾ നാം സന്തോഷിച്ചു. അതിലെ ഉള്ളടക്കത്തെ കുറിച്ചു പ്രസംഗകൻ വിവരിച്ചപ്പോൾ പുസ്തകം ലഭിക്കാൻ നമുക്ക് ആകാംക്ഷയായി. ആ പുസ്തകത്തിലെ, നിരവധി പ്രസംഗ ഗുണദോഷങ്ങൾ അടങ്ങിയിരിക്കുന്ന ഭാഗത്തെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നല്ല വായന, പ്രസംഗം, പഠിപ്പിക്കൽ എന്നിവയുടെ 53 വശങ്ങൾ അവതരിപ്പിക്കുന്നതിൽ ഈ പുതിയ പുസ്തകം ഒരു ലൗകിക സമീപനമല്ല കൈക്കൊള്ളുന്നത്. തിരുവെഴുത്തു തത്ത്വങ്ങളിൽ അധിഷ്ഠിതമാണ് ഈ സമീപനം.” പ്രവാചകന്മാരും യേശുവും ശിഷ്യന്മാരും നല്ല പഠിപ്പിക്കൽ പ്രാപ്തികൾ എങ്ങനെ പ്രകടമാക്കിയെന്ന് ഈ പുസ്തകം എടുത്തുകാട്ടുന്നു. അതേ, ഈ പാഠപുസ്തകവും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെ പുതിയ പ്രത്യേകതകളും ദൈവവചനം പഠിപ്പിക്കുന്നതിലെ നമ്മുടെ പ്രാപ്തി മെച്ചപ്പെടുത്താൻ നമ്മെ സഹായിക്കും.
മൂന്നാം ദിവസം—കാലത്തിന്റെ വീക്ഷണത്തിൽ പഠിപ്പിക്കുന്നവർ ആയിരിക്കുക
കൺവെൻഷന്റെ അവസാന ദിവസം, ദിനവാക്യ പരിചിന്തനത്തിനു ശേഷം, “മലാഖി പ്രവചനം യഹോവയുടെ ദിവസത്തിനായി നമ്മെ ഒരുക്കുന്നു” എന്ന ശീർഷകത്തിലുള്ള കൺവെൻഷനിലെ അവസാനത്തെ സിമ്പോസിയത്തിന് എല്ലാവരും അടുത്ത ശ്രദ്ധ കൊടുത്തു. യഹൂദന്മാർ ബാബിലോണിൽനിന്നു മടങ്ങിവന്ന് ഏകദേശം നൂറു വർഷം കഴിഞ്ഞാണു മലാഖി പ്രവചിച്ചത്. വീണ്ടും വിശ്വാസത്യാഗത്തിലേക്കും ദുഷ്ടതയിലേക്കും വീണുപോയ അവർ, യഹോവയുടെ നീതിനിഷ്ഠമായ നിയമങ്ങൾ അവഗണിക്കുകയും കണ്ണുപൊട്ടിയതും മുടന്തുള്ളതും ദീനം പിടിച്ചതുമായ മൃഗങ്ങളെ യാഗമായി അർപ്പിക്കുകയും ചെയ്യുകവഴി അവന്റെ നാമത്തെ നിന്ദിച്ചു. മാത്രമല്ല, അവർ തങ്ങളുടെ യൗവനത്തിലെ ഭാര്യമാരെ ഉപേക്ഷിക്കുകയും ചെയ്തു. സാധ്യതയനുസരിച്ച് പുറജാതീയ സ്ത്രീകളെ വിവാഹം കഴിക്കാനാണ് അവർ അങ്ങനെ ചെയ്തത്.
മലാഖിയുടെ പ്രവചനത്തിന്റെ ഒന്നാമത്തെ അധ്യായം തന്റെ ജനത്തോടുള്ള യഹോവയുടെ സ്നേഹത്തെ കുറിച്ച് ഉറപ്പു നൽകുന്നതാണ്. ദൈവത്തോട് ഭക്ത്യാദരപൂർവകമായ ഭയം ഉണ്ടായിരിക്കേണ്ടതിന്റെയും അതുപോലെ വിശുദ്ധ കാര്യങ്ങളോടു വിലമതിപ്പ് കാട്ടേണ്ടതിന്റെയും ആവശ്യത്തെ അത് എടുത്തുകാണിക്കുന്നു. നാം യഹോവയ്ക്ക് ഏറ്റവും മികച്ചതു നൽകാൻ, നിസ്വാർഥ സ്നേഹത്തോടെ അവനെ ആരാധിക്കാൻ അവൻ പ്രതീക്ഷിക്കുന്നു. നമ്മുടെ വിശുദ്ധ സേവനം വെറുമൊരു ചടങ്ങ് ആയിരിക്കരുത്, നാം ദൈവത്തോടു കണക്കു ബോധിപ്പിക്കണം.
മലാഖി രണ്ടാം അധ്യായം നമ്മുടെ നാളിലേക്കു ബാധകമാക്കിക്കൊണ്ട്, സിമ്പോസിയത്തിലെ രണ്ടാമത്തെ പ്രസംഗകൻ ഇങ്ങനെ ചോദിച്ചു: “‘നമ്മുടെ അധരങ്ങളിൽ നീതികേടു കാണാതിരിക്കാൻ’ നാം വ്യക്തിപരമായി ശ്രദ്ധാലുക്കളാണോ?” (മലാഖി 2:6) പഠിപ്പിക്കുന്നതിൽ നേതൃത്വം എടുക്കുന്നവർ, തങ്ങൾ പറയുന്ന കാര്യങ്ങൾ ദൈവവചനത്തിൽ അധിഷ്ഠിതമാണെന്ന് ഉറപ്പാക്കണം. അന്യായമായ വിവാഹമോചനം നേടുന്നതു പോലുള്ള വഞ്ചകമായ കാര്യങ്ങൾ നാം വെറുക്കണം.—മലാഖി 2:14-16.
“യഹോവയുടെ ദിവസത്തെ ആർ അതിജീവിക്കും?” എന്ന വിഷയത്തെ അധിഷ്ഠിതമാക്കി സംസാരിച്ചുകൊണ്ട്, സിമ്പോസിയത്തിലെ അവസാനത്തെ പ്രസംഗകൻ യഹോവയുടെ ദിവസത്തിനായി ഒരുങ്ങാൻ നമ്മെ സഹായിച്ചു. “മലാഖി 3-ാം അധ്യായം 17-ാം വാക്യത്തിന് തങ്ങളുടെമേൽ ഒരു വലിയ നിവൃത്തിയുണ്ട് എന്ന് അറിയുന്നത് യഹോവയുടെ ദാസന്മാർക്ക് എത്ര ആശ്വാസം പകരുന്നു!” എന്നു പ്രസംഗകൻ പറഞ്ഞു. “അത് ഇപ്രകാരം പറയുന്നു: ‘ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും.’”
പുരാതന വേഷവിധാനങ്ങളോടു കൂടിയ, “യഹോവയുടെ അധികാരത്തെ ആദരിക്കുക” എന്ന നാടകം കൺവെൻഷന്റെ മറ്റൊരു പ്രത്യേകത ആയിരുന്നു. കോരഹിന്റെ പുത്രന്മാരെ കുറിച്ചുള്ളതായിരുന്നു അത്. മോശെയുടെയും അഹരോന്റെയും നേർക്ക് അവരുടെ പിതാവ് മത്സരാത്മക മനോഭാവം പുലർത്തിയെങ്കിലും, അവർ യഹോവയോടും അവന്റെ പ്രതിനിധികളോടും വിശ്വസ്തരായി നിലകൊണ്ടു. കോരഹും അവന്റെ പിൻഗാമികളും നശിച്ചപ്പോൾ അവന്റെ പുത്രന്മാർ അതിജീവിച്ചു. അതേ തുടർന്ന്, “ദിവ്യാധികാരത്തിന് വിശ്വസ്തതയോടെ കീഴ്പെടുക” എന്ന പ്രസംഗം നാടകത്തിന്റെ ഉള്ളടക്കം നമുക്കോരോരുത്തർക്കും ബാധകമാക്കി. കോരഹും അവന്റെ അനുയായികളും പരാജയപ്പെട്ട ആറു മണ്ഡലങ്ങളെ കുറിച്ച് പ്രസംഗകൻ മുന്നറിയിപ്പു നൽകി: യഹോവയുടെ അധികാരത്തെ വിശ്വസ്തതയോടെ പിന്തുണയ്ക്കാതിരിക്കൽ; അഹങ്കാരം, അധികാരമോഹം, അസൂയ എന്നിവയ്ക്കു വശംവദരാകാൻ അനുവദിക്കൽ; യഹോവയാൽ നിയമിതരായിരിക്കുന്നവരുടെ അപൂർണതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ; പരാതിയുടെ ആത്മാവ് വളർത്തിയെടുക്കൽ; അവരുടെ സേവനപദവിയിൽ അതൃപ്തരായിത്തീരൽ; യഹോവയോടുള്ള വിശ്വസ്തതയ്ക്ക് ഉപരിയായി സൗഹൃദമോ കുടുംബബന്ധങ്ങളോ വരാൻ അനുവദിക്കൽ.
“ആരാണ് മുഴു ജനതകളെയും സത്യം പഠിപ്പിക്കുന്നത്?” എന്നതായിരുന്നു പരസ്യ പ്രസംഗത്തിന്റെ വിഷയം. അതിൽ ചർച്ച ചെയ്തത് പൊതുവിലുള്ള സത്യത്തെ കുറിച്ചായിരുന്നില്ല, പിന്നെയോ യേശുക്രിസ്തു സാക്ഷ്യം വഹിച്ച യഹോവയുടെ ഉദ്ദേശ്യത്തെ സംബന്ധിച്ച സത്യത്തെ കുറിച്ച് ആയിരുന്നു. വിശ്വാസത്തോടു ബന്ധപ്പെട്ട സത്യം, ആരാധനാരീതിയോടു ബന്ധപ്പെട്ട സത്യം, വ്യക്തിപരമായ നടത്തയോടു ബന്ധപ്പെട്ട സത്യം തുടങ്ങിയവ പ്രസംഗകൻ പരിചിന്തിച്ചു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ ഇന്നത്തെ യഹോവയുടെ സാക്ഷികളുമായി താരതമ്യം ചെയ്യുകവഴി, ‘ദൈവം വാസ്തവമായി നമ്മുടെ ഇടയിലുണ്ട്’ എന്ന ബോധ്യം നിശ്ചയമായും ഒന്നുകൂടി ബലപ്പെടുത്തപ്പെട്ടു.—1 കൊരിന്ത്യർ 14:25.
പ്രസ്തുത വാരത്തേക്കുള്ള വീക്ഷാഗോപുര അധ്യയന ലേഖനത്തിന്റെ സംഗ്രഹത്തിനു ശേഷം, “നമ്മുടെ പഠിപ്പിക്കൽ നിയോഗം അടിയന്തിരതയോടെ നിറവേറ്റൽ” എന്ന ശീർഷകത്തിലുള്ള സമാപന പ്രസംഗത്തിലൂടെ സദസ്യർ പ്രവർത്തനത്തിനു പ്രചോദിതരായി. പരിപാടികളുടെ ഹ്രസ്വമായ അവലോകനം, പഠിപ്പിക്കുന്നതിൽ തിരുവെഴുത്തുകൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം, പഠിപ്പിക്കുന്നതിൽ യോഗ്യതയുള്ളവരായിത്തീരാൻ നമുക്കു കഴിയുന്ന വിധങ്ങൾ, നാം മറ്റുള്ളവരെ പഠിപ്പിക്കുന്ന സത്യത്തിൽ ഉറച്ച വിശ്വാസം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം എന്നിവ ഊന്നിപ്പറഞ്ഞു. ‘നമ്മുടെ അഭിവൃദ്ധി പ്രസിദ്ധമാക്കുന്നതിന്’ ശ്രമിക്കാനും ‘നമ്മെത്തന്നേയും നമ്മുടെ ഉപദേശത്തെയും സൂക്ഷിക്കാനും’ പ്രസംഗകൻ നമ്മെ ബുദ്ധിയുപദേശിച്ചു.—1 തിമൊഥെയൊസ് 4:15, 16.
“ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ എത്ര മഹത്തായ ആത്മീയ വിരുന്നാണു നാം ആസ്വദിച്ചത്! മറ്റുള്ളവരെ ദൈവവചനം പഠിപ്പിക്കുന്നതിൽ നമുക്ക് മഹാ പ്രബോധകനായ യഹോവയെയും മഹാ ഗുരുവായ യേശുക്രിസ്തുവിനെയും അനുകരിക്കാം.
[28-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പ്രത്യേക ആവശ്യങ്ങൾ നിവർത്തിക്കുന്ന പുതിയ പ്രസിദ്ധീകരണങ്ങൾ
“ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിച്ച പ്രതിനിധികൾ സന്തോഷപൂർവം രണ്ടു പ്രസിദ്ധീകരണങ്ങൾ സ്വീകരിച്ചു. ലോകത്തിന്റെ ചില ഭാഗങ്ങളിൽ ആളുകളെ തിരുവെഴുത്തു സത്യം പഠിപ്പിക്കുന്നതിൽ അവ തീർച്ചയായും സഹായകമായിരിക്കും. നിങ്ങൾക്ക് ഒരു അമർത്യ ആത്മാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന ശീർഷകത്തിലുള്ള ലഘുലേഖ, “സോൾ,” “സ്പിരിറ്റ്” എന്നീ ഇംഗ്ലീഷ് പദങ്ങളെ കുറിക്കാൻ പ്രാദേശിക ഭാഷകളിൽ വ്യത്യസ്ത വാക്കുകൾ ഇല്ലാത്ത ദേശങ്ങളിലെ ആളുകളുമായി സംഭാഷണം തുടങ്ങാൻ സഹായിക്കും. ആത്മശക്തിയും ആത്മജീവിയും ഒന്നല്ലെന്നും ആളുകൾ മരിക്കുമ്പോൾ അവർ ആത്മജീവികൾ ആയിത്തീരുന്നില്ലെന്നും ഈ പുതിയ ലഘുലേഖ വ്യക്തമാക്കുന്നു.
കൺവെൻഷന്റെ രണ്ടാം ദിവസത്തിന്റെ ഒടുവിൽ ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? എന്ന ശീർഷകത്തിലുള്ള ഒരു ലഘുപത്രികയും പ്രകാശനം ചെയ്യപ്പെട്ടു. വ്യക്തിത്വമുള്ള ഒരു സ്രഷ്ടാവിനെ കുറിച്ചും ദിവ്യമായി നിശ്വസ്തമാക്കപ്പെട്ട ഒരു പുസ്തകത്തെ കുറിച്ചും യാതൊരു ധാരണയും ഇല്ലാത്തവർക്കു ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ ഉദ്ദേശിച്ചു തയ്യാറാക്കിയിരിക്കുന്നതാണ് ഈ ലഘുപത്രിക. നിങ്ങൾ ഈ പുതിയ പ്രസിദ്ധീകരണങ്ങൾ ശുശ്രൂഷയിൽ ഉപയോഗിച്ചു നോക്കിയോ?
[26-ാം പേജിലെ ചിത്രങ്ങൾ]
ഇറ്റലിയിലെ മിലാനിലും അതുപോലെ ലോകമെമ്പാടും നടന്ന മറ്റു കൺവെൻഷനുകളിലും നൂറുകണക്കിനു പേർ സ്നാപനമേറ്റു
[29-ാം പേജിലെ ചിത്രം]
“യഹോവയുടെ അധികാരത്തെ ആദരിക്കുക” എന്ന നാടകം സദസ്യർക്കെല്ലാം പ്രചോദനമായി