സഭാപുസ്തകാദ്ധ്യയന ക്രമീകരണം
ഭാഗം 2: തയ്യാറാകുകയും പങ്കെടുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം
1 ജ്ഞാനം കണ്ടെത്തുകയും വിവേചന സമ്പാദിക്കുകയും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടനാണെന്ന് യഹോവയുടെ വചനം പ്രഖ്യാപിക്കുന്നു, എന്തുകൊണ്ടെന്നാൽ പ്രതിഫലം വലുതാണ്. (സദൃ. 3:13, 14, 16-18) ആത്മീയജ്ഞാനം വിലയേറിയതും ജീവരക്ഷാകരവുമാണ്. അത് ദൈവവചനത്തിൽനിന്ന് ഒരു ക്രിസ്ത്യാനി നേടുന്ന അറിവ് സജീവമായ ആരാധനയിലും അനുദിനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലും തന്റെ ജീവിതലാക്കുകൾ സംബന്ധിച്ച തീരുമാനങ്ങൾ ചെയ്യുന്നതിലും പ്രയോജനകരമായി ഉപയോഗിക്കാൻ അവനെ പ്രാപ്തനാക്കുന്നു.
2 സഭാപുസ്തകാദ്ധ്യയനം ദൈവവചനം പഠിക്കുന്നതിനും ബാധകമാക്കുന്നതിനും സഹായിക്കുന്നതിന് സംവിധാനംചെയ്യപ്പെട്ടിരിക്കുന്നു. ഈ വിധത്തിൽ ജ്ഞാനത്തിലും ആത്മീയ ഗ്രാഹ്യത്തിലും വളരാനും കഴിയും. അതുകൊണ്ട് സഭാപുസ്തകാദ്ധ്യയനത്തിന് ക്രമമായി ഹാജരാകുന്നത് ജ്ഞാനം സമ്പാദിക്കുന്നതിനുളള നമ്മുടെ വ്യക്തിപരമായ പരിപാടിയുടെ ഒരു അവിഭാജ്യഭാഗമായിരിക്കണം.—സദൃ. 4:7-9.
പൂർണ്ണമായി തയ്യാറാകുക
3 ഒന്നാം നൂററാണ്ടിലെ സഭയോടു സഹവസിച്ചിരുന്ന ചിലർ സത്യം പഠിക്കുന്നതിനും പുരോഗമിച്ചുകൊണ്ടിരിക്കുന്ന വെളിച്ചത്തോടൊപ്പം പോകുന്നതിനും കഠിനശ്രമം ചെയ്തില്ല. അവർ ക്രിസ്തുവിൽ ശിശുക്കളായി സ്ഥിതിചെയ്യുകയും അങ്ങനെ നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവരായിരിക്കുകയും ചെയ്തു. (എബ്രാ. 5:11-13) “പക്വതയിലേക്കു പുരോഗമിക്കാൻ” അപ്പോസ്തലനായ പൗലോസ് സഭയെ ഉദ്ബോധിപ്പിച്ചു (എബ്രാ. 6:1) പ്രസ്പഷ്ടമായി ഇത് മററുളളവർ സത്യം ചർച്ചചെയ്യുന്നത് അശ്രദ്ധമായി കേൾക്കുന്നതിനെക്കാൾ കൂടുതൽ ആവശ്യപ്പെടുന്നു. നമ്മുടെ “വ്യക്തമായ ചിന്താപ്രാപ്തികളെ” ഉണർത്തുന്നതിന് ചിന്തയും ഗവേഷണവും ആവശ്യമാണ്, നാം തീവ്രയത്നം ചെയ്യേണ്ടതുമാണ്.—2 പത്രോ. 3:1, 2; ലൂക്കോ. 13:24.
4 സഭാപുസ്തകാദ്ധ്യയനത്തിനുവേണ്ടിയുളള പൂർണ്ണമായ തയ്യാറാകൽ നമ്മുടെ ഗ്രാഹ്യം വർദ്ധിപ്പിക്കുകയും വിവരങ്ങളോടുളള വിലമതിപ്പു കെട്ടുപണിചെയ്യുകയും ചെയ്യുന്നു. എന്നിരുന്നാലും, ഫലകരമായ തയ്യാറാകൽ ഖണ്ഡികകൾ വായിക്കുകയും ചോദ്യങ്ങളുടെ അടിസ്ഥാന ഉത്തരങ്ങളുടെ അടിയിൽ പെട്ടെന്ന് വരയിടുകയും ചെയ്യുന്നതിനെക്കാളധികം ആവശ്യമാക്കിത്തീർക്കുന്നു. വിവരങ്ങളുടെ അർത്ഥവും അതിന് നമുക്കുളള വ്യക്തിപരമായ മൂല്യവും സംബന്ധിച്ച് വിചിന്തനംചെയ്തുകൊണ്ട് അത് ആസ്വദിക്കുന്നതിന് നമുക്ക് സമയമാവശ്യമാണ്. സൂചിപ്പിക്കപ്പെട്ടിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കുകയും അവ ഖണ്ഡികകളിലെ പോയിൻറുകളോട് ബന്ധപ്പെടുന്നതെങ്ങനെയെന്ന് ചിന്തിക്കുകയും ചെയ്യുക. പൂർണ്ണമായി മനസ്സിലാകാത്ത വാക്കുകൾ എടുത്തുനോക്കുക.
5 നമ്മിൽ ചിലർക്ക് വ്യക്തിപരമായ പഠനം കഠിനവേലയായിരിക്കാം; അതിന് സമയമാവശ്യമാണ്; എന്നാൽ ഹാ, അതെത്ര പ്രയോജനകരമാണ്! പൗലോസ് അങ്ങനെയുളള തീവ്രമായ പഠനത്തിന്റെ ഫലങ്ങളിലേക്കു വിരൽചൂണ്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “എന്നാൽ കട്ടിയായ ആഹാരം പക്വതയുളളവർക്ക്, ഉപയോഗത്താൽ ശരിയും തെററും തിരിച്ചറിയാൻ തങ്ങളുടെ ഗ്രഹണശക്തികൾ പരിശീലിപ്പിക്കപ്പെട്ടിട്ടുളളവർക്ക് ഉളളതാണ്.” (എബ്രാ. 5:14) അങ്ങനെയുളള വ്യക്തിപരമായ പഠനം പക്വതയിലേക്കു വളരാൻ നമ്മെ സഹായിക്കുന്നു. അങ്ങനെ നാം തീരുമാനങ്ങളെ അഭിമുഖീകരിക്കുമ്പോൾ നമുക്ക് ശരിയായ ഗതി നിർണ്ണയിക്കാൻ കഴിയും.
പങ്കെടുക്കുക
6 നാം ഓരോ മീററിംഗിലും പങ്കെടുക്കാൻ കഠിനശ്രമം ചെയ്യണം. എന്തുകൊണ്ട്? നമ്മുടെ നന്നായി തയ്യാറായ പ്രസ്താവനകൾ നമ്മുടെ വിശ്വാസത്തിന്റെ ഒരു പ്രകടനമാണെന്നു മാത്രമല്ല, അവ നമ്മുടെ സഹോദരൻമാരെ പ്രോൽസാഹിപ്പിക്കുകയും കെട്ടുപണിചെയ്യുകയും ചെയ്യുന്നു. (റോമ. 10:10; എബ്രാ. 10:23-25) സഭാപുസ്തകാദ്ധ്യയനത്തിലെ സജീവ പങ്കുപററൽ നമ്മുടെ ആത്മീയ വികസനത്തിൽ ഒരു പ്രധാന പങ്കും വഹിക്കുന്നു. അനുഭവപരിചയമുളളവരും കുട്ടികളും പുതിയ താത്പര്യക്കാരുമെല്ലാം യഥേഷ്ടം അഭിപ്രായങ്ങൾ പറയുന്നുവെങ്കിൽ കൂട്ടം വിവിധങ്ങളായ ധാരാളം ആശയപ്രകടനങ്ങൾ ആസ്വദിക്കും. ഇത് എല്ലാവർക്കും വിദ്യാഭ്യാസപരവും നവോൻമേഷപ്രദവുമാണ്.—രാ.ശു. 4⁄86 പേ. 3.
7 നാം സഭാപുസ്തകാദ്ധ്യയനത്തിന് ക്രമമായി തയ്യാറാകുകയും യഥേഷ്ടം പങ്കുപററുകയും ചെയ്യുന്നുവെങ്കിൽ ജ്ഞാനത്തിനുവേണ്ടിയുളള നമ്മുടെ അന്വേഷണം വിജയപ്രദമായിരിക്കുകയും നാം “ദൈവപരിജ്ഞാനംതന്നെ കണ്ടെത്തുകയും ചെയ്യും.”—സദൃ. 2:4, 5.