‘നാൾതോറും’ യഹോവയെ വാഴ്ത്തുക
1 സങ്കീർത്തനം 145:2-ൽ ദാവീദ് യഹോവയോടു ചെയ്ത ഒരു വാഗ്ദാനം അടങ്ങിയിരിക്കുന്നു: “നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.” നമുക്കും നമ്മുടെ സ്വർഗീയ പിതാവിനെ വാഴ്ത്താനും സ്തുതിക്കാനും കാരണമുണ്ട്! എന്നാൽ ‘നാൾതോറും’ യഹോവയുടെ പരമാധികാരത്തെ പ്രകീർത്തിക്കുന്നതിൽ നമുക്കു ദാവീദിന്റെ ദൃഷ്ടാന്തം അനുകരിക്കാൻ കഴിയുന്നതെങ്ങനെ?
2 നമ്മുടെ ഹൃദയങ്ങളെ യഹോവയോടുള്ള വിലമതിപ്പിനാൽ നിറയ്ക്കുക: ദൈവവചനത്തിന്റെ ക്രമമായ പഠനം യഹോവ നമുക്കുവേണ്ടി ചെയ്തിരിക്കുന്നതിനോടും, ചെയ്തുകൊണ്ടിരിക്കുന്നതിനോടും, ചെയ്യാനിരിക്കുന്നതിനോടുമുള്ള നമ്മുടെ നന്ദിയെ ആഴമുള്ളതാക്കുന്നു. യഹോവയുടെ വിസ്മയാവഹമായ പ്രവൃത്തികളോടുള്ള വിലമതിപ്പിൽ നാം വളരവേ, അവന്റെ നന്മയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നവരായി നാം നമ്മെത്തന്നെ കണ്ടെത്തും. (സങ്കീ. 145:7) ഉചിതമായ ഏതൊരു സമയത്തും നാം ആവേശത്തോടെ അവനെ സ്തുതിക്കും.
3 അനുദിന സംഭാഷണത്തിൽ യഹോവയെ സ്തുതിക്കുക: അയൽക്കാരോടും സഹപാഠികളോടും സഹജോലിക്കാരോടും നാം അനുദിനം സമ്പർക്കം പുലർത്തുന്ന മറ്റുള്ളവരോടും സംസാരിക്കുമ്പോൾ, നമ്മുടെ പ്രത്യാശ അവരുമായി പങ്കുവെക്കാൻ നാം അവസരങ്ങൾ കണ്ടെത്തിയേക്കാം. ഒരു അയൽക്കാരൻ സമൂഹത്തിലെ കുറ്റകൃത്യത്തെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ചേക്കാം; ഒരു സഹപാഠി മയക്കുമരുന്നുകളുടെ ദുരുപയോഗമോ അധാർമികതയോ സംബന്ധിച്ച് ഉത്കണ്ഠയുള്ളവനായിരുന്നേക്കാം; ഒരു സഹജോലിക്കാരൻ ചില രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞേക്കാം. ഇപ്പോൾ സ്വീകരിക്കേണ്ട ഉചിതമായ ഗതിയെക്കുറിച്ചും ഈ പ്രശ്നങ്ങളുടെ അന്തിമ പരിഹാരത്തെക്കുറിച്ചും കാണിച്ചുതരുന്ന ദൈവവചനത്തിലെ തത്ത്വങ്ങളിലേക്കും വാഗ്ദാനങ്ങളിലേക്കും നമുക്കു വിരൽചൂണ്ടാൻ കഴിയും. “തക്കസമയത്തു” പറയുന്ന അത്തരം വാക്കുകൾ അനുഗ്രഹമായിരിക്കാൻ കഴിയും!—സദൃ. 15:23.
4 യഹോവയെക്കുറിച്ചു മുഴുസമയവും സംസാരിക്കുക: യഹോവയോട് ആഴമായ വിലമതിപ്പുള്ള വ്യക്തി സാധ്യമാകുന്നത്ര ആളുകളോടു സുവാർത്ത പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. (സങ്കീ. 40:8-10) ഇത്തരുണത്തിൽ, നാം നമ്മോടുതന്നെ ഇപ്രകാരം ചോദിക്കണം, ‘എന്റെ സാഹചര്യങ്ങൾ അനുവദിക്കുന്നത്രയും ഞാൻ ചെയ്യുന്നുവോ?’ ചില ന്യായയുക്തമായ പൊരുത്തപ്പെടുത്തലുകൾ വരുത്തിയതുകൊണ്ടു തങ്ങൾക്കു നിരന്തര പയണിയർമാർ ആയിത്തീരാൻ കഴിഞ്ഞിരിക്കുന്നെന്ന് അനേകരും മനസ്സിലാക്കിയിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യം അതിന് അനുവദിക്കുന്നില്ലെങ്കിൽ നമുക്കു സഹായ പയണിയർമാരായി പേർചാർത്താൻ കഴിയുമോ?
5 യഹോവയെ വാഴ്ത്തുന്നതിൽ നമ്മോടൊപ്പം ചേരാൻ പുതിയവരെ സഹായിക്കുക: യേശുവിന്റെ മരണത്തിന്റെ സ്മാരകാഘോഷം, യഹോവയോടു നന്ദിയുള്ളവരായിരിക്കുന്നതിനും അവന്റെ നാമത്തെ സ്തുതിക്കുന്നതിനുമുള്ള കാരണങ്ങളെക്കുറിച്ച് എല്ലായ്പോഴും നമ്മെ ഓർമിപ്പിക്കുന്നു. യഹോവയുടെ രാജത്വത്തെക്കുറിച്ചു പരസ്യമായി സംസാരിക്കുന്നതിൽ നമ്മോടൊപ്പം ചേരാൻ നമ്മുടെ ബൈബിൾ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇതു വിശേഷാൽ നല്ല സമയമാണ്. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകത്തിന്റെ 173-5 പേജുകളിലെ 7-9 ഖണ്ഡികകളിൽ പ്രസ്താവിച്ചിരിക്കുന്നതിനെക്കുറിച്ചു ശാന്തമായി പ്രാർഥനാപൂർവം ചിന്തിക്കാൻ അവരെ പ്രേരിപ്പിക്കുക. അവർ യോഗ്യത പ്രാപിക്കുന്നെങ്കിൽ, കേവലം അനുഭവപരിചയത്തിന്റെ അഭാവത്തിൽ പിന്മാറിനിൽക്കാൻ അവർക്കു കാരണമില്ല. രാജ്യപ്രസംഗവേല ചെയ്യപ്പെടുന്ന വിധം അവർക്കു കാണിച്ചുകൊടുക്കാൻ കഴിവുള്ള പ്രസാധകർ ഉണ്ട്. സുവാർത്ത സംസാരിക്കാനുള്ള ധൈര്യം സംഭരിക്കാൻ പുതിയവർക്കു കഴിയുമെങ്കിൽ, യഹോവ തങ്ങളെ സഹായിക്കുമെന്ന് അവർക്കു ദൃഢവിശ്വാസമുള്ളവരായിരിക്കാൻ കഴിയും.—പ്രവൃ. 4:31; 1 തെസ്സ. 2:2.
6 നാൾതോറും യഹോവയെ വാഴ്ത്താൻ നാം പ്രയത്നിക്കുമ്പോൾ, നാം നമുക്കുതന്നെയും മറ്റുള്ളവർക്കും നിത്യപ്രയോജനങ്ങൾ കൈവരുത്തുന്നു.