സാധ്യമായ എല്ലാ സാഹചര്യങ്ങളിലും ഉപയോഗപ്പെടുത്തുക!
1. സത്യം അറിയുക ലഘുലേഖ എന്തിനു നമ്മെ സഹായിക്കും?
1 ബൈബിളധ്യയനങ്ങൾ തുടങ്ങാൻ നമ്മെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിലാണ് സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ അതോടൊപ്പം സത്യത്തിന്റെ വിത്തുകൾ വിതറാനുള്ള ഫലപ്രദമായ ഒരു ഉപാധിയുമാണ് അത്. (സഭാ. 11:6) ഈ ലഘുലേഖ നന്നായി ഉപയോഗപ്പെടുത്താൻ സഹായകമായ ചില നിർദേശങ്ങൾ ഇതാ:
2. ആദ്യസന്ദർശനത്തിൽ ഈ ലഘുലേഖ എങ്ങനെ ഉപയോഗിക്കാം?
2 ആദ്യസന്ദർശനത്തിൽ: വീട്ടുകാരന് താത്പര്യമുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ചു സംസാരിച്ചുകൊണ്ട് സംഭാഷണം തുടങ്ങാനാകും. ആത്മീയ വിഷയങ്ങളെപ്പറ്റി ചർച്ചചെയ്യാൻ വീട്ടുകാരന് താത്പര്യമുള്ളതായി തോന്നുന്നപക്ഷം സത്യം അറിയുക ലഘുലേഖ അദ്ദേഹത്തിനു കൊടുക്കാവുന്നതാണ്. അതിനുശേഷം കവറിലുള്ള ആറുചോദ്യങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇങ്ങനെ ചോദിക്കാം: “ഇതിൽ ഏതു ചോദ്യത്തിന് ഉത്തരം കിട്ടാനാണ് താങ്കൾ ആഗ്രഹിക്കുന്നത്?” അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ലഘുലേഖയിൽനിന്ന് കാണിച്ചുകൊടുക്കുക; പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളിലൊന്ന് വായിക്കുക. തുടർന്ന്, അവസാന പേജിലെ വിവരങ്ങൾ വായിക്കുകയോ ചുരുക്കിപ്പറയുകയോ ചെയ്യുക. ലഘുലേഖ വായിക്കാൻ വീട്ടുകാരന് താത്പര്യമുണ്ടെങ്കിൽ അത് അദ്ദേഹത്തിനു കൊടുത്തിട്ടുപോരാം. സത്യത്തിന്റെ വിത്ത് അദ്ദേഹത്തിന്റെ ഹൃദയത്തിൽ വേരെടുക്കാൻ അത് ഇടയാക്കിയേക്കാം. (മത്താ. 13:23) ഇനി, അദ്ദേഹം ബൈബിളിനെ ആദരിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ മടങ്ങിച്ചെന്ന് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കാം.
3. വീട്ടുകാരൻ തിരക്കിലാണെങ്കിൽ എന്തു ചെയ്യാനാകും?
3 വീട്ടുകാരനു താത്പര്യമുള്ളതായി തോന്നുന്നു, പക്ഷേ അദ്ദേഹം തിരക്കിലാണെങ്കിൽ: നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “താങ്കൾ തിരക്കിലാണെന്നു തോന്നുന്നു. പിന്നീടു വായിക്കാനായി ഈ ലഘുലേഖ താങ്കൾക്ക് തന്നിട്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മിൽ മിക്കവരും ചോദിക്കാറുള്ള ആറുചോദ്യങ്ങൾ ഇതിലുണ്ട്. ഈ ചോദ്യങ്ങൾക്ക് തിരുവെഴുത്തുകൾ നൽകുന്ന ഉത്തരവും ഇതിൽ നൽകിയിരിക്കുന്നു. ഇതിൽ ഏതെങ്കിലും ചോദ്യത്തെക്കുറിച്ച് ചർച്ചചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നെങ്കിൽ മറ്റൊരവസരത്തിൽ ഞാൻ വരാം.”
4. സഹപാഠികൾക്കോ സഹജോലിക്കാർക്കോ എങ്ങനെ ലഘുലേഖ സമർപ്പിക്കാം?
4 സ്കൂളിലോ ജോലിസ്ഥലത്തോ: ഉച്ചയ്ക്കത്തെ ഇടവേളയിൽ ഒരു സുഹൃത്തിനോടു സംസാരിക്കുമ്പോൾ ഇങ്ങനെ പറയാവുന്നതാണ്: “ഇതിൽ ഏതെങ്കിലും ചോദ്യങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സിലേക്കു വന്നിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. താത്പര്യം കാണിക്കുന്നപക്ഷം സംഭാഷണം തുടരുക.] തിരുവെഴുത്തുകളിൽനിന്നുള്ള വ്യക്തവും തൃപ്തികരവുമായ ഉത്തരങ്ങൾ ഇതിൽ കൊടുത്തിട്ടുണ്ട്.” സുഹൃത്തിനു സമയമുണ്ടെങ്കിൽ ലഘുലേഖയിൽനിന്നുള്ള ഒരു ഉത്തരം ചർച്ച ചെയ്യാനും ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കാനും സാധിച്ചേക്കും.
5. സത്യം അറിയുക ലഘുലേഖ ഫലപ്രദമായ ഒരു ഉപകരണമാണെന്ന് പറയാവുന്നത് എന്തുകൊണ്ട്?
5 സത്യം അറിയുക ലഘുലേഖ വളച്ചുകെട്ടില്ലാതെ, ലളിതമായി സത്യം അവതരിപ്പിക്കുന്നു. എല്ലാ മതങ്ങളിലെയും സംസ്കാരങ്ങളിലെയും ആളുകൾക്ക് അതിലെ വിവരങ്ങൾ സ്വീകാര്യമായിരിക്കും. പുതിയ പ്രസാധകർക്കും കുട്ടികൾക്കുമെല്ലാം അത് സമർപ്പിക്കാൻ എളുപ്പമാണ്. സാധ്യമായ എല്ലാ സാഹചര്യങ്ങളിലും നിങ്ങൾ അത് ഉപയോഗപ്പെടുത്താറുണ്ടോ?
6. സത്യം അറിയുക ലഘുലേഖ സമർപ്പിക്കുന്നതിനുമുമ്പ് വീട്ടുകാരന്റെ മനോഭാവം മനസ്സിലാക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
6 ലഘുലേഖയുടെ ശീർഷകം കണ്ട് എതിരാളികൾ നമ്മുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാൻ സാധ്യതയുണ്ട് എന്നതിനാൽ നാം നല്ല വിവേചന ഉപയോഗിക്കണം. നമ്മുടെ പ്രസിദ്ധീകരണങ്ങൾ സ്വീകരിക്കാൻ നാം ആരെയും നിർബന്ധിക്കാറില്ല. അതുകൊണ്ട് ആദ്യംതന്നെ, വീട്ടുകാരന് താത്പര്യമുണ്ടോ എന്നു മനസ്സിലാക്കാൻ ശ്രമിക്കണം; സത്യം അറിയാൻ ആഗ്രഹിക്കുന്നവർക്കു മാത്രമേ ലഘുലേഖ നൽകാവൂ.