ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—താത്പര്യക്കാരുടെ രേഖ ഉണ്ടാക്കുക
“നിന്നെക്കുറിച്ചും നിന്റെ പ്രബോധനത്തെക്കുറിച്ചും എപ്പോഴും ശ്രദ്ധാലുവായിരിക്കുക.” (1 തിമൊ. 4:16) അപ്പൊസ്തലനായ പൗലോസ് തിമൊഥെയൊസിനു നൽകിയ ഈ നിശ്വസ്ത ഉപദേശം സൂചിപ്പിക്കുന്നത്, പുതിയവരായാലും അനുഭവപരിചയമുള്ളവരായാലും പുരോഗതി വരുത്താൻ നമ്മൾ കഠിനശ്രമം ചെയ്യണം എന്നാണ്. ഇതിനു നമ്മെ സഹായിക്കാനായി “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക” എന്ന പുതിയ പരമ്പര നമ്മുടെ രാജ്യ ശുശ്രൂഷയിൽ ആരംഭിക്കുകയാണ്. ഓരോ ലേഖനവും പ്രധാനപ്പെട്ട ഒരു വൈദഗ്ധ്യം വികസിപ്പിക്കുന്നതിനുവേണ്ട ചില നിർദേശങ്ങൾ ചർച്ച ചെയ്യും. അതാതു മാസം രാജ്യ ശുശ്രൂഷയിൽ ചർച്ചചെയ്യുന്ന വൈദഗ്ധ്യത്തിനു പ്രത്യേക ശ്രദ്ധ കൊടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. ഓരോ മാസാവസാനവും, ഇതിലൂടെ എങ്ങനെ പ്രയോജനം നേടിയെന്നു പറയാനുള്ള അവസരം സേവനയോഗത്തിലെ ഒരു പരിപാടിയിൽ ഉണ്ടായിരിക്കും. ഈ മാസം താത്പര്യക്കാരുടെ ഒരു രേഖ ഉണ്ടാക്കുന്നതിനാണ് പ്രോത്സാഹിപ്പിക്കുന്നത്.
എന്തുകൊണ്ടു പ്രധാനം: നമ്മുടെ നിയോഗം നിറവേറ്റുന്നതിൽ, പ്രസംഗിക്കുന്നതിലധികം ഉൾപ്പെടുന്നു. നാം നട്ട സത്യത്തിന്റെ വിത്ത് നനയ്ക്കാനായി, താത്പര്യം കാണിച്ചവരുടെ അടുക്കൽ മടങ്ങിച്ചെന്ന് പഠിപ്പിക്കേണ്ടതാണ്. (മത്താ. 28:19, 20; 1 കൊരി. 3:6-9) ഇതിൽ വ്യക്തിയെ വീണ്ടും കണ്ടെത്തുന്നതും അദ്ദേഹത്തിന്റെ ആകുലതകളെക്കുറിച്ചു സംസാരിക്കുന്നതും ആദ്യ സന്ദർശനത്തിന്റെ ചുവടുപിടിച്ചു സംഭാഷണം തുടരുന്നതും ഉൾപ്പെടുന്നു. അതുകൊണ്ട് താത്പര്യം കണ്ടെത്തുമ്പോൾ അതിന്റെ രേഖ ഉണ്ടാക്കണം.
ഇത് എങ്ങനെ ചെയ്യാം:
• താത്പര്യം കാണിക്കുന്നവരുടെ രേഖ ഉണ്ടാക്കുന്നതിനു വേണ്ടതെല്ലാം സാക്ഷീകരണ ബാഗിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക. രേഖകൾ വൃത്തിയുള്ളതും അടുക്കുംചിട്ടയുമുള്ളതും പുതുക്കിക്കൊണ്ടിരിക്കുന്നതും ആയിരിക്കണം. സന്ദർശനം കഴിഞ്ഞാലുടൻ രേഖ ഉണ്ടാക്കണം.
• വീട്ടുകാരന്റെ വിവരങ്ങൾ അതായത്, അദ്ദേഹത്തിന്റെ പേര്, ബന്ധപ്പെടാനുള്ള മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ രേഖപ്പെടുത്തുക. പ്രത്യേകമായി എന്താണ് അദ്ദേഹത്തിലും കുടുംബത്തിലും നിരീക്ഷിച്ചത്?
• നിങ്ങളുടെ സംഭാഷണം സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുക. ഏതു തിരുവെഴുത്തുകളാണ് വായിച്ചത്? തന്റെ വിശ്വാസത്തെക്കുറിച്ച് അദ്ദേഹം എന്താണു പറഞ്ഞത്? ഏതു പ്രസിദ്ധീകരണമാണ് നൽകിയത്? സന്ദർശന സമയം, ദിവസം, തീയതി എന്നിവയും രേഖപ്പെടുത്തുക.
• മടക്കസന്ദർശന ക്രമീകരണങ്ങളെക്കുറിച്ചു രേഖപ്പെടുത്തുക. എന്തു ചർച്ച ചെയ്യാമെന്നും എപ്പോൾ മടങ്ങിച്ചെല്ലാമെന്നുമാണ് പറഞ്ഞത്?
• മടങ്ങിച്ചെല്ലുന്ന ഓരോ തവണയും രേഖ പുതുക്കുക. വിവരങ്ങൾ കൂടിപ്പോയാലും പ്രയോജനമേയുള്ളൂ.
മാസത്തിലുടനീളം ഇതു പരീക്ഷിക്കുക:
• രേഖയുണ്ടാക്കുമ്പോൾ കൂടെ പ്രവർത്തിക്കുന്നവരോട് എന്തെല്ലാം കാര്യങ്ങളാണ് എഴുതിയതെന്നു പറയുക.