ലോകത്തെ വീക്ഷിക്കൽ
ക്യൂബയ്ക്ക് സഭയുടെ അനുഗ്രഹം
റോമൻ കത്തോലിക്കാസഭയും ക്യൂബാ ഗവൺമെൻറും തമ്മിലുള്ള രഞ്ജിപ്പിന്റെ ഒരു അടയാളമായി ഹാവന്നായിലെ വത്തിക്കാൻ എമ്പസ്സിയിൽ 1986 ഫെബ്രുവരിയിൽ പാപ്പായുടെ രഹസ്യദൂതനായ കർദ്ദിനാൾ എഡ്വാർഡോ പിറൊനിയോ ക്യൂബായുടെ വൈസ് പ്രസിഡണ്ടായ കാർലോസ് റാഫേൽ റോഡ്രിഗ്സിന് കൈ കൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. ക്യൂബായിൽ കത്തോലിക്കാ പ്രവർത്തനത്തിനുള്ള പുതിയ സ്വാതന്ത്ര്യത്തിനു പകരമായിട്ടായിരുന്നു സഭയുടെ അനുക്തസമ്മതമായ അനുഗ്രഹം ഗവൺമെൻറിനു നൽകപ്പെട്ടത്. ദി മിയാമി ഹെറാൾഡ് അനുസരിച്ച്, “ഇത് കമ്മ്യൂണിസ്റ്റു രാഷ്ട്രങ്ങളോടുള്ള വത്തിക്കാന്റെ വിദേശനയത്തിൽ ഒരു പുതിയ മാനം തുറന്നു,” എന്ന് ഹാവന്നാ യൂണിവേഴ്സിറ്റിയിലെ സഭാ ചരിത്ര പ്രൊഫസ്സറായ എൻട്രിക്ക് ലോപ്പെസ് ഒലിവാ പറഞ്ഞു.
ഹാലിയുടെ വാൽ നക്ഷത്രം ക്യാമറയിൽ
സോവ്യറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് റിസേർച്ചിൽ കൂടിയിരുന്ന ശാസ്ത്രജ്ഞൻമാർക്ക് ഹാലിയുടെ വാൽ നക്ഷത്രത്തിന്റെ മഞ്ഞുകാമ്പിന്റെ ആദ്യചിത്രങ്ങൾ 10 കോടി 90 ലക്ഷം മൈൽ (17 കോടി 50 ലക്ഷം കി. മീ.) സഞ്ചരിച്ച് ഭൂമിയിലെത്തുന്നതിനു ഒൻപതു മിനിറ്റിൽ അധികം കാത്തിരിക്കേണ്ടിവന്നു. എന്നാൽ പ്രതിച്ഛായ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന കാഴ്ചമുറിയിൽ സഹജമായ കൈയടി പൊട്ടിത്തെറിച്ചു. മനുഷ്യനെ കൂടാതെയുള്ള സോവ്യറ്റ് ശൂന്യാകാശവാഹനമായ വേഗാ 1 വാൽനക്ഷത്രത്തെ ചുഴലം ചെയ്തു സെക്കൻറിൽ 47 മൈൽ (76 കി. മീ.) വേഗതയിൽ സഞ്ചരിക്കവെ മൂന്നുമണിക്കൂറിനുള്ളിൽ 500 ടെലിവിഷൻ “ചിത്രങ്ങൾ” എടുത്തു. ആ വാഹനം വാൽനക്ഷത്രത്തിന്റെ കേന്ദ്രത്തോട് 5,500 മൈൽ (8,900 കി. മീ.) അടുത്തായിരുന്നു. 12 രാജ്യങ്ങളെ പ്രതിനിധികരിച്ച് സമ്മേളിച്ചിരുന്ന നൂറു ശാസ്ത്രജ്ഞൻമാരിൽ ഒരുവനായ ഹങ്കേറിയൻ ഭൗതിക ശാസ്ത്രജ്ഞൻ വളരെ പരിശ്രമിച്ചെടുത്ത കാമ്പിന്റെ നല്ല ചിത്രങ്ങളെ “സഹാറായിലെ മണൽ കാറ്റിൽ ഈഫെൽ ഗോപുരം കാണുന്നതിനോട്” സാമ്യപ്പെടുത്തുകയുണ്ടായി.
ചൈനയുടെ പ്രശ്നങ്ങൾ
ചൈന അടുത്തകാലത്ത് അനേക ശതസഹസ്രം വ്യക്തിപര കമ്പ്യൂട്ടറുകൾ ഇറക്കുമതിചെയ്തെങ്കിലും ഒരു കണക്കു കൂട്ടലനുസരിച്ച് അവയിൽ 70 ശതമാനം ഉപയോഗമില്ലാതെ കിടക്കുകയാണ്. എന്തുകൊണ്ട്? ലളിതമായ കാരണം, ചൈനീസ് അക്ഷരങ്ങൾ നിവേശിപ്പിക്കുന്നതിന് നിലവിലുള്ള 400 അക്ഷരവ്യൂഹങ്ങളിൽ പൊതുവായി അംഗീകരിക്കപ്പെട്ട ഒരു വ്യൂഹവുമില്ല എന്നതാണ്. ചൈനീസ് ഭാഷയെ റോമനൈസ് ചെയ്യുകയും പൊതുവായി ഉപയോഗിക്കുന്ന 6,000 ചൈനീസ് അക്ഷരങ്ങളായ ഇഡിയോഗ്രാംസ് ഉപേക്ഷിക്കയും ചെയ്യുന്നതിനുള്ള യത്നം ഇപ്പോൾ ഉപേക്ഷിച്ചിരിക്കുന്നു. ഇതിനിടയിൽ, അധികാരികൾ ഒരു കോടിയിലധികം വരുന്ന ജനസംഖ്യ ഒരേ ഭാഷ സംസാരിക്കുക എന്ന ഒരു ലക്ഷ്യം വെച്ചു. സംസാരിക്കപ്പെടുന്ന ദശക്കണക്കിനു പ്രാദേശികഭാഷകൾ പരിഗണിക്കുമ്പോൾ എളുപ്പമായ ജോലിയല്ല. ചൈനയുടെ ഔദ്യോഗിക ഭാഷ മാൻഡറിൻ ആണെങ്കിലും തെക്കുള്ള അനേകരും (ഹോംഗോംഗിലുള്ളവരും) കാൻറനിസ് സംസാരിക്കുന്നു. കൂടാതെ ഷാംഗ്ഹായിസ്, ഫുക്കിനിസ്, രാജ്യത്തെ 56 ന്യൂനപക്ഷ സമുദായങ്ങളുടെ പ്രാദേശിക ഭാഷകൾ എന്നിവയും ഉണ്ട്.
കുട്ടികൾ വില്പനക്ക്
ജർമ്മൻ വാർത്താ മാസികയായ സ്റ്റേൺ, മാനിലായിൽ 8-നും 14-നും ഇടക്കു പ്രായമുള്ള പതിനായിരം പെൺകുട്ടികളും ആൺകുട്ടികളും തങ്ങളെത്തന്നെ വ്യഭിചാരത്തിനായി വിൽക്കുന്നു എന്നു കണക്കാക്കുന്നതായി പറയുന്നു. വേൾഡ് പ്രസ്സ് റിവ്യൂ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്, തൊഴിലില്ലായ്മയും ദാരിദ്ര്യവും അധികമധികം ആളുകളെ നഗരങ്ങളിലേക്ക് എത്തിക്കുന്നു, അവിടെ അനേകം കുട്ടികളും കുറ്റകൃത്യത്തിലും വ്യഭിചാരത്തിലും ഉൾപ്പെടുന്നതിൽ കലാശിക്കുന്നു. എന്നാൽ മറ്റു സ്ഥലങ്ങളിലും ഇതു സംഭവിക്കുന്നുണ്ട്. ബൽഗ്രേഡ് ദിനപ്പത്രമായ പൊളിറ്റിക്കാ, 1975 മുതൽ 7-നും 13-നും മദ്ധ്യേ പ്രായമുള്ള പതിനായിരം യുഗോസേവ്ളിയൻ കുട്ടികളെ ഇറ്റലിയിലെ മോഷണ തൊഴിൽക്കാർക്ക് വിറ്റതായി കണക്കാക്കുന്നു. അവിടെ അവരെ ബാഗുകൾ തട്ടിപ്പറിക്കുന്നതിനും പോക്കറ്റടിക്കുന്നതിനും വീടുകളും കാറുകളും പൊളിച്ചു കയറുന്നതിനും പരിശീലിപ്പിക്കുന്നു. അവർ ആവശ്യത്തിനു മോഷണ വസ്തുക്കൾ കൊണ്ടു ചെല്ലുന്നില്ലെങ്കിൽ അവരോടു ക്രൂരമായി പെരുമാറുന്നു. പിടിക്കപ്പെട്ടാൽ, ഇറ്റാലിയൻ നിയമത്തിൻ കീഴിൽ 14-ൽ താഴെ പ്രായമുള്ള ഒരു കുറ്റവാളിയെ ശിക്ഷിക്കാൻ കഴികയില്ല.
പ്രചാരമില്ലാതായി
നാല്പതു വർഷത്തെ പ്രസിദ്ധികരണത്തിനുശേഷം ജാപ്പാനീസ് ഭാഷയിലുള്ള റീഡേഴ്സ് ഡൈജസ്റ്റ് മേലാൽ പ്രസിദ്ധീകരിക്കുന്നതല്ല. 1946-ൽ ആരംഭിച്ച ആ മാസിക ഒരിക്കൽ 14 ലക്ഷത്തിൽപരം വിതരണം ഉണ്ടെന്നു വീമ്പിളക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാനിൽ ഈ പ്രസിദ്ധീകരണം വായനയുടെ ഒരു ആവശ്യം നിറവേറ്റുകയും പുറംലോകത്തേക്കുള്ള ഒരു വാതായനമായി സേവിക്കയും ചെയ്തിരുന്നു. എന്നാൽ വില്പന നിരക്കുകുറയുകയും പിന്നീട് മാസത്തിൽ 4,50,000 എന്ന ശരാശരിയിലേക്കു താഴുകയും ചെയ്തു. വിതരണ നഷ്ടം, ഉയർന്ന തപാൽ നിരക്കുകൾ, കമ്പനി നടത്തിയിരുന്നവിധം എന്നിവ പരാജയ കാരണങ്ങളിൽ ചിലവയായി ചൂണ്ടിക്കാണിച്ചു.
പുകവലിക്കാരുടെ മുഖം
നിങ്ങൾ ഒരു പുകവലിക്കാരനാണെങ്കിൽ ആ വസ്തുത നിങ്ങളുടെ മുഖത്തെല്ലാം എഴുതപ്പെടുന്നു എന്ന് ഡോ. ഡഗ്ലസ് മോഡൽ അവകാശപ്പെടുന്നു. ഒരു പുകവലിക്കാരന്റെ മുഖം ചുക്കി ചുളിഞ്ഞും ക്ഷീണിതമായും വിരൂപമായും കാണപ്പെടുമെന്ന് അദ്ദേഹം വിവരിച്ചു. “കൺകോണുകളിൽ ചുളിവുകളും ചുണ്ടുകളിൽനിന്ന് സമകോണുകളിൽ ചുളിവുകളുടെ പ്രസരണവും അഥവാ കവിൾത്തടങ്ങളിലും കീഴ്ത്താടിയിലും ആഴമായ വരകളും വിഷണ്ണമായതോ പരുക്കനായതോ ആയ ആകാരവും അതോടൊപ്പം ഒരു ഇളം ചാര, ഓറഞ്ച്, മാന്തളിൽ അഥവാ ചുവപ്പു വർണ്ണ സമ്മിശ്രവും,” “പുകവലിക്കാരന്റെ മുഖത്തിന്റെ” പ്രത്യേകതകളാണെന്ന് ഒരു അസോഷ്യേറ്റഡ് പ്രസ്സ് ഡിസ്പാച്ച് റിപ്പോർട്ടു ചെയ്തു. ത്വക്കിലേക്ക് രക്തപ്രവാഹത്തിന്റെ ഒരു കുറവു നിമിത്തം ഉണ്ടാകുന്ന “ഒരു വിഷജന്യ പ്രക്രിയ” മൂലമാണ് ഇതുണ്ടാകുന്നതെന്ന് മോഡെൽ വിശ്വസിക്കുന്നു. പഠനം നടത്തിയ 41-ൽ പുകവലിച്ചുകൊണ്ടിരുന്ന 19 പേരിൽ “പുകവലിക്കാരന്റെ മുഖം” പ്രകടമായിരുന്നു. എന്നാൽ പുകവലിക്കാഞ്ഞ 38 പേരിൽ ആർക്കും ഇത് ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പഠനം ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ റിപ്പോർട്ടു ചെയ്തിരുന്നു.
നാശാവശിഷ്ടങ്ങളിൽനിന്നു പാഠങ്ങൾ
കഴിഞ്ഞ സെപ്റ്റംബറിൽ മെക്സിക്കോ നഗരത്തെ പിടിച്ചുകുലുക്കിയ അത്യാഹിതം വിതച്ച ഭൂകമ്പം നഗരത്തിന്റെ താഴ്ന്ന പ്രദേശത്തുള്ള “ഓരോ കെട്ടിടത്തെയും ഫലത്തിൽ നിലംപരിചാക്കിയിരിക്കണം” എന്ന് മെക്സിക്കൻ എഞ്ചിനിയർമാർ തറപ്പിച്ചു പറയുന്നു എന്നു സൈൻസ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. മെക്സിക്കോ നഗരം ഭൂകമ്പ സമയത്ത്, “ലോകത്തെ ഏറ്റം കർക്കശമായ കെട്ടിട നിയമ സംഹിതയാണ്” അനുവർത്തിച്ചിരുന്നതെങ്കിലും, ചില സ്ഥലങ്ങളിൽ ഭൂകമ്പത്തിന്റെ തീവ്രത കെട്ടിടങ്ങൾ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്തിരുന്നതിനെക്കാൾ കൂടുതലായിരുന്നു എന്നു ഒരു അധികാരസ്ഥാപനം അവകാശവാദം ചെയ്തു. ഭൂകമ്പ സമയത്ത് “മൃദുവായ കളിമണ്ണു പെരുമാറിയ” വിധമായിരുന്നു പ്രധാന പ്രശ്നം. എഞ്ചിനിയർമാരും ആസൂത്രണം ചെയ്തവരും നേരത്തെ പ്രതീക്ഷിച്ചിരുന്നതിനെക്കാൾ വലിയ അളവിൽ ഭൂമിയുടെ ചലനം “ബലഹീനമായിരുന്ന” മണ്ണ് സംക്രമിപ്പിച്ചു. കൂടാതെ കെട്ടിടങ്ങളിൽ പ്രതിരോധിക്കുന്നതിനു രൂപകല്പന ചെയ്തിരുന്നതിനെക്കാൾ ഉപരിയായി ദീർഘനേരം ചലനം നീണ്ടു നിന്നു. ലഭിക്കാവുന്നതിൽ വെച്ച് ഏറ്റം മെച്ചമായ അറിവ് ഉണ്ടായിരുന്നിട്ടും ഭൂകമ്പങ്ങളെയും അവയുടെ ഫലങ്ങളെയും സംബന്ധിച്ച് മുൻമൂട്ടി പറയുന്നതിനുള്ള അസാദ്ധ്യതയെക്കുറിച്ച് ഒരു ഭൂകമ്പ എഞ്ചിനിയർ ഇപ്രകാരം പറഞ്ഞു: “ഒരുവൻ സൂക്ഷിക്കുന്നില്ലെങ്കിൽ ഏതു വസ്തുവും ഭൂകമ്പത്തിൽ നശിപ്പിക്കപ്പെടാവുന്നതാണ് എന്നു ഇതു പ്രകടമാക്കുന്നു.”
ഫറവോയുടെ ശാപമോ?
ആയിരത്തിതൊള്ളായിരത്തി ഇരുപതുകളിൽ ഈജിപ്ഷ്യൻ വിദഗ്ദ്ധരായിരുന്ന രണ്ടു ഡസനോളം പേർ തൂത്താൻകാമെൻസ് എന്ന ഫറവോയുടെ ശവകുടീരത്തിൽ പ്രവേശിച്ച് അധികം താമസിയാതെ മരിച്ചു. ആരോപിക്കപ്പെട്ടതുപോലെ അവർ ശാപത്തിന്റെ ഇരകളായിരുന്നോ? ഈ ദുർജ്ഞേയമായ അത്യാഹിതത്തിനു ഫ്രഞ്ചു മെഡിക്കൽ ഡോക്ടറായ കരോളിൻ സ്റ്റെൻജർ ഫിലിപ്പ് സാദ്ധ്യതയുള്ള ഒരു വിശദീകരണം കണ്ടെത്തി എന്നു ഇൻറർ നാഷനൽ ഹെറാൾഡ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. സൂചനകൾ, ശവകുടീരത്തിൽ വെച്ചിരുന്ന പഴങ്ങൾ, പച്ചക്കറികൾ മുതലായ ജൈവ വസ്തുക്കളായിരുന്നു കുറ്റവാളികൾ എന്നു ചൂണ്ടിക്കാണിച്ചു. നൂറ്റാണ്ടുകൾ കൊണ്ട് ഈ വസ്തുക്കൾ—ഫറവോയുടെ “നിത്യതയിലേക്കുള്ള യാത്രാവേളയിൽ” ഭക്ഷിക്കുന്നതിനു ആരംഭത്തിൽ ഉദ്ദേശിക്കപ്പെട്ടിരുന്നവ—അഴുകുകയും പൂപ്പു ഉല്പാദിപ്പിക്കയും ഉയർന്ന വേദകത്വമുള്ള ജൈവ പൊടികണികകൾ ഉണ്ടാക്കുകയും ചെയ്തു. ആ ശാസ്ത്രജ്ഞൻമാർ ആ കണികകൾ ശ്വസിച്ചശേഷം ഒരു അലർജിക്കു വിധേയരായിത്തീർന്നു എന്ന് ഫ്രഞ്ചു ഡോക്ടർ അഭിപ്രായപ്പെട്ടു.
പിതാക്കൻമാരോടുള്ള ബഹുമാനം
ദീർഘനാളുകളായി ജാപ്പാനീസ് പിതാക്കൻമാർ തങ്ങളുടെ തൊഴിലിനെ വിവാഹം ചെയ്തിരിക്കയാണെന്നും തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി സമയം ചെലവഴിക്കാനില്ലെന്നും കുറ്റപ്പെടുത്തപ്പെടുന്നു. ഇതു തങ്ങളുടെ കുട്ടികൾക്കുള്ള മുഴു ബഹുമാനവും നഷ്ടപ്പെടാൻ ഇടയാക്കിയിട്ടുണ്ടോ? ടോക്കിയോ ദിനപ്പത്രമായ ആസാഹി ഷിംബൻ, “പിതാക്കൻമാർ നമ്മൾ വിചാരിച്ചിരുന്നതിനെക്കാൾ വളരെ മെച്ചമായി പ്രവർത്തിക്കുന്നു” എന്ന മുഖ്യതലക്കെട്ടും, “തങ്ങൾക്കു [തങ്ങളുടെ പിതാക്കൻമാരെ] ബഹുമാനിക്കാൻ കഴിയും എന്നു രണ്ടു കുട്ടികളിൽ ഒരാൾവീതം പറയുന്നു” എന്ന ഉപശീർഷകവും സഹിതം പ്രസിദ്ധീകരിച്ചു. 7 മുതൽ 12 വരെ ഗ്രേഡുകളിലെ കുട്ടികളുടെയിടയിൽ സർവ്വേ നടത്തിയതിൽ നിന്നും 46.8 ശതമാനം കുട്ടികൾ തങ്ങളുടെ പിതാക്കൻമാരോട് സംസാരിക്കുന്നതു എളുപ്പമാണെന്നു വെളിപ്പെട്ടു. എന്നിരുന്നാലും കാര്യങ്ങൾ ഇനിയും മെച്ചപ്പെടാൻ കഴിയും, എന്തെന്നാൽ 95.3 ശതമാനം പേർ തങ്ങളുടെ അതേ ലിംഗത്തിൽ പെട്ട സ്നേഹിതരോടു സംസാരിക്കുമ്പോൾ അപ്രകാരം വിചാരിക്കുന്നു. തങ്ങളുടെ പ്രശ്നങ്ങളുമായി പിതാക്കൻമാരെ സമീപിക്കാമെന്ന് 17 ശതമാനം പേർ മാത്രമേ പറഞ്ഞുള്ളു.
കമ്പ്യൂട്ടർ മൽസരക്കളി “ജ്വരം”
ഒസാക്കായിലെ ഈ അടുത്തകാലത്തെ ഒരു സമ്മേളനത്തിൽ, ജപ്പാനിൽ ഏകദേശം 2 കോടി ജലക്ട്രോണിക്ക് മൽസരക്കളിക്കാർ, അവരിൽ മിക്കവരും സ്കൂൾ—പ്രായക്കാരായ കുട്ടികൾ, ഉണ്ടെന്ന് അദ്ധ്യാപകരോട് പറഞ്ഞു. “ഇലക്ട്രോണിക്ക് മൽസരക്കളി, വീട്ടിനുള്ളിൽ ഇരുന്ന് ടെലിവിഷനോ കമ്പ്യൂട്ടറോ കൊണ്ട് കളിക്കാൻ ഇഷ്ടപ്പെടുന്നവരായ കുറഞ്ഞപ്രവർത്തന നിരതരായ കുട്ടികൾ ഉണ്ടാകുന്നതിൽ കലാശിച്ചിരിക്കുന്നു” എന്ന് ആസാഹി ഈവനിംഗ് ന്യൂസ് റിപ്പോർട്ടു ചെയ്തു. വാക്കയാമാ എലിമെൻറി സ്കൂളിലെ നാലാം ഗ്രേഡിലെ 38 കുട്ടികളിൽ നടത്തിയ ഒരു സർവ്വേ, അവരിൽ 34 പേർ അത്തരം മൽസരക്കളികളിൽ ദിവസവും ഏർപ്പെടുന്നു എന്നു വെളിപ്പെടുത്തി. അരിൽ 8 പേർ ദിവസം നാലു മണിക്കൂർ വീതവും 19 പേർ ശരാശരി ഒരു മണിക്കൂറോ അതിലും കുറച്ചോ സമയം വീതവും കമ്പ്യൂട്ടർ കളിയിൽ ഏർപ്പെട്ടു.
മണ്ണിര ജീവാമൃതം
“മണ്ണിര രസം” മൂലക്കുരു, വൃക്കത്തകരാറ്, വ്രണങ്ങൾ, പനി, ആസ്ത്മാ, വീക്കം, മൂത്രത്തടസ്സം, ഉയർന്ന രക്തസമ്മർദ്ദം മുതലായവയുടെ ചികിത്സക്ക് ഉപയോഗപ്രദമാണെന്ന് പാരമ്പര്യ ചൈനീസ് ഡോക്ടർമാർ വളരെക്കാലം മുമ്പു മുതലേ കരുതിയിരുന്നു. എന്നിരുന്നാലും, ഇപ്പോൾ, ഷാംഗ്ഹായ് ലൈറ്റ് ഇൻഡസ്ട്രി കോളേജിലെ ഒരു രസതന്ത്ര അദ്ധ്യാപകനായ ജി ഹെലി മണ്ണിരയുടെ ശരീരത്തിലെ ദ്രാവകം “പരമ്പരാഗത ദുർഗ്ഗന്ധവും മട്ടും കൂടാതെ” വാറ്റിയെടുക്കുന്നതിനുള്ള ഒരു രീതി കണ്ടുപിടിച്ചു എന്ന് ന്യൂ സൈൻറിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ഫാക്ടറി ഡയറക്ടർമാരും വ്യാപാരികളും ഈ പുതിയ പ്രക്രിയയിൽ തല്പരരാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ചൈനയുടെ മണ്ണിര വളർത്തൽ വ്യവസായം വികസിപ്പിക്കുന്നതിനുള്ള സാദ്ധ്യതയാൽ. “മണ്ണിരയുടെ ദ്രാവകം ഒരു പോഷക പാനീയവും ആണ്, അത് ലഹരി പാനീയങ്ങളിലും ലഘുപാനീയങ്ങളിലും കലർത്തുന്നതിനും കേക്കുകളിൽപോലും ചേർക്കുന്നതിനും കഴിയും” എന്ന് ജി ഹെലി പറയുന്നു.
വിലയേറിയ പ്രഖ്യാപനങ്ങൾ
യഹോവയുടെ സാക്ഷികളിൽ രണ്ടുപേർ ഫ്രാങ്ക്ഫർട്ടിൽ മി. ഗുണ്ടർ ആർ-ന്റെ വീട്ടുവാതുക്കൽ ബൈബിളിൽ നിന്നു അദ്ദേഹത്തോട് സംസാരിക്കുന്നതിനാഗ്രഹിച്ചുകൊണ്ട് നിന്നിരുന്നു. ജർമ്മൻ വർത്തമാനപ്പത്രമായ ഫ്രാങ്ക്ഫർട്ടർ റൺഷാവ് അനുസരിച്ച്, “അയാൾക്കു വെറുപ്പു തോന്നുകയും, അവരെ മാന്യമായി, എന്നാൽ ദൃഢമായി പറഞ്ഞയക്കയും കതകടക്കുകയും ചെയ്തു.” എന്നിരുന്നാലും അഞ്ചു മിനിറ്റ് കഴിഞ്ഞ് അവർ വീണ്ടും ഒരിക്കൽകൂടി ആ വാതുക്കൽ നിന്നു. ഈ പ്രാവശ്യം അവർ ബൈബിളിൽ നിന്നുള്ള സുവാർത്ത പ്രഘോഷിക്കുന്നതിനല്ല വന്നിരുന്നത്, എന്നാൽ മുകളിലത്തെ മുറിയിൽ നിന്നുള്ള ഗ്യാസിന്റെ ദുഷിച്ച ഗന്ധത്തെക്കുറിച്ചുള്ള ദുർവാർത്ത പറയാനായിരുന്നു. ആ രണ്ടു സാക്ഷികളും ഗുണ്ടറും മുകളിലത്തെ നിലയിലേക്ക് പാഞ്ഞു. ഗുണ്ടർ ഡോർബെൽ അമർത്താൻ തുടങ്ങിയപ്പോൾതന്നെ സാക്ഷികൾ “അയാളെ പിന്തിരിപ്പിക്കാൻ പാടുപെട്ടു.” പിന്നീട് ഫയർമെൻ മുറി തല്ലിത്തുറക്കുകയും ഒരു പ്രധാന ഗ്യാസ് കുഴൽ ലീക്ക് കണ്ടുപിടിക്കുകയും ചെയ്തു. “ബല്ല് അടിച്ചിരുന്നെങ്കിൽ ഒരു പൊട്ടിത്തെറിക്കിടയാക്കുമായിരുന്നു എന്നതു നിശ്ചയമാണ്” എന്നും “ചില ‘പ്രഖ്യാപനങ്ങൾ’ വ്യക്തമായും വിലയുള്ളവയാണ്” എന്നും ആ വർത്തമാനപ്പത്രം പറയുന്നു.
പടുകൂറ്റൻ അച്ചടിയന്ത്രം
ജപ്പാന്റെ പുതിയ മുഴുവർണ്ണ ജമ്പോ ഫാസിമിൽ പ്രസ്സ്—നോടു കൂടി സിലിണ്ടർ പ്രിൻറിംഗ് ഒരു “ബൃഹത്തായ” പടി മുന്നോട്ടു വെച്ചിരിക്കുന്നു. 14 ടൺ ഭാരമുള്ള ഇത് 52-ന് 23 അടി (16-ന് 7 മീറ്റർ) വലിപ്പത്തിലുള്ള കടലാസ് ഷീറ്റുകൾ കൈകാര്യം ചെയ്യാൻ ഉദ്ദേശിച്ച് സംവിധാനം ചെയ്തിരിക്കുന്നു. നേരത്തെ കൈകൊണ്ട് പൂർത്തിയാക്കുന്നതിനു രണ്ടാഴ്ചവരെ എടുത്തിരുന്ന പരസ്യങ്ങൾ ഇപ്പോൾ ഒന്നര മണിക്കൂർകൊണ്ട് തീർക്കാനും കഴിയും. അത് എങ്ങനെ ചെയ്യുന്നു? ഒരുപക്ഷേ മൂലത്തിൽ ഒരു മാസികയിലെ പേജിന്റെ അത്ര ചെറുതായ ചിത്രങ്ങളോ വരകളോ കാഴ്ചയിൽ പരിശോധിക്കയും ഒരു കമ്പ്യൂട്ടർ സ്മൃതിയിലെ ഡിജിറ്റൽ കോഡ് പോലെ ശേഖരിച്ചു വെക്കയും ചെയ്യുന്നു. പ്രവർത്തിപ്പിക്കുന്നയാൾക്ക് പാഠം വലിപ്പപ്പെടുത്തി അടിക്കുന്നതിനും വർണ്ണത്തിന്റെ സമനില വ്യത്യാസപ്പെടുത്തുന്നതിനും മറ്റു പകരങ്ങൾ ഉണ്ടാക്കുന്നതിനും കഴിയും. പിന്നീട് 8 അടി (2.5 മീ.) വ്യാസമുള്ള സിലിണ്ടർ കറങ്ങാൻ തുടങ്ങുമ്പോൾ നാലു ദ്വാരങ്ങളിലൂടെ വെള്ളം ശക്തിയായി ചീറ്റിത്തുടങ്ങുന്നു. ഈ പുതിയ രീതിയിൽ ഭിത്തി ആവരണങ്ങളും തൂക്കിയിടുന്ന അലങ്കാരചിത്രങ്ങളും അച്ചടിക്കാൻ കഴിയുമെന്ന് ഏഷ്യാ വീക്ക് റിപ്പോർട്ടു ചെയ്യുന്നു. (g86 6/8)