മാനുഷഭരണം തുലാസിൽ തൂക്കപ്പെട്ടിരിക്കുന്നു
ഭാഗം 7 ആദർശരാഷ്ട്രത്തിനുവേണ്ടിയുള്ള ഒരു രാഷ്ട്രീയ അന്വേഷണം
സോഷ്യലിസം: ഉൽപാദനമാർഗ്ഗങ്ങളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും രാഷ്ട്രത്തിനായിരിക്കണം എന്നു വാദിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതി, മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനും മദ്ധ്യേയുള്ള ഒരു ഇടത്താവളമായി കമ്മ്യൂണിസ്ററുകൾ ഇതിനെ കാണുന്നു; കമ്മ്യൂണിസം: വർഗ്ഗരാഹിത്യത്തിനും ഉൽപാദന-ഉപജീവന മാർഗ്ഗങ്ങളുടെ പൊതു ഉടമസ്ഥാവകാശത്തിനും സാമ്പത്തികവസ്തുക്കളുടെ സമതുലിതമായ വിതരണത്തിനുംവേണ്ടി വാദിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതി.
ഗ്രീക്ക് ഇതിഹാസം ക്രോണസ് എന്ന ഒരു ഗ്രീക്ക് ദേവനെക്കുറിച്ചു പറയുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഗ്രീസ് ഒരു സുവർണ്ണ കാലഘട്ടം ആസ്വദിച്ചിരുന്നുവത്രേ. “പൊതുവായ ഒരു തുകയിൽനിന്നും എല്ലാവരും തുല്യമായി പങ്കുപററി, സ്വകാര്യ സ്വത്ത് അജ്ഞാതമായിരുന്നു, സമാധാനവും ഐക്യവും അഭംഗുരം വാണു,” എന്ന് ഡിക്ഷ്നറി ഓഫ് ദ ഹിസ്റററി ഓഫ് ഐഡിയാസ് വിശദീകരിക്കുന്നു. ഇതേ ഗ്രന്ഥം കൂട്ടിച്ചേർക്കുന്നു: “നഷ്ടപ്പെട്ട ഒരു ‘സുവർണ്ണ യുഗ’ത്തിനായുള്ള പരിദേവനത്തിൽ സോഷ്യലിസത്തിന്റെ ആദ്യ രേഖകൾ പ്രത്യക്ഷമാകുന്നു.”
എന്നിരുന്നാലും, 19-ാം നൂററാണ്ടിന്റെ ആദിമ-മദ്ധ്യ ദശകങ്ങൾ വരെ ഒരു ആധുനിക രാഷ്ട്രീയ പ്രസ്ഥാനമായി സോഷ്യലിസം പ്രത്യക്ഷപ്പെടുകയുണ്ടായില്ല. ഫ്രഞ്ച് വിപ്ലവം പരമ്പരാഗത ആശയങ്ങളെ അതിശക്തമായി പിടിച്ചുലച്ച ഫ്രാൻസിൽ പ്രത്യേകിച്ച് ഇത് ഉടനടി സ്വീകാര്യമായിത്തീർന്നു. മററു യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ ഇവിടെയും വ്യാവസായിക വിപ്ലവം കടുത്ത സാമൂഹിക പ്രശ്നങ്ങൾ ഉളവാക്കിയിരുന്നു. ജനസമൂഹങ്ങൾക്ക് കൂട്ടായ പ്രയത്നത്തിന്റെ ഫലങ്ങൾ തുല്യമായി പങ്കുവെക്കാൻ സ്വകാര്യ ഉടമസ്ഥതയേക്കാൾ നന്ന് പൊതു ഉടമസ്ഥാവകാശമാണെന്നുള്ള ആശയം ഉൾക്കൊള്ളാൻ ജനങ്ങൾ പാകമായിരുന്നു.
സോഷ്യലിസം ഒരു നവീന ആശയമല്ല. ഗ്രീക്ക് തത്വചിന്തകരായ അരിസ്റേറാട്ടിലും പ്ലേറേറായും അതേപ്പററി എഴുതിയിട്ടുണ്ട്. പിന്നീട്, 16-ാം നൂററാണ്ടിലെ പ്രോട്ടസ്ററൻറ് നാന കാലഘട്ടത്തിൽ പുരോഗമനവാദിയായിരുന്ന ഒരു ജർമ്മൻ കത്തോലിക്കാ പുരോഹിതനായ തോമസ് മൂൺസർ ഒരു വർഗ്ഗരഹിത സമൂഹത്തിനായി ശബ്ദമുയർത്തി. എന്നാൽ അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ വിവാദവിഷയമായിരുന്നു; പ്രത്യേകിച്ച് ഈ ലക്ഷ്യത്തിന്റെ പ്രാപ്തിക്കായി ആവശ്യമെങ്കിൽ വിപ്ലവത്തിനായുള്ള അദ്ദേഹത്തിന്റെ ആഹ്വാനം. പത്തൊമ്പതാം നൂററാണ്ടിൽ വെൽഷ്മാൻ റോബർട്ട് ഓവൻ, ഫ്രഞ്ചുമെൻ എററിയൻ കാബെററ്, പിയറി റോബർട്ട് പ്രോധോൻ എന്നിവരും മററനേകം സാമൂഹിക പരിഷ്ക്കർത്താക്കളും അവരുടെ കൂട്ടത്തിൽ പ്രമുഖ പുരോഹിതൻമാരും സോഷ്യലിസമെന്നത് ലളിതമായി മറെറാരു നാമധേയത്തിലുള്ള ക്രിസ്ത്യാനിത്വം തന്നെയാണെന്ന് പഠിപ്പിച്ചു.
മാർക്സിന്റെയും മൂറിന്റെയും ആദർശരാഷ്ട്രങ്ങൾ
എന്നാൽ മുകളിൽ സൂചിപ്പിച്ച ആധികാരികഗ്രന്ഥം പറയുന്നു: “സോഷ്യലിസത്തിന്റെ ഈ വക്താക്കൾക്കൊന്നും കാൾ മാർക്സ് ചെലുത്തിയതുപോലുള്ള ഒരു സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ എഴുത്തുകൾ സോഷ്യലിസ്ററ് ചിന്തയുടെയും പ്രവർത്തനത്തിന്റെയും ഉരകല്ലായിത്തീർന്നു.”a വർഗ്ഗസമരംകൊണ്ട് ചരിത്രം പടിപടിയായി മുന്നേറുന്നുവെന്ന് മാർക്സ് പഠിപ്പിച്ചു. സമ്പൂർണ്ണ മാതൃകയായ രാഷ്ട്രീയ വ്യവസ്ഥിതി ഒരിക്കൽ രൂപീകരിക്കപ്പെട്ടുകഴിഞ്ഞാൽ ചരിത്രം ആ അർത്ഥത്തിൽ അവസാനിക്കും. ഈ മാതൃകാ വ്യവസ്ഥിതി മുൻ സമൂഹങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഭരണകൂടത്തിന്റെയോ സൈനികശക്തികളുടെയോ ആവശ്യമില്ലാതെ ഓരോരുത്തരും സമാധാനത്തിലും സ്വാതന്ത്ര്യത്തിലും സുഭിക്ഷതയിലും ജീവിക്കും.
ഇത് ബ്രട്ടീഷ് രാജ്യതന്ത്രജ്ഞനായിരുന്ന സർ തോമസ് മൂർ 1516-ൽ യൂട്ടോപ്യ എന്ന തന്റെ പുസ്തകത്തിൽ വിവരിച്ചതിനോട് സമാനമായിരിക്കുന്നു. ഈ പദം മൂർ രൂപീകരിച്ചെടുത്ത ഒരു ഗ്രീക്ക് നാമമാണ്. ഇതിന്റെ അർത്ഥം “ഇല്ലാത്ത സ്ഥലം” (ഔട്ടോപോസ്) എന്നാണ്, “നല്ല സ്ഥലം” എന്നർത്ഥം വരുന്ന യൂട്ടോപോസ് എന്ന സമാന പദത്തിന്റെ ഒരു ദ്വയാർത്ഥ പ്രയോഗവും ആകാം. മൂർ എഴുതിയ യൂട്ടോപ്യ ഒരു ഭാവനാരാജ്യം (ഇല്ലാത്ത സ്ഥലം) ആയിരുന്നെങ്കിലും അതൊരു മാതൃകാരാജ്യം (നല്ല സ്ഥലം) ആയിരുന്നു. അങ്ങനെ “യൂട്ടോപ്യ” “പ്രത്യേകിച്ച് നിയമത്തിലും ഗവൺമെൻറിലും സാമൂഹികാവസ്ഥകളിലും മാതൃകാപരമായി പൂർണ്ണമായ ഒരു സ്ഥലം” എന്ന അർത്ഥം ദ്യോതിപ്പിക്കുവാൻ തുടങ്ങി. മൂറിന്റെ ഗ്രന്ഥം തന്റെ കാലത്ത് യൂറോപ്പിൽ, പ്രത്യേകിച്ച് ഇംഗ്ലണ്ടിൽ നിലവിലുണ്ടായിരുന്ന താണതരം സാമ്പത്തിക, സാമൂഹികാവസ്ഥകൾക്കു നേരെ വ്യക്തമായ ഒരു കുററാരോപണമായിരുന്നു. ഇത് പിന്നീട് സോഷ്യലിസത്തിന്റെ വികസനത്തിന് സംഭാവന ചെയ്തു.
മാർക്സിന്റെ സിദ്ധാന്തങ്ങൾ ജർമ്മൻ തത്വചിന്തകനായിരുന്ന ജോർജ് വിൽഹം ഫ്രെഡറിക് ഹെഗെലിന്റെ കാഴ്ചപ്പാടുകളെയും പ്രതിഫലിപ്പിച്ചു. ഡിക്ഷ്നറി ഓഫ് ദ ഹിസ്റററി ഓഫ് ഐഡിയാസ് അനുസരിച്ച്, “മാർക്സിയൻ സോഷ്യലിസത്തിന്റെ വെളിപ്പാടുതുല്യമായ അർദ്ധ-മതാത്മക സ്വഭാവം രൂപീകരിക്കപ്പെട്ടത് ഹെഗെലിന്റെ പുരോഗമനാത്മക ക്രിസ്ത്യൻ ദൈവശാസ്ത്രത്തിന്റെ തത്വചിന്താപരമായ പുനരാഖ്യാനത്തിൽ നിന്നാണ്.” എഴുത്തുകാരനായ ജോർജ് സബൈൻ വിശദീകരിക്കുന്നു: “പുരോഗമനാത്മക ക്രിസ്ത്യൻ ദൈവശാസ്ത്രത്തി”ന്റെ ഈ പശ്ചാത്തലത്തിനുപകരം മാർക്സ് “ഒരു അർദ്ധ-മതാത്മക ബോദ്ധ്യത്താൽ പിന്താങ്ങപ്പെട്ട അത്യന്തം ശക്തമായ ഒരു ധാർമ്മിക അപേക്ഷ” വികസിപ്പിച്ചു. “അത് നാഗരികതയുടെയും ശരിയുടെയും പ്രയാണത്തിൽ ചേരുകയെന്ന അപേക്ഷയിൽ കുറഞ്ഞ ഒന്നായിരുന്നില്ല.” സോഷ്യലിസം ഭാവിയുടെ ഒരു അലയടിയായിരുന്നു; ഇത്, ഒരുപക്ഷേ ക്രിസ്ത്യാനിത്വം തന്നെ ഒരു പുതിയ നാമത്തിൻകീഴിൽ വിജയത്തിലേക്ക് പ്രയാണം ചെയ്യുന്നതാണെന്ന് ചിലർ വിചാരിച്ചു.
മുതലാളിത്തത്തിൽനിന്ന് ആദർശരാഷ്ട്രത്തിലേക്കുള്ള പാത
മാർക്സ് തന്റെ കൃതിയായ ദാസ് കാപ്പിററലിന്റെ ആദ്യ വാല്യം പ്രസിദ്ധീകരിക്കാൻ മാത്രമേ ജീവിച്ചിരുന്നുള്ളു. ഒടുവിലത്തെ രണ്ടെണ്ണം സംശോധനം ചെയ്ത് പ്രസിദ്ധീകരിച്ചത് 1885-ലും 1894-ലും ആയിരുന്നു; അദ്ദേഹത്തിന്റെ അടുത്ത സഹകാരിയും ജർമ്മൻ സോഷ്യലിസ്ററ് തത്വചിന്തകനുമായിരുന്ന ഫ്രെഡറിക് ഇഞ്ചൽസായിരുന്നു ഇതു നിർവ്വഹിച്ചത്. മുതലാളിത്തത്തിന്റെ, പടിഞ്ഞാറൻ മാതൃകയിലുള്ള പ്രാതിനിധ്യ ജനാധിപത്യത്തിന്റെ വിശേഷതയായ സാമ്പത്തിക വ്യവസ്ഥിതിയുടെ ചരിത്ര പശ്ചാത്തലം വിശദീകരിക്കുന്നത് ദാസ് കാപ്പിററൽ ഏറെറടുത്തു. മാർക്സ് വിശദീകരിച്ചപ്രകാരം മുതലാളിത്തം അനിയന്ത്രിതമായ വ്യാപാരത്തിലും ഗവൺമെൻറിനു നിയന്ത്രണം ഇല്ലാതെയുള്ള മൽസരത്തിലും അടിസ്ഥാനമൂന്നി ഉൽപാദന വിതരണമാർഗ്ഗങ്ങളുടെ ഉടമാവകാശം സ്വകാര്യഹസ്തങ്ങളിലും സഹകരണ ഹസ്തങ്ങളിലും കേന്ദ്രീകരിക്കുന്നു. മാർക്സിന്റെ സിദ്ധാന്തപ്രകാരം മുതലാളിത്ത വ്യവസ്ഥിതി ഒരു മദ്ധ്യവർഗ്ഗത്തിനും ഒരു തൊഴിലാളിവർഗ്ഗത്തിനും ജൻമം നൽകുന്നു. ഇത് ഇരു വർഗ്ഗത്തിനുമിടയിൽ ഒരു ശത്രുതയുണ്ടാക്കുകയും തൊഴിലാളി വർഗ്ഗത്തിന്റെ അടിച്ചമർത്തലിലേക്ക് നയിക്കുകയും ചെയ്യുന്നു. തന്റെ വീക്ഷണങ്ങളെ പിന്താങ്ങുവാൻ യാഥാസ്ഥിതികരായ ധനതത്വശാസ്ത്രജ്ഞൻമാരുടെ എഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് മാർക്സ് മുതലാളിത്തം യഥാർത്ഥത്തിൽ ജനാധിപത്യവിരുദ്ധമാണെന്നും സോഷ്യലിസമാണ് ജനാധിപത്യത്തിന്റെ അങ്ങേയററമെന്നും അത് മാനുഷ സമത്വവും സ്വാതന്ത്ര്യവും പുരോഗമിപ്പിച്ചുകൊണ്ട് ജനങ്ങൾക്ക് നൻമ പകരുന്നുവെന്നും വാദിച്ചു.
ഒരിക്കൽ തോഴിലാളിവർഗ്ഗം വിപ്ലവത്തിനായി ഉണർന്നെഴുന്നേൽക്കുകയും ബൂർഷ്വാകളുടെ എതിർപ്പിനെ തൂത്തെറിയുകയും ചെയ്തുകഴിഞ്ഞാൽ ആദർശരാഷ്ട്രം കരഗതമാകും. ഇത് “തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം” എന്ന് മാർക്സ് വിളിച്ചതിനെ സ്ഥാപിക്കും. (21-ാം പേജിലെ ചതുരം കാണുക.) എന്നിരുന്നാലും കാലങ്ങൾകൊണ്ട് അദ്ദേഹത്തിന്റെ വീക്ഷണങ്ങൾക്ക് പതംവന്നു. രണ്ടു വ്യത്യസ്തതരം വിപ്ലവങ്ങളെക്കുറിച്ചുള്ള ആശയങ്ങൾക്ക് അദ്ദേഹം അനുമതി നൽകാൻ തുടങ്ങി; ഒന്ന് അക്രമാസക്തമായതും മറേറത് കൂടുതൽ സ്ഥിരവും സാവധാനത്തിലുള്ളതും. ഇത് രസകരമായ ഒരു ചോദ്യം ഉന്നയിച്ചു.
ആദർശരാഷ്ട്രം വിപ്ലവമാർഗ്ഗത്തിലൂടെയോ പരിണാമത്തിലൂടെയോ?
ലാററിൻ വാക്കായ കമ്മൂണിസൽനിന്നാണ് “കമ്മ്യൂണിസം” എന്ന പദം ഉരുത്തിരിഞ്ഞത്. ഇതിന്റെ അർത്ഥം “പൊതുവായത്, എല്ലാവർക്കും അവകാശപ്പെട്ടത്” എന്നൊക്കെയാണ്. സോഷ്യലിസം പോലെ കമ്മ്യൂണിസവും അവകാശപ്പെടുന്നത് സ്വതന്ത്ര സംരംഭങ്ങൾ തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും വ്യാപാര പരിവൃത്തികളിലേക്കും തൊഴിലാളി-മുതലാളി പ്രശ്നങ്ങളിലേക്കും ഒക്കെ നയിക്കുമെന്നാണ്. ഇതിനുള്ള പരിഹാരം രാഷ്ട്രത്തിന്റെ സമ്പത്ത് കൂടുതൽ തുല്യമായും നീതിപൂർവ്വമായും വിതരണം ചെയ്യുക എന്നതാണ്.
എന്നാൽ കഴിഞ്ഞ ശതകത്തിന്റെ അവസാനത്തോടെ ഈ അംഗീകൃത ലക്ഷ്യങ്ങൾ എങ്ങനെ നേടിയെടുക്കാം എന്നതിനേക്കുറിച്ച് മാർക്സിസ്ററുകൾ ചിന്താക്കുഴപ്പത്തിൽ എത്തിയിരുന്നു. 1900-ങ്ങളുടെ ആദിമഭാഗത്ത് സോഷ്യലിസ്ററ് പ്രസ്ഥാനത്തിലെ രക്തരൂക്ഷിത വിപ്ലവത്തെ തള്ളിക്കളയുകയും പാർലമെൻററി ജനാധിപത്യത്തിനുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കണമെന്ന് വാദിക്കുകയും ചെയ്ത ഘടകം ശക്തിയാർജ്ജിച്ചു. ഇത് ഇന്ന് ജനാധിപത്യ സോഷ്യലിസം എന്ന് വിളിക്കപ്പെടുന്ന ഘടകമായി വികാസം പ്രാപിച്ചു. ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ ജനാധിപത്യരാഷ്ട്രങ്ങളിൽ കാണപ്പെടുന്ന സോഷ്യലിസം ഇതാണ്. ഈ പാർട്ടികൾ എല്ലാ ഉദ്ദേശ്യ ലക്ഷ്യങ്ങളിലും യഥാർത്ഥ മാർക്സിസ്ററ് ചിന്തകളെ തള്ളിക്കളഞ്ഞിരിക്കുന്നു, അവർ അവരുടെ പൗരൻമാർക്ക് ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽമാത്രം തൽപരരാണ്.
എന്നിരുന്നാലും, ഒരു രക്തരൂക്ഷിത വിപ്ലവത്തിലൂടെ മാത്രമേ ഒരു കമ്മ്യൂണിസ്ററ് ആദർശരാഷ്ട്രം നേടിയെടുക്കാൻ കഴിയൂ എന്ന് വിശ്വസിച്ച അർപ്പിതനായ ഒരു മാർക്സിസ്ററുകാരൻ, ലെനിൻ ആയിരുന്നു. അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ മാർക്സിസത്തോടൊപ്പം ഇന്നത്തെ യാഥാസ്ഥിതിക കമ്മ്യൂണിസത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നു. ലെനിൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്ളാഡിമർ ഇലിച് ഉല്യാനോവ് 1870-ൽ മുൻ സോവ്യററ് യൂണിയനിൽ ജനിച്ചു. അദ്ദേഹം 1889-ൽ മാർക്സിസത്തിലേക്കു പരിവർത്തനം ചെയ്തു. 1900-ത്തിനുശേഷം ലൈബീരിയായിലേക്കു നാടുകടത്തപ്പെട്ടതിനേ തുടർന്ന് പടിഞ്ഞാറൻ യൂറോപ്പിലായിരുന്നു അദ്ദേഹം കൂടുതലും ജീവിച്ചത്. സാർ ഭരണം പിഴുതെറിയപ്പെട്ടപ്പോൾ ലെനിൻ റഷ്യയിലേക്ക് മടങ്ങിവന്ന് റഷ്യൻ കമ്മ്യൂണിസ്ററ് പാർട്ടി സ്ഥാപിക്കുകയും 1917-ലെ ബോൾഷേവിക് വിപ്ലവം നയിക്കുകയും ചെയ്തു. അതേത്തുടർന്ന് 1924-ലെ അദ്ദേഹത്തിന്റെ മരണംവരെ സോവ്യററ് യൂണിയന്റെ പ്രഥമ തലവനായി ലെനിൻ സേവനമനുഷ്ഠിക്കുകയും ചെയ്തു. തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്ന വിധത്തിൽ കമ്മ്യൂണിസ്ററ് പാർട്ടിയെ ലെനിൻ അങ്ങേയററം സുശിക്ഷിതരായ വിപ്ലവകാരികളുടെ ഒരു കേന്ദ്രീകൃത സമൂഹമായികണ്ടു. മെൻഷെവിക്കുകൾ വിയോജിച്ചു.—21-ാം പേജിലെ ചതുരം കാണുക.
വിപ്ലവത്തെയും പരിണാമത്തെയും തമ്മിൽ വേർതിരിക്കുന്ന രേഖ ഇന്ന് സുവ്യക്തമായിരിക്കുന്നില്ല. കംപയറിംഗ് പൊളിററിക്കൽ സിസ്ററംസ്: പവർ ആൻഡ് പോളിസി ഇൻ ത്രീ വേൾഡ്സ് എന്ന പുസ്തകം 1978-ൽ ഇപ്രകാരം നിരീക്ഷിച്ചു: “സോഷ്യലിസ്ററ് ലക്ഷ്യങ്ങൾ എങ്ങനെ നേടിയെടുക്കാം എന്നുള്ളതിനെക്കുറിച്ച് കമ്മ്യൂണിസം ഏറെ വിരുദ്ധചിന്താഗതിയിലായിരിക്കുന്നു. . . .കമ്മ്യൂണിസത്തിനും ജനാധിപത്യസോഷ്യലിസത്തിനും മദ്ധ്യേയുള്ള വ്യത്യാസം വളരെ കുറഞ്ഞിരിക്കുന്നു.” ഇപ്പോൾ 1990-കളിൽ, കിഴക്കൻ യൂറോപ്പിൽ കമ്മ്യൂണിസം ശക്തമായ മാററങ്ങൾക്ക് വിധേയമായിരിക്കുമ്പോൾ ഈ വാക്കുകൾ കൂടുതൽ അർത്ഥസമ്പുഷ്ടമാകുന്നു.
കമ്മ്യൂണിസം മതത്തിന് പുനഃപ്രവേശനം നൽകുന്നു
“നമുക്ക് ആത്മീയമൂല്യങ്ങൾ ആവശ്യമായിരിക്കുന്നു . . . നൂററാണ്ടുകളോളം മതം ജൻമം നൽകി മൂർത്തീകരിച്ച ധാർമ്മികമൂല്യങ്ങൾക്ക് നമ്മുടെ രാജ്യത്തും നവീകരണ പ്രക്രിയയിൽ സഹായിക്കാൻ കഴിയും.” സോവ്യററ് യൂണിയനിലെ കമ്മ്യൂണിസ്ററ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുടെ വായിൽനിന്ന് ഈ വാക്കുകൾ എന്നെങ്കിലും കേൾക്കുമെന്ന് ആരും കരുതിയിരിക്കുകയില്ല. എന്നാൽ 1989 നവംബർ 30-ന് തന്റെ ഇററലി സന്ദർശനത്തിനിടയിൽ മിഖായേൽ ഗോർബച്ചേവ് മതത്തിലേക്കുള്ള ഈ മടങ്ങിപ്പോക്ക് പ്രഖ്യാപിച്ചു.
ആദിമക്രിസ്ത്യാനികൾ തന്നെ ഒരുതരം ക്രിസ്തീയസോഷ്യലിസം പ്രായോഗികമാക്കിയിരുന്ന കമ്മ്യൂണിസ്ററുകളായിരുന്നു എന്ന സിദ്ധാന്തത്തെ ഇത് ഒരുപക്ഷേ പിന്താങ്ങുന്നുണ്ടോ? പ്രവൃത്തികൾ 4:32 ചൂണ്ടിക്കാണിച്ചുകൊണ്ട് ചിലർ ഈ അവകാശവാദം ഉന്നയിക്കുന്നു. അത് യരുശലേമിലെ ക്രിസ്ത്യാനികളെപ്പററി ഇപ്രകാരം പറയുന്നു: “സകലവും അവർക്ക് പൊതുവായിരുന്നു.” എന്നിരുന്നാലും, അത് മുൻകൂട്ടിക്കാണാൻ കഴിയാതിരുന്ന ചില സാഹചര്യങ്ങൾ വരുത്തിക്കൂട്ടിയ ചില താൽക്കാലിക ക്രമീകരണം മാത്രമായിരുന്നുവെന്നും മറിച്ച് “ക്രിസ്തീയ” സോഷ്യലിസത്തിന്റെ ഒരു സ്ഥിരം സംവിധാനമായിരുന്നില്ലെന്നും ഒരു സൂക്ഷ്മപഠനം വ്യക്തമാക്കുന്നു. എന്തുകൊണ്ടെന്നാൽ അവർ ഭൗതികവസ്തുക്കൾ പങ്കിട്ടത് സ്നേഹപൂർവ്വമായ ഒരു മാർഗ്ഗത്തിലൂടെ ആയിരുന്നു; “മുട്ടുള്ളവൻ ആരും അവരിൽ ഉണ്ടായിരുന്നില്ല.” അതെ, “ഓരോരുത്തന് അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.”—പ്രവൃത്തികൾ 4:34, 35.
“ഗ്ലാസ്സ്നസ്തും പെരിസ്ത്രോയിക്കയും”
ആയിരത്തിത്തൊള്ളായിരത്തിഎൺപത്തിയൊൻപതിലെ തളർച്ച ബാധിച്ച മാസങ്ങൾ മുതൽ സോവ്യററ് യൂണിയനും കിഴക്കൻ യൂറോപ്പിലെ അതിന്റെ കൂട്ടു കമ്മ്യൂണിസ്ററ് ഭരണകൂടങ്ങളും അന്ധാളിപ്പിക്കുന്ന രാഷ്ട്രീയാഘാതങ്ങൾ അനുഭവിക്കുകയായിരുന്നു. ഗ്ലാസ്നസ്ത് അഥവാ തുറന്ന സമീപനത്തിന് നന്ദി. ഈ മാററങ്ങൾ എല്ലാവരും വീക്ഷിച്ചുകൊണ്ടിരുന്നു. കിഴക്കൻ യൂറോപ്പുകാർ ദൂരവ്യാപക പരിഷ്ക്കാരങ്ങൾക്കായി ആവശ്യം ഉന്നയിക്കുകയും ഒരു പരിധിവരെ അത് അനുവദിക്കപ്പെടുകയും ചെയ്തിരിക്കുന്നു. കൂടുതൽ മനുഷ്യത്വപരവും ദയാപുരസ്സരവുമായ ഒരു വ്യവസ്ഥിതിയുടെ ആവശ്യം കമ്മ്യൂണിസ്ററ് നേതാക്കൻമാർ അംഗീകരിച്ചുകഴിഞ്ഞു. ഒരു പോളിഷ് ധനതത്വശാസ്ത്രജ്ഞൻ പറഞ്ഞതുപോലെ “വ്യത്യസ്തവും കൂടുതൽ പ്രകാശിതവും കാര്യക്ഷമവുമായ ഒരു രൂപത്തിലുള്ള സോഷ്യലിസത്തിന്റെ ഒരു പുനർജ്ജനന”ത്തിനായി അവർ ആഹ്വാനം മുഴക്കിയിരിക്കുന്നു.
ഈ നേതാക്കൻമാരിൽ പ്രമുഖൻ ഗോർബച്ചേവായിരുന്നു. 1985-ൽ അധികാരത്തിൽ എത്തിയതിനുശേഷം പെരിസ്ത്രോയിക്ക (പുനർനിർമ്മാണം) എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. ഇററലിയിലെ ഒരു സന്ദർശനത്തിനിടയിൽ 1990-കളിലെ വെല്ലുവിളികളെ നേരിടുവാൻ അത്യന്താപേക്ഷിതം എന്ന നിലയിൽ പെരിസ്ത്രോയിക്കയെ അദ്ദേഹം ന്യായീകരിച്ചു. അദ്ദേഹം പറഞ്ഞു: “പുരോഗമന പരിഷ്ക്കാരങ്ങളുടെ പാതയിൽ പ്രവേശിച്ചിരിക്കുന്നതിനാൽ സോഷ്യലിസ്ററ് രാജ്യങ്ങൾ അതിനപ്പുറം ഭൂതകാലത്തേക്ക് ഒരു മടങ്ങിപ്പോക്ക് അസാദ്ധ്യമായിരിക്കുന്ന ഒരു രേഖ കടക്കുകയാണ്. എന്നിരുന്നാലും, പടിഞ്ഞാറ് പലരും ചെയ്യുന്നതുപോലെ ഇത് സോഷ്യലിസത്തിന്റെ ഒരു പതനമാണെന്ന് വാദിക്കുന്നത് ശരിയല്ല. മറിച്ച് ലോകത്തിലെ സോഷ്യലിസ്ററ് പ്രക്രിയ ബഹുരൂപങ്ങളിൽ ഒരു ഭാവിവികസനത്തിലേക്ക് മുന്നേറുമെന്നതാണ് ഇതിന്റെ അർത്ഥം.”
അതിനാൽ കോളമെഴുത്തുകാരനായ ചാൾസ് ക്രോതാമർ 1989-ൽ നടത്തിയ നിർണ്ണയത്തോട് കമ്മ്യൂണിസ്ററ് നേതാക്കൻമാർ യോജിക്കുവാൻ തയ്യാറല്ല. അദ്ദേഹം എഴുതി: “ചിരകാലമായി പ്ലേറേറാ മുതലുള്ള രാഷ്ട്രീയ തത്വചിന്തകൻമാരുടെ മനസ്സുകളെ അസ്വസ്ഥമാക്കിയിരുന്ന—ഗവൺമെൻറിന്റെ ഏററവും നല്ല രൂപം ഏതാണ്?—എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുന്നു. എല്ലാത്തരം രാഷ്ട്രീയ വ്യവസ്ഥിതികളും പരീക്ഷിച്ചുകഴിഞ്ഞ ഏതാനും സഹസ്രാബ്ദങ്ങൾക്കുശേഷം സ്വതന്ത്രമായ, ഒന്നിലധികം സ്ഥാനം വഹിക്കുന്ന മുതലാളിത്ത ജനാധിപത്യത്തിൽ നാം തിരഞ്ഞുവന്നതിന് ഉത്തരം കണ്ടെത്തിയിരിക്കുന്നു എന്ന വ്യക്തമായ അറിവോടെ ഈ സഹസ്രാബ്ദം നാം പര്യവസാനിപ്പിക്കുന്നു.”
എന്നാലും ജർമ്മൻ വർത്തമാനപ്പത്രമായ ഡീ സീററ് പടിഞ്ഞാറൻ രീതിയിലുള്ള ജനാധിപത്യം കാഴ്ചവെക്കുന്ന സങ്കടകരമായ ചിത്രത്തെക്കുറിച്ച് തുറന്നു സമ്മതിക്കുന്നു. അത് “തൊഴിലില്ലായ്മയിലേക്കും മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദുരുപയോഗത്തിലേക്കും വ്യഭിചാരത്തിലേക്കും സാമൂഹ്യ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കുന്നതിലേക്കും നികുതിയിളവുകളിലേക്കും ബജററ് കമ്മിയിലേക്കും” ശ്രദ്ധ ക്ഷണിക്കുന്നു. ഇതിനു ശേഷം പത്രം ചോദിക്കുന്നു: “സോഷ്യലിസത്തിനുമേൽ എന്നേക്കും വിജയംനേടിയ മാതൃകാവ്യവസ്ഥിതി യഥാർത്ഥത്തിൽ ഇതുതന്നെയാണോ?”
ചില്ലുമേടയിലിരുന്ന് കല്ലെറിയരുത് എന്ന് ചിരപരിചിതമായ ഒരു പഴഞ്ചൊല്ലു പറയുന്നു. ഏതു രൂപത്തിലുള്ള അപൂർണ്ണ മനുഷ്യഗവൺമെൻറിന് മറെറാന്നിന്റെ കുറവുകളെ വിമർശിക്കാൻ കഴിയും? സമ്പൂർണ്ണമായ ഒരു മനുഷ്യഗവൺമെൻറ്—ഒരു ആദർശരാഷ്ട്രം—സ്ഥിതിചെയ്യുന്നില്ലെന്ന് വസ്തുതകൾ കാണിക്കുന്നു. “നല്ല സ്ഥല”ത്തിനായി രാഷ്ട്രീയ തന്ത്രജ്ഞൻമാർ ഇപ്പോഴും അന്വേഷിക്കുകയാണ്. അത് ഇപ്പോഴും കാണുവാൻ “ഇല്ലാത്ത സ്ഥലം” ആയിരിക്കുന്നു. (g90 11/8)
[അടിക്കുറിപ്പുകൾ]
a യഹൂദമാതാപിതാക്കൾക്ക് 1818-ൽ അന്നത്തെ പ്രഷ്യയിൽ ജനിച്ച മാർക്സ് ജർമ്മനിയിൽ വിദ്യ അഭ്യസിക്കുകയും അവിടെത്തന്നെ ഒരു പത്രപ്രവർത്തകനായി പ്രവർത്തിക്കുകയും ചെയ്തു; 1849-നുശേഷം അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ലണ്ടനിൽ ചെലവഴിക്കുകയും അവിടെവെച്ച് 1883-ൽ മരിക്കുകയും ചെയ്തു.
[21-ാം പേജിലെ ചതുരം]
സോഷ്യലിസ്ററ്, കമ്മ്യൂണിസ്ററ് സാങ്കേതികസംജ്ഞാശാസ്ത്രം
ബോൾഷേവിക്കുകൾ⁄മെൻഷേവിക്കുകൾ: 1898-ൽ സ്ഥാപിതമാകുകയും 1903-ൽ രണ്ടു ഗ്രൂപ്പുകളായി വിഭജിക്കപ്പെടുകയും ചെയ്ത റഷ്യൻ സോഷ്യൽ ഡെമോക്രാററിക് ലേബർ പാർട്ടി; “ഭൂരിപക്ഷത്തിലെ അംഗങ്ങൾ” എന്നക്ഷരാർത്ഥമുള്ള ലെനിന്റെ കീഴിലായിരുന്ന ബോൾഷേവിക്കുകൾ സുശിക്ഷിതരായ ചുരുക്കംചില വിപ്ലവകാരികളെ ഉൾക്കൊള്ളിച്ചുകൊണ്ടു പാർട്ടി ചെറുതായി നിലനിർത്താൻ അനുകൂലിച്ചു; “ന്യൂനപക്ഷത്തിലെ അംഗങ്ങൾ” എന്നക്ഷരാർത്ഥമുള്ള മെൻഷേവിക്കുകൾ ജനാധിപത്യമാർഗ്ഗങ്ങളിലൂടെ വിപുലമായ പാർട്ടി അംഗത്വത്തെ അനുകൂലിച്ചു.
ബോർഗിയോയിസി⁄പ്രൊലെട്ടേറിയററ്: പ്രൊലെട്ടേറിയററ് (തൊഴിലാളി വർഗ്ഗം) ബോർഗിയോയിസിനെ (ഫാക്ടറി ഉടമകൾ ഉൾപ്പെടെയുള്ള ഇടത്തരക്കാർ, ബൂർഷ്വാകൾ) അട്ടിമറിക്കുമെന്നും അവർ “തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം” സ്ഥാപിക്കുമെന്നും അങ്ങനെ ഒരു വർഗ്ഗരഹിത സമൂഹത്തെ ഉളവാക്കുമെന്നും മാർക്സ് പഠിപ്പിച്ചു.
കമിന്റേൺ: കമ്മ്യൂണിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു 1919-ൽ ലെനിൻ നിലവിൽ കൊണ്ടുവന്ന ഒരു സ്ഥാപനമായ കമ്മ്യൂണിസ്ററ് ഇൻറർനാഷനലിന്റെ (അഥവാ തേർഡ് ഇൻറർനാഷനലിന്റെ) ചുരുക്കപ്പേർ; അതു 1943-ൽ പിരിച്ചുവിടപ്പെട്ടു. അതു യൂറോപ്പിലെ അനേകം സോഷ്യലിസ്ററു ഗ്രൂപ്പുകൾക്കും സോഷ്യലിസ്ററു പാർട്ടികളുടെ അന്താരാഷ്ട്ര പ്രതിനിധിസഭയായ സെക്കൻറ് ഇൻറർനാഷനലിനും(1889-1919) ജൻമം നൽകിയ ഫസ്ററ് ഇൻറർനാഷനലിനെ(1864-76) പിന്തുടർന്നു.
കമ്മ്യൂണിസ്ററു മാനിഫെസ്റേറാ: യൂറോപ്പിലെ സോഷ്യലിസ്ററും കമ്മ്യൂണിസ്ററും പാർട്ടികളുടെ അടിത്തറയായി വളരെ നാൾ സേവിച്ച ശാസ്ത്രീയ സോഷ്യലിസത്തിന്റെ മുഖ്യ സിദ്ധാന്തങ്ങളെപ്പററിയുള്ള മാർക്സിന്റെയും ഇഞ്ചൽസിന്റെയും 1848-ലെ ഒരു പ്രസ്താവന.
യൂറോകമ്മ്യൂണിസം: പാശ്ചാത്യ യൂറോപ്പിലെ കമ്മ്യൂണിസ്ററു പാർട്ടികളുടെ കമ്മ്യൂണിസം; സോവിയററ് നേതൃത്വത്തിൽ നിന്നും സ്വതന്ത്രവും സംയുക്തഭരണകൂടങ്ങളിൽ സേവിക്കാൻ താല്പര്യമുള്ളതുമാണ്. “തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം” മേലാൽ ആവശ്യമില്ലെന്നു അതു വാദിക്കുന്നു.
ശാസ്ത്രീയ⁄ആദർശരാഷ്ട്രീയ സോഷ്യലിസം: ചരിത്രത്തിന്റെയും മുതലാളിത്തത്തിന്റെയും ശാസ്ത്രീയമായ ഒരു പരിശോധനയിൽ അധിഷ്ഠിതമാണെന്നു സങ്കല്പിക്കപ്പെട്ടിരുന്ന തന്റെ പഠിപ്പിക്കലുകളെയും തന്റെ മുൻഗാമികളുടെ ശുദ്ധമായ ആദർശരാഷ്ട്രീയ സോഷ്യലിസത്തെയും തിരിച്ചറിയിക്കുന്നതിനു മാർക്സ് ഉപയോഗിച്ച പദങ്ങൾ.