മഞ്ഞോ മഴയോ ആധിക്യമോ തപാൽ വിതരണം മുടക്കുന്നില്ല
“പോസ്ററുമാൻമാർ ഉള്ളടത്തോളം കാലം ജീവിതം ആസ്വാദ്യമാണ്.”—വില്യം ജയിംസ്, യു.എസ്. തത്ത്വശാസ്ത്രജ്ഞൻ (1842-1910)
തപാൽ സേവനത്തെക്കുറിച്ച് പറയാൻ എല്ലാവർക്കുംതന്നെ അസഹ്യപ്പെടുത്തുന്ന ഒരു വിവരണം കാണും. അവൻ അയച്ച കത്തു വന്നതു പ്രതീക്ഷിച്ചതിനെക്കാൾ ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാണ്, തപാൽ നിരക്കു വളരെ പെട്ടെന്നു വർധിക്കുകയാണ്, അല്ലെങ്കിൽ പോസ്ററാഫീസിലെ ക്യൂ അസഹ്യമാണ് എന്നിങ്ങനെ. ആയിരത്തിത്തൊള്ളായിരത്തറുപത്താറ് ഒക്ടോബറിൽ വിപത്ത് ഒരു തപാൽ സമ്പ്രദായത്തെ ഭീഷണിയിലാക്കി. “ചിക്കാഗോയിലുള്ള ക്രോസ്സ്റോഡ്സിലെ അന്നത്തെ ഏററവും വലിയ യു.എസ്. തപാൽ ഓഫീസിൽ തപാലുരുപ്പടികൾ കുന്നുകൂടുകയും കൈകാര്യം ചെയ്യുക അസാധ്യമാകുകയും ചെയ്തപ്പോൾ അത് അക്ഷരാർഥത്തിൽ അടച്ചിട്ടു” എന്ന് ഒരു യു.എസ്. തപാൽ സേവന വക്താവ് ഉണരുക!യോടു പറഞ്ഞു.
തപാൽ പ്രവാഹം നിലയ്ക്കുന്നില്ലെന്നും നിങ്ങളുടെ കത്തു ലക്ഷ്യത്തിലെത്തുന്നുവെന്നും ഉറപ്പുവരുത്തുന്നതിന് എന്താണു ചെയ്യപ്പെട്ടിരിക്കുന്നത്? നിങ്ങൾക്കു ലഭിക്കുന്ന സേവനത്തെ മെച്ചപ്പെടുത്താൻ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? കത്തുവിതരണ രീതികൾക്കും ആശ്രയത്വത്തിനും നൂററാണ്ടുകളിലൂടെ ശ്രദ്ധേയമായ മാററം ഭവിച്ചിട്ടുണ്ടോ?
പുരാതന തപാൽ സേവനം
ഏററവും ആദ്യത്തെ തപാൽ സേവനങ്ങൾ ഗവൺമെൻറ് ഉപയോഗത്തിനു മാത്രമുള്ളതായിരുന്നു. അത്തരം സമ്പ്രദായങ്ങൾ പുരാതന ചൈനയിലും ഈജിപ്തിലും അസീറിയായിലും പേർഷ്യയിലും ഗ്രീസിലും നിലവിലുണ്ടായിരുന്നു. റോമൻ തപാൽ സമ്പ്രദായത്തിന്റെ പേർ കൂർസൂസ് പൂബ്ലിക്കൂസ്, അക്ഷരാർഥത്തിൽ “പൊതു മാർഗം” എന്നായിരുന്നു. എന്നിരുന്നാലും അതു മുഖ്യമായും ഗവൺമെൻറിനു മാത്രമായുള്ള സേവനമായിരുന്നു. രസാവഹമായി, എഫേസൂസിലെയും കൊലോസ്സ്യയിലെയും സഭകൾക്കും ഫിലേമോനും ഉള്ള ബൈബിൾ എഴുത്തുകാരനായ പൗലോസിന്റെ ലേഖനങ്ങൾ അയച്ചത് സ്വകാര്യ ക്രമീകരണങ്ങളിലൂടെയായിരുന്നു, റോമൻ ഗവൺമെൻറിന്റെ തപാൽ സേവനം മുഖേനയല്ലായിരുന്നു.—എഫെസ്യർ 6:21, 22; കൊലൊസ്സ്യർ 4:7-9; ഫിലേമോൻ 21, 22.
പത്തൊൻപതാം നൂററാണ്ടുവരെ കത്തിടപാടുകളുടെ നീക്കത്തിലും വിതരണത്തിലും വളരെ കുറച്ചു മാററങ്ങളേ വന്നുള്ളുവെന്നിരിക്കെ, സ്വകാര്യ തപാൽ സേവനങ്ങളെ നിയന്ത്രിക്കുന്നത് അഥവാ നീക്കംചെയ്യുന്നതു സംബന്ധിച്ച വീക്ഷണങ്ങൾ അതിനു മുമ്പേ വെളിപ്പെട്ടിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അധികാരികൾക്കു സ്വകാര്യ വാർത്താവിനിമയങ്ങളുടെമേൽ നിയമാധികാരമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യം തോന്നി. തപാൽ സേവനങ്ങളുടെമേൽ ഗവൺമെൻറ് കുത്തക സൃഷ്ടിക്കുന്നതിനു ദി യൂണിവേഴ്സൽ പോസ്ററൽ യൂണിയൻ എന്ന തന്റെ പുസ്തകത്തിൽ ജോർജ് എ. കോഡിൻ ജൂണിയർ രണ്ടു പ്രമുഖ കാരണങ്ങൾ സമർപ്പിക്കുന്നു. ഒന്ന്, ഇതിന്റെ വരുമാനം “ഈ ഔദ്യോഗിക സേവനത്തിനു ധനസഹായം നൽകുന്നതിനുള്ള ഒരു അത്യുത്തമ മാർഗമായിരുന്നു.” രണ്ട്, ഇതിനു നൽകിയിരുന്ന സുരക്ഷിതത്വം രാഷ്ട്രത്തിന്റെ ശത്രുക്കളുടെ വാർത്താവിനിമയത്തെ നിയന്ത്രിക്കുന്നതിന് ഒരു സഹായമായിരുന്നു.
അങ്ങനെ, ദ ഫ്രഞ്ച് റോയൽ പോസ്ററ് 1464-ൽ കുറെ പൊതു തപാൽ കൈകാര്യം ചെയ്യാൻ തുടങ്ങി. ആയിരത്തിയറുനൂററിമുപ്പത്തഞ്ചിൽ ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമൻ രാജകീയ തപാൽ സേവനം ജനങ്ങൾക്കു ലഭ്യമാക്കി. മററു ഗവൺമെൻറുകൾ സമാനമായി പ്രവർത്തിക്കുകയും തദ്വാര ജനങ്ങൾക്കിടയിലെ ഈ കൈമാററത്തിൻമേൽ നിയന്ത്രണം ഏറെറടുത്തുകൊണ്ടു തപാൽ സേവനത്തിൽ കുത്തക ഏർപ്പെടുത്തുകയും ചെയ്തു.
പണ്ടത്തെ അമേരിക്കൻ സമ്പ്രദായത്തെ ബ്രിട്ടൻ നിയന്ത്രിച്ചിരുന്നു, റോമാ സാമ്രാജ്യം അതിന്റെ തപാൽ ശൃംഖലയെ ബ്രിട്ടനിലേക്കു വ്യാപിപ്പിച്ചതുപോലെതന്നെ. റോമൻ സമ്പ്രദായം പേർഷ്യൻ ക്രമീകരണത്തെ മിക്കവാറും പകർത്തിയിരുന്നു, അവരുടേതു പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) ആറാം നൂററാണ്ടിൽ സ്ഥാപിതമായ, മാററക്കുതിരകളെ ഉപയോഗിച്ചു ജോലി ചെയ്ത അശ്വാരൂഢ സന്ദേശവാഹകരുടെ ഒരു തപാൽ സമ്പ്രദായമായിരുന്നു. ഇങ്ങനെ, അനേകം തപാൽ സമ്പ്രദായങ്ങളിലെ സ്വഭാവവിശേഷതകളുടെ തുടക്കം പേർഷ്യയിലാണെന്നു കണ്ടെത്താവുന്നതാണ്.
അമേരിക്കൻ കോളനികളുടെ തപാൽ സമ്പ്രദായം ഔദ്യോഗികമായി 1639-ൽ വിദേശ തപാൽ കൈകാര്യം ചെയ്യാൻ തുടങ്ങി, ബോസ്ററണിനും ന്യൂയോർക്ക് സിററിക്കുമിടയിലുള്ള ആഭ്യന്തര തപാൽ 1673-ലും. ഇപ്പോൾ യു.എസ്. ഹൈവേ 1-ന്റെ ഭാഗമായ ആ അല്പകാല തപാൽ മാർഗത്തെ ബോസ്ററൺ പോസ്ററൽ റോഡ് എന്നു വിളിക്കാനിടയായി. പത്തൊൻപതാം നൂററാണ്ടിന്റെ മധ്യത്തോടെ തപാൽവണ്ടി, സ്ററീംബോട്ട്, റെയിൽ റോഡ് എന്നിവ മുഖേന തപാൽ കൊണ്ടുപോകാൻ തുടങ്ങി. ന്യൂയോർക്ക് നഗരത്തിൽനിന്നു കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിലേക്കുള്ള തപാൽ വിതരണത്തിന് കപ്പലിൽ ഏതാണ്ട് ഒരു മാസമോ അതിലേറെയോ വേണ്ടിവരികയും തപാൽവണ്ടിയിൽ അതിലും വളരെ കൂടുതൽ വേണ്ടിവരികയും ചെയ്തു.
ദ പോണി എക്സ്പ്രസ്സ്
ഐക്യനാടുകളിലെമ്പാടുമുള്ള വിതരണത്തിന്റെ വേഗം കൂട്ടുന്നതിനു തപാൽവണ്ടിയോ കപ്പലോ അല്ലാതെ മറെറന്തെങ്കിലും ആവശ്യമായിരുന്നു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമായിരുന്നു? നൂററാണ്ടുകൾ പഴക്കമുള്ള മാർഗമായിരുന്ന അഞ്ചലോട്ടക്കാരനെയും കുതിരയെയും ഉപയോഗിച്ചു. ഹിസ്റററി ഓഫ് ദി യു.എസ്.പോസ്ററൽ സർവീസ് 1775-1984 എന്ന ഗ്രന്ഥം 1860 മാർച്ചിലെ പത്രപ്പരസ്യം ഉദ്ധരിക്കുന്നു:
“ആവശ്യമുണ്ട്: 18 വയസ്സിനു താഴെയുള്ള ചെറുപ്പക്കാരായ, ചടച്ച, കമ്പിപോലത്തെ ശരീരമുള്ളവർ. ദിവസവും മരണത്തെ അഭിമുഖീകരിക്കാൻ തയ്യാറുള്ള അതിസമർഥരായ സവാരിക്കാരായിരിക്കണം. അനാഥരായവർക്കു മുൻഗണന.”
ശമ്പളത്തിന് എടുക്കപ്പെടുന്നവർ “അനാദരവു കാട്ടുകയോ വഴക്കുണ്ടാക്കുകയോ തങ്ങളുടെ മൃഗങ്ങളെ ദുർവിനിയോഗം ചെയ്യുകയോ ഇല്ലെന്നും സത്യസന്ധമായി പെരുമാറിക്കൊള്ളാമെന്നും ബൈബിളിൽ കൈവെച്ചു സത്യം ചെയ്യണമായിരുന്നു.” ഇതായിരുന്നു കീർത്തികേട്ട പോണി എക്സ്പ്രസ്സ്. അതു മിസ്സൗറിയിലെ സെൻറ് ജോസഫിനും ഐക്യനാടുകളുടെ പാശ്ചാത്യതീരത്തിനും ഇടയിലെ 3,200 കിലോമീററർ ദൂരത്തെ വിതരണസമയം പത്തു ദിവസമാക്കി കുറച്ചു. പതിനഞ്ചു കിലോമീററർമുതൽ 25 കിലോമീററർവരെ വേഗത്തിൽ സഞ്ചരിക്കുകയും പിന്നെ താമസംവിനാ അടുത്ത കുതിരക്കാരനു കൈമാറുകയും ചെയ്തുകൊണ്ട് ആ ചെറുപ്പക്കാരായ സവാരിക്കാർ ഏതു കാലാവസ്ഥയിലും പർവതങ്ങളിലൂടെയും സമതലങ്ങളിലൂടെയും നദികളിലൂടെയും പാഞ്ഞുപോയി. ഏററവും വേഗം കൂടിയ കുതിരകൾ ഉണ്ടായിരുന്നതിനാൽ, പോണി എക്സ്പ്രസ്സ് നിലവിലുണ്ടായിരുന്ന കാലത്തെല്ലാം, ഈ ധീരരായ സന്ദേശവാഹകർ കുതിരസവാരിയിൽ അമേരിക്കൻ ഇൻഡ്യക്കാരെയും പെരുവഴിക്കവർച്ചക്കാരെയും കടത്തിവെട്ടിയിരുന്നു; എങ്കിലും ഒരു സവാരിക്കാരൻ കൊല്ലപ്പെട്ടു.
ആയിരത്തെണ്ണൂറററുപത് ഏപ്രിൽ 3മുതൽ 1861 ഒക്ടോബർ 26വരെ മാത്രം പ്രവർത്തിച്ച ഈ ധീരമായ തപാൽ സേവനത്തെ ഐതിഹ്യം പെരുപ്പിച്ചുകാട്ടിയിരിക്കുന്നു. ഭൂഖണ്ഡവ്യാപകമായുള്ള ടെലഗ്രാഫ് സേവനത്തിന്റെ ആരംഭത്തോടെ അതു പ്രവൃത്തിപഥത്തിൽ ഇല്ലാതെയായി, അമേരിക്കൻ തപാൽ ചരിത്രത്തിലെ ഏററവും വർണോജ്ജ്വലമായ അധ്യായങ്ങളിൽ ഒന്നിനെ അവസാനിപ്പിച്ചുകൊണ്ടുതന്നെ.
ആധുനിക മാർഗങ്ങൾ
ഇന്ന് ഒരു കത്തു തപാലിൽ അയച്ചാൽ അത് എങ്ങനെ കൈകാര്യം ചെയ്യപ്പെടുമെന്നു കാണാം. ഈ സേവനത്തെ നിങ്ങൾ ഉപയുക്തമാക്കുന്നതനുസരിച്ച് അതിന്റെ വിതരണസമയം വ്യത്യാസപ്പെട്ടേക്കാം.
ദിവസത്തെ ജോലികളെല്ലാം തീർത്തതിനുശേഷം, കുന്നുകൂടുന്ന കത്തിടപാടുകൾ തപാലിൽ ഇടുന്നു. ഇതു നമ്മുടെയെല്ലാം സാധാരണ രീതിയായതുകൊണ്ട് ഉച്ചക്കുശേഷം ഒരു തപാൽ പ്രളയംതന്നെ തപാൽ പ്രവാഹത്തിലേക്കു പ്രവേശിക്കുന്നു. അതുകൊണ്ട്, രാവിലെ തന്നെ തപാലിലിടുന്നത് ഏതാനും മണിക്കൂറുകളുടെ മേൻമ നൽകുകയും അതു നിങ്ങളുടെ തപാൽ ഉരുപ്പടികളെ പ്രതിദിന പ്രവാഹത്തിന്റെ മുൻനിരയിലെത്തിക്കുകയും ചെയ്യും. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറെറാന്നിൽ ഐക്യനാടുകളിലെ ഈ തപാൽ പ്രവാഹത്തിന്റെ പ്രതിദിന വ്യാപ്തി ശരാശരി 45 കോടി 40 ലക്ഷം എണ്ണമായിരുന്നു, അതിൽ 1 കോടി 33 ലക്ഷം ന്യൂയോർക്ക് നഗരത്തിന്റേതായിരുന്നു; ഫ്രാൻസിൽ 7 കോടി 10 ലക്ഷമായിരുന്നു, അതിൽ 55 ലക്ഷം പാരീസിന്റേതായിരുന്നു; ജപ്പാനിൽ 6 കോടി 25 ലക്ഷമായിരുന്നു, അതിൽ 1 കോടി 70 ലക്ഷം ടോക്കിയോയുടേതായിരുന്നു; ബ്രിട്ടനിൽ 6 കോടിയായിരുന്നു.
തെരുവിലോ ഒരു ചെറിയ തപാലാപ്പീസിലോ ഉള്ള എഴുത്തുപെട്ടിയിൽ ഇടുന്ന കത്തുകൾ ഒരു വലിയ തപാലാപ്പീസിലേക്കു കൊണ്ടുവരുന്നു. സംഭരണസമയത്തിനു തൊട്ടുമുമ്പും, പ്രായോഗികമെങ്കിൽ വലിയ തപാലാപ്പീസുകൾക്കു സമീപവും നിങ്ങളുടെ തപാൽ ഇടുന്നതു വിതരണസമയത്തെ മെച്ചപ്പെടുത്തുന്നു.
പ്രദേശത്തെ തപാലാപ്പീസിൽ നിങ്ങളുടെ കത്തുകൾ ബാഗിലാക്കി, വണ്ടിയിൽ കയററി, ഓട്ടോമാററിക്ക് തപാൽ സോർട്ടിംഗ് ഉപകരണം ഉപയോഗപ്പെടുത്തുന്ന സെക്ഷണൽ സെൻറർ എന്ന തപാൽ ഓഫീസിലേക്കു കൊണ്ടുപോകും. അവിടെ, വിദഗ്ദ്ധമായി രൂപകല്പന ചെയ്തിട്ടുള്ള യന്ത്രങ്ങൾ ഉപയോഗിച്ച്, കൺവെയർ ബെൽററിലൂടെ മുമ്പോട്ടു പോകുന്ന കത്തുകളുടെ, തിരച്ചിലും മുഖപ്പുറം വേണ്ടിടത്തു വരുത്തലും മുദ്ര കുത്തലും ഇനം തിരിക്കലും കൂട്ടിവെക്കലും എല്ലാം നടക്കുന്നതിന് അവ ഓട്ടോമാററിക്കായിട്ടു മറിക്കുകയും തിരിക്കുകയും ചെയ്യുന്നു. ഫെയ്സർ-ക്യാൻസലർ എന്ന ഒരു ഉപകരണം അതിവേഗം സ്ററാമ്പിൽ മുദ്ര കുത്തിക്കൊണ്ടു മണിക്കൂറിൽ 27,000 കത്തുകൾ കൈകാര്യം ചെയ്യുന്നു.
ഉച്ചതിരിഞ്ഞ് രാത്രിവരെ, പുറത്തേക്കുവിടേണ്ട തപാൽ സോർട്ട് ചെയ്യുന്നു. എളുപ്പം വായിക്കാവുന്ന മേൽവിലാസമുള്ള കത്തുകൾ—ടൈപ്പ് ചെയ്തതോ, പ്രിൻറ് ചെയ്തതോ, കൈകൊണ്ട് എഴുതിയതോ—യന്ത്രം ഉപയോഗിച്ചു സോർട്ട് ചെയ്യാൻ കഴിഞ്ഞേക്കും. പുതിയ യന്ത്രങ്ങൾ ‘സിപ്’ അഥവാ തപാൽ കോഡ്; നഗരം, സംസ്ഥാനം അഥവാ പ്രവിശ്യ; തെരുവ് എന്നിവ ഉൾക്കൊള്ളുന്ന രണ്ടു വരയിടുന്നു.
ഇത്തരം യന്ത്രങ്ങൾക്കും അനുബന്ധ ഉപകരണത്തിനും മണിക്കൂറിൽ ആയിരക്കണക്കിനു കത്തുകളുടെ മേൽവിലാസങ്ങൾ സ്വയം “വായിക്കു”ന്നതിനും അതിൽ പ്രത്യേക തപാൽ കോഡുകൾ അച്ചടിക്കുന്നതിനും കഴിയും. യന്ത്രത്തിനു കൈകാര്യം ചെയ്യാൻ കഴിയാത്ത ഫസ്ററ്-ക്ലാസ്സ് തപാൽ ഉരുപ്പടികൾ കൈകൊണ്ടു സോർട്ട് ചെയ്യണം, മണിക്കൂറിൽ ശരാശരി 800 എണ്ണം വീതം. ഐക്യനാടുകളിൽ ‘സിപ്’ കോഡോടുകൂടിയ (മററു മിക്ക രാജ്യങ്ങളിലും തപാൽ കോഡ്), എളുപ്പം വായിക്കാവുന്ന ഒരു മേൽവിലാസം നിങ്ങളുടെ കത്തു കൂടുതൽ കാര്യക്ഷമമായ മാർഗങ്ങളിൽ വേഗം കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.
പുറത്തേക്കു പോകുന്ന തപാൽ വായൂമാർഗമോ കരമാർഗമോ അയക്കുന്നു. ഫസ്ററ്-ക്ലാസ്സ് തപാൽ ചില പ്രത്യേക നഗരങ്ങളിലേക്കും സെക്ഷണൽ സെൻററുകളിലേക്കും സാധാരണമായി പിറെറദിവസം തന്നെയും, പ്രാദേശികമായി നിർദേശിച്ചിരിക്കുന്ന സംസ്ഥാനങ്ങളിൽ രണ്ടു ദിവസത്തിനകവും, ഐക്യനാടുകളിൽ മറെറവിടെയും മൂന്നു ദിവസത്തിനകവും വിതരണം ചെയ്യുന്നു. ബ്രിട്ടനിൽ ഫസ്ററ്-ക്ലാസ്സ് തപാലിൽ 90 ശതമാനം പിറേറ പ്രവൃത്തി ദിവസംതന്നെയും സെക്കൻറ്-ക്ലാസ്സ് തപാലിൽ 97.4 ശതമാനം മൂന്നാം ദിവസംതന്നെയും വിതരണം ചെയ്തിരിക്കണം. ഫ്രാൻസിലാണെങ്കിൽ ആഭ്യന്തര കത്തുകളിൽ 81 ശതമാനം പിറേറ ദിവസവും തപാൽ ഉരുപ്പടികളിൽ 96.3 ശതമാനം രണ്ടു ദിവസത്തിനുള്ളിലും (ഞായറാഴ്ചകളും അവധി ദിവസങ്ങളും ഒഴികെ) വിതരണം ചെയ്തു എന്ന് 1992 മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച ഫ്രഞ്ച് പോസ്ററൽ സർവേ കാണിക്കുന്നു. അങ്ങനെ, ഈ പുറത്തേക്കു പോകുന്ന തപാലുകൾ, രാത്രി വൈകി ഏരിയാ മെയിൽ പ്രോസസ്സിംഗ് ഓഫീസുകളിലും പിന്നെ ഉദ്ദിഷ്ട തപാൽ ഓഫീസുകളിലും അകത്തേക്കു വരുന്നവയായിത്തീരുന്നു. അകത്തേക്കു വരുന്ന തപാലുകൾ രാത്രിയിലും രാവിലെവരെയും വിതരണം ചെയ്യുന്നതിനായി സോർട്ട് ചെയ്യുന്നു.
വാച്ച് ടവർ സൊസൈററി പോലുള്ള വൻകിട പതിവുകാർ തങ്ങളുടെ വ്യവസായശാലകളിൽ നിന്നു തപാലാപ്പീസുകാർക്കു ട്രാക്ററർ ട്രെയിലറിൽ കയററിക്കൊണ്ടുപോകാൻതക്കവണ്ണം തപാലുകൾ ക്രമീകരിച്ചുവെക്കുന്നു. തപാലാപ്പീസ് ഈ തപാൽ നേരിട്ടു രാജ്യത്തിനു കുറുകെയുള്ള തപാൽ വിതരണ ജോലിക്കാർക്ക് എത്തിച്ചുകൊടുക്കുന്നു. തപാൽ സേവകർ ഇലക്ട്രോണിക്ക് തപാൽ (E-mail; വിദൂര വാർത്താവിനിമയ മാർഗങ്ങളിലൂടെ കമ്പ്യൂട്ടർ ഉപയോഗിച്ചയക്കുന്ന വിവരങ്ങൾ) പോലുള്ള മത്സരാത്മകമായ വാർത്താവിനിമയ മാർഗങ്ങൾ വർധിച്ച തോതിൽ ഉപയോഗപ്പെടുത്തുന്നു. ഫ്രഞ്ച് സമ്പ്രദായം കഴിഞ്ഞ വർഷം ഒരു കോടി വിദൂര നിയന്ത്രിത പ്രിൻറിംഗുകൾ (E-mail) അയച്ചു.
രാജ്യങ്ങൾക്കിടയിൽ തപാൽ നടപടികൾ വ്യത്യസ്തമായിരുന്നേക്കാമെങ്കിലും ലോകത്തിലെ തപാലുകളിൽ ഏറിയ പങ്കും ഞങ്ങൾ വർണിച്ചിരിക്കുന്ന യു.എസ്. പോസ്ററൽ സർവീസിനോടു സമാനമായ രീതിയിലാണു കൈകാര്യം ചെയ്യുന്നത്. അതു ലോക തപാൽ വ്യാപ്തിയുടെ 40 ശതമാനം കൈകാര്യം ചെയ്യുന്നു.
മററു പോസ്ററൽ സർവീസുകൾ
തപാൽ കൈകാര്യം ചെയ്യുന്നതുകൂടാതെ തപാൽ സമ്പ്രദായങ്ങൾ മററനവധി സേവനങ്ങൾ ചെയ്യുന്നു. ഒരു യു.എസ്. തപാലാപ്പീസ് പാസ്പോർട്ട് സമ്പാദിക്കാൻ നിങ്ങളെ സഹായിക്കും. ജപ്പാനിലെ ഒരു തപാലാപ്പീസിലോ ബ്രിട്ടീഷ് ജൈറോബാങ്കിലോ (മുമ്പു ബ്രിട്ടീഷ് പോസ്ററൽ സർവീസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നത്) നിങ്ങൾ ബാങ്കിടപാടുകൾ നടത്തിയേക്കാം. കൂടാതെ, നഷ്ടപ്പെടുകയോ കേടുപററുകയോ ചെയ്താൽ വിലയീടാക്കുന്നതിന്, തപാലിൽ അയക്കുന്ന സാധനങ്ങൾ ഇൻഷ്വർ ചെയ്യുകയോ രജിസ്ററർ ചെയ്യുകയോ ചെയ്തേക്കാം. തപാലിൽ അയച്ചു അഥവാ എത്തിച്ചുകൊടുത്തു എന്നതിന്റെ തെളിവു മാത്രം മതിയെങ്കിൽ സാക്ഷ്യപ്പെടുത്തി അയച്ചാൽ മതി, അതു രജിസ്ററർ ചെയ്യുന്നതിനെക്കാൾ ചെലവു കുറഞ്ഞതാണ്. ജപ്പാൻ പോസ്ററൽ സർവീസിൽ നിന്ന് ആളുകൾക്കു ലൈഫ് ഇൻഷ്വറൻസും ലഭിക്കും.
ആവശ്യപ്പെട്ടാൽ, ഐക്യനാടുകളിലേതു പോലുള്ള ചില പോസ്ററൽ സർവീസുകൾ ലഭ്യമായ മേൽവിലാസ-തിരുത്തൽ വിവരങ്ങൾ നൽകും. കവറിന്റെ മുൻവശത്തു, മറുപടി മേൽവിലാസത്തിന്റെ കീഴെ “മേൽവിലാസ-തിരുത്തൽ ആവശ്യപ്പെട്ടിരിക്കുന്നു” എന്നോ “അയക്കരുത്” എന്നോ എഴുതുക. കൂടുതലായ ചാർജ് ഒന്നും കൂടാതെ, ഫസ്ററ്-ക്ലാസ്സ് തപാലുകൾ പുതിയ മേൽവിലാസത്തോടുകൂടിയോ (ഒരു വർഷത്തിൽ കുറവെ ആയിട്ടുള്ളെങ്കിൽ), വിതരണം ചെയ്യാഞ്ഞതിന്റെ മറേറതെങ്കിലും കാരണത്തോടുകൂടിയോ നിങ്ങൾക്കു തിരിച്ചുവരും.
ഇവയ്ക്കും മററു സേവനങ്ങൾക്കും ലോകം തപാൽ സമ്പ്രദായത്തെ വളരെ ആശ്രയിക്കുന്നു. ഇവാല്വേഷൻ ഓഫ് ദി യുണൈററഡ് സ്റേറററ്സ് പോസ്ററൽ സർവീസ് റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ബൃഹത്തായ അളവിൽ തപാൽ കൈകാര്യം ചെയ്തുകൊണ്ട് ഈ പോസ്ററൽ സർവീസ് ഒരു നല്ല വേല ചെയ്യുന്നു, എന്നാൽ തപാൽ വാസ്തവത്തിൽ എപ്പോൾ പ്രതീക്ഷിക്കാം എന്നു പൊതുജനം അറിയേണ്ടതിന്, അപരിഹാര്യമായ കുറവുകൾ സമ്മതിച്ചുപറയുന്നതിൽ അതു തുടരണം.” ഐക്യനാടുകളിൽ, 25,00,00,000 പ്രതിദിന ഫസ്ററ്-ക്ലാസ്സ് തപാലിന്റെ വെറും 5 ശതമാനത്തിനു പോലും താമസം നേരിട്ടാൽ അതു പ്രതിദിനം 1,20,00,000-ത്തിലധികമായിരിക്കും. അത്, താമസിച്ചു വിതരണം ചെയ്തെന്ന അനേകം പരാതികൾക്കു കാരണമാകും.
അലട്ടുന്ന സാമ്പത്തികാവസ്ഥകളും തപാൽ സമ്പ്രദായത്തെ ബാധിച്ചിട്ടുണ്ട്. വർധിക്കുന്ന നിരക്കുകളും കേടുപററിയ ഉരുപ്പടികളും വൈകിയെത്തുന്ന തപാലുകളും ആധുനിക സാങ്കേതികവിദ്യയും ഗവൺമെൻറ്-നിയന്ത്രിത സർവീസുകളോടുള്ള വർധിച്ച മത്സരങ്ങൾക്കു പ്രോത്സാഹനം നൽകി. കൈകാര്യം ചെയ്യുന്നതിനുള്ള നവീന മാർഗങ്ങൾ തപാൽ പ്രവർത്തനക്രമത്തെ മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും എല്ലാ സ്ഥാപനങ്ങളുടെ മേലുമുള്ള സമ്മർദങ്ങൾ തപാൽ സമ്പ്രദായങ്ങൾക്കു പ്രയാസകരമായ സമയങ്ങൾ ഉളവാക്കിയിരിക്കുന്നു. യു.എസ്.പോസ്ററൽ സർവീസിന് 1991-ൽ ഏതാണ്ട് 150,00,00,000 ഡോളറിന്റെ വരുമാന നഷ്ടമുണ്ടായിരുന്നു. ഇപ്പോഴത്തെ സർവീസ് തുടർന്നു കൊണ്ടുപോകുന്നതിനു തപാൽ നിരക്കിലെ വലിയ വർധനവും ജോലിക്കാരെ കുറക്കുന്നതും പോലുള്ള കർശനമായ നടപടികൾ ആവശ്യമായി വന്നേക്കാം.
പ്രശ്നങ്ങൾ ഉണ്ടായിട്ടും, പുരാതന കാലങ്ങളിലെ ചെറുചാലിൽ നിന്ന് ഇന്നത്തെ കരകവിഞ്ഞൊഴുകുന്ന നദിയായി, തപാൽ പ്രവാഹം തുടരുന്നു, ആശയവിനിയമം ചെയ്യാനുള്ള സഹജമായ ആവശ്യത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടുതന്നെ.—ഒരു തപാൽ ജോലിക്കാരൻ സംഭാവന ചെയ്തത്.
[18-ാം പേജിലെ ചതുരം/ചിത്രം]
പേർഷ്യൻ രീതിയിലുള തപാൽ വിതരണം
പുരാതന പേർഷ്യൻ സാമ്രാജ്യമാണു രംഗം. എഴുതിയ പ്രമാണങ്ങൾ ശ്രദ്ധാപൂർവം തയ്യാറാക്കി ഔദ്യോഗികമായി മുദ്രവെച്ചു ഗവൺമെൻറ് പോസ്ററൽ സർവീസ് മുഖേന അയയ്ക്കുന്നു. ആ കല്പനകൾ സത്വരം എത്തിക്കുകയും അതനുസരിച്ച് ഉടനടി നടപടി എടുക്കുകയും ചെയ്തില്ലെങ്കിൽ അനേകം ജീവൻ നഷ്ടപ്പെടുമായിരുന്നു. എന്നാൽ എങ്ങനെയാണു തപാൽ കൊണ്ടെത്തിക്കുക? ആ “കത്തുകൾ രാജകീയ കുതിരാലയത്തിൽ നിന്നുള്ള കുതിരകളുടെമേൽ സവാരി ചെയ്യുന്ന അശ്വാരൂഢ സന്ദേശവാഹകർ മുഖേന അയച്ചു. . . . അതുകൊണ്ട്, രാജാവിന്റെ അടിയന്തിര കല്പനയിങ്കൽ അവരുടെ രാജകീയ കുതിരപ്പുറത്തേറിയ സന്ദേശവാഹകരെ പരമാവധി വേഗത്തിൽ അയച്ചിരുന്നു” എന്ന് ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ എസ്ഥേർ 8:10, 14-ൽ പ്രസ്താവിക്കുന്നു.
ഏതാണ്ട് 23 കിലോമീററർ ഇടവിട്ടു നിർത്തിയിരുന്ന മാററക്കുതിരകളെ ഉപയോഗിച്ചു സഞ്ചരിച്ചിരുന്ന ആ ആശ്രയയോഗ്യരായ കുതിരസവാരിക്കാർക്കായിരുന്ന പൊ.യു.മു. അഞ്ചാം നൂററാണ്ടിൽ യഹൂദൻമാരെ വംശവിച്ഛേദത്തിൽനിന്നു രക്ഷിക്കുമായിരുന്ന, അഹശ്വേരോശ് രാജാവിന്റെ എതിർ കല്പന എത്തിച്ചുകൊടുക്കാൻ മുൻഗണന ലഭിച്ചത്. “തങ്ങൾ പോകേണ്ടിയിരുന്ന ദൂരം തങ്ങളുടെ ഏററവും ഉയർന്ന വേഗത്തിൽ പൂർത്തിയാക്കുന്നതിൽനിന്നു” ഈ സന്ദേശവാഹകരെ “മഞ്ഞോ, മഴയോ, ചൂടോ, രാത്രിയിലെ ഇരുട്ടോ തടസ്സ”പ്പെടുത്തിയിരുന്നില്ല എന്നു ചരിത്രകാരനായ ഹെറോഡോട്ടസ് പ്രസ്താവിച്ചു. ഇതായിരുന്നു പേർഷ്യൻ സാമ്രാജ്യത്തുടനീളം ഉണ്ടായിരുന്ന ദൈനംദിന ഗവൺമെൻറ് വാർത്താവിനിമയ സമ്പ്രദായം.
[17-ാം പേജിലെ ചിത്രം]
യന്ത്രങ്ങൾ ഒരു മണിക്കൂറിൽ ആയിരക്കണക്കിനു കത്തുകൾ വായിക്കുകയും സോർട്ട് ചെയ്യുകയും ചെയ്യുന്നു
[കടപ്പാട്]
USPS Photo