ലോകത്തെവീക്ഷിക്കൽ
“സഭയുടെ വലിയവേദനയ്ക്കുള്ള ഒരു കാരണം”
കിഴക്കൻ കാനഡയിലെ ബിഷപ്പുമാരുൾപ്പെട്ട തന്റെ സദസ്സിന്റെ മുമ്പാകെ ജോൺ പോൾ 2-ാമൻ പുരോഹിതൻമാർ ചെയ്യുന്ന ലൈംഗിക ദുഷ്കൃത്യങ്ങളിലേക്ക് തന്റെ ശ്രദ്ധ തിരിച്ചു. ലൊസ്സെയ്ർവാറെറാറെയ് റൊമാനൊയിൽ റിപ്പോർട്ടു ചെയ്തതനുസരിച്ച് “വൈദികഗണത്തിലെ അംഗങ്ങൾ കാരണമുണ്ടായ അപവാദവും ഈ കാര്യത്തിൽ പരാജയപ്പെട്ട മതാംഗങ്ങളും കാനഡയിലെ സഭയെ സംബന്ധിച്ചടത്തോളം ഒരു മഹാ തൊന്തരവ് ആയിരിക്കുകയാണ്” എന്ന് പോപ്പ് കാനഡയിലെ മുഖ്യ പുരോഹിതൻമാരോടു പറഞ്ഞു. “ലൈംഗിക ദുഃസ്വഭാവത്തിന് ഇരകളായിത്തീരുന്നവർക്കു വേണ്ടിയും അതിനു കുററക്കാരായിരിക്കുന്നവർക്കു വേണ്ടിയും” താൻ പ്രാർഥിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുരോഹിതൻമാർ നിവർത്തിക്കാൻ നിർബന്ധിതരായിരിക്കുന്ന ബ്രഹ്മചര്യം നിറുത്തൽ ചെയ്യുന്നത് പുരോഹിതൻമാരാലുള്ള ലൈംഗിക ദുഷ്കൃത്യത്തോടു ബന്ധപ്പെട്ട അപവാദങ്ങൾ കുറയ്ക്കുകയും പോപ്പ് സൂചിപ്പിച്ചതുപോലുള്ള “പുരോഹിതൻമാരുടെ ദൗർലഭ്യം അഥവാ അസമമായി വിഭജിച്ചാക്കിയിരിക്കുന്നതു” പരിഹരിക്കുകയും ചെയ്യും എന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ ജോൺ പോൾ 2-ാമൻ പറയുന്നതനുസരിച്ച് “ഇന്ന് ബ്രഹ്മചര്യം നിലനിർത്തിക്കൊണ്ടു പോകുന്നതിനു തടസ്സമായി പറയുന്ന കാരണങ്ങൾ അതിന്റെ മൂല്യത്തെയും ഔചിത്യത്തെയും തകിടം മറിക്കാൻ മതിയായവയല്ല.”
മയക്കുമരുന്ന് ആസക്തി എന്തുകൊണ്ട്?
“ഏതൊരു പ്രശ്നത്തെയും പരിഹരിക്കാൻ പററിയ ഒരു ചെറിയ ഗുളിക ആധുനിക ഔഷധശാസ്ത്രം വികസിപ്പിച്ചെടുത്തിരിക്കുന്നു എന്ന് അനേകം ആളുകൾ വിശ്വസിക്കുന്നു. ഉറക്കമാണ് പ്രശ്നമെങ്കിൽ ഒരു ഗുളിക കഴിക്കുന്നു. ജോലിസ്ഥലത്തെ തന്റെ പ്രകടനം മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ മറെറാരു ഗുളികയും” എന്ന് സൗൺ പൗലുവയിലെ പൊലീസ് ചീഫായ ആൽബെർട്ടൂ കൊറാസാ വിശദീകരിക്കുന്നതായി ബ്രസീലിയൻ മാഗസിനായ വേഷാ ഉദ്ധരിക്കുന്നു. “അത്തരം സംസ്കാരം യുവജനങ്ങളെ സ്വാധീനിക്കുന്നത് യുക്തിസഹമാണ്.” അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “മയക്കുമരുന്നാസക്തരുടെ എൺപതു ശതമാനം പേർ ഗുരുതരമായ കുടുംബ പ്രശ്നങ്ങളുള്ളവരാണ്. അവർ വളരെ നിയന്ത്രിതമോ വളരെ അനുവദനീയമോ ആയ കുടുംബത്തിൽനിന്ന് അല്ലെങ്കിൽ പിതാവില്ലാത്ത ഒരു ഭവനത്തിൽനിന്ന് വരുന്നവരാണ്.” എന്നാൽ മാതാപിതാക്കൾക്ക് യുവജനങ്ങളെ മയക്കുമരുന്നിൽനിന്ന് എങ്ങനെ സംരക്ഷിക്കാൻ കഴിയും? “അതിനു വേണ്ടി ആസൂത്രണം ചെയ്യുക എന്നത് അപ്രായോഗികമായി തോന്നിയേക്കാം. കുട്ടികളോട് സ്നേഹവും പരസ്പര സംഭാഷണവും നിലനിൽക്കുന്ന സന്തുലിതമായ ഒരു ഭവനത്തിൽ മയക്കുമരുന്നിന് സ്ഥാനം ഉണ്ടായിരിക്കില്ല” എന്ന് കൊറാസാ പറയുന്നു.
“ഏററവും അക്രമാസക്തമായ രാഷ്ട്രം”
“ലോകത്തിലെ ഏററവും അക്രമാസക്തമായ രാഷ്ട്രം അമേരിക്കയാണ്. 1990-ൽ ഓസ്ട്രേലിയയിൽ 10 പേരും ഗ്രേററ് ബ്രിട്ടനിൽ 22 പേരും കാനഡയിൽ 68 പേരും കൈത്തോക്കുകൾ ഉപയോഗിച്ച് കൊലചെയ്യപ്പെട്ടു. എന്നാൽ ഐക്യനാടുകളിൽ വധിക്കപ്പെട്ടവർ 10,567 പേരായിരുന്നു,” പംക്തിയെഴുത്തുകാരിയായ ആൻ ലാൻഡർസ് എഴുതുന്നു. ലോകത്തിലെ ഏററവും വലിയ സായുധ രാഷ്ട്രവും അതാണ്. അവിടത്തെ ജനങ്ങൾ 20 കോടിയിലധികം വെടിക്കോപ്പുകൾ സ്വന്തമാക്കിയിട്ടുണ്ട്—അതായത് 25.5 കോടി ജനങ്ങളിൽ മിക്കവർക്കും ഒരെണ്ണം വീതമുണ്ട്. സ്കൂളുകൾ അക്രമത്തിൽനിന്ന് വിമുക്തമല്ല. മുഴു ഹൈസ്കൂൾ വിദ്യാർഥികളുടെയും ഏതാണ്ട് 20 ശതമാനത്തിന് ഏതെങ്കിലും തരത്തിലുള്ള ആയുധം കൈവശമുണ്ട്. ഓരോ വർഷവും 30 ലക്ഷം കുററകൃത്യങ്ങൾ സ്കൂൾ കാമ്പസിലോ അതിനു വെളിയിലോ ആയി നടക്കുന്നു. ഓരോ ദിവസവും 40 അധ്യാപകർ വീതം ശാരീരികമായി ആക്രമിക്കപ്പെടുന്നു, കൂടാതെ 900-ത്തോളം അധ്യാപകർ ശാരീരിക ഉപദ്രവത്തിന്റെ ഭീഷണിയിലാണ്. ദേശീയ വിദ്യാഭ്യാസ സമിതി പറയുന്നതനുസരിച്ച് ഓരോ ദിവസവും 1,00,000 വിദ്യാർഥികൾ തോക്കുകളുമായി സ്കൂളിൽ പോകുന്നുണ്ട്. ഒരു സാധാരണ ദിവസം 40 കുട്ടികൾ വെടിക്കോപ്പുകളാൽ കൊലചെയ്യപ്പെടുകയോ പരിക്കേൽക്കപ്പെടുകയോ ചെയ്യുന്നു. “അക്രമത്തോടുള്ള നമ്മുടെ സഹിഷ്ണുത അസാധാരണമാണ്. സ്കൂളുകൾ അതിന്റെ ഒരു പ്രതിഫലനം മാത്രമാണ്” എന്ന് മാനസിക ആരോഗ്യ ദേശീയ ഇൻസ്ററിററ്യൂട്ടിലെ ജാൻ ഇ. റിക്ക്റേറർസ് പറയുന്നു. 12-ാം ഗ്രേഡിൽ പഠിക്കുന്ന തന്റെ വിദ്യാർഥികളോട് ഒരു ഉപന്യാസമെഴുതാൻ പറയുമ്പോൾ മുമ്പ് 10 ശതമാനം വിജയനിരക്കു മാത്രം ലഭിച്ചിരുന്ന സ്ഥാനത്ത് “എനിക്ക് ഇഷ്ടപ്പെട്ട ആയുധം” എന്ന വിഷയം കൊടുത്തപ്പോൾ ഒരു ഇംഗ്ലീഷ് അധ്യാപകന് കിട്ടിയ പ്രതികരണം 100 ശതമാനമായിരുന്നു.
സഭയുടെ വിഷമസ്ഥിതി
സഭയുടെ ബ്രഹ്മചര്യ നിയമത്തിന് അയവു കല്പിക്കണമെന്നും വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ സേവിക്കാൻ വിവാഹിതരായ പുരോഹിതൻമാരെ അനുവദിക്കണമെന്നും പടിഞ്ഞാറേ കാനഡയിൽ നിന്നുള്ള ബിഷപ്പുമാർ വത്തിക്കാനോട് അപേക്ഷിച്ചു. സാംസ്കാരിക പരിഗണനകളും അതോടൊപ്പം വടക്കൻ പ്രവിശ്യകളിലെ പുരോഹിതൻമാരുടെ ദൗർലഭ്യവും തങ്ങളുടെ അപേക്ഷയെ ന്യായീകരിക്കുമെന്ന് ബിഷപ്പുമാർ വിചാരിച്ചു. “ഇന്യൂട്ടിലെയും ഡനെയിലെയും ആളുകളെ സംബന്ധിച്ചടത്തോളം ഒരുവൻ വിവാഹിതനായി കുടുംബത്തെ വളർത്തി ഒരു മൂപ്പനായിത്തീരുന്നില്ലെങ്കിൽ, ‘അയാളെ ഒരു നേതാവായി കണക്കാക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നതല്ല’ അവരുടെ കുടുംബ സംസ്കാരം എന്ന് ബിഷപ്പായ ഡെനീസ് ക്രൊട്ടൊ പറയുന്ന”തായി ദ റെറാറൊന്റോ സ്ററാർ റിപ്പോർട്ടു ചെയ്യുന്നു. പോപ്പ് ജോൺ 2-ാമനും മററു വത്തിക്കാൻ ഉദ്യോഗസ്ഥരും ബിഷപ്പിന്റെ അപേക്ഷ ശ്രദ്ധിച്ചെങ്കിലും മാററമൊന്നും വരാൻ പോകുന്നില്ല. “കാനഡയോടു മാത്രം പ്രത്യേകത കാണിച്ചാൽ അത് മാധ്യമ ശ്രദ്ധ പിടിച്ചുപററുമെന്നും ആഫ്രിക്കയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നും മററു സ്ഥലങ്ങളിൽ നിന്നും അപേക്ഷകൾ ഒഴുകി വരുന്നതിന് അതിടയാക്കുമെന്നും” ഉള്ള ഭയം സുവിശേഷ പ്രചരണത്തിനുള്ള വത്തിക്കാൻ സഭാ നേതാവായ കാർഡിനൽ ജോസെഫ് റേറാംകോ പ്രകടമാക്കിയെന്ന് സ്ററാർ പറയുന്നു.
വിഷാദം വർധിക്കുന്നു
“20-ാം നൂററാണ്ടിൽ ലോകത്തിന്റെ ഭൂരിഭാഗത്തും കടുത്ത വിഷാദത്തിന്റെ നിരക്ക് ക്രമമായി വർധിച്ചിരിക്കുന്നു എന്ന് ഒൻപതു രാജ്യങ്ങളിലെ ആകെ 43,000 ആളുകളുമായുള്ള കൂടിക്കാഴ്ചകൾ ഉൾപ്പെട്ട 12 സ്വതന്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് അമേരിക്ക നേരത്തെ നടത്തിയിരുന്ന ഗവേഷണത്തെ സ്ഥിരീകരിച്ചിരിക്കുന്നു” എന്ന് ദ ഹാർവാർഡ് മെൻറൽ ഹെൽത്ത് ലെററർ പ്രസ്താവിക്കുന്നു. “താരതമ്യേന ചെറുപ്പക്കാരായ ആളുകൾ തങ്ങളുടെ ജീവിതത്തിൽ ചില സമയങ്ങളിൽ കഠിനമായ വിഷാദമനുഭവിക്കാൻ കൂടുതൽ സാധ്യതയുള്ളവരാണ്” എന്ന് “1905-നു മുമ്പു തുടങ്ങി 1955-നു ശേഷം വരെയുള്ള പതിററാണ്ടുകളിൽ ജനിച്ചതനുസരിച്ച്” ആളുകളെ “ഗ്രൂപ്പുകളായി” വിഭാഗിച്ചുള്ള പഠനങ്ങൾ മിക്കവയും പ്രകടിപ്പിച്ചു. നൂററാണ്ടിലുടനീളം കടുത്ത നിരാശ ക്രമമായി വർധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് മിക്ക പഠനങ്ങളും പ്രകടിപ്പിച്ചു.
കുട്ടികളുടെ ആരോഗ്യം കാത്തുസൂക്ഷിക്കൽ
“ഭക്ഷണ ദൗർലഭ്യമോ രോഗമോ കാരണമുള്ള പോഷകാഹാരക്കുറവു നിമിത്തം വികസ്വര ലോകത്തെ സ്കൂൾ പ്രായമെത്താത്ത കുട്ടികളിൽ 230 ലക്ഷത്തിലധികം പേരുടെ അഥവാ 43 ശതമാനം പേരുടെ വളർച്ച മുരടിച്ചിരിക്കുന്നു” എന്ന് ഐക്യനാടുകളിലെ ഒരു പ്രസ്സ് സന്ദേശം പറയുന്നു. 1993-ൽ 40 ശതമാനം കുട്ടികൾ പോഷകാഹാരക്കുറവു നിമിത്തം മരിച്ചുപോയതായി കണക്കാക്കപ്പെടുന്നു. പോഷകാഹാരക്കുറവുകൊണ്ടു നേരിട്ടോ പോഷകാഹാരക്കുറവ് സാംക്രമിക രോഗങ്ങളുടെ സ്വാധീനത്തെ വഷളാക്കിയതുകൊണ്ടോ ആണ് ഇതു സംഭവിച്ചത്. എന്നാൽ പരിഹാരം എന്താണ്? “ജനിച്ച് 4 മുതൽ 6 വരെ മാസക്കാലം എല്ലാ ശിശുക്കൾക്കും മുലപ്പാൽ മാത്രം കൊടുക്കാൻ” ലോകാരോഗ്യ സംഘടന ശുപാർശചെയ്യുന്നു. “അതിനുശേഷം, ഉചിതവും മതിയായതുമായ മററ് ആഹാരത്തോടൊപ്പം കുഞ്ഞിനെ 2 വയസ്സുവരെയും തുടർന്നും മുലയൂട്ടിക്കൊണ്ടിരിക്കേണ്ടതാണ്.” അമ്മമാരോടും ആരോഗ്യപരിപാലകരോടും പറഞ്ഞിരിക്കുന്നത് ഇതാണ്, മുലപ്പാൽ കുടിച്ചുവളരുന്ന കുട്ടിയുടെ വളർച്ചാരീതിയെ വളർച്ചാവൈകല്യമായി തെററിധരിച്ച് സമയത്തിനു മുമ്പേ മററു ഭക്ഷണങ്ങൾ കൊടുത്തുതുടങ്ങരുത്. ഇത് ശിശുക്കളെ സംബന്ധിച്ചടത്തോളം അപകടകരവും പോഷകാഹാരക്കുറവിനും രോഗത്തിനും വഴിതെളിക്കുന്നതുമാണ്, പ്രത്യേകിച്ച് ആഹാരം ശുചിയില്ലാത്തതും പോഷകപരമായി അപര്യാപ്തവുമാണെങ്കിൽ.
അടിമത്തം ഇന്ന്
“ആരും അടിമത്തത്തിലോ ദാസ്യവൃത്തിയിലോ ആയിരിക്കരുത്” എന്ന മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം ഉണ്ടായിരുന്നിട്ടും ദശകോടിക്കണക്കിന് ആളുകൾ അടിമകളെന്ന നിലയിൽ ക്ലേശം അനുഭവിക്കുകയാണ്. വാസ്തവത്തിൽ, അടിമത്തസമാനമായ പ്രവർത്തനങ്ങൾക്ക് ഇന്ന് വിധേയരായ ആളുകളുടെ എണ്ണം “അടിമത്ത വ്യാപാരം ഉച്ചകോടിയിലെത്തിയ” 16-ഉം 18-ഉം നൂററാണ്ടുകളിലുണ്ടായിരുന്ന അടിമകളുടെ എണ്ണത്തെക്കാൾ കൂടുതലാണെന്ന് യുഎൻ ക്രോണിക്കിൾ എന്ന മാഗസിൻ ചൂണ്ടിക്കാട്ടുന്നു. ഇരകളിലനേകരും കുട്ടികളാണെന്നുള്ളതാണ് ഇന്നത്തെ അടിമത്തത്തിന്റെ ഒരു ഞെട്ടിക്കുന്ന വശം. ഏഴുമുതൽ പത്തുവരെ വയസ്സുള്ള കുട്ടികൾ തൊഴിൽശാലകളിൽ ഒരു ദിവസം 12 മുതൽ 14 വരെ മണിക്കൂറുകൾ പൊരിഞ്ഞു പണിയെടുക്കുന്നു. മററുചിലർ വീട്ടുവേലക്കാരായോ വേശ്യകളായോ പട്ടാളക്കാരായോ അടിമവൃത്തി ചെയ്യുന്നു. “അത് തീരെ ചെലവു കുറഞ്ഞതും കുട്ടികൾ പരാതിപ്പെടാൻ മടിയുള്ളവരും ആയതുകൊണ്ട് ബാലജനതൊഴിലിനു നല്ല പ്രിയമാണ്” എന്ന് ഐക്യരാഷ്ട്രങ്ങളുടെ മനുഷ്യാവകാശ കേന്ദ്രം പ്രസ്താവിക്കുന്നു. അടിമത്തം ദാരുണമായ ഒരു “ആധുനിക യാഥാർഥ്യം” ആയി നിലനിൽക്കുന്നുവെന്ന് ഐക്യരാഷ്ട്രങ്ങളുടെ മനുഷ്യാവകാശ കേന്ദ്രം റിപ്പോർട്ടു ചെയ്യുന്നു.
പൊണ്ണത്തടിയുടെ സൂത്രവാക്യം
സ്കൂൾ പ്രായമെത്താത്ത കുട്ടികൾ ഒരു ദിവസം ടെലിവിഷൻ കണ്ടു ചെലവഴിക്കുന്ന മണിക്കൂറുകളുടെ എണ്ണം പിന്നെയുള്ള ബാല്യകാലത്തിലെ അധികമായ ശരീര കൊഴുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ബോസ്ററൺ യൂണിവേഴ്സിററി സ്കൂൾ ഓഫ് മെഡിസിനിലെ ഡോ. മൺറോ പ്രക്ററർ അവകാശപ്പെടുന്നു. 3-നും 5-നും ഇടയ്ക്ക് പ്രായമുണ്ടായിരുന്ന സ്കൂൾ പ്രായമെത്താത്ത 97 കുട്ടികളുടെ നാലു വർഷത്തെ പഠനം ഡോ. പ്രക്ററർ നടത്തുകയുണ്ടായി. തങ്ങളുടെ കുട്ടികൾ ഓരോ ദിവസവും എത്ര മണിക്കൂർ ടെലിവിഷൻ കാണുന്നുണ്ടെന്ന് മാതാപിതാക്കൾ നിരീക്ഷിക്കുകയും വർഷംതോറും ശരീരമാകമാനമുള്ള തൊലിമടക്കുകളുടെ അളവെടുക്കുകയും ചെയ്തു. കാനഡയുടെ ദ മെഡിക്കൽ പോസ്ററിൽ റിപ്പോർട്ടു ചെയ്തതനുസരിച്ച് “ഓരോ കുട്ടിയും ദിവസേന ശരാശരി രണ്ടു മണിക്കൂർ ടെലിവിഷൻ കാണുകയുണ്ടായി. കൂടുതലായ ഓരോ മണിക്കൂർ ടിവി കാഴ്ചയും മുത്തല മാംസപേശികളുള്ള സ്ഥലങ്ങളിലെ തൊലിമടക്കുകളിൽ 0.8 മില്ലീമീററർ വർധനവുണ്ടാക്കുകയും ആകെ തൊലിമടക്കുകളിൽ 4.1 മില്ലീമീററർ വർധനവുണ്ടാക്കുകയും ചെയ്തു.” ടെലിവിഷൻ കാഴ്ച ശാരീരിക പ്രവർത്തനവും ഉപാപചയ നിരക്കും കുറയ്ക്കുകയും കൂടുതൽ കലോറികളുള്ള ആഹാര പരസ്യങ്ങൾക്ക് കുട്ടികളെ വിധേയരാക്കുകയും ചെയ്യുന്നു, നിഷ്ക്രിയരായിരിക്കവേ കുട്ടികൾ ഈ ആഹാരപദാർഥങ്ങൾ കഴിക്കുകയും ചെയ്യുന്നു.
അവധിയുടെ ദ്വീപ്
“ശ്രീലങ്കയുടെ പ്രവൃത്തിരഹിത ദിനങ്ങളുടെ എണ്ണം കുറയ്ക്കാൻ [ലോക] ബാങ്കും [അന്താരാഷ്ട്ര നാണയ നിധി]യും ഗവൺമെൻറിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കയാണ്” എന്ന് ദി ഇക്കണോമിസ്ററ് പറയുന്നു. ഇപ്പോൾ 365-ൽ 174-ഉം അവധിദിനങ്ങളാണ്, ഇതു മിക്കവാറും ലോക റിക്കാർഡാണ്. “ആളുകൾ വർഷത്തിന്റെ ഏതാണ്ടു പകുതിയും അവധിയിലായിരിക്കുന്ന ഒരു രാജ്യത്തിന് എങ്ങനെയാണ് പുരോഗമിക്കാൻ കഴിയുക?” ശ്രീലങ്ക വർഗങ്ങളുടെയും മതങ്ങളുടെയും സമ്മിശ്രണമാണെന്ന് ഈ അധിക ഒഴിവു ദിനങ്ങൾ കാണിക്കുന്നു. 5 ലൗകിക ഒഴിവുദിനങ്ങൾക്കു പുറമേ, ബുദ്ധമതക്കാർക്കും ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ആയി 20 മതപരമായ ഒഴിവുദിനങ്ങൾ ഉണ്ട്. സ്വകാര്യ ബിസിനസ്സുകാർക്കുള്ളതുപോലെ സിവിൽ സർവീസിലുള്ളവർക്ക് ഓരോ വർഷവും കൂടുതലായി 45 ദിവസംകൂടെ കിട്ടും. എന്നിട്ടും, ശ്രീലങ്കയുടെ സാമ്പത്തിക വ്യവസ്ഥ വളർന്നുകൊണ്ടിരിക്കയാണ്. “കൃഷിയാണ് സാമ്പത്തിക വ്യവസ്ഥയുടെ കേന്ദ്രബിന്ദു. അത് കൃഷിയിറക്കുന്ന സമയങ്ങളിൽ ദ്വീപിലൂടെ ചുററിയടിക്കുന്ന രണ്ടു കാലവർഷങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. കാലവർഷങ്ങൾക്ക് അവധിയില്ലല്ലോ,” ദി ഇക്കണോമിസ്ററ് പ്രസ്താവിക്കുന്നു.
ലഹരി പിടിച്ചു നടക്കൽ
“മദ്യപിച്ചു വണ്ടിയോടിക്കരുത്” എന്ന് പരസ്യങ്ങൾ പറയുന്നു. മത്തരായി വണ്ടിയോടിക്കുന്നവർക്ക് കഠിനമായ ശിക്ഷകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ചു മത്തരായ ഡ്രൈവർമാരിലാണ് ശ്രദ്ധയിലധികവും കേന്ദ്രീകരിച്ചിരുന്നതെങ്കിലും മദ്യപിച്ചു നടക്കുന്നവരുടെ കാര്യത്തിൽ അശ്രദ്ധ കാട്ടിയിട്ടില്ല. നാഷണൽ ഹൈവേ ട്രാഫിക്ക് സേഫ്ററി അഡ്മിനിസ്ട്രേഷൻ അനുസരിച്ച് 1992-ൽ ഐക്യനാടുകളിൽ 5,546 കാൽനട യാത്രക്കാർ കാറിടിച്ച് മരിക്കുകയുണ്ടായി, ഇവരിൽ മൂന്നിലൊന്നു പേർ മദ്യപിച്ചിട്ടുണ്ടായിരുന്നു. അത് വാഹന സംബന്ധമായ അത്യാഹിതങ്ങളുടെ 14 ശതമാനം ആയിരുന്നു. 14 വയസ്സിനുമേൽ പ്രായമുള്ളവരുടെ ഏതാണ്ട് 36 ശതമാനത്തിന് രക്തത്തിൽ ഉയർന്ന അളവിൽ ആൽക്കഹോൾ ഉണ്ടായിരുന്നു. അവർ വണ്ടിയോടിച്ചിരുന്നെങ്കിൽ അത് മദ്യപിച്ചുള്ള വണ്ടിയോടിക്കൽ ആകുമായിരുന്നു. ഇത്തരം മരണങ്ങൾ എങ്ങനെ തടയാമെന്നും ഏററവും അപകടസാധ്യതയുള്ളത് ആർക്കെന്നും ഒരെത്തും പിടിയുമില്ല.