ലോകത്തെവീക്ഷിക്കൽ
സ്വവർഗസംഭോഗിയായ പുരോഹിത വർഗം
ഒരു സ്വവർഗസംഭോഗ പങ്കാളി ഇല്ലാത്തടത്തോളം കാലം പുരോഹിതൻമാരായി സേവിക്കാൻ സ്വവർഗസംഭോഗികളെ വർഷങ്ങളായി ജർമനിയിലെ ഇവാഞ്ചിലിക്കൽ ലൂഥറൻ ചർച്ച് ഓഫ് ഹന്നോവറിന്റെ വൈദികസമിതി അനുവദിച്ചിരിക്കുന്നു. എന്നാൽ മൂന്നിലധികം വർഷം മുമ്പു സ്വവർഗസംഭോഗത്തിൽ സ്ഥിരം ഏർപ്പെട്ടുകൊണ്ടിരുന്ന ഒരു പുരോഹിതനെ പൗരോഹിത്യ കർമങ്ങളിൽനിന്നു നീക്കം ചെയ്തത് വളരെയധികം വിവാദത്തിന് ഇടയാക്കിയെന്ന് ദ വീക്ക് ഇൻ ജർമനി എന്ന പ്രസിദ്ധീകരണം പറയുന്നു. “‘ഏക-ലിംഗ പങ്കാളിത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന’ പാസ്ററർമാരും കൂട്ടാളികളും പാസ്ററർ സ്ഥാനം ഉൾപ്പെടെയുള്ള സഭാവൃത്തികൾക്ക് യോഗ്യരായിരിക്കും” എന്ന് പ്രസ്താവിച്ചുകൊണ്ടുള്ള ഒരു പ്രമേയം ഹന്നോവറിലെ സഭാധികാരികൾ അടുത്തയിടെ അംഗീകരിച്ചതായി ദ വീക്ക് പറയുന്നു.
എയ്ഡ്സ് ബാധിത രക്തത്തോടു ബന്ധപ്പെട്ട അത്യാഹിതങ്ങൾ
മെഡിക്കൽ ജോലിക്കാരുൾപ്പെട്ട എച്ച്ഐവി ബാധിത രക്ഷ അത്യാഹിതങ്ങൾ എത്ര കൂടെക്കൂടെ ഉണ്ടാകുന്നു എന്ന് റിപ്പോർട്ടു ചെയ്യാൻ ജപ്പാന്റെ ആരോഗ്യ ക്ഷേമ മന്ത്രാലയം അടുത്തകാലത്ത് ആശുപത്രികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തു വർഷങ്ങളിൽ നടന്നിട്ടുള്ള അത്യാഹിതങ്ങളിലായിരുന്നു പ്രത്യേകിച്ചു ശ്രദ്ധ. 276 ആശുപത്രികൾ ഈ ആവശ്യത്തോടു പ്രതികരിച്ചു. ദ ഡെയ്ലി യോമിയുരി പറയുന്നതനുസരിച്ച് ഈ ആശുപത്രികൾ “അബദ്ധവശാലുണ്ടായ 2,997 രക്ഷ സമ്പർക്കമുൾപ്പെടെ ആകെ 12,914 കുത്തിവയ്പ് അപകടങ്ങൾ ഉണ്ടായെ”ന്നു റിപ്പോർട്ടു ചെയ്തു. ഇതിൽ നൂറിലധികം കേസുകളിൽ എച്ച്ഐവി ബാധിത രക്തം ഉൾപ്പെട്ടിരുന്നു. ഏതായാലും ഇതുവരെ അത്യാഹിതങ്ങൾക്കിരയായവർക്കൊന്നും എയ്ഡ്സിനു കാരണമായ എച്ച്ഐവി വൈറസ് ഇല്ലെന്നാണു തെളിഞ്ഞിട്ടുള്ളത്.
കാൻസർ—സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഒരു ടൈംബോംബ്
ഓസ്ട്രേലിയയിലെ ഏററവും സാധാരണമായ ഇനം കാൻസർ ഇപ്പോൾ ചർമാർബുദം ആണെന്ന് ചർമാർബുദ സ്ഥാപനം ആ രാജ്യത്ത് നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. ഓരോ വർഷവും ഏതാണ്ട് 1,000 ഓസ്ട്രേലിയക്കാർ ചർമാർബുദം മൂലം മരണമടയുന്നതായി കണക്കാക്കപ്പെടുന്നു. “അമിതമായ സൂര്യരശ്മിയിൽനിന്നു ചർമത്തെ സംരക്ഷിക്കുന്നതു സംബന്ധിച്ച് അനേകം ഓസ്ട്രേലിയക്കാർ കഴിഞ്ഞകാലത്തു കാട്ടിയ അശ്രദ്ധാ മനോഭാവം ഒരു സ്പന്ദിക്കുന്ന കാൻസർ ടൈംബോംബിന് രൂപം കൊടുത്തിരിക്കുന്നു” എന്ന് പഠനം പറയുന്നതായി സിഡ്നി, ഓസ്ട്രേലിയയിലെ ദ ഡെയ്ലി ടെലഗ്രാഫ് മിറർ പ്രസ്താവിക്കുന്നു. 60-കളിലെയും 70-കളിലെയും 80-കളിലെയും കൗമാരപ്രായക്കാരായ സൂര്യസ്നാനക്കാരാണ് ഇന്നത്തെ ഇരകളിലധികവും.
നിദ്രാവിഹീനർക്കു സഹായം
ഗുരുതരമായ ഉറക്ക പ്രശ്നമുള്ളവർക്കുവേണ്ടി ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകർ നിർദേശങ്ങളുടെ ഒരു ലിസ്ററുതന്നെ സമാഹരിച്ചിരിക്കുന്നു. ദ ഹാർവാർഡ് മെൻറൽ ഹെൽത്ത് ലെററർ പറയുന്നതനുസരിച്ച് ഉറക്കം വരാൻ 80 മിനിറേറാളം ആവശ്യമായിരുന്ന ഒരു കൂട്ടം രോഗികൾക്കു കാര്യമായ പുരോഗതി അനുഭവപ്പെട്ടിരിക്കുന്നു. പല ആഴ്ചത്തെ ചികിത്സ കഴിഞ്ഞപ്പോൾ “അവർക്ക് ഉറങ്ങാൻ ശരാശരി 19 മിനിററു മാത്രമേ വേണ്ടി വന്നുള്ളൂ (75% കുറവ്),” ലെററർ പറയുന്നു. ശുപാർശചെയ്യപ്പെട്ടിരിക്കുന്ന മാർഗങ്ങൾ താഴെപ്പറയുന്നവയാണ്: ഏഴു മണിക്കൂറിലധികം സമയം കിടക്കയിൽ ചെലവഴിക്കാതിരിക്കുക; നിങ്ങളുടെ ശരാശരി ഉറക്ക സമയത്തെക്കാൾ ഒരു മണിക്കൂറിലധികം കൂടെ ഉറങ്ങാതിരിക്കുക; വാരാന്തങ്ങളിലുൾപ്പെടെ എല്ലാ ദിവസവും ഒരേ സമയത്തു തന്നെ എഴുന്നേൽക്കുക; ഉറക്കം വരുമ്പോൾ മാത്രം കിടക്കുക; കിടന്നിട്ട് 20 മിനിററിനകം ഉറങ്ങുന്നില്ലെങ്കിൽ എഴുന്നേററ് വീണ്ടും ഉറക്കം വരുന്നതുവരെ വിശ്രമകരമായ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക.
വാൽനക്ഷത്ര പവിഴങ്ങൾ
ടെലിസ്കോപ്പ് ഫോട്ടോകളിൽ ഒരു പവിഴ മാല പോലെ കാണപ്പെടുന്ന 20-ലധികം വരുന്ന വാൽനക്ഷത്ര ശകലങ്ങളുടെ ഒരു കൂട്ടം വ്യാഴം എന്ന ഗ്രഹവുമായി കൂട്ടിയിടിക്കാനുള്ള പോക്കിലാണെന്ന് ദ വാഷിങ്ടൻ പോസ്ററ് പറയുന്നു. കുറുകെ മൂന്നു കിലോമീറററോളം ദൈർഘ്യം വരുന്നവ ഉൾപ്പെടെയുള്ള ഈ വാൽനക്ഷത്ര ശകലങ്ങൾ മൊത്തത്തിൽ ഷൂമെയ്കർ-ലിവി 9 എന്നാണറിയപ്പെടുന്നത്. കണ്ടുപിടിത്തക്കാരുടെ പേരുകളോടുള്ള ബന്ധത്തിലാണ് അതിന്റെ ഈ പേര്. വ്യാഴത്തിന്റെ സമീപത്തുകൂടെ ഈയിടെ കടന്നുപോയപ്പോൾ അതിന്റെ ഗുരുത്വാകർഷണ ശക്തികളാൽ ഒരു വാൽനക്ഷത്രം ശകലങ്ങളായി മുറിഞ്ഞാണ് വാൽനക്ഷത്ര മാല ഉണ്ടായത് എന്ന് ശാസ്ത്രജ്ഞൻമാർ വിശ്വസിക്കുന്നു. മനുഷ്യരായ നിരീക്ഷകർക്ക് ഒരു അസാധാരണ സംഭവമായ വാൽനക്ഷത്ര ശകലങ്ങളുടെ കൂട്ടിമുട്ടലുകൾ 1994 ജൂലൈയിൽ പല ദിവസങ്ങളിൽ സംഭവിക്കുന്നതായിരിക്കും. വ്യാഴത്തിന്റെ പിൻഭാഗത്താണ് കൂട്ടിമുട്ടൽ നടക്കുന്നതെങ്കിലും അതിന്റെ ഫലമായുണ്ടാകുന്ന ജ്വാലകൾ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ തിളക്കമുള്ളതാക്കും. അത് ഭൂമിയിൽ നിന്ന് ടെലിസ്കോപ്പുകളിലൂടെ കാണാൻ കഴിയും.
സ്ത്രീകൾക്കെതിരെയുള്ള അക്രമം
16 വയസ്സും അതിൽ കൂടുതലും പ്രായമുള്ള കനേഡിയൻ സ്ത്രീകളുടെ 51 ശതമാനം തങ്ങൾക്കു പ്രായപൂർത്തിയെത്തിയ ശേഷം ജീവിതത്തിൽ കുറഞ്ഞത് ഒരു തവണയെങ്കിലും പുരുഷൻമാരുടെ അക്രമത്തിന് ഇരകളായിരുന്നിട്ടുണ്ടെന്ന് അടുത്തകാലത്തെ ഒരു സർവേ വെളിപ്പെടുത്തുന്നതായി ദ ഗ്ലോബ് ആൻഡ് മെയിൽ പറയുന്നു. ഇവരുടെ എണ്ണം അമ്പതു ലക്ഷത്തിലധികം വരും. “കളിത്തോഴൻമാർ (boyfriends), ഭർത്താക്കൻമാർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, മററു പരിചയക്കാർ” എന്നിവരിൽ നിന്നൊക്കെയും ആണ് ആക്രമണം വന്നതെന്ന് ഇൻറർവ്യൂ ചെയ്യപ്പെട്ട സ്ത്രീകളുടെ ഏതാണ്ടു പകുതിയും പറഞ്ഞതായി കാനഡയിലെ ഈ പത്രം റിപ്പോർട്ടു ചെയ്തു. സർവേ ചെയ്യപ്പെട്ട സ്ത്രീകളിൽ പത്തു ശതമാനം പേർ അക്രമത്തിന് ഇരകളായത് കഴിഞ്ഞ ഒററ വർഷത്തിൽ തന്നെയാണ്. 5 ആക്രമണങ്ങളിൽ 1 വീതം ശാരീരിക ദ്രോഹം ഉണ്ടാക്കത്തക്കവിധം ഗുരുതരവുമായിരുന്നു. ഭർത്താക്കൻമാരോ കൂടെത്താമസിക്കുന്ന ഭർത്താക്കൻമാരല്ലാത്ത പുരുഷൻമാരോ തങ്ങളെ ഉന്തുകയും തള്ളുകയും കടന്നുപിടിക്കുകയും അടിക്കുകയും തൊഴിക്കുകയും കടിക്കുകയും ഇടിക്കുകയും ചെയ്തതായി അനേകം സ്ത്രീകൾ റിപ്പോർട്ടു ചെയ്തു.
ആയിരക്കണക്കിന് സസ്യങ്ങൾ അവഗണിക്കപ്പെടുന്നു
“ചരിത്രത്തിൽ, മനുഷ്യൻ അനേകായിരം സസ്യ വർഗങ്ങളെ ഭക്ഷണത്തിന്നായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അവയിൽ ഏതാണ്ട് 150 എണ്ണം മാത്രമേ ഇപ്പോൾ കൃഷി ചെയ്യപ്പെടുന്നുള്ളൂ. അതിൽ കേവലം മൂന്നെണ്ണമാണു സസ്യങ്ങൾ നൽകുന്ന കലോറികളുടെയും പ്രോട്ടീനുകളുടെയും ഏതാണ്ട് 60 ശതമാനവും നൽകുന്നത്” എന്നു യുഎൻ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ പറയുന്നു. അന്താരാഷ്ട്രീയ കാർഷിക പഠനങ്ങൾ ഇതു സ്ഥിരീകരിക്കുന്നു. പ്രകൃതിയിൽ കണ്ടുവരുന്ന പോഷക സമൃദ്ധമായ മററ് ആയിരക്കണക്കിനു സസ്യങ്ങളെ അവഗണിച്ചുകൊണ്ട് ആളുകൾ അരി, ചോളം, ഗോതമ്പ് എന്നീ കഴിച്ചു ശീലിച്ചിട്ടുള്ള പ്രധാന ആഹാരങ്ങളോടു മാത്രം പററിനിൽക്കുന്നു.
തങ്ങളുടെ സ്വന്തം ജീവിതത്തിൻമേൽ അധികാരമില്ല
ജനാധിപത്യത്തെ അനുകൂലിച്ചുകൊണ്ടുള്ള അടുത്തകാലത്തെ മാററങ്ങൾ ഉണ്ടായിരുന്നിട്ടും ഇന്നത്തെ ലോക ജനസംഖ്യയുടെ 90 ശതമാനത്തിന് തങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങളുടെ മേൽ ഒരു അധികാരവുമില്ല. യുഎൻ ഡെവലപ്മെൻറ് പ്രോഗ്രാം (യുഎൻഡിപി) പ്രസിദ്ധീകരിച്ച ഹ്യൂമൻ ഡെവലപ്മെൻറ് റിപ്പോർട്ട് 1993-ന്റെ ഉപസംഹാരം അതാണ്. “ഇടം, വെള്ളം, തൊഴിൽ, താമസസ്ഥലം, അടിസ്ഥാന സാമൂഹിക സേവനങ്ങൾ എന്നിങ്ങനെയുള്ള സാധാരണ ജീവിത സൗകര്യങ്ങൾക്കു വേണ്ടിയുള്ള” തുടർച്ചയായ “പോരാട്ടങ്ങളാലാണ്” ഇപ്പോഴും ഭൂരിപക്ഷം ആളുകളുടെയും ജീവിതം കരുപ്പിടിപ്പിക്കപ്പെടുന്നത് എന്ന് മുൻ യുഎൻഡിപി അഡ്മിനിസ്ട്രേററർ വില്യം ഡ്രേപ്പർ റിപ്പോർട്ടിന്റെ ആമുഖമായി പറഞ്ഞു. “ന്യൂനപക്ഷ സമുദായങ്ങൾ, നിർധനർ, ഗ്രാമവാസികൾ, സ്ത്രീകൾ, വികലാംഗർ എന്നിവർക്ക് തങ്ങളുടെ ജീവിതത്തിനു പരിവർത്തനം വരുത്താനുള്ള സ്വാധീനം പലപ്പോഴും ഇല്ല,” എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പോക്കററ് വലിപ്പത്തിലുള്ള വീഡിയോ ജപമാല
സംഗീതവും മാറിക്കൊണ്ടിരിക്കുന്ന മതപരമായ ചിത്രങ്ങളും ഉള്ള ഒരു ഇലക്ട്രോണിക്ക് വീഡിയോ ജപമാലയുടെ ഉപജ്ഞാതാവകാശം (patent) ഇററലിയിലെ ഒരു കത്തോലിക്കാ പുരോഹിതൻ നേടിയിരിക്കുന്നു. ബൊളൊഗ്ന ദിനപത്രമായ ഇൽ റെസ്റേറാ ഡെൽ കാർലിനോ പറയുന്നതനുസരിച്ച് ബാറററിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഉപകരണം “ലളിതവും കൊണ്ടുനടക്കാൻ എളുപ്പവുമാണ് (പോക്കററിലോ ഹാൻഡ്ബാഗിലോ ഒക്കെ വയ്ക്കാം).” വണ്ടിയോടിക്കുമ്പോൾ പ്രാർഥന ഉരുവിടാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി “സിഗരററ് കത്തിക്കാൻ കാറിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തിൽ ഫിററ് ചെയ്യാവുന്ന വിധത്തിൽ ഇതിന് ഒരു പ്രത്യേക അഡാപ്റററുമുണ്ട്.” ജപമാലയുടെ ഏതു ഭാഗമാണോ വിശ്വാസി ഉരുവിടാൻ ആഗ്രഹിക്കുന്നത് ആ ഭാഗം തന്നെ തിരഞ്ഞെടുക്കാൻ കഴിയും. ഉദാഹരണത്തിന്, “മറിയയ്ക്കു സ്തുതി” എന്ന ബട്ടൺ അമർത്തിയാൽ പ്രാർഥനയുടെ വിവിധ ഘട്ടങ്ങളിൽ പടിപടിയായി പിന്തുടരാൻ കഴിയും. അതിലെ വാക്കുകൾ സ്ക്രീനിൽ തെളിഞ്ഞുവരികയും ചെയ്യും. “പ്രാർഥന മുഴുവൻ തീരുന്നതിനു മുമ്പ് ആൾ ക്ഷീണിതനാകുന്നെങ്കിൽ” അദ്ദേഹത്തിന് ഉപകരണം നിർത്താൻ കഴിയും. ഇലക്ട്രോണിക്ക് മെമ്മറിയുടെ സഹായത്താൽ, “വീണ്ടും സ്വിച്ചിടുമ്പോൾ നിർത്തിയ ഇടത്തുതന്നെ തുടങ്ങാനും കഴിയും,” ഇൽ റെസ്റേറാ ഡെൽ കാർലിനോ പറയുന്നു.
പ്രപഞ്ചത്തിലെ ഏററവും തണുപ്പുള്ള സ്ഥലം
ലോകത്തിൽ വെച്ച് ഏററവും തണുത്ത ഊഷ്മാവ് 0.000,000,000,28 കെൽവിൻ ആണെന്ന് അടുത്തകാലത്ത് കണ്ടെത്തുകയുണ്ടായി. ആബ്സൊല്യൂട്ട് സീറോയെക്കാൾ ഒരു ഡിഗ്രിയുടെ തീരെ ചെറിയ ഒരു അംശം മാത്രം ഉയർന്നതാണ് ഈ തീരെ ചെറിയ ഊഷ്മാവ്. തീരെ തണുത്ത ഈ ഊഷ്മാവ് അനുഭവപ്പെടുന്നത് എവിടെയാണ്? അത് വെളുത്ത, പൊക്കംകൂടിയ മനുഷ്യരുള്ള ഫിൻലൻഡിലാണെന്ന് ന്യൂ സ്കാൻഡിനേവിയൻ ടെക്നോളജി എന്ന മാഗസിൻ പറയുന്നു. എന്നാൽ ഹെൽസിങ്കി യൂണിവേഴ്സിററി ഓഫ് ടെക്നോളജിയിലെ ലോ ടെമ്പറേച്ചർ ഫിസിക്സ് ലബോറട്ടറിയിൽ വെച്ച് ഈ താഴ്ന്ന ഊഷ്മാവ് കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നതുകൊണ്ട് ഫിൻലൻഡിലെ മിക്ക ആളുകൾക്കും ഈ സംഗതി അറിയില്ല. “ആററങ്ങളിലെ എല്ലാ താപ ചലനങ്ങളും നിലയ്ക്കുന്ന താപനില” എന്ന് ന്യൂ സ്കാൻഡിനേവിയൻ ടെക്നോളജിയിൽ വർണിച്ചിരിക്കുന്ന ആബ്സൊല്യൂട്ട് സീറോയിലെത്താൻ ശാസ്ത്രജ്ഞൻമാർക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ജാലക വീക്ഷണത്തിന്റെ മൂല്യം
ജനാലക്കരികിലിരുന്നു ജോലിചെയ്യുന്ന തൊഴിലാളികൾ മെച്ചമായി പണിയെടുക്കുന്നതായി യു.എസ്.എ., മിഷിഗൻ യൂണിവേഴ്സിററിയിലെ ഗവേഷകർ നടത്തിയ ഒരു പഠനം കാണിക്കുന്നു. പൊതു ധാരണയ്ക്കു വിപരീതമായി, കാഴ്ച കാണുന്നത് പകൽക്കിനാവു കാഴ്ചയെ പ്രോത്സാഹിപ്പിക്കണമെന്നില്ല. “പുറംകാഴ്ചകൾ കണ്ട് പണിയെടുക്കുന്നവർ ജോലിയിൽ കൂടുതൽ ഊർജസ്വലതയും ക്ഷമയും ശ്രദ്ധയും പ്രകടിപ്പിക്കുന്നതായും തളർച്ചയും ശാരീരിക വേദനകളും കുറച്ച് അനുഭവിക്കുന്നതായും കാണപ്പെടുന്നു” എന്ന് 1,200 വ്യക്തികളുടെ ഒരു സർവേ വെളിപ്പെടുത്തിയതായി ബിസിനസ്സ് വീക്ക് എന്ന മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. പ്രത്യുത, ജനാലകളില്ലാത്ത അറകളിൽ ജോലിചെയ്യുന്നവർ “ഭാവനാ പ്രാപ്തി കുറഞ്ഞവരും കൂടുതൽ കോപിഷ്ഠരും” ആയിരിക്കാനും ശ്രദ്ധാശൈഥില്യം കൂടുതൽ അനുഭവിക്കാനും ഉള്ള സാധ്യതയുണ്ട്.
ബുദ്ധിപരമായ കളിപ്പാട്ടങ്ങൾ
“തികച്ചും വിനോദമായിരിക്കുന്നവയെ മത്സരാത്മകമായ ഭാവി നേട്ടങ്ങൾക്കുവേണ്ടി മാതാപിതാക്കൾ കൈമാറുമ്പോൾ വിദ്യാഭ്യാസപരമായ കളിപ്പാട്ടങ്ങളുടെ വില്പന കുതിച്ചുയരുകയാണ്” എന്ന് ദ ഗ്ലോബ് ആൻഡ് മെയിൽ എന്ന കനേഡിയൻ പത്രം സൂചിപ്പിക്കുന്നു. “കളിക്കാൻ വേണ്ടി മാത്രമുള്ള” കളിപ്പാട്ടങ്ങൾ കുട്ടികൾ ഉപയോഗിക്കുന്നതു ചില മാതാപിതാക്കൾ തടയുകപോലും ചെയ്യുന്നു എന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. “പകരം, കളിയുടെ ഓരോ നിമിഷവും ഓരോരോ വൈദഗ്ധ്യങ്ങൾ അഭ്യസിപ്പിക്കുന്ന വിധത്തിലുള്ളവയായിരിക്കണം എന്നാണ് അവരുടെ ആഗ്രഹം.” ഈ പ്രവണത കുട്ടികളെ ഉയർന്നതോതിൽ ബുദ്ധിവൈഭവവും മെച്ചമായ വൈദഗ്ധ്യങ്ങളും ഉള്ളവരാക്കി തീർക്കും എന്ന് പലരും വിശ്വസിക്കുമ്പോൾ ചില വിദഗ്ധർ അതിനോട് യോജിക്കുന്നില്ല. നിയന്ത്രണമില്ലാത്ത, വിലയേറിയ കളിസമയം കുട്ടികളിൽനിന്ന് കവർന്നെടുക്കുന്നത് അവരുടെ സർഗാത്മകതയെ ഞെരുക്കിക്കളയുകയും “അതിന്റെ ഫലമായി അവരുടെ പഠനപ്രാപ്തി കുറഞ്ഞുപോകയും ചെയ്യും” എന്ന് പത്രം പറയുന്നു.
കടൽക്കൊള്ള വർധിക്കുന്നു
“കപ്പൽ ജോലിക്കാരെ സംബന്ധിച്ചടത്തോളം കടൽക്കൊള്ള എണ്ണത്തിലും കാഠിന്യത്തിലും ഈ കഴിഞ്ഞ വർഷങ്ങളിൽ കാര്യമായി വർധിച്ചിരിക്കുന്നു” എന്ന് കടൽക്കൊള്ളയെയും കപ്പലുകളുടെ സായുധ കൊള്ളയെയും പ്രതിരോധിക്കുന്ന ഐക്യനാടുകളുടെ ഒരു ഏജൻസിയായ ദ ലണ്ടൻ-ബേസ്ഡ് ഇൻറർനാഷണൽ മാരിറൈറം ഓർഗനൈസേഷൻ റിപ്പോർട്ടു ചെയ്യുന്നു. റിപ്പോർട്ടു ചെയ്യപ്പെട്ട 400 കടൽക്കൊള്ളകളിൽ ഭൂരിപക്ഷവും തെക്കുകിഴക്കൻ ഏഷ്യയുടെ മലാക്കാ കടലിടുക്കിൽ ആണ് സംഭവിച്ചതെങ്കിലും ആഫ്രിക്കയുടെ പശ്ചിമ തീരത്തും തെക്കേ അമേരിക്കയുടെ വടക്കുകിഴക്കൻ തീരത്തും കടൽക്കൊള്ളക്കാർ ചുററിസഞ്ചരിക്കുന്നുണ്ട്. കടൽക്കൊള്ള “ഒരു ലോകവ്യാപക പ്രശ്നമാകുമെന്ന ഭീഷണി ഉണ്ട്” എന്ന് യുഎൻ ക്രോണിക്കിൾ മാഗസിൻ എഴുതുന്നു.