ലോകത്തെ വീക്ഷിക്കൽ
നക്ഷത്രങ്ങളെ എണ്ണൽ
രാത്രിയിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് ഉറ്റു നോക്കി എത്ര നക്ഷത്രങ്ങളെ കാണാൻ കഴിയുമെന്നു നിങ്ങൾ അതിശയം കൂറിയിട്ടുണ്ടോ? അടുത്ത കാലത്ത്, സ്കൈ & ടെലസ്കോപ്പ് എന്ന മാഗസിൻ യുഗപ്പഴക്കമുള്ള ഈ ചോദ്യം കൈകാര്യം ചെയ്യുകയുണ്ടായി. അതിന്റെ ഉത്തരം, ഒരുവൻ വിചാരിച്ചേക്കാവുന്നതുപോലെ, അത്ര നിസ്സാരമല്ല. ജ്യോതിശ്ശാസ്ത്ര പരാമർശഗ്രന്ഥങ്ങൾ പറയുന്നതനുസരിച്ച്, വടക്കൻ അക്ഷാംശങ്ങളിലെ ശരിക്കും ഇരുണ്ട ഒരു ചുറ്റുപാടിൽ സാധാരണ ഒരു കാഴ്ചക്കാരന് 2,862 നക്ഷത്രങ്ങളെ കാണാം. എന്നാൽ, ഈ നക്ഷത്രങ്ങളെല്ലാംതന്നെ ഒരു നിർദിഷ്ട സമയത്ത് ആ പ്രദേശത്തെ ചക്രവാളത്തിനു മുകളിൽ ഉള്ളവയല്ല; പലതും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. കൂടുതലായി, നേരെ തലയ്ക്കു മീതെ അനായാസം ദൃശ്യമാകുന്ന പല നക്ഷത്രങ്ങളും അവ ചക്രവാളത്തിന് അടുത്തായിരിക്കുമ്പോൾ അദൃശ്യമാണ്. അതിന്റെ കാരണം സമുദ്രനിരപ്പിൽനിന്ന് ഉയരം കുറഞ്ഞ അത്തരം പ്രദേശങ്ങളിൽ, കാഴ്ചക്കാരന്റെ കണ്ണുകളിൽ നക്ഷത്രവെളിച്ചം പതിക്കുന്നതിന് ഭൂമിയുടെ അന്തരീക്ഷത്തിൽക്കൂടി അതിനു ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നതാണ്. 40 ഡിഗ്രി വടക്കേ അക്ഷാംശത്തിലുള്ള ഒരു നിരീക്ഷകന് വർഷം മുഴുവനും ഏതാണ്ട് 1,809 നക്ഷത്രങ്ങൾ കാണാമെന്ന് സ്കൈ & ടെലസ്കോപ്പ് നിഗമനം ചെയ്യുന്നു.
ഐക്യനാടുകളിലെ മുഖ്യ ഘാതകർ
ഐക്യനാടുകളിലെ മരണത്തിന്റെ മുഖ്യ കാരണങ്ങൾ എന്തെല്ലാമാണ്? ദ ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, ഓരോ വർഷവും മരണങ്ങൾക്കു നിദാനമായ ബാഹ്യമായ അഥവാ ജനിതകപരമല്ലാത്ത മുഖ്യ ഘടകങ്ങൾ അന്വേഷിക്കുകയുണ്ടായി. സ്ഥിതിവിവരക്കണക്കുകൾ വ്യാപകമായി സർവേ നടത്തിയശേഷം പഠനത്തിന്റെ നിഗമനം ഇതായിരുന്നു, 1990-ൽ ഐക്യനാടുകളിലുണ്ടായ 21,48,000 മരണങ്ങളിൽ ഏതാണ്ട് 4,00,000 മരണങ്ങൾ പുകയില നിമിത്തമായിരുന്നു; 3,00,000 ഭക്ഷണ-വ്യായാമ ശീലങ്ങൾ നിമിത്തം; 1,00,000 മദ്യം നിമിത്തം; 90,000 സൂക്ഷ്മാണുക്കൾ മുഖാന്തരം; 60,000 പരിസ്ഥിതിയെ മലിനീകരിക്കുകയോ ഭക്ഷണത്തെയോ വെള്ളത്തെയോ മലീമസമാക്കുകയോ ചെയ്യുന്ന വിഷലിപ്ത ഘടകങ്ങളാൽ; 35,000 തോക്കുകളാൽ; 30,000 ലൈംഗിക ദുഷ്പെരുമാറ്റത്താൽ; 25,000 മോട്ടോർ വാഹനങ്ങളാൽ; 20,000 നിയമവിരുദ്ധമായ മയക്കുമരുന്നുപയോഗത്താൽ. ഇവയെല്ലാം കണക്കിലെടുത്താൽ, ഒരു വർഷത്തെ മൊത്തം മരണങ്ങളുടെ പകുതിക്കു നിദാനം ഇത്തരം ബാഹ്യമായ ഘടകങ്ങളായിരുന്നുവെന്ന് ആ പഠനം കണ്ടെത്തി.
കുട്ടികളും യുദ്ധവും
സേവ് ദ ചിൽഡ്രൻ എന്ന ബ്രിട്ടീഷ് ദുരിതാശ്വാസ ഏജൻസിയുടെ അടുത്ത കാലത്തെ ഒരു റിപ്പോർട്ടു പറയുന്നതനുസരിച്ച്, കഴിഞ്ഞ പത്തു വർഷമായി പട്ടാളക്കാരെക്കാളധികം സാധാരണ പൗരൻമാർക്ക്—പ്രത്യേകിച്ച് കുട്ടികൾക്ക്—യുദ്ധം വളരെ അപകടകരമായിത്തീർന്നിരിക്കുകയാണ്. ആ ഏജൻസിയുടെ വിദേശ വക്താവ് പിൻവരുന്നപ്രകാരം പറഞ്ഞതായി ഒരു അസോഷിയേറ്റഡ് പ്രസ്സ് റിപ്പോർട്ടിൽ ഉദ്ധരിക്കുകയുണ്ടായി: “യുദ്ധം നിമിത്തം മരിക്കുന്ന 10 പേരിൽ ഒമ്പതു പേരും സാധാരണ പൗരൻമാരാണ്. കുട്ടികളാണ് മിക്കപ്പോഴും അതിന്റെ മുഖ്യ ഇരകൾ—വാസ്തവത്തിൽ യുദ്ധം നിമിത്തം മരിക്കാൻ പട്ടാളക്കാരെക്കാൾ വളരെയധികം സാധ്യത കൂടുതലുള്ളത് അവർക്കാണ്.” 25 പേജുള്ള റിപ്പോർട്ട് ലോകത്തിലെ കുട്ടികളുടെ കഴിഞ്ഞ ദശകത്തിലുണ്ടായ മരണം കണക്കാക്കി, പിൻവരുന്ന ദാരുണമായ സ്ഥിതിവിവരക്കണക്കുകൾ പ്രദാനം ചെയ്യുന്നു. ലോകത്തിനു ചുറ്റുമുള്ള യുദ്ധങ്ങളിൽ 15 ലക്ഷത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടു; 40 ലക്ഷത്തിലധികം പേർക്കു വൈകല്യമോ അന്ധതയോ മസ്തിഷ്കക്ഷതമോ മുറിവോ ഉണ്ടായി; 1 കോടി 20 ലക്ഷത്തിലധികം പേർക്കു തങ്ങളുടെ ഭവനം നഷ്ടമായി; 1 കോടി ആളുകൾ അഭയാർഥികളായിത്തീർന്നു; 50 ലക്ഷം പേർ അഭയാർഥി ക്യാമ്പുകളിൽ ജീവിക്കാൻ നിർബന്ധിതരാകുകയും 10 ലക്ഷം പേർ തങ്ങളുടെ കുടുംബങ്ങളിൽനിന്നു വിച്ഛേദിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ദശകത്തിൽ ലോകത്തിലെ ഓരോ 200 കുട്ടികളിലും ഒരാൾക്കു യുദ്ധം ആഘാതമേൽപ്പിച്ചു, വൈകാരിക ദുഃഖം തരണം ചെയ്യുന്നതിന് അവർക്കു സഹായം വേണ്ടിവന്നു.
ഉപ്പിൽ അയഡിൻ
ഭക്ഷണത്തിൽ അയഡിന്റെ കുറവ് ചുരുങ്ങിയപക്ഷം 60 കോടി ആളുകളുടെ സുസ്ഥിതിയെ ബാധിക്കുന്നതായി ഐക്യരാഷ്ട്ര ശിശുക്ഷേമനിധി കണക്കാക്കുന്നു. ബാധിക്കപ്പെടുന്നവരിൽ, ഈ അഭാവം ഏതാണ്ട് 1,00,000 ശിശുക്കൾ ക്രെൻറിൻസ് (തൈറോയ്ഡിന്റെ കടുത്ത അഭാവം നിമിത്തം ശാരീരിക വളർച്ച മുരടിച്ചതും മാനസികമായി അപര്യാപ്തതയുള്ളതുമായ കുട്ടികൾ) ആയി ജനിക്കാൻ ഇടയാക്കുകയും മറ്റൊരു 5 കോടി കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ വികലമാക്കുകയും ചെയ്യുന്നതായി വിശ്വസിക്കപ്പെടുന്നു. അയഡിന്റെ അഭാവം തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കമായ ഗോയിറ്ററിനും കാരണമാകുന്നു. അയഡിൻ കുറവിനെതിരെ ജാഗ്രത പാലിക്കുന്നത് എളുപ്പവും ചെലവു കുറഞ്ഞതുമാണ്—അയഡിൻ ചേർത്ത ഉപ്പ് കേവലം ഉപയോഗിക്കുക. 1995 എന്ന വർഷത്തിൽ ലോകത്തിൽ വിതരണം ചെയ്യുന്ന ഉപ്പുകളിൽ അയഡിൻ ചേർക്കാനും 2000 എന്ന വർഷമാകുമ്പോഴേക്കും അയഡിൻ കുറവു നിമിത്തമുണ്ടാകുന്ന ക്രമക്കേടുകൾ നിർമാർജനം ചെയ്യാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
സ്റ്റേഡിയത്തെ “പുനരാശീർവദിക്കുന്നു”
തങ്ങളെ വേട്ടയാടുന്ന “ദൗർഭാഗ്യ”ത്തോടു പൊരുതാൻ ഇറ്റലിയിലെ പെസ്കാറായിലുള്ള ഒരു ഫുട്ബോൾ ടീം അടുത്ത കാലത്ത് ഒരു കത്തോലിക്കാ ബിഷപ്പിന്റെ സഹായം തേടി എന്നു ലാ റിപ്പബ്ലിക്ക പത്രം റിപ്പോർട്ടു ചെയ്യുന്നു. “ദൗർഭാഗ്യ”ത്താൽ വലഞ്ഞ—അതിനു കാരണം പൊതുവേ ആ സ്റ്റേഡിയമാണെന്നു കരുതുന്നു—ടീം പ്രസിഡൻറ് പുരോഹിതൻമാർ ശക്തമായി ഇടപെടണമെന്ന് അഭ്യർഥിച്ചു. കുറെക്കാലം മുമ്പ് ഒരു പുരോഹിതൻ ആ സ്റ്റേഡിയത്തെ വാഴ്ത്തിയിരുന്നു, അതിനുശേഷം നടന്ന മത്സരത്തിൽ ആ ടീം വിജയിക്കുകയും ചെയ്തു. “പുനരാശീർവാദ”ത്തിൽ—സ്റ്റേഡിയത്തിൽ ഇരിക്കുന്നതിനുള്ള സ്ഥലത്തുവെച്ച് ബിഷപ്പു നടത്തുന്ന കുർബാന—സംബന്ധിച്ച സ്റ്റാഫംഗങ്ങളും പിന്തുണക്കാരും കളിക്കാരും പ്രത്യാശിക്കുന്നത് ഇത്തവണ ടീം കൂടുതൽ മെച്ചമായി പ്രകടനം നടത്തുമെന്നാണ്. സ്റ്റേഡിയം ഉദ്ഘാടനം ചെയ്തപ്പോഴും അതിനെ വാഴ്ത്തിയിരുന്നു, എന്നാൽ “ഉദ്ഘാടനത്തിൽ വിതറിയ ധൂപവർഗത്തിന്റെ ശക്തി കാലപ്പഴക്കത്തിൽ നഷ്ടപ്പെട്ടിരുന്നു” എന്ന് ലാ റിപ്പബ്ലിക്ക പറയുന്നു.
40 വർഷംകൊണ്ട് 80,000 ഭൂകമ്പങ്ങൾ
“[ജർമനിയിലെ] കൊളോണിനടുത്തുള്ള ബെൻസ്ബെർഗിൽ സ്ഥിതി ചെയ്യുന്ന ഭൂകമ്പശാസ്ത്രനിലയം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി 80,000-ത്തിലധികം ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു,” ഫ്രാങ്ക്ഫർട്ടർ അൾജമീൻ സൈറ്റുങ് റിപ്പോർട്ടു ചെയ്യുന്നു. ഇത് അറിയിച്ചത് ആ നിലയത്തിന്റെ തലവനായ പ്രൊഫസർ ലഡ്വിക് അഹോർണർ ആണ്. ആ നിലയം 40 വർഷങ്ങളായി ഭൂമിയുടെ ചലനങ്ങളെയും പ്രകമ്പനങ്ങളെയും കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ രേഖപ്പെടുത്താൻ ഈ നിലയത്തിന് എങ്ങനെയാണു കഴിയുന്നത്? വളരെ സൂക്ഷ്മതയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്, 200 കിലോമീറ്റർ അകലെ വടക്കൻ സമുദ്രതീരത്ത് ശൈത്യകാലത്തെ ശക്തമായ കാറ്റു നിമിത്തം ഉണ്ടാകുന്ന തിരമാലകൾ സൃഷ്ടിക്കുന്ന നേരിയ പ്രകമ്പനങ്ങളെപ്പോലും അളക്കാൻ അവയ്ക്കു കഴിയും. ജർമനിയിൽ ഉണ്ടായിട്ടുള്ളതിൽവെച്ച് ഏറ്റവും ശക്തമായ ഭൂകമ്പം ആ നിലയം രേഖപ്പെടുത്തുകയുണ്ടായി, അതു പ്രഹരിച്ചത് 1992 ഏപ്രിലിലായിരുന്നു. ഭൂകമ്പമാപിനിയിൽ അത് 5.9 എന്ന പരിമാണം രേഖപ്പെടുത്തുകയുണ്ടായി.
വൻ പച്ച മതിൽ
നൂറ്റാണ്ടുകൾക്കു മുമ്പ്, ആക്രമണം നടത്തിയിരുന്ന മോങ്കൽ സൈന്യങ്ങളെ തിരിച്ചോടിക്കുന്നതിൽ ഭാഗികമായി മാത്രം വിജയപ്രദമായിരുന്നു ചൈനയിലെ വൻമതിൽ, എന്നാൽ ഒടുവിൽ അതിന് അർഹമായ അംഗീകാരം ലഭിച്ചിരിക്കുന്നു. സയൻസ് ന്യൂസ് പറയുന്നതനുസരിച്ച്, 1950-കൾ മുതൽ മതിലിന്റെ ഓരത്ത് വൻ വൃക്ഷനിരകൾ നട്ടുപിടിപ്പിച്ചിരുന്നു. ഈ വൻ പച്ച മതിൽ, അതിനെ അങ്ങനെയാണു വിളിക്കുന്നത്, ഏതാണ്ട് 30 കോടി മരങ്ങൾ ചേർന്നാണ് ഉണ്ടായിരിക്കുന്നത്. അതിന്റെ ഉദ്ദേശ്യം: ഗോബി മരുഭൂമിയിൽനിന്നും വരണ്ട മറ്റു പ്രദേശങ്ങളിൽനിന്നും ചൈനയിലേക്ക് അടിക്കുന്ന പൊടിക്കാറ്റിന് ഒരു പ്രതിരോധമായി വർത്തിക്കുക. ഫലമോ? 1950-കളിൽ ബീജിങ് നഗരത്തിൽ വസന്തകാലത്ത് 10 മുതൽ 20 വരെ പൊടിക്കാറ്റുകൾ അടിക്കുകയുണ്ടായി, ഓരോ മാസവും 30 മുതൽ 90 വരെ മണിക്കൂർ നേരത്തേക്ക് കാണാവുന്ന ദൂരം ഒരു കിലോമീറ്ററിൽ താഴെയായി അതു കുറയ്ക്കുമായിരുന്നു. എന്നാൽ, 1970-കൾ ആയപ്പോഴേക്കും ഓരോ വസന്തത്തിലും ഉണ്ടാകുന്ന ശക്തമായ കാറ്റുകളുടെ എണ്ണം അഞ്ചിലും കുറഞ്ഞിരുന്നു, ഇത് മാസത്തിൽ പത്തിൽ താഴെ മണിക്കൂറുകളിലെ കാഴ്ചയെ മാത്രമേ അൽപ്പമൊന്നു കുറച്ചുകളഞ്ഞുള്ളൂ. വിശാലമായ ഈ വൃക്ഷനിരകൾ “സാധ്യതയനുസരിച്ച് 20-ാം നൂറ്റാണ്ടിൽ കാലാവസ്ഥയെ ഭേദപ്പെടുത്തുന്ന ഏറ്റവും ശക്തമായ പരിപാടികളിൽ ഒന്നാണ്” എന്ന് ഒരു അന്തരീക്ഷ രസതന്ത്രജ്ഞൻ പറഞ്ഞതായി സയൻസ് ന്യൂസ് ഉദ്ധരിക്കുന്നു.
ജയിലിൽ സാത്താന്യാരാധന
ജയിൽ മുറിയിൽവെച്ച് സാത്താന്യ ആരാധനാരീതികൾ നടത്താനുള്ള അവകാശം ഒരു തടവുകാരന് യു.എസ്.എ.യിലെ കൊളറാഡോയിലുള്ള ജയിൽ അധികാരികൾ നിരസിച്ചിരുന്നു. ഒരു ഫെഡറൽ ജയിൽ നിയമം സാത്താന്യ ആരാധനയെ വിലക്കിയിരുന്നു; മാത്രമല്ല, ആരാധനയ്ക്കു വേണ്ടി തടവുകാരൻ ആവശ്യപ്പെട്ട ചില സാധനങ്ങൾ—ഒരു കുറുവടി, ചേങ്ങല, കറുത്ത അങ്കി, മെഴുകുതിരികൾ, മെഴുകുതിരിക്കാലുകൾ, പാനപാത്രം, കുന്തിരിക്കം—ആയുധങ്ങളായി ഉപയോഗിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വാദിച്ചു. എന്നിരുന്നാലും, ഡെൻവറിലുള്ള ഒരു ഫെഡറൽ ജഡ്ജി അടുത്ത കാലത്ത് ആ തീരുമാനത്തെ മറിച്ചു വിധിക്കുകയുണ്ടായി. ഭരണഘടനാവകാശമനുസരിച്ച്, തടവുകാരനു ജയിലിൽവെച്ച് തന്റെ മതം ആചരിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം വിധിച്ചു. പൈശാചിക ആരാധനയ്ക്ക് എതിരെയുള്ള നിയമം ഭരണഘടനാവിരുദ്ധമാണെന്ന നിഗമനത്തിൽ ജഡ്ജി എത്തിച്ചേർന്നു. അസോഷിയേറ്റഡ് പ്രസ്സിന്റെ ഒരു റിപ്പോർട്ടു പറയുന്നതനുസരിച്ച്, തന്റെ വിധിന്യായത്തിൽ ജഡ്ജി ഇങ്ങനെ എഴുതുകയുണ്ടായി: “പിശാചിന് അർഹമായത് നാം കൊടുക്കേണ്ടതുണ്ട്.” തട്ടിക്കൊണ്ടുപോയി എന്ന കുറ്റത്തിനു പത്തു വർഷത്തെ തടവുശിക്ഷയിലാണ് അയാൾ.
തെക്കൻ സമുദ്രങ്ങളിലെ അടിയൊഴുക്കുകൾ
പ്രമുഖ സഭാ അധികാരികൾ, തങ്ങൾ തെക്കൻ പസഫിക്കിലെ എൻആർജി-കൾ (പുതിയ മതവിഭാഗങ്ങൾ) എന്നു വിളിക്കുന്നതിന്റെ വളർച്ചയാൽ അസ്വസ്ഥരാണെന്ന് ഫിജിയെ അടിസ്ഥാനമാക്കിയുള്ള സഭകളുടെ പസഫിക് കോൺഫറൻസിനു വേണ്ടിയുള്ള ഒരു റിപ്പോർട്ടു വെളിപ്പെടുത്തുന്നു. പ്രധാനമായും ഈ പ്രശ്നത്തിലുള്ള എൻആർജി-കൾ അസംബ്ലീസ് ഓഫ് ഗോഡ്, സെവന്ത് ഡേ അഡ്വെൻറിസ്റ്റ്സ്, മോർമോൺസ്, യഹോവയുടെ സാക്ഷികൾ, ബഹായ് മതത്തിലെ അംഗങ്ങൾ എന്നിവരാണ്. ദ്വീപുനിവാസികളിൽ ഏതാണ്ട് 20 ശതമാനം പേർ ഈ മതങ്ങളിൽ ചേർന്നിട്ടുണ്ട് എന്ന് മാൻഫ്രെഡ് ഏൺസ്റ്റിനാലുള്ള റിപ്പോർട്ടു പറയുന്നു. എൻആർജി-കൾ രാഷ്ട്രീയ മാറ്റത്തിനു തടസ്സമാണെന്ന് ആ സഭകൾ പറയുന്നു, കാരണം അവയിൽ ചില വിഭാഗങ്ങൾ രാഷ്ട്രീയ പാർട്ടികളിലോ പ്രതിഷേധ സംരംഭങ്ങളിലോ ചേരാറില്ല; മറ്റു ചിലവ യൂണിയനുകളിൽ ചേരാറില്ല. “ഏൺസ്റ്റ് പറയുന്നതനുസരിച്ച്, പരമ്പരാഗത പ്രമുഖ ക്രിസ്തീയ സഭകളുടെ അനാകർഷകത്വം നിമിത്തമാണ് എൻആർജി-കൾ കൂടുതൽ പ്രസിദ്ധമായിത്തീരുന്നത്” എന്ന് മൈനിച്ചി ഡെയ്ലി ന്യൂസ് പറഞ്ഞു.
ബലാൽസംഗത്തെക്കുറിച്ച് അർജൻറീനയിലെ പഠനം
1994 ജനുവരി മുതൽ ഒക്ടോബർ വരെ കോർഡോബ എന്ന അർജൻറീനയിലെ ഒരൊറ്റ പ്രവിശ്യയിൽ മാത്രം 254 ബലാൽസംഗങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുകയുണ്ടായി. കോർഡോബയിൽനിന്നുള്ള ഒരു പൊലീസ് റിപ്പോർട്ട് “ലൈംഗിക ലംഘനങ്ങളെ ചുറ്റിപ്പറ്റിയുള്ള സങ്കൽപ്പം ഉപേക്ഷിച്ച”തായി ബ്യൂണസ് അയേഴ്സിലെ ക്ലാരിൻ എന്ന പത്രം അഭിപ്രായപ്പെടുകയുണ്ടായി. അന്ധകാരത്തിന്റെ മറയ്ക്കു പിന്നിൽ, അറിയപ്പെടാത്ത വ്യക്തികളെ പതിയിരുന്നാക്രമിക്കുന്ന ലൈംഗികമായി അധഃപതിച്ച വ്യക്തികളല്ല എല്ലായ്പോഴും ബലാൽസംഗകർ; ഈ റിപ്പോർട്ടനുസരിച്ച്, ബലാൽസംഗം ചെയ്യപ്പെട്ട ഓരോ 10 പേരിലും 4 പേർ ബലാൽസംഗം ചെയ്യപ്പെട്ടത് സ്വന്തം വീട്ടിൽവെച്ച് സ്വന്തം പിതാക്കൻമാരാലോ വളർത്തപ്പൻമാരാലോ മറ്റു ബന്ധുക്കളാലോ ആണ്. പൊലീസ് റിപ്പോർട്ടിലെ മറ്റു സ്ഥിതിവിവരക്കണക്കുകൾ ഇപ്രകാരം പ്രകടമാക്കുന്നു. ‘ഈ വർഷം റിപ്പോർട്ടു ചെയ്യപ്പെട്ട 254 ബലാൽസംഗങ്ങളിൽ 36 ശതമാനവും നടന്നത് അവയ്ക്ക് ഇരകളായവരുടെ വീട്ടിൽവെച്ചാണ്; 23 ശതമാനം, നൃത്തശാലകൾ വിട്ടുപോരുമ്പോൾ; 13 ശതമാനം, പൊതുനിരത്തുകളിൽവെച്ച്; 10 ശതമാനം, വിജനമായ സ്ഥലത്തുവെച്ച്; 6 ശതമാനം, നിർമാണ സ്ഥലങ്ങളിൽവെച്ച്; 3 ശതമാനം, ഫുട്ബോൾ കളിക്കളങ്ങളിലും ബസ്സ്റ്റേഷനുകളിലെ കക്കൂസുകളിലും ജയിൽമുറികളിലും പര്യടന ബസുകളിലുംവെച്ച്.’ 66.54 ശതമാനം കേസുകളും പൊലീസ് പരിഹരിച്ചതായി സൂചിപ്പിച്ചുകൊണ്ടു റിപ്പോർട്ട് ഉപസംഹരിക്കുന്നു.