ദ്വേഷിക്കാൻ പഠിപ്പിക്കപ്പെടുന്ന ഒരു ലോകം
ജന്മനാതന്നെ ആളുകൾ സ്വാർഥരാണ്. സ്വാർഥതയ്ക്കു കടിഞ്ഞാണിട്ടില്ലെങ്കിൽ അത് വിദ്വേഷമായി മാറിയേക്കാം. മനുഷ്യർക്കു സ്വാഭാവികമായിട്ടുള്ള സ്വാർഥത പോരാഞ്ഞിട്ടെന്നപോലെ മനുഷ്യസമൂഹം വാസ്തവത്തിൽ ആളുകളെ സ്വാർഥരാകാൻ പരിശീലിപ്പിക്കുകകൂടെ ചെയ്യുന്നു!
ഇക്കാര്യത്തിൽ എപ്പോഴും ഒരു പൊതുപ്രസ്താവന നടത്തുക സാധ്യമല്ലെങ്കിലും, ചില മനോഭാവങ്ങൾ വെറും മാർഗഭ്രംശമായി തള്ളിക്കളയാൻ സാധിക്കാത്തത്ര വ്യാപകമാണ്. തങ്ങളെ തെരഞ്ഞെടുത്തവരെ സഹായിക്കുന്നതിനെക്കാൾ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിലല്ലേ മിക്കപ്പോഴും രാഷ്ട്രീയക്കാർക്കു താത്പര്യം? ഹാനികരമായ ഉത്പന്നങ്ങൾ വിപണിയിലെത്തുന്നതു തടയുന്നതിനെക്കാൾ പണമുണ്ടാക്കുന്നതിലല്ലേ—ആവശ്യമെങ്കിൽ തത്ത്വദീക്ഷയില്ലാതെപോലും—ബിസിനസുകാർക്കു താത്പര്യം? ഇടവകക്കാരെ ധാർമികതയുടെയും സ്നേഹത്തിന്റെയും വഴിയിലൂടെ നയിക്കുന്നതിനെക്കാൾ പ്രശസ്തരാകുന്നതിലോ പണമുണ്ടാക്കുന്നതിലോ അല്ലേ പുരോഹിതവർഗത്തിനു താത്പര്യം?
കുട്ടികളിൽനിന്നുതന്നെ ആരംഭിക്കൽ
എന്തും അനുവദനീയമായ ഒരന്തരീക്ഷത്തിൽ കുട്ടികളെ വളർത്തിക്കൊണ്ടുവരുമ്പോൾ, പരിഗണനയും നിസ്സ്വാർഥതയും അവരുടെ ബാലിശ മോഹങ്ങളുടെ ബലിക്കല്ലിൽ ഹോമിക്കപ്പെടുന്നതുകൊണ്ട് വാസ്തവത്തിൽ അവർ സ്വാർഥതയിലാണ് പരിശീലനം നേടുന്നത്. സ്കൂളിലും കോളെജിലും, വിദ്യാഭ്യാസകാര്യത്തിൽ മാത്രമല്ല സ്പോർട്സിലും ഒന്നാം സ്ഥാനത്തെത്താൻ മത്സരിക്കുന്നതിന് അവർ പഠിപ്പിക്കപ്പെടുന്നു. “നിങ്ങൾ രണ്ടാം സ്ഥാനത്തായാൽ ഏറ്റവും പിന്നിലായതിനു തുല്യമാണ്” എന്നാണ് ചൊല്ല്!
അക്രമത്തിനു പ്രാധാന്യം നൽകുന്ന വീഡിയോ വിനോദങ്ങൾ, പ്രശ്നങ്ങൾ സ്വാർഥപരമായ രീതിയിൽ—ശത്രുവിനെ നശിപ്പിച്ചുകൊണ്ട്—പരിഹരിക്കാൻ പഠിപ്പിക്കുന്നു! ഇത് സ്നേഹത്തെ ഊട്ടിവളർത്തുന്ന ഒരു മനോഭാവമേയല്ല! വീഡിയോ വിനോദങ്ങൾ യുവജനങ്ങൾക്കു ഭീഷണി ഉയർത്തുന്നതായി പത്തിലേറെ വർഷംമുമ്പ് ഒരു യു.എസ്. സർജൻ ജനറൽ മുന്നറിയിപ്പു നൽകുകയുണ്ടായി. അദ്ദേഹം പറഞ്ഞു: “ശത്രുവിനെ നശിപ്പിക്കണം എന്നേയുള്ളൂ. വിനോദങ്ങളിൽ നിർമാണാത്മകമായ യാതൊന്നുമില്ല.” പല വീഡിയോ വിനോദങ്ങളും “മനുഷ്യന്റെ ഏറ്റവും നികൃഷ്ടമായ നൈസർഗിക വാസനയെ തൃപ്തിപ്പെടുത്തുന്നു” എന്ന് ദ ന്യൂയോർക്ക് ടൈംസിനു ലഭിച്ച ഒരു കത്ത് അഭിപ്രായപ്പെട്ടു. അത് ഇങ്ങനെ കൂട്ടിച്ചേർത്തു: “അവ, ഹൃദയശൂന്യരും വഴക്കാളികളുമായ കൗമാരപ്രായക്കാരുടെ ഒരു തലമുറയെയാണ് വാർത്തെടുക്കുന്നത്.” വീഡിയോ കളികളോട് പ്രിയമുള്ള ഒരു ജർമൻകാരൻ രണ്ടാമത്തെ പ്രസ്താവനയുടെ സത്യതയെ സമ്മതിച്ചുപറഞ്ഞു: “ആ കളികളിലേർപ്പെട്ടുകൊണ്ടിരുന്നപ്പോൾ ഒറ്റപ്പെട്ട ഒരു സ്വപ്നലോകത്തേക്ക് ഞാൻ എടുത്തുമാറ്റപ്പെട്ടു. അവിടെ പ്രാകൃതമായ ഈ സൂക്തമാണ് ബാധകമായിരുന്നത്: ‘കൊല്ലുക അല്ലെങ്കിൽ കൊല്ലപ്പെടുക.’”
വർഗീയവാദവും കൂടിയാകുമ്പോൾ വിദ്വേഷം ഏറെ ദുഷ്ടമായിത്തീരുന്നു. അതുകൊണ്ടുതന്നെ വിദേശീയർക്കെതിരെ, പ്രത്യേകിച്ചും തുർക്കികൾക്കെതിരെ, അക്രമങ്ങൾ പ്രകടിപ്പിച്ചുകാണിക്കുന്ന വലതുപക്ഷ വീഡിയോകൾ നിലവിലുള്ളതിൽ ജർമൻകാർ തീർച്ചയായും ഉത്കണ്ഠാകുലരാണ്. അവർക്കതിന് തക്കതായ കാരണവുമുണ്ട്. എന്തുകൊണ്ടെന്നാൽ, 1994 ജനുവരി 1 വരെയുള്ള കണക്കനുസരിച്ച് ജർമനിയിലെ 68,78,100 വിദേശ നിവാസികളിൽ 27.9 ശതമാനം തുർക്കികളാണ്.
തങ്ങളുടെ രാഷ്ട്രത്തിന്റെ ശത്രുക്കളെ ദ്വേഷിക്കുന്നതു തെറ്റല്ല എന്നാണ് ദേശീയവാദം കുട്ടികളെ ബാല്യംമുതൽ പഠിപ്പിക്കുന്നത്. വർഗീയ ചിന്താഗതികൾ ഊട്ടിവളർത്തുന്നതും ഇതേ ആശയംതന്നെ. ടൈമിനുവേണ്ടി ലേഖനങ്ങളെഴുതുന്ന ജോർജ് എം. ടേബർ തന്റെ ഒരു ഉപന്യാസത്തിൽ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ചരിത്രത്തിലെ എല്ലാ രാഷ്ട്രീയ സിദ്ധാന്തങ്ങളിലുംവെച്ച് ഒരുപക്ഷേ ഏറ്റവും ശക്തം ദേശീയവാദമായിരിക്കാം.” തുടർന്ന് അദ്ദേഹം ഇങ്ങനെ വിവരിച്ചു: “മതത്തെ ഒഴിച്ചുനിർത്തിയാൽ ഏറ്റവുമധികം രക്തച്ചൊരിച്ചിൽ നടന്നിട്ടുള്ളത് ഇതിന്റെ പേരിലാണ്. തങ്ങളുടെ കുഴപ്പങ്ങൾക്കു കാരണമായി ഏതെങ്കിലുമൊരു അയൽ ഗോത്രത്തെ പഴിചാരിക്കൊണ്ട് ജനപ്രക്ഷോഭകർ നൂറ്റാണ്ടുകളോളം മതഭ്രാന്തന്മാരുടെ കൂട്ടത്തെ ഇളക്കിവിട്ടിട്ടുണ്ട്.”
ഇന്നത്തെ ലോകത്തിലെ പല പ്രശ്നങ്ങൾക്കും പിന്നിലുള്ളത്, മറ്റു ഗോത്രങ്ങളോടോ വംശങ്ങളോടോ ദേശക്കാരോടോ ദീർഘനാളായിട്ടുള്ള വിദ്വേഷമാണ്. കൂടാതെ, വിദേശീഭയം—അപരിചിതരോടോ വിദേശികളോടോ ഉള്ള ഭയം—വർധിച്ചുകൊണ്ടിരിക്കുകയാണ്. രസാവഹമായി, ഏറ്റവും കുറച്ച് വിദേശികൾ വസിക്കുന്നിടങ്ങളിലാണ് ഇതുള്ളതെന്ന് ഒരു കൂട്ടം ജർമൻ സാമൂഹികവിദഗ്ധർ കണ്ടെത്തി. വ്യക്തിപരമായ അനുഭവങ്ങളെക്കാൾ മുൻവിധിയാണ് വിദേശീഭയത്തിനു നിദാനമെന്ന് ഇതു തെളിയിക്കുന്നതായി കാണപ്പെടുന്നു. “യുവജനങ്ങളിലുള്ള മുൻവിധിയെ ഊട്ടിവളർത്തുന്നതു പ്രധാനമായും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ്” എന്ന് സാമൂഹികവിദഗ്ധർ കണ്ടെത്തി. അഭിമുഖം നടത്തപ്പെട്ടവരിൽ 77 ശതമാനം, അത്തരം മുൻവിധി ശരിയാണെന്നു കരുതിയിരുന്നെങ്കിലും അവർക്ക് വിദേശികളോടു നേരിട്ടുള്ള സമ്പർക്കം തീരെ ഇല്ലായിരുന്നു അല്ലെങ്കിൽ വളരെ കുറവായിരുന്നു.
സ്വാർഥത പഠിപ്പിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. കാരണം നമുക്കെല്ലാവർക്കും, അപൂർണരായ മാതാപിതാക്കളിൽനിന്ന് ഒരളവോളം സ്വാർഥത പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്. സ്നേഹവും വിദ്വേഷവും തമ്മിലുള്ള ഏറ്റുമുട്ടലിൽ മതത്തിന് എത്തരത്തിലുള്ള പങ്കാണുള്ളത്?
മതം എന്തു പഠിപ്പിക്കുന്നു?
മതം സ്നേഹത്തെ പ്രചോദിപ്പിക്കുന്നതായിട്ടാണ് ആളുകൾ പൊതുവേ ധരിച്ചുവെച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ ഉത്തര അയർലൻഡ്, മധ്യപൂർവദേശം, ഇന്ത്യ എന്നിവിടങ്ങളിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് മതപരമായ ഭിന്നതകൾ കാരണമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഇവ വെറും മൂന്ന് ഉദാഹരണങ്ങൾ മാത്രം. മതപരമായ ഭിന്നതകളല്ല, രാഷ്ട്രീയ ഭിന്നതകളാണ് ഈ കുഴപ്പങ്ങൾക്കു കാരണമെന്ന് ചിലയാളുകൾ വാദിക്കുന്നുവെന്നതു ശരിതന്നെ. അതൊരു തർക്കവിഷയമാണ്. എന്തായാലും രാഷ്ട്രീയ, വംശീയ മുൻവിധികൾ തരണം ചെയ്യാനുതകുന്ന ശക്തമായ സ്നേഹം ആളുകളിൽ ഉൾനടാൻ വ്യവസ്ഥാപിത മതം പരാജയപ്പെട്ടിരിക്കുന്നുവെന്നതു സ്പഷ്ടമാണ്. ഫലത്തിൽ, പല കത്തോലിക്കരും ഓർത്തഡോക്സുകാരും മറ്റു മതക്കാരും അക്രമത്തിലേക്കു നയിക്കുന്ന മുൻവിധിയെ വെച്ചുപൊറുപ്പിക്കുകയാണു ചെയ്യുന്നത്.
ഒരു മതവിഭാഗത്തിന്റെ പഠിപ്പിക്കലുകളും ആചാരങ്ങളും തെറ്റാണെന്ന് ഒരു വ്യക്തിക്കു തോന്നുന്നെങ്കിൽ അവയെ ഖണ്ഡിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ, ആ മതവിഭാഗത്തിനോ അതിന്റെ അംഗങ്ങൾക്കോ എതിരെ അക്രമം അഴിച്ചുവിടാനുള്ള അവകാശം അത് അയാൾക്കു നൽകുന്നുണ്ടോ? മതവിജ്ഞാനകോശം (ഇംഗ്ലീഷ്) സത്യസന്ധമായി ഇങ്ങനെ സമ്മതിച്ചുപറയുന്നു: “സമീപ പൗരസ്ത്യ ചരിത്രത്തിലും യൂറോപ്യൻ ചരിത്രത്തിലും മതനേതാക്കന്മാർ മറ്റു മതവിഭാഗങ്ങൾക്കെതിരെ അക്രമപ്രവർത്തനങ്ങൾ അഴിച്ചുവിടാനുള്ള ആഹ്വാനം ആവർത്തിച്ചാവർത്തിച്ചു നൽകിയിട്ടുള്ളതായി കാണാം.”
പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് ഈ വിജ്ഞാനകോശം അക്രമം മതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണെന്നു വെളിപ്പെടുത്തുന്നു: “സാമൂഹികവും മാനസികവുമായ വികാസപ്രക്രിയകൾക്ക് ഏറ്റുമുട്ടലുകൾ അനിവാര്യമാണെന്നു പറയുന്നത് ഡാർവിൻപക്ഷക്കാർ മാത്രമല്ല. ഏറ്റുമുട്ടലുകളുടെയും അക്രമത്തിന്റെയും അങ്ങനെ വികസനത്തിന്റെയും പ്രഭവസ്ഥാനമായി മതം വർത്തിച്ചിരിക്കുന്നു.”
അക്രമം വികസനത്തിന് അനിവാര്യമാണെന്ന വാദത്തിൽ കഴമ്പില്ല. കാരണം, അപ്പോസ്തലനായ പത്രൊസ് യേശുക്രിസ്തുവിനെ സംരക്ഷിക്കാൻ ശ്രമിച്ച സന്ദർഭത്തിൽ യേശു നൽകിയ പ്രഖ്യാതമായ ആ തത്ത്വത്തിനു വിരുദ്ധമായിരിക്കും അത്. പത്രൊസ് ‘കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാത് അറുത്തപ്പോൾ യേശു അവനോടു പറഞ്ഞു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.”’—മത്തായി 26:51, 52; യോഹന്നാൻ 18:10, 11.
വ്യക്തികൾക്കു നേരേയുള്ള അക്രമം—അവർ നല്ലവരാണെങ്കിലും അല്ലെങ്കിലും—സ്നേഹത്തിന്റെ മാർഗമല്ല. അതുകൊണ്ട് അക്രമത്തെ അവലംബിക്കുന്നവർ, സ്നേഹസമ്പന്നനായ ഒരു ദൈവത്തെ അനുകരിക്കുന്നതായുള്ള തങ്ങളുടെ അവകാശവാദം പൊള്ളയാണെന്നു തെളിയിക്കുകയാണു ചെയ്യുന്നത്. ഗ്രന്ഥകാരനായ ഏമോസ് ഓസ് അടുത്തയിടെ ഇങ്ങനെ അഭിപ്രായപ്പെട്ടു: “മതഭ്രാന്തന്മാർക്ക് ദൈവത്തിൽനിന്നു ലഭിക്കുന്നതായി പറയപ്പെടുന്ന ‘അരുളപ്പാട്’ എപ്പോഴും ഒന്നുതന്നെ: നിങ്ങൾ കൊല്ലണം. എല്ലാ മതഭ്രാന്തന്മാരുടെയും ദൈവം പിശാചായിരിക്കാനാണ് കൂടുതൽ സാധ്യത.”
തികച്ചും സമാനമായ ഒന്നുതന്നെയാണു ബൈബിളും പറയുന്നത്: “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല. സഹോദരനെ പകെക്കുന്നവൻ എല്ലാം കുലപാതകൻ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു. ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു.”—1 യോഹന്നാൻ 3:10, 15; 4:20, 21.
സത്യമതം സ്നേഹത്തിന്റെ മാതൃക പിൻപറ്റണം, ശത്രുക്കളോടു പോലും സ്നേഹം കാണിക്കേണ്ടതുണ്ട്. യഹോവയെക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: “അവൻ ദുഷ്ടൻമാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാൻമാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ.” (മത്തായി 5:44, 45; 1 യോഹന്നാൻ 4:7-10-ഉം കാണുക.) വിദ്വേഷത്തിന്റെ ദൈവമായ സാത്താനിൽനിന്ന് എത്രയോ വ്യത്യസ്തം! വിഷയാസക്തിയും കുറ്റകൃത്യവും സ്വാർഥതയും നിറഞ്ഞ ഒരു ജീവിതം നയിക്കാൻ തക്കവണ്ണം അവൻ ആളുകളെ വശീകരിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നു. അങ്ങനെ അവരുടെ ജീവിതം വേദനാജനകവും ദുരിതപൂർണവുമാക്കുന്നു. ഇത്തരം വഴിപിഴച്ച ജീവിതരീതി ഒടുവിൽ അവരുടെ നാശത്തിൽ കലാശിക്കുമെന്നറിഞ്ഞിട്ടും അവൻ അതു ചെയ്തുകൊണ്ടിരിക്കുന്നു. തന്റെ അനുഗാമികളെ സംരക്ഷിക്കാൻ കഴിവില്ലാത്ത—വ്യക്തമായും, മനസ്സൊരുക്കമില്ലാത്ത—അത്തരമൊരു ദൈവം നമ്മുടെ സേവനത്തിന് അർഹനാണോ?
ഭയം, കോപം, വ്രണിതവികാരം
ഈ ഘടകങ്ങൾ വിദ്വേഷത്തെ ആളിക്കത്തിക്കുന്നുവെന്നത് നിഷ്പ്രയാസം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഒരു ടൈം റിപ്പോർട്ട് പറയുന്നു: “വിക്ഷുബ്ധമായ 1930-കൾക്കുമുമ്പ് യൂറോപ്പിലെ സങ്കര വലതുപക്ഷ തീവ്രവാദി പ്രസ്ഥാനങ്ങൾക്ക് ഇത്രയേറെ അവസരങ്ങളെ മുതലെടുക്കാൻ സാധിച്ചിട്ടില്ല. . . . തൊഴിലിനെക്കുറിച്ചുള്ള ഭയത്താൽ ആളുകൾ മിതവാദ ഗവൺമെൻറുകളുടെ കഴിവില്ലായ്മയിൽ മനുഷത്വമില്ലാത്ത വിധം രോഷംകൊള്ളുന്നു, തങ്ങളുടെ ഇടയിലുള്ള വിദേശികളെ അവർ ബലിയാടുകളാക്കുന്നു.” റൈനിഷർ മെർക്കൂർ ക്രിസ്റ്റ് ഉൺട് വെൽറ്റ് എന്ന പത്രത്തിലെഴുതവേ, യോർഗ് ഷിൻഡ്ലർ, കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ജർമനിയിലേക്ക് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് രാഷ്ട്രീയ അഭയാർഥികളിലേക്കു ശ്രദ്ധ ക്ഷണിച്ചു. ദ ജർമൻ ട്രിബ്യൂൺ മുന്നറിയിപ്പു നൽകി: “യൂറോപ്പിലെമ്പാടും വർഗീയവാദം കൊടുമ്പിരികൊള്ളുന്നു.” ഇത്രയേറെ കുടിയേറ്റക്കാരുടെ ഒഴുക്ക് വിദ്വേഷ ചിന്തകൾ സൃഷ്ടിക്കുന്നു. ആളുകൾ ഇങ്ങനെ പരാതിപ്പെടുന്നതായി കേൾക്കുന്നു: ‘അവർ ഞങ്ങളുടെ പണം പിടുങ്ങുന്നു, അവർ ഞങ്ങളുടെ തൊഴിലുകൾ കവർന്നെടുക്കുന്നു, അവർ ഞങ്ങളുടെ പെൺമക്കൾക്ക് ഒരപകടമാണ്.’ “തങ്ങൾ ഭീഷണി നേരിടുന്നതായോ തരംതാഴ്ത്തപ്പെടുന്നതായോ തോന്നുന്നതുകൊണ്ടാണ്” ആളുകൾ “അക്രമാസക്തരാകുന്നത്” എന്ന് ഓക്സ്ഫോർഡിലെ സെൻറ് ആൻറണീസ് കോളെജ് സമിതിയംഗമായ തീയഡോർ സെൽഡൻ പറഞ്ഞു. “അവരുടെ ദേഷ്യത്തിനുള്ള കാരണങ്ങൾക്കാണ് ശ്രദ്ധയാവശ്യമായിരിക്കുന്നത്.”
ബ്രിട്ടീഷ് ടെലിവിഷൻ ജേർണലിസ്റ്റായ ജോൺ ബേക്ക്വെൽ, ആളുകളെ ദ്വേഷിക്കാൻ പഠിപ്പിക്കുന്ന നമ്മുടെ ലോകത്തെ വർണിക്കാൻ ഉചിതമായ വാക്കുകൾത്തന്നെ ഉപയോഗിക്കുന്നു. അവർ എഴുതുന്നു: “ഞാൻ ഒരു യാഥാസ്ഥിതിക ക്രിസ്ത്യാനിയൊന്നുമല്ല. എന്നാൽ യേശുവിന്റെ പഠിപ്പിക്കലിൽ ഗഹനമായ ഒരു പരമസത്യം ഞാൻ തിരിച്ചറിയുന്നു; സ്നേഹരാഹിത്യത്തിന്റെ വിനാശക ഫലമാണ് തിന്മ. . . . സ്നേഹത്തെക്കുറിച്ചുള്ള പഠിപ്പിക്കലിന് തെല്ലും വില കൽപ്പിക്കാത്ത ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നെനിക്കറിയാം. അത്തരമൊരു പഠിപ്പിക്കലിനെ ബാലിശവും ലോലവും അപ്രായോഗികവും എന്നു പറഞ്ഞ് തള്ളിക്കളയുന്ന, ലാഭത്തിനും സ്വതാത്പര്യത്തിനും പകരം പരസ്പരകരുതലിനും നിസ്വാർഥതയ്ക്കും മുൻതൂക്കം നൽകുന്ന ആശയങ്ങളെ പുച്ഛിച്ചുതള്ളുന്ന, പുറംപൂച്ചു കാണിക്കുന്ന ഒരു സമൂഹമാണിത്. ഏറ്റവും പുതിയ ബിസിനസ് ഇടപാടുകളുടെ കണക്കു തീർക്കവേ, കടപ്പാടുകളെ വഞ്ചിക്കുകയും തെറ്റാണു ചെയ്യുന്നതെന്നു കാണിക്കുന്ന തെളിവുകളെ നിസ്സാരീകരിക്കുകയും ചെയ്യവേ അതു പറയുന്നു, ‘നമുക്കു യാഥാർഥ്യബോധമുള്ളവരായിരിക്കാം.’ അത്തരമൊരു ലോകം പടച്ചുവിടുന്നത് പരാജിതരെയും ഏകാന്തപഥികരെയും സമൂഹം മുൻഗണന നൽകുന്ന കാര്യങ്ങളായ വിജയം, ആത്മാഭിമാനം, സന്തുഷ്ട കുടുംബം എന്നിങ്ങനെയുള്ളവ നേടാൻ കഴിയാഞ്ഞവരെയുമാണ്.”
ഈ ലോകത്തിന്റെ ദൈവമായ സാത്താൻ മനുഷ്യവർഗത്തെ പഠിപ്പിക്കുന്നത് ദ്വേഷിക്കാനാണെന്നതു വ്യക്തം. എന്നാൽ വ്യക്തികളെന്ന നിലയിൽ നമുക്കു സ്നേഹിക്കാൻ പഠിക്കാം. പിൻവരുന്ന ലേഖനം ഇതു സാധ്യമാണെന്നു കാട്ടിത്തരുന്നു.
[7-ാം പേജിലെ ചിത്രം]
വീഡിയോ വിനോദങ്ങൾ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നത് ദ്വേഷിക്കാനാണോ?
[8-ാം പേജിലെ ചിത്രം]
യുദ്ധസമയത്ത് നടക്കുന്ന അക്രമങ്ങൾ അജ്ഞതയുടെയും വിദ്വേഷത്തിന്റെയും സൂചനയാണ്
[കടപ്പാട്]
Pascal Beaudenon/Sipa Press