ഉച്ചയൂണ് ഓഫീസിലേക്ക് മുംബൈ സ്റ്റൈൽ!
ക്ലോക്കിൽ മണി അഞ്ച്. ഇപ്പോഴെങ്കിലും ഇറങ്ങിയാലേ സമയത്തിന് ഓഫീസിലെത്താൻ കഴിയൂ. ഇതിനിടെ ഉച്ചയ്ക്കത്തേക്കുള്ള ഭക്ഷണം പാകംചെയ്ത് പാത്രത്തിലാക്കിത്തരാൻ വീട്ടുകാർക്കുണ്ടോ സമയം? വേണമെങ്കിൽ ഹോട്ടലിൽനിന്ന് വാങ്ങിക്കഴിക്കാം. പക്ഷേ സ്വന്തം വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോളം വരുമോ അത്? രണ്ടുകോടിയിലേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മുംബൈയിലെ ആയിരക്കണക്കിനുവരുന്ന ഓഫീസ് ജീവനക്കാരുടെ ഈ വിഷമസ്ഥിതിക്ക് എന്താണൊരു പരിഹാരം? ഈ സങ്കടം തീർക്കാനാണ് ഡബ്ബാവാലകൾ രംഗത്തെത്തിയത്.a വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം ജോലിക്കാർക്ക് ചൂടോടെ അവരുടെ ജോലിസ്ഥലത്ത് എത്തിച്ചുകൊടുക്കുക. അതാണ് അവർ ഏറ്റെടുത്തിരിക്കുന്ന ജോലി.
ഇവരുടെ തുടക്കം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം. മുംബൈ (അന്ന് ബോംബെ) ഒരു വ്യവസായ കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന കാലം. വിദേശികൾ ഉൾപ്പെടെയുള്ള അവിടത്തെ ബിസിനസ്സുകാർ അന്ന് ദീർഘദൂരം യാത്രചെയ്താണ് ഓഫീസുകളിൽ എത്തിയിരുന്നത്. പരിമിതമായ യാത്രാസൗകര്യങ്ങളേ അന്നുണ്ടായിരുന്നുള്ളൂ. റസ്റ്ററന്റുകളാകട്ടെ വിരലിലെണ്ണാവുന്നവയും. അതുകൊണ്ട് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഓഫീസിൽ എത്തിക്കാൻ ഈ ബിസിനസ്സുകാർ ജോലിക്കാരെ നിയമിച്ചിരുന്നു. ഇതിന്റെ ബിസിനസ്സ് സാധ്യത തിരിച്ചറിഞ്ഞ ഒരു മനുഷ്യൻ ഗ്രാമങ്ങളിൽനിന്ന് തൊഴിൽരഹിതരായ കുറെ യുവാക്കളെ കൊണ്ടുവന്ന് ഒരു പുതിയ സംരംഭത്തിന് തുടക്കംകുറിച്ചു. ഇവിടെനിന്നാണ് ഡബ്ബാവാലകളുടെ തുടക്കം.
ഇന്ന് എല്ലാ മുക്കിലും മൂലയിലും റസ്റ്ററന്റുകളുണ്ടെങ്കിലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടുതന്നെയാണ് ആളുകൾക്കു പ്രിയം. കുറഞ്ഞ ചെലവിൽ നല്ല ആഹാരം കഴിക്കാമല്ലോ. മാത്രമല്ല, ആരോഗ്യപരമായ കാരണങ്ങളാൽ പ്രത്യേക ആഹാരക്രമം പിൻപറ്റേണ്ട അവസ്ഥയാണ് പലർക്കും. ഇനി, മതപരമായ കാരണങ്ങളാൽ വീട്ടിലെ ഭക്ഷണംതന്നെ വേണമെന്നു നിർബന്ധമുള്ളവരുമുണ്ട്. കാരണം, ചില മതസ്ഥർക്ക് ഉള്ളി നിഷിദ്ധമാണ്, മറ്റുചിലർക്ക് വെളുത്തുള്ളിയും.
പിഴവറ്റ സേവനം
വർഷങ്ങൾ കഴിഞ്ഞിട്ടും ഡെലിവറി സമ്പ്രദായത്തിനു കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും ഇന്ന് അത് വലിയൊരു ശൃംഖലയായി മാറിയിരിക്കുന്നു. ഇന്ന് 5,000-ത്തിലേറെ പുരുഷന്മാരും കുറെ സ്ത്രീകളും അടങ്ങുന്ന വലിയൊരു സംഘമാണ് ഡബ്ബാവാലകളുടേത്. ദിവസവും 2 ലക്ഷത്തിലധികം ഡബ്ബകളാണ് ഇവർ വീടുകളിൽനിന്ന് മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓഫീസുകളിൽ എത്തിക്കുന്നത്. 60 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് തങ്ങളുടെ സേവനം ലഭ്യമാക്കുന്ന ഇവർ ഡബ്ബകൾ എത്തിച്ചുകൊടുക്കാൻ പല മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. ചിലർ ഡബ്ബകൾ കൈവണ്ടിയിൽ വെച്ച് ഉന്തിക്കൊണ്ടുപോകും; 30-ഓ 40-ഓ ഡബ്ബകൾ ഉണ്ടാകും ഒരു വണ്ടിയിൽ. മറ്റു ചിലർ സൈക്കിളാണ് ഉപയോഗിക്കുന്നത്. ലോക്കൽ ട്രെയിനുകൾ ഉപയോഗപ്പെടുത്തുന്നവരുമുണ്ട്. എന്തായാലും എത്തേണ്ട ആളുടെ കൈയിൽത്തന്നെ സാധനം എത്തിയിരിക്കും, അതും കൃത്യസമയത്ത്. ഡബ്ബകൾ മാറിപ്പോകുന്നതും സമയത്തിന് ഭക്ഷണം എത്താതിരിക്കുന്നതും അത്യപൂർവം! 60 ലക്ഷം ഡെലിവറിയിൽ ഒരു പിഴവു പറ്റിയാലായി! ഇത്ര പിഴവറ്റ രീതിയിൽ ഈ കൃത്യം നിർവഹിക്കാൻ ഇവർക്ക് എങ്ങനെ കഴിയുന്നു?
1956-ൽ ഡബ്ബാവാലകൾ ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്യപ്പെട്ടു. ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയും കുറെ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് ഈ ട്രസ്റ്റ്. ഒരു സൂപ്പർവൈസറുടെ കീഴിൽ കുറെ ജോലിക്കാർ—ഇങ്ങനെ പല യൂണിറ്റുകളുണ്ട്. ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഈ സംരംഭത്തിൽ പാർട്ണർഷിപ്പ് ഉണ്ട്. തങ്ങളുടെ വിജയരഹസ്യവും ഇതാണെന്ന് അവർ പറയുന്നു. ഈ സംരംഭം തുടങ്ങിയിട്ട് 100 വർഷത്തിൽ അധികമായെങ്കിലും നാളിതുവരെ പണിമുടക്ക് എന്നൊരു സംഭവം ഇവരുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല!
ഓരോ ഡബ്ബാവാലയ്ക്കും ഐഡന്റിറ്റി കാർഡ് ഉണ്ട്. വെള്ളഷർട്ട്, അയഞ്ഞ പാന്റ്സ്, വെള്ളത്തൊപ്പി ഇതാണ് ഇവരുടെ യൂണിഫോം. ജോലിക്കാര്യത്തിൽ അച്ചടക്കം നിർബന്ധം. തൊപ്പി വെക്കാൻ മറക്കുക, തക്ക കാരണമില്ലാതെ വൈകിവരുക അല്ലെങ്കിൽ ജോലിക്കു വരാതിരിക്കുക, ജോലി സമയത്ത് മദ്യപിക്കുക എന്നിവയ്ക്കൊക്കെ പിഴയടയ്ക്കേണ്ടിവരും.
ഡബ്ബാവാലകളുടെ ഒരു ദിവസം
രാവിലെ 8.30 ആകുമ്പോഴേക്കും ഓഫീസ് ജീവനക്കാരുടെ ഭാര്യയോ മറ്റോ ഉച്ചഭക്ഷണം തയ്യാറാക്കി ഡബ്ബയിലാക്കും. ഒരു ഡബ്ബാവാല അയാൾക്കു നിയമിച്ചുതന്നിരിക്കുന്ന പ്രദേശത്തുള്ള ചോറ്റുപാത്രങ്ങൾ ശേഖരിച്ച് സൈക്കിളിലോ കൈവണ്ടിയിലോ വെച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. സംഘത്തിലെ മറ്റുള്ളവരും അവിടെ എത്തിയിരിക്കും. പോസ്റ്റുമാൻ തപാൽ ഉരുപ്പടികൾ തരംതിരിക്കുന്നതുപോലെ ഇവർ അതതു ദിക്കിലേക്കുള്ള ഡബ്ബകൾ തരംതിരിക്കും.
ഓരോ ചോറ്റുപാത്രത്തിനും ഓരോ കളർ കോഡുണ്ട്. വീടിരിക്കുന്ന സ്ഥലം, വീടിനടുത്തുള്ള റെയിൽവേ സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ഓഫീസ് കെട്ടിടത്തിന്റെ പേര്, ഫ്ളോർ നമ്പർ ഇതൊക്കെയാണ് ഈ കളർ കോഡിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒരു പ്രദേശത്തേക്കുള്ള ഡബ്ബകൾ ഒരുമിച്ച് തടികൊണ്ട് ഉണ്ടാക്കിയ ഒരു നീളൻ ഫ്രെയിമിൽ അടുക്കിവെക്കുന്നു. ഒരു ഫ്രെയിമിൽ 48 ഡബ്ബകൾവരെ വയ്ക്കാം. പിന്നെ അത് ട്രെയിനിലേക്ക് കയറ്റും. ഡ്രൈവറുടെ ക്യാബിന് അടുത്തായി ഇതിന് ഒരു പ്രത്യേക കമ്പാർട്ട്മെന്റ് ഉണ്ട്. ഏതെങ്കിലുമൊരു പ്രധാന സ്റ്റേഷൻ എത്തുമ്പോൾ ഈ ഡബ്ബകൾ ഇറക്കി ഒന്നുകൂടെ തരംതിരിച്ച് അതതു സ്റ്റേഷനുകളിലേക്ക് തിരിച്ചുവിടും. അവിടെയെത്തുമ്പോൾ അവ വീണ്ടും തരംതിരിച്ച് സൈക്കിളിലോ കൈവണ്ടിയിലോ എത്തേണ്ട ആളുടെ പക്കൽ എത്തിക്കും.
ഈ ഡെലിവറി സമ്പ്രദായം ചെലവു കുറഞ്ഞതും അതേസമയം കാര്യക്ഷമവുമാണ്. ഗതാഗതക്കുരുക്കൊന്നും ഡബ്ബാവാലകൾക്ക് പ്രശ്നമേയല്ല. കൈവഴികളിലൂടെയും വാഹനങ്ങൾക്ക് ഇടയിലൂടെയുമൊക്കെ സൈക്കിൾ ഓടിച്ച് അവർ സാധനം എത്തേണ്ടിടത്ത് എത്തിക്കും. ഉച്ചയ്ക്ക് 12:30-ഓടെ ഭക്ഷണം ഓഫീസുകളിൽ എത്തിയിരിക്കും. തങ്ങളുടെ ദൗത്യം ഭംഗിയായി നിർവഹിച്ചശേഷം ഡബ്ബാവാലകൾ സ്വന്തം ഉച്ചഭക്ഷണം കഴിക്കും. പിന്നെ അവർ, 1:15-നും 2:00-നും ഇടയ്ക്ക്, ഒഴിഞ്ഞ ചോറ്റുപാത്രങ്ങൾ ശേഖരിച്ച് ഉടമസ്ഥരുടെ വീടുകളിൽ തിരിച്ചെത്തിക്കും. ഡബ്ബാവാലകളുടെ പ്രവർത്തനം ഒരു റിലേ റേസ് പോലെയാണെന്നു പറയാം.
ഏറെ പ്രശംസ പിടിച്ചുപറ്റിയ സേവനം
ഡബ്ബാവാലകളുടെ ഈ സേവനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഈ ഡെലിവറി സമ്പ്രദായത്തിന്റെ കാര്യക്ഷമത വിശകലനംചെയ്ത് സ്വന്തം വ്യവസായ മേഖലയിലേക്കു പകർത്താൻ പല സംഘടനങ്ങളും ശ്രമിച്ചിരിക്കുന്നു. ഡബ്ബാവാലകളെക്കുറിച്ച് ചില ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്. പിഴവറ്റ സേവനം കണക്കിലെടുത്ത് ഫോബ്സ് ഗ്ലോബൽ മാഗസിൻ ഒരു പ്രശംസാപത്രം നൽകി ഇവരെ ആദരിക്കുകയുണ്ടായി. ഗിന്നസ് ബുക്കിലും ഇവർ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഐക്യനാടുകളിലെ ഹാർവാർഡ് ബിസിനസ് സ്കൂളിന്റെ പാഠ്യപദ്ധതിയിലും ഇവരെക്കുറിച്ചു പരാമർശമുണ്ട്. ലോകത്തിന്റെ ഇതരഭാഗങ്ങളിൽനിന്നുള്ള ചില പ്രമുഖവ്യക്തികളും ഇവരെ നേരിൽക്കണ്ട് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇവരുടെ സേവനതത്പരതയിൽ മതിപ്പുതോന്നിയ ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരംഗം ഇംഗ്ലണ്ടിൽ നടന്ന തന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഇവരിൽ ചിലരെ ക്ഷണിച്ചിരുന്നു.
ഇന്ന് മൊബൈൽ ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചാണ് ഡബ്ബാവാലകൾ ഓർഡറുകൾ എടുക്കുന്നതും കണക്കുകൾ സൂക്ഷിക്കുന്നതും. ഡെലിവറി സമ്പ്രദായം പക്ഷേ പഴയതുതന്നെ. ഉച്ചഭക്ഷണത്തിനുള്ള സമയമടുക്കുമ്പോൾ വിശന്നിരിക്കുന്ന മുംബൈയിലെ ഓഫീസ് ജീവനക്കാർക്ക് അറിയാം വീട്ടിലുണ്ടാക്കിയ തങ്ങളുടെ ഇഷ്ടവിഭവം ചൂടാറുംമുമ്പേ ഇവിടെ മേശപ്പുറത്തെത്തുമെന്ന്! ഒരു മിനിട്ടുപോലും വൈകാതെ! (g10-E 11)
[അടിക്കുറിപ്പ്]
a ഭക്ഷണം കൊണ്ടുപോകുന്ന പാത്രമാണ് ഡബ്ബ. വാലാ എന്നത് ആ ജോലിചെയ്യുന്ന ആളെ കുറിക്കുന്നു.
[21-ാം പേജിലെ ചിത്രം]
ഡബ്ബകൾ ട്രെയിനിലേക്ക്
[21-ാം പേജിലെ ചിത്രം]
മുംബൈക്കാരുടെ ഡബ്ബ
[22-ാം പേജിലെ ചിത്രം]
പല വ്യവസായ മേഖലകളും ഡബ്ബാവാലകളുടെ കാര്യക്ഷമത പകർത്താൻ ശ്രമിച്ചിരിക്കുന്നു