ലഘുപത്രികകൾ—ശുശ്രൂഷയ്ക്കുളള അമൂല്യമായ ഉപകരണങ്ങൾ
1 ഒരു വിദഗ്ധ ശിൽപ്പി സാധാരണമായി ഒരു കൂട്ടം ഉപകരണങ്ങളുമായാണ് നടക്കുക. അവയിൽ ഓരോന്നും ഓരോരോ പ്രത്യേക വേലയ്ക്കുവേണ്ടി രൂപകൽപ്പന ചെയ്തതായിരിക്കും. രാജ്യപ്രഘോഷകർ എന്നനിലയിൽ, നമുക്കു ലഘുപത്രികകളുടെ ഒരു വൻ ശേഖരമുണ്ട്. നാം സുവാർത്തയെത്തിക്കുന്ന ആളുകളുടെ ആത്മീയ ആവശ്യങ്ങൾ വിദഗ്ധമായി നിറവേററാൻ അതു നമ്മെ സഹായിക്കുന്നു. (സദൃ. 22:29) ചിലപ്പോൾ വിഷാദമഗ്നനായ ആരെയെങ്കിലുമായിരിക്കാം നിങ്ങൾ ഒരു വീട്ടിൽ കണ്ടുമുട്ടുന്നത്. സത്യസന്ധമായ ഒരു ഗവൺമെൻറ് വന്നെങ്കിലെന്ന് ആഗ്രഹിക്കുന്നയാളായിരിക്കാം അടുത്ത വീട്ടുകാരൻ. മറെറാരാൾ സംശയിക്കുന്നുണ്ടാവാം, ജീവിതത്തിന് എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന്. ഈ ആളുകളെ സഹായിക്കുന്നതിന് നമ്മുടെ ലഘുപത്രികകൾ നമുക്ക് എങ്ങനെ ഉപയോഗിക്കാനാവും? നമ്മുടെ പ്രശ്നങ്ങൾ എന്ന ലഘുപ്രതിക എങ്ങനെ സമർപ്പിക്കാമെന്നതിനുളള നിർദേശങ്ങൾക്കു നമ്മുടെ രാജ്യ ശുശ്രൂഷയുടെ പിൻവരുന്ന ലക്കങ്ങൾ കാണുക: 1993 ജൂലൈ, പേ. 4, 1992 ആഗസ്ററ് പേ. 1, 4.
2 “ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?” എന്ന ലഘുപത്രിക സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ലോകത്തിലുളള ദുരിതവും അനീതിയും കാണുമ്പോൾ ചിലയാളുകളുടെ പ്രവണത അതിനെല്ലാം ദൈവത്തെ പഴിചാരാനാണ്. ദൈവം സർവശക്തനാണെന്നും അതുകൊണ്ട് നമുക്കുവേണ്ടി അവൻ യഥാർഥത്തിൽ കരുതുന്നെങ്കിൽ നമ്മുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തേണ്ടതായിരുന്നുവെന്നും അവർ ന്യായവാദം ചെയ്യുന്നു. അതു സംബന്ധിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? [പ്രതികരണത്തിനു സമയം അനുവദിക്കുക.] ദൈവം നമ്മെ സംബന്ധിച്ചു കരുതുകതന്നെ ചെയ്യുന്നുവെന്ന് സങ്കീർത്തനം 72:12-14 പ്രകടമാക്കുന്നു. ദുരിതവും അനീതിയും ഉളളത് അവന്റെ കുററംകൊണ്ടല്ല. ദുഷ്പ്രവൃത്തിക്കാരെ ഉടനെതന്നെ നീക്കിക്കളയുമെന്ന് അവൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവൻ എന്തു ചെയ്യുമെന്നും അതിൽനിന്നു നമുക്കെങ്ങനെ പ്രയോജനം ലഭിക്കുമെന്നും ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ഈ ലഘുപത്രിക കാണിച്ചുതരുന്നുണ്ട്.” 27-ാം പേജിൽ 22-ാമത്തെ ഖണ്ഡികയിലെ അഭിപ്രായങ്ങളെ കേന്ദ്രീകരിച്ച് നിങ്ങൾക്കു ചർച്ച തുടരാവുന്നതാണ്.
3 “ജീവിതത്തിന്റെ ഉദ്ദേശ്യം” എന്ന ലഘുപത്രികയാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾ ഇങ്ങനെ ആരംഭിക്കാൻ ആഗ്രഹിച്ചേക്കാം:
◼“ഇപ്പോഴല്ലെങ്കിൽ പിന്നീട്, മിക്കവാറും എല്ലാവരുംതന്നെ ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് സംശയിക്കുന്നു. കേവലം 70-തോ 80-തോ വർഷം ജീവിച്ച് മൺമറയാനാണോ ഈ ജീവിതം? അല്ലെങ്കിൽ ജീവിതത്തിന് ഇതിലും കൂടുതലായ അർഥമുണ്ടോ? നിങ്ങൾ എന്തു വിചാരിക്കുന്നു? [പ്രതികരണത്തിനുവേണ്ടി സമയം അനുവദിക്കുക.] ഇവിടെ സങ്കീർത്തനം 37:29-ൽ ഭൂമിക്കും മനുഷ്യനും വേണ്ടിയുളള ദൈവത്തിന്റെ മഹത്തായ ഉദ്ദേശ്യം കാണുന്നു.” തിരുവെഴുത്തു വായിച്ചിട്ട് 31-ാം പേജിലെ ചിത്രമെടുത്ത് പറുദീസയിലെ ജീവിതം എന്നാൽ എന്താണ് അർഥമാക്കുന്നതെന്ന് കൂടുതലായി പറയുക.
4 “നോക്കൂ!” ലഘുപത്രിക അവതരിപ്പിക്കാൻ അതിന്റെ കവർചിത്രം മുഴുവനായി നിവർത്തിപ്പിടിച്ച് ഇങ്ങനെ ചോദിക്കുക:
◼“ഭൂമിയെ ഇതുപോലെയാക്കണമെങ്കിൽ ആവശ്യമായിരിക്കുന്നത് എന്താണെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? [അഭിപ്രായം പറയാൻ അനുവദിക്കുക.] ഈ ചിത്രത്തിൽ കാണുന്ന സകലർക്കും വീടുണ്ട്, ആസ്വാദ്യമായ ജോലിയുണ്ട്. സമാധാനവും വേണ്ടുവോളം ഭക്ഷ്യസാധനങ്ങളുമുണ്ട്. ഭൂമിയാണെങ്കിലോ മലിനീകരണമില്ലാത്തതും. എത്ര കഠിനമായി പരിശ്രമിച്ചാലും, മനുഷ്യ ഗവൺമെൻറുകൾക്ക് അത്തരമൊരു ലോകം സാധ്യമാക്കാനാവില്ല. എങ്കിലും, ദൈവം ‘സകലതും പുതുതാക്കുമെന്ന്’ ബൈബിൾ നമുക്ക് ഉറപ്പു നൽകുന്നു. [30-ാം പേജ് എടുത്ത് വെളിപ്പാടു 21:3, 4 വായിക്കുക.] ആ പുതിയ ലോകത്തിൽ ജീവിക്കാൻ നിങ്ങൾ ചെയ്യേണ്ടതെന്തെന്ന് മനസ്സിലാക്കാൻ ഈ ലഘുപത്രിക നിങ്ങളെ സഹായിക്കും.” കാര്യമായ താത്പര്യം കാണുന്നെങ്കിൽ 3-ാം പേജ് എടുത്ത് നാം എങ്ങനെയാണ് ബൈബിൾ അധ്യയനം നടത്തുന്നത് എന്നു പ്രകടിപ്പിക്കുക.
5 “ഭൂമിയിൽ ജീവിതം ആസ്വദിക്കുക” എന്ന ലഘുപത്രികയുടെ അവതരണത്തിൽ നിങ്ങൾക്ക് ഈ സമീപനം ഉപയോഗിക്കാവുന്നതാണ്:
◼“നിത്യജീവൻ ആസ്വദിക്കണമെങ്കിൽ സ്വർഗത്തിൽ പോകണമെന്നാണ് അനേകരും ചിന്തിക്കുന്നത്, എന്നാൽ ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനെപ്പററി നിങ്ങൾ എന്തു വിചാരിക്കുന്നു? [പ്രതികരണത്തിന് സമയം അനുവദിക്കുക.] നിത്യജീവൻ സാധ്യമാണെന്ന് ബൈബിൾ നമുക്ക് ഉറപ്പുതരുന്നു. മാത്രമല്ല, ആ ലക്ഷ്യത്തിലെത്താൻ നമുക്ക് എങ്ങനെ സാധിക്കുമെന്നും അതു നമ്മോടു പറയുന്നു. യോഹന്നാൻ 17:3 വായിക്കുക. എന്നിട്ട്, വീട്ടുകാരനെ 49-ാമത്തെ ചിത്രം കാണിച്ച് ഇങ്ങനെ ചോദിക്കുക: “ഇതുപോലുളള ഒരു ലോകത്തിൽ ജീവിക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ?” ലഘുപത്രിക കൊടുത്തിട്ട് ഒരു മടക്കസന്ദർശനം ക്രമീകരിക്കുക.
6 ഈ ലഘുപത്രികകൾ സമയോചിതമായ വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു, ആളുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു, ആശ്വാസം പകരുകയും ചെയ്യുന്നു. ഈ ഉപകരണങ്ങൾ വിദഗ്ധമായി ഉപയോഗിച്ചുകൊണ്ട് “സത്യത്തിന്റെ ഒരു സൂക്ഷ്മമായ പരിജ്ഞാനത്തിലേക്കു വരാൻ” നമുക്ക് ആത്മാർഥതയുളളവരെ സഹായിക്കാനാവും.—1 തിമോ. 2:4, NW.