ദൈവവചനത്തിന്റെ ഉപദേഷ്ടാക്കളായിരിക്കുക—ലഘുപത്രികകൾ ഉപയോഗിച്ചുകൊണ്ട്
1 യഹോവയുടെ എല്ലാ സമർപ്പിത ദാസർക്കും മറ്റുള്ളവരെ ദൈവവചനം പഠിപ്പിക്കുന്ന വേലയിൽ പങ്കുപറ്റുന്നതിനുള്ള ഉത്തരവാദിത്വമുണ്ട്. “സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന കൽപ്പന നൽകിയിരിക്കുന്നതു സ്വർഗത്തിലും ഭൂമിയിലും സകല അധികാരവുമുള്ളവനാണെന്നു നാം വിലമതിക്കുമ്പോൾ ഈ ഉത്തരവാദിത്വത്തിന്റെ ഗൗരവം വ്യക്തമാകുന്നു. (മത്താ. 28:18-20) തന്മൂലം, സുവാർത്താ പ്രസംഗത്തിൽ പങ്കുപറ്റുന്നതിനു നാമോരോരുത്തരും ഉപദേഷ്ടാക്കളായിരിക്കേണ്ട ആവശ്യമുണ്ട്!—2 തിമൊ. 2:2.
2 ആഗസ്റ്റ് മാസത്തിൽ ലഘുപത്രികകൾ സമർപ്പിക്കുമ്പോൾ നമുക്ക് പഠിപ്പിക്കുന്നതിനുള്ള നമ്മുടെ വൈദഗ്ധ്യങ്ങൾ ഉപയോഗിക്കാം. അവയിലുള്ള രസകരമായ ഏതാനും തിരുവെഴുത്ത് ആശയങ്ങൾ തിരഞ്ഞെടുക്കുന്നതിനും ഒരു സംഭാഷണത്തിനു തുടക്കമിടുന്നതിനു നമ്മെ സഹായിക്കുന്ന തിരുവെഴുത്തുപരമായ ഏതാനും അഭിപ്രായങ്ങൾ തയ്യാറാകുന്നതിനും നമുക്കു കഴിയും.
3 “ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?” എന്ന ലഘുപത്രിക സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ഞങ്ങൾ നിങ്ങളുടെ അയൽക്കാരിൽ പലരെയും സന്ദർശിച്ചപ്പോൾ കുറ്റകൃത്യം, ഭീകരപ്രവർത്തനം, അക്രമം എന്നിവയിൽ പെട്ടെന്നുണ്ടായ വർധനവിൽ അവർ ചിന്താകുലരാണെന്നു ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. ഇത് ഇത്ര വലിയ ഒരു പ്രശ്നമായിത്തീർന്നത് എന്തുകൊണ്ടാണെന്നാണു നിങ്ങൾക്കു തോന്നുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇതു സംഭവിക്കുമെന്നു ബൈബിൾ മുൻകൂട്ടി പറഞ്ഞിരുന്നുവെന്നതു നമ്മെ സംബന്ധിച്ചിടത്തോളം താത്പര്യജനകമായ സംഗതിയാണ്. [2 തിമൊഥെയൊസ് 3:1-3 വായിക്കുക.] ഇത് ‘അന്ത്യകാലത്തു’ നടക്കാനിരിക്കുന്നതാണെന്നു ശ്രദ്ധിക്കുക. അതിന്റെ അർഥം എന്തോ ഒന്ന് അവസാനിക്കാൻ പോവുകയാണെന്നാണ്. അതെന്താണെന്നാണു നിങ്ങൾ കരുതുന്നത്?” പ്രതികരിക്കാൻ അനുവദിക്കുക. 22-ാം പേജു തുറന്നു ചിത്രം കാണിച്ചിട്ട് ആ പേജിൽ ഉദ്ധരിച്ചിട്ടുള്ള ഒന്നോ രണ്ടോ തിരുവെഴുത്തുകൾ ചർച്ചചെയ്യുക. ഈ അനുഗ്രഹങ്ങൾ സത്വരം സമീപിച്ചിരിക്കുന്നുവെന്നു നമ്മൾ വിശ്വസിക്കുന്നതിനു കാരണമെന്തെന്നു വിശദീകരിക്കാൻ പിന്നീടു മടങ്ങിച്ചെല്ലുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുക.
4 “ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?” എന്ന ലഘുപത്രിക സമർപ്പിച്ചിടത്തു നിങ്ങൾക്ക് ഈ സമീപനം ഉപയോഗിക്കാവുന്നതാണ്:
◼“ജീവിതത്തിൽ ഒരു യഥാർഥ ഉദ്ദേശ്യം കണ്ടെത്തുന്ന കാര്യത്തിൽ അനേകർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചുരുക്കം ചിലർ പരിമിതമായ അളവിൽ സന്തുഷ്ടി ആസ്വദിക്കുമ്പോൾ മിക്കവരും നിരാശയും കഷ്ടതയും നിറഞ്ഞ ജീവിതം നയിക്കുന്നു. നമ്മൾ ഇവ്വണ്ണം ജീവിക്കാനാണു ദൈവം ഉദ്ദേശിച്ചിരുന്നത് എന്നു നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇത്തരമൊരു ലോകത്തിൽ നമ്മൾ ജീവിക്കാനാണു ദൈവം ആഗ്രഹിക്കുന്നത് എന്നു ബൈബിൾ കാണിക്കുന്നു.” 21-ാം പേജിലുള്ള ചിത്രം കാണിക്കുക, എന്നിട്ട് 25-ഉം 26-ഉം പേജുകളിൽ 4-6 ഖണ്ഡികകളിലേക്കു തിരിഞ്ഞിട്ട് അവൻ എന്താണു വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നു ചൂണ്ടിക്കാട്ടുക. മടങ്ങിച്ചെല്ലുമ്പോൾ ചർച്ച ചെയ്യുന്നതിന് ഈ ചോദ്യം ഉന്നയിക്കുക: “ദൈവം തന്റെ വാഗ്ദത്തങ്ങൾ നിറവേറ്റുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ എങ്ങനെ കഴിയും?”
5 “ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!” എന്ന ലഘുപത്രികയുടെ മുന്നിലെയും പിന്നിലെയും താളുകളിലുള്ള ചിത്രം കാണിച്ചുകൊണ്ട് നിങ്ങൾക്ക് ആ ലഘുപത്രിക സമർപ്പിക്കാവുന്നതാണ്:
◼“സന്തുഷ്ടരായ ജനങ്ങളെക്കൊണ്ടു നിറഞ്ഞ ഇത്തരമൊരു ലോകത്തു ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവം ജനങ്ങളെ സ്നേഹിക്കുന്നുവെന്നും അവർ ഭൂമിയിൽ സന്തുഷ്ടിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ബൈബിൾ നമ്മോടു പറയുന്നു.” 49-ാം പേജു തുറന്ന് അവിടെ ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകളിലൊന്നു വായിക്കുക. പിന്നീട് 50-ാമത്തെ ചിത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് പറുദീസയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമ്മൾ എന്തു ചെയ്യണമെന്നു വിശദീകരിക്കുക. മടങ്ങിച്ചെന്ന് യേശുക്രിസ്തുവിലുള്ള വിശ്വാസം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടെന്നു ചർച്ച ചെയ്യാമെന്നു വാഗ്ദാനം ചെയ്യുക.
6 നമ്മൾ ‘നമ്മുടെ ഉപദേശത്തെ സൂക്ഷിച്ചുകൊണ്ട് നമ്മുടെ അഭിവൃദ്ധി പ്രസിദ്ധമാ’ക്കുമ്പോൾ യഹോവ സന്തോഷിക്കുന്നു. (1 തിമൊ. 4:15, 16) ‘നന്മയെ സുവിശേഷിക്കു’ന്നതു കേൾക്കാൻ കാംക്ഷിക്കുന്നവരെ സഹായിക്കുന്നതിനുള്ള നമ്മുടെ ശ്രമത്തിൽ ലഘുപത്രികകൾക്ക് ഒരു യഥാർഥ സഹായമായിരിക്കാൻ കഴിയും.—യെശ. 52:7.