നിങ്ങളുടെ പ്രദേശം പൂർണമായി പ്രവർത്തിച്ചുതീർക്കുക
1 ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ പലചരക്കുകട, റെസ്റ്ററൻറ് അല്ലെങ്കിൽ ചില്ലറവ്യാപാരക്കട എന്നിവപോലുള്ള ഒരു ചെറിയ ബിസിനസ് സ്ഥലം നാം പലപ്പോഴും കണ്ടെത്തുന്നു. ഈ പ്രദേശത്തിന്റെ മറ്റു ഭാഗങ്ങൾപോലെതന്നെ ഈ സ്ഥാപനങ്ങളും പ്രവർത്തിച്ചുതീർക്കണമെങ്കിൽ ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിലെന്നപോലെതന്നെ ഇവിടെയും പ്രവർത്തിക്കണം.
2 ഒരുപക്ഷേ ഇപ്രകാരം പറഞ്ഞുകൊണ്ട് ലളിതമായ, ഹ്രസ്വമായ ഒരു അവതരണം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്: “നിങ്ങളെ കാണിക്കാൻ പറ്റിയ ഒന്ന് എന്റെ കൈവശമുണ്ട്.” നടത്തിപ്പുകാരൻ ആ നിമിഷം തിരക്കിലാണെങ്കിൽ ഒരു ലഘുലേഖ നൽകിക്കൊണ്ടു നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: “നിങ്ങൾക്കു തിരക്കില്ലാത്തപ്പോൾ ഞാൻ വീണ്ടു വരാം. നിങ്ങൾ ഇതിനെക്കുറിച്ച് എന്തു വിചാരിക്കുന്നുവെന്ന് അറിയാൻ എനിക്കാഗ്രഹമുണ്ട്.”
3 ഈ വേല ചെയ്യുമ്പോൾ പരിഭ്രമിക്കേണ്ട ആവശ്യമില്ല. ഒരു പ്രസാധകൻ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “അനുകൂലമായ പ്രതികരണം ലഭിക്കുകയില്ലെന്നാണു ഞാൻ കരുതിയത്. എന്നാൽ, എന്നെ അത്ഭുതപ്പെടുത്തുംവിധം രാജ്യസന്ദേശത്തോടുള്ള പ്രതികരണം തീർത്തും വിപരീതമായിരുന്നു. അവർ ശരിക്കും വിനീതരും സൗഹൃദമുള്ളവരുമായിരുന്നു. മാസിക നൽകുമ്പോഴെല്ലാം അവർ മിക്കപ്പോഴും അവ സ്വീകരിച്ചു.”
4 വസ്തു ഇടപാട് നടത്തുന്ന ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീ സാക്ഷികളെ തന്റെ ഓഫീസിലേക്കു വിളിച്ചു. അവർ മാസിക സ്വീകരിക്കുകയും ബൈബിളധ്യയനത്തിനു താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അവരെ പരിജ്ഞാനം പുസ്തകം കാണിച്ചു. ഉടനടി അവരുടെ ഓഫീസിൽവെച്ച് ബൈബിളധ്യയനവും ആരംഭിച്ചു!
5 നിങ്ങളുടെ പ്രദേശം നന്നായി പ്രവർത്തിച്ചുതീർക്കാനുള്ള നിയമനത്തിൽ, പ്രദേശത്തുതന്നെ ബിസിനസ് നടത്തുന്ന വ്യക്തികളെ സന്ദർശിക്കുന്നതും ഉൾപ്പെടുന്നു. (പ്രവൃ. 10:42) സ്വകാര്യഭവനങ്ങൾ സന്ദർശിക്കുന്നതുപോലെതന്നെ ഈ വീടുകളും സന്ദർശിക്കാൻ ആസൂത്രണം ചെയ്യുക. ഇതു നിങ്ങളുടെ പ്രദേശം നന്നായി പ്രവർത്തിച്ചുതീർക്കാൻ ഉതകുമെന്നു മാത്രമല്ല, സന്തോഷം നൽകുന്ന ചില അനുഭവങ്ങൾ നിങ്ങൾക്കു പ്രതിഫലമായി ലഭിക്കുകയും ചെയ്യും!