പുതിയ സർക്കിട്ട് സമ്മേളന പരിപാടി
അടുത്ത വർഷമാദ്യംമുതൽ നടക്കാനിരിക്കുന്ന ദ്വിദിന സർക്കിട്ട് സമ്മേളനത്തിന്റെ വിഷയം “യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചു നിർത്തൽ” എന്നതാണ്. (2 പത്രൊ. 3:11, NW) നമ്മിൽ അടിയന്തിരതാബോധം ഉണർത്താൻ തക്കവിധത്തിലാണ് അത് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭൂവാസികൾ വളരെ പെട്ടെന്നുതന്നെ യഹോവയുടെ ന്യായവിധികളെ നേരിടും. ‘സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തെ’ ആരായിരിക്കും അതിജീവിക്കുക? ആത്മീയമായി ഉണർന്നിരിക്കുകയും “വിശുദ്ധജീവനവും ഭക്തിയും ഉള്ള” ഒരു ജീവിതരീതി കെട്ടിപ്പടുക്കുകയും ചെയ്യുന്നവർ മാത്രം.—വെളി. 16:14; 2 പത്രൊ. 3:12.
യഹോവയുടെ ദിവസത്തെ അതിജീവിക്കുന്നതിന് ഒരു വ്യക്തിക്ക് വളരെ അത്യന്താപേക്ഷിതമായ ഒന്നാണ് സ്നാപനം. (1 പത്രൊ. 3:21) ഈ സമ്മേളനത്തിന് സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്ന പ്രസാധകർ അതു സംബന്ധിച്ച് അധ്യക്ഷമേൽവിചാരകനോട് പറയണം. അദ്ദേഹം അതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യും.
നാലു ഭാഗമുള്ള “നാം ഏതുതരം വ്യക്തികളായിരിക്കണം” എന്ന സിംപോസിയം യഹോവയുടെ ദിവസം മനസ്സിലടുപ്പിച്ചു നിർത്തുന്നതിൽ എന്തെല്ലാം നടപടികളാണ് ഉൾപ്പെടുന്നതെന്നു വ്യക്തമാക്കും. “യഹോവയുടെ ദിവസം സമീപിക്കവേ ജ്ഞാനപൂർവം പ്രവർത്തിപ്പിൻ” എന്ന പരസ്യപ്രസംഗം രക്ഷപ്രാപിക്കുന്നവരിൽ ഒരുവനായിത്തീരാൻ ‘യഹോവയെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ’ എന്നു പറയുന്നതിന്റെ അർഥമെന്താണെന്നു വിശദീകരിക്കും.—സെഫന്യാവു 2:3.
“നിങ്ങളുടെ ജീവിതം സത്യത്തെ കേന്ദ്രീകരിച്ചിരിക്കുന്നുവോ?,” “യഹോവയുടെ ദിവസം മനസ്സിൽ പിടിച്ചുകൊണ്ടു മുന്നമേ ആസൂത്രണം ചെയ്യൽ” എന്നീ വിഷയങ്ങളെ ആസ്പദമാക്കി സഞ്ചാരമേൽവിചാരകന്മാർ നടത്തുന്ന രണ്ടു പ്രസംഗങ്ങളോടെയായിരിക്കും സർക്കിട്ട് സമ്മേളനം സമാപിക്കുക. ഈ പ്രസംഗങ്ങൾ, നമ്മുടെ ജീവിതത്തെ പരിശോധിക്കുന്നതിനും ആവശ്യമായ ഏതു മാറ്റവും വരുത്തുന്നതിനും നമുക്കു പ്രചോദനമേകും. ബൈബിൾ പ്രവചനങ്ങളും ലോകസംഭവങ്ങളും യഹോവയുടെ ദിവസം അടുത്തുവെന്നു വ്യക്തമായി കാണിക്കുന്നു. ഈ സമ്മേളന പരിപാടി നിസ്സംശയമായും ‘നിർമ്മദരായിരിപ്പാനും ഉണർന്നിരിപ്പാനും’ നമ്മെ പ്രോത്സാഹിപ്പിക്കും. (1 പത്രൊസ് 5:8) രണ്ടു ദിവസവും ഹാജരാകാൻ വേണ്ട ക്രമീകരണങ്ങൾ നിശ്ചയമായും ചെയ്യുക.