ചോദ്യപ്പെട്ടി
◼ യഹോവയുടെ സാക്ഷികൾ മേലിൽ തന്റെ വീട്ടിൽ വരരുതെന്ന് ഒരു വീട്ടുകാരൻ നിഷ്കർഷിക്കുന്നെങ്കിൽ കാര്യങ്ങൾ എപ്രകാരം കൈകാര്യം ചെയ്യണം?
മതത്തിന്റെ പേരിലുള്ള സന്ദർശനങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നതായ ബോർഡുകൾ വാതിൽക്കലോ ഗെയ്റ്റിങ്കലോ കാണുകയാണെങ്കിൽ, ആ വീട്ടുകാരന്റെ താത്പര്യങ്ങളെ മാനിക്കുകയും വാതിലിൽ മുട്ടുന്നത് ഒഴിവാക്കുകയും ചെയ്യുന്നതായിരിക്കും നല്ലത്. പ്രത്യേകിച്ചും ആ എഴുത്ത് യഹോവയുടെ സാക്ഷികളുടെ കാര്യം എടുത്തു പറയുന്നുവെങ്കിൽ.
ചിലപ്പോൾ കച്ചവടക്കാരോ പിരിവുകാരോ പ്രവേശിക്കുന്നതു തടഞ്ഞുകൊണ്ടുള്ള ബോർഡുകൾ നാം കാണാറുണ്ട്. എന്നാൽ നാം ലാഭേച്ഛ കൂടാതെയുള്ള ഒരു മതപ്രവർത്തനത്തിലാണ് ഏർപ്പെടുന്നത് എന്നതിനാൽ, അതു നമുക്കു ബാധകമല്ല. അത്തരം സ്ഥലങ്ങളിൽ മടിച്ചു നിൽക്കാതെ വാതിലിൽ മുട്ടുന്നതാണ് ഉചിതം. വീട്ടുകാരൻ എതിർപ്പു പ്രകടമാക്കുന്നെങ്കിൽ അത്തരം എഴുത്തുകൾ നമുക്കു ബാധകമല്ല എന്നു നാം ചിന്തിക്കുന്നത് എന്തുകൊണ്ടാണെന്നു നയപൂർവം വിശദീകരിക്കാവുന്നതാണ്. തദവസരത്തിൽ, വിലക്ക് യഹോവയുടെ സാക്ഷികൾക്കും ബാധകമാണ് എന്നു വീട്ടുകാരൻ വ്യക്തമാക്കുന്നെങ്കിൽ നാം അയാളുടെ താത്പര്യങ്ങളെ മാനിക്കും.
നാം ഒരു പ്രദേശത്തു പ്രവർത്തിക്കുമ്പോൾ, ഒരു വീട്ടുകാരൻ പ്രകടമായി അനിഷ്ടം കാണിക്കുകയും വീണ്ടും അവിടെ ചെല്ലരുതെന്ന് നിർബന്ധമായി പറയുകയും ചെയ്താൽ വീണ്ടും അവിടെ ചെല്ലരുത്. അതിനെക്കുറിച്ചു ന്യായവാദം ചെയ്യാൻ പോലും അദ്ദേഹം ആഗ്രഹിക്കുന്നില്ലെങ്കിൽ, നാം ആ അഭ്യർഥനയെ മാനിക്കണം. ഇതിനെക്കുറിച്ച് തീയതി സഹിതം വയൽ സേവന പ്രദേശമാപ്പ് കാർഡിന്റെ മറുവശത്ത് പെൻസിൽകൊണ്ട് എഴുതിവെക്കണം. ഇത് ഭാവിയിൽ അവിടം സന്ദർശിക്കുന്ന പ്രസാധകരെ ആ വീട് ഒഴിവാക്കാൻ സഹായിക്കും.
എന്നാൽ അത്തരം ഭവനങ്ങൾ എക്കാലത്തേക്കും ഒഴിവാക്കാൻ പാടില്ല. ഇപ്പോഴത്തെ താമസക്കാർ അവിടെനിന്നു താമസം മാറ്റിയേക്കാം. അനുകൂലമായി പ്രതികരിക്കുന്ന മറ്റൊരു കുടുംബത്തെ നാം കണ്ടുമുട്ടിയേക്കാം. നാം സംസാരിച്ച വീട്ടുകാരന് മനംമാറ്റം ഉണ്ടാകാനും നമ്മുടെ സന്ദർശനത്തെ സ്വാഗതം ചെയ്യാനുമുള്ള സാധ്യതയും ഉണ്ടായിക്കൂടെന്നില്ല. അതുകൊണ്ട് കുറച്ചുകാലത്തിനു ശേഷം താമസക്കാരെക്കുറിച്ച്, അവരുടെ അപ്പോഴത്തെ മനോഭാവം മനസ്സിലാക്കുന്നതിനു വേണ്ടി നയപൂർവം അന്വേഷണം നടത്തേണ്ടതാണ്.
വർഷത്തിലൊരിക്കൽ വീതം പ്രദേശ ഫയൽ പുനഃപരിശോധിക്കുകയും നാം സന്ദർശിക്കരുത് എന്ന നിർദേശം ലഭിച്ചിട്ടുള്ള ഭവനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുകയും വേണം. സേവന മേൽവിചാരകന്റെ മാർഗനിർദേശത്തിൻ കീഴിൽ നയചാതുര്യമുള്ള, അനുഭവസമ്പന്നരായ ഏതാനും പ്രസാധകരെ ഈ ഭവനങ്ങൾ സന്ദർശിക്കാൻ നിയമിക്കാവുന്നതാണ്. അതേ വീട്ടുകാരൻ തന്നെയാണോ ഇപ്പോഴും അവിടെ താമസിക്കുന്നത് എന്ന് അന്വേഷിക്കാൻ വന്നതാണ് എന്നു വിശദീകരിക്കാവുന്നതാണ്. ന്യായവാദം പുസ്തകത്തിന്റെ 15-24 പേജുകളിലെ “സാധ്യതയുള്ള സംഭാഷണം മുടക്കികളോട് നിങ്ങൾക്ക് പ്രതികരിക്കാവുന്ന വിധം” എന്ന തലക്കെട്ടിൻകീഴിലുള്ള വിവരങ്ങളുമായി പ്രസാധകൻ നന്നായി പരിചിതനായിരിക്കണം. ഉചിതമായ പ്രതികരണം ലഭിക്കുന്നപക്ഷം ഭാവി സന്ദർശനങ്ങൾ സാധാരണ മട്ടിൽത്തന്നെ തുടരാവുന്നതാണ്. വീട്ടുകാരൻ തുടർന്നും ശത്രുതാ മനോഭാവം കാണിക്കുകയാണെങ്കിൽ ഒരു വർഷം കഴിയുന്നതു വരെ വീണ്ടും അവിടെ പോകരുത്. ഒരു പ്രത്യേക കേസിൽ സാഹചര്യങ്ങൾ വ്യത്യസ്തമായ ഇടപെടൽ ആവശ്യമാക്കിത്തീർക്കുന്നു എങ്കിൽ ആ സ്ഥലത്തെ മൂപ്പന്മാരുടെ സംഘത്തിന് പ്രസ്തുത സംഗതി സംബന്ധിച്ചു തീരുമാനമെടുക്കാവുന്നതാണ്.