പുതിയ പ്രത്യേക സമ്മേളനദിന പരിപാടി
2000 ഫെബ്രുവരിയിൽ തുടങ്ങുന്ന പ്രത്യേക സമ്മേളനദിന പരിപാടിയുടെ വിഷയം “ദൈവത്തിന്റെ ആഴമുള്ള കാര്യങ്ങൾ അന്വേഷിക്കൽ” എന്നതാണ്. (1 കൊരി. 2:10, NW) മൂല്യമുള്ള എന്തെല്ലാം കാര്യങ്ങളായിരിക്കും നാം പഠിക്കുക?
പലരും അറിവു തേടുന്നെങ്കിലും, തങ്ങൾ കണ്ടെത്തുന്ന വിവരങ്ങൾ അവർക്ക് ഉന്മേഷം പകരുന്നില്ല. ബൈബിൾ നമ്മെ ഊർജസ്വലരാക്കുന്നു. “ദൈവവചനം തേടുന്നത് നവോന്മേഷം പകരുന്നു” എന്ന ശീർഷകത്തിലുള്ള പരിപാടി സർക്കിട്ട് മേൽവിചാരകൻ നിർവഹിക്കുമ്പോൾ അതു വ്യക്തമാകും. സന്ദർശക പ്രസംഗകൻ, “നിങ്ങൾ രാജ്യപ്രസംഗത്തെ എങ്ങനെ വീക്ഷിക്കുന്നു?” എന്ന വിഷയം കൈകാര്യം ചെയ്തുകൊണ്ട് ദൈവത്തിന്റെ ആഴമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതും സുവാർത്ത പ്രസംഗിക്കുന്നതും തമ്മിലുള്ള ബന്ധം വ്യക്തമാക്കും.
ദൈവവചനത്തിലെ ആഴമുള്ള കാര്യങ്ങളിലേക്കു കുഴിച്ചിറങ്ങാൻ മാതാപിതാക്കൾക്കു കുട്ടികളെ എങ്ങനെ സഹായിക്കാനാകും? “നിങ്ങളുടെ മക്കളിൽ ദൈവവചനം ഉൾനടുക” എന്ന പരിപാടിയിലൂടെ അതിനുള്ള പ്രായോഗിക നിർദേശങ്ങൾ നൽകപ്പെടുന്നതായിരിക്കും. സഭയിലെ ആത്മീയ പക്വതയുള്ള വ്യക്തികളുമൊത്തുള്ള സഹവാസത്തിന് ക്രിസ്തീയ യുവാക്കളുടെമേൽ ആരോഗ്യാവഹമായ ഒരു ഫലം ഉണ്ടായിരിക്കും. അവർ എങ്ങനെ അനുകൂലമായി സ്വാധീനിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണങ്ങൾ “മുതിർന്നവരിൽ നിന്നു പഠിക്കുന്ന യുവാക്കൾ” എന്ന പരിപാടിയിലൂടെ എടുത്തുകാട്ടപ്പെടും.
യഹോവ രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനാണ്. മറഞ്ഞിരിക്കുന്ന ആത്മീയ നിക്ഷേപത്തിനായി നാം ഇപ്പോൾ ഉത്സാഹപൂർവം അന്വേഷിക്കേണ്ടത് എന്തുകൊണ്ടാണ്? യഹോവ പുരാതന കാലത്തും ആധുനിക കാലത്തും വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെ കുറിച്ച് “യഹോവ ആഴമുള്ള കാര്യങ്ങൾ അനുക്രമം വെളിപ്പെടുത്തുന്നു” എന്ന പ്രസംഗത്തിൽ സന്ദർശക പ്രസംഗകൻ വിശദീകരിക്കുന്നതാണ്. അത്, “ദൈവത്തിന്റെ ആഴമുള്ള കാര്യങ്ങൾ അന്വേഷി”ക്കുന്നതിൽ തുടരാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ബലിഷ്ഠമാക്കും.
സമ്മേളനത്തിൽ സംബന്ധിക്കാൻ ഇപ്പോഴേ ആസൂത്രണം ചെയ്യുക. യഹോവയ്ക്കുള്ള സമർപ്പണം സ്നാപനത്തിലൂടെ പ്രതീകപ്പെടുത്താൻ ആഗ്രഹിക്കുന്നവർ കഴിയുന്നത്ര നേരത്തെ അധ്യക്ഷ മേൽവിചാരകനെ അറിയിക്കേണ്ടതാണ്. ദൈവവചനത്തിലേക്ക് ചുഴിഞ്ഞിറങ്ങാനുള്ള നമ്മുടെ ആത്മാർഥമായ ആഗ്രഹം നാം കേൾക്കുന്ന കാര്യങ്ങളാൽ ബലിഷ്ഠമാക്കപ്പെടും. അതുകൊണ്ട്, ആത്മീയ പ്രബോധനത്തിന്റെ ഈ പ്രത്യേക ദിവസം നഷ്ടപ്പെടുത്തരുത്!