ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന നല്ല നടത്ത ഉള്ളവരായിരിക്കുക
1 നാം എവിടെ ആയിരുന്നാലും നമ്മുടെ നടത്തയും വസ്ത്രധാരണവും ചമയവും നമ്മെക്കുറിച്ചും നാം ആരാധിക്കുന്ന ദൈവത്തെക്കുറിച്ചും സാക്ഷ്യം നൽകുന്നു. അനേകർ നമ്മെ നിരീക്ഷിക്കാൻ ഇടയാകുന്ന, ദൈവജനത്തിന്റെ വലിയ കൂടിവരവുകളിൽ ഇത് പ്രത്യേകിച്ചും ശ്രദ്ധേയമായിത്തീരുന്നു. നാം മാതൃകായോഗ്യർ ആയിരിക്കുമ്പോൾ യഹോവയുടെ നാമം മഹത്ത്വീകരിക്കപ്പെടുന്നു. (1 പത്രൊ. 2:12) എന്നിരുന്നാലും, ഏതാനും പേരുടെ അനുചിതമായ പെരുമാറ്റവും വരുംവരായ്ക നോക്കാതെയുള്ള പ്രവർത്തനങ്ങളും ദൈവത്തിനും അവന്റെ ജനത്തിനും നിന്ദ വരുത്തിവെച്ചേക്കാം. (സഭാ. 9:18ബി) നമ്മുടെ നടത്തയാൽ പുറത്തുള്ളവർ നമ്മുടെ സംഘടനയെയും നാം ആരാധിക്കുന്ന ദൈവത്തെയും വിലയിരുത്തുമെന്ന് മനസ്സിൽ പിടിക്കുന്നത് ‘എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്യുന്നതിൽ’ കൂടുതൽ ശ്രദ്ധയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കും.—1 കൊരി. 10:31.
2 ഹോട്ടലുകളിലെ മാതൃകായോഗ്യമായ നടത്ത: മിക്ക സന്ദർഭങ്ങളിലും, യഹോവയുടെ സാക്ഷികളുടെ ശുദ്ധിയും ക്രമവും നല്ല പെരുമാറ്റരീതികളും ഹോട്ടലുകളിലെ ജീവനക്കാരിൽ നല്ല മതിപ്പുളവാക്കിയിട്ടുണ്ട്. തന്റെ ഹോട്ടലിൽ മുറിയെടുത്തു താമസിച്ച സാക്ഷി കുടുംബങ്ങളെക്കുറിച്ച് ഒരു മാനേജർ പറഞ്ഞു: “യഹോവയുടെ സാക്ഷികളുടെ കുട്ടികൾ വളരെ നല്ലവരാണ്, അത്തരം കുട്ടികളെ ഞാൻ മുമ്പൊരിക്കലും കണ്ടിട്ടില്ല! മാന്യമായിരുന്നു അവരുടെ വസ്ത്രധാരണം; അവർ മര്യാദയും വിനയവും നല്ല പെരുമാറ്റരീതികളും ഉള്ളവരാണ്, അവർ ഞങ്ങൾക്ക് യാതൊരുവിധ പ്രശ്നവും ഉണ്ടാക്കിയില്ല. കുട്ടികളെപ്രതി നിങ്ങളെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. നിങ്ങളുടെ കുട്ടികൾ ഇവിടെ ഉണ്ടായിരുന്നതു ഞങ്ങൾക്കു സന്തോഷം പകർന്നു.” ഇതുപോലുള്ള അഭിപ്രായങ്ങൾ ചോദിക്കാതെതന്നെ പലരും പറയാറുണ്ട്. കാരണം, നമ്മളുമായി ഇടപഴകുന്നവർക്ക് യഹോവയുടെ ജനത്തിനിടയിലെ സ്നേഹവും ആദരവും കാണാൻ കഴിയുന്നു.
3 നേരെമറിച്ച്, മറ്റു ചില ഹോട്ടലുകളിലെ ജീവനക്കാരുടെ അഭിപ്രായങ്ങൾ തെളിയിക്കുന്നത് ചില സാക്ഷികൾ അശ്രദ്ധമായി പെരുമാറുകയോ ഹോട്ടൽ സൗകര്യങ്ങൾ ദുരുപയോഗപ്പെടുത്തുകയോ ചെയ്തു എന്നാണ്. ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അനാവശ്യമായ വിമർശനത്തിന് ഇടയാക്കുകയും ചെയ്യുന്നു. നീന്തൽക്കുളവും മറ്റ് വിനോദോപാധികളും ഉപയോഗിച്ചപ്പോൾ മാതാപിതാക്കളുടെ മേൽനോട്ടം ഇല്ലാഞ്ഞതിന്റെ ഫലമായി കൊച്ചുകുട്ടികളും കൗമാരപ്രായക്കാരും ഒച്ചയുണ്ടാക്കുകയും അച്ചടക്കമില്ലാതെ പെരുമാറുകയും ചെയ്തതായി ചില ഹോട്ടൽ മാനേജർമാർ പരാതിപ്പെടുന്നു.
4 അതിഥികൾ പാലിക്കാൻ പ്രതീക്ഷിക്കപ്പെടുന്ന നിയമങ്ങൾ മിക്ക ഹോട്ടലുകൾക്കുമുണ്ട്. ശബ്ദത്തിന്റെയും മുറികളിൽ പാചകം ചെയ്യുന്നതിന്റെയും കാര്യത്തിൽ ചില സഹോദരങ്ങൾ ഈ നിയമങ്ങൾ ലംഘിച്ചിട്ടുണ്ട്. പാചകം അനുവദിച്ചിട്ടില്ലാത്ത ഹോട്ടൽ മുറികളിൽ, ആ വിലക്കിനെ ലംഘിച്ചുകൊണ്ട് അങ്ങനെ ചെയ്യുന്നതു പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഹോട്ടൽ ഉടമകൾ നമ്മോടു പറയാറുണ്ട്. അതു നിമിത്തം മുറികൾക്ക് കേടുപാടു സംഭവിച്ചിട്ടുണ്ടെന്നു മാത്രമല്ല, മുറിക്കുള്ളിൽ തങ്ങിനിൽക്കുന്ന മണം കാരണം പിന്നെ അത് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കണമെങ്കിൽ ദിവസങ്ങളോ ആഴ്ചകളോ കഴിയണം. മുറിയിൽ പാചകം ചെയ്യാമെന്നു പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിൽ, അതു ചെയ്യരുത്.
5 ഹോട്ടൽ അധികൃതരോടു പൂർണമായി സഹകരിക്കാൻ നാം നല്ല ശ്രമംതന്നെ നടത്തണം. തീർച്ചയായും യഹോവയുടെ ജനത്തെക്കുറിച്ച് മോശമായ ഒരു ധാരണ ആളുകൾക്കു നൽകാൻ നാം ആഗ്രഹിക്കുന്നില്ല. ക്രിസ്ത്യാനികൾ എന്നനിലയിൽ നാം എല്ലായ്പോഴും സത്യസന്ധമായ നടത്ത ഉള്ളവരായിരിക്കണം. കിടക്കവിരികളോ “സ്മരണവസ്തു”ക്കളോ ഒന്നും ഹോട്ടലിൽനിന്ന് എടുത്തുകൊണ്ടുപോകരുത്, അത് മോഷണമാണ്. അതുപോലെതന്നെ മുറി ബുക്കു ചെയ്യുമ്പോൾ അല്ലെങ്കിൽ ഹോട്ടൽമുറിയിൽ വന്നു താമസമാക്കുമ്പോൾ ആ മുറിയിൽ എത്ര പേർ താമസിക്കും എന്നു റിപ്പോർട്ടു ചെയ്യുന്നതിലും നാം സത്യസന്ധരായിരിക്കണം.
6 കൺവെൻഷൻ സ്ഥലത്തെ മാന്യമായ വസ്ത്രധാരണം: കൺവെൻഷൻ നടത്തുന്നത് എവിടെയായിരുന്നാലും, ആ സമയത്ത് അതിനെ വലിയൊരു രാജ്യഹാളായി വീക്ഷിക്കേണ്ടതാണ്. പ്രാദേശിക രാജ്യഹാളിലെ യോഗങ്ങൾക്ക് കൂടിവരുമ്പോഴെന്നപോലെ ഇവിടെയും ഉചിതമായ ചമയവും വസ്ത്രധാരണവും ഉള്ളവർ ആയിരിക്കാൻ ശ്രദ്ധിക്കണം. കൺവെൻഷൻ പരിപാടികൾക്കു മുമ്പും അവ നടക്കുമ്പോഴും അവയ്ക്കു ശേഷവും അനുചിതമോ അങ്ങേയറ്റത്തെ ഫാഷനിലുള്ളതോ ആയ വസ്ത്രധാരണം സഹോദരങ്ങൾ ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നത് ലോകത്തിന്റെ ആത്മാവിനെ തിരിച്ചറിയിക്കുകയും ലോകക്കാരിൽനിന്നു നമ്മെ തിരിച്ചറിയിക്കാൻ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. ‘ലജ്ജാശീലം’ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ വസ്ത്രധാരണം നടത്താൻ സഹോദരിമാർ ശ്രദ്ധയുള്ളവരായിരിക്കണം. (1 തിമൊ. 2:9, 10) കൺവെൻഷൻ സ്ഥലത്തോ ഹോട്ടലുകളിലോ റെസ്റ്ററൻറുകളിലോ കടകളിലോ എവിടെ ആയിരുന്നാലും ഇടർച്ചയ്ക്കു ഹേതു കൊടുക്കാതെ എല്ലായ്പോഴും ദൈവശുശ്രൂഷകരാണെന്ന് നാം തെളിയിക്കണം.—2 കൊരി. 6:3.
7 ശനിയാഴ്ച രാവിലെ സ്നാപനം നടക്കും. ആ അവസരത്തിൽ നമുക്കുണ്ടായിരിക്കേണ്ട മനോഭാവത്തെ കുറിച്ച് 1995 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 30-ാം പേജിൽ കാണാവുന്നതാണ്. അതിങ്ങനെ പറയുന്നു: “നാമെല്ലാം സ്നാപനത്തെ ഉചിതമായ ഗൗരവത്തോടെ വീക്ഷിക്കേണ്ടതുണ്ട്. വികാരാവേശ പ്രകടനത്തിനോ, പാർട്ടി നടത്തുന്നതിനോ ഉല്ലാസത്തിമിർപ്പിനോ ഉളള സമയമല്ല അത്. അതേസമയം നിരുല്ലാസകരമോ മൂകമോ ആയ സമയവുമല്ല അത്.” സ്ത്രീയായാലും പുരുഷനായാലും തീരെ ചെറിയതോ ശരീരഭാഗങ്ങൾ വെളിപ്പെടുത്തുന്നതോ ആയ വസ്ത്രങ്ങൾ ധരിക്കുന്നത് തികച്ചും അനുചിതമായിരിക്കും. അതുകൊണ്ട് എല്ലാവരും ക്രിസ്തീയ സ്നാപനത്തിന്റെ ഗൗരവവും സന്തോഷവും പ്രതിഫലിപ്പിക്കണം.
8 ‘നാം വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം’ എന്ന് പത്രൊസ് നമ്മെ ഓർമിപ്പിക്കുന്നു. (2 പത്രൊ. 3:12) “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ സ്ഥലത്തെ നമ്മുടെ വാക്കുകളും പ്രവൃത്തികളും, സകല ബഹുമാനത്തിനും മഹത്ത്വത്തിനും യോഗ്യനായ മഹാദൈവത്തെ അറിയാനും ആരാധിക്കാനും നമ്മെ നിരീക്ഷിക്കുന്ന ആത്മാർഥ ഹൃദയരെ സഹായിക്കുമാറാകട്ടെ.—1 കൊരി. 14:24, 25.