പുതിയ സർക്കിട്ട് സമ്മേളന പരിപാടി
ഈ വ്യവസ്ഥിതി എന്നേക്കും നിലനിൽക്കുമെന്നു നാം വിശ്വസിക്കാൻ ലോകം ആഗ്രഹിക്കുന്നു. എന്നാൽ മറ്റൊരാശയമാണ് ബൈബിൾ പറയുന്നത്. (1 യോഹ. 2:15-17) ‘ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നത്’ ഒരു പാഴ്വേലയാണെന്നു മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കുന്നു. ദൈവജനത്തെ ബലപ്പെടുത്തുന്നതിന് സേവനവർഷം 2007-ലെ സർക്കിട്ട് സമ്മേളനം “സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ” എന്ന പ്രതിപാദ്യവിഷയത്തെ കേന്ദ്രീകരിച്ചായിരിക്കും നടത്തപ്പെടുക.—മത്താ. 6:19, 20.
‘ആകാശത്തിലെ [“വായുവിന്റെ,” NW] അധികാരവും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവും’ എന്ന് എഫെസ്യർ 2:2-ൽ പരാമർശിച്ചിരിക്കുന്നതിൽ ഭൗതികത്വചിന്താഗതിയും ഉൾപ്പെട്ടിരിക്കുന്നു. ഏവർക്കും ശ്വസിക്കാനാകുംവിധം അക്ഷരീയ വായു എവിടെയും ഉള്ളതുപോലെതന്നെയാണ് ഈ വ്യവസ്ഥിതിയിൽ “ലോകത്തിന്റെ ആത്മാ”വും. (1 കൊരി. 2:12) അതിന്റെ സ്വാധീനം വളരെ ശക്തമായതിനാൽ അതിന് ‘അധികാരം’ ഉള്ളതായി പറഞ്ഞിരിക്കുന്നു. ലോകത്തിന്റെ ഭൗതികത്വചിന്താഗതി ഒഴിവാക്കാനും ഏറ്റവും പ്രധാനമായ സംഗതി ജീവിതത്തിൽ ഒന്നാമതു വെക്കാനും നമ്മെ സഹായിക്കുന്നതാണ് പുതിയ സർക്കിട്ട് സമ്മേളന പരിപാടി. (മത്താ. 6:33) കൂടാതെ, സമ്മർദങ്ങൾക്കും പരിശോധനകൾക്കും മധ്യേ നമ്മുടെ ശുശ്രൂഷ നിർവഹിക്കവേ യഹോവയിൽ ആശ്രയിക്കാനും ഈ പരിപാടി നമ്മെ സഹായിക്കും.
രണ്ടു ദിവസവും ഹാജരാകുക, പരിപാടികൾക്ക് ‘സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകുക.’ (എബ്രാ. 2:1, NW) നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലും ശുശ്രൂഷയിലും ബാധകമാക്കാനാകുന്ന ആശയങ്ങളുടെ ഹ്രസ്വമായ കുറിപ്പെടുക്കുക. ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്ന ഈ ദ്വിദിന പരിപാടിക്ക് ആദിയോടന്തം ഹാജരാകുന്നെങ്കിൽ ‘സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുന്നതിൽ’ തുടരാനുള്ള പ്രോത്സാഹനവും ശക്തിയും നിങ്ങൾക്കു ലഭിക്കും.