ശിഷ്യരെ ഉളവാക്കുന്ന ബൈബിളധ്യയനങ്ങൾ
1 “ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം” എന്ന് എത്യോപ്യനായ ഷണ്ഡൻ ചോദിച്ചു. ഫിലിപ്പൊസ് “അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയി”ച്ചശേഷമായിരുന്നു അത്. (പ്രവൃ. 8:27-39) ആ ഷണ്ഡന് നേരത്തെതന്നെ ദൈവത്തിന്റെ നിശ്വസ്ത വചനത്തോടു പ്രിയമുണ്ടായിരുന്നു. ഫിലിപ്പൊസിൽനിന്ന് ആത്മീയ സഹായം സ്വീകരിച്ചു കഴിഞ്ഞപ്പോൾ ഒരു ശിഷ്യനാകാൻ അവൻ ഒരുക്കമായിരുന്നു. എന്നാൽ, തങ്ങൾ തിരുവെഴുത്തുകൾ പരിശോധിക്കണമെന്ന ബോധം എല്ലാവർക്കുമില്ല.
2 ചുരുങ്ങിയ കാലയളവിനുള്ളിൽ നമ്മുടെ നാളിലേക്കുള്ള ബൈബിൾ സന്ദേശം പരിശോധിക്കാൻ ആളുകളെ പ്രാപ്തരാക്കുന്നതിന് യഹോവയുടെ സ്ഥാപനം, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക പ്രദാനം ചെയ്തിരിക്കുന്നതിൽ നാം നന്ദിയുള്ളവരാണ്. അഭിജ്ഞരെങ്കിലും ബൈബിളിനെക്കുറിച്ചു കാര്യമായി അറിവില്ലാത്ത ആത്മാർഥതയുള്ള ആളുകൾക്ക് ഈ ലഘുപത്രികയിലെ വിവരങ്ങൾ ആകർഷകമായിരിക്കും. ബൈബിൾ പരിശോധിക്കാൻ ആളുകൾക്കു പ്രേരണയേകുംവിധമാണ് ഈ ഉത്കൃഷ്ട ലഘുപത്രിക രൂപകൽപ്പന ചെയ്തിരിക്കുന്നത്.
3 ബൈബിളധ്യയനം തുടങ്ങുമ്പോൾ പരിജ്ഞാനം പുസ്തകമുപയോഗിച്ച് എങ്ങനെ ഫലപ്രദമായി അധ്യയനം നടത്താമെന്നതു സംബന്ധിച്ച് 1996 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ പ്രസിദ്ധീകരിച്ച ഉത്കൃഷ്ട നിർദേശങ്ങൾ പുനർവിചിന്തനം ചെയ്യുന്നതു സഹായകമായിരിക്കും. അധ്യയന സമയത്ത്, വിദ്യാർഥി ആർജിക്കുന്ന പുരോഗതി കണക്കിലെടുത്തു കൂടുതൽ ശ്രദ്ധ ആവശ്യമായിരിക്കുന്ന മണ്ഡലമേതെന്നു നിങ്ങൾക്കു തീരുമാനിക്കാൻ സാധിക്കും. തിരുവെഴുത്തുകൾ എടുത്തുനോക്കി പാഠങ്ങൾ മുൻകൂട്ടി തയ്യാറാകാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. സ്വന്തം വാക്കുകളിൽ നൽകുന്ന ഉത്തരങ്ങൾ സത്യത്തോടുള്ള അയാളുടെ ഹൃദയംഗമമായ വിലമതിപ്പിനെ പ്രതിഫലിപ്പിക്കുന്നു. സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ കൂടുതലായി വായിക്കുകയും സഭായോഗങ്ങൾക്കു ക്രമമായി ഹാജരാകുകയും ചെയ്യുന്നവരാണു ത്വരിതഗതിയിൽ പുരോഗമിക്കുന്നത്. പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി അനൗപചാരികമായി പങ്കുവെക്കാൻ അയാളെ പ്രോത്സാഹിപ്പിക്കുക. ആത്മീയ പുരോഗതി കൈവരിക്കുന്നതിന് എന്തു ചെയ്യണമെന്നു ദയാപുരസ്സരം കാട്ടിക്കൊടുക്കുക. ഒരു തീരുമാനമെടുക്കാത്തവരുമൊത്ത് അനിശ്ചിതകാലത്തോളം അധ്യയനം തുടരരുത്. വിദ്യാർഥികൾ പഠിക്കാൻ മുൻകയ്യെടുക്കുകയും സത്യത്തിനുവേണ്ടി ഒരു ഉറച്ച നിലപാടു സ്വീകരിക്കുകയും സമർപ്പണം, സ്നാപനം എന്നീ പടികളിലേക്കു പുരോഗമിക്കുകയും ചെയ്യേണ്ടതുണ്ട്.
4 ചില വീടുകളിൽ ഒന്നിലധികം അധ്യയനങ്ങൾ നടത്താറുണ്ട്. കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾക്കായി വെവ്വേറെ അധ്യയനങ്ങൾ എടുക്കുന്നതാണ് ഇതിനു കാരണം. എന്നിരുന്നാലും കുടുംബം ഒത്തൊരുമിച്ച് അധ്യയനം നടത്തുന്നതാണു മിക്കപ്പോഴും അഭികാമ്യം. കാരണം അതു കുടുംബാംഗങ്ങളെ ആത്മീയമായി ഏകീഭവിപ്പിക്കും.
5 നാം ശിഷ്യരെ ഉളവാക്കണമെന്നത് യേശുവിന്റെ കൽപ്പനയാണ്. (മത്താ. 28:19) ഇതിനായി, “ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം”? എന്നു ചോദിക്കുന്ന ഘട്ടത്തോളം പുരോഗതി വരുത്താൻ ആളുകളെ സഹായിക്കുന്ന വിധത്തിൽ നാം ബൈബിളധ്യയനങ്ങൾ നടത്തേണ്ടതുണ്ട്.