‘സകല സൽപ്രവൃത്തിക്കും തികഞ്ഞവർ’
1 യഹോവയുടെ ജനം ഇന്ന് സമ്പുഷ്ടമായ ആത്മീയ ആഹാരത്തിന്റെ സമൃദ്ധിയാൽ അനുഗൃഹീതരാണ്. (യെശ. 25:6) വ്യക്തിപരവും കുടുംബപരവുമായ പഠനത്തിലൂടെയും സഭായോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിലൂടെയും ആസ്വദിക്കാനായി തിരുവെഴുത്ത് അധിഷ്ഠിതമായ ധാരാളം വിവരങ്ങൾ ഉണ്ട്. എന്നാൽ “സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവ”രാകാനുള്ള ലക്ഷ്യത്തിൽ നാം ഇവയിൽ നിന്നു മുഴു പ്രയോജനവും നേടുന്നുണ്ടോ?—2 തിമൊ. 3:16.
2 ഇതിനോടകംതന്നെ പകുതി ഭാഗം ആസ്വദിച്ചു കഴിഞ്ഞ, 1998-ലേക്കുള്ള ആത്മീയ ഭക്ഷണ പട്ടികയെക്കുറിച്ച് പരിചിന്തിക്കുക! പ്രതിവാര സഭായോഗങ്ങളിലൂടെ നാം, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ 23 പുസ്തകങ്ങളുടെ ചില വിശേഷാശയങ്ങൾ ചർച്ചചെയ്യുന്നു, ബൈബിൾ പരിജ്ഞാനത്തിന്റെയും ക്രിസ്തീയ ഗുണങ്ങളുടെയും 22 വ്യത്യസ്ത വശങ്ങളെ കുറിച്ച് വീക്ഷാഗോപുരത്തിലെ ഉപ ലേഖനങ്ങളിലുള്ള വിവരങ്ങൾ പുനരവലോകനം ചെയ്യുന്നു, വയൽ സേവനത്തിൽ നമ്മെ സഹായിക്കുന്ന ചർച്ചയ്ക്കു വേണ്ടിയുള്ള 48 വിഷയങ്ങൾ പരിചിന്തിക്കുന്നു. കൂടാതെ ഖണ്ഡിക ഖണ്ഡികയായി പരിജ്ഞാനം പുസ്തകവും കുടുംബ സന്തുഷ്ടി പുസ്തകവും പൂർണമായി നാം അവലോകനം ചെയ്യുന്നു. ഇതിനു പുറമേ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 12 ലക്കങ്ങൾ, 52 വീക്ഷാഗോപുര അധ്യയന ലേഖനങ്ങൾ, നാനാതരത്തിലുള്ള ബൈബിൾ വിഷയങ്ങളെ കുറിച്ച് ഏതാണ്ട് അത്രയുംതന്നെ പരസ്യപ്രസംഗങ്ങൾ എന്നിവയിലൂടെയും നാം പോഷിപ്പിക്കപ്പെടുന്നു. ഇവയ്ക്കെല്ലാം പുറമേയാണ് സമ്പുഷ്ടമായ കൺവെൻഷൻ, സമ്മേളന പരിപാടികൾ. അത്യുത്തമ ആത്മീയ ഭക്ഷണം എത്ര സമൃദ്ധമായാണ് നമുക്കു ലഭ്യമായിരിക്കുന്നത്!
3 യഹോവയുടെ കരുതലുകളെ വിലമതിക്കുക: പൂർണപ്രയോജനം നേടുന്നതിന്, യഹോവ ഇത്തരം ആത്മീയ സമൃദ്ധി പ്രദാനം ചെയ്യുന്നത് എന്തുകൊണ്ടെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം നല്ല വസ്തുക്കൾ ഭക്ഷിക്കുന്നത് നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും അവനോടുള്ള നമ്മുടെ ബന്ധത്തെ ദൃഢീകരിക്കുകയും ചെയ്യുന്നു. (1 തിമൊ. 4:6) എന്നാൽ, ആത്മീയ ഭക്ഷണം ലഭ്യമാക്കിയിരിക്കുന്നത് കേവലം നമ്മുടെ മാത്രം പ്രയോജനത്തിനല്ല. സത്യം മറ്റുള്ളവരുമായി പങ്കുവെക്കാൻ അതു നമ്മെ പ്രചോദിപ്പിക്കുന്നു. കൂടാതെ സുവാർത്തയുടെ ശുശ്രൂഷകരെന്ന നിലയിൽ അപ്രകാരം ചെയ്യുന്നതിൽ ഫലപ്രദരായിരിക്കാൻ നമ്മെ സജ്ജരാക്കുകയും ചെയ്യുന്നു.—2 തിമൊ. 4:5.
4 നമുക്ക് നമ്മുടെ ആത്മീയ ആവശ്യങ്ങൾ അവഗണിക്കാതിരിക്കാം. അതേസമയം യഹോവയുടെ മേശയിൽ നിന്നുള്ള, ആത്മീയമായി തൃപ്തിപ്പെടുത്തുന്ന സമ്പുഷ്ട കരുതലുകൾക്കായുള്ള വാഞ്ഛ എല്ലായ്പോഴും നട്ടുവളർത്തുകയും ചെയ്യാം. (മത്താ. 5:3, NW; 1 പത്രൊ. 2:2) പൂർണമായി പ്രയോജനം നേടുന്നതിന് വ്യക്തിപരവും കുടുംബപരവുമായ ക്രമമുള്ള ബൈബിൾ പഠനം, യോഗങ്ങൾക്കു ഹാജരാകൽ എന്നിങ്ങനെ പ്രാധാന്യമേറിയ കാര്യങ്ങൾക്കായി വേണ്ടത്ര സമയം മാറ്റിവെക്കേണ്ടത് ആവശ്യമാണ്. (എഫെ. 5:15, 16) അപ്പോൾ ലഭിക്കുന്ന സന്തോഷകരമായ പ്രതിഫലങ്ങൾ, വിശ്വസ്തരായ എബ്രായ ക്രിസ്ത്യാനികൾക്കു പൗലൊസ് എഴുതിയ നിശ്വസ്ത പ്രോത്സാഹനത്തിനു ചേർച്ചയിലായിരിക്കും. അത് എബ്രായർ 13:20, 21-ൽ രേഖപ്പെടുത്തിയിരിക്കുന്നു.