സഭാ പുസ്തകാധ്യയന മേൽവിചാരകന്മാർ വ്യക്തിഗത താത്പര്യം പ്രകടമാക്കുന്ന വിധം
1 സഭാ പുസ്തകാധ്യയന ക്രമീകരണം ‘ഓരോ വ്യക്തിയുടെയും ആത്മീയ വളർച്ചയ്ക്കു കൂടുതൽ വ്യക്തിഗതമായ ശ്രദ്ധ കൊടുക്കുന്നതു സാധ്യമാക്കിത്തീർക്കുന്നു. . . ഇവിടെ തന്റെ ജനത്തോടുള്ള യഹോവയുടെ സ്നേഹദയയുടെയും സ്നേഹമസൃണമായ പരിചരണത്തിന്റെയും പ്രതിഫലനമാണുള്ളത്.’ (om-MY പേ. 75; യെശ. 40:11) വ്യക്തിഗതമായ അത്തരം ശ്രദ്ധ നൽകുന്നതിൽ പുസ്തകാധ്യയന മേൽവിചാരകൻ സുപ്രധാന പങ്കുവഹിക്കുന്നു.
2 പുസ്തകാധ്യയനത്തിൽ: പുസ്തകാധ്യയന കൂട്ടങ്ങൾ ചെറുതാക്കി നിറുത്തിയിരിക്കുന്നതിനാൽ, പുസ്തകാധ്യയന മേൽവിചാരകന് തന്റെ കൂട്ടത്തിലെ ഓരോ അംഗത്തെയും മെച്ചമായി അറിയാൻ കഴിയുന്നു. (സദൃ. 27:23) സാധാരണമായി, ഓരോ വാരവും അധ്യയനത്തിനു മുമ്പോ അതിനു ശേഷമോ സഹവാസം ആസ്വദിക്കാനുള്ള അവസരങ്ങളുണ്ട്. ഒരു മാസംകൊണ്ട്, അദ്ദേഹത്തിന് കൂട്ടത്തിലെ മിക്കവാറും എല്ലാവരുമായുംതന്നെ സംസാരിക്കാൻ സാധിച്ചേക്കാം. ഇത് പരിശോധനകൾ നേരിടുമ്പോഴോ പ്രോത്സാഹനം ആവശ്യമായിരിക്കുമ്പോഴോ മടികൂടാതെ അദ്ദേഹത്തെ സമീപിക്കാൻ പുസ്തകാധ്യയന കൂട്ടത്തിലെ അംഗങ്ങളെ സഹായിക്കുന്നു.—യെശ. 32:2.
3 അധ്യയനവേളയിൽ അഭിപ്രായങ്ങൾ പറയുന്നതിനു കൂട്ടത്തിലെ എല്ലാവരെയും പ്രോത്സാഹിപ്പിക്കാൻ പുസ്തകാധ്യയന മേൽവിചാരകൻ ശ്രമിക്കുന്നു. അദ്ദേഹം ഇതു ചെയ്യുന്ന ഒരു വിധം ദയയോടും ആർദ്രതയോടുംകൂടി അധ്യയനം നിർവഹിച്ചുകൊണ്ടാണ്. (1 തെസ്സ. 2:7, 8) കുട്ടികൾ ഉൾപ്പെടെ എല്ലാവരെയും ചർച്ചയിൽ ഉൾപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുന്നു. ചിലർക്ക് അഭിപ്രായങ്ങൾ പറയാൻ പേടിയാണെങ്കിൽ, അവരെക്കൊണ്ട് ഒരു തിരുവെഴുത്തു വായിപ്പിക്കാനോ ഒരു പ്രത്യേക ഖണ്ഡികയിൽനിന്നുള്ള ഉത്തരം പറയിക്കാനോ നേരത്തേ ക്രമീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തിപരമായ സഹായം നൽകിയേക്കാം. അല്ലെങ്കിൽ സ്വന്തവാചകത്തിൽ എങ്ങനെ ഉത്തരം പറയാമെന്ന് അദ്ദേഹം അവർക്കു കാണിച്ചുകൊടുത്തേക്കാം.
4 പുസ്തകാധ്യയന മേൽവിചാരകന്റെ സഹായി ഒരു ശുശ്രൂഷാ ദാസനാണെങ്കിൽ, രണ്ടു മാസത്തിലൊരിക്കൽ അദ്ദേഹം അധ്യയനം നടത്താൻ തക്കവണ്ണം മേൽവിചാരകൻ ക്രമീകരിക്കുന്നു. ഇത് സഹായിയെ നിരീക്ഷിക്കുന്നതിനും സഹായകമായ നിർദേശങ്ങൾ നൽകുന്നതിനുമുള്ള അവസരം മേൽവിചാരകനു പ്രദാനം ചെയ്യുന്നു. തങ്ങളുടെ പഠിപ്പിക്കൽ കല മെച്ചപ്പെടുത്താൻ സഹോദരങ്ങളെ സഹായിക്കുന്നതിനുള്ള എത്ര നല്ല ക്രമീകരണം!—തീത്തൊ. 1:9, NW.
5 വയൽ ശുശ്രൂഷയിൽ: പ്രസംഗവേലയിൽ നേതൃത്വമെടുക്കുക എന്നതാണ് പുസ്തകാധ്യയന മേൽവിചാരകന്റെ മുഖ്യ ഉത്തരവാദിത്വങ്ങളിൽ ഒന്ന്. (സംഖ്യാ. 27:16, 17) അദ്ദേഹം സഭയുടെ കൂട്ട സാക്ഷീകരണത്തിനായി പ്രായോഗിക ക്രമീകരണങ്ങൾ ചെയ്യുകയും ശുശ്രൂഷയിൽ സന്തോഷം കണ്ടെത്താൻ തന്റെ കൂട്ടത്തിലെ എല്ലാവരെയും സഹായിക്കുന്നതിനു ശ്രമിക്കുകയും ചെയ്യുന്നു. (എഫെ. 4:11, 13) ഇതിനായി, കൂട്ടത്തിലെ ഓരോ അംഗത്തിന്റെ കൂടെയും സേവനത്തിൽ ഏർപ്പെടാൻ അദ്ദേഹം ലക്ഷ്യം വെക്കുന്നു. ശുശ്രൂഷയുടെ ചില മണ്ഡലങ്ങളിൽ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ പരിചയസമ്പന്നനായ ഒരു പ്രസാധകനിൽനിന്നു സഹായം ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുന്നതിനായി അദ്ദേഹം സേവന മേൽവിചാരകനുമായി യോജിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു.
6 സ്നേഹവാനായ ഒരു ഇടയൻ എന്ന നിലയിൽ: തങ്ങളുടെ സാഹചര്യങ്ങൾ നിമിത്തം പ്രസംഗവേലയിൽ വളരെ കുറച്ചു മാത്രം പങ്കുപറ്റാൻ കഴിയുന്നവരിൽ പുസ്തകാധ്യയന മേൽവിചാരകൻ തത്പരനാണ്. പ്രായാധിക്യത്താലോ വീടോ മുറിയോ വിട്ടു പുറത്തു പോകാൻ കഴിയാത്തതിനാലോ പ്രവർത്തനം അങ്ങേയറ്റം പരിമിതപ്പെട്ടിരിക്കുന്നവർക്കും ഗുരുതരമായ രോഗമോ പരിക്കോ നിമിത്തം പ്രവർത്തനം താത്കാലികമായി പരിമിതപ്പെട്ടിരിക്കുന്നവർക്കും, ഒരു മാസം ഒരു മുഴു മണിക്കൂർ റിപ്പോർട്ടു ചെയ്യാൻ കഴിയാത്തപക്ഷം 15 മിനിട്ടിന്റെ ഗഡുക്കളായി വയൽസേവനം റിപ്പോർട്ടു ചെയ്യാൻ അനുവദിക്കുന്ന ക്രമീകരണത്തെ കുറിച്ച് അറിയാമെന്ന് അദ്ദേഹം ഉറപ്പുവരുത്തുന്നു. (ഈ ക്രമീകരണത്തിന് അർഹതയുള്ള പ്രസാധകർ ആരൊക്കെയെന്നു നിർണയിക്കുന്നത് സഭാസേവനക്കമ്മിറ്റിയാണ്.) തന്റെ പുസ്തകാധ്യയന കൂട്ടത്തിലേക്കു നിഷ്ക്രിയർ നിയമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സഭയോടൊത്തുള്ള പ്രവർത്തനം പുനരാരംഭിക്കാൻ അവരെ സഹായിച്ചുകൊണ്ട് അദ്ദേഹം അവരിലും താത്പര്യമെടുക്കുന്നു.—ലൂക്കൊ. 15:4-7.
7 പുസ്തകാധ്യയന മേൽവിചാരകന്മാർ പ്രകടമാക്കുന്ന സ്നേഹപുരസ്സരമായ താത്പര്യത്തെ പ്രതി നാം എത്ര നന്ദിയുള്ളവരാണ്! അവർ ഓരോ വ്യക്തിക്കും നൽകുന്ന ശ്രദ്ധ, ‘എല്ലാവരും വിശ്വാസത്തിലുള്ള ഐക്യം നേടി . . . ക്രിസ്തുവിന്റെ പരിപൂർണതയിൽ എത്തി പക്വതയാർജിക്കു’ന്നതിനു സഹായിക്കുന്നു.—എഫെ. 4:13, ഓശാന ബൈബിൾ.