മഹാസഭയിൽ യഹോവയ്ക്കു സ്തോത്രം ചെയ്യുക
1 ഓരോ വർഷത്തെയും ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ യഹോവയെ മഹത്ത്വപ്പെടുത്താനുള്ള വിസ്മയാവഹമായ അവസരം നമുക്കു നൽകുന്നു. ദാവീദിന്റെ അതേ വികാരങ്ങളാണ് നമുക്കുമുള്ളത്. അവൻ ഇങ്ങനെ പാടി: “ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും.” (സങ്കീ. 35:18) വരാൻപോകുന്ന “ദൈവിക അനുസരണം” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ, ഒരു ഏകീകൃത ജനമെന്ന നിലയിൽ നാം യഹോവയ്ക്ക് സ്തുതി കരേറ്റുന്നുവെന്ന് നമുക്ക് എങ്ങനെ ഉറപ്പുവരുത്താൻ കഴിയും?
2 ഇതിനുള്ള ഒരു വിധം നല്ല നടത്തയാണ്. ഒരു കൺവെൻഷൻ സ്ഥലത്തിന്റെ ഭാരവാഹികൾ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾ കൺവെൻഷൻ സംഘടിപ്പിക്കുന്നത് എത്ര ഭംഗിയായിട്ടാണെന്നു വന്നു കാണാൻ ഈ സ്ഥലം ആവശ്യപ്പെട്ടുവരുന്ന മറ്റു മതവിഭാഗങ്ങളോടു ഞങ്ങൾ പറയാറുണ്ട്.” നമ്മുടെ വസ്ത്രധാരണം, ചമയം, സഹകരണം, നടത്ത എന്നിവയിലൂടെ നാമോരോരുത്തരും, ദൈവത്തിന് അവൻ അർഹിക്കുന്ന മഹത്ത്വം നൽകുന്ന ഇത്തരം ഉജ്ജ്വലമായ അഭിപ്രായ പ്രകടനങ്ങൾക്കു വഴിയൊരുക്കുന്നു.—1 പത്രൊ. 2:12.
3 വ്യക്തിപരമായ വസ്ത്രധാരണവും ചമയവും: യഹോവയ്ക്ക് സ്തുതി കൈവരുത്തുന്ന വിധത്തിൽ വസ്ത്രധാരണം ചെയ്യുന്നതിന് വിനയം ആവശ്യമാണ്. (1 തിമൊ. 2:9, NW) ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 132-ാം പേജിൽ നാം ഇങ്ങനെ വായിക്കുന്നു: “വിനയമുള്ള ഒരു വ്യക്തി മറ്റുള്ളവർക്കു വെറുതെ ഇടർച്ച വരുത്താതിരിക്കുന്നതിലും തന്നിലേക്കുതന്നെ അനാവശ്യ ശ്രദ്ധ ക്ഷണിക്കാതിരിക്കുന്നതിലും തത്പരനാണ്.” മാന്യമല്ലാത്ത രീതിയിലുള്ള വസ്ത്രധാരണം പല നാടുകളിലും ഇന്ന് സാധാരണമാണ്. എന്നിരുന്നാലും, യഹോവയെ യോഗ്യമായ വിധത്തിൽ പ്രതിനിധാനം ചെയ്യാൻ നാം ചെയ്യുന്ന ശ്രമത്തെ അവൻ വിലമതിക്കുന്നു. (പ്രവൃ. 15:14) കൺവെൻഷൻ നടക്കുന്നത് സ്പോർട്സ് സ്റ്റേഡിയത്തിലോ വിനോദ കാര്യങ്ങൾക്കായുള്ള ഒരു സ്ഥലത്തോ ആയിരിക്കാമെങ്കിലും കൺവെൻഷന്റെ മൂന്നു ദിവസവും അവിടത്തെ കൂടിവരവ് നമ്മുടെ “മഹാസഭ”യായിത്തീരുന്നു. യഹോവയുടെ മുമ്പാകെ കൂടിവരുന്ന ആ അവസരത്തിൽ, പ്രപഞ്ചത്തിലെ ഏറ്റവും ഉയർന്ന വ്യക്തിക്കു ചേർന്ന വിധത്തിൽ വളരെ മാന്യമായി വേണം നാം വസ്ത്രധാരണം ചെയ്യാൻ.—1 ദിന. 29:11.
4 ഓരോ ദിവസത്തെയും പരിപാടി കഴിഞ്ഞുള്ള സമയത്തും നാം നമ്മുടെ വസ്ത്രധാരണത്തിനും ചമയത്തിനും ശ്രദ്ധ നൽകേണ്ടതുണ്ട്. ഒഴിവുസമയത്തോ ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോഴോ ഏറെ സുഖപ്രദമായ വസ്ത്രങ്ങൾ ധരിക്കാൻ നാം ആഗ്രഹിച്ചേക്കാമെങ്കിലും നമ്മുടെ വസ്ത്രധാരണവും ചമയവും അപ്പോഴും “ദൈവഭക്തിയെ സ്വീകരിക്കുന്ന”വർക്കു യോജിച്ച വിധത്തിലുള്ളതായിരിക്കേണ്ടത് പ്രധാനമാണ്. (1 തിമൊ. 2:10) ഒരു വസ്ത്രം സ്വീകാര്യമാണോയെന്നു നിർണയിക്കുന്നതിനുള്ള മാനദണ്ഡം അത് ജനപ്രീതിയാർജിച്ചതാണോ എന്നതല്ല. (1 യോഹ. 2:16, 17) സ്ത്രീപുരുഷന്മാർക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ ധരിക്കാൻ കഴിയുന്ന മാന്യവും യോഗ്യവുമായ വസ്ത്രങ്ങളുടെ ചിത്രങ്ങൾ നമ്മുടെ ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിൽ വരാറുണ്ട്. കൺവെൻഷൻ നടക്കുന്ന നഗരത്തിൽ ആയിരിക്കുമ്പോൾ ബാഡ്ജ് കാർഡ് ധരിക്കുന്നത് നാം എല്ലാ സമയത്തും ക്രിസ്തീയ ശുശ്രൂഷകരാണ് എന്നതിന്റെ ഓർമിപ്പിക്കലായി ഉതകും.—2 കൊരി. 6:3, 4.
5 യഹോവയുടെ ആത്മീയ മേശയോട് ആദരവു പ്രകടമാക്കുക: പ്രപഞ്ചത്തിന്റെ പരമാധികാരിയാം കർത്താവ് നമ്മുടെ മുന്നിൽ ഒരു വിരുന്ന് ഒരുക്കിയിരിക്കുകയാണ്. (യെശ. 25:6; 1 കൊരി. 10:21) യഹോവയുടെ ആത്മീയ മേശയിൽനിന്നു ഭക്ഷിക്കാനുള്ള പദവിയെ നാം അത്യന്തം വിലപ്പെട്ടതായി കരുതുന്നെങ്കിൽ കൺവെൻഷന്റെ മൂന്നു ദിവസവും ഹാജരാകാൻ നാം ലക്ഷ്യം വെക്കും. താമസത്തിനും യാത്രയ്ക്കും ലൗകിക ജോലിയിൽനിന്ന് അവധിയെടുക്കാനും ഉള്ള ക്രമീകരണം നിങ്ങൾ ചെയ്തോ? ഒരുക്കത്തിനും യാത്രയ്ക്കുമായി നിങ്ങൾ വേണ്ടത്ര സമയം പട്ടികപ്പെടുത്തിയിട്ടുണ്ടോ? അങ്ങനെ ചെയ്യുന്നപക്ഷം, ഇരിപ്പിടം കണ്ടെത്താനും സഹോദരങ്ങളുമായി സഹവാസം ആസ്വദിക്കാനും അവരോടൊപ്പം പ്രാരംഭ ഗീതത്തിലും പ്രാർഥനയിലും പങ്കുചേർന്നുകൊണ്ട് യഹോവയ്ക്ക് സ്തുതി കരേറ്റാനുമായി നേരത്തേതന്നെ കൺവെൻഷൻ സ്ഥലത്ത് എത്തിച്ചേരാൻ നിങ്ങൾക്കു സാധിക്കും.—സങ്കീ. 147:1.
6 യഹോവയുടെ ആത്മീയ പോഷിപ്പിക്കൽ പരിപാടിയോടുള്ള ആദരവ്, പരിപാടിക്ക് അടുത്ത ശ്രദ്ധ നൽകാനും പരിപാടിയുടെ സമയത്ത് മറ്റുള്ളവരോട് ആവശ്യമില്ലാതെ സംസാരിക്കുന്നതും എന്തെങ്കിലും കഴിക്കുന്നതും ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും ഒഴിവാക്കാനും നമ്മെ പ്രേരിപ്പിക്കും. വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തിലൂടെ യഹോവ നമുക്ക് ഇപ്പോൾ ആവശ്യമായിരിക്കുന്ന ആത്മീയ ആഹാരം പ്രദാനം ചെയ്യുകയാണ്. (മത്താ. 24:45, NW) അതിൽ അൽപ്പംപോലും നാം നഷ്ടപ്പെടുത്തരുത്. പരിപാടിയിൽനിന്നു പൂർണ പ്രയോജനം നേടാനായി കുട്ടികളെ സഹായിക്കുന്നതിനുവേണ്ടി മാതാപിതാക്കൾ അവരോടൊപ്പംതന്നെ ഇരിക്കേണ്ടതാണ്.—ആവ. 31:12.
7 ഭക്ഷണം കഴിക്കാൻ പുറത്തു പോകുന്നതിനു പകരം എല്ലാവരും ഉച്ചഭക്ഷണം ഒപ്പം കരുതാൻ അഭ്യർഥിക്കുന്നു. കഴിഞ്ഞ വർഷത്തെ കൺവെൻഷനിൽ സന്നിഹിതരായിരുന്ന ഭൂരിഭാഗം പേരും ഈ നിർദേശം ശ്രദ്ധാപൂർവം പിൻപറ്റിയെന്നത് പ്രശംസാർഹമാണ്. ഈ വർഷം എല്ലാവരും അപ്രകാരം ചെയ്യുമെങ്കിൽ അത് എത്ര നന്നായിരിക്കും! (എബ്രാ. 13:17) ഈ ക്രമീകരണം നമ്മുടെ സഹോദരങ്ങളുമായി കെട്ടുപണിചെയ്യുന്ന സഹവാസം ആസ്വദിക്കാനുള്ള നല്ല അവസരം പ്രദാനം ചെയ്യുന്നതോടൊപ്പം, യഹോവയ്ക്കു ബഹുമതി കൈവരുത്തുന്ന ഐക്യവും സമാധാനവും കളിയാടുന്ന ഒരു അന്തരീക്ഷത്തിന് ഇടയാക്കുകയും ചെയ്യുന്നു.—സങ്കീ. 133:1.
8 അനൗപചാരികമായി സാക്ഷീകരിക്കൽ: കൺവെൻഷൻ സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ നമ്മുടെ അധരങ്ങൾകൊണ്ട് യഹോവയെ സ്തുതിക്കാൻ നമുക്ക് അനേകം അവസരങ്ങളുണ്ട്. (എബ്രാ. 13:15) റെസ്റ്ററന്റിൽ ഭക്ഷണം കഴിക്കുമ്പോഴായാലും ഹോട്ടൽ ഭാരവാഹികളോടു സംസാരിക്കുമ്പോഴായാലും സാക്ഷ്യം നൽകാനുള്ള മാർഗങ്ങൾ നമുക്ക് തേടാം. നമ്മുടെ മനസ്സും ഹൃദയവും നിറയെ കൺവെൻഷനിൽ കേട്ട അമൂല്യമായ ആത്മീയ വിവരങ്ങളായിരിക്കും. അനൗപചാരികമായി കണ്ടുമുട്ടുന്നവരുമായി നമുക്ക് ഈ നല്ല കാര്യങ്ങൾ പങ്കുവെക്കാം.—1 പത്രൊ. 3:15.
9 “സഭകളിൽ . . . യഹോവയെ വാഴ്ത്തു”ന്നതിനുള്ള ഈ അവസരത്തിനായി നാം അതീവ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. (സങ്കീ. 26:12) “ദൈവിക അനുസരണം” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ നമുക്ക് ഐക്യത്തോടെ യഹോവയെ സ്തുതിക്കാം.
[അധ്യയന ചോദ്യങ്ങൾ]
1, 2. ഡിസ്ട്രിക്റ്റ് കൺവെൻഷൻ നമുക്ക് എന്തിനുള്ള അവസരം നൽകുന്നു, നമുക്കിത് ഏതെല്ലാം വിധങ്ങളിൽ ചെയ്യാനാകും?
3, 4. കൺവെൻഷൻ സമയത്തും പരിപാടി കഴിഞ്ഞുള്ള സമയങ്ങളിലും ക്രിസ്തീയ ശുശ്രൂഷകർക്കു യോജിച്ച വിധത്തിൽ വസ്ത്രധാരണം ചെയ്യാൻ വിനയം നമ്മെ സഹായിക്കുന്നത് എങ്ങനെ?
5, 6. യഹോവയുടെ ആത്മീയ പോഷിപ്പിക്കൽ പരിപാടിയോട് നമുക്ക് എങ്ങനെ ആദരവ് പ്രകടിപ്പിക്കാം?
7. ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ എന്തു ചെയ്യാനാണ് നമ്മോട് അഭ്യർഥിച്ചിരിക്കുന്നത്, എന്തുകൊണ്ട്?
8, 9. യഹോവയെ സ്തുതിക്കാനുള്ള ഏതു കൂടുതലായ അവസരം കൺവെൻഷൻ നമുക്കു പ്രദാനം ചെയ്യുന്നു?
[5-ാം പേജിലെ ചതുരം]
ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ
◼ പരിപാടിയുടെ സമയം: മൂന്നു ദിവസവും രാവിലെ 9:30-നു പരിപാടി തുടങ്ങുന്നതായിരിക്കും. രാവിലെ 8:00 മണിമുതൽ ഹാളിലേക്കുള്ള പ്രവേശനം സാധ്യമാണ്. സെഷൻ തുടങ്ങുന്നതിന് ഏതാനും മിനിട്ടുകൾക്കു മുമ്പ് അധ്യക്ഷൻ സ്റ്റേജിൽ വന്നിരിക്കും. അപ്പോൾ സംഗീതം ആരംഭിക്കും. ആ സമയത്ത് നാമെല്ലാം ഇരിപ്പിടങ്ങളിൽ വന്നിരിക്കേണ്ടതാണ്. അങ്ങനെയാകുമ്പോൾ വളരെ ക്രമീകൃതവും മാന്യവുമായ വിധത്തിൽ പരിപാടി ആരംഭിക്കാനാകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും 5:05-നും ഞായറാഴ്ച 4:10-നും ആയിരിക്കും പരിപാടി സമാപിക്കുന്നത്.
◼ പാർക്കിങ്: നമുക്ക് പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണമുള്ള എല്ലാ കൺവെൻഷൻ സ്ഥലങ്ങളിലും പാർക്ക് ചെയ്യാനുള്ള ഇടം ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ, സൗജന്യമായി ലഭ്യമാക്കുന്നതായിരിക്കും. കൺവെൻഷൻ ബാഡ്ജ് കാർഡുകൾ ഈ സമയത്ത് തിരിച്ചറിയിക്കൽ അടയാളമായി വർത്തിക്കും. പാർക്കിങ്ങിനുള്ള സ്ഥലം സാധാരണഗതിയിൽ പരിമിതമായതിനാൽ, കാറുകളിലും മറ്റും ഒന്നോ രണ്ടോ പേർ മാത്രം യാത്രചെയ്യുന്നതിനു പകരം അവയിലെ സ്ഥല സൗകര്യം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്.
◼ ഇരിപ്പിടം പിടിച്ചുവെക്കൽ: നിങ്ങളുടെ കൂടെ താമസിക്കുന്നവർക്കോ ബൈബിൾ വിദ്യാർഥികൾക്കോ വേണ്ടി മാത്രമേ ഇരിപ്പിടങ്ങൾ പിടിച്ചുവെക്കാവൂ.
◼ സംഭാവനകൾ: ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷൻ സംഘടിപ്പിക്കുന്നതിൽ ഗണ്യമായ ചെലവ് ഉൾപ്പെട്ടിരിക്കുന്നു. ലോകവ്യാപക വേലയ്ക്കുവേണ്ടി രാജ്യഹാളിലോ കൺവെൻഷൻ സ്ഥലത്തോ സ്വമേധയാ സംഭാവനകൾ ഇട്ടുകൊണ്ട് നമുക്കു വിലമതിപ്പ് പ്രകടിപ്പിക്കാൻ കഴിയും. കൺവെൻഷൻ സ്ഥലത്ത് സംഭാവനപ്പെട്ടിയിൽ നിക്ഷേപിക്കുന്ന ചെക്കുകൾ “Watch Tower”-ന്റെ പേരിലാണ് എഴുതേണ്ടത്.
◼ ഉച്ചഭക്ഷണം: ഉച്ചയ്ക്കത്തെ ഇടവേളയിൽ പുറത്ത് ഹോട്ടലിലും മറ്റും പോയി ഭക്ഷണം കഴിക്കുന്നതിനു പകരം ദയവായി ഉച്ചഭക്ഷണം കൂടെ കരുതുക. ഇരിപ്പിടത്തിനടിയിൽ ഒതുങ്ങുന്ന ബാഗുകൾ, ഭക്ഷണം കൊണ്ടുവരുന്ന പാത്രങ്ങൾ മുതലായവ നിങ്ങളുടെ അടുത്തുതന്നെ വെക്കാവുന്നതാണ്. എന്നാൽ മറ്റുള്ളവർക്കു തടസ്സം സൃഷ്ടിച്ചേക്കാവുന്ന വലിയ ബാഗുകളും മറ്റും സൂക്ഷിപ്പു മുറിയിൽ വെക്കേണ്ടതാണ്. ചില്ലുപാത്രങ്ങളും ലഹരിപാനീയങ്ങളും കൺവെൻഷൻ സ്ഥലത്ത് കൊണ്ടുവരാൻ പാടില്ല.
◼ റെക്കോർഡിങ്: ഒരു തരത്തിലുള്ള റെക്കോർഡിങ് ഉപകരണവും കൺവെൻഷൻ സ്ഥലത്തെ വൈദ്യുത, ശബ്ദ സംവിധാനങ്ങളുമായി ഘടിപ്പിക്കരുത്. മറ്റുള്ളവർക്കു ശല്യമുണ്ടാകാത്ത വിധത്തിൽ മാത്രമേ റെക്കോർഡിങ് ചെയ്യാവൂ.
◼ ഫോട്ടോ എടുക്കൽ: സെഷൻ നടന്നുകൊണ്ടിരിക്കെ ഫോട്ടോ എടുക്കുന്നുണ്ടെങ്കിൽ ഫ്ളാഷ് ഉപയോഗിക്കരുത്.
◼ പേജറുകളും മൊബൈൽ ഫോണുകളും: ഇവയുള്ളവർ മറ്റുള്ളവർക്കു ശ്രദ്ധാശൈഥില്യം ഉണ്ടാകാത്ത വിധത്തിൽ അവ ക്രമീകരിക്കണം.
◼ അപകടങ്ങളും അടിയന്തിര സാഹചര്യങ്ങളും: കൺവെൻഷൻ സ്ഥലത്ത് വൈദ്യസഹായം ആവശ്യമുള്ള ഒരു അടിയന്തിര സാഹചര്യം ഉണ്ടാകുന്ന പക്ഷം ദയവായി അടുത്തുള്ള ഒരു സേവകനെ സമീപിക്കുക. അദ്ദേഹം ഉടൻതന്നെ പ്രഥമശുശ്രൂഷാ വിഭാഗത്തെ വിവരമറിയിക്കും. അപ്പോൾ ആ വിഭാഗത്തിലുള്ള യോഗ്യരായ സഹോദരങ്ങൾ സാഹചര്യത്തിന്റെ ഗൗരവം വിലയിരുത്തുകയും ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്യും.
◼ റെസ്റ്ററന്റുകളിൽ: പല സ്ഥലങ്ങളിലും സേവനത്തിന്റെ മൂല്യം അനുസരിച്ച് ടിപ്പ് കൊടുക്കുന്ന രീതിയുണ്ട്.
◼ ഹോട്ടലുകളിൽ: (1) ആവശ്യമുള്ളതിൽ അധികം മുറികൾ ബുക്കുചെയ്യരുത്, അനുവദിക്കപ്പെട്ടിരിക്കുന്നതിൽ കൂടുതൽ ആളുകൾ മുറിയിൽ താമസിക്കാതിരിക്കാൻ ശ്രദ്ധിക്കുക. (2) ബുക്കുചെയ്ത മുറി വേണ്ടെന്ന് ഉറപ്പാണെങ്കിൽ എത്രയും വേഗം ഹോട്ടൽ അധികൃതരെ അറിയിക്കുക. (3) പാചകം അനുവദനീയമല്ലെങ്കിൽ അത് ചെയ്യരുത്. (4) റൂംബോയിക്കും വെയ്റ്റർക്കും ടിപ്പ് കൊടുക്കുക. (5) ഹോട്ടലിൽ ആയിരിക്കുമ്പോൾ ഉപചാരാർഥം ലഭിക്കുന്ന പ്രഭാത ഭക്ഷണമോ പാനീയങ്ങളോ ഐസ് തുടങ്ങിയ സാധനങ്ങളോ ദുരുപയോഗം ചെയ്യരുത്. (6) ഹോട്ടൽ ജീവനക്കാരുമായി ഇടപെടുമ്പോൾ ആത്മാവിന്റെ ഫലം പ്രകടിപ്പിക്കുക, പ്രത്യേകിച്ച് മുറി എടുക്കുകയും മുറി ഒഴിയുകയും ചെയ്യുന്നതുപോലുള്ള തിരക്കുപിടിച്ച സമയങ്ങളിൽ.