യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ—2008
1. (എ) എബ്രായ ക്രിസ്ത്യാനികൾക്കുള്ള പൗലൊസിന്റെ ഉപദേശത്തിന് ഇന്ന് അടിയന്തിര പ്രാധാന്യമുള്ളത് എന്തുകൊണ്ട്? (എബ്രായർ 10:24, 25 വായിക്കുക.) (ബി) ഈ ഉപദേശം പ്രാവർത്തികമാക്കാനുള്ള ഏത് അവസരമാണ് നമുക്കു മുമ്പാകെയുള്ളത്?
1 കൂടിവരാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും പൗലൊസ് അപ്പൊസ്തലൻ എബ്രായ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു; നാൾ സമീപിക്കുന്നു എന്നു കാണുംതോറും അവർ അത് “അധികമധികമായി” ചെയ്യണമായിരുന്നു. (എബ്രാ. 10:24, 25) പൗലൊസ് പറഞ്ഞ ആ “നാൾ” വളരെ അടുത്തെത്തിയിരിക്കുന്നു എന്നതിന് തെളിവുകൾ ധാരാളം. അതുകൊണ്ടുതന്നെ, ദുർഘടംപിടിച്ച ഈ “അന്ത്യകാലത്തു” സഹോദരീസഹോദരന്മാരോടൊപ്പം കൂടിവരാനുള്ള അവസരങ്ങൾക്കായി നാം നോക്കിപ്പാർത്തിരിക്കുന്നു. നമ്മെ വഴിനയിക്കാനുതകുന്ന ആത്മീയ മാർഗനിർദേശങ്ങൾ ലഭിക്കുന്നത് അങ്ങനെയാണല്ലോ. (2 തിമൊ. 3:1) 2008-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ അത്തരമൊരു അവസരമാണ് നമുക്കു വെച്ചുനീട്ടുന്നത്.
2. (എ) മൂന്നു ദിവസവും ഹാജരാകുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) തയ്യാറെടുപ്പുകൾ എങ്ങനെ തുടങ്ങാം?
2 മൂന്നു ദിവസവും സന്നിഹിതരാകുക: മൂന്നു ദിവസത്തെയും പരിപാടികളിൽ സംബന്ധിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഞങ്ങൾ. കൂടിവരവുകൾ ‘ഉപേക്ഷിക്കാതിരിക്കുമ്പോൾ’ നമുക്ക് ആത്മീയ ഭക്ഷണം നഷ്ടപ്പെടില്ല. (എബ്രാ. 10:24-25) തയ്യാറെടുപ്പുകൾ എത്രയുംവേഗം തുടങ്ങുക. അവധിയുടെ കാര്യം നേരത്തേതന്നെ തൊഴിലുടമയോടു പറയാൻ ശ്രദ്ധിക്കുമല്ലോ. അങ്ങനെയാകുമ്പോൾ നിങ്ങളുടെ അഭാവത്തിൽ അദ്ദേഹത്തിന് എന്തെങ്കിലും ക്രമീകരണം ചെയ്യേണ്ടതുണ്ടെങ്കിൽ അതു ചെയ്യാനാകും. കുട്ടികൾക്ക് ക്ലാസ്സുള്ള സമയത്താണ് കൺവെൻഷൻ നടക്കുന്നതെങ്കിൽ അധ്യാപകരോട് അക്കാര്യം സംസാരിക്കുക. നിങ്ങളുടെ ആരാധനയുടെ ഒരു സവിശേഷതയാണ് കൺവെൻഷനുകൾ എന്ന് അവരോടു പറയുക. ആത്മീയ കാര്യങ്ങൾ ഒന്നാമത് വെക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും എന്നതിൽ സംശയംവേണ്ട.—മത്താ. 6:33.
3. മറ്റുള്ളവരോടു നമുക്ക് എങ്ങനെ പരിഗണന കാണിക്കാം?
3 ഹാജരാകാൻ മറ്റുള്ളവരെ സഹായിക്കുക: ‘അന്യോന്യം സൂക്ഷിച്ചുകൊള്ളാനും’ അഥവാ പരിഗണിക്കാനും പൗലൊസ് സഹോദരങ്ങളെ ഉദ്ബോധിപ്പിക്കുകയുണ്ടായി. (എബ്രാ. 10:25) കൺവെൻഷന് സംബന്ധിക്കാൻ സഹായം ആവശ്യമുള്ള ആരെങ്കിലും നിങ്ങളുടെ പുസ്തകാധ്യയന കൂട്ടത്തിലുണ്ടോ? ഒരു ദിവസത്തേക്കാണെങ്കിൽപ്പോലും നിങ്ങളോടൊപ്പം കൺവെൻഷന് ഹാജരാകാൻ നിങ്ങളുടെ ബൈബിൾ വിദ്യാർഥികളെ സഹായിക്കാനാകുമോ? നിങ്ങൾ കൺവെൻഷന് പോകുന്നതിനെക്കുറിച്ച് വിശ്വാസത്തിലില്ലാത്ത കുടുംബാംഗങ്ങളോടു പറയുമ്പോൾ അവരെയും ക്ഷണിക്കാൻ മറക്കരുത്. പ്രതീക്ഷിക്കാത്ത ഫലങ്ങളാകാം നിങ്ങളെ കാത്തിരിക്കുന്നത്.
4. കൺവെൻഷന്റെ സ്ഥലവും സമയവും സംബന്ധിച്ച വിവരങ്ങൾ എവിടെനിന്നു ലഭിക്കും?
4 വിവരങ്ങൾ: ഓരോ വർഷവും കൺവെൻഷന്റെ സ്ഥലവും സമയവും തിരക്കിക്കൊണ്ട് അനേകർ ബ്രാഞ്ചോഫീസിലേക്കു ഫോൺ ചെയ്യാറുണ്ട്. എന്നാൽ വിളിക്കുന്ന പലർക്കും ഇതു സംബന്ധിച്ച വിവരം നേരത്തേ ലഭിച്ചിട്ടുണ്ട് എന്നതാണു വസ്തുത. ബ്രാഞ്ചോഫീസിലേക്കു വിളിക്കുന്നതിനു മുമ്പ് നമ്മുടെ രാജ്യ ശുശ്രൂഷയിൽ കൊടുത്തിരിക്കുന്ന ലിസ്റ്റ് പരിശോധിക്കുക.
5. നിയമിത കൺവെൻഷനല്ല പോകുന്നതെങ്കിൽ താമസസൗകര്യം സംബന്ധിച്ച വിവരങ്ങൾക്കായി എന്തു ചെയ്യണം?
5 സഭയുടെ നിയമിത കൺവെൻഷനല്ല നിങ്ങൾ സംബന്ധിക്കുന്നതെങ്കിൽ, താമസസൗകര്യത്തിനായുള്ള വിവരങ്ങൾക്കുവേണ്ടി കൺവെൻഷൻ ഹെഡ്ക്വാർട്ടേഴ്സ് അഡ്രസ്സിൽ എഴുതാവുന്നതാണ്. രാജ്യ ശുശ്രൂഷയുടെ ഒരു ഭാവിലക്കത്തിൽ അതു പ്രസിദ്ധീകരിക്കുന്നതായിരിക്കും. മറുപടിക്കായി, നിങ്ങളുടെ മേൽവിലാസമെഴുതി സ്റ്റാമ്പ് ഒട്ടിച്ച ഒരു കവർ കത്തിനോടൊപ്പം വെക്കുക.
6. പ്രത്യേക ആവശ്യ മുറി അപേക്ഷ ഫാറം സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളേവ?
6 പ്രത്യേക ആവശ്യങ്ങൾ: താസമസൗകര്യത്തോടു ബന്ധപ്പെട്ട് ഒരു പ്രസാധകൻ സഹായം ആവശ്യപ്പെടുന്നെങ്കിൽ, അദ്ദേഹത്തിന് പ്രത്യേക ആവശ്യ മുറി അപേക്ഷ ഫാറം ഉപയോഗിക്കാനുള്ള അർഹതയുണ്ടോ എന്ന് സേവനക്കമ്മിറ്റി തീരുമാനിക്കുന്നതായിരിക്കും. അപേക്ഷ റൂമിങ് ഡിപ്പാർട്ടുമെന്റിന് അയയ്ക്കുന്നതിനു മുമ്പ് അപേക്ഷാഫാറത്തിലെ നിർദേശങ്ങളും മൂപ്പന്മാരുടെ സംഘങ്ങൾക്കുള്ള 2008 ഫെബ്രുവരി 14-ലെ കത്തും സെക്രട്ടറി പരിശോധിച്ചിരിക്കണം.
7. താമസസൗകര്യവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളോടു നമുക്ക് എങ്ങനെ സഹകരിക്കാം? (പിൻപറ്റേണ്ട നിർദേശങ്ങൾ എന്ന ചതുരം കാണുക.)
7 മുറി ബുക്കു ചെയ്യൽ: താമസിക്കാൻ ശുപാർശ ചെയ്യുന്ന, ലഭ്യമായ ഹോട്ടലുകളുടെ പട്ടിക കൺവെൻഷൻ തീയതിക്ക് വളരെ മുമ്പുതന്നെ നോട്ടീസ് ബോർഡിൽ ഇടുന്നതാണ്. മുറി ബുക്കു ചെയ്യുന്നതിന് മുമ്പ് ‘പിൻപറ്റേണ്ട നിർദേശങ്ങൾ,’ ‘മുറി ബുക്കുചെയ്യുന്നതിനുള്ള നടപടികൾ’ എന്നീ ഭാഗങ്ങൾ പരിശോധിക്കുക. ലിസ്റ്റിലുള്ള ഹോട്ടലുകളിൽ കൂടിയ വാടകയ്ക്ക് മുറി ബുക്കുചെയ്യുകയോ ലിസ്റ്റിൽ ഇല്ലാത്ത ഹോട്ടലുകളുമായി ബന്ധപ്പെടുകയോ ചെയ്യുന്നത് ഒഴിവാക്കുക. ലിസ്റ്റിലുള്ള ഏതെങ്കിലും ഹോട്ടൽ വാടകനിരക്കിന് മാറ്റം വരുത്തുകയോ പുതിയ ഏതെങ്കിലും ഹോട്ടൽ ലിസ്റ്റിലേക്കു ചേർക്കപ്പെടുകയോ ചെയ്യുന്നെങ്കിൽ അതു സഭയെ അറിയിക്കുന്നതായിരിക്കും.
8. (എ) കൺവെൻഷൻ സ്ഥലത്തായിരിക്കെ ഏതെല്ലാം വിധങ്ങളിൽ നമുക്കു യഹോവയെ മഹത്ത്വപ്പെടുത്താം? (ബി) യഹോവയുടെ ജനത്തെക്കുറിച്ച് ചിലർ എന്ത് അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നു?
8 സത്പ്രവൃത്തികൾ: ആരാധനയ്ക്കായി കൂടിവരാനുള്ള യഹോവയുടെ കൽപ്പന അനുസരിക്കുന്നതിന്റെ പ്രയോജനം നമുക്കുതന്നെയാണ്. സർവോപരി, അത് യഹോവയുടെ നാമം മഹത്ത്വീകരിക്കാനുള്ള അവസരങ്ങളുമേകുന്നു. (യെശ. 48:17) നമ്മുടെ ‘സത്പ്രവൃത്തികൾ’ പലരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു മാത്രമല്ല ചിലർ അതിനെ അഭിനന്ദിച്ചിട്ടുമുണ്ട്. (1 തിമൊ. 5:25) പല വർഷങ്ങളായി നമ്മുടെ കൺവെൻഷൻ നടക്കുന്ന ഒരു നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിന്റെ മാനേജർ ഇങ്ങനെ പറഞ്ഞു: “കൂടിവന്നവർ വളരെ ശാന്തരും അച്ചടക്കവും ഉള്ളവരായിരുന്നു. ഓഡിറ്റോറിയവും പരിസരവും അവർ വൃത്തിയും വെടുപ്പുമുള്ളതായി സൂക്ഷിച്ചു.” മറ്റൊരു നഗരത്തിലാകട്ടെ, കൺവെൻഷനു വന്നവരുടെ നല്ല പെരുമാറ്റം നിരീക്ഷിച്ച ഹാൾ അധികൃതർ വാടകയിനത്തിൽ 25 ശതമാനം ഇളവ് അനുവദിക്കുകയുണ്ടായി. തന്റെ ഹോട്ടലിൽ തങ്ങുന്ന മറ്റാളുകളിൽനിന്നുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞശേഷം സഹോദരങ്ങളുടെ സഹകരണത്തെയും ക്ഷമയെയും കുറിച്ച് ഒരു മാനേജർ അഭിപ്രായപ്പെടുകയുണ്ടായി. “ഇവിടെ വരുന്ന എല്ലാവരും യഹോവയുടെ സാക്ഷികളെപ്പോലെ ആയിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആശിച്ചുപോകുകയാണ്,” അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള നിരവധി അഭിപ്രായങ്ങൾ കേൾക്കാൻ ഇടയാക്കിയ നമ്മുടെ സഹോദരങ്ങളുടെ പെരുമാറ്റം നമ്മുടെ ദൈവമായ യഹോവയെ സന്തോഷിപ്പിക്കുകതന്നെ ചെയ്യും.
9. ഓരോ പരിപാടിക്കും അടുത്ത ശ്രദ്ധ നൽകുന്നതിന്റെ പ്രാധാന്യത്തിന് മത്തായി 4:4 അടിവരയിടുന്നത് എങ്ങനെ?
9 ‘ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനവും’ ശ്രദ്ധിക്കുന്നതാണ് നമ്മുടെ ജീവന് ആധാരമായിരിക്കുന്നത് എന്ന് യേശു പ്രസ്താവിക്കുകയുണ്ടായി. (മത്താ. 4:4) വിശ്വസ്തനും വിവേകിയുമായ അടിമ തയ്യാർ ചെയ്യുന്ന ‘തൽസമയത്തെ’ ആത്മീയ ‘ഭക്ഷണമാണ്’ ഓരോ വർഷത്തെയും കൺവെൻഷനിലൂടെ യഹോവ നമുക്കു പ്രദാനം ചെയ്യുന്നത്. (മത്താ. 24:45) ഈ ആത്മീയ വിരുന്ന് ഒരുക്കുന്നതിനും വിളമ്പിക്കൊടുക്കുന്നതിനുമായി ചെയ്തിരിക്കുന്ന ശ്രമങ്ങൾ കുറച്ചൊന്നുമല്ല. ഹാജരാകുകയും ഓരോ പരിപാടിയും അടുത്തു ശ്രദ്ധിക്കുകയും ചെയ്തുകൊണ്ട് യഹോവയുടെ സ്നേഹപുരസ്സരമായ കരുതലിനോടു നമുക്കു നന്ദി പ്രകടമാക്കാം.
[3-ാം പേജിലെ ചതുരം]
പരിപാടിയുടെ സമയം:
വെള്ളി, ശനി
9.20 a.m. – 4:55 p.m.
ഞായർ
9.20 a.m. – 4:00 p.m.
[4-ാം പേജിലെ ചതുരം]
പിൻപറ്റേണ്ട നിർദേശങ്ങൾ
◼ 2008 ഏപ്രിൽ 7-ലെ സേവനയോഗത്തിനു മുമ്പ് ഹോട്ടൽ ബുക്കുചെയ്യാൻ ശ്രമിക്കരുത്.
◼ നിവൃത്തിയുണ്ടെങ്കിൽ ഏപ്രിലിൽത്തന്നെ മുറി ബുക്കു ചെയ്യുക. ബുക്കുചെയ്യാൻ നാം ഇന്റർനെറ്റ് സംവിധാനം ഉപയോഗിക്കാറില്ല. അതുകൊണ്ട് അങ്ങനെ ചെയ്യുന്നത് ഒഴിവാക്കുക.
◼ ലിസ്റ്റിലുള്ള ഹോട്ടലുകളിൽ മാത്രം മുറി ബുക്കുചെയ്യുക.
◼ ലിസ്റ്റിൽ കാണിച്ചിരിക്കുന്നതിനെക്കാൾ കൂടുതൽ വാടകയ്ക്ക് ബുക്കുചെയ്യരുത്.
◼ താമസിക്കുന്ന ആളുടെ പേരിലായിരിക്കണം മുറി ബുക്കുചെയ്യേണ്ടത്.
◼ ലിസ്റ്റിൽ കാണിച്ചിരിക്കുന്നതുപോലെ, അനുവദിച്ചിരിക്കുന്നതിനെക്കാൾ കൂടുതൽപേർ ഒരു മുറിയിൽ താമസിക്കരുത്.
◼ ഒരിക്കൽ ബുക്കുചെയ്തിട്ട് പിന്നെ അതു മാറ്റാൻ ശ്രമിക്കരുത്.—മത്താ. 5:37.
◼ കൺവെൻഷൻ പ്രമാണിച്ച് ഇളവ് അനുവദിക്കുമോ എന്നു ചോദിച്ചുകൊണ്ട് ലിസ്റ്റിൽ ഇല്ലാത്ത ഹോട്ടലുകളിലേക്കു വിളിക്കരുത്.
◼ ലിസ്റ്റിൽ കാണിച്ചിരിക്കുന്ന ഹോട്ടലുകളിൽ മുറി കിട്ടാതെവരികയോ ഏതെങ്കിലും ഹോട്ടലിൽ ബുക്കു ചെയ്യുന്നതിനോടു ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം നേരിടുകയോ ചെയ്യുന്നപക്ഷം സഭാസെക്രട്ടറിയെ വിവരം അറിയിക്കുക. അദ്ദേഹം ലിസ്റ്റിന്റെ മുകളിൽ കാണിച്ചിരിക്കുന്ന മേൽവിലാസത്തിൽ റൂമിങ് ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെടേണ്ടതാണ്.
◼ ബുക്കുചെയ്ത മുറി വേണ്ടെന്ന് ഉറപ്പാണെങ്കിൽ എത്രയും വേഗം ഹോട്ടൽ അധികൃതരെ അറിയിക്കുക. ബുക്കിങ് റദ്ദാക്കിയതിന്റെ രേഖ കൈപ്പറ്റാൻ മറക്കരുത്.
മുറി ബുക്കുചെയ്യുന്നതിനുള്ള നടപടികൾ
1. ലിസ്റ്റിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച് പ്രവൃത്തിസമയത്ത് ഹോട്ടലിലേക്കു വിളിക്കുക.
2. യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ സംബന്ധിക്കാനാണ് മുറി ബുക്കുചെയ്യുന്നതെന്ന് ഹോട്ടലുകാരോടു പറയുക.
3. നിങ്ങൾ അവിടെ എത്തുന്ന തീയതിയും തിരിച്ചു പോകുന്ന തീയതിയും കൃത്യമായി അറിയിക്കുക.
4. അവിടെ മുറി ഇല്ലാത്തപക്ഷം ലിസ്റ്റിൽ കാണിച്ചിരിക്കുന്ന മറ്റൊരു ഹോട്ടലിലേക്കു വിളിക്കുക.
5. ബുക്കുചെയ്തതിന്റെ വിശദാംശങ്ങൾ ചോദിച്ച് ഉറപ്പുവരുത്തുക.
6. ബുക്കുചെയ്ത് പത്തു ദിവസത്തിനകം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ, ചെക്കോ മണി ഓർഡറോ അയച്ചുകൊണ്ടോ ഡിപ്പോസിറ്റ് തുക നൽകുക. തുക ഒരിക്കലും പണമായി അയയ്ക്കരുത്. ഡിപ്പോസിറ്റ് അയയ്ക്കുന്നത് ചെക്കോ മണി ഓർഡറോ ആയിട്ടാണെങ്കിൽ മുറി ബുക്കുചെയ്തതിന്റെ വിശദാംശങ്ങൾ ചെക്കിന്റെ പുറകിലോ മറ്റോ വ്യക്തമായി കാണിക്കണം.