നിങ്ങൾ അധ്യയനം നടത്തിക്കാണിച്ചിട്ടുണ്ടോ?
ബൈബിളധ്യയനം വാഗ്ദാനം ചെയ്യുമ്പോൾ ചില വീട്ടുകാർ താത്പര്യമില്ലെന്നു പറയാറുണ്ട്. അല്ലെങ്കിൽ, ‘പള്ളികളിൽ ഞങ്ങളെ പഠിപ്പിക്കുന്നുണ്ട്’ എന്നായിരിക്കാം അവരുടെ മറുപടി. നമ്മുടെ അധ്യയനരീതി പരിചയമില്ലാത്തതുകൊണ്ട് അത് എത്ര ഉൾക്കാഴ്ച നൽകുന്നതും ആസ്വാദ്യകരവുമാണ് എന്നതിനെക്കുറിച്ച് അവർക്ക് ഒരു ഊഹവും കാണില്ല. അതുകൊണ്ട്, ബൈബിളധ്യയനം വാഗ്ദാനം ചെയ്തിട്ടുപോരുന്നതിനുപകരം അപ്പോൾത്തന്നെ ഏതാനും മിനിട്ടെടുത്ത് അതൊന്ന് നടത്തിക്കാണിക്കരുതോ? ഇതേക്കുറിച്ചൊന്നു ചിന്തിക്കുക: ‘ഞാൻ ഒരു നല്ല പാചകക്കാരനാണ്, അടുത്തപ്രാവശ്യം വരുമ്പോൾ നല്ലൊരു വിഭവം തയ്യാറാക്കിക്കൊണ്ടുവരാം’ എന്ന് ആരോടെങ്കിലും പറയുന്നതിലും നല്ലത് അപ്പോൾത്തന്നെ ആ രുചി നുകരാൻ അവർക്ക് ഒരു അവസരം കൊടുക്കുന്നതായിരിക്കില്ലേ! 2006 ജനുവരി നമ്മുടെ രാജ്യ ശുശ്രൂഷയുടെ 6-ാം പേജിൽ കൊടുത്തിരിക്കുന്ന നിർദേശത്തിനു ചേർച്ചയിൽ ഏതാനും മിനിട്ടുകൾകൊണ്ട് ഒരു അധ്യയനം നടത്തിക്കാണിക്കാനാകും. ഒരു മാതൃകാ അവതരണമാണ് താഴെ കൊടുത്തിരിക്കുന്നത്:
വീട്ടുകാരന് താത്പര്യമുണ്ടെന്നു മനസ്സിലായാൽ അദ്ദേഹത്തോട് ഇങ്ങനെ പറയാം: “ഈ ബൈബിൾ വാക്യത്തിൽ പറഞ്ഞിരിക്കുന്നതുപോലെ എന്നെങ്കിലും സംഭവിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? [യെശയ്യാവു 33:24 വായിക്കുക. അഭിപ്രായം പറയാൻ ക്ഷണിക്കുക.] ഈ വിഷയത്തെക്കുറിച്ചുള്ള സുപ്രധാനമായ ചില വിവരങ്ങൾ ഈ പുസ്തകത്തിലുണ്ട്.” ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം വീട്ടുകാരന് നൽകിയശേഷം 36-ാം പേജിലെ 22-ാം ഖണ്ഡികയിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധക്ഷണിക്കുക. ആ ഖണ്ഡികയുടെ ചോദ്യം വായിക്കുക. എന്നിട്ട്, നിങ്ങൾ ഖണ്ഡിക വായിക്കുമ്പോൾ അതിനുള്ള ഉത്തരം കണ്ടുപിടിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുക. ഖണ്ഡിക വായിച്ചശേഷം വീണ്ടും ചോദ്യം ചോദിക്കുക. വീട്ടുകാരന്റെ അഭിപ്രായം ശ്രദ്ധിക്കുക. ഖണ്ഡികയിൽ കൊടുത്തിരിക്കുന്ന മറ്റൊരു തിരുവെഴുത്തുംകൂടെ വായിക്കുക. മടങ്ങിച്ചെല്ലുമ്പോൾ ചർച്ചചെയ്യുന്നതിനായി ഒരു ചോദ്യം ചോദിക്കുക. എപ്പോൾ മടങ്ങിച്ചെല്ലും എന്ന കാര്യം പറഞ്ഞുറപ്പിക്കുക. ഇപ്പോൾ ഇതാ, നിങ്ങൾ ഒരു ബൈബിളധ്യയനം തുടങ്ങിക്കഴിഞ്ഞു!