ഒക്ടോബറിൽ നിങ്ങളൊരു ബൈബിളധ്യയനം ആരംഭിക്കുമോ?
1. ഒക്ടോബറിൽ നാം എന്തു സമർപ്പിക്കും?
1 ഒക്ടോബറിൽ നാം വീക്ഷാഗോപുരം, ഉണരുക! മാസികകളാണ് സമർപ്പിക്കുന്നത്. മാസിക സ്വീകരിക്കുന്നവർക്ക് മടക്കസന്ദർശനം നടത്തുമ്പോൾ സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ ഉപയോഗിച്ചുകൊണ്ട് ഒരു ബൈബിളധ്യയനം ആരംഭിക്കാൻ ഒരു പ്രത്യേക ശ്രമം ചെയ്യുക. ഈ ലഘുലേഖ ഉപയോഗിച്ചുകൊണ്ട് നമുക്ക് എങ്ങനെ ഒരു ബൈബിളധ്യയനം ആരംഭിക്കാം?
2. മാസിക സ്വീകരിക്കുന്നവർക്ക് മടക്കസന്ദർശനം നടത്തുമ്പോൾ സത്യം അറിയുക ലഘുലേഖ ഉപയോഗിച്ച് എങ്ങനെ ഒരു ബൈബിളധ്യയനം ആരംഭിക്കാം?
2 ലഘുലേഖ ഉപയോഗിക്കേണ്ട വിധം: വീട്ടുകാരന് താത്പര്യമുണ്ടെങ്കിൽ, ഇങ്ങനെ പറയാവുന്നതാണ്: “ഞാൻ തന്നിട്ടുപോയ മാസികകൾ, ജാതിമതഭേദമെന്യേ എല്ലാ ആളുകളെയും ബൈബിൾ പരിശോധിക്കാൻ പ്രോത്സാഹിപ്പിക്കുന്നവയാണ്. [സത്യം അറിയുക ലഘുലേഖ വീട്ടുകാരന്റെ കൈയിൽ കൊടുത്തശേഷം മുൻപേജിലെ ചോദ്യങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുക.] ബൈബിൾ തൃപ്തികരമായ ഉത്തരം നൽകുന്ന ചിന്തോദ്ദീപകമായ ചില ചോദ്യങ്ങളാണ് ഇവ. ഈ ചോദ്യങ്ങളിലേതെങ്കിലും നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടോ? ഇവയുടെ ഉത്തരം അറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ?” വീട്ടുകാരന്റെ മറുപടി ശ്രദ്ധിക്കുക. ഏതു ചോദ്യമാണോ അദ്ദേഹം തിരഞ്ഞെടുക്കുന്നത് അതിനുള്ള ഉത്തരം ലഘുലേഖയിൽനിന്ന് വായിച്ചു ചർച്ച ചെയ്യുക. പരാമർശിച്ചിരിക്കുന്ന ഏതെങ്കിലുമൊരു തിരുവെഴുത്തും വായിക്കുക. ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളുടെ കേവലം ഒരുദാഹരണമാണ് ഇത് എന്നു വിശദീകരിച്ചശേഷം അദ്ദേഹത്തിന് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം നൽകുക. എന്നിട്ട് പുസ്തകത്തിന്റെ ഉള്ളടക്കപ്പട്ടികയിൽനിന്ന് അദ്ദേഹം തിരഞ്ഞെടുക്കുന്ന അധ്യായത്തിന്റെ പ്രാരംഭ ഖണ്ഡികകൾ ചർച്ച ചെയ്യുക. അല്ലെങ്കിൽ ലഘുലേഖയിൽനിന്നു ചർച്ചചെയ്ത വിഷയവുമായി ബന്ധപ്പെട്ട ഭാഗം പുസ്തകത്തിൽനിന്ന് ചർച്ചചെയ്യുക. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിൽനിന്ന്, ചർച്ചയ്ക്ക് ഉപയോഗിക്കാനാകുന്ന ചില ഭാഗങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്:
● ദൈവത്തിനു നമ്മെക്കുറിച്ചു ചിന്തയുണ്ടോ? (പേ. 9-11 ഖ. 6-10)
● യുദ്ധവും കഷ്ടപ്പാടും അവസാനിക്കുമോ? (പേ. 12 ഖ. 12-13)
● മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു? (പേ. 59-60 ഖ. 7-8)
● മരിച്ചവരെ സംബന്ധിച്ച് എന്തെങ്കിലും പ്രത്യാശയുണ്ടോ? (പേ. 71 ഖ. 13-15)
● ദൈവം ഉത്തരം നൽകുംവിധം എങ്ങനെ പ്രാർഥിക്കാം? (പേ. 166-167 ഖ. 5-8)
● സന്തുഷ്ടജീവിതം നയിക്കാൻ എങ്ങനെ കഴിയും? (പേ. 9 ഖ. 4-5)
3. സാഹചര്യങ്ങൾക്കനുസരിച്ച് നമ്മുടെ സമീപനത്തിൽ എങ്ങനെ മാറ്റം വരുത്താം?
3 ഏതെങ്കിലും കാരണവശാൽ ആദ്യത്തെ മടക്കസന്ദർശനത്തിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ച് അധ്യയനം നടത്തിക്കാണിക്കാനോ ആരംഭിക്കാനോ സാധിച്ചില്ലെങ്കിൽ തുടർന്നും മടക്കസന്ദർശനം നടത്തിക്കൊണ്ട് ചർച്ച തുടരുക. ഓരോ സന്ദർശനത്തിലും വീട്ടുകാരന്റെ താത്പര്യം കണക്കിലെടുത്ത്, ലഘുലേഖയിൽനിന്ന് ഒന്നോ അതിലധികമോ ചോദ്യങ്ങൾ ചർച്ചചെയ്യാനായേക്കും; അതിനുശേഷം ഒരുപക്ഷേ പുസ്തകം സമർപ്പിക്കാവുന്നതാണ്. നാം നയവും വിവേചനയും ഉള്ളവരായിരിക്കണം; വിശേഷിച്ചും വിവിധ പശ്ചാത്തലങ്ങളിൽപ്പെട്ട ആളുകളുമായി തിരുവെഴുത്തുപരമായ വിവരങ്ങൾ ചർച്ചചെയ്യുമ്പോൾ. ഒക്ടോബറിൽ അനുപമമായ ഈ ലഘുലേഖ ഉപയോഗിച്ച് ഒരു ബൈബിളധ്യയനം ആരംഭിക്കാനും അങ്ങനെ ‘സത്യം അറിയാൻ’ ആത്മാർഥമായി ആഗ്രഹിക്കുന്നവരെ സഹായിക്കാനും നമുക്ക് സർവഥാ ശ്രമിക്കാം.—യോഹ. 8:31, 32.