തെരുവുസാക്ഷീകരണം ഫലപ്രദമായ വിധത്തിൽ
1. നമുക്ക് യേശുവിനെ അനുകരിക്കാനാകുന്ന ഒരു വിധമേത്?
1 ഭൗമിക ശുശ്രൂഷക്കാലത്ത്, പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും കണ്ടുമുട്ടിയ ആളുകളോട് സാക്ഷീകരിക്കാൻ യേശു തെല്ലും മടികാണിച്ചില്ല. (ലൂക്കോ. 9:57-61; യോഹ. 4:7) രാജ്യസന്ദേശം കഴിയുന്നത്ര ആളുകളുമായി പങ്കുവെക്കാൻ യേശു ആഗ്രഹിച്ചു. ഇന്ന്, ദൈവികജ്ഞാനം സമ്പാദിക്കാൻ ആളുകളെ സഹായിക്കാൻ പറ്റിയ നല്ലൊരു മാർഗമാണ് തെരുവുസാക്ഷീകരണം. (സദൃ. 1:20) ആളുകളെ സമീപിക്കാൻ മുൻകൈയെടുക്കുകയും നല്ല വിവേകം പ്രകടമാക്കുകയും ചെയ്യുന്നെങ്കിൽ, ഫലകരമായ വിധത്തിൽ ഈ വേല നിർവഹിക്കാൻ നമുക്കാകും.
2. തെരുവുസാക്ഷീകരണത്തിൽ നാം മുൻകൈയെടുത്തു പ്രവർത്തിക്കേണ്ടത് എങ്ങനെ?
2 മുൻകൈയെടുക്കുക: ആളുകൾ നമ്മളെ സമീപിക്കാനായി കാത്തുനിൽക്കുന്നതിനുപകരം നാംതന്നെ മുൻകൈയെടുത്ത് അവരുടെ അടുത്തേക്കു ചെല്ലുന്നതാണ് അഭികാമ്യം. പുഞ്ചിരിക്കുക, ആളുകളുടെ മുഖത്തുനോക്കി ഊഷ്മളതയോടെ സംസാരിക്കുക. മറ്റു പ്രസാധകർ ഒപ്പമുണ്ടായിരിക്കാമെങ്കിലും, ഒറ്റയ്ക്ക് ആളുകളെ സമീപിക്കുന്നതായിരിക്കും നല്ലത്. താത്പര്യം കാണിക്കുന്നവരെ വീണ്ടും കാണാനുള്ള ക്രമീകരണങ്ങൾ ചെയ്യാനും നാം മുൻകൈയെടുക്കേണ്ടതുണ്ട്. ഉചിതമെങ്കിൽ സംഭാഷണത്തിന്റെ അവസാനം, വീണ്ടും കാണാൻ എന്തു ചെയ്യാനാകുമെന്ന് നയപൂർവം ആ വ്യക്തിയോടു ചോദിക്കുക. ചില പ്രസാധകർ പതിവായി ഒരേ സ്ഥലത്ത് തെരുവുസാക്ഷീകരണം നടത്തുന്നു; ആദ്യം കണ്ടുമുട്ടിയ വ്യക്തികളെ വീണ്ടും കാണാനും അവരുടെ താത്പര്യം വളർത്താനും അത് സഹായിക്കുന്നു.
3. തെരുവുസാക്ഷീകരണത്തിൽ ആയിരിക്കെ നമുക്ക് എങ്ങനെ വിവേകം കാണിക്കാം?
3 വിവേകത്തോടെ പ്രവർത്തിക്കുക: റോഡിന്റെ ഏതു ഭാഗത്തു നിൽക്കണം, ആരെ സമീപിക്കണം എന്നൊക്കെ നിർണയിക്കുന്നതിൽ നല്ല വിവേകം കാണിക്കണം. കടന്നുപോകുന്ന എല്ലാവരോടും സാക്ഷീകരിക്കേണ്ടതില്ല. പരിസരവും ആളുകളുടെ മുഖഭാവവും മറ്റും നന്നായി നിരീക്ഷിക്കുക. ഉദാഹരണത്തിന്, ഒരാൾ തിരക്കിട്ടുപോകുകയാണെന്നു മനസ്സിലായാൽ അയാളോട് സാക്ഷീകരിക്കാതിരിക്കുന്നതാകും ബുദ്ധി. മാത്രമല്ല, പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുള്ള ആരെങ്കിലും നമ്മെ നിരീക്ഷിക്കുന്നുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കടകൾക്കു മുമ്പിൽവെച്ച് സാക്ഷീകരിക്കുന്നത്, കടക്കാരെ അസ്വസ്ഥരാക്കിയേക്കാം. കടയിലേക്ക് കയറുന്നവരോടു സംസാരിക്കുന്നതിനുപകരം സാധനങ്ങൾ വാങ്ങി കടയിൽനിന്ന് ഇറങ്ങുന്നവരോട് സംസാരിക്കുന്നതാണ് പലപ്പോഴും നല്ലത്. പെട്ടെന്ന് ആളുകളുടെ അടുത്തേക്കു ചെന്ന് സംഭാഷണം തുടങ്ങുന്നത് അവരെ ഞെട്ടിച്ചേക്കാം. അത് ഒഴിവാക്കുക. പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കുന്നതിലും വിവേകം കാണിക്കണം. കാര്യമായ താത്പര്യം കാണിക്കാത്തവർക്ക് മാസികകൾക്കുപകരം ലഘുലേഖകൾ നൽകുക.
4. തെരുവുസാക്ഷീകരണം ആസ്വാദ്യവും ഫലകരവും ആയ ഒരു സാക്ഷീകരണരീതിയാണെന്നു പറയുന്നത് എന്തുകൊണ്ട്?
4 കുറച്ചു സമയംകൊണ്ട് സത്യത്തിന്റെ കൂടുതൽ വിത്തുകൾ വിതയ്ക്കാൻ തെരുവുസാക്ഷീകരണം നമ്മെ സഹായിക്കും. (സഭാ. 11:6) വീടുതോറുമുള്ള സാക്ഷീകരണത്തിൽ കണ്ടുമുട്ടാനിടയില്ലാത്ത ചിലരെപ്പോലും ഈ സാക്ഷീകരണരീതിയിലൂടെ നമുക്ക് കണ്ടെത്താനാകും. ആസ്വാദ്യവും ഫലകരവും ആയ ഈ വേലയിൽ പങ്കെടുക്കുന്നതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്താൻ നിങ്ങൾക്കാകുമോ?