ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—മടക്കസന്ദർശനത്തിന് അടിത്തറ ഇട്ടുകൊണ്ട്
എന്തുകൊണ്ട് പ്രധാനം: താത്പര്യം കാണിച്ച വ്യക്തി വീട്ടിലുള്ളപ്പോൾ, നട്ട സത്യത്തിന്റെ വിത്തിനു വെള്ളമൊഴിക്കാനായി മടങ്ങിച്ചെല്ലാൻ നാം ആഗ്രഹിക്കുന്നു. (1 കൊരി. 3:6) ഇതിനായി, തിരികെ പോരുന്നതിനു മുമ്പ് എപ്പോൾ മടങ്ങിച്ചെല്ലുമെന്നു തീരുമാനിച്ചുകൊണ്ട് മടക്കസന്ദർശനത്തിന് അടിത്തറ ഇടാനാകും. അടുത്ത സന്ദർശനത്തിൽ ചർച്ച ചെയ്യാനായി ഒരു ചോദ്യവും ചോദിച്ചിട്ട് പോരുന്നത് നല്ലതാണ്. ഇത്, പ്രതീക്ഷയോടെ കാത്തിരിക്കാൻ വീട്ടുകാരനെ പ്രേരിപ്പിക്കും. നാം കൊടുത്തിട്ടുള്ള പ്രസിദ്ധീകരണത്തിൽ ആ ചോദ്യത്തിനുള്ള ഉത്തരമുണ്ടെങ്കിൽ അദ്ദേഹം അതു വായിക്കാനുള്ള സാധ്യത കൂടുതലാണ്. ചർച്ചയ്ക്കുള്ള വിഷയം മുന്നമേ തിരഞ്ഞെടുത്തുകൊണ്ട് മടക്കസന്ദർശനത്തിന് അടിത്തറ പാകുന്നത് പിന്നീടുള്ള സംഭാഷണം എളുപ്പമാക്കുന്നു. എന്തു പ്രതീക്ഷിക്കണം എന്ന് വീട്ടുകാരന് ഇതുമൂലം അറിയാനാകും. അദ്ദേഹത്തെ വീണ്ടും കാണുമ്പോൾ കഴിഞ്ഞ പ്രാവശ്യം ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാനാണു ഞങ്ങൾ വന്നിരിക്കുന്നതെന്ന് പറയാം.
ഇത് എങ്ങനെ ചെയ്യാം:
• വീടുതോറുമുള്ള അവതരണം തയ്യാറാകുമ്പോൾ അടുത്ത സന്ദർശനത്തിൽ ഉത്തരം കൊടുക്കേണ്ട ചോദ്യവുംകൂടെ തയ്യാറാക്കുക. ഈ ചോദ്യം രണ്ടു വിധത്തിൽ തയ്യാറാകാം: (1) നിങ്ങൾ ആ ദിവസം സമർപ്പിക്കുന്ന സാഹിത്യത്തിൽ ചർച്ച ചെയ്യുന്ന വിഷയത്തെ അടിസ്ഥാനമാക്കി (2) അല്ലെങ്കിൽ മടങ്ങിച്ചെല്ലുമ്പോൾ കൊടുക്കാൻ ഉദ്ദേശിക്കുന്ന അധ്യയന പ്രസിദ്ധീകരണങ്ങളിലെ ഏതെങ്കിലും ചോദ്യം.
• താത്പര്യമുള്ള വ്യക്തിയുമായി സംഭാഷണം അവസാനിപ്പിക്കുമ്പോൾ അദ്ദേഹവുമായി വീണ്ടും സംസാരിക്കാനുള്ള നമ്മുടെ ആഗ്രഹം അറിയിക്കുകയും തയ്യാറാക്കിയിരിക്കുന്ന ചോദ്യം ചോദിക്കുകയും ചെയ്യുക. ചില പ്രദേശങ്ങളിൽ ആളുകൾ വളരെ തിരക്കിലായതിനാൽ രണ്ടാമത് സന്ദർശിക്കുന്നതിനോടു വീട്ടുകാരൻ മടി കാണിച്ചേക്കാം. അങ്ങനെയെങ്കിൽ നിങ്ങൾക്ക് ഇപ്രകാരം പറയാം: “സാധാരണ നിങ്ങൾ ഏതു സമയത്താണ് വീട്ടിൽ കാണുന്നത്? (മറുപടി പറയാൻ അനുവദിക്കുക.) അടുത്ത ആഴ്ച ഇതിലെ വരുമ്പോൾ . . . എന്ന ചോദ്യത്തിന് ഉത്തരം തരാം. ഞാൻ വരുന്ന സമയത്ത് താങ്കൾ തിരക്കിലാണെങ്കിൽ കുഴപ്പമില്ല, പറഞ്ഞാൽ മതി.”
• ഒരു നിശ്ചിതസമയത്തു മടങ്ങിച്ചെല്ലാമെന്ന് വീട്ടുകാരനോടു പറഞ്ഞിട്ടുണ്ടെങ്കിൽ വാക്കു പാലിക്കുക. (മത്താ. 5:37) മടക്കസന്ദർശനം ഉപസംഹരിക്കവെ അടുത്തതിനുള്ള അടിത്തറ ഇടുക.
മാസത്തിലുടനീളം ഇതു പരീക്ഷിക്കുക:
• അവതരണം തയ്യാറാകുമ്പോൾ അടുത്ത സന്ദർശനത്തിൽ ഉത്തരം നൽകേണ്ട ചോദ്യവുംകൂടെ തയ്യാറാക്കുക. നിങ്ങളോടൊപ്പം പ്രവർത്തിക്കുന്ന മറ്റു പ്രസാധകരോടും ഇത് പറയുക.