കുട്ടികളേ—നിങ്ങൾ ഞങ്ങളുടെ സന്തോഷമാകുന്നു!
1 കുട്ടികളേ, സഭാപ്രവർത്തനങ്ങളിൽ നിങ്ങളെയും ഉൾപ്പെടുത്തണമെന്ന യഹോവയുടെ കൽപ്പന നിങ്ങൾക്കു പരിചിതമാണോ? (ആവ. 31:12; സങ്കീ. 127:3) ഒത്തൊരുമിച്ച് യഹോവയെ ആരാധിക്കുമ്പോൾ ഞങ്ങളോടൊപ്പം നിങ്ങളുമുണ്ടായിരിക്കുന്നതു സന്തോഷംതന്നെയാണ്! നിങ്ങൾ, ശാന്തരായിരുന്നു യോഗങ്ങൾ നന്നായി ശ്രദ്ധിക്കുമ്പോൾ ഞങ്ങളുടെ ഹൃദയത്തിനത് ഊഷ്മളത പകരുന്നു. നിങ്ങൾ സ്വന്തം വാക്കുകളിൽ ഉത്തരം പറയാൻ ശ്രമിക്കുമ്പോൾ അതു ഞങ്ങളെ പ്രത്യേകിച്ചും സന്തോഷഭരിതരാക്കുന്നു. നിങ്ങൾ, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ നിങ്ങളുടെ നിയമനങ്ങൾ നിർവഹിക്കുമ്പോഴും ഞങ്ങളോടൊത്ത് ഉത്സാഹപൂർവം വയൽസേവനത്തിൽ പങ്കെടുക്കുമ്പോഴും സധൈര്യം സഹപാഠികളോടും അധ്യാപകരോടും സാക്ഷീകരിക്കുന്നുവെന്നു കേൾക്കുമ്പോഴും മുഴു സഭയും വളരെയേറെ സന്തോഷിക്കുന്നു.—സങ്കീ. 148:12, 13.
2 നിങ്ങളുടെ നല്ല പെരുമാറ്റരീതികളും വൃത്തിയുള്ള വസ്ത്രധാരണവും നിർമലമായ നടത്തയും മുതിർന്നവരോടുള്ള ആദരവും കാണുമ്പോൾ ഞങ്ങൾ അഭിമാനം കൊള്ളുന്നുവെന്നു നിങ്ങളറിയാൻ ഞങ്ങളാഗ്രഹിക്കുന്നു. ആത്മീയ ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് നിങ്ങൾ ‘നിങ്ങളുടെ മഹാ സ്രഷ്ടാവിനെ ഓർക്കുന്നു’ എന്നു പ്രകടമാക്കുമ്പോൾ ഞങ്ങളുടെ ഈ സന്തോഷം വിശേഷാൽ വലുതാണ്.—സഭാ. 12:1; സങ്കീ. 110:3.
3 നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ചു ഞങ്ങളോടു പറയുക: ഒരു എട്ടുവയസ്സുകാരൻ ഒരു ഡിസ്ട്രിക്റ്റ് മേൽവിചാരകനോട് ഇപ്രകാരം പറഞ്ഞു: ‘ആദ്യം എനിക്കു സ്നാപനമേൽക്കണം. അതുകഴിഞ്ഞ് സഭയിൽ ഉച്ചഭാഷിണി സംവിധാനവും മൈക്കും മറ്റും കൈകാര്യം ചെയ്യുന്നയാളായും സേവകനായും സാഹിത്യങ്ങൾ കൈകാര്യം ചെയ്യുന്നയാളായും പുസ്തകാധ്യയനങ്ങളിലും വീക്ഷാഗോപുര അധ്യയനങ്ങളിലും ഖണ്ഡിക വായിക്കുന്നയാളായുമൊക്കെ സേവിച്ചുകൊണ്ടു സഭയെ സഹായിക്കണം. പിന്നെ, ശുശ്രൂഷാദാസനും അതുകഴിഞ്ഞ് മൂപ്പനുമൊക്കെയാകണം. എനിക്കു പയനിയറാകാനും ആഗ്രഹമുണ്ട്, എന്നിട്ട് പയനിയർ സ്കൂളിൽ പോകണം. അതുകഴിഞ്ഞ് ബെഥേലിൽ പോകണം. പിന്നെ, ഒരു സർക്കിട്ട് മേൽവിചാരകനോ ഡിസ്ട്രിക്റ്റ് മേൽവിചാരകനോ ആയിത്തീരണം.’ ദൈവത്തെ സേവിക്കാനുള്ള പദവിയോട് എത്ര നല്ല വിലമതിപ്പാണ് അവൻ കാട്ടിയത്.
4 ശാരീരികമായും ആത്മീയമായും വളർച്ചപ്രാപിക്കവേ, നിങ്ങൾ ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതു കാണുമ്പോൾ ഞങ്ങൾ ആഹ്ലാദിക്കുന്നു. (ലൂക്കൊസ് 2:52 താരതമ്യം ചെയ്യുക.) ലോകവ്യാപകമായി, ഓരോ വർഷവും ആയിരക്കണക്കിനു യുവജനങ്ങൾ സ്നാപനമേൽക്കാത്ത പ്രസാധകരായിത്തീരുകയും പിന്നീട് യഹോവയുടെ സമർപ്പിത ദാസരെന്ന നിലയിൽ സ്നാപനത്തിനുവേണ്ട യോഗ്യതകളിൽ എത്തിച്ചേരുകയും ചെയ്യുന്നു. അതിനുശേഷം, നിങ്ങൾ സഹായ പയനിയറിങ് ചെയ്യുകയോ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടുകപോലുമോ ചെയ്യുമ്പോൾ ഞങ്ങളുടെ സന്തോഷം വർധിക്കുന്നു. കുട്ടികളേ, നിങ്ങൾ വാസ്തവമായും ഞങ്ങളുടെ സന്തോഷവും നമ്മുടെ സ്വർഗീയ പിതാവിനു ലഭിക്കാനിടയാകുന്ന സ്തുതിയുടെ വിസ്മയാവഹമായ ഒരു ഉറവിടവുമാകുന്നു. യഹോവ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ!—സദൃ. 23:24, 25.