നിങ്ങളുടെ ശുശ്രൂഷയിൽ jw.org ഉപയോഗിക്കുക
“ഭൂമിയുടെ അറ്റംവരെയും” സുവാർത്ത എത്തിക്കാൻ സഹായിക്കുന്ന നല്ല ഒരു ഉപകരണമാണ് നമ്മുടെ വെബ്സൈറ്റ്. (പ്രവൃ. 1:8) ഭൂരിഭാഗം വീട്ടുകാരും jw.org ശ്രദ്ധിച്ചിരിക്കാൻ ഇടയില്ല. പകരം, ഒരു പ്രസാധകൻ കാണിച്ചുകൊടുക്കുമ്പോൾ മാത്രമാണ് അവർ ഇതിനെക്കുറിച്ച് അറിയുന്നത്.
ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ ഒരു സഞ്ചാര മേൽവിചാരകൻ തന്റെ ഫോണിലേക്കു ഡൗൺലോഡ് ചെയ്യുകയും അവസരം കിട്ടുമ്പോഴെല്ലാം അത് മറ്റുള്ളവരെ കാണിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, വീടുതോറും പോകുമ്പോൾ അദ്ദേഹം ഇപ്രകാരം പറയുന്നു: “മൂന്നു പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിൽ ആളുകളെ സഹായിക്കാൻ ഞാൻ ശ്രമിക്കുന്നു: ലോകത്തിൽ ഇത്രമാത്രം പ്രശ്നങ്ങൾ ഉള്ളത് എന്തുകൊണ്ട്? ദൈവം ഇത് എങ്ങനെ പരിഹരിക്കും? അതുവരെയും ഇവ നമുക്ക് എങ്ങനെ നേരിടാനാകും? ഈ വീഡിയോ അൽപസമയംകൊണ്ട് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നു.” അദ്ദേഹം വീഡിയോ കാണിച്ചുകൊണ്ട് വീട്ടുകാരന്റെ പ്രതികരണം നിരീക്ഷിക്കുന്നു. ഈ വീഡിയോ വളരെ ആകർഷകമായതിനാൽ അത് തീരുന്നതുവരെ പലരും കാണുന്നു. അതിനുശേഷം സഞ്ചാര മേൽവിചാരകൻ ഇപ്രകാരം പറയുന്നു: “നിങ്ങൾക്ക് ഓൺലൈനിൽ ഒരു ബൈബിളധ്യയനം ആവശ്യപ്പെടാമെന്നു കേട്ടില്ലേ? ഞാൻ ഇവിടെയുള്ള സ്ഥിതിക്ക്, ഇപ്പോൾതന്നെ ഒരു അധ്യയനം കാണിച്ചുതരാം.” വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ സുവാർത്താ ലഘുപത്രിക ഉപയോഗിച്ചുകൊണ്ട് ഒരു അധ്യയനം അവതരിപ്പിക്കുന്നു. വീട്ടുകാരനു സമയമില്ലെങ്കിൽ അടുത്ത സന്ദർശനത്തിൽ അത് ക്രമീകരിക്കുന്നു. ഇടവേളയിൽ ഹോട്ടലിൽ ഇരുന്ന് കാപ്പി കുടിക്കുമ്പോൾ ഒരു സൗഹൃദസംഭാഷണം ആരംഭിച്ചുകൊണ്ട് തൊട്ടടുത്തിരിക്കുന്ന വ്യക്തിയോടും സഞ്ചാര മേൽവിചാരകൻ ഇതുപോലെ പറയും. നിങ്ങളും ശുശ്രൂഷയിൽ jw.org ഉപയോഗിക്കുന്നുണ്ടോ?