ലക്ഷ്യം സഫലമാക്കുന്ന വയൽസേവനയോഗങ്ങൾ
1. ഏതു ലക്ഷ്യത്തിലാണ് വയൽസേവനയോഗങ്ങൾ നടത്തുന്നത്?
1 ഒരു പ്രസംഗപര്യടനത്തിനു പോകുന്നതിനു മുമ്പ് യേശു 70 ശിഷ്യന്മാരുമായി യോഗം നടത്തി. (ലൂക്കോ. 10:1-11) അവർ തനിച്ചല്ലെന്നും ‘കൊയ്ത്തിന്റെ യജമാനനായ’ യഹോവയാണ് അവരെ നയിക്കുന്നതെന്നും പറഞ്ഞ് യേശു അവരെ പ്രോത്സാഹിപ്പിച്ചു. പ്രസംഗവേല നിർവഹിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി അവൻ അവരെ പരിശീലിപ്പിക്കുകയും ചെയ്തു. സംഘടിതമായ വിധത്തിൽ അവരെ “ഈരണ്ടായി” തിരിച്ച് വിട്ടു. ഇന്നു നമ്മൾ വയൽസേവനത്തിനു പോകുന്നതിനു മുമ്പ് നടത്തുന്ന യോഗവും ഇതേ ലക്ഷ്യത്തിലാണ്. നമ്മെ പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കാനും നമ്മൾ സംഘടിതരായിരിക്കാനും ഇതു സഹായിക്കുന്നു.
2. വയൽസേവനയോഗത്തിന് എത്ര സമയം എടുക്കാം?
2 ഇപ്പോൾ വയൽസേവനയോഗത്തിന് 10 മുതൽ 15 മിനിട്ട് വരെ എടുക്കുന്നു. ഇതിൽ, കൂട്ടത്തെ സംഘടിപ്പിക്കുന്നതും പ്രദേശം നിയമിച്ചു കൊടുക്കുന്നതും പ്രാർഥിക്കുന്നതും ഉൾപ്പെട്ടിരുന്നു. ഇതിനു മാറ്റം വരികയാണ്. ഏപ്രിൽമുതൽ വയൽസേവനയോഗം 5 മുതൽ 7 മിനിട്ടിനുള്ളിൽ അവസാനിക്കും. എന്നാൽ സഭായോഗത്തിനു ശേഷമാണെങ്കിൽ അതു പിന്നെയും ചുരുക്കാവുന്നതാണ്. കാരണം, സഹോദരങ്ങൾ അപ്പോൾതന്നെ ഒരു തിരുവെഴുത്തുചർച്ചയിൽ പങ്കെടുത്തുകഴിഞ്ഞിരിക്കയാണ്. വയൽസേവനയോഗം ഹ്രസ്വമായിരിക്കുമ്പോൾ എല്ലാവർക്കും ശുശ്രൂഷയിൽ ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കും. കൂടാതെ, പയനിയർമാരോ പ്രസാധകരോ വയൽസേവനയോഗത്തിന് മുമ്പ് ശുശ്രൂഷ ആരംഭിച്ചിട്ടുണ്ടെങ്കിൽ അവരുടെ പ്രവർത്തനത്തിന് ചെറിയ ഇടവേളയേ ഉണ്ടാകൂ.
3. പ്രസാധകർക്ക് കൂടുതൽ ഗുണം ചെയ്യുന്ന വിധത്തിൽ വയൽസേവനയോഗം ക്രമീകരിക്കാവുന്നത് എങ്ങനെയാണ്?
3 പ്രസാധകർക്ക് പരമാവധി പ്രയോജനം ലഭിക്കുന്ന വിധത്തിൽവേണം വയൽസേവനയോഗം ക്രമീകരിക്കാൻ. വയൽസേവനയോഗം ഒന്നിച്ച് ഒരു സ്ഥലത്ത് നടത്തുന്നതിനെക്കാൾ വെവ്വേറെ കൂട്ടങ്ങളായി നടത്തുന്നതാകും പ്രയോജനപ്രദം. ഇത് യോഗത്തിനായും അവിടെനിന്നു പ്രദേശത്തേക്കും യാത്ര ചെയ്യുന്നത് പ്രസാധകർക്ക് എളുപ്പമാക്കും. കൂട്ടം ചെറുതായിരിക്കുമ്പോൾ പ്രസാധകരെ വേഗം സംഘടിപ്പിക്കാനും ഗ്രൂപ്പ് മേൽവിചാരകന്മാർക്ക് തങ്ങളുടെ കൂട്ടത്തിലുള്ളവരെ അടുത്ത് ശ്രദ്ധിക്കാനുമാകും. സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് മൂപ്പന്മാരുടെ സംഘം ഏറ്റവും മെച്ചമായ വിധം തീരുമാനിക്കണം. ഹ്രസ്വമായ പ്രാർഥനയോടെ യോഗം അവസാനിപ്പിക്കുന്നതിനു മുമ്പ് തങ്ങൾ ആരോടൊപ്പമാണെന്നും എവിടെയാണ് പ്രവർത്തിക്കുന്നതെന്നും എല്ലാവരും അറിഞ്ഞിരിക്കണം.
4. വയൽസേവനയോഗത്തെ മറ്റു സഭായോഗങ്ങളെക്കാൾ പ്രാധാന്യം കുറഞ്ഞതായി വീക്ഷിക്കരുതാത്തത് എന്തുകൊണ്ട്?
4 മറ്റു സഭായോഗങ്ങളെക്കാൾ പ്രാധാന്യം കുറഞ്ഞതല്ല: ശുശ്രൂഷയ്ക്കു പോകുന്നവരുടെ പ്രയോജനത്തിനുവേണ്ടിയാണ് വയൽസേവനയോഗം എന്നതുകൊണ്ട് സഭയിലുള്ള എല്ലാവരും ഇതിൽ ഹാജരാകണമെന്നില്ല. എന്നാലും മറ്റു സഭായോഗങ്ങളെക്കാൾ വില കുറഞ്ഞതോ പ്രാധാന്യം കുറഞ്ഞതോ ആയി ഇതിനെ വീക്ഷിക്കരുത്. മറ്റുള്ള യോഗങ്ങളെപ്പോലെതന്നെ വയൽസേവനയോഗവും യഹോവയിൽനിന്നുള്ള ഒരു കരുതലായി നമ്മൾ കാണണം. ഇതും സ്നേഹത്തിനും സത്പ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ പറ്റിയ ഒന്നാണ്. (എബ്രാ. 10:24, 25) വയൽസേവനയോഗം നടത്തുന്നവർ നന്നായി തയ്യാറാകണം. അങ്ങനെയായാൽ യോഗത്തിലെ ചർച്ചകൾ യഹോവയ്ക്ക് മഹത്വം കൈവരുത്തുകയും ഹാജരായിരിക്കുന്നവർക്കെല്ലാം പ്രയോജനപ്പെടുകയും ചെയ്യും. ശുശ്രൂഷയ്ക്കു പോകാൻ ക്രമീകരിക്കുന്നവർ സാധിക്കുമെങ്കിൽ ഹാജരാകാൻ നല്ല ശ്രമം ചെയ്യണം.
മറ്റു സഭായോഗങ്ങളെക്കാൾ വില കുറഞ്ഞതോ പ്രാധാന്യം കുറഞ്ഞതോ ആയി വയൽസേവനയോഗത്തെ വീക്ഷിക്കരുത്
5. (എ) വയൽസേവനയോഗം ക്രമീകരിക്കുന്നതിൽ സേവന മേൽവിചാരകന്റെ പങ്ക് എന്താണ്? (ബി) ഒരു സഹോദരി വയൽസേവനയോഗം നടത്തുന്നത് എങ്ങനെയായിരിക്കും?
5 നടത്തുന്നവരുടെ തയ്യാറാകൽ: സഭായോഗങ്ങളിലെ ഒരു ഭാഗം നന്നായി തയ്യാറായി അവതരിപ്പിക്കണമെങ്കിൽ നിയമനം നേരത്തെതന്നെ ലഭിച്ചിരിക്കണം. വയൽസേവനയോഗത്തിന്റെ കാര്യത്തിലും ഇത് സത്യമാണ്. വയൽസേവന കൂട്ടങ്ങൾ വെവ്വേറെ കൂടിവരുമ്പോൾ ഗ്രൂപ്പ് മേൽവിചാരകനോ സഹായിയോ തങ്ങളുടെ കൂട്ടത്തിനുവേണ്ടി യോഗം നടത്തുന്നു. എന്നാൽ സഭയ്ക്കു മുഴുവനായി വയൽസേവനയോഗം നടത്തുമ്പോൾ സേവന മേൽവിചാരകൻ ഒരു നിർവാഹകനെ നിയമിക്കണം. ചില സേവന മേൽവിചാരകന്മാർ നിർവാഹകർക്കെല്ലാം പട്ടിക കൊടുത്തിട്ട് അതിന്റെ പകർപ്പ് സഭയുടെ നോട്ടീസ് ബോർഡിൽ പതിപ്പിക്കുന്നു. സേവന മേൽവിചാരകൻ നിർവാഹകരെ നിയമിക്കുമ്പോൾ നല്ല ന്യായബോധം പ്രകടമാക്കണം. കാരണം, യോഗത്തിന്റെ ഗുണമേന്മ, പഠിപ്പിക്കലിനെയും നിർവാഹകരുടെ സംഘാടനപ്രാപ്തിയെയും ആശ്രയിച്ചാണിരിക്കുന്നത്. ഏതെങ്കിലും ദിവസം ഒരു മൂപ്പനോ ശുശ്രൂഷാദാസനോ യോഗ്യതയുള്ള സ്നാനമേറ്റ മറ്റൊരു സഹോദരനോ ഇല്ലാത്തപക്ഷം സേവന മേൽവിചാരകൻ പ്രാപ്തയായ ഒരു സഹോദരിയെ വയൽസേവനയോഗം നടത്താൻ നിയമിക്കണം.—“ഒരു സഹോദരി നടത്തേണ്ടതായി വരുമ്പോൾ” എന്ന ലേഖനം കാണുക.
6. വയൽസേവനയോഗം നടത്തുന്നവർ നന്നായി തയ്യാറാകേണ്ടത് എന്തുകൊണ്ട്?
6 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലോ സേവനയോഗത്തിലോ ഒരു നിയമനം ലഭിക്കുമ്പോൾ നാം അത് ഗൗരവമായെടുത്ത് നന്നായി തയ്യാറാകുന്നു. നിയമനം നടത്തുമ്പോൾ എന്തു പറയും എന്നതിനെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത് യോഗത്തിനുവേണ്ടി യാത്ര ചെയ്യുമ്പോഴായിരിക്കില്ല. ഒരു വയൽസേവനയോഗം നടത്തുന്നതിലും ഇതേ വീക്ഷണം പുലർത്തണം. ഇപ്പോൾ വയൽസേവനയോഗ സമയം ചുരുക്കിയിട്ടുള്ളതിനാൽ അത് അർഥവത്താവുകയും സമയത്തിനു തീരുകയും ചെയ്യണമെങ്കിൽ നല്ല തയ്യാറാകൽ കൂടിയേ തീരൂ. എവിടെ പ്രവർത്തിക്കുമെന്ന് മുന്നമേ തീരുമാനിക്കുന്നതും നല്ല തയ്യാറാകലിൽപ്പെടും.
7. നിർവാഹകന് ചർച്ച ചെയ്യാവുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്?
7 എന്തു ചർച്ച ചെയ്യണം: ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ വിശ്വസ്തനായ അടിമ ഓരോ വയൽസേവനയോഗത്തിനും ബാഹ്യരേഖ തരുന്നില്ല. “വയൽസേവനയോഗത്തിൽ പരിചിന്തിക്കാനാകുന്ന വിവരങ്ങൾ” എന്ന ചതുരത്തിൽ സാധ്യതയുള്ള ചില ബാഹ്യരേഖകൾ കൊടുത്തിരിക്കുന്നു. സാധാരണഗതിയിൽ ഒരു ചർച്ചയായിട്ടാണ് യോഗം നടത്തേണ്ടത്. ചിലപ്പോഴൊക്കെ നന്നായി തയ്യാറായ ഒരു അവതരണമാകാം, അല്ലെങ്കിൽ jw.org -ൽ നിന്നെടുത്ത അനുയോജ്യമായ വീഡിയോ ആകാം. വയൽസേവനയോഗം നടത്തുന്ന വ്യക്തി ശുശ്രൂഷയിൽ ആ ദിവസം പോകുന്നവരെ പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കാനും എന്താണ് വേണ്ടതെന്ന് തയ്യാറാകുമ്പോൾ ചിന്തിക്കണം.
വയൽസേവനയോഗം നടത്തുന്ന വ്യക്തി ശുശ്രൂഷയിൽ ആ ദിവസം പോകുന്നവരെ പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കാനും എന്താണ് വേണ്ടതെന്ന് തയ്യാറാകുമ്പോൾ ചിന്തിക്കണം.
8. ശനിയാഴ്ചകളിലെയും ഞായറാഴ്ചകളിലെയും വയൽസേവനയോഗത്തിൽ എന്തു ചർച്ച ചെയ്യുന്നതായിരിക്കാം ഏറ്റവും പ്രയോജനപ്രദം?
8 ഉദാഹരണത്തിന് മിക്ക പ്രസാധകരും ശനിയാഴ്ച വീക്ഷാഗോപുരം, ഉണരുക! മാസികകൾ സമർപ്പിക്കും. ശനിയാഴ്ച ശുശ്രൂഷയ്ക്കു പോകുന്ന പലരും ഇടദിവസങ്ങളിൽ പോകാത്തതിനാൽ അവർ കുടുംബാരാധനയിൽ ചിന്തിച്ച വിവരങ്ങൾ മറന്നു പോയേക്കാം. അതിനാൽ നമ്മുടെ രാജ്യശുശ്രൂഷയിലെ മാതൃകാവതരണം പുനരവലോകനം ചെയ്യുന്നത് പ്രയോജനപ്രദം ആയിരിക്കും. സാധ്യമായ മറ്റൊരു വിധം, പ്രാദേശിക വാർത്തയോ സംഭവമോ വിശേഷദിവസമോ മാസികയുമായി എങ്ങനെ കോർത്തിണക്കി അവതരിപ്പിക്കാം എന്നു കാണിക്കുന്നതാണ്. മാസിക സ്വീകരിക്കുന്നവരുടെ അടുത്ത് മടങ്ങിച്ചെല്ലാനുള്ള ഒരുക്കങ്ങൾ നടത്തുന്നതായി കാണിക്കുന്നതാണ് മറ്റൊരു വിധം. വയൽസേവനയോഗത്തിനു വന്നിട്ടുള്ള ആരെങ്കിലും ഇതിനോടകം ആ മാസിക സമർപ്പിച്ചിട്ടുണ്ടെങ്കിൽ ഹ്രസ്വമായ നിർദ്ദേശങ്ങളോ നല്ല അനുഭവങ്ങളോ പങ്കുവെക്കാൻ നിർവാഹകന് അവരോട് ആവശ്യപ്പെടാവുന്നതാണ്. ഞായറാഴ്ചകളിൽ, ആ മാസത്തെ സമർപ്പണസാഹിത്യം ഉപയോഗിച്ച് ഇതേ വിധത്തിൽ വയൽസേവനയോഗം നടത്താൻ ചില നിർവാഹകർ തീരുമാനിച്ചേക്കാം. ദൈവം പറയുന്നതു കേൾക്കുവിൻ!, സുവാർത്താ ലഘുപത്രിക, ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം എന്നിങ്ങനെ അധ്യയനത്തിന് ഉപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങൾ ഏതു ദിവസവും സമർപ്പിക്കാം. അതിനാൽ ഇതിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കാനുള്ള വിവരങ്ങൾ നിർവാഹകന് ഹ്രസ്വമായി പരിചിന്തിക്കാം.
9. വാരാന്തങ്ങളിൽ സഭ പ്രത്യേക പ്രചാരണവേലയിൽ ഏർപ്പെടുന്ന സമയത്ത് എന്തൊക്കെ ചർച്ച ചെയ്യാം?
9 വാരാന്തത്തിൽ സഭ പ്രത്യേക പ്രചാരണവേലയിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ പുതിയ മാസികകളോടൊപ്പം ക്ഷണക്കത്തോ ലഘുലേഖയോ സമർപ്പിക്കുന്നതിനെക്കുറിച്ച് പറയാനാകും. അല്ലെങ്കിൽ താത്പര്യം കാണിച്ച ഇടങ്ങളിൽ എന്തു ചർച്ച ചെയ്യണമെന്നും നിർവാഹകന് പറയാൻ കഴിയും. ഇങ്ങനെയുള്ള പ്രചാരണവേലയുടെ മൂല്യം എടുത്തുകാണിക്കുന്ന അനുഭവങ്ങൾ വിവരിക്കുന്നതായിരിക്കാം വയൽസേവനയോഗം നടത്താനുള്ള മറ്റൊരു മാർഗം.
10, 11. വയൽസേവനയോഗം വിജയിപ്പിക്കുന്നതിൽ പ്രസാധകരുടെ തയ്യാറാകൽ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
10 പ്രസാധകരുടെ തയ്യാറാകൽ: വയൽസേവനയോഗം നന്നായി നടത്തുന്നതിൽ പ്രസാധകർക്കും ഒരു പങ്കുണ്ട്. കുടുംബാരാധനയിലോ മറ്റോ ശുശ്രൂഷയ്ക്കായി മുന്നമേ തയ്യാറാകുമ്പോൾ, ലഭിക്കുന്ന വിവരങ്ങളിൽ ചിലത് മറ്റു പ്രസാധകരുമായി പങ്കുവെക്കാനാകും. മാസികകളും മറ്റു സാഹിത്യങ്ങളും വയൽസേവനയോഗത്തിനു വരുന്നതിനു മുമ്പേ കൈയിൽ കരുതുന്നത് നന്നായി തയ്യാറാകുന്നതിൽ ഉൾപ്പെടുന്നു. ഇങ്ങനെയായാൽ സമയം കളയാതെ എല്ലാവർക്കും പ്രവർത്തനസ്ഥലത്തേക്കു പെട്ടെന്ന് പോകാനാകും.
11 വയൽസേവനയോഗം തുടങ്ങുന്നതിന് ഏതാനും മിനിട്ട് മുമ്പ് വരുന്നത് പ്രധാനമാണ്. സഭായോഗങ്ങൾക്കെല്ലാം സമയത്തിന് എത്താൻ നമ്മൾ ശ്രമിക്കുന്നു എന്നത് ശരിയാണ്. എന്നാൽ വയൽസേവനയോഗത്തിന് നമ്മൾ വൈകിയാണ് എത്തുന്നതെങ്കിൽ അത് കൂടുതൽ കുഴപ്പങ്ങൾക്ക് ഇടയാക്കും. ഇത് എങ്ങനെയാണ്? നേതൃത്വമെടുക്കുന്ന സഹോദരൻ കൂട്ടത്തെ സംഘടിപ്പിക്കുന്നതിനു മുമ്പ് പല കാര്യങ്ങൾ കണക്കിലെടുക്കും. പ്രസാധകർ കുറവാണെങ്കിൽ ഭാഗികമായി പ്രവർത്തിച്ച ഒരു പ്രദേശത്തേക്ക് എല്ലാവരെയും വിടാൻ അദ്ദേഹം തീരുമാനിച്ചേക്കാം. പ്രദേശം ദൂരെയായിരിക്കുകയും എന്നാൽ ചിലർ വയൽസേവനയോഗത്തിന് ഏറെ ദൂരം നടന്നുവരികയുമാണ് ചെയ്തതെങ്കിൽ വാഹനമുള്ളവരോടൊപ്പം അദ്ദേഹം ഇവരെ തിരിച്ചുവിട്ടേക്കാം. അത്ര സുരക്ഷിതമല്ലാത്ത പ്രദേശത്താണ് പ്രവർത്തിക്കുന്നതെങ്കിൽ സഹോദരിമാരുടെ കൂട്ടം പ്രവർത്തിക്കുന്നതിനടുത്ത് സഹോദരന്മാരെ അദ്ദേഹം നിയമിച്ചേക്കാം. ശാരീരിക വൈകല്യമുള്ള പ്രസാധകരെ നിരപ്പായ, അധികം നിലകൾ ഇല്ലാത്ത വീടുകൾ ഉള്ള തെരുവുകളിൽ പ്രവർത്തിക്കാൻ നിയമിച്ചേക്കാം. പുതിയ പ്രസാധകരെ അനുഭവപരിചയം ഉള്ളവരോടൊപ്പം നിയമിച്ചേക്കാം. എന്നാൽ വൈകി വരുന്നവരെ ഉൾപ്പെടുത്താൻ ഈ ക്രമീകരണങ്ങൾ തിരുത്തുകയോ മാറ്റുകയോ ചെയ്യേണ്ടി വന്നേക്കാം. ചിലപ്പോൾ വൈകി വരുന്നതിനു തക്ക കാരണം കണ്ടേക്കാം. എന്നാൽ വൈകി വരുന്നത് നമ്മുടെ പതിവാണെങ്കിൽ വയൽസേവനയോഗത്തോടുള്ള വിലമതിപ്പില്ലായ്മമൂലമാണോ അതോ നമ്മുടെതന്നെ സംഘാടനത്തിന്റെ അഭാവമാണോ എന്ന് സ്വയം ചോദിക്കണം.
12. ശുശ്രൂഷയ്ക്ക് സ്വന്തമായ ക്രമീകരണമാണ് സാധാരണയായി നിങ്ങൾ ചെയ്യുന്നതെങ്കിൽ ഇനി എന്തുകൂടി പരിഗണിക്കണം?
12 ശുശ്രൂഷയ്ക്ക് കൂടിവരുന്ന പ്രസാധകർ യോഗത്തിനുമുമ്പ് പ്രവർത്തിക്കാനായി സ്വന്തം ക്രമീകരണം നടത്തുന്നതിൽ തെറ്റില്ല. അല്ലെങ്കിൽ നിർവാഹകൻ ഒരു പങ്കാളിയെ നിയമിച്ചുകൊടുക്കും. സ്വന്തമായി ക്രമീകരണം നടത്തുന്നതാണ് നിങ്ങളുടെ പതിവെങ്കിൽ എല്ലായ്പ്പോഴും കൂടെ പ്രവർത്തിക്കുന്ന ഉറ്റ സുഹൃത്തുക്കളുമായി മാത്രം പ്രവർത്തിക്കാതെ മറ്റുള്ളവരോടൊപ്പം പ്രവർത്തിച്ചുകൊണ്ട് ‘വിശാലതയുളള’വരാകാൻ ശ്രമിച്ചുകൂടേ? (2 കൊരി. 6:11-13) താരതമ്യേന പുതിയ പ്രസാധകരുടെ പഠിപ്പിക്കൽപ്രാപ്തി മെച്ചപ്പെടുത്താൻ സഹായിച്ചുകൊണ്ട് ഇടയ്ക്കൊക്കെ നിങ്ങൾക്ക് അവരോടൊപ്പം പ്രവർത്തിച്ചുകൂടേ? (1 കൊരി. 10:24; 1 തിമൊ. 4:13, 15) പ്രവർത്തനം തുടങ്ങേണ്ടത് എവിടെയാണ് എന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ശ്രദ്ധിച്ച് കേൾക്കുക. നേരത്തെ നടത്തിയ ക്രമീകരണങ്ങൾ മാറ്റാതെ യോഗം കഴിയുമ്പോൾ ഉടനടി പ്രദേശത്തേക്ക് പോകുക.
13. എല്ലാവരും ആത്മാർഥമായി തങ്ങളുടെ ഭാഗം നിർവഹിച്ചാൽ വയൽസേവനയോഗങ്ങൾ നമുക്കു പ്രയോജനപ്പെടുന്നത് എങ്ങനെ?
13 ശുശ്രൂഷയ്ക്കായി യേശു സംഘടിപ്പിച്ച 70 പേർ പ്രസംഗത്തിനുശേഷം “സന്തോഷത്തോടെ മടങ്ങിവന്നു.” (ലൂക്കോ. 10:17) പ്രസംഗിക്കാൻ ശിഷ്യന്മാരെ അയയ്ക്കുന്നതിനു മുമ്പ് യേശു അവരോടൊപ്പം നടത്തിയ യോഗമാണ് വിജയിക്കാൻ അവരെ സഹായിച്ചത് എന്നതിൽ സംശയമില്ല. ഇന്നും വയൽസേവനയോഗത്തിൽനിന്നു സമാനമായ ഫലം ലഭിക്കും. എല്ലാവരും ആത്മാർഥമായി തങ്ങളുടെ ഭാഗം നിർവഹിച്ചാൽ വയൽസേവനയോഗം നമ്മെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും സംഘടിപ്പിക്കുകയും അങ്ങനെ “സകലജാതികൾക്കും സാക്ഷ്യമായി” പ്രസംഗിക്കുക എന്ന നമ്മുടെ നിയോഗം പൂർത്തീകരിക്കാനുമാകും.—മത്താ. 24:14.