ചില കുട്ടികൾ വലിയ കുഴപ്പക്കാരായിരിക്കുന്നതിന്റെ കാരണം
“ജനിതക സ്വാധീനങ്ങൾ, മസ്തിഷ്ക രസതന്ത്രം, നാഡീവളർച്ച ഇവയെല്ലാം കുട്ടികളെന്ന നിലയിൽ നാം ആരായിരിക്കുന്നുവെന്നതിനെയും മുതിർന്നവരെന്ന നിലയിൽ നാം ആരായിത്തീരുന്നുവെന്നതിനെയും ശക്തമായി സ്വാധീനിക്കുന്നു.”—സ്ററാൻലി ററുറെക്കി, എം.ഡി.
ഓരോ കുട്ടിയും അവന്റെ അല്ലെങ്കിൽ അവളുടെ അനന്യവും വ്യതിരിക്തവുമായ രീതിയിൽ വളരുന്നു. കുട്ടികൾ നൈസർഗികമെന്നു തോന്നുന്ന കുറേ സ്വഭാവവിശേഷങ്ങളും ഭാവങ്ങളും പ്രകടിപ്പിക്കുന്നു. അവയുടെമേൽ മാതാപിതാക്കൾക്കു കുറച്ചുമാത്രം അല്ലെങ്കിൽ ഒട്ടുംതന്നെ സ്വാധീനമില്ല. നിയന്ത്രിക്കാൻ വിഷമമുള്ള, അടങ്ങിയിരിക്കാത്ത, ശിഥിലീകരണ സ്വഭാവമുള്ള കുട്ടികൾ എല്ലാക്കാലത്തും ഉണ്ടായിരുന്നിട്ടുണ്ട്. അത്യുത്തമരായ മാതാപിതാക്കൾക്കുപോലും വളർത്തിക്കൊണ്ടുവരാൻ പ്രയാസമുള്ള ഒരു കുട്ടിയുണ്ടായിരുന്നേക്കാം.
എന്നാൽ ചില കുട്ടികളെ വളർത്തുന്നതു വളരെയധികം പ്രയാസകരവും വെല്ലുവിളിപരവുമായിരിക്കുന്നതെന്തുകൊണ്ട്? ഗുരുതരമായ സ്വഭാവ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. മൊത്തം കുട്ടികളുടെ 5 മുതൽ 10 വരെ ശതമാനം ഭയങ്കരമായ അസ്വസ്ഥത പ്രകടിപ്പിക്കുന്നുവെന്നും ശ്രദ്ധിച്ചു കേൾക്കുന്നതിനും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും നിയമങ്ങൾ അനുസരിക്കുന്നതിനും വികാരങ്ങളെ നിയന്ത്രിക്കുന്നതിനുമുള്ള ഈ കുട്ടികളുടെ അപ്രാപ്തി അവർക്കും കുടുംബത്തിനും അധ്യാപകർക്കും കൂട്ടുകാർക്കും അസംഖ്യം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നും ഡോക്ടർമാരും ഗവേഷകരും പൊതുവേ സമ്മതിക്കുന്നു.
മസ്തിഷ്കകോശ പ്രവർത്തനത്തെ നിയന്ത്രിക്കുകയും മസ്തിഷ്കത്തിന്റെ സ്വഭാവ നിയന്ത്രണ രീതിയെ സുഗമമാക്കുകയും ചെയ്യുന്ന “മസ്തിഷ്കത്തിന്റെ നാഡീയാവേഗ വ്യവസ്ഥകളിലെ ചില രാസവസ്തുക്കളിൽ സ്വതഃസിദ്ധമായുള്ള തകരാറാണ്” കാരണം എന്നു പറഞ്ഞുകൊണ്ട് യേൽ യൂണിവേഴ്സിററി മെഡിക്കൽ സ്കൂളിലെ ശിശുശാസ്ത്രത്തിന്റെയും നാഡീശാസ്ത്രത്തിന്റെയും പ്രൊഫസ്സറായ ഡോ. ബെനററ് ഷേവിററ്സ് കാതലായ ഒരു പ്രശ്നത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുട്ടിയെ വളർത്താനുള്ള ബുദ്ധിമുട്ട് എന്തുതന്നെയായിരുന്നാലും, വിമർശനത്തിനും വെറുപ്പിനും പകരം പ്രോത്സാഹനവും പിന്തുണയും പ്രദാനം ചെയ്തുകൊണ്ട് തങ്ങളുടെ കുട്ടിയുടെ സ്വഭാവത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം സിദ്ധിക്കുന്നതിലായിരിക്കണം മാതാപിതാക്കളുടെ മുഖ്യശ്രദ്ധ.
ബൈബിൾ കാലങ്ങളിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ഉത്തരവാദികൾ മാതാപിതാക്കളായിരുന്നു. ദൈവനിയമങ്ങൾ സംബന്ധിച്ചു ശിക്ഷണവും പ്രബോധനവും കൊടുക്കുന്നത് തങ്ങളുടെ കുട്ടിയെ ജ്ഞാനിയാക്കിത്തീർക്കുമെന്ന് അവർക്കറിയാമായിരുന്നു. (ആവർത്തനപുസ്തകം 6:6, 7; 2 തിമൊഥെയൊസ് 3:15) അതുകൊണ്ട്, തിരക്കേറിയ പട്ടിക ഗണ്യമാക്കാതെ മാതാപിതാക്കൾ ഒരു കുട്ടിയുടെ ആവശ്യങ്ങൾ നിറവേററുന്നതിനുവേണ്ടി പ്രത്യേകിച്ച് കുട്ടിയുടെ നിഷേധാത്മകമായ സ്വഭാവത്തോടു ക്രിയാത്മകമായ രീതിയിൽ പ്രതികരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് തങ്ങളാലാവോളം പ്രയത്നിക്കണമെന്നുള്ളതു ദൈവദത്ത ഉത്തരവാദിത്വമാണ്. ഇന്ന് ശിശുരോഗ ചികിത്സയിൽ കണ്ടുവരുന്ന അനവധി സ്വഭാവ പ്രശ്നങ്ങളിൽ അമിത ചുറുചുറുക്കുള്ളവരും വികാരങ്ങൾക്ക് അടിപെടുന്നവരും അശ്രദ്ധാലുക്കളുമായ കുട്ടികൾ ഉൾപ്പെടുന്നു. അതുകൊണ്ട്, വളർത്തിക്കൊണ്ടുവരാൻ പ്രയാസമുള്ള കുട്ടികളിലെ ഘടകങ്ങളെന്ന നിലയിൽ എഡിഡിയും എഡിഎച്ച്ഡിയും ചർച്ചചെയ്യുന്നതു സഹായകരമായിരിക്കും.a
ഈ ക്രമക്കേടുകൾ 1950-കളിൽ “നേരിയ തോതിലുള്ള മസ്തിഷ്ക തകരാറ്” എന്നാണ് അറിയപ്പെട്ടിരുന്നത്. “എഡിഡി തലച്ചോറിനുണ്ടാകുന്ന ക്ഷതമേ അല്ലെ”ന്ന് കണ്ടുപിടിത്തങ്ങൾ പ്രകടമാക്കിയതോടെ ഈ സാങ്കേതിക സംജ്ഞ ഉപയോഗിക്കാതായി എന്ന് ശിശു-നാഡീ ശാസ്ത്രജ്ഞനായ ഡോ. ജാൻ മതിസെൻ പറയുന്നു. ഡോ. മതിസെൻ ഇപ്രകാരം പറയുന്നു: “എഡിഡി തലച്ചോറിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്ന ന്യൂനതയാണെന്നു തോന്നുന്നു. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന കൃത്യമായ നാഡീരാസ പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ഇപ്പോഴും നിശ്ചയമില്ല. എന്നാൽ തലച്ചോറിലുള്ള ഡോപ്പമിൻ എന്നറിയപ്പെടുന്ന ഒരു രാസവസ്തു ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നു.” ഈ പ്രശ്നത്തിൽ ഡോപ്പമിൻ നിയന്ത്രണം ഉൾപ്പെടുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. “ഒരൊററ രാസവസ്തുവല്ല പ്രശ്നം സൃഷ്ടിക്കുന്നത്, പിന്നെയോ അനേകം രാസവസ്തുക്കൾ തമ്മിലുള്ള ബന്ധമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
എഡിഡിയുടെ കാരണം സംബന്ധിച്ച് ഉത്തരം കിട്ടാതെ അനേകം ചോദ്യങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ടെങ്കിലും ശ്രദ്ധാകേന്ദ്രീകരണം, വികാരങ്ങൾ, പേശീപ്രവർത്തനം എന്നിവയെ നിയന്ത്രിക്കുന്നതിലെ സ്ഥിരമായ പരാജയം നാഡീസംബന്ധമാണെന്ന് ഡോ. മതിസെൻ പറയുന്നതിനോട് ഗവേഷകർ പൊതുവേ യോജിക്കുന്നു. “കൂടുതൽ കൃത്യമായ ഉത്തരങ്ങൾക്കുവേണ്ടി വളരെയധികം ഗവേഷണം നടത്തേണ്ടിയിരിക്കുന്നു” എന്ന് സമ്മതിച്ചെങ്കിലും എഡിഡി തലച്ചോറിലെ ഒരു പ്രത്യേക പോഷണപരിണാമസംബന്ധമായ ക്രമക്കേടുകൊണ്ട് ഉണ്ടാകുന്നതാണെന്ന് ഐക്യനാടുകളിലെ നാഷണൽ ഇൻസ്ററിററ്യൂട്ട് ഓഫ് മെൻറൽ ഹെൽത്തിലെ ഡോ. അലൻ സമെററ്കിനും ഗവേഷകരും അടുത്തകാലത്തു നടത്തിയ ഒരു പഠനം ആദ്യമായി അഭിപ്രായപ്പെട്ടു.
സ്കൂൾ ഒരു യഥാർഥ വെല്ലുവിളി അവതരിപ്പിക്കുന്നു
സ്കൂൾമുറിയിൽ, ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും അടങ്ങിയിരിക്കുന്നതിനുമുള്ള വലിയ ആവശ്യം ഉള്ളതുകൊണ്ട് സ്ഥിരമായി അശ്രദ്ധരും ശ്രദ്ധാശൈഥില്യം അനുഭവിക്കുന്നവരും വികാരങ്ങൾക്ക് അടിപ്പെടുന്നവരും അല്ലെങ്കിൽ അമിതമായി ചുറുചുറുക്കുള്ളവരുമായ കുട്ടികൾക്ക് സ്കൂൾ സാധാരണമായി വലിയ ബുദ്ധിമുട്ടാണ്. ഏതു കാര്യത്തിലും ദീർഘനേരം ശ്രദ്ധകേന്ദ്രീകരിക്കാൻ ഈ കുട്ടികൾക്കു ബുദ്ധിമുട്ടായതുകൊണ്ട് അത്യധികമായി ചുറുചുറുക്കു കാണിക്കുകയല്ലാതെ അവർ എന്തു ചെയ്യാൻ? ചില കുട്ടികൾക്കു ഭവനത്തിലായാലും ശരി സ്കൂളിലായാലും ശരി സാധാരണ പഠന നിലവാരങ്ങൾക്കൊത്തു പോകാൻ കഴിയാത്ത അത്ര ശ്രദ്ധക്കുറവാണ്. തങ്ങളുടെ സ്വഭാവം നിയന്ത്രിക്കാനും പ്രവൃത്തികളുടെ പരിണതഫലങ്ങൾ വിലയിരുത്താനും ഇക്കൂട്ടർക്കു പ്രയാസമായതുകൊണ്ട് ക്ലാസ്സ് ചട്ടമ്പി അല്ലെങ്കിൽ ക്ലാസ്സ് കോമാളി ആയിരിക്കുന്നതിന് അവർക്കു ശിക്ഷണം ലഭിക്കുന്നത് അസാധാരണ സംഗതിയല്ല.
ആത്യന്തികമായി, അവർ ഒരുപക്ഷേ “മോശ”മെന്നും “വിഡ്ഢി”യെന്നും തങ്ങളെത്തന്നെ മുദ്രകുത്തിക്കൊണ്ടും അതുപോലെ പ്രവർത്തിച്ചുകൊണ്ടും അപകർഷതാബോധം സ്വയം വികസിപ്പിച്ചെടുക്കുന്നു. എത്ര കഠിന ശ്രമം ചെയ്തിട്ടും പരീക്ഷയിൽ തോററുപോകുന്ന ഈ കുട്ടികൾ സ്ഥിരമായ തോൽവിക്കു സ്വയം വിധേയരാണ്.
പരിഭ്രാന്തരായ മാതാപിതാക്കൾ കുട്ടിയുടെ ശിഥിലീകരണ സ്വഭാവം നിമിത്തം വളരെ ഉത്കണ്ഠാകുലരും കുഴഞ്ഞവരും ആയിത്തീരുന്നു. ഈ സാഹചര്യം നിമിത്തം മാതാപിതാക്കൾ പരസ്പരം കുററപ്പെടുത്തുമ്പോൾ ഇടയ്ക്കിടയ്ക്ക് വിവാഹത്തിൽ സ്വരച്ചേർച്ചയില്ലായ്മയും ഉണ്ടാകുന്നു. നല്ല കാര്യങ്ങൾ മറന്ന് ദേഷ്യത്തോടെ തന്നെയും പിന്നെയും ചീത്തക്കാര്യങ്ങൾ പറഞ്ഞുകൊണ്ടാണു പല മാതാപിതാക്കളും സമയത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത്. അതുകൊണ്ട് നിഷേധാത്മക രീതിയിലുള്ള സ്വഭാവക്കാരോട് അവർ കൂടുതലായി പ്രതികരിച്ചാൽ സംഗതി ഏറെ വഷളാകും. അങ്ങനെ കുടുംബവും ഒരു പരിധിവരെ, കുട്ടിയോട് ഇടപെടുന്ന മററുള്ളവരും നിയന്ത്രണമേറെറടുക്കാൻ വേണ്ടിയുള്ള ഒരു നിരന്തര പോരാട്ടത്തിൽ അകപ്പെടുന്നു. ഇത് ശ്രദ്ധക്കുറവ് ക്രമക്കേട് ഉള്ളതോ ഇല്ലാത്തതോ ആയിക്കൊള്ളട്ടെ, കുഴപ്പക്കാരനായ ഒരു കുട്ടിയുടെ സ്വഭാവം മനസ്സിലാക്കാത്തതിന്റെയും കൈകാര്യം ചെയ്യാത്തതിന്റെയും ഫലമാണ്.
റോണിയെക്കൊണ്ട് അമ്മയ്ക്കുള്ള ബുദ്ധിമുട്ട്
“റോണി ഭൂജാതനായ നിമിഷം മുതൽ ഒരിക്കലും സന്തോഷവാനായിരുന്നിട്ടില്ല. അവൻ എല്ലായ്പോഴും അസ്വസ്ഥനും കരച്ചിലുകാരനുമായിരുന്നു. അലെർജി കാരണം അവന്റെ ത്വക്ക് ചൊറിഞ്ഞുപൊട്ടുകയും ചെവി പഴുക്കുകയും എപ്പോഴും വയറിളക്കമുണ്ടാകുകയും ചെയ്തിരുന്നു.
“ചെറുപ്പത്തിൽത്തന്നെ റോണിയുടെ ചലന പ്രാപ്തികൾ നന്നായി വികാസം പ്രാപിച്ചു. ഇരിക്കാനും എഴുന്നേൽക്കാനും നിൽക്കാനും പിന്നെ നടക്കാനും—അതോ ഓടാനും എന്നു ഞാൻ പറയണോ?—ഒക്കെ അവന് വളരെ വേഗതയായിരുന്നു. അവന്റെ മയക്കത്തിന്റെ സമയങ്ങളിൽ ഞാൻ വീട്ടുജോലികളെല്ലാം വേഗം ചെയ്തുതീർത്തു. കാരണം എന്റെ കൊച്ചു “ചുഴലിക്കാററ്” എഴുന്നേററു കഴിഞ്ഞാൽപ്പിന്നെ ഓടിനടന്ന് കണ്ണിന് ആകർഷകമായതൊക്കെ എടുത്തു കൈകാര്യം ചെയ്യും. അങ്ങനെ അവനും വീടിനും കുഴപ്പമൊന്നും വരുത്തിവയ്ക്കാതെ അവനെ സംരക്ഷിക്കുന്നതിനുള്ള തിരക്കിലായിരിക്കും ഞാൻ. മിക്കതും തന്നെ അവന്റെ കണ്ണിന് ആകർഷകമായിരുന്നു താനും!
“അവന്റെ ശ്രദ്ധാപരിധി വളരെ ഹ്രസ്വമായിരുന്നു. ഒന്നിലും അവൻ ദീർഘനേരം ഏർപ്പെടില്ലായിരുന്നു. അടങ്ങിയിരിക്കുന്നത് അവന് വെറുപ്പായിരുന്നു. അനങ്ങാതെയിരിക്കേണ്ട ഏതെങ്കിലും സ്ഥലത്ത്, പ്രത്യേകിച്ചു സഭാമീററിംഗുകൾക്ക്, ഞങ്ങൾ അവനെയും കൊണ്ടുപോകുമ്പോൾ ഇതൊരു പ്രശ്നമായിരുന്നു. അടങ്ങിയിരിക്കാത്തതിന് അടികൊടുക്കുന്നതു വെറുതെയായിരുന്നു. അവന് അതിനു കഴിയില്ല. ശുഭകാംക്ഷികളായ പലരും പരാതിപ്പെട്ടു, ഉപദേശം തന്നു. പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല.
“റോണി ബുദ്ധിമാനായിരുന്നു. അതുകൊണ്ട് അവന് ഏതാണ്ട് മൂന്നു വയസ്സായപ്പോൾ ദിവസവും അല്പസമയം അവനോടൊത്തു വായിക്കാനുള്ള ഒരു പദ്ധതി ഞങ്ങൾ ആരംഭിച്ചു. അഞ്ചു വയസ്സായപ്പോഴേക്കും അവന് നന്നായി വായിക്കാൻ കഴിയുമായിരുന്നു. പിന്നെ അവൻ സ്കൂളിൽ പോയിത്തുടങ്ങി. ഒരു മാസം കഴിഞ്ഞപ്പോൾ അധ്യാപികയെ ചെന്നുകണ്ട് സംസാരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. റോണിയെ ആദ്യം കണ്ടപ്പോൾ അവനൊരു മാലാഖായെപ്പോലെയാണെന്നു തനിക്കു തോന്നിയെന്നും എന്നാൽ അവൻ ഒരു മാസം ക്ലാസ്സിൽ ഇരുന്നുകഴിഞ്ഞപ്പോൾ, അവൻ മറേറ സ്ഥലത്തുനിന്നുള്ളവനായാണ് തനിക്കു തോന്നിയതെന്നും അവർ എന്നോടു പറഞ്ഞു! അവൻ എപ്പോഴും ചാടുകയും മററു കുട്ടികളെ തള്ളുകയും ഉന്തിയിടുകയും ഒക്കെയായിരുന്നു പണിയെന്ന് അവർ എന്നെ അറിയിച്ചു. അവൻ ശാന്തനായോ അടങ്ങിയോ ഇരിക്കുമായിരുന്നില്ല. അവൻ മുഴു ക്ലാസ്സിനെയും ശല്യം ചെയ്തു. അവന് ആത്മനിയന്ത്രണമില്ലായിരുന്നു. ഒരു മത്സര മനോഭാവം വളർന്നു വരുന്നതായും അവർ ശ്രദ്ധിച്ചു. അവനെ ഒരു പ്രത്യേക പഠന ക്ലാസ്സിൽ ആക്കാനും ഒരു ഡോക്ടറെ കണ്ട് അവനെ ശാന്തനാക്കാനുള്ള മരുന്നുവാങ്ങാനും ശുപാർശചെയ്തു. ഞങ്ങൾ ആകെ തകർന്നുപോയി!
“റോണിക്ക് വേണ്ടത് മരുന്നായിരുന്നില്ല. എന്നാൽ ശിശുരോഗവിദഗ്ധൻ ഞങ്ങൾക്കു ചില പ്രായോഗിക നിർദേശങ്ങൾ നൽകി. ബുദ്ധിമാനായ റോണിക്ക് വിരസത അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതുകൊണ്ട് റോണിയെ എപ്പോഴും തിരക്കുള്ളവനായി നിർത്താനും അവനെ വളരെ സ്നേഹിക്കാനും അതുപോലെ ഞങ്ങൾ ക്ഷമയും ക്രിയാത്മകതയും ഉള്ളവരായിരിക്കാനും അദ്ദേഹം ഞങ്ങളോടു നിർദേശിച്ചു. പ്രായമാകുകയും ആഹാരക്രമം മാററുകയും ചെയ്യുന്നതനുസരിച്ച് റോണിയെക്കൊണ്ടുള്ള പ്രശ്നം കുറഞ്ഞുവരുമെന്ന് അദ്ദേഹം വിചാരിച്ചു.
“ഞങ്ങളുടെ മകനോട് ശ്രദ്ധയോടെ ഇടപെടേണ്ടതാണെന്ന്, ഊർജത്തെ ക്രിയാത്മകമായ ഒരു രീതിയിൽ തിരിച്ചുവിടാൻ പഠിക്കാൻ അവനെ സഹായിക്കേണ്ടതാണെന്നു ഞങ്ങൾ മനസ്സിലാക്കി. ഇതിന് വളരെയധികം സമയം ആവശ്യമായിരുന്നു; അതുകൊണ്ട്, സ്കൂൾ ജോലിയിൽ അവനോടൊപ്പം അനേകം മണിക്കൂർ ചെലവഴിക്കാനും ക്ഷമാപൂർവം പഠിപ്പിക്കാനും അവനു കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കാനും തക്കവണ്ണം ഞങ്ങൾ ദിനപ്പട്ടികയിൽ മാററംവരുത്തി. നിഷേധാത്മകമായ വാക്കുകൾ ഉപയോഗിക്കുന്നതും ചിന്തയില്ലായ്മയും കുസൃതിയും കാട്ടുമ്പോൾ അവനെ കുററപ്പെടുത്തുന്നതും ഞങ്ങൾ നിർത്തി. അവന്റെ കുറഞ്ഞുപോയ ആത്മാഭിമാനത്തെ ഉയർത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കൽപ്പിക്കുന്നതിനോ ആവശ്യപ്പെടുന്നതിനോ പകരം ഞങ്ങൾ കാര്യങ്ങൾ ചർച്ച ചെയ്യുമായിരുന്നു. അവനുൾപ്പെട്ട എന്തെങ്കിലും തീരുമാനങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ അവന്റെ അഭിപ്രായം ആരായുമായിരുന്നു.
“മററു കുട്ടികൾക്കു സ്വാഭാവികമായി ഉണ്ടാകുന്ന ചില കാര്യങ്ങൾ റോണിക്ക് അത്ര എളുപ്പം ഉണ്ടായില്ല. ഉദാഹരണത്തിന്, ക്ഷമയും ശാന്തതയും ഉള്ളവനായിരിക്കാനും അനങ്ങാതെയിരിക്കാനും തന്റെ വിപുലമായ ശാരീരിക പ്രവർത്തനത്തെ നിയന്ത്രിക്കാനും ഒക്കെ അവൻ പഠിച്ചുവരണമായിരുന്നു. പക്ഷേ അത് നിയന്ത്രിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. താൻ ചെയ്തുകൊണ്ടിരുന്നതോ ചെയ്യാൻ പോകുന്നതോ ആയ കാര്യങ്ങൾ സാവധാനം ആലോചിച്ചു ചെയ്യാൻ ബോധപൂർവകമായ ശ്രമം നടത്തേണ്ടതാണെന്നു മനസ്സിലായപ്പോൾ അവൻ അതു ചെയ്തുതുടങ്ങി. 13 വയസ്സായപ്പോൾ അവന്റെ സ്വഭാവം സാധാരണമായിത്തീർന്നു. സന്തോഷകരമെന്നു പറയട്ടെ, കാര്യങ്ങളെല്ലാം അന്നു മുതൽ തടസ്സംകൂടാതെ നീങ്ങുന്നുണ്ട്, സാധാരണമായി മത്സരമനോഭാവമുണ്ടായിരിക്കുന്ന കൗമാര വർഷങ്ങളിൽ പോലും.
“റോണിക്ക് വളരെയധികം സ്നേഹവും അതേ അളവിൽത്തന്നെ സമയവും ക്ഷമയും ഒക്കെ കൊടുത്തതിനുള്ള പ്രതിഫലങ്ങൾ സമൃദ്ധമായി ലഭിച്ചിട്ടുണ്ട്!”
[അടിക്കുറിപ്പുകൾ]
a ഈ ലേഖനങ്ങളിലുടനീളം എഡിഡി ശ്രദ്ധക്കുറവ് ക്രമക്കേടിനെയും എഡിഎച്ച്ഡി ശ്രദ്ധക്കുറവ് അമിത ചുറുചുറുക്ക് ക്രമക്കേടിനെയും പരാമർശിക്കുന്നു.