പുതിയ പ്രത്യേക സമ്മേളനദിന പരിപാടി
1 എന്തുകൊണ്ടാണ് മുടക്കം കൂടാതെ നാം സുവാർത്ത പ്രസംഗിക്കേണ്ടത്? സുവാർത്തയുടെ ഒരു പ്രസംഗകനായിരിക്കുന്നതിന്റെ നിബന്ധനകൾ എന്തെല്ലാമാണ്? ലജ്ജാശീലമുള്ളവർക്കുപോലും മറ്റുള്ളവരുമായി സുവാർത്ത പങ്കുവെയ്ക്കുന്നതിന് എങ്ങനെ മുൻകൈയെടുക്കാൻ കഴിയും? “സുവാർത്തയുടെ ശുശ്രൂഷകരെന്നനിലയിൽ യോഗ്യർ” എന്ന വിഷയമുള്ള ഈ വർഷത്തെ പ്രത്യേക സമ്മേളനദിന പരിപാടിയിൽ ഈ ചോദ്യങ്ങൾക്കും ചിന്തോദ്ദീപകമായ മറ്റു ചോദ്യങ്ങൾക്കും ഉത്തരം നൽകപ്പെടും.—2 കൊരിന്ത്യർ 3:5 താരതമ്യം ചെയ്യുക.
2 യഹോവയുടെ ജനമെന്നനിലയിൽ നാം നമ്മുടെ പെരുമാറ്റം സംബന്ധിച്ചു ജാഗ്രതയുള്ളവരായിരിക്കണം. സമപ്രായക്കാരുടെ സമ്മർദത്തെ എങ്ങനെ ചെറുത്തുനിന്നുവെന്നു പറയുന്ന ചെറുപ്പക്കാരുടെ പ്രോത്സാഹജനകമായ അനുഭവങ്ങൾ ഉണ്ടായിരിക്കും. ദൈവശുശ്രൂഷകരെന്നനിലയിൽ തങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചു മാതാപിതാക്കൾക്കു സ്നേഹപൂർവകമായ പ്രോത്സാഹനം നൽകപ്പെടും. പ്രസംഗിക്കേണ്ടതിന്റെ ആവശ്യകതയേയും അതു നമുക്കുതന്നെയും നമ്മെ ശ്രദ്ധിക്കുന്നവർക്കും കൈവരുത്തുന്ന അനുഗ്രഹങ്ങളെയും വിലമതിക്കാൻ നാമെല്ലാം സഹായിക്കപ്പെടും.—1 തിമൊ. 4:16.
3 തീർച്ചയായും സ്നാപനം ആ ദിവസത്തെ ഒരു സവിശേഷതയായിരിക്കും. ആ സംഭവത്തിനു മുമ്പ്, വിശേഷിച്ചും പുതുതായി സമർപ്പിതരായ വ്യക്തികളെ ലക്ഷ്യമാക്കിയുള്ള ഒരു ബൈബിളധിഷ്ഠിത പ്രസംഗം ഉണ്ടായിരിക്കും. സ്നാപന വിഷയം ചർച്ചചെയ്യുകയും അതിന്റെ അർഥം വ്യക്തമാക്കുകയും ചെയ്യുമ്പോൾ, തീർച്ചയായും സന്നിഹിതരായിരിക്കുന്ന എല്ലാവരും സൂക്ഷ്മശ്രദ്ധ നൽകേണ്ടതുണ്ട്. പ്രത്യേക സമ്മേളനദിനത്തിൽ സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും അതു നേരത്തെതന്നെ അധ്യക്ഷമേൽവിചാരകനെ അറിയിക്കണം. അങ്ങനെയായാൽ നിയുക്ത ചോദ്യങ്ങൾ സ്നാപനാർഥികളുമായി പുനരവലോകനം ചെയ്യാൻ മൂപ്പൻമാരെ ക്രമീകരിക്കുന്നതിന് അദ്ദേഹത്തിനു മതിയായ സമയമുണ്ടായിരിക്കും.
4 അതിഥി പ്രസംഗകൻ നടത്തുന്ന മുഖ്യ പ്രസംഗമാണു മറ്റൊരു സവിശേഷത. “ദൈവത്തിന്റെ ശുശ്രൂഷകരെന്നനിലയിൽ യോഗ്യരും സജ്ജരുമായവർ” എന്നതാണ് അതിന്റെ വിഷയം. ശുശ്രൂഷകരെന്നനിലയിൽ നമ്മെ സജ്ജരാക്കുന്ന നാലു പ്രധാന കരുതലുകൾ ചർച്ചചെയ്യപ്പെടും. വിശ്വാസത്തെ കെട്ടുപണിചെയ്യുന്ന അനുഭവങ്ങളും പ്രസംഗത്തിൽ ഉണ്ടായിരിക്കും.
5 മുഴു പരിപാടിയ്ക്കും ഹാജരാകുന്നതിന് ഇപ്പോൾതന്നെ ആസൂത്രണം ചെയ്യുക. ദിവ്യാധിപത്യ വിദ്യാഭ്യാസത്തിന്റെ ഈ ദിനത്തിൽനിന്നു പ്രയോജനം നേടേണ്ടതിനു താത്പര്യക്കാരെയും ബൈബിൾ വിദ്യാർഥികളെയും ക്ഷണിക്കാൻ നിശ്ചയമുള്ളവരായിരിക്കുക. സുവാർത്തയുടെ ശശ്രൂഷകരെന്നനിലയിൽ നാം “ഉചിതമായി യോഗ്യരായവർ” ആണെന്ന് ഈ വിധത്തിൽ നമുക്ക് ഉറപ്പുവരുത്താം.