യോഹന്നാൻ എഴുതിയത്
1 ആരംഭത്തിൽ വചനമുണ്ടായിരുന്നു.+ വചനം ദൈവത്തിന്റെകൂടെയായിരുന്നു.+ വചനം ഒരു ദൈവമായിരുന്നു.+ 2 ആരംഭത്തിൽ വചനം ദൈവത്തിന്റെകൂടെയായിരുന്നു.+ 3 സകലവും വചനം മുഖാന്തരം ഉണ്ടായി.+ വചനത്തെക്കൂടാതെ ഒന്നും ഉണ്ടായിട്ടില്ല.
വചനം മുഖാന്തരം ഉണ്ടായതു ജീവനാണ്. 4 ജീവനോ മനുഷ്യരുടെ വെളിച്ചമായിരുന്നു.+ 5 വെളിച്ചം ഇരുട്ടിൽ പ്രകാശിക്കുന്നു.+ അതിനെ കീഴടക്കാൻ ഇരുട്ടിനു കഴിഞ്ഞിട്ടില്ല.
6 ദൈവത്തിന്റെ പ്രതിനിധിയായി അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു; പേര് യോഹന്നാൻ.+ 7 ഒരു സാക്ഷിയായിട്ടാണ് ഈ മനുഷ്യൻ വന്നത്; എല്ലാ തരം മനുഷ്യരും യോഹന്നാൻ മുഖാന്തരം വിശ്വസിക്കേണ്ടതിനു വെളിച്ചത്തെക്കുറിച്ച് സാക്ഷി പറയാനാണ് അദ്ദേഹം വന്നത്.+ 8 പക്ഷേ ആ വെളിച്ചം യോഹന്നാനല്ലായിരുന്നു.+ യോഹന്നാന്റെ ദൗത്യം ആ വെളിച്ചത്തെക്കുറിച്ച് സാക്ഷി പറയുക എന്നതായിരുന്നു.+
9 എല്ലാ തരം മനുഷ്യർക്കും വെളിച്ചം നൽകുന്ന യഥാർഥവെളിച്ചം ലോകത്തേക്കു വരാനുള്ള സമയം അടുത്തിരുന്നു.+ 10 അദ്ദേഹം ലോകത്തുണ്ടായിരുന്നു.+ ലോകം ഉണ്ടായതുതന്നെ അദ്ദേഹം മുഖാന്തരമാണ്.+ എന്നിട്ടും ലോകം അദ്ദേഹത്തെ അറിഞ്ഞില്ല.* 11 അദ്ദേഹം സ്വന്തം വീട്ടിലേക്കു വന്നു. പക്ഷേ സ്വന്തം ആളുകൾപോലും അദ്ദേഹത്തെ അംഗീകരിച്ചില്ല.+ 12 എന്നാൽ തന്നെ സ്വീകരിച്ചവർക്കെല്ലാം അദ്ദേഹം ദൈവമക്കളാകാൻ+ അനുമതി കൊടുത്തു. കാരണം, അവർ അദ്ദേഹത്തിന്റെ നാമത്തിൽ വിശ്വാസമർപ്പിച്ചു.+ 13 അവർ ജനിച്ചതു രക്തത്തിൽനിന്നല്ല; ശരീരത്തിന്റെ ഇഷ്ടത്താലോ പുരുഷന്റെ ഇഷ്ടത്താലോ അല്ല; ദൈവത്തിൽനിന്നാണ്.+
14 വചനം മനുഷ്യനായിത്തീർന്ന്+ ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന്റെ തേജസ്സു കണ്ടു; ഒരു അപ്പനിൽനിന്ന് അയാളുടെ ഒരേ ഒരു മകനു+ ലഭിക്കുന്ന തരം തേജസ്സായിരുന്നു അത്. വചനം ദിവ്യപ്രീതിയും സത്യവും+ നിറഞ്ഞയാളായിരുന്നു. 15 (യോഹന്നാൻ അദ്ദേഹത്തെക്കുറിച്ച് സാക്ഷി പറഞ്ഞു. അതെ, യോഹന്നാൻ ഇങ്ങനെ വിളിച്ചുപറഞ്ഞു: “‘എന്റെ പിന്നാലെ വരുന്നയാൾ എന്റെ മുന്നിൽ കയറിക്കഴിഞ്ഞു. കാരണം, എനിക്കും മുമ്പേ അദ്ദേഹമുണ്ടായിരുന്നു’ എന്നു ഞാൻ പറഞ്ഞത് ഈ മനുഷ്യനെക്കുറിച്ചാണ്.”)+ 16 അദ്ദേഹത്തിന്റെ ആ നിറവിൽനിന്നാണു നമുക്ക് എല്ലാവർക്കും നിലയ്ക്കാത്ത അനർഹദയ ലഭിച്ചത്. 17 കാരണം നിയമം* മോശയിലൂടെയാണു+ കിട്ടിയതെങ്കിൽ അനർഹദയയും+ സത്യവും യേശുക്രിസ്തുവിലൂടെയാണു വന്നത്.+ 18 ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല.+ ദൈവത്തെക്കുറിച്ച് നമുക്കു വിവരിച്ചുതന്നതു+ പിതാവിന്റെ അരികിലുള്ള+ ഏകജാതനായ ദൈവമാണ്.+
19 “അങ്ങ് ആരാണ്” എന്നു യോഹന്നാനോടു ചോദിക്കാൻ+ ജൂതന്മാർ യരുശലേമിൽനിന്ന് പുരോഹിതന്മാരെയും ലേവ്യരെയും യോഹന്നാന്റെ അടുത്തേക്ക് അയച്ചപ്പോൾ, 20 “ഞാൻ ക്രിസ്തുവല്ല” എന്ന് ഒട്ടും മടിക്കാതെ യോഹന്നാൻ സമ്മതിച്ചുപറഞ്ഞു.+ 21 “പിന്നെ അങ്ങ് ആരാണ്, ഏലിയയാണോ”+ എന്ന് അവർ ചോദിച്ചു. “അല്ല” എന്നു യോഹന്നാൻ പറഞ്ഞു.+ “അങ്ങ് ആ പ്രവാചകനാണോ”+ എന്നു ചോദിച്ചപ്പോഴും, “അല്ല” എന്നായിരുന്നു മറുപടി. 22 അപ്പോൾ അവർ യോഹന്നാനോടു ചോദിച്ചു: “എങ്കിൽ അങ്ങ് ആരാണ്? ഞങ്ങളെ അയച്ചവരോടു ഞങ്ങൾക്ക് ഉത്തരം പറയണമല്ലോ. അങ്ങയെക്കുറിച്ച് അങ്ങ് എന്തു പറയുന്നു?” 23 അപ്പോൾ യോഹന്നാൻ പറഞ്ഞു: “യശയ്യ പ്രവാചകൻ പറഞ്ഞതുപോലെ, ‘യഹോവയുടെ വഴി നേരെയാക്കുക’+ എന്നു വിജനഭൂമിയിൽ* വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാൻ.”+ 24 പരീശന്മാരായിരുന്നു അവരെ അയച്ചത്. 25 അവർ യോഹന്നാനോട്, “അങ്ങ് ക്രിസ്തുവോ ഏലിയയോ ആ പ്രവാചകനോ അല്ലെങ്കിൽ, പിന്നെ സ്നാനപ്പെടുത്തുന്നത് എന്തിനാണ്” എന്നു ചോദിച്ചു. 26 യോഹന്നാൻ അവരോടു പറഞ്ഞു: “ഞാൻ വെള്ളത്തിൽ സ്നാനപ്പെടുത്തുന്നു. നിങ്ങൾ അറിയാത്ത ഒരാൾ നിങ്ങൾക്കിടയിലുണ്ട്. 27 അദ്ദേഹം എന്റെ പിന്നാലെ വരുന്നുണ്ട്. അദ്ദേഹത്തിന്റെ ചെരിപ്പിന്റെ കെട്ട് അഴിക്കാൻപോലും ഞാൻ യോഗ്യനല്ല.”+ 28 യോർദാന് അക്കരെ, യോഹന്നാൻ ആളുകളെ സ്നാനപ്പെടുത്തിക്കൊണ്ടിരുന്ന+ ബഥാന്യയിൽവെച്ചാണ് ഇതെല്ലാം സംഭവിച്ചത്.
29 പിറ്റേന്ന് യേശു അടുത്തേക്കു വരുന്നതു കണ്ട് യോഹന്നാൻ പറഞ്ഞു: “ഇതാ, ലോകത്തിന്റെ പാപം നീക്കിക്കളയുന്ന+ ദൈവത്തിന്റെ കുഞ്ഞാട്!+ 30 ഇദ്ദേഹത്തെക്കുറിച്ചാണു മുമ്പ് ഞാൻ ഇങ്ങനെ പറഞ്ഞത്: ‘എന്റെ പിന്നാലെ വരുന്ന ഒരാൾ എന്റെ മുന്നിൽ കയറിയിരിക്കുന്നു. കാരണം എനിക്കും മുമ്പേ അദ്ദേഹമുണ്ടായിരുന്നു.’+ 31 എനിക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു. എന്നാൽ അദ്ദേഹത്തെ ഇസ്രായേലിനു വെളിപ്പെടുത്തിക്കൊടുക്കാൻവേണ്ടിയാണു ഞാൻ വെള്ളത്തിൽ സ്നാനപ്പെടുത്തുന്നവനായി വന്നത്.”+ 32 യോഹന്നാൻ ഇങ്ങനെയും സാക്ഷി പറഞ്ഞു: “പരിശുദ്ധാത്മാവ് പ്രാവുപോലെ ആകാശത്തുനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അത് അദ്ദേഹത്തിന്റെ മേൽ വസിച്ചു.+ 33 എനിക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു. എന്നാൽ, വെള്ളത്തിൽ സ്നാനപ്പെടുത്താൻ എന്നെ അയച്ച ദൈവം എന്നോട്, ‘എന്റെ ആത്മാവ് ഇറങ്ങിവന്ന് ആരുടെ മേൽ വസിക്കുന്നതാണോ നീ കാണുന്നത്+ അവനാണു പരിശുദ്ധാത്മാവുകൊണ്ട് സ്നാനപ്പെടുത്തുന്നവൻ’+ എന്നു പറഞ്ഞു. 34 ഞാൻ അതു കണ്ടു. അതുകൊണ്ട് ഇദ്ദേഹമാണു ദൈവപുത്രൻ എന്നു ഞാൻ സാക്ഷി പറഞ്ഞിരിക്കുന്നു.”+
35 പിറ്റേന്നു യോഹന്നാൻ തന്റെ രണ്ടു ശിഷ്യന്മാരോടൊപ്പം നിൽക്കുമ്പോൾ 36 യേശു നടന്നുപോകുന്നതു കണ്ടിട്ട്, “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്”+ എന്നു പറഞ്ഞു. 37 അതു കേട്ട് ആ രണ്ടു ശിഷ്യന്മാർ യേശുവിനെ അനുഗമിച്ചു. 38 യേശു തിരിഞ്ഞുനോക്കിയപ്പോൾ അവർ പിന്നാലെ വരുന്നതു കണ്ടിട്ട് അവരോട്, “നിങ്ങൾക്ക് എന്താണു വേണ്ടത്” എന്നു ചോദിച്ചു. അപ്പോൾ അവർ, “റബ്ബീ, (“ഗുരു” എന്ന് അർഥം) അങ്ങ് എവിടെയാണു താമസിക്കുന്നത്” എന്നു ചോദിച്ചു. 39 യേശു അവരോട്, “എന്റെകൂടെ വരൂ, കാണാമല്ലോ” എന്നു പറഞ്ഞു. അങ്ങനെ അവർ ചെന്ന് യേശു താമസിക്കുന്ന സ്ഥലം കണ്ടു. അന്ന് അവർ യേശുവിന്റെകൂടെ താമസിച്ചു. അപ്പോൾ ഏകദേശം പത്താം മണി ആയിരുന്നു. 40 യോഹന്നാൻ പറഞ്ഞതു കേട്ട് യേശുവിനെ അനുഗമിച്ച രണ്ടു പേരിൽ ഒരാൾ ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസാണ്.+ 41 അന്ത്രയോസ് ആദ്യം സ്വന്തം സഹോദരനായ ശിമോനെ കണ്ടുപിടിച്ച്, “ഞങ്ങൾ മിശിഹയെ+ (“ക്രിസ്തു” എന്ന് അർഥം)+ കണ്ടെത്തി” എന്നു പറഞ്ഞു. 42 അന്ത്രയോസ് ശിമോനെ യേശുവിന്റെ അടുത്തേക്കു കൂട്ടിക്കൊണ്ടുവന്നു. യേശു ശിമോനെ നോക്കി, “നീ യോഹന്നാന്റെ മകനായ ശിമോനാണല്ലോ.+ നീ കേഫ (പരിഭാഷപ്പെടുത്തുമ്പോൾ “പത്രോസ്”)+ എന്ന് അറിയപ്പെടും” എന്നു പറഞ്ഞു.
43 പിറ്റേന്ന് യേശു ഗലീലയിലേക്കു പോകാൻ തീരുമാനിച്ചു. യേശു ഫിലിപ്പോസിനെ കണ്ടപ്പോൾ,+ “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. 44 അന്ത്രയോസിന്റെയും പത്രോസിന്റെയും നഗരമായ ബേത്ത്സയിദയിൽനിന്നായിരുന്നു ഫിലിപ്പോസ്. 45 ഫിലിപ്പോസ് നഥനയേലിനെ+ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: “മോശയുടെ നിയമത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നയാളെ+ ഞങ്ങൾ കണ്ടെത്തി. യോസേഫിന്റെ മകനായ, നസറെത്തിൽനിന്നുള്ള യേശുവാണ് അത്.”+ 46 പക്ഷേ നഥനയേൽ ഫിലിപ്പോസിനോട്, “അതിന്, നസറെത്തിൽനിന്ന് എന്തു നന്മ വരാനാണ്”+ എന്നു ചോദിച്ചു. അപ്പോൾ ഫിലിപ്പോസ്, “നേരിട്ട് വന്ന് കാണൂ” എന്നു പറഞ്ഞു. 47 നഥനയേൽ അടുത്തേക്കു വരുന്നതു കണ്ട് യേശു നഥനയേലിനെക്കുറിച്ച്, “ഇതാ, ഒരു കാപട്യവുമില്ലാത്ത തനി ഇസ്രായേല്യൻ”+ എന്നു പറഞ്ഞു. 48 നഥനയേൽ യേശുവിനോട്, “അങ്ങയ്ക്ക് എന്നെ എങ്ങനെ അറിയാം” എന്നു ചോദിച്ചു. അപ്പോൾ യേശു പറഞ്ഞു: “ഫിലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുമ്പ്, നീ ആ അത്തിയുടെ ചുവട്ടിലായിരിക്കുമ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു.” 49 അപ്പോൾ നഥനയേൽ പറഞ്ഞു: “റബ്ബീ, അങ്ങ് ദൈവപുത്രനാണ്, ഇസ്രായേലിന്റെ രാജാവ്.”+ 50 അപ്പോൾ യേശു നഥനയേലിനോടു ചോദിച്ചു: “അത്തിയുടെ ചുവട്ടിൽ ഞാൻ നിന്നെ കണ്ടു എന്നു പറഞ്ഞതുകൊണ്ടാണോ നീ വിശ്വസിക്കുന്നത്? ഇതിനെക്കാളെല്ലാം വലിയ കാര്യങ്ങൾ നീ കാണും.” 51 പിന്നെ യേശു നഥനയേലിനോടു പറഞ്ഞു: “ആകാശം തുറന്നിരിക്കുന്നതും ദൈവദൂതന്മാർ അവിടേക്കു കയറിപ്പോകുന്നതും മനുഷ്യപുത്രന്റെ അടുത്തേക്ക് ഇറങ്ങിവരുന്നതും നിങ്ങൾ കാണും+ എന്നു സത്യംസത്യമായി ഞാൻ പറയുന്നു.”
2 മൂന്നാം ദിവസം ഗലീലയിലെ കാനായിൽ+ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മയും അവിടെയുണ്ടായിരുന്നു. 2 വിവാഹവിരുന്നിനു യേശുവിനെയും ശിഷ്യന്മാരെയും ക്ഷണിച്ചിരുന്നു.
3 വീഞ്ഞു തികയാതെ വന്നപ്പോൾ അമ്മ യേശുവിനോട്, “അവർക്കു വീഞ്ഞില്ല” എന്നു പറഞ്ഞു. 4 അപ്പോൾ യേശു അമ്മയോടു പറഞ്ഞു: “സ്ത്രീയേ, നമുക്ക് ഇതിൽ എന്തു കാര്യം? എന്റെ സമയം ഇതുവരെ വന്നിട്ടില്ല.” 5 യേശുവിന്റെ അമ്മ വിളമ്പുകാരോട്, “അവൻ എന്തു പറഞ്ഞാലും അതുപോലെ ചെയ്യുക” എന്നു പറഞ്ഞു. 6 ജൂതന്മാരുടെ ശുദ്ധീകരണനിയമമനുസരിച്ച്+ വെള്ളം വെക്കാനുള്ള ആറു കൽഭരണി അവിടെ ഇരിപ്പുണ്ടായിരുന്നു. അവ ഓരോന്നും രണ്ടോ മൂന്നോ അളവുപാത്രം നിറയെ വെള്ളം കൊള്ളുന്നതായിരുന്നു. 7 യേശു അവരോട്, “ഭരണികളിൽ വെള്ളം നിറയ്ക്കുക” എന്നു പറഞ്ഞു. അവർ വക്കുവരെ നിറച്ചു. 8 അപ്പോൾ യേശു അവരോട്, “ഇതിൽനിന്ന് കുറച്ച് എടുത്ത് വിരുന്നുനടത്തിപ്പുകാരനു കൊണ്ടുപോയി കൊടുക്കൂ” എന്നു പറഞ്ഞു. അവർ കൊണ്ടുപോയി കൊടുത്തു. 9 വീഞ്ഞായി മാറിയ വെള്ളം അയാൾ രുചിച്ചുനോക്കി. എന്നാൽ അത് എവിടെനിന്നാണു വന്നതെന്നു നടത്തിപ്പുകാരന് അറിയില്ലായിരുന്നു. (വെള്ളം കോരിയ ജോലിക്കാർക്കു പക്ഷേ കാര്യം അറിയാമായിരുന്നു.) അതു രുചിച്ചുനോക്കിയ ഉടനെ വിരുന്നുനടത്തിപ്പുകാരൻ മണവാളനെ വിളിച്ച് 10 ഇങ്ങനെ പറഞ്ഞു: “എല്ലാവരും ആദ്യം മേത്തരം വീഞ്ഞും, ആളുകൾ ലഹരിപിടിച്ചുകഴിയുമ്പോൾ നിലവാരം കുറഞ്ഞതും ആണ് വിളമ്പാറ്. പക്ഷേ നീ മേത്തരം വീഞ്ഞ് ഇതുവരെ എടുക്കാതെ വെച്ചല്ലോ!” 11 ഇങ്ങനെ, ഗലീലയിലെ കാനായിൽവെച്ച് ആദ്യത്തെ അടയാളം കാണിച്ചുകൊണ്ട് യേശു തന്റെ മഹത്ത്വം വെളിപ്പെടുത്തി.+ ശിഷ്യന്മാർ യേശുവിൽ വിശ്വസിച്ചു.
12 അതിനു ശേഷം യേശുവും അമ്മയും സഹോദരന്മാരും+ യേശുവിന്റെ ശിഷ്യന്മാരും കഫർന്നഹൂമിലേക്കു പോയി.+ എന്നാൽ അവിടെ അവർ അധികം ദിവസം താമസിച്ചില്ല.
13 ജൂതന്മാരുടെ പെസഹ+ അടുത്തിരുന്നതുകൊണ്ട് യേശു യരുശലേമിലേക്കു പോയി. 14 ദേവാലയത്തിൽ ചെന്ന യേശു ആടുമാടുകൾ, പ്രാവുകൾ+ എന്നിവ വിൽക്കുന്നവരെയും അവിടെ ഇരുന്ന് നാണയം മാറ്റിക്കൊടുക്കുന്നവരെയും കണ്ടിട്ട് 15 കയറുകൊണ്ട് ഒരു ചാട്ടയുണ്ടാക്കി ആടുമാടുകളെയും അവരെയെല്ലാവരെയും ദേവാലയത്തിനു പുറത്താക്കി. നാണയം മാറ്റിക്കൊടുക്കുന്നവരുടെ നാണയങ്ങൾ യേശു ചിതറിച്ചുകളഞ്ഞു, അവരുടെ മേശകൾ മറിച്ചിട്ടു.+ 16 പ്രാവുകളെ വിൽക്കുന്നവരോടു യേശു പറഞ്ഞു: “എല്ലാം ഇവിടെനിന്ന് കൊണ്ടുപോകൂ! എന്റെ പിതാവിന്റെ ഭവനം ഒരു കച്ചവടസ്ഥലമാക്കുന്നതു മതിയാക്കൂ!”+ 17 “അങ്ങയുടെ ഭവനത്തോടുള്ള ശുഷ്കാന്തി എന്നെ തിന്നുകളയും”+ എന്ന് എഴുതിയിരിക്കുന്നതു യേശുവിന്റെ ശിഷ്യന്മാർ അപ്പോൾ ഓർത്തു.
18 എന്നാൽ ജൂതന്മാർ യേശുവിനോട്, “ഇതൊക്കെ ചെയ്യാൻ തനിക്ക് അധികാരമുണ്ടെന്നതിനു തെളിവായി എന്തെങ്കിലും അടയാളം കാണിച്ചുതരാൻ പറ്റുമോ”+ എന്നു ചോദിച്ചു. 19 യേശു അവരോടു പറഞ്ഞു: “ഈ ദേവാലയം പൊളിക്കുക; മൂന്നു ദിവസത്തിനകം ഞാൻ ഇതു പണിയും.”+ 20 അപ്പോൾ ജൂതന്മാർ, “46 വർഷംകൊണ്ട് പണിത ഈ ദേവാലയം മൂന്നു ദിവസത്തിനകം നീ പണിയുമെന്നോ” എന്നു ചോദിച്ചു. 21 പക്ഷേ യേശു തന്റെ ശരീരം എന്ന ആലയത്തെക്കുറിച്ചാണു പറഞ്ഞത്.+ 22 യേശു ഇക്കാര്യം പറയാറുണ്ടായിരുന്നല്ലോ എന്നു യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടപ്പോൾ ശിഷ്യന്മാർ ഓർത്തു.+ തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നതും യേശു പറഞ്ഞതും അപ്പോൾ അവർ വിശ്വസിച്ചു.
23 പെസഹാപ്പെരുന്നാളിന്റെ സമയത്ത് യരുശലേമിൽവെച്ച് യേശു കാണിച്ച അടയാളങ്ങൾ കണ്ടിട്ട് അനേകം ആളുകൾ യേശുവിന്റെ നാമത്തിൽ വിശ്വാസമർപ്പിച്ചു.+ 24 എന്നാൽ അവരെയെല്ലാം നന്നായി അറിയാമായിരുന്നതുകൊണ്ട് യേശു അവരെ അപ്പാടേ വിശ്വസിച്ചില്ല. 25 മനുഷ്യരുടെ ഹൃദയത്തിൽ എന്താണെന്ന് അറിയാമായിരുന്നതുകൊണ്ട്+ അവരെപ്പറ്റി ആരും പ്രത്യേകിച്ചൊന്നും യേശുവിനു പറഞ്ഞുകൊടുക്കേണ്ടതില്ലായിരുന്നു.
3 പരീശന്മാരുടെ കൂട്ടത്തിൽ നിക്കോദേമൊസ്+ എന്നു പേരുള്ള ഒരു ജൂതപ്രമാണിയുണ്ടായിരുന്നു. 2 അയാൾ രാത്രിയിൽ യേശുവിന്റെ അടുത്ത് വന്ന്+ പറഞ്ഞു: “റബ്ബീ,+ അങ്ങ് ദൈവത്തിന്റെ അടുത്തുനിന്ന് വന്ന ഗുരുവാണെന്നു ഞങ്ങൾക്ക് അറിയാം. കാരണം, ദൈവം കൂടെയില്ലാതെ ഇതുപോലുള്ള അടയാളങ്ങൾ+ ചെയ്യാൻ ആർക്കും കഴിയില്ല.”+ 3 അപ്പോൾ യേശു അദ്ദേഹത്തോടു പറഞ്ഞു: “വീണ്ടും ജനിക്കാത്തവനു+ ദൈവരാജ്യം കാണാൻ കഴിയില്ല+ എന്നു ഞാൻ സത്യംസത്യമായി പറയുന്നു.” 4 നിക്കോദേമൊസ് ചോദിച്ചു: “പ്രായമായ ഒരു മനുഷ്യനു ജനിക്കാൻ കഴിയുന്നത് എങ്ങനെയാണ്? അയാൾക്ക് അമ്മയുടെ വയറ്റിൽ കടന്ന് വീണ്ടും ജനിക്കാൻ കഴിയുമോ?” 5 യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ പറയുന്നു: വെള്ളത്തിൽനിന്നും+ ദൈവാത്മാവിൽനിന്നും+ ജനിക്കാത്തയാൾക്കു ദൈവരാജ്യത്തിൽ പ്രവേശിക്കാനാകില്ല. 6 ജഡത്തിൽനിന്ന് ജനിക്കുന്നതു ജഡവും ദൈവാത്മാവിൽനിന്ന് ജനിക്കുന്നത് ആത്മാവും ആണ്. 7 നിങ്ങൾ വീണ്ടും ജനിക്കണമെന്നു+ ഞാൻ പറഞ്ഞതു കേട്ട് അതിശയിക്കേണ്ടാ. 8 കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്കു വീശുന്നു. നിങ്ങൾക്ക് അതിന്റെ ശബ്ദം കേൾക്കാം. പക്ഷേ അത് എവിടെനിന്ന് വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നിങ്ങൾക്ക് അറിയില്ല. ദൈവാത്മാവിൽനിന്ന് ജനിക്കുന്നവരും അങ്ങനെതന്നെയാണ്.”+
9 അപ്പോൾ നിക്കോദേമൊസ് യേശുവിനോട്, “ഇതൊക്കെ എങ്ങനെ സംഭവിക്കും” എന്നു ചോദിച്ചു. 10 യേശു പറഞ്ഞു: “ഇസ്രായേലിന്റെ ഒരു ഗുരുവായിട്ടും ഇതൊന്നും താങ്കൾക്ക് അറിയില്ലേ? 11 സത്യംസത്യമായി ഞാൻ പറയുന്നു: ഞങ്ങൾക്ക് അറിയാവുന്നതു ഞങ്ങൾ പറയുന്നു. ഞങ്ങൾ കണ്ട കാര്യത്തെക്കുറിച്ച് ഞങ്ങൾ സാക്ഷി പറയുന്നു.+ പക്ഷേ ഞങ്ങളുടെ ഈ സാക്ഷിമൊഴി നിങ്ങൾ സ്വീകരിക്കുന്നില്ല.+ 12 ഞാൻ ഭൗമികകാര്യങ്ങൾ പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കാത്ത സ്ഥിതിക്ക്, സ്വർഗീയകാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?+ 13 പോരാത്തതിന്, സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന+ മനുഷ്യപുത്രനല്ലാതെ ഒരു മനുഷ്യനും സ്വർഗത്തിൽ കയറിയിട്ടുമില്ല.+ 14 മോശ വിജനഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെതന്നെ+ മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടതാണ്.+ 15 അങ്ങനെ, അവനിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും നിത്യജീവൻ കിട്ടും.+
16 “തന്റെ ഏകജാതനായ മകനിൽ*+ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി നൽകി.+ അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം. 17 ദൈവം മകനെ ലോകത്തേക്ക് അയച്ചത് അവൻ ലോകത്തെ വിധിക്കാനല്ല, അവനിലൂടെ ലോകം രക്ഷ നേടാനാണ്.+ 18 അവനിൽ വിശ്വസിക്കുന്നവനെ ന്യായം വിധിക്കുകയില്ല.+ വിശ്വസിക്കാത്തവനെയോ ദൈവത്തിന്റെ ഏകജാതന്റെ നാമത്തിൽ വിശ്വസിക്കാത്തതുകൊണ്ട് വിധിച്ചുകഴിഞ്ഞു.+ 19 ന്യായവിധിയുടെ അടിസ്ഥാനം ഇതാണ്: വെളിച്ചം ലോകത്തേക്കു വന്നിട്ടും+ മനുഷ്യർ വെളിച്ചത്തെക്കാൾ ഇരുട്ടിനെ സ്നേഹിക്കുന്നു. കാരണം അവരുടെ പ്രവൃത്തികൾ ദുഷിച്ചതാണ്.+ 20 ഹീനമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നയാൾ വെളിച്ചത്തെ വെറുക്കുന്നു. അയാളുടെ പ്രവൃത്തികൾ വെളിച്ചത്ത് വരാതിരിക്കാൻവേണ്ടി അയാൾ വെളിച്ചത്തിലേക്കു വരുന്നില്ല. 21 എന്നാൽ ശരിയായ കാര്യങ്ങൾ ചെയ്യുന്നയാൾ, തന്റെ പ്രവൃത്തികൾ ദൈവേഷ്ടപ്രകാരമുള്ളതാണെന്നു വെളിപ്പെടാൻവേണ്ടി വെളിച്ചത്തിലേക്കു വരുന്നു.”+
22 അതിനു ശേഷം യേശുവും ശിഷ്യന്മാരും യഹൂദ്യയിലെ നാട്ടിൻപുറത്തേക്കു പോയി. അവിടെ യേശു അവരുടെകൂടെ കുറച്ച് കാലം താമസിച്ച് ആളുകളെ സ്നാനപ്പെടുത്തി.+ 23 ശലേമിന് അടുത്തുള്ള ഐനോനിൽ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ട്+ യോഹന്നാനും അവിടെ സ്നാനപ്പെടുത്തുന്നുണ്ടായിരുന്നു. ധാരാളം ആളുകൾ അവിടെ വന്ന് സ്നാനമേറ്റു.+ 24 ഇതു യോഹന്നാനെ ജയിലിലാക്കുന്നതിനു മുമ്പായിരുന്നു.+
25 യോഹന്നാന്റെ ശിഷ്യന്മാരും ഒരു ജൂതനും തമ്മിൽ ശുദ്ധീകരണത്തെക്കുറിച്ച് ഒരു തർക്കമുണ്ടായി. 26 ആ ശിഷ്യന്മാർ യോഹന്നാന്റെ അടുത്ത് ചെന്ന് ചോദിച്ചു: “റബ്ബീ, യോർദാന് അക്കരെ അങ്ങയുടെകൂടെയുണ്ടായിരുന്ന ഒരാളില്ലേ, അങ്ങ് സാക്ഷ്യപ്പെടുത്തിയ ആൾ?+ അതാ, അയാൾ സ്നാനപ്പെടുത്തുന്നു. എല്ലാവരും അയാളുടെ അടുത്തേക്കാണു പോകുന്നത്.” 27 അപ്പോൾ യോഹന്നാൻ പറഞ്ഞു: “സ്വർഗത്തിൽനിന്ന് കൊടുക്കാതെ ആർക്കും ഒന്നും കിട്ടില്ല. 28 ‘ഞാൻ ക്രിസ്തുവല്ല,+ എന്നെ ക്രിസ്തുവിനു മുമ്പായി അയച്ചതാണ്’+ എന്നു ഞാൻ പറഞ്ഞതിനു നിങ്ങൾതന്നെ സാക്ഷികൾ. 29 മണവാട്ടിയുള്ളവൻ മണവാളൻ.+ മണവാളന്റെ തോഴനോ, മണവാളന്റെ അരികെ നിന്ന് അയാളുടെ സ്വരം കേൾക്കുമ്പോൾ വളരെയധികം സന്തോഷിക്കുന്നു. അങ്ങനെതന്നെ, എന്റെ സന്തോഷവും പൂർണമായിരിക്കുന്നു. 30 അദ്ദേഹം വളരണം, ഞാനോ കുറയണം.”+
31 മുകളിൽനിന്ന് വരുന്നയാൾ+ മറ്റെല്ലാവർക്കും* മീതെയാണ്. ഭൂമിയിൽനിന്നുള്ളയാൾ ഭൂമിയിൽനിന്നായതുകൊണ്ട് ഭൂമിയിലെ കാര്യങ്ങൾ സംസാരിക്കുന്നു. സ്വർഗത്തിൽനിന്ന് വരുന്നയാളോ മറ്റെല്ലാവർക്കും മീതെയാണ്.+ 32 താൻ കണ്ടതിനും കേട്ടതിനും അദ്ദേഹം സാക്ഷി പറയുന്നു.+ എന്നാൽ ആ വാക്കുകൾ ആരും അംഗീകരിക്കുന്നില്ല.+ 33 അദ്ദേഹത്തിന്റെ സാക്ഷിമൊഴി അംഗീകരിക്കുന്നയാൾ ദൈവം സത്യവാനാണെന്നു സ്ഥിരീകരിക്കുന്നു;+ 34 ദൈവം അയച്ചയാൾ ദൈവത്തിന്റെ വചനങ്ങൾ പറയുന്നു.+ കാരണം, ഒരു പിശുക്കും കൂടാതെയാണു* ദൈവം പരിശുദ്ധാത്മാവിനെ കൊടുക്കുന്നത്. 35 പിതാവ് പുത്രനെ സ്നേഹിക്കുന്നു.+ എല്ലാം പുത്രന്റെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്തിരിക്കുന്നു.+ 36 പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.+ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണില്ല.+ ദൈവക്രോധം അവന്റെ മേലുണ്ട്.+
4 യേശു യോഹന്നാനെക്കാൾ കൂടുതൽ ആളുകളെ ശിഷ്യരാക്കുകയും സ്നാനപ്പെടുത്തുകയും+ ചെയ്യുന്നുണ്ടെന്നു പരീശന്മാർ കേട്ടു. 2 (വാസ്തവത്തിൽ യേശുവല്ല, ശിഷ്യന്മാരാണു സ്നാനപ്പെടുത്തിയത്.) 3 ഇക്കാര്യം അറിഞ്ഞ യേശു യഹൂദ്യ വിട്ട് വീണ്ടും ഗലീലയിലേക്കു പോയി.+ 4 ശമര്യയിലൂടെ വേണമായിരുന്നു പോകാൻ. 5 അങ്ങനെ യേശു ശമര്യയിലെ സുഖാർ എന്ന നഗരത്തിൽ എത്തി. യാക്കോബ് മകനായ യോസേഫിനു നൽകിയ സ്ഥലത്തിന്+ അടുത്തായിരുന്നു അത്. 6 യാക്കോബിന്റെ കിണർ അവിടെയായിരുന്നു.+ യാത്ര ചെയ്ത് ക്ഷീണിച്ച യേശു കിണറിന് അരികെ ഇരുന്നു. സമയം ഏകദേശം ആറാം മണി ആയിരുന്നു.
7 അപ്പോൾ ഒരു ശമര്യക്കാരി വെള്ളം കോരാൻ വന്നു. യേശു ആ സ്ത്രീയോട്, “കുടിക്കാൻ കുറച്ച് വെള്ളം തരാമോ” എന്നു ചോദിച്ചു. 8 (യേശുവിന്റെ ശിഷ്യന്മാർ അപ്പോൾ ഭക്ഷണം വാങ്ങാൻ നഗരത്തിലേക്കു പോയിരിക്കുകയായിരുന്നു.) 9 ശമര്യസ്ത്രീ യേശുവിനോടു ചോദിച്ചു: “താങ്കൾ ഒരു ജൂതനല്ലേ? എന്നിട്ടും ശമര്യക്കാരിയായ എന്നോടു വെള്ളം ചോദിക്കുന്നോ?” (ജൂതന്മാർക്കു ശമര്യക്കാരുമായി ഒരു സമ്പർക്കവുമില്ലായിരുന്നു.)+ 10 അപ്പോൾ യേശു സ്ത്രീയോടു പറഞ്ഞു: “ദൈവം സൗജന്യമായി തരുന്ന സമ്മാനം+ എന്താണെന്നും ‘കുടിക്കാൻ കുറച്ച് വെള്ളം തരാമോ’ എന്നു ചോദിക്കുന്നത് ആരാണെന്നും നിനക്ക് അറിയാമായിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ നിനക്കു ജീവജലം തരുകയും ചെയ്തേനേ.”+ 11 സ്ത്രീ പറഞ്ഞു: “യജമാനനേ, വെള്ളം കോരാൻ അങ്ങയുടെ കൈയിൽ ഒരു തൊട്ടിപോലുമില്ല. കിണറാണെങ്കിൽ ആഴമുള്ളതും. പിന്നെ അങ്ങയ്ക്ക് എവിടെനിന്ന് ഈ ജീവജലം കിട്ടും? 12 ഞങ്ങളുടെ പൂർവികനായ യാക്കോബിനെക്കാൾ വലിയവനാണോ അങ്ങ്? അദ്ദേഹമാണു ഞങ്ങൾക്ക് ഈ കിണർ തന്നത്. അദ്ദേഹവും മക്കളും അദ്ദേഹത്തിന്റെ കന്നുകാലികളും ഇതിലെ വെള്ളമാണു കുടിച്ചിരുന്നത്.” 13 അപ്പോൾ യേശു പറഞ്ഞു: “ഈ വെള്ളം കുടിക്കുന്നവർക്കെല്ലാം പിന്നെയും ദാഹിക്കും. 14 എന്നാൽ ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ പിന്നെ ഒരിക്കലും ദാഹിക്കില്ല.+ അയാളിൽ ആ വെള്ളം നിത്യജീവനേകുന്ന ഒരു ഉറവയായി മാറും.”+ 15 സ്ത്രീ യേശുവിനോടു പറഞ്ഞു: “യജമാനനേ, എനിക്ക് ആ വെള്ളം വേണം. അങ്ങനെയാകുമ്പോൾ എനിക്കു ദാഹിക്കില്ലല്ലോ. പിന്നെ വെള്ളം കോരാൻ ഇവിടംവരെ വരുകയും വേണ്ടാ.”
16 യേശു സ്ത്രീയോട്, “പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരൂ” എന്നു പറഞ്ഞു. 17 “എനിക്കു ഭർത്താവില്ല” എന്നു സ്ത്രീ പറഞ്ഞു. അപ്പോൾ യേശു പറഞ്ഞു: “‘എനിക്കു ഭർത്താവില്ല’ എന്നു നീ പറഞ്ഞതു ശരിയാണ്. 18 നിനക്ക് അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്നു. പക്ഷേ ഇപ്പോഴുള്ളതു നിന്റെ ഭർത്താവല്ല. നീ പറഞ്ഞതു സത്യമാണ്.” 19 സ്ത്രീ യേശുവിനോടു പറഞ്ഞു: “യജമാനനേ, അങ്ങ് ഒരു പ്രവാചകനാണല്ലേ?+ 20 ഞങ്ങളുടെ പൂർവികർ ആരാധന നടത്തിപ്പോന്നത് ഈ മലയിലാണ്. എന്നാൽ ആരാധനയ്ക്കുള്ള സ്ഥലം യരുശലേമാണെന്നു+ നിങ്ങൾ പറയുന്നു.” 21 യേശു സ്ത്രീയോടു പറഞ്ഞു: “ഞാൻ പറയുന്നതു വിശ്വസിക്കൂ. നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ യരുശലേമിലോ അല്ലാതാകുന്ന സമയം വരുന്നു. 22 അറിയാത്തതിനെയാണു നിങ്ങൾ ആരാധിക്കുന്നത്.+ ഞങ്ങളോ അറിയുന്നതിനെ ആരാധിക്കുന്നു. കാരണം ജൂതന്മാരിൽനിന്നാണു രക്ഷ തുടങ്ങുന്നത്.+ 23 എങ്കിലും, സത്യാരാധകർ* പിതാവിനെ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കുന്ന സമയം വരുന്നു; വാസ്തവത്തിൽ അതു വന്നുകഴിഞ്ഞു. ശരിക്കും, തന്നെ ഇങ്ങനെ ആരാധിക്കുന്നവരെയാണു പിതാവ് അന്വേഷിക്കുന്നത്.+ 24 ദൈവം ഒരു ആത്മവ്യക്തിയാണ്.+ ദൈവത്തെ ആരാധിക്കുന്നവർ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കണം.”+ 25 സ്ത്രീ യേശുവിനോടു പറഞ്ഞു: “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന മിശിഹ വരുമെന്ന് എനിക്ക് അറിയാം. ക്രിസ്തു വരുമ്പോൾ ഞങ്ങൾക്ക് എല്ലാം വ്യക്തമാക്കിത്തരും.”+ 26 അപ്പോൾ യേശു സ്ത്രീയോടു പറഞ്ഞു: “നിന്നോടു സംസാരിക്കുന്ന ഞാൻതന്നെയാണ് അത്.”+
27 ആ സമയത്താണു ശിഷ്യന്മാർ തിരിച്ചെത്തുന്നത്. യേശു ഒരു സ്ത്രീയോടു സംസാരിക്കുന്നതു കണ്ട് അവർക്ക് അതിശയം തോന്നി. എന്നാൽ, “എന്തിനാണ് ആ സ്ത്രീയോടു സംസാരിക്കുന്നത്” എന്നോ “എന്തെങ്കിലും വേണ്ടിയിട്ടാണോ” എന്നോ ആരും ചോദിച്ചില്ല. 28 ആ സ്ത്രീ കുടം അവിടെ വെച്ചിട്ട് നഗരത്തിൽ ചെന്ന് ആളുകളോടു പറഞ്ഞു: 29 “ഞാൻ ചെയ്തതൊക്കെ ഒരു മനുഷ്യൻ എന്നോടു പറഞ്ഞു. വന്ന് നേരിട്ട് കാണ്! ഒരുപക്ഷേ അതായിരിക്കുമോ ക്രിസ്തു?” 30 ഇതു കേട്ട് അവർ നഗരത്തിൽനിന്ന് യേശുവിനെ കാണാൻ പുറപ്പെട്ടു.
31 ഇതിനിടയിൽ ശിഷ്യന്മാർ, “റബ്ബീ,+ ഭക്ഷണം കഴിക്ക്” എന്നു പറഞ്ഞ് യേശുവിനെ നിർബന്ധിച്ചുകൊണ്ടിരുന്നു. 32 എന്നാൽ യേശു അവരോട്, “എനിക്കു കഴിക്കാൻ നിങ്ങൾക്ക് അറിയില്ലാത്ത ഒരു ആഹാരമുണ്ട്” എന്നു പറഞ്ഞു. 33 അപ്പോൾ ശിഷ്യന്മാർ തമ്മിൽ പറഞ്ഞു: “അതിനു യേശുവിന് ആരും ഒന്നും കൊണ്ടുവന്ന് കൊടുത്തില്ലല്ലോ.” 34 യേശു അവരോടു പറഞ്ഞു: “എന്നെ അയച്ച വ്യക്തിയുടെ ഇഷ്ടം ചെയ്യുന്നതും+ അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്തുതീർക്കുന്നതും ആണ് എന്റെ ആഹാരം.+ 35 കൊയ്ത്തിന് ഇനിയും നാലു മാസമുണ്ടെന്നു നിങ്ങൾ പറയുന്നുണ്ടല്ലോ. പക്ഷേ ഞാൻ ഒരു കാര്യം പറയാം: തല പൊക്കി വയലിലേക്കു നോക്കുക. അവ കൊയ്ത്തിനു പാകമായിരിക്കുന്നു.+ 36 കൊയ്ത്തുകാരൻ കൂലി വാങ്ങി നിത്യജീവനുവേണ്ടിയുള്ള വിളവ് ശേഖരിച്ചുതുടങ്ങിക്കഴിഞ്ഞു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച് സന്തോഷിക്കുന്നു.+ 37 ‘ഒരാൾ വിതയ്ക്കുന്നു, മറ്റൊരാൾ കൊയ്യുന്നു’ എന്ന ചൊല്ല് ഇവിടെ യോജിക്കുന്നു. 38 നിങ്ങൾ അധ്വാനിച്ചുണ്ടാക്കാത്തതു കൊയ്യാനാണു ഞാൻ നിങ്ങളെ അയച്ചത്. അധ്വാനിച്ചതു മറ്റുള്ളവരാണ്. അവരുടെ അധ്വാനഫലം നിങ്ങൾ അനുഭവിക്കുന്നു.”
39 “ഞാൻ ചെയ്തിട്ടുള്ളതൊക്കെ ആ മനുഷ്യൻ എന്നോടു പറഞ്ഞു”+ എന്നു സാക്ഷി പറഞ്ഞ സ്ത്രീയുടെ വാക്കു നിമിത്തം ആ നഗരത്തിലെ ധാരാളം ശമര്യക്കാർ യേശുവിൽ വിശ്വസിച്ചു. 40 യേശുവിനെ കാണാൻ വന്ന ശമര്യക്കാർ അവരുടെകൂടെ താമസിക്കാൻ യേശുവിനോട് അപേക്ഷിച്ചു. അങ്ങനെ രണ്ടു ദിവസം യേശു അവിടെ കഴിഞ്ഞു. 41 യേശുവിന്റെ വാക്കുകൾ കേട്ട് കുറെ ആളുകൾകൂടെ വിശ്വസിച്ചു. 42 അവർ ആ സ്ത്രീയോടു പറഞ്ഞു: “നിങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ ഞങ്ങൾ വിശ്വസിച്ചത്. പക്ഷേ ഇനി അങ്ങനെയല്ല. കാരണം ഞങ്ങൾ ഇപ്പോൾ നേരിട്ട് കേട്ടിരിക്കുന്നു. ഈ മനുഷ്യൻതന്നെയാണു ലോകരക്ഷകൻ എന്നു ഞങ്ങൾക്ക് ഇപ്പോൾ അറിയാം.”+
43 രണ്ടു ദിവസത്തിനു ശേഷം യേശു അവിടെനിന്ന് ഗലീലയിലേക്കു പോയി. 44 ഒരു പ്രവാചകനും സ്വന്തം നാട്ടിൽ ബഹുമതി കിട്ടില്ല എന്ന് യേശുതന്നെ പറഞ്ഞിരുന്നു.+ 45 എന്നാൽ യേശു ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ യേശുവിനെ സ്വീകരിച്ചു. കാരണം അവരും പെരുന്നാളിനു+ പോയിരുന്നതുകൊണ്ട് പെരുന്നാളിന്റെ സമയത്ത് യേശു യരുശലേമിൽവെച്ച് ചെയ്തതെല്ലാം അവർ കണ്ടിരുന്നു.+
46 പിന്നെ യേശു വീണ്ടും ഗലീലയിലെ കാനായിൽ ചെന്നു. അവിടെവെച്ചായിരുന്നു യേശു വെള്ളം വീഞ്ഞാക്കിയത്.+ രാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാളുടെ മകൻ കഫർന്നഹൂമിൽ രോഗിയായി കിടപ്പുണ്ടായിരുന്നു. 47 യേശു യഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നിട്ടുണ്ടെന്നു കേട്ടപ്പോൾ ആ മനുഷ്യൻ യേശുവിന്റെ അടുത്ത് എത്തി, വന്ന് തന്റെ മകനെ സുഖപ്പെടുത്തണമെന്ന് അപേക്ഷിച്ചു. അവൻ മരിക്കാറായിരുന്നു. 48 എന്നാൽ യേശു അയാളോട്, “അടയാളങ്ങളും അത്ഭുതങ്ങളും കാണാതെ നിങ്ങൾ ഒരിക്കലും വിശ്വസിക്കില്ല”+ എന്നു പറഞ്ഞു. 49 ആ ഉദ്യോഗസ്ഥൻ യേശുവിനോട്, “കർത്താവേ, എന്റെ കുഞ്ഞു മരിച്ചുപോകുന്നതിനു മുമ്പേ വരേണമേ” എന്ന് അപേക്ഷിച്ചു. 50 യേശു അയാളോടു പറഞ്ഞു: “പൊയ്ക്കൊള്ളൂ. മകന്റെ രോഗം ഭേദമായി.”+ ആ മനുഷ്യൻ യേശു പറഞ്ഞ വാക്കു വിശ്വസിച്ച് അവിടെനിന്ന് പോയി. 51 വഴിയിൽവെച്ചുതന്നെ അയാളുടെ അടിമകൾ അയാളെ കണ്ട് മകന്റെ രോഗം മാറി എന്ന് അറിയിച്ചു. 52 എപ്പോഴാണ് അവന്റെ രോഗം മാറിയത് എന്ന് അയാൾ തിരക്കി. “ഇന്നലെ ഏഴാം മണി നേരത്ത് അവന്റെ പനി വിട്ടു”+ എന്ന് അവർ പറഞ്ഞു. 53 “മകന്റെ രോഗം ഭേദമായി”+ എന്നു യേശു തന്നോടു പറഞ്ഞ അതേസമയത്തുതന്നെയാണ് അതു സംഭവിച്ചതെന്ന് ആ പിതാവിനു മനസ്സിലായി. അങ്ങനെ അയാളും വീട്ടിലുള്ള എല്ലാവരും വിശ്വാസികളായിത്തീർന്നു. 54 യഹൂദ്യയിൽനിന്ന് ഗലീലയിൽ വന്ന് യേശു ചെയ്ത രണ്ടാമത്തെ അടയാളമായിരുന്നു ഇത്.+
5 അതിനു ശേഷം ജൂതന്മാരുടെ ഒരു ഉത്സവമുണ്ടായിരുന്നതുകൊണ്ട്+ യേശു യരുശലേമിലേക്കു പോയി. 2 യരുശലേമിലെ അജകവാടത്തിന്+ അരികെ ഒരു കുളമുണ്ടായിരുന്നു. എബ്രായ ഭാഷയിൽ ബേത്സഥ എന്നായിരുന്നു അതിന്റെ പേര്. അതിനു ചുറ്റും അഞ്ചു മണ്ഡപവുമുണ്ടായിരുന്നു. 3 അവിടെ പല തരം രോഗമുള്ളവർ, അന്ധർ, മുടന്തർ, കൈകാലുകൾ ശോഷിച്ചവർ* എന്നിങ്ങനെ ധാരാളം ആളുകൾ കിടപ്പുണ്ടായിരുന്നു. 4 —— 5 38 വർഷമായി രോഗിയായ ഒരാൾ അവിടെയുണ്ടായിരുന്നു. 6 അയാൾ അവിടെ കിടക്കുന്നതു യേശു കണ്ടു. ഏറെക്കാലമായി അയാൾ കിടപ്പിലാണെന്നു മനസ്സിലാക്കിയ യേശു അയാളോട്, “അസുഖം മാറണമെന്നുണ്ടോ” എന്നു ചോദിച്ചു.+ 7 രോഗിയായ മനുഷ്യൻ യേശുവിനോടു പറഞ്ഞു: “യജമാനനേ, വെള്ളം കലങ്ങുമ്പോൾ കുളത്തിലേക്ക് എന്നെ ഇറക്കാൻ ആരുമില്ല. ഞാൻ എത്തുമ്പോഴേക്കും വേറെ ആരെങ്കിലും ഇറങ്ങിക്കഴിഞ്ഞിട്ടുണ്ടാകും.” 8 യേശു അയാളോട്, “എഴുന്നേറ്റ് നിങ്ങളുടെ പായ എടുത്ത് നടക്ക്”+ എന്നു പറഞ്ഞു. 9 ഉടൻതന്നെ അയാളുടെ രോഗം ഭേദമായി. അയാൾ പായ എടുത്ത് നടന്നു.
അന്നു ശബത്തായിരുന്നു.+ 10 അതുകൊണ്ട് ജൂതന്മാർ രോഗം ഭേദമായ മനുഷ്യനോട്, “ഇന്നു ശബത്തായതുകൊണ്ട് പായ എടുത്തുകൊണ്ട് നടക്കുന്നതു ശരിയല്ല”+ എന്നു പറഞ്ഞു. 11 പക്ഷേ അയാൾ അവരോടു പറഞ്ഞു: “എന്റെ രോഗം ഭേദമാക്കിയ ആൾത്തന്നെയാണ് എന്നോട്, ‘നിന്റെ പായ എടുത്ത് നടക്ക്’ എന്നു പറഞ്ഞത്.” 12 അവർ അയാളോട്, “‘ഇത് എടുത്ത് നടക്ക്’ എന്നു തന്നോടു പറഞ്ഞത് ആരാണ്” എന്നു ചോദിച്ചു. 13 പക്ഷേ യേശു അവിടെയുള്ള ജനക്കൂട്ടത്തിന് ഇടയിൽ മറഞ്ഞതുകൊണ്ട്, സുഖം പ്രാപിച്ച മനുഷ്യന് അത് ആരാണെന്ന് അറിഞ്ഞുകൂടായിരുന്നു.
14 പിന്നീട് ദേവാലയത്തിൽവെച്ച് അയാളെ കണ്ടപ്പോൾ യേശു പറഞ്ഞു: “നിങ്ങളുടെ രോഗം ഭേദമായല്ലോ. ഇതിലും മോശമായതൊന്നും വരാതിരിക്കാൻ ഇനി പാപം ചെയ്യരുത്.” 15 തന്നെ സുഖപ്പെടുത്തിയതു യേശുവാണെന്ന് അയാൾ ചെന്ന് ജൂതന്മാരോടു പറഞ്ഞു. 16 യേശു ഇതുപോലുള്ള കാര്യങ്ങൾ ശബത്തിൽ ചെയ്യുന്നെന്ന കാരണം പറഞ്ഞാണു ജൂതന്മാർ യേശുവിനെ ദ്രോഹിച്ചിരുന്നത്.+ 17 എന്നാൽ യേശു അവരോടു പറഞ്ഞു: “എന്റെ പിതാവ് ഇപ്പോഴും കർമനിരതനാണ്; ഞാനും അതുപോലെ കർമനിരതനാണ്.”+ 18 അതോടെ യേശുവിനെ കൊല്ലാനുള്ള ശ്രമങ്ങൾക്കു ജൂതന്മാർ ആക്കം കൂട്ടി. കാരണം യേശു ശബത്ത് ലംഘിക്കുന്നെന്നു മാത്രമല്ല, ദൈവത്തെ സ്വന്തം പിതാവ് എന്നു വിളിച്ചുകൊണ്ട് തന്നെത്തന്നെ ദൈവതുല്യനാക്കുന്നെന്നും അവർക്കു തോന്നി.+
19 അതുകൊണ്ട് യേശു അവരോടു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: പിതാവ് ചെയ്തുകാണുന്നതു മാത്രമേ പുത്രനു ചെയ്യാനാകൂ.+ അല്ലാതെ സ്വന്തം ഇഷ്ടമനുസരിച്ച് പുത്രന് ഒന്നും ചെയ്യാനാകില്ല. പിതാവ് ചെയ്യുന്നതെല്ലാം പുത്രനും അങ്ങനെതന്നെ ചെയ്യുന്നു. 20 പിതാവിനു പുത്രനെ ഇഷ്ടമായതുകൊണ്ട്+ പിതാവ് ചെയ്യുന്നതെല്ലാം പുത്രനു കാണിച്ചുകൊടുക്കുന്നു. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന,+ ഇതിലും വലിയ കാര്യങ്ങളും പുത്രനു കാണിച്ചുകൊടുക്കും. 21 പിതാവ് മരിച്ചവരെ ഉയിർപ്പിച്ച് അവർക്കു ജീവൻ കൊടുക്കുന്നതുപോലെ+ പുത്രനും താൻ ആഗ്രഹിക്കുന്നവർക്കു ജീവൻ കൊടുക്കുന്നു.+ 22 പിതാവ് ആരെയും വിധിക്കുന്നില്ല. വിധിക്കാനുള്ള ഉത്തരവാദിത്വം മുഴുവൻ പുത്രനെ ഏൽപ്പിച്ചിരിക്കുന്നു.+ 23 എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിനാണു പിതാവ് അങ്ങനെ ചെയ്തത്. പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.+ 24 സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ച പിതാവിനെ വിശ്വസിക്കുന്നയാൾക്കു നിത്യജീവനുണ്ട്.+ അയാൾ ന്യായവിധിയിലേക്കു വരാതെ മരണത്തിൽനിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു.+
25 “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേട്ടനുസരിക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന സമയം വരുന്നു. അത് ഇപ്പോൾത്തന്നെ വന്നിരിക്കുന്നു. 26 പിതാവിനു തന്നിൽത്തന്നെ ജീവനുള്ളതുപോലെ+ പുത്രനും തന്നിൽത്തന്നെ ജീവനുണ്ടായിരിക്കാൻ+ പിതാവ് അനുമതി കൊടുത്തു. 27 അവൻ മനുഷ്യപുത്രനായതുകൊണ്ട്+ പിതാവ് അവനു വിധിക്കാനുള്ള അധികാരവും കൊടുത്തിരിക്കുന്നു.+ 28 ഇതിൽ ആശ്ചര്യപ്പെടേണ്ടതില്ല. സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ട് പുറത്ത് വരുന്ന സമയം വരുന്നു.+ 29 നല്ല കാര്യങ്ങൾ ചെയ്തവർക്ക് അതു ജീവനായുള്ള പുനരുത്ഥാനവും മോശമായ കാര്യങ്ങൾ ചെയ്തവർക്ക്* അതു ന്യായവിധിക്കായുള്ള പുനരുത്ഥാനവും ആയിരിക്കും.+ 30 എനിക്കു സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും ചെയ്യാനാകില്ല. പിതാവ് പറയുന്നതുപോലെയാണു ഞാൻ വിധിക്കുന്നത്. എന്റെ വിധി നീതിയുള്ളതാണ്.+ കാരണം എനിക്ക് എന്റെ ഇഷ്ടമല്ല, എന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്യാനാണ് ആഗ്രഹം.+
31 “ഞാൻ മാത്രമാണ് എന്നെക്കുറിച്ച് പറയുന്നതെങ്കിൽ എന്റെ വാക്കുകൾ സത്യമല്ല.+ 32 എന്നാൽ എന്നെക്കുറിച്ച് സാക്ഷി പറയുന്ന മറ്റൊരാളുണ്ട്. എന്നെക്കുറിച്ച് അയാൾ പറയുന്നതു സത്യമാണെന്ന് എനിക്ക് അറിയാം.+ 33 നിങ്ങൾ യോഹന്നാന്റെ അടുത്തേക്ക് ആളുകളെ അയച്ചല്ലോ. യോഹന്നാൻ സത്യത്തിനു സാക്ഷി പറഞ്ഞു.+ 34 എന്നാൽ മനുഷ്യന്റെ സാക്ഷിമൊഴി എനിക്ക് ആവശ്യമില്ല. എങ്കിലും നിങ്ങൾക്കു രക്ഷ കിട്ടാനാണു ഞാൻ ഇതൊക്കെ പറയുന്നത്. 35 യോഹന്നാൻ കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു. അൽപ്പസമയത്തേക്ക് ആ മനുഷ്യന്റെ പ്രകാശത്തിൽ സന്തോഷിക്കാനും നിങ്ങൾ തയ്യാറായി.+ 36 എന്നാൽ എനിക്കു യോഹന്നാന്റേതിനെക്കാൾ വലിയ സാക്ഷ്യമുണ്ട്. ചെയ്തുതീർക്കാനായി എന്റെ പിതാവ് എന്നെ ഏൽപ്പിച്ചതും ഞാൻ ചെയ്യുന്നതും ആയ പ്രവൃത്തികൾ പിതാവ് എന്നെ അയച്ചു എന്നതിനു തെളിവാണ്.+ 37 എന്നെ അയച്ച പിതാവ് നേരിട്ടും എന്നെക്കുറിച്ച് സാക്ഷി പറഞ്ഞിരിക്കുന്നു.+ നിങ്ങൾ ഒരിക്കലും പിതാവിന്റെ ശബ്ദം കേട്ടിട്ടില്ല, രൂപം കണ്ടിട്ടില്ല.+ 38 പിതാവ് അയച്ചവനെ നിങ്ങൾ വിശ്വസിക്കാത്തതുകൊണ്ട് പിതാവിന്റെ വചനം നിങ്ങളിൽ വസിക്കുന്നുമില്ല.
39 “തിരുവെഴുത്തുകളിലൂടെ നിത്യജീവൻ കിട്ടുമെന്നു കരുതി നിങ്ങൾ അതു പരിശോധിക്കുന്നു.+ എന്നാൽ അതേ തിരുവെഴുത്തുകൾതന്നെയാണ് എന്നെക്കുറിച്ചും സാക്ഷി പറയുന്നത്.+ 40 എന്നിട്ടും ജീവൻ കിട്ടാൻവേണ്ടി എന്റെ അടുത്ത് വരാൻ നിങ്ങൾക്കു മനസ്സില്ല.+ 41 എനിക്കു മനുഷ്യരിൽനിന്നുള്ള പ്രശംസ ആവശ്യമില്ല. 42 എന്നാൽ നിങ്ങൾ അങ്ങനെയല്ല. നിങ്ങളുടെ ഉള്ളിൽ ദൈവസ്നേഹമില്ലെന്ന് എനിക്കു നന്നായി അറിയാം. 43 ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങൾ എന്നെ സ്വീകരിക്കുന്നില്ല. പക്ഷേ ആരെങ്കിലും സ്വന്തനാമത്തിൽ വന്നിരുന്നെങ്കിൽ നിങ്ങൾ അയാളെ സ്വീകരിക്കുമായിരുന്നു. 44 ഏകദൈവത്തിൽനിന്ന് പ്രശംസ നേടാൻ ശ്രമിക്കുന്നതിനു പകരം മനുഷ്യരിൽനിന്ന് പ്രശംസ നേടാൻ ശ്രമിക്കുന്ന+ നിങ്ങൾക്ക് എങ്ങനെ എന്നെ വിശ്വസിക്കാൻ കഴിയും?+ 45 ഞാൻ നിങ്ങളെ പിതാവിന്റെ മുന്നിൽ കുറ്റപ്പെടുത്തുമെന്നു വിചാരിക്കരുത്. നിങ്ങളുടെ മേൽ കുറ്റം ആരോപിക്കുന്ന ഒരാളുണ്ട്; നിങ്ങൾ പ്രത്യാശ വെച്ചിട്ടുള്ള മോശതന്നെ.+ 46 വാസ്തവത്തിൽ നിങ്ങൾ മോശയെ വിശ്വസിച്ചിരുന്നെങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു. കാരണം മോശ എന്നെക്കുറിച്ച് എഴുതിയിട്ടുണ്ട്.+ 47 മോശ എഴുതിയതു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ ഞാൻ പറയുന്നത് എങ്ങനെ വിശ്വസിക്കാനാണ്?”+
6 ഇതിനു ശേഷം യേശു തിബെര്യാസ് എന്നും പേരുള്ള ഗലീലക്കടലിന്റെ അക്കരയ്ക്കു പോയി.+ 2 രോഗികളെ സുഖപ്പെടുത്തിക്കൊണ്ട്+ യേശു ചെയ്യുന്ന അത്ഭുതങ്ങൾ കണ്ടിട്ട് വലിയൊരു ജനക്കൂട്ടം യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു.+ 3 യേശു ഒരു മലയിൽ കയറി ശിഷ്യന്മാരുടെകൂടെ അവിടെ ഇരുന്നു. 4 ജൂതന്മാരുടെ പെസഹാപ്പെരുന്നാൾ+ അടുത്തിരുന്നു. 5 വലിയൊരു ജനക്കൂട്ടം തന്റെ അടുത്തേക്കു വരുന്നതു കണ്ടപ്പോൾ യേശു ഫിലിപ്പോസിനോട്,+ “ഇവർക്കെല്ലാം കഴിക്കാൻ നമ്മൾ എവിടെനിന്ന് അപ്പം വാങ്ങും”+ എന്നു ചോദിച്ചു. 6 എന്നാൽ ഫിലിപ്പോസിനെ പരീക്ഷിക്കാൻവേണ്ടിയാണു യേശു ഇതു ചോദിച്ചത്. കാരണം, താൻ ചെയ്യാൻ പോകുന്നത് എന്താണെന്നു യേശുവിന് അറിയാമായിരുന്നു. 7 ഫിലിപ്പോസ് യേശുവിനോട്, “200 ദിനാറെക്ക് അപ്പം വാങ്ങിയാൽപ്പോലും ഓരോരുത്തർക്കും അൽപ്പമെങ്കിലും കൊടുക്കാൻ തികയില്ല” എന്നു പറഞ്ഞു. 8 യേശുവിന്റെ ഒരു ശിഷ്യനും ശിമോൻ പത്രോസിന്റെ സഹോദരനും ആയ അന്ത്രയോസ് യേശുവിനോടു പറഞ്ഞു: 9 “ഈ കുട്ടിയുടെ കൈയിൽ അഞ്ചു ബാർളിയപ്പവും രണ്ടു ചെറിയ മീനും ഉണ്ട്. എന്നാൽ ഇത്രയധികം പേർക്ക് ഇതുകൊണ്ട് എന്താകാനാണ്?”+
10 അപ്പോൾ യേശു, “ആളുകളോടെല്ലാം ഇരിക്കാൻ പറയുക” എന്നു പറഞ്ഞു. ആ സ്ഥലത്ത് ധാരാളം പുല്ലുണ്ടായിരുന്നതുകൊണ്ട് അവർ അവിടെ ഇരുന്നു. ഏകദേശം 5,000 പുരുഷന്മാരുണ്ടായിരുന്നു.+ 11 യേശു അപ്പം എടുത്ത്, ദൈവത്തോടു നന്ദി പറഞ്ഞശേഷം അവർക്കെല്ലാം കൊടുത്തു. മീനും അങ്ങനെതന്നെ വിളമ്പി. എല്ലാവർക്കും വേണ്ടുവോളം കിട്ടി. 12 എല്ലാവരും വയറു നിറച്ച് കഴിച്ചുകഴിഞ്ഞപ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു: “മിച്ചമുള്ള കഷണങ്ങളെല്ലാം എടുക്കുക. ഒന്നും കളയരുത്.” 13 അങ്ങനെ അവർ അവ കൊട്ടകളിൽ നിറച്ചു. അഞ്ചു ബാർളിയപ്പത്തിൽനിന്ന് ആളുകൾ തിന്നശേഷം ബാക്കിവന്ന കഷണങ്ങൾ 12 കൊട്ട നിറയെയുണ്ടായിരുന്നു.
14 യേശു ചെയ്ത അടയാളം കണ്ടപ്പോൾ, “ലോകത്തേക്കു വരാനിരുന്ന പ്രവാചകൻ ഇദ്ദേഹംതന്നെ”+ എന്ന് ആളുകൾ പറയാൻതുടങ്ങി. 15 അവർ വന്ന് തന്നെ പിടിച്ച് രാജാവാക്കാൻപോകുന്നെന്ന് അറിഞ്ഞ യേശു തനിച്ച് വീണ്ടും മലയിലേക്കു പോയി.+
16 സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യന്മാർ കടപ്പുറത്തേക്കു ചെന്നു.+ 17 അവർ ഒരു വള്ളത്തിൽ കയറി കടലിന് അക്കരെയുള്ള കഫർന്നഹൂമിലേക്കു പുറപ്പെട്ടു. അപ്പോൾ ഇരുട്ടു വീണിരുന്നു. യേശു അവരുടെ അടുത്ത് എത്തിയിരുന്നുമില്ല.+ 18 ശക്തമായ ഒരു കാറ്റ് അടിച്ചിട്ട് കടൽ ക്ഷോഭിക്കാൻതുടങ്ങി.+ 19 അവർ തുഴഞ്ഞ് അഞ്ചോ ആറോ കിലോമീറ്റർ പിന്നിട്ടപ്പോൾ യേശു കടലിനു മുകളിലൂടെ നടന്ന് വള്ളത്തിന് അടുത്തേക്കു വരുന്നതു കണ്ടു. അവർ പേടിച്ചുപോയി. 20 എന്നാൽ യേശു അവരോട്, “എന്തിനാ പേടിക്കുന്നത്? ഇതു ഞാനാണ്” എന്നു പറഞ്ഞു.+ 21 അതു കേട്ടതോടെ അവർ യേശുവിനെ വള്ളത്തിൽ കയറ്റി. പെട്ടെന്നുതന്നെ അവർക്ക് എത്തേണ്ട സ്ഥലത്ത് വള്ളം എത്തി.+
22 എന്നാൽ കടലിൽ ഒരു ചെറിയ വള്ളമേ ഉണ്ടായിരുന്നുള്ളൂ എന്നും യേശുവിനെ കൂടാതെ ശിഷ്യന്മാർ മാത്രമാണു വള്ളത്തിൽ കയറി പോയതെന്നും കടലിന് അക്കരെയുള്ള ജനക്കൂട്ടം പിറ്റേന്നു മനസ്സിലാക്കി. 23 ആ സമയത്താണു തിബെര്യാസിൽനിന്നുള്ള വള്ളങ്ങൾ എത്തുന്നത്. കർത്താവ് ദൈവത്തോടു നന്ദി പറഞ്ഞ് അവർക്ക് അപ്പം കൊടുത്ത സ്ഥലത്തിന് അടുത്ത് ആ വള്ളങ്ങൾ വന്നടുത്തു. 24 യേശുവോ ശിഷ്യന്മാരോ അവിടെയില്ലെന്നു കണ്ടപ്പോൾ ജനക്കൂട്ടം ആ വള്ളങ്ങളിൽ കയറി യേശുവിനെ തിരഞ്ഞ് കഫർന്നഹൂമിൽ എത്തി.
25 കടലിന് അക്കരെ യേശുവിനെ കണ്ടപ്പോൾ അവർ, “റബ്ബീ,+ അങ്ങ് എപ്പോഴാണ് ഇവിടെ എത്തിയത്” എന്നു ചോദിച്ചു. 26 യേശു അവരോടു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ എന്നെ അന്വേഷിക്കുന്നത് അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം കഴിച്ച് തൃപ്തരായതുകൊണ്ടാണ്.+ 27 നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല,+ നിത്യജീവൻ നേടിത്തരുന്ന നശിക്കാത്ത ആഹാരത്തിനുവേണ്ടി+ പ്രയത്നിക്കുക. മനുഷ്യപുത്രൻ നിങ്ങൾക്ക് അതു തരും. കാരണം പിതാവായ ദൈവം മനുഷ്യപുത്രന്റെ മേൽ തന്റെ അംഗീകാരത്തിന്റെ മുദ്ര പതിപ്പിച്ചിരിക്കുന്നു.”+
28 അപ്പോൾ അവർ യേശുവിനോട്, “ദൈവത്തിന്റെ അംഗീകാരം കിട്ടാൻ ഞങ്ങൾ എന്താണു ചെയ്യേണ്ടത്” എന്നു ചോദിച്ചു. 29 യേശു പറഞ്ഞു: “ദൈവം അയച്ചവനെ വിശ്വസിക്കുക; അതാണു ദൈവം അംഗീകരിക്കുന്ന പ്രവൃത്തി.”+ 30 അപ്പോൾ അവർ പറഞ്ഞു: “അതിനുവേണ്ടി അങ്ങ് എന്താണു ചെയ്യാൻപോകുന്നത്? എന്ത് അടയാളം കാണിക്കും?+ അതു കണ്ടാൽ ഞങ്ങൾക്ക് അങ്ങയെ വിശ്വസിക്കാമല്ലോ. 31 നമ്മുടെ പൂർവികർ വിജനഭൂമിയിൽവെച്ച് മന്ന കഴിച്ചില്ലേ?+ ‘അവർക്കു കഴിക്കാൻ ദൈവം സ്വർഗത്തിൽനിന്ന് അപ്പം കൊടുത്തു’+ എന്ന് എഴുതിയിട്ടുണ്ടല്ലോ.” 32 അപ്പോൾ യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: മോശ നിങ്ങൾക്കു സ്വർഗത്തിൽനിന്ന് അപ്പം തന്നില്ല. എന്നാൽ എന്റെ പിതാവ് സ്വർഗത്തിൽനിന്ന് ശരിക്കുള്ള അപ്പം നിങ്ങൾക്കു തരുന്നു. 33 ദൈവത്തിന്റെ അപ്പമോ, സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന് ലോകത്തിനു ജീവൻ നൽകുന്നവനാണ്.”+ 34 അപ്പോൾ അവർ യേശുവിനോട്, “കർത്താവേ, ഞങ്ങൾക്ക് എപ്പോഴും ആ അപ്പം തരണേ” എന്നു പറഞ്ഞു.
35 യേശു അവരോടു പറഞ്ഞു: “ഞാനാണു ജീവന്റെ അപ്പം. എന്റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കില്ല. എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല.+ 36 എന്നാൽ ഞാൻ പറഞ്ഞതുപോലെ, നിങ്ങൾ എന്നെ കണ്ടിട്ടുപോലും വിശ്വസിക്കുന്നില്ല.+ 37 പിതാവ് എനിക്കു തരുന്നവരെല്ലാം എന്റെ അടുത്ത് വരും. എന്റെ അടുത്ത് വരുന്നവനെ ഞാൻ ഒരിക്കലും ഒഴിവാക്കുകയുമില്ല.+ 38 കാരണം ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നത്+ എന്റെ സ്വന്തം ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്യാനാണ്.+ 39 എന്നെ അയച്ച പിതാവിന്റെ ഇഷ്ടമോ, പിതാവ് എനിക്കു തന്നവരിൽ ആരും നഷ്ടപ്പെട്ടുപോകരുതെന്നും+ അവസാനനാളിൽ അവരെയെല്ലാം ഞാൻ ഉയിർപ്പിക്കണം+ എന്നും ആണ്. 40 പുത്രനെ അംഗീകരിച്ച് അവനിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും നിത്യജീവൻ+ കിട്ടണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അവസാനനാളിൽ ഞാൻ അയാളെ ഉയിർപ്പിക്കും.”+
41 “ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പമാണ്”+ എന്നു യേശു പറഞ്ഞതുകൊണ്ട് ജൂതന്മാർ യേശുവിന് എതിരെ പിറുപിറുക്കാൻതുടങ്ങി. 42 അവർ ചോദിച്ചു: “ഇവൻ യോസേഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ അപ്പനെയും അമ്മയെയും നമുക്ക് അറിയാവുന്നതല്ലേ?+ പിന്നെ എന്താ, ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നതാണ്’ എന്ന് ഇവൻ പറയുന്നത്?” 43 അപ്പോൾ യേശു പറഞ്ഞു: “നിങ്ങൾ ഇങ്ങനെ പിറുപിറുക്കേണ്ടാ. 44 എന്നെ അയച്ച പിതാവ് ആകർഷിക്കാതെ ഒരു മനുഷ്യനും എന്റെ അടുത്ത് വരാൻ കഴിയില്ല.+ അവസാനനാളിൽ ഞാൻ അയാളെ ഉയിർപ്പിക്കും.+ 45 ‘അവരെയെല്ലാം യഹോവ പഠിപ്പിക്കും’* എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിട്ടുണ്ടല്ലോ.+ പിതാവിൽനിന്ന് കേട്ടുപഠിച്ചവരെല്ലാം എന്റെ അടുത്തേക്കു വരുന്നു. 46 ദൈവത്തിൽനിന്നുള്ളവനല്ലാതെ മറ്റ് ഏതെങ്കിലും മനുഷ്യൻ പിതാവിനെ കണ്ടിട്ടുണ്ടെന്നല്ല+ ഇതിന് അർഥം. എന്നാൽ ദൈവത്തിൽനിന്നുള്ളവൻ പിതാവിനെ കണ്ടിട്ടുണ്ട്.+ 47 സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.+
48 “ഞാനാണു ജീവന്റെ അപ്പം.+ 49 നിങ്ങളുടെ പൂർവികർ വിജനഭൂമിയിൽവെച്ച് മന്ന കഴിച്ചിട്ടും മരിച്ചുപോയല്ലോ.+ 50 എന്നാൽ ഈ അപ്പം സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പമാണ്. ഇതു കഴിക്കുന്നയാൾ മരിക്കില്ല. 51 ഞാനാണു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം. ഈ അപ്പം തിന്നുന്നയാൾ എന്നും ജീവിച്ചിരിക്കും. ലോകത്തിന്റെ ജീവനുവേണ്ടിയുള്ള എന്റെ മാംസമാണു ഞാൻ കൊടുക്കാനിരിക്കുന്ന അപ്പം.”+
52 അപ്പോൾ ജൂതന്മാർ, “ഇവൻ എങ്ങനെ ഇവന്റെ മാംസം നമുക്കു തിന്നാൻ തരും” എന്നു പറഞ്ഞ് തമ്മിൽ തർക്കിച്ചു. 53 അപ്പോൾ യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു ജീവൻ കിട്ടില്ല.+ 54 എന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നയാൾക്കു നിത്യജീവനുണ്ട്. അവസാനനാളിൽ ഞാൻ അയാളെ ഉയിർപ്പിക്കും.+ 55 കാരണം എന്റെ മാംസം യഥാർഥഭക്ഷണവും എന്റെ രക്തം യഥാർഥപാനീയവും ആണ്. 56 എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നയാൾ എന്നോടും ഞാൻ അയാളോടും യോജിപ്പിലായിരിക്കും.+ 57 ജീവനുള്ള പിതാവ് എന്നെ അയയ്ക്കുകയും ഞാൻ പിതാവ് കാരണം ജീവിച്ചിരിക്കുകയും ചെയ്യുന്നതുപോലെതന്നെ എന്റെ മാംസം തിന്നുന്നയാൾ ഞാൻ കാരണം ജീവിച്ചിരിക്കും.+ 58 ഇതു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പമാണ്. നിങ്ങളുടെ പൂർവികർ തിന്ന മന്നപോലെയല്ല ഇത്. അവർ അതു തിന്നെങ്കിലും മരിച്ചു. എന്നാൽ ഈ അപ്പം തിന്നുന്നയാൾ എന്നും ജീവിച്ചിരിക്കും.”+ 59 കഫർന്നഹൂമിലെ ഒരു സിനഗോഗിൽ പഠിപ്പിക്കുമ്പോഴാണു യേശു ഇതൊക്കെ പറഞ്ഞത്.
60 ഇതു കേട്ടപ്പോൾ യേശുവിന്റെ ശിഷ്യന്മാരിൽ പലരും പറഞ്ഞു: “ഹൊ, എന്തൊക്കെയാണ് ഇദ്ദേഹം ഈ പറയുന്നത്? ഇതൊക്കെ കേട്ടുനിൽക്കാൻ ആർക്കു കഴിയും!” 61 ശിഷ്യന്മാർ ഇതെക്കുറിച്ച് പിറുപിറുക്കുന്നെന്നു മനസ്സിലാക്കിയ യേശു ചോദിച്ചു: “ഇതു നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കിയോ?* 62 അങ്ങനെയെങ്കിൽ മനുഷ്യപുത്രൻ എവിടെനിന്ന് വന്നോ അവിടേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ?+ 63 ദൈവാത്മാവാണു ജീവൻ തരുന്നത്.+ ശരീരംകൊണ്ട് ഒരു ഉപകാരവുമില്ല. ഞാൻ നിങ്ങളോടു പറഞ്ഞ വചനങ്ങളാണ് ആത്മാവും ജീവനും.+ 64 എന്നാൽ, വിശ്വസിക്കാത്ത ചിലർ നിങ്ങൾക്കിടയിലുണ്ട്.” വിശ്വസിക്കാത്തവർ ആരാണെന്നും തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്നും ആദ്യംമുതലേ യേശുവിന് അറിയാമായിരുന്നു.+ 65 യേശു ഇങ്ങനെയും അവരോടു പറഞ്ഞു: “പിതാവ് അനുവദിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുത്ത് വരാൻ കഴിയില്ലെന്നു ഞാൻ നിങ്ങളോടു പറഞ്ഞത് ഇതുകൊണ്ടാണ്.”+
66 ഇതു കേട്ടിട്ട് യേശുവിന്റെ ശിഷ്യരിൽ പലരും അവർ വിട്ടിട്ടുപോന്ന കാര്യങ്ങളിലേക്കു തിരിച്ചുപോയി.+ അവർ യേശുവിന്റെകൂടെ നടക്കുന്നതു നിറുത്തി. 67 അപ്പോൾ യേശു പന്ത്രണ്ടു പേരോട്,* “നിങ്ങൾക്കും പോകണമെന്നുണ്ടോ” എന്നു ചോദിച്ചു. 68 ശിമോൻ പത്രോസ് യേശുവിനോടു പറഞ്ഞു: “കർത്താവേ, ഞങ്ങൾ വേറെ ആരുടെ അടുത്തേക്കു പോകാനാണ്?+ നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെ പക്കലല്ലേ ഉള്ളത്!+ 69 അങ്ങ് ദൈവത്തിന്റെ പരിശുദ്ധനെന്നു ഞങ്ങൾ വിശ്വസിക്കുന്നു, അതു ഞങ്ങൾക്കു മനസ്സിലായിട്ടുമുണ്ട്.”+ 70 യേശു അവരോടു പറഞ്ഞു: “ഞാൻ നിങ്ങൾ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, ഇല്ലേ?+ എങ്കിലും നിങ്ങളിൽ ഒരാൾ പരദൂഷണം പറയുന്നവനാണ്.”+ 71 യേശു പറഞ്ഞതു ശിമോൻ ഈസ്കര്യോത്തിന്റെ മകനായ യൂദാസിനെക്കുറിച്ചായിരുന്നു. കാരണം പന്ത്രണ്ടു പേരിൽ ഒരാളായിരുന്നെങ്കിലും യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കാനിരിക്കുകയായിരുന്നു.+
7 ഇതിനു ശേഷം യേശു ഗലീലയിൽ ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നു.* ജൂതന്മാർ കൊല്ലാൻ നോക്കുന്നതുകൊണ്ട്+ യഹൂദ്യയിലേക്കു പോകാൻ യേശു ആഗ്രഹിച്ചില്ല. 2 എന്നാൽ ജൂതന്മാരുടെ കൂടാരോത്സവം+ അടുത്തിരുന്നതുകൊണ്ട് 3 യേശുവിന്റെ അനിയന്മാർ+ യേശുവിനോടു പറഞ്ഞു: “ഇവിടെ നിൽക്കാതെ യഹൂദ്യയിലേക്കു പോകൂ. യേശു ചെയ്യുന്നതൊക്കെ ശിഷ്യന്മാരും കാണട്ടെ. 4 പ്രസിദ്ധി ആഗ്രഹിക്കുന്ന ആരും രഹസ്യമായിട്ട് ഒന്നും ചെയ്യാറില്ലല്ലോ. ഇതൊക്കെ ചെയ്യുന്ന സ്ഥിതിക്കു യേശുവിനെ ലോകം കാണട്ടെ.” 5 എന്നാൽ യേശുവിന്റെ അനിയന്മാർ യേശുവിൽ വിശ്വസിച്ചിരുന്നില്ല.+ 6 അതുകൊണ്ട് യേശു അവരോടു പറഞ്ഞു: “എന്റെ സമയം ഇതുവരെ വന്നിട്ടില്ല.+ നിങ്ങൾക്കു പക്ഷേ, ഏതു സമയമായാലും കുഴപ്പമില്ലല്ലോ. 7 നിങ്ങളെ വെറുക്കാൻ ലോകത്തിനു കാരണം ഒന്നുമില്ല. എന്നാൽ അതിന്റെ പ്രവൃത്തികൾ ദുഷിച്ചതാണെന്നു ഞാൻ സാക്ഷി പറയുന്നതുകൊണ്ട് ലോകം എന്നെ വെറുക്കുന്നു.+ 8 നിങ്ങൾ ഉത്സവത്തിനു പൊയ്ക്കോ. ഇതുവരെ എന്റെ സമയമാകാത്തതുകൊണ്ട് ഞാൻ ഇപ്പോൾ ഉത്സവത്തിനു വരുന്നില്ല.”+ 9 അവരോട് ഇങ്ങനെ പറഞ്ഞിട്ട് യേശു ഗലീലയിൽത്തന്നെ താമസിച്ചു.
10 എന്നാൽ യേശുവിന്റെ അനിയന്മാർ ഉത്സവത്തിനു പോയിക്കഴിഞ്ഞപ്പോൾ യേശുവും പോയി. പരസ്യമായിട്ടല്ല, രഹസ്യമായിട്ടാണു പോയത്. 11 “ആ മനുഷ്യൻ എവിടെ” എന്നു ചോദിച്ചുകൊണ്ട് ജൂതന്മാർ ഉത്സവത്തിനിടെ യേശുവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. 12 ജനമെല്ലാം യേശുവിനെക്കുറിച്ച് അടക്കം പറഞ്ഞു. “യേശു ഒരു നല്ല മനുഷ്യനാണ്” എന്നു ചിലരും “അല്ല, അവൻ ജനങ്ങളെ വഴിതെറ്റിക്കുന്നവനാണ്”+ എന്നു മറ്റു ചിലരും പറഞ്ഞു. 13 എന്നാൽ ജൂതന്മാരെ പേടിച്ചിട്ട് ആരും യേശുവിനെക്കുറിച്ച് പരസ്യമായി സംസാരിച്ചില്ല.+
14 ഉത്സവം പകുതിയായപ്പോൾ യേശു ദേവാലയത്തിൽ ചെന്ന് പഠിപ്പിക്കാൻതുടങ്ങി. 15 അപ്പോൾ ജൂതന്മാർ, “വിദ്യാലയത്തിൽ പഠിച്ചിട്ടില്ലാത്ത+ യേശുവിനു തിരുവെഴുത്തുകളെക്കുറിച്ച് ഇത്രമാത്രം അറിവ് എവിടെനിന്ന് കിട്ടി”+ എന്ന് ആശ്ചര്യത്തോടെ ചോദിച്ചു. 16 യേശു അവരോടു പറഞ്ഞു: “ഞാൻ പഠിപ്പിക്കുന്ന കാര്യങ്ങൾ എന്റേതല്ല, എന്നെ അയച്ച ദൈവത്തിന്റേതാണ്.+ 17 ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നവൻ, ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതാണോ+ അതോ എന്റെ സ്വന്തം ആശയമാണോ എന്നു തിരിച്ചറിയും. 18 സ്വന്തം ആശയങ്ങൾ പറയുന്നവൻ തനിക്കു മഹത്ത്വം കിട്ടണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ തന്നെ അയച്ചവന്റെ മഹത്ത്വത്തിനായി പ്രവർത്തിക്കുന്നവൻ+ സത്യവാനാണ്.* അവനിൽ നീതികേടില്ല. 19 മോശ നിങ്ങൾക്കു നിയമം നൽകിയല്ലോ.+ പക്ഷേ നിങ്ങളിൽ ഒരാൾപ്പോലും അത് അനുസരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലാൻ നോക്കുന്നത് എന്തിനാണ്?”+ 20 ജനം യേശുവിനോടു പറഞ്ഞു: “അതിന് ആരാണു നിങ്ങളെ കൊല്ലാൻ നോക്കുന്നത്? നിങ്ങൾക്കു ഭൂതം ബാധിച്ചിട്ടുണ്ട്.”*+ 21 അപ്പോൾ യേശു പറഞ്ഞു: “ഞാൻ ഒരു കാര്യം ചെയ്തു. അതു കണ്ടപ്പോൾ നിങ്ങളെല്ലാം ആശ്ചര്യപ്പെട്ടുപോയി. 22 അങ്ങനെയെങ്കിൽ മോശ ഏർപ്പെടുത്തിയ പരിച്ഛേദനയോ?*+ (പരിച്ഛേദന വാസ്തവത്തിൽ മോശയിൽനിന്നല്ല, പൂർവികരിൽനിന്നാണു വന്നത്.)+ നിങ്ങൾ ശബത്തിൽ മനുഷ്യനെ പരിച്ഛേദന ചെയ്യുന്നു. 23 മോശയുടെ നിയമം ലംഘിക്കാതിരിക്കാൻ ഒരാളെ ശബത്തിൽ പരിച്ഛേദന ചെയ്യാമെങ്കിൽ, ശബത്തിൽ ഞാൻ ഒരു മനുഷ്യനെ പൂർണമായി സുഖപ്പെടുത്തിയതിനു നിങ്ങൾ എന്റെ നേരെ രോഷംകൊള്ളുന്നത് എന്തിനാണ്?+ 24 പുറമേ കാണുന്നതുവെച്ച് വിധിക്കാതെ നീതിയോടെ വിധിക്കുക.”+
25 അപ്പോൾ യരുശലേംകാരിൽ ചിലർ ചോദിച്ചു: “ഈ മനുഷ്യനെയല്ലേ അവർ കൊല്ലാൻ നോക്കുന്നത്?+ 26 എന്നിട്ടും കണ്ടോ, അയാൾ പരസ്യമായി സംസാരിക്കുന്നു. അവരാകട്ടെ ഒന്നും പറയുന്നുമില്ല. ഇനി ഇതു ക്രിസ്തുവാണെന്നു പ്രമാണിമാർക്ക് ഉറപ്പായിക്കാണുമോ? 27 പക്ഷേ ഈ മനുഷ്യൻ എവിടെനിന്നാണെന്നു നമുക്ക് അറിയാമല്ലോ.+ എന്നാൽ ക്രിസ്തു വരുമ്പോൾ എവിടെനിന്ന് വന്നെന്ന് ആർക്കും അറിയാൻ പറ്റില്ല.” 28 ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ യേശു വിളിച്ചുപറഞ്ഞു: “നിങ്ങൾക്ക് എന്നെ അറിയാം. ഞാൻ എവിടെനിന്ന് വന്നെന്നും അറിയാം. സ്വന്തം തീരുമാനമനുസരിച്ച് വന്നതല്ല ഞാൻ.+ എന്നെ അയച്ചത് യഥാർഥത്തിലുള്ള ഒരു വ്യക്തിയാണ്. നിങ്ങൾക്കോ ആ വ്യക്തിയെ അറിയില്ല.+ 29 എന്നാൽ എനിക്ക് അറിയാം.+ കാരണം ഞാൻ ആ വ്യക്തിയുടെ പ്രതിനിധിയാണ്. ആ വ്യക്തിയാണ് എന്നെ അയച്ചത്.” 30 അതുകൊണ്ട് അവർ യേശുവിനെ പിടികൂടാൻ വഴികൾ അന്വേഷിച്ചു.+ പക്ഷേ യേശുവിന്റെ സമയം വന്നിട്ടില്ലായിരുന്നതുകൊണ്ട് ആരും യേശുവിനെ പിടിച്ചില്ല.+ 31 ജനക്കൂട്ടത്തിൽ അനേകർ യേശുവിൽ വിശ്വസിച്ചു.+ “ക്രിസ്തു വരുമ്പോൾ ഈ മനുഷ്യൻ ചെയ്തതിൽ കൂടുതൽ എന്ത് അത്ഭുതങ്ങൾ ചെയ്യാനാണ്” എന്ന് അവർ പറഞ്ഞു.+
32 ജനം യേശുവിനെക്കുറിച്ച് ഇങ്ങനെ അടക്കം പറയുന്നതു പരീശന്മാർ കേട്ടപ്പോൾ അവരും മുഖ്യപുരോഹിതന്മാരും യേശുവിനെ പിടിക്കാൻ* ഭടന്മാരെ അയച്ചു. 33 അപ്പോൾ യേശു പറഞ്ഞു: “ഞാൻ അൽപ്പസമയംകൂടെ നിങ്ങളുടെകൂടെയുണ്ടായിരിക്കും. പിന്നെ ഞാൻ എന്നെ അയച്ച വ്യക്തിയുടെ അടുത്തേക്കു പോകും.+ 34 നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ കണ്ടെത്തില്ല. ഞാൻ പോകുന്നിടത്തേക്കു വരാനും നിങ്ങൾക്കു കഴിയില്ല.”+ 35 അപ്പോൾ ജൂതന്മാർ തമ്മിൽത്തമ്മിൽ ചോദിച്ചു: “നമുക്കു കണ്ടുപിടിക്കാൻ പറ്റാത്ത ഏതു സ്ഥലത്തേക്കായിരിക്കും ഈ മനുഷ്യൻ പോകുന്നത്? ഗ്രീക്കുകാരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന ജൂതന്മാരുടെ അടുത്ത് ചെന്ന് അവിടെയുള്ള ഗ്രീക്കുകാരെ പഠിപ്പിക്കാനാണോ ഇയാളുടെ ഉദ്ദേശ്യം? 36 ‘നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ കണ്ടെത്തില്ല. ഞാൻ പോകുന്നിടത്തേക്കു വരാനും നിങ്ങൾക്കു കഴിയില്ല’ എന്ന് ഇപ്പോൾ പറഞ്ഞതിന്റെ അർഥം എന്തായിരിക്കും?”
37 ഉത്സവത്തിന്റെ+ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ അവസാനദിവസം യേശു എഴുന്നേറ്റുനിന്ന് ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു: “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അയാൾ എന്റെ അടുത്ത് വന്ന് കുടിക്കട്ടെ.+ 38 എന്നിൽ വിശ്വസിക്കുന്നവന്റെ കാര്യത്തിൽ തിരുവെഴുത്തു പറയുന്നതു സത്യമാകും: ‘അവന്റെ ഉള്ളിൽനിന്ന് ജീവജലത്തിന്റെ അരുവികൾ ഒഴുകും.’”+ 39 തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിക്കാനിരുന്ന ദൈവാത്മാവിനെക്കുറിച്ചാണു യേശു പറഞ്ഞത്. അതുവരെ യേശു മഹത്ത്വീകരിക്കപ്പെടാത്തതുകൊണ്ട്+ അവർക്ക് അപ്പോഴും ദൈവാത്മാവ് ലഭിച്ചിരുന്നില്ല.+ 40 ഇതു കേട്ടിട്ട് ജനക്കൂട്ടത്തിൽ ചിലർ “ഇതുതന്നെയാണ് ആ പ്രവാചകൻ”+ എന്നു പറയാൻതുടങ്ങി. 41 “ഇതു ക്രിസ്തുതന്നെ”+ എന്നു മറ്റു ചിലർ പറഞ്ഞു. എന്നാൽ വേറെ ചിലർ ചോദിച്ചു: “അതിനു ക്രിസ്തു ഗലീലയിൽനിന്നാണോ വരുന്നത്?+ 42 ക്രിസ്തു ദാവീദിന്റെ വംശജനായി,+ ദാവീദിന്റെ ഗ്രാമമായ+ ബേത്ത്ലെഹെമിൽനിന്ന്+ വരുമെന്നല്ലേ തിരുവെഴുത്തു പറയുന്നത്?” 43 അങ്ങനെ, യേശുവിനെക്കുറിച്ച് ജനത്തിന്റെ ഇടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായി. 44 അവരിൽ ചിലർ യേശുവിനെ പിടികൂടാൻ* ആഗ്രഹിച്ചെങ്കിലും ആരും അതിനു മുതിർന്നില്ല.
45 ഭടന്മാർ മുഖ്യപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുത്ത് മടങ്ങിച്ചെന്നു. പരീശന്മാർ അവരോട്, “നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞത് എന്താണ്” എന്നു ചോദിച്ചു. 46 “ആ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല”+ എന്ന് അവർ പറഞ്ഞു. 47 അപ്പോൾ പരീശന്മാർ ചോദിച്ചു: “നിങ്ങളെയും അവൻ വഴിതെറ്റിച്ചോ? 48 പ്രമാണിമാരിലോ പരീശന്മാരിലോ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ, ഇല്ലല്ലോ?+ 49 എന്നാൽ നിയമം അറിഞ്ഞുകൂടാത്ത ഈ ജനം ശപിക്കപ്പെട്ടവരാണ്.” 50 അവരിൽ ഒരാളായ നിക്കോദേമൊസ് മുമ്പ് യേശുവിന്റെ അടുത്ത് പോയിട്ടുള്ള ആളായിരുന്നു.+ നിക്കോദേമൊസ് അപ്പോൾ അവരോടു ചോദിച്ചു: 51 “ഒരാൾക്കു പറയാനുള്ളതു കേൾക്കാതെയും അയാൾ ചെയ്യുന്നത് എന്താണെന്നു മനസ്സിലാക്കാതെയും അയാളെ വിധിക്കുന്നതു നമ്മുടെ നിയമമനുസരിച്ച് ശരിയാണോ?”+ 52 അപ്പോൾ അവർ നിക്കോദേമൊസിനോടു ചോദിച്ചു: “എന്താ, താങ്കളും ഒരു ഗലീലക്കാരനാണോ? തിരുവെഴുത്തുകൾ പരിശോധിച്ചുനോക്ക്, ഗലീലയിൽനിന്ന് ഒരു പ്രവാചകനും എഴുന്നേൽക്കില്ലെന്ന് അപ്പോൾ മനസ്സിലാകും.” +
8 12 യേശു ഇങ്ങനെയും അവരോടു പറഞ്ഞു: “ഞാൻ ലോകത്തിന്റെ വെളിച്ചമാണ്.+ എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും ഇരുട്ടിൽ നടക്കില്ല. അയാൾക്കു ജീവന്റെ വെളിച്ചമുണ്ടായിരിക്കും.”+ 13 അപ്പോൾ പരീശന്മാർ യേശുവിനോടു പറഞ്ഞു: “നീതന്നെ നിന്നെക്കുറിച്ച് സാക്ഷി പറയുന്നു. നിന്റെ വാക്കുകൾ സത്യമല്ല.” 14 അപ്പോൾ യേശു പറഞ്ഞു: “ഞാൻതന്നെ എന്നെക്കുറിച്ച് സാക്ഷി പറഞ്ഞാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം ഞാൻ എവിടെനിന്ന് വന്നെന്നും എവിടേക്കു പോകുന്നെന്നും എനിക്ക് അറിയാം.+ എന്നാൽ ഞാൻ എവിടെനിന്ന് വന്നെന്നും എവിടേക്കു പോകുന്നെന്നും നിങ്ങൾക്ക് അറിയില്ല. 15 നിങ്ങൾ പുറമേ കാണുന്നതനുസരിച്ച്* വിധിക്കുന്നു.+ ഞാൻ പക്ഷേ ആരെയും വിധിക്കുന്നില്ല. 16 അഥവാ വിധിച്ചാൽത്തന്നെ അതു ശരിയായ വിധിയായിരിക്കും. കാരണം ഞാൻ തനിച്ചല്ല, എന്നെ അയച്ച പിതാവ് എന്റെകൂടെയുണ്ട്.+ 17 ‘രണ്ടു പേർ സാക്ഷ്യപ്പെടുത്തിയാൽ ഒരു കാര്യം സത്യമാണ്’+ എന്നു നിങ്ങളുടെ നിയമത്തിൽത്തന്നെ എഴുതിയിട്ടുണ്ടല്ലോ. 18 എന്നെക്കുറിച്ച് സാക്ഷി പറയുന്ന ഒരാൾ ഞാൻതന്നെയാണ്. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷി പറയുന്നു.”+ 19 അപ്പോൾ അവർ, “അതിനു നിങ്ങളുടെ പിതാവ് എവിടെ” എന്നു ചോദിച്ചു. യേശു പറഞ്ഞു: “നിങ്ങൾക്ക് എന്നെയോ എന്റെ പിതാവിനെയോ അറിയില്ല.+ എന്നെ അറിയാമായിരുന്നെങ്കിൽ നിങ്ങൾ എന്റെ പിതാവിനെയും അറിയുമായിരുന്നു.”+ 20 ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്ന യേശു ഖജനാവിൽവെച്ചാണ്+ ഇതൊക്കെ പറഞ്ഞത്. പക്ഷേ യേശുവിന്റെ സമയം അപ്പോഴും വന്നിട്ടില്ലായിരുന്നതുകൊണ്ട് ആരും യേശുവിനെ പിടികൂടിയില്ല.+
21 യേശു പിന്നെയും അവരോടു പറഞ്ഞു: “ഞാൻ പോകുന്നു. നിങ്ങൾ എന്നെ അന്വേഷിക്കും. എങ്കിലും നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും.+ ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല.”+ 22 അപ്പോൾ ജൂതന്മാർ ചോദിച്ചു: “‘ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല’ എന്ന് ഇയാൾ പറയുന്നത് എന്താണ്? ഇയാൾ എന്താ ആത്മഹത്യ ചെയ്യാൻ പോകുകയാണോ?” 23 യേശു ഇങ്ങനെയും അവരോടു പറഞ്ഞു: “നിങ്ങൾ താഴെനിന്നുള്ളവർ. ഞാനോ ഉയരങ്ങളിൽനിന്നുള്ളവൻ.+ നിങ്ങൾ ഈ ലോകത്തുനിന്നുള്ളവർ. ഞാനോ ഈ ലോകത്തുനിന്നുള്ളവനല്ല. 24 അതുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞത്. വരാനിരുന്നവൻ ഞാനാണ് എന്നു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും.” 25 അപ്പോൾ അവർ യേശുവിനോട്, “നീ ആരാണ്” എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞു: “ഞാൻ ഇനി എന്തിനു നിങ്ങളോടു സംസാരിക്കണം? 26 നിങ്ങളെക്കുറിച്ച് എനിക്കു പലതും പറയാനുണ്ട്; പലതിലും നിങ്ങളെ വിധിക്കാനുമുണ്ട്. എന്നാൽ എന്നെ അയച്ച വ്യക്തിയിൽനിന്ന് കേട്ടതാണു ഞാൻ ലോകത്തോടു പറയുന്നത്.+ ആ വ്യക്തി സത്യവാനാണ്.” 27 പിതാവിനെക്കുറിച്ചാണു യേശു സംസാരിക്കുന്നതെന്ന് അവർക്കു മനസ്സിലായില്ല. 28 പിന്നെ യേശു അവരോടു പറഞ്ഞു: “നിങ്ങൾ മനുഷ്യപുത്രനെ സ്തംഭത്തിലേറ്റിക്കഴിയുമ്പോൾ,+ വരാനിരുന്നവൻ ഞാൻതന്നെയാണെന്നും+ ഞാൻ സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും ചെയ്യാതെ+ പിതാവ് എന്നെ പഠിപ്പിച്ചതുപോലെയാണ് ഇക്കാര്യങ്ങൾ സംസാരിക്കുന്നതെന്നും തിരിച്ചറിയും. 29 എന്നെ അയച്ച വ്യക്തി എന്റെകൂടെയുണ്ട്. ഞാൻ എപ്പോഴും ആ വ്യക്തിക്ക് ഇഷ്ടമുള്ളതു ചെയ്യുന്നതുകൊണ്ട് അദ്ദേഹം എന്നെ ഒരിക്കലും തനിച്ചാക്കി പോയിട്ടില്ല.”+ 30 യേശു ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ അനേകം ആളുകൾ യേശുവിൽ വിശ്വസിച്ചു.
31 തന്നിൽ വിശ്വസിച്ച ജൂതന്മാരോടു യേശു പറഞ്ഞു: “നിങ്ങൾ എപ്പോഴും എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യന്മാരാണ്. 32 നിങ്ങൾ സത്യം അറിയുകയും+ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”+ 33 അപ്പോൾ അവർ യേശുവിനോടു പറഞ്ഞു: “ഞങ്ങൾ അബ്രാഹാമിന്റെ സന്തതികളാണ്.* ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ, ‘നിങ്ങൾ സ്വതന്ത്രരാകും’ എന്നു താങ്കൾ പറയുന്നത് എന്താണ്?” 34 യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്ന ഏതൊരാളും പാപത്തിന് അടിമയാണ്.+ 35 മാത്രമല്ല, അടിമ എല്ലാക്കാലത്തും യജമാനന്റെ വീട്ടിൽ താമസിക്കുന്നില്ല. എന്നാൽ പുത്രൻ എല്ലാക്കാലത്തും വീട്ടിലുണ്ടാകും. 36 അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും. 37 നിങ്ങൾ അബ്രാഹാമിന്റെ സന്തതികളാണെന്ന് എനിക്ക് അറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലാൻ നോക്കുന്നു. കാരണം, എന്റെ വചനം നിങ്ങളിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. 38 പിതാവിന്റെകൂടെയായിരുന്നപ്പോൾ കണ്ട കാര്യങ്ങളെപ്പറ്റിയാണു ഞാൻ സംസാരിക്കുന്നത്.+ എന്നാൽ നിങ്ങൾ നിങ്ങളുടെ പിതാവിൽനിന്ന് കേട്ട കാര്യങ്ങളാണു ചെയ്യുന്നത്.” 39 അപ്പോൾ അവർ, “അബ്രാഹാമാണു ഞങ്ങളുടെ പിതാവ്” എന്നു പറഞ്ഞു. യേശു പറഞ്ഞു: “നിങ്ങൾ അബ്രാഹാമിന്റെ മക്കളായിരുന്നെങ്കിൽ+ അബ്രാഹാമിന്റെ പ്രവൃത്തികൾ ചെയ്തേനേ. 40 എന്നാൽ അതിനു പകരം, ദൈവത്തിൽനിന്ന് കേട്ട സത്യം+ നിങ്ങളോടു പറഞ്ഞ എന്നെ നിങ്ങൾ കൊല്ലാൻ ശ്രമിക്കുന്നു. അങ്ങനെയൊരു കാര്യം അബ്രാഹാം ചെയ്തിട്ടില്ല. 41 നിങ്ങൾ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നു.” അവർ യേശുവിനോടു പറഞ്ഞു: “ഞങ്ങൾ അവിഹിതബന്ധത്തിൽ ഉണ്ടായവരല്ല. ഞങ്ങൾക്ക് ഒരു പിതാവേ ഉള്ളൂ, ദൈവം.”
42 യേശു അവരോടു പറഞ്ഞു: “ദൈവമായിരുന്നു നിങ്ങളുടെ പിതാവെങ്കിൽ നിങ്ങൾ എന്നെ സ്നേഹിച്ചേനേ.+ കാരണം, ദൈവത്തിന്റെ അടുത്തുനിന്നാണു ഞാൻ ഇവിടെ വന്നത്. ഞാൻ സ്വന്തം തീരുമാനമനുസരിച്ച് വന്നതല്ല. ദൈവം എന്നെ അയച്ചതാണ്.+ 43 ഞാൻ പറയുന്നതൊന്നും നിങ്ങൾക്കു മനസ്സിലാകാത്തത് എന്താണ്? എന്റെ വചനം സ്വീകരിക്കാൻ* നിങ്ങൾക്കു പറ്റുന്നില്ല, അല്ലേ? 44 നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽനിന്നുള്ളവർ. നിങ്ങളുടെ പിതാവിന് ഇഷ്ടമുള്ളതു ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു.+ അവൻ ആദ്യംമുതലേ ഒരു കൊലപാതകിയായിരുന്നു.+ അവനിൽ സത്യമില്ലാത്തതുകൊണ്ട് അവൻ സത്യത്തിൽ ഉറച്ചുനിന്നില്ല. നുണ പറയുമ്പോൾ പിശാച് തന്റെ തനിസ്വഭാവമാണു കാണിക്കുന്നത്. കാരണം അവൻ നുണയനും നുണയുടെ അപ്പനും ആണ്.+ 45 എന്നാൽ ഞാൻ സത്യം സംസാരിക്കുന്നതുകൊണ്ട് നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. 46 നിങ്ങളിൽ ആർക്കെങ്കിലും എന്നിൽ പാപമുണ്ടെന്നു തെളിയിക്കാൻ പറ്റുമോ?+ ഞാൻ സത്യം സംസാരിച്ചിട്ടും നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്താണ്? 47 ദൈവത്തിൽനിന്നുള്ളവൻ ദൈവത്തിന്റെ വചനങ്ങൾ ശ്രദ്ധിക്കുന്നു.+ എന്നാൽ ദൈവത്തിൽനിന്നുള്ളവരല്ലാത്തതുകൊണ്ട് നിങ്ങൾ അവ ശ്രദ്ധിക്കുന്നില്ല.”+
48 അപ്പോൾ ജൂതന്മാർ യേശുവിനോട്, “നീ ഒരു ശമര്യക്കാരനാണെന്നും+ നിന്നിൽ ഭൂതമുണ്ടെന്നും+ ഞങ്ങൾ പറയുന്നതു ശരിയല്ലേ” എന്നു ചോദിച്ചു. 49 യേശു പറഞ്ഞു: “എന്നിൽ ഭൂതമില്ല. ഞാൻ എന്റെ പിതാവിനെ ബഹുമാനിക്കുന്നു. നിങ്ങളോ എന്നെ അപമാനിക്കുന്നു. 50 എനിക്കു മഹത്ത്വം കിട്ടാൻ ഞാൻ ശ്രമിക്കുന്നില്ല.+ ശ്രമിക്കുന്ന ഒരാളുണ്ട്. ആ വ്യക്തിയാണു ന്യായാധിപൻ. 51 സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം അനുസരിക്കുന്നയാൾ ഒരിക്കലും മരിക്കില്ല.”+ 52 അപ്പോൾ ജൂതന്മാർ യേശുവിനോടു പറഞ്ഞു: “തനിക്കു ഭൂതമുണ്ടെന്നു ഞങ്ങൾക്ക് ഇപ്പോൾ ഉറപ്പായി. അബ്രാഹാം മരിച്ചു. പ്രവാചകന്മാരും മരിച്ചു. എന്നാൽ, ‘എന്റെ വചനം അനുസരിക്കുന്നയാൾ ഒരിക്കലും മരിക്കില്ല’ എന്നാണു താൻ പറയുന്നത്. 53 ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ വലിയവനാണോ താൻ? അബ്രാഹാം മരിച്ചു. പ്രവാചകന്മാരും മരിച്ചു. താൻ ആരാണെന്നാണു തന്റെ വിചാരം?” 54 മറുപടിയായി യേശു പറഞ്ഞു: “ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തിയാൽ എന്റെ മഹത്ത്വം ഒന്നുമല്ല. എന്റെ പിതാവാണ് എന്നെ മഹത്ത്വപ്പെടുത്തുന്നത്,+ നിങ്ങളുടെ ദൈവമെന്നു നിങ്ങൾ പറയുന്ന ആ വ്യക്തി. 55 എന്നിട്ടും നിങ്ങൾക്ക് ആ ദൈവത്തെ അറിയില്ല. എന്നാൽ എനിക്ക് ആ ദൈവത്തെ അറിയാം.+ ദൈവത്തെ അറിയില്ല എന്നു പറഞ്ഞാൽ നിങ്ങളെപ്പോലെ ഞാനും ഒരു നുണയനാകും. എനിക്കു ദൈവത്തെ അറിയാമെന്നു മാത്രമല്ല ഞാൻ ദൈവത്തിന്റെ വചനം അനുസരിക്കുകയും ചെയ്യുന്നു. 56 നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണാമെന്ന പ്രതീക്ഷയിൽ അങ്ങേയറ്റം സന്തോഷിച്ചു. അബ്രാഹാം അതു കാണുകയും സന്തോഷിക്കുകയും ചെയ്തു.”+ 57 അപ്പോൾ ജൂതന്മാർ യേശുവിനോടു ചോദിച്ചു: “തനിക്ക് 50 വയസ്സുപോലുമായിട്ടില്ലല്ലോ. എന്നിട്ടും താൻ അബ്രാഹാമിനെ കണ്ടെന്നോ?” 58 യേശു അവരോടു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിക്കുന്നതിനും മുമ്പേ ഞാനുണ്ടായിരുന്നു.”+ 59 അപ്പോൾ അവർ യേശുവിനെ എറിയാൻ കല്ല് എടുത്തു. എന്നാൽ അവർ കാണാത്ത വിധം യേശു ഒളിച്ചു. പിന്നെ ദേവാലയത്തിൽനിന്ന് പോയി.
9 യേശു പോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. 2 ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “റബ്ബീ,+ ആരു പാപം ചെയ്തിട്ടാണ് ഇയാൾ അന്ധനായി ജനിച്ചത്? ഇയാളോ ഇയാളുടെ മാതാപിതാക്കളോ?” 3 യേശു പറഞ്ഞു: “ഇയാളോ ഇയാളുടെ മാതാപിതാക്കളോ പാപം ചെയ്തിട്ടല്ല. ഇതു ദൈവത്തിന്റെ പ്രവൃത്തികൾ ഇയാളിലൂടെ വെളിപ്പെടാൻവേണ്ടിയാണ്.+ 4 എന്നെ അയച്ച വ്യക്തിയുടെ പ്രവൃത്തികൾ പകൽ തീരുന്നതിനു മുമ്പേ നമ്മൾ ചെയ്യണം.+ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത രാത്രി വരുന്നു. 5 ഞാൻ ലോകത്തുള്ളിടത്തോളം ലോകത്തിന്റെ വെളിച്ചമാണ്.”+ 6 ഇതു പറഞ്ഞശേഷം യേശു നിലത്ത് തുപ്പി ഉമിനീരുകൊണ്ട് മണ്ണു കുഴച്ച് ആ മനുഷ്യന്റെ കണ്ണുകളിൽ തേച്ചു.+ 7 എന്നിട്ട് അയാളോട്, “ശിലോഹാം (“അയയ്ക്കപ്പെട്ടത്” എന്ന് അർഥം.) കുളത്തിൽ പോയി കഴുകുക” എന്നു പറഞ്ഞു. അയാൾ ചെന്ന് കഴുകി, കാഴ്ച കിട്ടി മടങ്ങിവന്നു.+
8 മുമ്പ് അയാളെ ഒരു യാചകനായി കണ്ടിട്ടുള്ളവരും അയൽക്കാരും, “ഇത് അവിടെ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നയാളല്ലേ” എന്നു ചോദിച്ചു. 9 “അതു ശരിയാണല്ലോ” എന്നു ചിലരും “അല്ല, ഇയാൾ അതുപോലിരിക്കുന്നെന്നേ ഉള്ളൂ” എന്നു വേറെ ചിലരും പറയുന്നുണ്ടായിരുന്നു. എന്നാൽ ആ മനുഷ്യൻ അവരോടെല്ലാം, “അതു ഞാൻതന്നെയാണ്” എന്നു പറഞ്ഞു. 10 അവർ അയാളോട്, “അപ്പോൾ എങ്ങനെയാണു നിന്റെ കണ്ണു തുറന്നത്” എന്നു ചോദിച്ചു. 11 “യേശു എന്നു പേരുള്ള ഒരാൾ മണ്ണു കുഴച്ച് എന്റെ കണ്ണുകളിൽ തേച്ചിട്ട്, ‘ശിലോഹാമിൽ പോയി കഴുകുക’+ എന്ന് എന്നോടു പറഞ്ഞു. ഞാൻ ചെന്ന് കഴുകി കാഴ്ച കിട്ടി” എന്ന് അയാൾ പറഞ്ഞു. 12 അപ്പോൾ അവർ, “എന്നിട്ട് ആ മനുഷ്യൻ എവിടെ” എന്നു ചോദിച്ചു. “എനിക്ക് അറിയില്ല” എന്ന് അയാൾ പറഞ്ഞു.
13 മുമ്പ് അന്ധനായിരുന്ന ആ മനുഷ്യനെ അവർ പരീശന്മാരുടെ അടുത്തേക്കു കൊണ്ടുപോയി. 14 യേശു മണ്ണു കുഴച്ച് അയാൾക്കു കാഴ്ച കൊടുത്തത്+ ഒരു ശബത്തുദിവസമായിരുന്നു.+ 15 അതുകൊണ്ട് അയാൾക്കു കാഴ്ച കിട്ടിയത് എങ്ങനെയാണെന്നു പരീശന്മാരും ചോദിക്കാൻതുടങ്ങി. അയാൾ അവരോടു പറഞ്ഞു: “ആ മനുഷ്യൻ മണ്ണു കുഴച്ച് എന്റെ കണ്ണുകളിൽ തേച്ചു. കഴുകിയപ്പോൾ എനിക്കു കാഴ്ച കിട്ടി.” 16 അപ്പോൾ പരീശന്മാരിൽ ചിലർ പറഞ്ഞു: “ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവനല്ല. കാരണം അവൻ ശബത്ത് ആചരിക്കുന്നില്ല.”+ മറ്റുള്ളവരാകട്ടെ, “പാപിയായ ഒരു മനുഷ്യന് എങ്ങനെ ഇതുപോലുള്ള അടയാളങ്ങൾ ചെയ്യാൻ പറ്റും”+ എന്നു ചോദിച്ചു. അങ്ങനെ, അവർക്കിടയിൽ ഭിന്നിപ്പുണ്ടായി.+ 17 അവർ പിന്നെയും ആ അന്ധനോടു ചോദിച്ചു: “ആ മനുഷ്യനെപ്പറ്റി നീ എന്തു പറയുന്നു? നിന്റെ കണ്ണുകളല്ലേ അയാൾ തുറന്നത്?” അപ്പോൾ അയാൾ, “അദ്ദേഹം ഒരു പ്രവാചകനാണ്”+ എന്നു പറഞ്ഞു.
18 കാഴ്ച ലഭിച്ചവന്റെ മാതാപിതാക്കളെ വിളിച്ച് ചോദിക്കുന്നതുവരെ, അയാൾ അന്ധനായിരുന്നെന്നും പിന്നീടാണു കാഴ്ച കിട്ടിയതെന്നും ജൂതന്മാർ വിശ്വസിച്ചില്ല. 19 അവർ അവരോടു ചോദിച്ചു: “ജന്മനാ അന്ധനായിരുന്നെന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻതന്നെയാണോ? എങ്കിൽപ്പിന്നെ ഇവന് ഇപ്പോൾ കാണാൻ പറ്റുന്നത് എങ്ങനെയാണ്?” 20 അയാളുടെ മാതാപിതാക്കൾ പറഞ്ഞു: “ഇവൻ ഞങ്ങളുടെ മകനാണെന്നും ഇവൻ ജന്മനാ അന്ധനായിരുന്നെന്നും ഞങ്ങൾക്ക് അറിയാം. 21 എന്നാൽ ഇവനു കാഴ്ച കിട്ടിയത് എങ്ങനെയാണെന്നോ ഇവന്റെ കണ്ണുകൾ തുറന്നത് ആരാണെന്നോ ഞങ്ങൾക്ക് അറിയില്ല. അവനോടുതന്നെ ചോദിക്ക്. അവൻ പറയട്ടെ. അതിനുള്ള പ്രായം അവനുണ്ടല്ലോ.” 22 ജൂതന്മാരെ പേടിച്ചിട്ടാണ് അവന്റെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞത്.+ കാരണം അവൻ ക്രിസ്തുവാണെന്ന് അംഗീകരിക്കുന്നവരെ സിനഗോഗിൽനിന്ന് പുറത്താക്കണമെന്നു ജൂതന്മാർ നേരത്തേതന്നെ തീരുമാനിച്ചുറച്ചിരുന്നു.+ 23 അതുകൊണ്ടാണ് അവന്റെ മാതാപിതാക്കൾ, “അവനോടുതന്നെ ചോദിക്ക്, അതിനുള്ള പ്രായം അവനുണ്ടല്ലോ” എന്നു പറഞ്ഞത്.
24 അങ്ങനെ, അന്ധനായിരുന്ന മനുഷ്യനെ രണ്ടാമതും വിളിച്ച് അവർ പറഞ്ഞു: “ദൈവത്തിനു മഹത്ത്വം കൊടുക്ക്. ആ മനുഷ്യൻ ഒരു പാപിയാണെന്നു ഞങ്ങൾക്ക് അറിയാം.” 25 അപ്പോൾ അയാൾ പറഞ്ഞു: “ആ മനുഷ്യൻ പാപിയാണോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ, ഒരു കാര്യം എനിക്ക് അറിയാം: ഞാൻ അന്ധനായിരുന്നു. പക്ഷേ ഇപ്പോൾ എനിക്കു കാണാം.” 26 അപ്പോൾ അവർ ചോദിച്ചു: “അയാൾ എന്താണു ചെയ്തത്? അയാൾ നിന്റെ കണ്ണു തുറന്നത് എങ്ങനെയാണ്?” 27 അയാൾ പറഞ്ഞു: “അതു ഞാൻ നിങ്ങളോടു നേരത്തേ പറഞ്ഞതല്ലേ? പക്ഷേ നിങ്ങൾ ശ്രദ്ധിച്ചില്ല. പിന്നെ ഇപ്പോൾ വീണ്ടും ചോദിക്കുന്നത് എന്തിനാ? എന്താ, നിങ്ങൾക്കും ആ മനുഷ്യന്റെ ശിഷ്യന്മാരാകണമെന്നുണ്ടോ?” 28 അവർ പുച്ഛത്തോടെ പറഞ്ഞു: “നീ അവന്റെ ശിഷ്യനായിരിക്കാം. പക്ഷേ ഞങ്ങൾ മോശയുടെ ശിഷ്യന്മാരാണ്. 29 മോശയോടു ദൈവം സംസാരിച്ചിട്ടുണ്ടെന്നു ഞങ്ങൾക്ക് അറിയാം. പക്ഷേ ഇയാൾ എവിടെനിന്ന് വന്നെന്ന് ആർക്ക് അറിയാം?” 30 അപ്പോൾ അയാൾ പറഞ്ഞു: “ആ മനുഷ്യൻ എന്റെ കണ്ണുകൾ തുറന്നിട്ടും അദ്ദേഹം എവിടെനിന്ന് വന്നെന്നു നിങ്ങൾക്കു മനസ്സിലാകാത്തത് അതിശയംതന്നെ. 31 ദൈവം പാപികളുടെ പ്രാർഥന കേൾക്കില്ലെന്നു നമുക്ക് അറിയാം.+ എന്നാൽ, ദൈവത്തെ ഭയപ്പെട്ട് ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർഥന ദൈവം കേൾക്കും.+ 32 ജന്മനാ അന്ധനായ ഒരാളുടെ കണ്ണുകൾ ആരെങ്കിലും തുറന്നതായി ഇന്നുവരെ കേട്ടിട്ടില്ല. 33 ഈ മനുഷ്യൻ ദൈവത്തിൽനിന്നല്ലായിരുന്നെങ്കിൽ ഇദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു.”+ 34 അപ്പോൾ അവർ, “അപ്പാടേ പാപത്തിൽ ജനിച്ച നീയാണോ ഞങ്ങളെ പഠിപ്പിക്കാൻവരുന്നത്” എന്നു ചോദിച്ചുകൊണ്ട് അയാളെ അവിടെനിന്ന് പുറത്താക്കി!+
35 അയാളെ പുറത്താക്കി എന്നു യേശു കേട്ടു. വീണ്ടും അയാളെ കണ്ടപ്പോൾ യേശു ചോദിച്ചു: “നിനക്കു മനുഷ്യപുത്രനിൽ വിശ്വാസമുണ്ടോ?” 36 അപ്പോൾ ആ മനുഷ്യൻ, “ഞാൻ മനുഷ്യപുത്രനിൽ വിശ്വസിക്കേണ്ടതിന് അത് ആരാണ് യജമാനനേ” എന്നു ചോദിച്ചു. 37 യേശു അയാളോടു പറഞ്ഞു: “നീ ആ മനുഷ്യനെ കണ്ടിട്ടുണ്ട്. നിന്നോടു സംസാരിക്കുന്ന ഈ ഞാൻതന്നെയാണ് അത്.”+ 38 അപ്പോൾ അയാൾ, “കർത്താവേ, ഞാൻ വിശ്വസിക്കുന്നു” എന്നു പറഞ്ഞ് യേശുവിനെ വണങ്ങി. 39 യേശു പറഞ്ഞു: “കാഴ്ചയില്ലാത്തവർ കാണട്ടെ, കാഴ്ചയുള്ളവർ അന്ധരായിത്തീരട്ടെ.+ ഇങ്ങനെയൊരു ന്യായവിധി നടക്കാൻവേണ്ടിയാണു ഞാൻ ലോകത്തേക്കു വന്നത്.”+ 40 അവിടെയുണ്ടായിരുന്ന പരീശന്മാർ ഇതു കേട്ടിട്ട്, “അതിനു ഞങ്ങളും അന്ധരാണോ, അല്ലല്ലോ” എന്നു പറഞ്ഞു.+ 41 യേശു അവരോടു പറഞ്ഞു: “നിങ്ങൾ അന്ധരായിരുന്നെങ്കിൽ നിങ്ങൾക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാൽ, ‘ഞങ്ങൾക്കു കാണാം’ എന്നു നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നിലനിൽക്കുന്നു.”+
10 “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ വേറെ വഴിക്കു കയറുന്നയാൾ കള്ളനും കവർച്ചക്കാരനും ആണ്.+ 2 വാതിലിലൂടെ കടക്കുന്നയാളാണ് ആടുകളുടെ ഇടയൻ.+ 3 വാതിൽക്കാവൽക്കാരൻ അയാൾക്കു വാതിൽ തുറന്നുകൊടുക്കുന്നു.+ ആടുകൾ അയാളുടെ ശബ്ദം കേട്ടനുസരിക്കുന്നു.+ അയാൾ തന്റെ ആടുകളെ പേരെടുത്ത് വിളിച്ച് പുറത്തേക്കു കൊണ്ടുപോകുന്നു. 4 തന്റെ ആടുകളെയെല്ലാം പുറത്ത് ഇറക്കിയിട്ട് അയാൾ മുമ്പേ നടക്കുന്നു. അയാളുടെ ശബ്ദം പരിചയമുള്ളതുകൊണ്ട് ആടുകൾ അയാളെ അനുഗമിക്കുന്നു. 5 ഒരു അപരിചിതനെ അവ ഒരിക്കലും അനുഗമിക്കില്ല. അവ അയാളുടെ അടുത്തുനിന്ന് ഓടിപ്പോകും. കാരണം അപരിചിതരുടെ ശബ്ദം അവയ്ക്കു പരിചയമില്ല.”+ 6 യേശു ഈ ഉപമ അവരോടു പറഞ്ഞെങ്കിലും അതിന്റെ അർഥം അവർക്കു മനസ്സിലായില്ല.
7 അതുകൊണ്ട് യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാനാണ്.+ 8 ഞാനാണെന്ന മട്ടിൽ വന്നവരൊക്കെ കള്ളന്മാരും കവർച്ചക്കാരും ആണ്. ആടുകൾ എന്തായാലും അവർക്കു ശ്രദ്ധ കൊടുത്തില്ല. 9 വാതിൽ ഞാനാണ്. എന്നിലൂടെ കടക്കുന്ന ഏതൊരാൾക്കും രക്ഷ കിട്ടും. അയാൾ അകത്ത് കടക്കുകയും പുറത്ത് പോകുകയും മേച്ചിൽപ്പുറം കണ്ടെത്തുകയും ചെയ്യും.+ 10 മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനും മാത്രമാണു കള്ളൻ വരുന്നത്.+ എന്നാൽ ഞാൻ വന്നത് അവർക്കു ജീവൻ കിട്ടേണ്ടതിനാണ്, അതു സമൃദ്ധമായി കിട്ടേണ്ടതിന്. 11 ഞാനാണു നല്ല ഇടയൻ.+ നല്ല ഇടയൻ ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നു.+ 12 നേരെ മറിച്ച് ഇടയനോ ആടുകളുടെ ഉടമസ്ഥനോ അല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ വിട്ട് ഓടിക്കളയുന്നു. ചെന്നായ് വന്ന് ആടുകളെ ചിതറിച്ചുകളയുകയും അവയെ പിടിക്കുകയും ചെയ്യുന്നു. 13 കൂലിക്കു വിളിച്ച ആളായതുകൊണ്ട് അയാൾക്ക് ആടുകളെക്കുറിച്ച് ചിന്തയില്ലല്ലോ. 14 ഞാനാണു നല്ല ഇടയൻ. എനിക്ക് എന്റെ ആടുകളെ അറിയാം, എന്റെ ആടുകൾക്ക് എന്നെയും.+ 15 പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെയാണ് അത്.+ ഞാൻ ആടുകൾക്കുവേണ്ടി എന്റെ ജീവൻ കൊടുക്കുന്നു.+
16 “ഈ തൊഴുത്തിൽപ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്.+ അവയെയും ഞാൻ അകത്ത് കൊണ്ടുവരേണ്ടതാണ്. അവയും എന്റെ ശബ്ദം കേട്ടനുസരിക്കും. അങ്ങനെ അവർ ഒറ്റ ആട്ടിൻകൂട്ടമാകും, അവർക്കെല്ലാവർക്കും ഇടയനും ഒന്ന്.+ 17 ഞാൻ എന്റെ ജീവൻ കൊടുക്കുന്നതുകൊണ്ട്+ പിതാവ് എന്നെ സ്നേഹിക്കുന്നു.+ എനിക്കു വീണ്ടും ജീവൻ കിട്ടാനാണു ഞാൻ അതു കൊടുക്കുന്നത്. 18 ആരും അത് എന്നിൽനിന്ന് പിടിച്ചുവാങ്ങുന്നതല്ല, എനിക്കുതന്നെ തോന്നിയിട്ട് കൊടുക്കുന്നതാണ്. ജീവൻ കൊടുക്കാനും വീണ്ടും ജീവൻ നേടാനും എനിക്ക് അധികാരമുണ്ട്.+ എന്റെ പിതാവാണ് ഇത് എന്നോടു കല്പിച്ചിരിക്കുന്നത്.”
19 ഈ വാക്കുകൾ കേട്ടിട്ട് ജൂതന്മാർക്കിടയിൽ വീണ്ടും ഭിന്നിപ്പുണ്ടായി.+ 20 അവരിൽ പലരും പറഞ്ഞു: “ഇവനെ ഭൂതം ബാധിച്ചിരിക്കുന്നു! ഇവനു ഭ്രാന്താണ്!+ എന്തിനാണ് ഇവൻ പറയുന്നതു നിങ്ങൾ ശ്രദ്ധിക്കുന്നത്?” 21 എന്നാൽ മറ്റുള്ളവർ പറഞ്ഞു: “ഇതു ഭൂതം ബാധിച്ച ഒരാളുടെ വാക്കുകളല്ല. ഒരു ഭൂതത്തിന് അന്ധന്മാരുടെ കണ്ണു തുറക്കാൻ പറ്റുമോ?”
22 യരുശലേമിൽ അതു സമർപ്പണോത്സവത്തിന്റെ സമയമായിരുന്നു. അതൊരു തണുപ്പുകാലമായിരുന്നു. 23 യേശു ദേവാലയത്തിൽ ശലോമോന്റെ മണ്ഡപത്തിലൂടെ+ നടക്കുമ്പോൾ 24 ജൂതന്മാർ വന്ന് യേശുവിന്റെ ചുറ്റും കൂടി ഇങ്ങനെ ചോദിച്ചു: “ഞങ്ങൾ എത്ര കാലം ഇങ്ങനെ ആകാംക്ഷ അടക്കി കാത്തിരിക്കണം? താങ്കൾ ക്രിസ്തുവാണെങ്കിൽ അതു തുറന്നുപറയൂ.” 25 യേശു പറഞ്ഞു: “ഞാൻ പറഞ്ഞിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾതന്നെ എന്നെക്കുറിച്ച് സാക്ഷി പറയുന്നു.+ 26 എന്നാൽ നിങ്ങൾക്കു വിശ്വാസംവരുന്നില്ല. കാരണം നിങ്ങൾ എന്റെ ആടുകളല്ല.+ 27 എന്റെ ആടുകൾ എന്റെ ശബ്ദം കേട്ടനുസരിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു.+ 28 ഞാൻ അവയ്ക്കു നിത്യജീവൻ കൊടുക്കുന്നു.+ അവ ഒരുനാളും നശിച്ചുപോകില്ല. ആരും അവയെ എന്റെ കൈയിൽനിന്ന് തട്ടിയെടുക്കുകയുമില്ല.+ 29 മറ്റ് എന്തിനെക്കാളും വിലപ്പെട്ടതാണ് എന്റെ പിതാവ് എനിക്കു തന്നിരിക്കുന്നത്. പിതാവിന്റെ കൈയിൽനിന്ന് അവയെ തട്ടിയെടുക്കാൻ ആർക്കും കഴിയില്ല.+ 30 ഞാനും പിതാവും ഒന്നാണ്.”+
31 ജൂതന്മാർ വീണ്ടും യേശുവിനെ എറിയാൻ കല്ല് എടുത്തു.+ 32 യേശു അവരോടു പറഞ്ഞു: “പിതാവിൽനിന്നുള്ള കുറെ നല്ല പ്രവൃത്തികൾ ഞാൻ നിങ്ങൾക്കു കാണിച്ചുതന്നു. അവയിൽ ഏതിന്റെ പേരിലാണു നിങ്ങൾ എന്നെ കല്ലെറിയുന്നത്?” 33 അവർ പറഞ്ഞു: “നല്ല പ്രവൃത്തിയുടെ പേരിലല്ല, ദൈവനിന്ദ പറഞ്ഞതുകൊണ്ടാണു ഞങ്ങൾ നിന്നെ കല്ലെറിയുന്നത്.+ വെറുമൊരു മനുഷ്യനായ നീ നിന്നെത്തന്നെ ദൈവമാക്കുകയല്ലേ?” 34 അപ്പോൾ യേശു അവരോടു പറഞ്ഞു: “‘“നിങ്ങൾ ദൈവങ്ങളാണ്”+ എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ നിയമത്തിൽ എഴുതിയിട്ടില്ലേ? 35 ദൈവത്തിന്റെ വചനം കുറ്റം വിധിച്ചവരെ* ‘ദൈവങ്ങൾ’+ എന്നാണല്ലോ ദൈവം വിളിച്ചത്—തിരുവെഴുത്തിനു മാറ്റം വരില്ലല്ലോ— 36 അങ്ങനെയെങ്കിൽ, പിതാവ് വിശുദ്ധീകരിച്ച് ലോകത്തേക്ക് അയച്ച എന്നോട്,* ‘നീ ദൈവനിന്ദ പറയുന്നു’ എന്നു നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ്? അതും ‘ഞാൻ ദൈവപുത്രനാണ്’+ എന്നു ഞാൻ പറഞ്ഞതിന്റെ പേരിൽ. 37 ഞാൻ ചെയ്യുന്നത് എന്റെ പിതാവിന്റെ പ്രവൃത്തികളല്ലെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കേണ്ടാ. 38 എന്നാൽ ഞാൻ പിതാവിന്റെ പ്രവൃത്തികളാണു ചെയ്യുന്നതെങ്കിൽ എന്നെ വിശ്വസിച്ചില്ലെങ്കിലും, ആ പ്രവൃത്തികൾ വിശ്വസിക്കുക.+ എങ്കിൽ, പിതാവ് എന്നോടും ഞാൻ പിതാവിനോടും യോജിപ്പിലാണെന്നു നിങ്ങൾ അറിയും, നിങ്ങൾക്ക് അതു കൂടുതൽ വ്യക്തമാകുകയും ചെയ്യും.”+ 39 അപ്പോൾ അവർ വീണ്ടും യേശുവിനെ പിടിക്കാൻ ശ്രമിച്ചു. യേശു പക്ഷേ പിടികൊടുക്കാതെ അവിടെനിന്ന് രക്ഷപ്പെട്ടു.+
40 യേശു വീണ്ടും യോർദാന് അക്കരെ യോഹന്നാൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്ത്+ ചെന്ന് അവിടെ താമസിച്ചു. 41 ധാരാളം പേർ യേശുവിന്റെ അടുത്ത് വന്നു. അവർ പറഞ്ഞു: “യോഹന്നാൻ അടയാളമൊന്നും കാണിച്ചില്ല. പക്ഷേ ഈ മനുഷ്യനെപ്പറ്റി യോഹന്നാൻ പറഞ്ഞതു മുഴുവൻ സത്യമാണ്.”+ 42 അവിടെവെച്ച് അനേകം ആളുകൾ യേശുവിൽ വിശ്വസിച്ചു.
11 ബഥാന്യക്കാരനായ+ ലാസർ രോഗം ബാധിച്ച് കിടപ്പിലായി. മറിയയുടെയും സഹോദരി മാർത്തയുടെയും+ ഗ്രാമമായിരുന്നു ബഥാന്യ. 2 ഈ മറിയയാണു കർത്താവിന്റെ മേൽ സുഗന്ധതൈലം ഒഴിക്കുകയും മുടികൊണ്ട് കർത്താവിന്റെ പാദങ്ങൾ തുടയ്ക്കുകയും ചെയ്തത്.+ രോഗിയായി കിടന്ന ലാസർ മറിയയുടെ ആങ്ങളയായിരുന്നു. 3 ലാസറിന്റെ പെങ്ങന്മാർ യേശുവിന്റെ അടുത്ത് ആളയച്ച്, “കർത്താവേ, അങ്ങയ്ക്കു പ്രിയപ്പെട്ടവൻ രോഗിയായി കിടപ്പിലാണ്”+ എന്ന് അറിയിച്ചു. 4 അതു കേട്ടപ്പോൾ യേശു പറഞ്ഞു: “ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല. പകരം, ദൈവത്തിന്റെ മഹത്ത്വത്തിനും+ ദൈവപുത്രൻ മഹത്ത്വപ്പെടാനും വേണ്ടിയുള്ളതാണ്.”
5 യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു. 6 പക്ഷേ ലാസർ കിടപ്പിലായി എന്നു കേട്ടിട്ടും യേശു രണ്ടു ദിവസംകൂടെ അവിടെത്തന്നെ തങ്ങി. 7 പിന്നെ ശിഷ്യന്മാരോട്, “നമുക്കു വീണ്ടും യഹൂദ്യയിലേക്കു പോകാം” എന്നു പറഞ്ഞു. 8 ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “റബ്ബീ,+ ഇയ്യിടെയല്ലേ യഹൂദ്യയിലുള്ളവർ അങ്ങയെ കല്ലെറിയാൻ ഒരുങ്ങിയത്?+ എന്നിട്ട് വീണ്ടും അവിടേക്കുതന്നെ പോകുകയാണോ?” 9 യേശു പറഞ്ഞു: “പകൽവെളിച്ചം 12 മണിക്കൂറുണ്ടല്ലോ.+ പകൽ നടക്കുന്നയാൾ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ട് തട്ടിവീഴുന്നില്ല. 10 പക്ഷേ രാത്രിയിൽ നടക്കുന്നയാൾ വെളിച്ചമില്ലാത്തതുകൊണ്ട് തട്ടിവീഴുന്നു.”
11 എന്നിട്ട് യേശു അവരോടു പറഞ്ഞു: “നമ്മുടെ കൂട്ടുകാരനായ ലാസർ ഉറങ്ങുകയാണ്.+ ഞാൻ ചെന്ന് അവനെ ഉണർത്തട്ടെ.” 12 അപ്പോൾ ശിഷ്യന്മാർ യേശുവിനോട്, “കർത്താവേ, ഉറങ്ങുകയാണെങ്കിൽ ലാസറിന്റെ അസുഖം മാറിക്കൊള്ളും”* എന്നു പറഞ്ഞു. 13 പക്ഷേ യേശു പറഞ്ഞതു ലാസറിന്റെ മരണത്തെക്കുറിച്ചായിരുന്നു. എന്നാൽ ഉറങ്ങിവിശ്രമിക്കുന്നതിനെക്കുറിച്ചാണു യേശു പറഞ്ഞതെന്ന് അവർ വിചാരിച്ചു. 14 അപ്പോൾ യേശു അവരോടു തെളിച്ചുപറഞ്ഞു: “ലാസർ മരിച്ചുപോയി.+ 15 എന്നാൽ നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ അവിടെ ഇല്ലാഞ്ഞത് എത്ര നന്നായെന്ന് എനിക്കു തോന്നുന്നു. നിങ്ങൾ വിശ്വസിക്കാൻ അതു കാരണമാകുമല്ലോ. നമുക്ക് അവന്റെ അടുത്തേക്കു പോകാം.” 16 ഇരട്ട എന്നും പേരുള്ള തോമസ് മറ്റു ശിഷ്യന്മാരോടു പറഞ്ഞു: “വാ, നമുക്കും പോകാം. എന്നിട്ട് യേശുവിന്റെകൂടെ മരിക്കാം.”+
17 അവിടെ എത്തിയപ്പോൾ ലാസറിനെ കല്ലറയിൽ വെച്ചിട്ട് നാലു ദിവസമായെന്നു യേശു മനസ്സിലാക്കി. 18 ബഥാന്യ യരുശലേമിന് അടുത്തായിരുന്നു. അവിടെനിന്ന് യരുശലേമിലേക്ക് ഏകദേശം മൂന്നു കിലോമീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂ. 19 ആങ്ങളയുടെ വേർപാടിൽ ദുഃഖിതരായ മാർത്തയെയും മറിയയെയും ആശ്വസിപ്പിക്കാൻ ഒട്ടേറെ ജൂതന്മാർ അവിടെ വന്നിരുന്നു. 20 യേശു വരുന്നെന്നു കേട്ടിട്ട് മാർത്ത യേശുവിനെ സ്വീകരിക്കാൻ ചെന്നു. പക്ഷേ മറിയ+ വീട്ടിൽത്തന്നെ ഇരുന്നു. 21 മാർത്ത യേശുവിനോടു പറഞ്ഞു: “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ ആങ്ങള മരിക്കില്ലായിരുന്നു. 22 എന്നാൽ അങ്ങ് ചോദിക്കുന്നത് എന്തും ദൈവം തരുമെന്ന് ഇപ്പോൾപ്പോലും എനിക്ക് ഉറപ്പുണ്ട്.” 23 യേശു മാർത്തയോട്, “നിന്റെ ആങ്ങള എഴുന്നേറ്റുവരും” എന്നു പറഞ്ഞു. 24 മാർത്ത യേശുവിനോട്, “അവസാനനാളിലെ പുനരുത്ഥാനത്തിൽ+ ലാസർ എഴുന്നേറ്റുവരുമെന്ന് എനിക്ക് അറിയാം” എന്നു പറഞ്ഞു. 25 അപ്പോൾ യേശു മാർത്തയോടു പറഞ്ഞു: “ഞാനാണു പുനരുത്ഥാനവും ജീവനും.+ എന്നിൽ വിശ്വസിക്കുന്നയാൾ മരിച്ചാലും ജീവനിലേക്കു വരും. 26 എന്നിൽ വിശ്വസിച്ച് ജീവിക്കുന്ന ആരും ഒരിക്കലും മരിക്കുകയുമില്ല.+ നീ ഇതു വിശ്വസിക്കുന്നുണ്ടോ?” 27 മാർത്ത യേശുവിനോട്, “ഉണ്ട് കർത്താവേ, ലോകത്തേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു അങ്ങാണ് എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു പറഞ്ഞു. 28 ഇതു പറഞ്ഞിട്ട് മാർത്ത പോയി സഹോദരിയായ മറിയയെ വിളിച്ച് സ്വകാര്യമായി പറഞ്ഞു: “ഗുരു+ വന്നിട്ടുണ്ട്. നിന്നെ അന്വേഷിക്കുന്നു.” 29 ഇതു കേട്ടപ്പോൾ മറിയ പെട്ടെന്ന് എഴുന്നേറ്റ് യേശുവിന്റെ അടുത്തേക്കു ചെന്നു.
30 യേശു അപ്പോഴും ഗ്രാമത്തിൽ എത്തിയിരുന്നില്ല; മാർത്ത യേശുവിനെ കണ്ട സ്ഥലത്തുതന്നെയായിരുന്നു. 31 മറിയ പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്കു പോകുന്നതു കണ്ടപ്പോൾ മറിയയെ ആശ്വസിപ്പിച്ചുകൊണ്ട് വീട്ടിൽ ഇരുന്ന ജൂതന്മാർ, മറിയ കല്ലറയിൽ+ ചെന്ന് കരയാൻപോകുകയാണെന്നു കരുതി പിന്നാലെ ചെന്നു. 32 മറിയ യേശു നിൽക്കുന്ന സ്ഥലത്ത് എത്തി. യേശുവിനെ കണ്ടപ്പോൾ കാൽക്കൽ വീണ് യേശുവിനോട്, “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ ആങ്ങള മരിക്കില്ലായിരുന്നു” എന്നു പറഞ്ഞു. 33 മറിയയും കൂടെ വന്ന ജൂതന്മാരും കരയുന്നതു കണ്ടപ്പോൾ മനസ്സു നൊന്ത് യേശു വല്ലാതെ അസ്വസ്ഥനായി. 34 “എവിടെയാണ് അവനെ വെച്ചത്” എന്നു യേശു ചോദിച്ചപ്പോൾ അവർ, “കർത്താവേ, വന്ന് കാണൂ” എന്നു പറഞ്ഞു. 35 യേശുവിന്റെ കണ്ണു നിറഞ്ഞൊഴുകി.+ 36 ജൂതന്മാർ ഇതു കണ്ടിട്ട്, “യേശുവിനു ലാസറിനെ എന്ത് ഇഷ്ടമായിരുന്നെന്നു കണ്ടോ” എന്നു പറഞ്ഞു. 37 എന്നാൽ അവരിൽ ചിലർ, “അന്ധനു കാഴ്ച കൊടുത്ത ഈ മനുഷ്യനു+ ലാസർ മരിക്കാതെ നോക്കാൻ കഴിയില്ലായിരുന്നോ” എന്നു ചോദിച്ചു.
38 യേശു വീണ്ടും ദുഃഖവിവശനായി കല്ലറയുടെ അടുത്തേക്കു നീങ്ങി. അതൊരു ഗുഹയായിരുന്നു. ഗുഹയുടെ വാതിൽക്കൽ ഒരു കല്ലും വെച്ചിരുന്നു. 39 “ഈ കല്ല് എടുത്തുമാറ്റ്” എന്നു യേശു പറഞ്ഞു. അപ്പോൾ, മരിച്ചവന്റെ പെങ്ങളായ മാർത്ത പറഞ്ഞു: “കർത്താവേ, നാലു ദിവസമായല്ലോ. ദുർഗന്ധം കാണും.” 40 യേശു അവളോട്, “വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്ത്വം കാണുമെന്നു ഞാൻ പറഞ്ഞില്ലേ”+ എന്നു ചോദിച്ചു. 41 അവർ കല്ല് എടുത്തുമാറ്റി. അപ്പോൾ യേശു ആകാശത്തേക്കു കണ്ണ് ഉയർത്തി+ പറഞ്ഞു: “പിതാവേ, അങ്ങ് എന്റെ അപേക്ഷ കേട്ടതുകൊണ്ട് ഞാൻ നന്ദി പറയുന്നു. 42 അങ്ങ് എപ്പോഴും എന്റെ അപേക്ഷ കേൾക്കാറുണ്ടെന്ന് എനിക്ക് അറിയാം. എന്നാൽ അങ്ങാണ് എന്നെ അയച്ചതെന്നു ചുറ്റും നിൽക്കുന്ന ഈ ജനം വിശ്വസിക്കാൻ അവരെ ഓർത്താണു ഞാൻ ഇതു പറഞ്ഞത്.”+ 43 ഇത്രയും പറഞ്ഞിട്ട് യേശു, “ലാസറേ, പുറത്ത് വരൂ”+ എന്ന് ഉറക്കെ പറഞ്ഞു. 44 മരിച്ചയാൾ പുറത്ത് വന്നു. അയാളുടെ കൈകാലുകൾ തുണികൊണ്ട് ചുറ്റിയിരുന്നു. മുഖം ഒരു തുണികൊണ്ട് മൂടിയിരുന്നു. യേശു അവരോടു പറഞ്ഞു: “അവന്റെ കെട്ട് അഴിക്കൂ. അവൻ പോകട്ടെ.”
45 മറിയയുടെ അടുത്ത് വന്ന ജൂതന്മാരിൽ പലരും ഇതെല്ലാം കണ്ട് യേശുവിൽ വിശ്വസിച്ചു.+ 46 എന്നാൽ അവരിൽ ചിലർ പരീശന്മാരുടെ അടുത്ത് ചെന്ന് യേശു ചെയ്തത് അവരെ അറിയിച്ചു. 47 അതുകൊണ്ട് മുഖ്യപുരോഹിതന്മാരും പരീശന്മാരും സൻഹെദ്രിൻ വിളിച്ചുകൂട്ടി. അവർ പറഞ്ഞു: “നമ്മൾ ഇനി എന്തു ചെയ്യും? ഈ മനുഷ്യൻ ധാരാളം അടയാളങ്ങൾ കാണിക്കുന്നല്ലോ.+ 48 ഇവനെ ഇങ്ങനെ വിട്ടാൽ എല്ലാവരും അവനിൽ വിശ്വസിക്കും. റോമാക്കാർ വന്ന് നമ്മുടെ സ്ഥലം കൈയടക്കും, നമ്മുടെ ജനതയെയും പിടിച്ചടക്കും.” 49 അവരിലൊരാളും ആ വർഷത്തെ മഹാപുരോഹിതനും ആയ കയ്യഫ+ അപ്പോൾ അവരോടു പറഞ്ഞു: “നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ. 50 ഈ ജനത ഒന്നടങ്കം നശിക്കുന്നതിനെക്കാൾ അവർക്കെല്ലാംവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതാണു നല്ലതെന്നു നിങ്ങൾ എന്താ ചിന്തിക്കാത്തത്?”+ 51 ഇതു കയ്യഫ സ്വന്തമായി പറഞ്ഞതല്ലായിരുന്നു. കയ്യഫ ആ വർഷത്തെ മഹാപുരോഹിതനായിരുന്നതുകൊണ്ട്, യേശു ആ ജനതയ്ക്കുവേണ്ടിയും, 52 ജനതയ്ക്കുവേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒന്നായി കൂട്ടിച്ചേർക്കാൻവേണ്ടിയും+ മരിക്കേണ്ടതാണെന്നു പ്രവചിക്കുകയായിരുന്നു. 53 അന്നുമുതൽ അവർ യേശുവിനെ കൊല്ലാൻ ഗൂഢാലോചന തുടങ്ങി.+
54 അതുകൊണ്ട് യേശു പിന്നെ ജൂതന്മാർക്കിടയിൽ പരസ്യമായി സഞ്ചരിക്കാതായി. യേശു അവിടം വിട്ട് വിജനഭൂമിക്കരികെയുള്ള എഫ്രയീം+ എന്ന നഗരത്തിൽ ചെന്ന്+ ശിഷ്യന്മാരുടെകൂടെ അവിടെ താമസിച്ചു. 55 ജൂതന്മാരുടെ പെസഹാപ്പെരുന്നാൾ+ അടുത്തിരുന്നു. പെസഹയ്ക്കുമുമ്പ് ആചാരപ്രകാരമുള്ള ശുദ്ധീകരണം നടത്താൻ നാട്ടിൻപുറങ്ങളിൽ താമസിക്കുന്ന ധാരാളം ആളുകൾ യരുശലേമിലേക്കു പോയി. 56 അവർ യേശുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. “നിങ്ങൾക്ക് എന്തു തോന്നുന്നു? യേശു ഉത്സവത്തിനു വരാതിരിക്കുമോ” എന്ന് അവർ ദേവാലയത്തിൽവെച്ച് പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു. 57 എന്നാൽ യേശു എവിടെയുണ്ടെന്ന് ആർക്കെങ്കിലും വിവരം കിട്ടിയാൽ അത് അറിയിക്കണമെന്നു മുഖ്യപുരോഹിതന്മാരും പരീശന്മാരും ഉത്തരവിട്ടിരുന്നു. യേശുവിനെ പിടിക്കാനായിരുന്നു* അവരുടെ പദ്ധതി.
12 പെസഹയ്ക്ക് ആറു ദിവസം മുമ്പ് യേശു, മരിച്ചവരിൽനിന്ന് താൻ ഉയിർപ്പിച്ച ലാസർ+ താമസിച്ചിരുന്ന ബഥാന്യയിൽ+ എത്തി. 2 അവിടെ അവർ യേശുവിന് ഒരു അത്താഴവിരുന്ന് ഒരുക്കി. യേശുവിന്റെകൂടെ ഭക്ഷണത്തിന് ഇരുന്നവരിൽ ലാസറുമുണ്ടായിരുന്നു. മാർത്തയാണ് അവർക്കു ഭക്ഷണം വിളമ്പിയത്.+ 3 അപ്പോൾ മറിയ വളരെ വിലപിടിപ്പുള്ള ഒരു റാത്തൽ ശുദ്ധമായ ജടാമാംസി തൈലം എടുത്ത് യേശുവിന്റെ പാദങ്ങളിൽ പൂശി, തന്റെ മുടികൊണ്ട് ആ പാദങ്ങൾ തുടച്ചു.+ സുഗന്ധതൈലത്തിന്റെ സൗരഭ്യംകൊണ്ട് വീടു നിറഞ്ഞു.+ 4 എന്നാൽ യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്ന, യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായ യൂദാസ് ഈസ്കര്യോത്ത്+ അപ്പോൾ പറഞ്ഞു: 5 “ഈ സുഗന്ധതൈലം 300 ദിനാറെക്കു വിറ്റ് ദരിദ്രർക്കു കൊടുക്കാമായിരുന്നല്ലോ.” 6 യൂദാസ് ഇതു പറഞ്ഞതു ദരിദ്രരെക്കുറിച്ച് വിചാരമുണ്ടായിട്ടല്ല, മറിച്ച് ഒരു കള്ളനായതുകൊണ്ടും തന്നെ ഏൽപ്പിച്ചിരുന്ന പണപ്പെട്ടിയിൽനിന്ന് പണം കട്ടെടുത്തിരുന്നതുകൊണ്ടും ആണ്. 7 എന്നാൽ യേശു പറഞ്ഞു: “അവളെ വെറുതേ വിട്. എന്റെ ശവസംസ്കാരദിവസത്തിനുള്ള ഒരുക്കമായി അവൾ ഇതു ചെയ്യട്ടെ.+ 8 ദരിദ്രർ എപ്പോഴും നിങ്ങളുടെകൂടെയുണ്ടല്ലോ.+ പക്ഷേ ഞാനുണ്ടായിരിക്കില്ല.”+
9 യേശു അവിടെയുണ്ടെന്ന് അറിഞ്ഞിട്ട് ജൂതന്മാരുടെ ഒരു വലിയ കൂട്ടം അവിടെ വന്നു. യേശുവിനെ മാത്രമല്ല, യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസറിനെക്കൂടി കാണാനാണ് അവർ വന്നത്.+ 10 ലാസറിനെയുംകൂടെ കൊന്നുകളയാൻ മുഖ്യപുരോഹിതന്മാർ കൂടിയാലോചിച്ചു.+ 11 കാരണം ലാസറിനെ കാണാനാണു ജൂതന്മാരിൽ പലരും അവിടേക്കു പോയതും ഒടുവിൽ യേശുവിൽ വിശ്വസിച്ചതും.+
12 പിറ്റേന്ന്, ഉത്സവത്തിനു വന്നുകൂടിയ ഒരു വലിയ ജനക്കൂട്ടം യേശു യരുശലേമിലേക്കു വരുന്നെന്നു കേട്ടിട്ട് 13 ഈന്തപ്പനയുടെ ഓലകളുമായി യേശുവിനെ വരവേൽക്കാൻ ചെന്നു.+ “ഓശാന!* യഹോവയുടെ നാമത്തിൽ വരുന്ന+ ഇസ്രായേലിന്റെ രാജാവ്+ അനുഗൃഹീതൻ” എന്ന് അവർ ആർത്തുവിളിച്ചു. 14 യേശു ഒരു കഴുതക്കുട്ടിയെ കണ്ടപ്പോൾ അതിന്റെ പുറത്ത് കയറി ഇരുന്നു.+ 15 “സീയോൻപുത്രിയേ, പേടിക്കേണ്ടാ. ഇതാ, നിന്റെ രാജാവ് കഴുതക്കുട്ടിയുടെ പുറത്ത് കയറി വരുന്നു”+ എന്ന് എഴുതിയിരുന്നത് അങ്ങനെ നിറവേറി. 16 യേശുവിന്റെ ശിഷ്യന്മാർക്ക് ആദ്യം ഈ കാര്യങ്ങൾ മനസ്സിലായില്ല.+ എന്നാൽ യേശു മഹത്ത്വീകരിക്കപ്പെട്ടശേഷം,+ യേശുവിനെക്കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയിരുന്നെന്നും തങ്ങൾ യേശുവിനുവേണ്ടി ഇങ്ങനെയൊക്കെ ചെയ്തെന്നും അവർ ഓർത്തു.+
17 മരിച്ചുപോയ ലാസറിനെ യേശു കല്ലറയിൽനിന്ന് വിളിച്ച്+ ഉയിർപ്പിച്ചതു കണ്ട ജനക്കൂട്ടം അതെക്കുറിച്ച് മറ്റുള്ളവരോടു പറയുന്നുണ്ടായിരുന്നു.+ 18 യേശു ഇങ്ങനെയൊരു അടയാളം കാണിച്ചെന്നു കേട്ടതുകൊണ്ടുംകൂടെയാണു ജനം യേശുവിനെ കാണാൻ ചെന്നത്. 19 അപ്പോൾ പരീശന്മാർ തമ്മിൽത്തമ്മിൽ പറഞ്ഞു: “ഛെ! നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ. ലോകം മുഴുവൻ ഇവന്റെ പിന്നാലെയാണ്.”+
20 ഉത്സവത്തിന് ആരാധിക്കാൻ വന്നവരിൽ ചില ഗ്രീക്കുകാരുമുണ്ടായിരുന്നു. 21 അവർ ഗലീലയിലെ ബേത്ത്സയിദയിൽനിന്നുള്ള ഫിലിപ്പോസിന്റെ+ അടുത്ത് ചെന്ന്, “യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണണമെന്നുണ്ട്” എന്ന് അപേക്ഷിച്ചു. 22 ഫിലിപ്പോസ് ചെന്ന് അത് അന്ത്രയോസിനോടു+ പറഞ്ഞു. അന്ത്രയോസും ഫിലിപ്പോസും പോയി അതു യേശുവിനെ അറിയിച്ചു.
23 യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെടാനുള്ള സമയം വന്നിരിക്കുന്നു.+ 24 സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഒരു ഗോതമ്പുമണി മണ്ണിൽ വീണ് അഴുകുന്നില്ലെങ്കിൽ*+ അത് ഒരൊറ്റ ഗോതമ്പുമണിയായിത്തന്നെയിരിക്കും. എന്നാൽ അഴുകുന്നെങ്കിലോ അതു നല്ല വിളവ് തരും. 25 തന്റെ ജീവനെ പ്രിയപ്പെടുന്നവൻ അതിനെ ഇല്ലാതാക്കും. എന്നാൽ ഈ ലോകത്തിൽ തന്റെ ജീവനെ വെറുക്കുന്നവൻ+ നിത്യജീവനുവേണ്ടി അതു കാത്തുസൂക്ഷിക്കും.+ 26 എനിക്കു ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. ഞാൻ എവിടെയാണോ അവിടെയായിരിക്കും എനിക്കു ശുശ്രൂഷ ചെയ്യുന്നവനും.+ എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവ് ആദരിക്കും. 27 ഇപ്പോൾ ഞാൻ ആകെ അസ്വസ്ഥനാണ്.+ ഞാൻ എന്തു പറയാൻ? പിതാവേ, ഈ നാഴികയിൽനിന്ന്* എന്നെ രക്ഷിക്കേണമേ.+ എങ്കിലും ഇതിനുവേണ്ടിയാണല്ലോ ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നത്. 28 പിതാവേ, അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തേണമേ.” അപ്പോൾ ആകാശത്തുനിന്ന് ഒരു ശബ്ദമുണ്ടായി:+ “ഞാൻ അതു മഹത്ത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്ത്വപ്പെടുത്തും.”+
29 അവിടെ നിന്നിരുന്ന ജനക്കൂട്ടം അതു കേട്ടിട്ട് ഇടിമുഴക്കമാണെന്നു പറഞ്ഞു. മറ്റുള്ളവരോ, “ഒരു ദൂതൻ അദ്ദേഹത്തോടു സംസാരിച്ചതാണ്” എന്നു പറഞ്ഞു. 30 അപ്പോൾ യേശു അവരോടു പറഞ്ഞു: “ഈ ശബ്ദം ഉണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്.+ 31 ഇപ്പോൾ ഈ ലോകത്തെ ന്യായം വിധിക്കും. ഈ ലോകത്തിന്റെ ഭരണാധികാരിയെ+ തള്ളിക്കളയാനുള്ള സമയമാണ് ഇത്.+ 32 എന്നാൽ എന്നെ ഭൂമിയിൽനിന്ന് ഉയർത്തുമ്പോൾ+ ഞാൻ എല്ലാ തരം മനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും.”+ 33 തന്റെ ആസന്നമായ മരണം ഏതു വിധത്തിലായിരിക്കും+ എന്നു സൂചിപ്പിക്കാനാണു യേശു ഇതു പറഞ്ഞത്. 34 അപ്പോൾ ജനക്കൂട്ടം യേശുവിനോടു പറഞ്ഞു: “ക്രിസ്തു എന്നുമുണ്ടായിരിക്കുമെന്നാണു നിയമപുസ്തകത്തിൽനിന്ന് ഞങ്ങൾ കേട്ടിരിക്കുന്നത്.+ അപ്പോൾപ്പിന്നെ മനുഷ്യപുത്രനെ ഉയർത്തുമെന്നു+ താങ്കൾ പറയുന്നത് എന്താണ്? ഏതു മനുഷ്യപുത്രനെക്കുറിച്ചാണു താങ്കൾ പറയുന്നത്?” 35 യേശു അവരോടു പറഞ്ഞു: “ഇനി, കുറച്ച് കാലത്തേക്കു മാത്രമേ വെളിച്ചം നിങ്ങളുടെകൂടെയുണ്ടായിരിക്കൂ.+ ഇരുട്ടു നിങ്ങളെ കീഴടക്കാതിരിക്കാൻ വെളിച്ചമുള്ളപ്പോൾ നടന്നുകൊള്ളുക. ഇരുട്ടിൽ നടക്കുന്നവനു താൻ എവിടേക്കാണു പോകുന്നതെന്ന് അറിയില്ലല്ലോ.+ 36 നിങ്ങൾ വെളിച്ചത്തിന്റെ പുത്രന്മാരാകാൻ+ വെളിച്ചമുള്ളപ്പോൾ വെളിച്ചത്തിൽ വിശ്വാസമർപ്പിക്കുക.”
ഇതു പറഞ്ഞിട്ട് യേശു അവിടെനിന്ന് പോയി, അവരുടെ കണ്ണിൽപ്പെടാതെ കഴിഞ്ഞു. 37 അവരുടെ കൺമുന്നിൽവെച്ച് അനേകം അടയാളങ്ങൾ ചെയ്തിട്ടും അവർ യേശുവിൽ വിശ്വസിച്ചില്ല. 38 അങ്ങനെ, യശയ്യ പ്രവാചകന്റെ ഈ വാക്കുകൾ നിറവേറി: “യഹോവേ, ഞങ്ങൾ പറഞ്ഞതു കേട്ട്* വിശ്വസിച്ച ആരാണുള്ളത്?+ യഹോവ തന്റെ കൈ ആർക്കു വെളിപ്പെടുത്തിയിരിക്കുന്നു?”+ 39 അവർക്കു വിശ്വസിക്കാൻ കഴിയാഞ്ഞതിന്റെ കാരണത്തെക്കുറിച്ചും യശയ്യ ഇങ്ങനെ പറഞ്ഞിരുന്നു: 40 “ദൈവം അവരുടെ കണ്ണുകൾ അന്ധമാക്കിയിരിക്കുന്നു. അവരുടെ ഹൃദയങ്ങൾ കഠിനമാക്കിയിരിക്കുന്നു. അതുകൊണ്ട് അവർ അവരുടെ കണ്ണുകൊണ്ട് കാണുന്നില്ല, ഹൃദയംകൊണ്ട് ഗ്രഹിക്കുന്നില്ല. മനംതിരിഞ്ഞുവരാത്ത അവരെ ഞാൻ സുഖപ്പെടുത്തുന്നുമില്ല.”+ 41 ക്രിസ്തുവിന്റെ മഹത്ത്വം കണ്ടതുകൊണ്ടാണ് യശയ്യ ക്രിസ്തുവിനെക്കുറിച്ച് ഇതു പറഞ്ഞത്.+ 42 പ്രമാണിമാരിൽപ്പോലും ധാരാളം പേർ യേശുവിൽ വിശ്വസിച്ചു.+ എങ്കിലും അവർക്കു പരീശന്മാരെ പേടിയായിരുന്നു. അതുകൊണ്ട് സിനഗോഗിൽനിന്ന് പുറത്താക്കുമോ എന്നു ഭയന്ന് അവർ യേശുവിനെ അംഗീകരിക്കുന്ന കാര്യം പരസ്യമായി സമ്മതിച്ചില്ല.+ 43 അവർ ദൈവത്തിന്റെ അംഗീകാരത്തെക്കാൾ മനുഷ്യരുടെ അംഗീകാരമാണ് ആഗ്രഹിച്ചത്.+
44 യേശു ഇങ്ങനെ വിളിച്ചുപറഞ്ഞു: “എന്നിൽ വിശ്വസിക്കുന്നവൻ എന്നെ മാത്രമല്ല, എന്നെ അയച്ച വ്യക്തിയെയും വിശ്വസിക്കുന്നു.+ 45 എന്നെ കാണുന്നവൻ എന്നെ അയച്ച വ്യക്തിയെയും കാണുന്നു.+ 46 എന്നിൽ വിശ്വസിക്കുന്ന ആരും ഇരുട്ടിൽ കഴിയാതിരിക്കാൻ+ ഞാൻ വെളിച്ചമായി ലോകത്തേക്കു വന്നിരിക്കുന്നു.+ 47 എന്റെ വചനം കേട്ടിട്ട് അത് അനുസരിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല. കാരണം ഞാൻ വന്നിരിക്കുന്നതു ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്.+ 48 എന്നാൽ എന്നെ വകവെക്കാതെ എന്റെ വചനങ്ങൾ തള്ളിക്കളയുന്നവനെ വിധിക്കുന്ന ഒരാളുണ്ട്. എന്റെ വാക്കുകളായിരിക്കും അവസാനനാളിൽ അവനെ വിധിക്കുക.+ 49 കാരണം ഞാൻ എനിക്കു തോന്നുന്നതുപോലെ ഒന്നും സംസാരിച്ചിട്ടില്ല. എന്തു പറയണം, എന്തു സംസാരിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എന്നോടു കല്പിച്ചിട്ടുണ്ട്.+ 50 പിതാവിന്റെ കല്പന നിത്യജീവനിലേക്കു നയിക്കുന്നെന്ന് എനിക്ക് അറിയാം.+ അതുകൊണ്ട് പിതാവ് എന്നോടു പറഞ്ഞിട്ടുള്ളതു മാത്രമാണു ഞാൻ സംസാരിക്കുന്നത്.”+
13 ഈ ലോകം വിട്ട് പിതാവിന്റെ അടുത്തേക്കു പോകാനുള്ള സമയം വന്നിരിക്കുന്നെന്നു+ പെസഹാപ്പെരുന്നാളിനു മുമ്പുതന്നെ യേശുവിന് അറിയാമായിരുന്നു.+ ഈ ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ യേശു സ്നേഹിച്ചു, അവസാനംവരെ സ്നേഹിച്ചു.+ 2 അവർ അത്താഴം കഴിക്കുകയായിരുന്നു.* യേശുവിനെ ഒറ്റിക്കൊടുക്കാൻ പിശാച് ശിമോന്റെ മകനായ യൂദാസ് ഈസ്കര്യോത്തിന്റെ+ ഹൃദയത്തിൽ തോന്നിച്ചിരുന്നു.+ 3 പിതാവ് എല്ലാം തന്റെ കൈയിൽ തന്നിരിക്കുന്നെന്നും ദൈവത്തിന്റെ അടുത്തുനിന്ന് വന്ന താൻ ദൈവത്തിന്റെ അടുത്തേക്കുതന്നെ പോകുന്നെന്നും അറിയാമായിരുന്ന യേശു,+ 4 അത്താഴത്തിന് ഇടയിൽ എഴുന്നേറ്റ് പുറങ്കുപ്പായം അഴിച്ചുവെച്ച് ഒരു തോർത്ത് എടുത്ത് അരയിൽ ചുറ്റി.+ 5 പിന്നെ ഒരു പാത്രത്തിൽ വെള്ളം എടുത്ത് ശിഷ്യന്മാരുടെ കാലു* കഴുകി അരയിൽ ചുറ്റിയിരുന്ന തോർത്തുകൊണ്ട് തുടയ്ക്കാൻതുടങ്ങി.+ 6 യേശു ശിമോൻ പത്രോസിന്റെ അടുത്ത് വന്നപ്പോൾ പത്രോസ്, “കർത്താവേ, അങ്ങ് എന്റെ കാലു കഴുകാൻപോകുന്നോ” എന്നു ചോദിച്ചു. 7 യേശു പറഞ്ഞു: “ഞാൻ ചെയ്യുന്നതു നിനക്ക് ഇപ്പോൾ മനസ്സിലാകില്ല, എല്ലാം കഴിയുമ്പോൾ മനസ്സിലാകും.” 8 പത്രോസ് യേശുവിനോട്, “അങ്ങ് എന്റെ കാലു കഴുകാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു, “കാലു കഴുകാൻ സമ്മതിക്കുന്നില്ലെങ്കിൽ+ നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവുമില്ല” എന്നു പറഞ്ഞു. 9 ശിമോൻ പത്രോസ് യേശുവിനോട്, “കർത്താവേ, എന്റെ കാലു മാത്രമല്ല, എന്റെ കൈയും തലയും കൂടെ കഴുകിക്കോ” എന്നു പറഞ്ഞു. 10 യേശു പത്രോസിനോടു പറഞ്ഞു: “കുളി കഴിഞ്ഞയാളുടെ കാലു മാത്രം കഴുകിയാൽ മതി. അയാൾ മുഴുവനും ശുദ്ധിയുള്ളയാളാണ്.+ നിങ്ങൾ ശുദ്ധിയുള്ളവരാണ്. എന്നാൽ എല്ലാവരുമല്ല.” 11 തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്ന് അറിയാമായിരുന്നതുകൊണ്ടാണ്+ “നിങ്ങൾ എല്ലാവരും ശുദ്ധിയുള്ളവരല്ല” എന്നു യേശു പറഞ്ഞത്.
12 അവരുടെ കാലു കഴുകിയശേഷം യേശു പുറങ്കുപ്പായം ധരിച്ച് വീണ്ടും മേശയുടെ മുന്നിൽ ഇരുന്നു. യേശു അവരോടു പറഞ്ഞു: “ഞാൻ എന്താണു ചെയ്തതെന്നു നിങ്ങൾക്കു മനസ്സിലായോ? 13 നിങ്ങൾ എന്നെ ‘ഗുരു’+ എന്നും ‘കർത്താവ്’ എന്നും വിളിക്കുന്നുണ്ടല്ലോ. അതു ശരിയാണ്. കാരണം ഞാൻ നിങ്ങളുടെ ഗുരുവും കർത്താവും ആണ്.+ 14 കർത്താവും ഗുരുവും ആയ ഞാൻ നിങ്ങളുടെ കാലു കഴുകിയെങ്കിൽ+ നിങ്ങളും തമ്മിൽത്തമ്മിൽ കാലു കഴുകണം.+ 15 ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നതാണ്.+ 16 സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അടിമ യജമാനനെക്കാൾ വലിയവനല്ല. അയയ്ക്കപ്പെട്ടവൻ അയച്ചവനെക്കാൾ വലിയവനുമല്ല.+ 17 ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ നിങ്ങൾ അതനുസരിച്ച് പ്രവർത്തിക്കുകകൂടെ ചെയ്താൽ സന്തോഷമുള്ളവരായിരിക്കും.+ 18 നിങ്ങൾ എല്ലാവരെയുംകുറിച്ചല്ല ഞാൻ ഇതു പറയുന്നത്. ഞാൻ തിരഞ്ഞെടുത്തവരെ എനിക്ക് അറിയാം. പക്ഷേ, ‘എന്റെ അപ്പം തിന്നുന്നവൻ എനിക്ക് എതിരെ തിരിഞ്ഞിരിക്കുന്നു’+ എന്ന തിരുവെഴുത്തു നിറവേറണമല്ലോ.+ 19 സംഭവിക്കാൻപോകുന്നതു ഞാൻ നിങ്ങളോടു മുൻകൂട്ടിപ്പറയുന്നതിന് ഒരു കാരണമുണ്ട്.+ അതു സംഭവിക്കുന്നതു കാണുമ്പോൾ, എഴുതപ്പെട്ടിരുന്നത് എന്നെക്കുറിച്ചായിരുന്നെന്നു നിങ്ങൾ വിശ്വസിക്കുമല്ലോ. 20 സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു.+ എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ച വ്യക്തിയെയും സ്വീകരിക്കുന്നു.”+
21 ഇതു പറഞ്ഞശേഷം യേശു ഹൃദയവേദനയോടെ ഇങ്ങനെ പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും.”+ 22 യേശു ആരെക്കുറിച്ചാണ് ഇതു പറഞ്ഞതെന്നു മനസ്സിലാകാതെ ശിഷ്യന്മാർ പരസ്പരം നോക്കി.+ 23 യേശു സ്നേഹിച്ച ശിഷ്യൻ+ യേശുവിനോടു ചേർന്ന് ഇരിപ്പുണ്ടായിരുന്നു. 24 ശിമോൻ പത്രോസ് അദ്ദേഹത്തെ തലകൊണ്ട് ആംഗ്യം കാണിച്ച്, “യേശു ആരെക്കുറിച്ചാണു പറഞ്ഞത്” എന്നു ചോദിച്ചു. 25 അപ്പോൾ ആ ശിഷ്യൻ യേശുവിന്റെ മാറിലേക്കു ചാഞ്ഞ്, “കർത്താവേ, അത് ആരാണ്” എന്നു ചോദിച്ചു.+ 26 യേശു പറഞ്ഞു: “ഞാൻ അപ്പക്കഷണം മുക്കി ആർക്കു കൊടുക്കുന്നോ, അവൻതന്നെ.”+ എന്നിട്ട് യേശു അപ്പക്കഷണം മുക്കി ശിമോൻ ഈസ്കര്യോത്തിന്റെ മകനായ യൂദാസിനു കൊടുത്തു. 27 അപ്പക്കഷണം വാങ്ങിക്കഴിഞ്ഞപ്പോൾ യൂദാസിൽ സാത്താൻ കടന്നു.+ യേശു യൂദാസിനോട്, “നീ ചെയ്യുന്നതു കുറച്ചുകൂടെ പെട്ടെന്നു ചെയ്തുതീർക്കുക” എന്നു പറഞ്ഞു. 28 എന്നാൽ യേശു ഇതു യൂദാസിനോടു പറഞ്ഞത് എന്തിനാണെന്നു ഭക്ഷണത്തിന് ഇരുന്ന ആർക്കും മനസ്സിലായില്ല. 29 പണപ്പെട്ടി യൂദാസിന്റെ കൈയിലായിരുന്നതുകൊണ്ട്,+ “നമുക്ക് ഉത്സവത്തിനു വേണ്ടതു വാങ്ങുക” എന്നോ ദരിദ്രർക്ക് എന്തെങ്കിലും കൊടുക്കണം എന്നോ മറ്റോ ആയിരിക്കും യേശു പറഞ്ഞതെന്നു ചിലർ വിചാരിച്ചു. 30 അപ്പക്കഷണം വാങ്ങിയ ഉടനെ യൂദാസ് പുറത്തേക്കു പോയി. അപ്പോൾ രാത്രിയായിരുന്നു.+
31 യൂദാസ് പോയശേഷം യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു.+ മനുഷ്യപുത്രൻ മുഖാന്തരം ദൈവത്തിനും മഹത്ത്വം ലഭിച്ചിരിക്കുന്നു. 32 ദൈവംതന്നെ മനുഷ്യപുത്രനെ മഹത്ത്വപ്പെടുത്തും;+ പെട്ടെന്നുതന്നെ മഹത്ത്വപ്പെടുത്തും. 33 കുഞ്ഞുങ്ങളേ, ഞാൻ ഇനി അൽപ്പസമയം മാത്രമേ നിങ്ങളുടെകൂടെയുണ്ടായിരിക്കൂ. നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ, ‘ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല’+ എന്നു ഞാൻ ജൂതന്മാരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു. 34 നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം എന്ന ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുകയാണ്. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ+ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം.+ 35 നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”+
36 അപ്പോൾ ശിമോൻ പത്രോസ്, “കർത്താവേ, അങ്ങ് എവിടേക്കാണു പോകുന്നത്” എന്നു ചോദിച്ചു. യേശു പറഞ്ഞു: “ഞാൻ പോകുന്നിടത്തേക്ക് എന്റെ പിന്നാലെ വരാൻ ഇപ്പോൾ നിനക്കു കഴിയില്ല. എന്നാൽ പിന്നീടു നീ വരും.”+ 37 പത്രോസ് യേശുവിനോടു ചോദിച്ചു: “കർത്താവേ, ഇപ്പോൾ എനിക്ക് അങ്ങയുടെ പിന്നാലെ വരാൻ പറ്റാത്തത് എന്താണ്? അങ്ങയ്ക്കുവേണ്ടി ഞാൻ എന്റെ ജീവൻപോലും കൊടുക്കും.”+ 38 അപ്പോൾ യേശു ചോദിച്ചു: “എനിക്കുവേണ്ടി ജീവൻ കൊടുക്കുമോ? സത്യംസത്യമായി ഞാൻ നിന്നോടു പറയുന്നു: കോഴി കൂകുംമുമ്പ്, നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയും.”+
14 “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്.+ ദൈവത്തിൽ വിശ്വസിക്കുക.+ എന്നിലും വിശ്വസിക്കുക. 2 എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം താമസസ്ഥലങ്ങളുണ്ട്. ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറഞ്ഞേനേ. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കാനാണു പോകുന്നത്.+ 3 ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയിട്ട് വീണ്ടും വരുകയും ഞാനുള്ളിടത്ത് നിങ്ങളുമുണ്ടായിരിക്കാൻ നിങ്ങളെ എന്റെ വീട്ടിൽ സ്വീകരിക്കുകയും ചെയ്യും.+ 4 ഞാൻ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾക്ക് അറിയാം.”
5 തോമസ്+ യേശുവിനോടു പറഞ്ഞു: “കർത്താവേ, അങ്ങ് എവിടേക്കാണു പോകുന്നതെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ. പിന്നെ എങ്ങനെ വഴി അറിയും?”
6 യേശു തോമസിനോടു പറഞ്ഞു: “ഞാൻതന്നെയാണു വഴിയും+ സത്യവും+ ജീവനും.+ എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല.+ 7 നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ, എന്റെ പിതാവിനെയും അറിയുമായിരുന്നു.+ ഇപ്പോൾമുതൽ നിങ്ങൾ പിതാവിനെ അറിയുന്നു, പിതാവിനെ കാണുകയും ചെയ്തിരിക്കുന്നു.”+
8 ഫിലിപ്പോസ് യേശുവിനോടു പറഞ്ഞു: “കർത്താവേ, ഞങ്ങൾക്കു പിതാവിനെ കാണിച്ചുതരണേ. അതു മാത്രം മതി.”
9 യേശു പറഞ്ഞു: “ഞാൻ ഇത്രയും കാലം നിങ്ങളുടെകൂടെയുണ്ടായിരുന്നിട്ടും ഫിലിപ്പോസേ, നിനക്ക് എന്നെ അറിയില്ലേ? എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിരിക്കുന്നു.+ പിന്നെ, ‘പിതാവിനെ കാണിച്ചുതരണം’ എന്നു നീ പറയുന്നത് എന്താണ്? 10 ഞാൻ പിതാവിനോടും പിതാവ് എന്നോടും യോജിപ്പിലാണെന്നു നീ വിശ്വസിക്കുന്നില്ലേ?+ ഞാൻ നിങ്ങളോടു സംസാരിക്കുന്ന കാര്യങ്ങൾ ഞാൻ സ്വന്തമായി പറയുന്നതല്ല.+ ഞാനുമായി യോജിപ്പിലുള്ള പിതാവ് ഇങ്ങനെ തന്റെ പ്രവൃത്തികൾ ചെയ്യുകയാണ്. 11 ഞാൻ പിതാവിനോടും പിതാവ് എന്നോടും യോജിപ്പിലാണെന്നു ഞാൻ പറഞ്ഞതു വിശ്വസിക്കൂ. ഇനി അതല്ലെങ്കിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ നിമിത്തം വിശ്വസിക്കൂ.+ 12 സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്നെ വിശ്വസിക്കുന്നവൻ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട്+ അതിലും വലിയതും അവൻ ചെയ്യും.+ 13 നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദിച്ചാലും ഞാൻ അതു ചെയ്തുതരും.+ അങ്ങനെ പുത്രൻ മുഖാന്തരം പിതാവ് മഹത്ത്വപ്പെടും. 14 നിങ്ങൾ എന്റെ നാമത്തിൽ ചോദിക്കുന്നത് എന്തും ഞാൻ ചെയ്തുതരും.
15 “നിങ്ങൾ എന്നെ സ്നേഹിക്കുന്നെങ്കിൽ എന്റെ കല്പനകൾ അനുസരിക്കും.+ 16 ഞാൻ പിതാവിനോട് അപേക്ഷിക്കുമ്പോൾ പിതാവ് മറ്റൊരു സഹായിയെ നിങ്ങൾക്കു തരും. അത് എന്നും നിങ്ങളുടെകൂടെയുണ്ടായിരിക്കും.+ 17 ആ സഹായി സത്യത്തിന്റെ ആത്മാവാണ്.+ ലോകം അതിനെ കാണുകയോ അറിയുകയോ ചെയ്യാത്തതുകൊണ്ട് ലോകത്തിന് അതു കിട്ടില്ല.+ അതു നിങ്ങളുടെകൂടെയുള്ളതുകൊണ്ടും നിങ്ങളിലുള്ളതുകൊണ്ടും നിങ്ങൾക്ക് അതിനെ അറിയാം. 18 ഞാൻ നിങ്ങളെ അനാഥരായി വിടില്ല. ഞാൻ നിങ്ങളുടെ അടുത്തേക്കു വരും.+ 19 അൽപ്പംകൂടെ കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണില്ല. എന്നാൽ നിങ്ങൾ എന്നെ കാണും.+ കാരണം, ഞാൻ ജീവിക്കുന്നതുകൊണ്ട് നിങ്ങളും ജീവിക്കും. 20 ഞാൻ എന്റെ പിതാവിനോടും നിങ്ങൾ എന്നോടും ഞാൻ നിങ്ങളോടും യോജിപ്പിലാണെന്ന് അന്നു നിങ്ങൾ അറിയും.+ 21 എന്റെ കല്പനകൾ സ്വീകരിച്ച് അവ അനുസരിക്കുന്നവനാണ് എന്നെ സ്നേഹിക്കുന്നവൻ. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും.+ ഞാനും അവനെ സ്നേഹിച്ച് എന്നെ അവനു വ്യക്തമായി കാണിച്ചുകൊടുക്കും.”
22 യൂദാസ് ഈസ്കര്യോത്ത് അല്ലാത്ത മറ്റേ യൂദാസ്+ യേശുവിനോടു ചോദിച്ചു: “കർത്താവേ, അങ്ങ് ലോകത്തിനല്ല മറിച്ച് ഞങ്ങൾക്ക് അങ്ങയെ വ്യക്തമായി കാണിച്ചുതരാൻ ഉദ്ദേശിക്കുന്നത് എന്തുകൊണ്ടാണ്?”
23 യേശു പറഞ്ഞു: “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം അനുസരിക്കും.+ എന്റെ പിതാവ് അവനെ സ്നേഹിക്കും. ഞങ്ങൾ അവന്റെ അടുത്ത് വന്ന് അവന്റെകൂടെ താമസമാക്കും.+ 24 എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം അനുസരിക്കില്ല. നിങ്ങൾ കേൾക്കുന്ന വചനമോ എന്റേതല്ല, എന്നെ അയച്ച പിതാവിന്റേതാണ്.+
25 “ഇപ്പോൾ നിങ്ങളുടെകൂടെയുള്ളപ്പോൾത്തന്നെ ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു പറഞ്ഞിരിക്കുന്നു. 26 എന്നാൽ പിതാവ് എന്റെ നാമത്തിൽ അയയ്ക്കാനിരിക്കുന്ന പരിശുദ്ധാത്മാവ് എന്ന സഹായി നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞതൊക്കെ നിങ്ങളെ ഓർമിപ്പിക്കുകയും ചെയ്യും.+ 27 സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു.+ ലോകം തരുന്നതുപോലെയല്ല ഞാൻ അതു നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്, ഭയപ്പെടുകയുമരുത്. 28 ‘ഞാൻ ഇപ്പോൾ പോയിട്ട് നിങ്ങളുടെ അടുത്തേക്കു മടങ്ങിവരും’ എന്നു പറഞ്ഞല്ലോ. നിങ്ങൾക്ക് എന്നോടു സ്നേഹമുണ്ടെങ്കിൽ ഞാൻ പിതാവിന്റെ അടുത്ത് പോകുന്നത് ഓർത്ത് നിങ്ങൾ സന്തോഷിക്കും. കാരണം പിതാവ് എന്നെക്കാൾ വലിയവനാണ്.+ 29 ഇതു സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കാൻവേണ്ടിയാണു ഞാൻ ഇക്കാര്യം നിങ്ങളോടു മുൻകൂട്ടിപ്പറയുന്നത്.+ 30 ഇനി ഞാൻ നിങ്ങളോടു കൂടുതലായൊന്നും സംസാരിക്കില്ല. കാരണം ഈ ലോകത്തിന്റെ ഭരണാധികാരി+ വരുന്നു. അയാൾക്ക് എന്റെ മേൽ ഒരു അധികാരവുമില്ല.+ 31 എന്നാൽ ഞാൻ പിതാവിനെ സ്നേഹിക്കുന്നുണ്ടെന്നു ലോകം അറിയാൻ, പിതാവ് എന്നോടു കല്പിച്ചതെല്ലാം ഞാൻ അങ്ങനെതന്നെ ചെയ്യുകയാണ്.+ എഴുന്നേൽക്ക്, നമുക്ക് ഇവിടെനിന്ന് പോകാം.
15 “ഞാൻ ശരിക്കുള്ള മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനും ആണ്. 2 എന്നിലുള്ള കായ്ക്കാത്ത ശാഖകളെല്ലാം പിതാവ് മുറിച്ചുകളയുന്നു. കായ്ക്കുന്നവയൊക്കെ കൂടുതൽ ഫലം കായ്ക്കാൻ+ വെട്ടിവെടിപ്പാക്കി നിറുത്തുന്നു. 3 എന്നാൽ ഞാൻ നിങ്ങളോടു സംസാരിച്ച വചനത്താൽ നിങ്ങൾ ഇപ്പോൾത്തന്നെ വെടിപ്പുള്ളവരാണ്.+ 4 എന്നോടു യോജിപ്പിലായിരിക്കുക. എങ്കിൽ ഞാനും നിങ്ങളോടു യോജിപ്പിലായിരിക്കും. മുന്തിരിച്ചെടിയിൽനിന്ന് വേർപെട്ട ശാഖകൾക്കു ഫലം കായ്ക്കാൻ കഴിയില്ല. അതുപോലെ, എന്നോടു യോജിപ്പിലല്ലെങ്കിൽ നിങ്ങൾക്കും ഫലം കായ്ക്കാൻ കഴിയില്ല.+ 5 ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളും ആണ്. ഒരാൾ എന്നോടും ഞാൻ അയാളോടും യോജിപ്പിലാണെങ്കിൽ അയാൾ ധാരാളം ഫലം കായ്ക്കും.+ കാരണം എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ* കഴിയില്ല. 6 എന്നോടു യോജിച്ചുനിൽക്കാത്തയാൾ, മുറിച്ചുമാറ്റിയ ശാഖപോലെ ഉണങ്ങിപ്പോകും. ആളുകൾ അവ ഒന്നിച്ചുകൂട്ടി തീയിലിട്ട് കത്തിച്ചുകളയും.+ 7 നിങ്ങൾ എന്നോടു യോജിപ്പിലായിരിക്കുകയും എന്റെ വചനങ്ങൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തും ചോദിച്ചുകൊള്ളുക. അതു നിങ്ങൾക്കു കിട്ടും.+ 8 നിങ്ങൾ ധാരാളം ഫലം കായ്ക്കുന്നതുകൊണ്ടും എന്റെ ശിഷ്യന്മാരാണെന്നു തെളിയിക്കുന്നതുകൊണ്ടും എന്റെ പിതാവ് മഹത്ത്വപ്പെടുന്നു.+ 9 പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ+ ഞാനും നിങ്ങളെ സ്നേഹിക്കുന്നു. എന്റെ സ്നേഹത്തിൽ നിലനിൽക്കുക. 10 ഞാൻ പിതാവിന്റെ കല്പനകൾ അനുസരിച്ച് പിതാവിന്റെ സ്നേഹത്തിൽ നിലനിൽക്കുന്നു.+ അതുപോലെ, നിങ്ങളും എന്റെ കല്പനകൾ അനുസരിക്കുന്നെങ്കിൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും.+
11 “എന്റെ അതേ സന്തോഷം നിങ്ങൾക്കും തോന്നി നിങ്ങളുടെ സന്തോഷം അതിന്റെ പരകോടിയിൽ എത്താനാണു ഞാൻ ഇതെല്ലാം നിങ്ങളോടു പറഞ്ഞത്.+ 12 ഇതാണ് എന്റെ കല്പന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം.+ 13 സ്നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല.+ 14 ഞാൻ കല്പിക്കുന്നതു നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്.+ 15 ഞാൻ ഇനി നിങ്ങളെ അടിമകൾ എന്നു വിളിക്കുന്നില്ല. കാരണം യജമാനൻ ചെയ്യുന്ന കാര്യങ്ങൾ അടിമയെ അറിയിക്കില്ലല്ലോ. ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിക്കുന്നു. കാരണം എന്റെ പിതാവിൽനിന്ന് കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു. 16 നിങ്ങൾ എന്നെയല്ല, ഞാൻ നിങ്ങളെയാണു തിരഞ്ഞെടുത്തത്. നിങ്ങൾ പോയി നിലനിൽക്കുന്ന ഫലം കായ്ക്കാൻവേണ്ടിയാണു ഞാൻ നിങ്ങളെ നിയമിച്ചത്. അതുകൊണ്ട് എന്റെ നാമത്തിൽ പിതാവിനോട് എന്തു ചോദിച്ചാലും പിതാവ് അതു നിങ്ങൾക്കു തരും.+
17 “ഞാൻ നിങ്ങളോട് ഇതെല്ലാം കല്പിക്കുന്നതു നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കാൻവേണ്ടിയാണ്.+ 18 ലോകം നിങ്ങളെ വെറുക്കുന്നെങ്കിൽ അതു നിങ്ങൾക്കു മുമ്പേ എന്നെ വെറുത്തെന്ന് ഓർത്തുകൊള്ളുക.+ 19 നിങ്ങൾ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ലോകം നിങ്ങളെ സ്വന്തമെന്നു കരുതി സ്നേഹിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ നിങ്ങളെ ലോകത്തിൽനിന്ന് തിരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട് നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല.+ അതുകൊണ്ട് ലോകം നിങ്ങളെ വെറുക്കുന്നു.+ 20 അടിമ യജമാനനെക്കാൾ വലിയവനല്ലെന്നു ഞാൻ പറഞ്ഞ കാര്യം മറക്കരുത്. അവർ എന്നെ ഉപദ്രവിച്ചെങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.+ അവർ എന്റെ വചനം അനുസരിച്ചെങ്കിൽ നിങ്ങളുടേതും അനുസരിക്കും. 21 എന്നാൽ എന്നെ അയച്ച വ്യക്തിയെ അറിയാത്തതുകൊണ്ട് അവർ എന്റെ പേര് നിമിത്തം ഇതൊക്കെ നിങ്ങളോടു ചെയ്യും.+ 22 ഞാൻ വന്ന് അവരോടു സംസാരിച്ചില്ലായിരുന്നെങ്കിൽ അവർക്കു പാപമുണ്ടാകുമായിരുന്നില്ല.+ എന്നാൽ ഇപ്പോൾ അവർക്ക് അവരുടെ പാപത്തിന് ഒരു ഒഴികഴിവും പറയാനില്ല.+ 23 എന്നെ വെറുക്കുന്നവൻ എന്റെ പിതാവിനെയും വെറുക്കുന്നു.+ 24 മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ഞാൻ അവരുടെ ഇടയിൽ ചെയ്തില്ലായിരുന്നെങ്കിൽ അവർക്കു പാപമുണ്ടാകുമായിരുന്നില്ല.+ എന്നാൽ ഇപ്പോൾ അവർ എന്നെ കണ്ടിട്ടും എന്നെയും എന്റെ പിതാവിനെയും വെറുത്തിരിക്കുന്നു. 25 ‘അവർ ഒരു കാരണവുമില്ലാതെ എന്നെ വെറുത്തു’+ എന്ന് അവരുടെ നിയമത്തിൽ എഴുതിയിരിക്കുന്നതു നിറവേറാനാണ് ഇതു സംഭവിച്ചത്. 26 ഞാൻ പിതാവിന്റെ അടുത്തുനിന്ന് നിങ്ങളുടെ അടുത്തേക്ക് ഒരു സഹായിയെ അയയ്ക്കും. അതു പിതാവിൽനിന്ന് വരുന്ന സത്യത്തിന്റെ ആത്മാവാണ്.+ ആ സഹായി വരുമ്പോൾ എന്നെക്കുറിച്ച് സാക്ഷി പറയും.+ 27 അപ്പോൾ നിങ്ങളും എനിക്കുവേണ്ടി സാക്ഷി പറയണം.+ കാരണം നിങ്ങൾ തുടക്കംമുതൽ എന്റെകൂടെയുണ്ടായിരുന്നല്ലോ.
16 “നിങ്ങൾ വീണുപോകാതിരിക്കാനാണു ഞാൻ ഇക്കാര്യങ്ങൾ നിങ്ങളോടു പറഞ്ഞത്. 2 ആളുകൾ നിങ്ങളെ സിനഗോഗിൽനിന്ന് പുറത്താക്കും.+ നിങ്ങളെ കൊല്ലുന്നവർ,+ ദൈവത്തിനുവേണ്ടി ഒരു പുണ്യപ്രവൃത്തി ചെയ്യുകയാണെന്നു കരുതുന്ന സമയം വരുന്നു. 3 പിതാവിനെയോ എന്നെയോ അറിയാത്തതുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്.+ 4 ഞാൻ ഇതെല്ലാം നിങ്ങളോടു പറയുന്നതിന് ഒരു കാരണമുണ്ട്: ഇതൊക്കെ സംഭവിക്കുമ്പോൾ ഞാൻ ഇതെക്കുറിച്ച് നിങ്ങളോടു പറഞ്ഞിരുന്നതാണെന്നു നിങ്ങൾ ഓർക്കും.+
“ഞാൻ നിങ്ങളുടെകൂടെയുണ്ടായിരുന്നതുകൊണ്ടാണു തുടക്കത്തിൽ ഈ കാര്യങ്ങൾ നിങ്ങളോടു പറയാതിരുന്നത്. 5 എന്നാൽ ഇപ്പോൾ ഞാൻ എന്നെ അയച്ച വ്യക്തിയുടെ അടുത്തേക്കു പോകുന്നു.+ പക്ഷേ നിങ്ങൾ ആരും എന്നോട്, ‘അങ്ങ് എവിടേക്കു പോകുന്നു’ എന്നു ചോദിക്കുന്നില്ല. 6 ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു.+ 7 വാസ്തവത്തിൽ, നിങ്ങളുടെ പ്രയോജനത്തിനാണു ഞാൻ പോകുന്നത്. ഞാൻ പോയില്ലെങ്കിൽ സഹായി+ നിങ്ങളുടെ അടുത്ത് വരില്ല. പോയാലോ ഞാൻ സഹായിയെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. 8 സഹായി വരുമ്പോൾ പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തിനു ബോധ്യം വരുത്തും. 9 ആദ്യം പാപത്തെക്കുറിച്ച് ബോധ്യം വരുത്തും.+ കാരണം അവർ എന്നിൽ വിശ്വസിക്കുന്നില്ല.+ 10 പിന്നെ നീതിയെക്കുറിച്ച്. കാരണം ഞാൻ പിതാവിന്റെ അടുത്തേക്കു പോകുകയാണ്. പിന്നെ നിങ്ങൾ എന്നെ കാണില്ല. 11 അതു കഴിഞ്ഞ് ന്യായവിധിയെക്കുറിച്ച്. കാരണം ഈ ലോകത്തിന്റെ ഭരണാധികാരിയെ ന്യായം വിധിച്ചിരിക്കുന്നു.+
12 “ഇനിയും ഒരുപാടു കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. പക്ഷേ ഇപ്പോൾ നിങ്ങൾക്ക് അതൊന്നും ഉൾക്കൊള്ളാൻ പറ്റില്ല.+ 13 എന്നാൽ സത്യത്തിന്റെ ആത്മാവ്+ വരുമ്പോൾ അവൻ നിങ്ങളെ നയിക്കും. അങ്ങനെ നിങ്ങൾക്കു സത്യം മുഴുവനായി മനസ്സിലാകും. അവൻ സ്വന്തം ഇഷ്ടമനുസരിച്ച് സംസാരിക്കാതെ, കേൾക്കുന്ന കാര്യങ്ങൾ പറയുകയും വരാനിരിക്കുന്നതു നിങ്ങളെ അറിയിക്കുകയും ചെയ്യും.+ 14 എന്നിൽനിന്ന് ലഭിക്കുന്നത് അവൻ നിങ്ങളെ അറിയിക്കുന്നതുകൊണ്ട്+ അവൻ എന്നെ മഹത്ത്വപ്പെടുത്തും.+ 15 പിതാവിന്റേതെല്ലാം എന്റേതാണ്.+ എന്നിൽനിന്ന് ലഭിക്കുന്നത് ആത്മാവ് നിങ്ങളെ അറിയിക്കും എന്നു ഞാൻ പറഞ്ഞത് അതുകൊണ്ടാണ്. 16 കുറച്ച് കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്നെ കാണില്ല.+ എന്നാൽ പിന്നെയും കുറച്ച് കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും.”
17 അപ്പോൾ ശിഷ്യന്മാരിൽ ചിലർ തമ്മിൽത്തമ്മിൽ ഇങ്ങനെ ചോദിക്കാൻതുടങ്ങി: “‘കുറച്ച് കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്നെ കാണില്ല. എന്നാൽ പിന്നെയും കുറച്ച് കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും,’ ‘ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നു’ എന്നൊക്കെ യേശു പറയുന്നതിന്റെ അർഥം എന്താണ്?” 18 അവർ ഇങ്ങനെയും പറഞ്ഞു: “‘കുറച്ച് കഴിഞ്ഞാൽ’ എന്നു യേശു ഈ പറയുന്നതിന്റെ അർഥം എന്താണ്? എന്തിനെക്കുറിച്ചാണാവോ യേശു സംസാരിക്കുന്നത്?” 19 അവർ ഇതെക്കുറിച്ച് തന്നോടു ചോദിക്കാൻ ആഗ്രഹിക്കുന്നെന്നു മനസ്സിലാക്കി യേശു അവരോടു പറഞ്ഞു: “‘കുറച്ച് കഴിഞ്ഞാൽ പിന്നെ നിങ്ങൾ എന്നെ കാണില്ല. എന്നാൽ പിന്നെയും കുറച്ച് കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും’ എന്നു ഞാൻ പറഞ്ഞതിനെപ്പറ്റിയാണോ നിങ്ങൾ പരസ്പരം ചോദിക്കുന്നത്? 20 സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞുവിലപിക്കും,+ പക്ഷേ ലോകം സന്തോഷിക്കും. നിങ്ങൾ ദുഃഖിക്കും, എന്നാൽ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും.+ 21 പ്രസവസമയമാകുമ്പോൾ ഒരു സ്ത്രീ അവളുടെ വേദന ഓർത്ത് ദുഃഖിക്കുന്നു. എന്നാൽ കുഞ്ഞിനെ പ്രസവിച്ചുകഴിയുമ്പോൾ, ഒരു കുഞ്ഞ് ലോകത്തിൽ പിറന്നുവീണതുകൊണ്ടുള്ള സന്തോഷം കാരണം അവൾ അനുഭവിച്ച കഷ്ടം പിന്നെ ഓർക്കില്ല. 22 അതുപോലെ, നിങ്ങൾക്കും ഇപ്പോൾ ദുഃഖമുണ്ട്. എന്നാൽ ഞാൻ നിങ്ങളെ വീണ്ടും കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും.+ നിങ്ങളുടെ സന്തോഷം ആരും കവർന്നുകളയില്ല. 23 അന്നു നിങ്ങൾ എന്നോടു ചോദ്യമൊന്നും ചോദിക്കില്ല. സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് എന്തു ചോദിച്ചാലും+ എന്റെ നാമത്തിൽ പിതാവ് അതു നിങ്ങൾക്കു തരും.+ 24 ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും ചോദിച്ചിട്ടില്ല. ചോദിക്കൂ, നിങ്ങൾക്കു കിട്ടും. അങ്ങനെ, നിങ്ങളുടെ സന്തോഷം അതിന്റെ പരകോടിയിലെത്തും.
25 “ഞാൻ ഉപമകൾ ഉപയോഗിച്ചാണ് ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചത്. എന്നാൽ പിതാവിനെക്കുറിച്ചുള്ള കാര്യങ്ങൾ ഉപമകൾ ഉപയോഗിക്കാതെ നിങ്ങളോട് അങ്ങനെതന്നെ സംസാരിക്കുന്ന സമയം വരുന്നു. 26 അന്ന് എന്റെ നാമത്തിൽ നിങ്ങൾ പിതാവിനോട് അപേക്ഷിക്കും. ഈ പറയുന്നതിന്റെ അർഥം ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നല്ല. 27 നിങ്ങൾ എന്നെ സ്നേഹിച്ചതുകൊണ്ടും ഞാൻ പിതാവിന്റെ പ്രതിനിധിയായി വന്നെന്നു വിശ്വസിച്ചതുകൊണ്ടും+ പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നുണ്ടല്ലോ.+ 28 പിതാവിന്റെ പ്രതിനിധിയായി ഞാൻ ലോകത്തിൽ വന്നു. എന്നാൽ ഇപ്പോൾ ഞാൻ ലോകം വിട്ട് പിതാവിന്റെ അടുത്തേക്കു മടങ്ങുകയാണ്.”+
29 ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു: “ഇപ്പോൾ അങ്ങ് ഉപമയൊന്നും കൂടാതെ കാര്യങ്ങൾ നേരെ പറയുകയാണല്ലോ. 30 അങ്ങയ്ക്ക് എല്ലാം അറിയാമെന്നും ആരും പ്രത്യേകിച്ചൊന്നും ചോദിക്കാതെതന്നെ അവരുടെ മനസ്സിലുള്ളത് എന്താണെന്ന് അങ്ങ് അറിയുന്നെന്നും ഞങ്ങൾക്കു മനസ്സിലായി. അതുകൊണ്ട് അങ്ങ് ദൈവത്തിന്റെ അടുത്തുനിന്ന് വന്നതാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു.” 31 അപ്പോൾ യേശു അവരോടു ചോദിച്ചു: “ഇപ്പോൾ നിങ്ങൾക്കു വിശ്വാസമായോ? 32 എന്നാൽ ഇതാ, നിങ്ങളെല്ലാം എന്നെ തനിച്ചാക്കിയിട്ട് സ്വന്തം വീടുകളിലേക്ക് ഓടിപ്പോകുന്ന സമയം വരുന്നു,+ അത് ഇപ്പോൾത്തന്നെ വന്നുകഴിഞ്ഞു. പക്ഷേ പിതാവ് എന്റെകൂടെയുള്ളതുകൊണ്ട് ഞാൻ ഒറ്റയ്ക്കല്ല.+ 33 ഞാൻ മുഖാന്തരം നിങ്ങൾക്കു സമാധാനമുണ്ടാകാനാണ് ഈ കാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞത്.+ ഈ ലോകത്തിൽ നിങ്ങൾക്കു കഷ്ടതകളുണ്ടാകും.+ എങ്കിലും ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു.”+
17 ഇതു സംസാരിച്ചിട്ട് യേശു ആകാശത്തേക്കു നോക്കി പറഞ്ഞു: “പിതാവേ, സമയമായി. പുത്രൻ അങ്ങയെ മഹത്ത്വപ്പെടുത്താൻ അങ്ങ് പുത്രനെ മഹത്ത്വപ്പെടുത്തേണമേ.+ 2 അങ്ങ് അവനു നൽകിയിട്ടുള്ളവർക്കെല്ലാം+ അവൻ നിത്യജീവൻ കൊടുക്കേണ്ടതിന്+ എല്ലാ മനുഷ്യരുടെ മേലും അങ്ങ് പുത്രന് അധികാരം കൊടുത്തിരിക്കുന്നല്ലോ.+ 3 ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും+ അവർ അറിയുന്നതാണു+ നിത്യജീവൻ.+ 4 അങ്ങ് ഏൽപ്പിച്ച ജോലി ചെയ്തുതീർത്ത ഞാൻ+ ഭൂമിയിൽ അങ്ങയെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.+ 5 അതുകൊണ്ട് പിതാവേ, ഇപ്പോൾ അങ്ങയുടെ അടുത്ത് എന്നെ മഹത്ത്വപ്പെടുത്തേണമേ. ലോകം ഉണ്ടാകുന്നതിനു മുമ്പ്, ഞാൻ അങ്ങയുടെ അടുത്തായിരുന്നപ്പോഴുണ്ടായിരുന്ന മഹത്ത്വം+ വീണ്ടും തരേണമേ.
6 “ലോകത്തിൽനിന്ന് അങ്ങ് എനിക്കു തന്നിട്ടുള്ളവർക്കു ഞാൻ അങ്ങയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നു.*+ അവർ അങ്ങയുടേതായിരുന്നു. അങ്ങ് അവരെ എനിക്കു തന്നു. അവർ അങ്ങയുടെ വചനം അനുസരിച്ചിരിക്കുന്നു. 7 അങ്ങ് എനിക്കു തന്നതെല്ലാം അങ്ങയിൽനിന്നുള്ളതാണെന്ന് അവർക്ക് ഇപ്പോൾ മനസ്സിലായി. 8 കാരണം അങ്ങ് എനിക്കു തന്ന വചനങ്ങളാണു ഞാൻ അവർക്കു കൊടുത്തത്.+ അതെല്ലാം സ്വീകരിച്ച അവർ, ഞാൻ അങ്ങയുടെ പ്രതിനിധിയായിട്ടാണു വന്നതെന്നു+ വ്യക്തമായി മനസ്സിലാക്കുകയും അങ്ങാണ് എന്നെ അയച്ചതെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.+ 9 അവർക്കുവേണ്ടി ഞാൻ അപേക്ഷിക്കുന്നു. ഞാൻ അപേക്ഷിക്കുന്നതു ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നിട്ടുള്ളവർക്കുവേണ്ടിയാണ്. കാരണം അവർ അങ്ങയുടേതാണ്. 10 എന്റേതെല്ലാം അങ്ങയുടേതും അങ്ങയുടേത് എന്റേതും ആണല്ലോ.+ അവരുടെ ഇടയിൽ എനിക്കു മഹത്ത്വം ലഭിച്ചിരിക്കുന്നു.
11 “ഇനി ഞാൻ ലോകത്തിലില്ല. ഞാൻ അങ്ങയുടെ അടുത്തേക്കു വരുകയാണ്.+ എന്നാൽ അവർ ലോകത്തിലാണ്. പരിശുദ്ധപിതാവേ, നമ്മൾ ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണ്ടതിന്+ അങ്ങ് എനിക്കു തന്നിരിക്കുന്ന അങ്ങയുടെ പേര് ഓർത്ത് അവരെ കാത്തുകൊള്ളേണമേ.+ 12 ഞാൻ അവരുടെകൂടെയായിരുന്നപ്പോൾ, അങ്ങ് എനിക്കു തന്ന അങ്ങയുടെ പേര് ഓർത്ത് ഞാൻ അവരെ കാത്തു. ഞാൻ അവരെ സംരക്ഷിച്ചു.+ ആ നാശപുത്രനല്ലാതെ+ അവരിൽ ആരും നശിച്ചുപോയിട്ടില്ല.+ തിരുവെഴുത്തു നിറവേറണമല്ലോ.+ 13 ഇപ്പോൾ ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു. ഞാൻ ഈ കാര്യങ്ങൾ ഇവിടെ ലോകത്തുവെച്ച് സംസാരിക്കുന്നത് എന്റെ സന്തോഷം അവരിൽ നിറയാൻവേണ്ടിയാണ്.+ 14 ഞാൻ അങ്ങയുടെ വചനം അവർക്കു നൽകിയിരിക്കുന്നു. എന്നാൽ ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് ലോകം അവരെ വെറുക്കുന്നു.+
15 “അവരെ ഈ ലോകത്തുനിന്ന് കൊണ്ടുപോകണമെന്നല്ല, ദുഷ്ടനായവനിൽനിന്ന് അവരെ കാത്തുകൊള്ളണമെന്നാണു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നത്.+ 16 ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ+ അവരും ലോകത്തിന്റെ ഭാഗമല്ല.+ 17 സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ.+ അങ്ങയുടെ വചനം സത്യമാണ്.+ 18 അങ്ങ് എന്നെ ലോകത്തേക്ക് അയച്ചതുപോലെതന്നെ ഞാൻ അവരെയും ലോകത്തേക്ക് അയയ്ക്കുന്നു.+ 19 സത്യത്താൽ അവരും വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.
20 “അവർക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം കേട്ട് എന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. 21 പിതാവേ, അങ്ങ് എന്നോടും ഞാൻ അങ്ങയോടും യോജിപ്പിലായിരിക്കുന്നതുപോലെ+ അവർ എല്ലാവരും ഒന്നായിരിക്കാനും+ അവരും നമ്മളോടു യോജിപ്പിലായിരിക്കാനും വേണ്ടി ഞാൻ അപേക്ഷിക്കുന്നു. അങ്ങനെ അങ്ങാണ് എന്നെ അയച്ചതെന്നു ലോകത്തിനു വിശ്വാസംവരട്ടെ. 22 നമ്മൾ ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണ്ടതിന്+ അങ്ങ് എനിക്കു തന്നിട്ടുള്ള മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. 23 അങ്ങ് എന്നോടും ഞാൻ അവരോടും യോജിപ്പിലായതുകൊണ്ട് അവരെല്ലാം ഒന്നായിത്തീരും.+ അങ്ങനെ അങ്ങ് എന്നെ അയച്ചെന്നും എന്നെ സ്നേഹിച്ചതുപോലെതന്നെ അവരെയും സ്നേഹിച്ചെന്നും ലോകം അറിയട്ടെ. 24 പിതാവേ, ലോകാരംഭത്തിനു മുമ്പുതന്നെ+ അങ്ങ് എന്നെ സ്നേഹിച്ചതുകൊണ്ട് എന്നെ മഹത്ത്വം അണിയിച്ചല്ലോ. അങ്ങ് എനിക്കു തന്നവർ അതു കാണേണ്ടതിന് അവർ ഞാനുള്ളിടത്ത് എന്റെകൂടെയുണ്ടായിരിക്കണം+ എന്നാണു ഞാൻ ആഗ്രഹിക്കുന്നത്. 25 നീതിമാനായ പിതാവേ, ലോകത്തിന് ഇതുവരെ അങ്ങയെ അറിയില്ല.+ എന്നാൽ എനിക്ക് അങ്ങയെ അറിയാം.+ അങ്ങാണ് എന്നെ അയച്ചതെന്ന് ഇവർക്കും അറിയാം. 26 ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു, ഇനിയും അറിയിക്കും.+ അങ്ങനെ, അങ്ങ് എന്നോടു കാണിച്ച സ്നേഹം ഇവരിലും നിറയും. ഞാൻ ഇവരോടു യോജിപ്പിലായിരിക്കുകയും ചെയ്യും.”+
18 ഇതു പറഞ്ഞിട്ട് യേശു ശിഷ്യന്മാരുടെകൂടെ കിദ്രോൻ താഴ്വരയുടെ+ മറുവശത്തേക്കു പോയി. അവിടെ ഒരു തോട്ടമുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും ആ തോട്ടത്തിലേക്കു ചെന്നു.+ 2 യേശു പലപ്പോഴും ശിഷ്യന്മാരുടെകൂടെ അവിടെ വരാറുണ്ടായിരുന്നതുകൊണ്ട് യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസിനും+ ആ സ്ഥലം അറിയാമായിരുന്നു. 3 അങ്ങനെ, യൂദാസ് ഒരു കൂട്ടം പടയാളികളെയും മുഖ്യപുരോഹിതന്മാരും പരീശന്മാരും അയച്ച ഭടന്മാരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളും ആയി അവിടെ എത്തി.+ 4 തനിക്കു സംഭവിക്കാനിരിക്കുന്നതൊക്കെ അറിയാമായിരുന്ന യേശു മുന്നോട്ടു ചെന്ന് അവരോട്, “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്” എന്നു ചോദിച്ചു. 5 അവർ യേശുവിനോട്, “നസറെത്തുകാരനായ യേശുവിനെ”+ എന്നു പറഞ്ഞു. യേശു അവരോട്, “അതു ഞാനാണ്” എന്നു പറഞ്ഞു. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസും അവരുടെകൂടെ നിൽപ്പുണ്ടായിരുന്നു.+
6 “അതു ഞാനാണ്” എന്നു യേശു പറഞ്ഞ ഉടനെ പുറകോട്ടു മാറിയ അവർ നിലത്ത് വീണുപോയി.+ 7 അപ്പോൾ യേശു വീണ്ടും അവരോട്, “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്” എന്നു ചോദിച്ചു. “നസറെത്തുകാരനായ യേശുവിനെ” എന്ന് അവർ പറഞ്ഞു. 8 യേശു അവരോടു പറഞ്ഞു: “അതു ഞാനാണെന്നു പറഞ്ഞല്ലോ. എന്നെയാണു നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഇവരെ വിട്ടേക്ക്.” 9 “അങ്ങ് എനിക്കു തന്ന ആരും നഷ്ടപ്പെട്ടുപോയിട്ടില്ല”+ എന്നു യേശു പറഞ്ഞതു നിറവേറാനാണ് ഇതു സംഭവിച്ചത്.
10 അപ്പോൾ ശിമോൻ പത്രോസ് തന്റെ പക്കലുണ്ടായിരുന്ന വാൾ വലിച്ചൂരി മഹാപുരോഹിതന്റെ അടിമയെ വെട്ടി. അയാളുടെ വലതുചെവി അറ്റുപോയി.+ മൽക്കൊസ് എന്നായിരുന്നു അയാളുടെ പേര്. 11 യേശു പത്രോസിനോടു പറഞ്ഞു: “വാൾ ഉറയിൽ ഇട്.+ പിതാവ് എനിക്കു തന്നിരിക്കുന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലേ?”+
12 ഉടനെ പടയാളികളുടെ കൂട്ടവും സൈന്യാധിപനും ജൂതന്മാരുടെ ഭടന്മാരും യേശുവിനെ പിടിച്ചുകെട്ടി.* 13 അവർ യേശുവിനെ ആദ്യം അന്നാസിന്റെ അടുത്തേക്കു കൊണ്ടുപോയി. കാരണം ആ വർഷം മഹാപുരോഹിതനായിരുന്ന കയ്യഫയുടെ+ അമ്മായിയപ്പനായിരുന്നു അന്നാസ്. 14 ഈ കയ്യഫയാണ്, ജനങ്ങൾക്കെല്ലാവർക്കുംവേണ്ടി ഒരാൾ മരിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്നു ജൂതന്മാർക്കു പറഞ്ഞുകൊടുത്തത്.+
15 ശിമോൻ പത്രോസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെതന്നെയുണ്ടായിരുന്നു.+ ആ ശിഷ്യൻ മഹാപുരോഹിതന്റെ പരിചയക്കാരനായിരുന്നതുകൊണ്ട് അയാൾക്കു യേശുവിന്റെകൂടെ മഹാപുരോഹിതന്റെ വീടിന്റെ നടുമുറ്റത്ത് കയറാൻ കഴിഞ്ഞു. 16 പത്രോസ് പുറത്ത് വാതിൽക്കൽ നിൽക്കുകയായിരുന്നു. അപ്പോൾ മഹാപുരോഹിതനു പരിചയമുള്ള ശിഷ്യൻ പുറത്ത് വന്ന് വാതിൽക്കാവൽക്കാരിയോടു സംസാരിച്ച് പത്രോസിനെയും അകത്ത് കയറ്റി. 17 വാതിൽക്കാവൽക്കാരിയായ ദാസിപ്പെൺകുട്ടി അപ്പോൾ പത്രോസിനോട്, “താങ്കളും ഈ മനുഷ്യന്റെ ഒരു ശിഷ്യനല്ലേ” എന്നു ചോദിച്ചു. “അല്ല” എന്നു പത്രോസ് പറഞ്ഞു.+ 18 തണുപ്പായിരുന്നതുകൊണ്ട് ദാസന്മാരും ഭടന്മാരും കനൽ കൂട്ടി തീ കാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പത്രോസും അവരുടെകൂടെ നിന്ന് തീ കാഞ്ഞു.
19 മുഖ്യപുരോഹിതൻ യേശുവിനെ ചോദ്യം ചെയ്തു. യേശുവിന്റെ ശിഷ്യന്മാരെപ്പറ്റിയും യേശു പഠിപ്പിച്ച കാര്യങ്ങളെപ്പറ്റിയും ചോദിച്ചു. 20 യേശു അദ്ദേഹത്തോടു പറഞ്ഞു: “ഞാൻ ലോകത്തോടു പരസ്യമായിട്ടാണു സംസാരിച്ചത്. ജൂതന്മാരെല്ലാം ഒരുമിച്ചുകൂടാറുള്ള സിനഗോഗിലും ദേവാലയത്തിലും ആണ് ഞാൻ പഠിപ്പിച്ചുപോന്നത്.+ ഞാൻ രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. 21 പിന്നെ എന്തിനാണ് എന്നെ ചോദ്യം ചെയ്യുന്നത്? ഞാൻ സംസാരിച്ചതൊക്കെ കേട്ടിട്ടുള്ളവരോടു ചോദിച്ചുനോക്കൂ. ഞാൻ പറഞ്ഞത് എന്താണെന്ന് അവർക്ക് അറിയാം.” 22 യേശു ഇങ്ങനെ പറഞ്ഞപ്പോൾ അരികെ നിന്നിരുന്ന ഭടന്മാരിൽ ഒരാൾ യേശുവിന്റെ മുഖത്ത് അടിച്ചിട്ട്,+ “ഇങ്ങനെയാണോ മുഖ്യപുരോഹിതനോട് ഉത്തരം പറയുന്നത്” എന്നു ചോദിച്ചു. 23 യേശു പറഞ്ഞു: “ഞാൻ പറഞ്ഞതു തെറ്റാണെങ്കിൽ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കിൽ എന്നെ അടിക്കുന്നത് എന്തിനാണ്?” 24 ബന്ധിച്ച നിലയിൽത്തന്നെ, അന്നാസ് യേശുവിനെ മഹാപുരോഹിതനായ കയ്യഫയുടെ അടുത്തേക്ക് അയച്ചു.+
25 ശിമോൻ പത്രോസ് തീ കാഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു. അപ്പോൾ അവർ, “താങ്കളും അയാളുടെ ഒരു ശിഷ്യനല്ലേ” എന്നു ചോദിച്ചു. പത്രോസ് അതു നിഷേധിച്ചുകൊണ്ട്, “അല്ല” എന്നു പറഞ്ഞു.+ 26 മഹാപുരോഹിതന്റെ ഒരു അടിമയും പത്രോസ് ചെവി മുറിച്ചവന്റെ ബന്ധുവും ആയ ഒരാൾ,+ “ഞാൻ നിന്നെ അയാളുടെകൂടെ തോട്ടത്തിൽവെച്ച് കണ്ടല്ലോ” എന്നു പറഞ്ഞു. 27 എന്നാൽ പത്രോസ് വീണ്ടും അതു നിഷേധിച്ചു; ഉടൻതന്നെ കോഴി കൂകി.+
28 അതിരാവിലെ അവർ യേശുവിനെ കയ്യഫയുടെ അടുത്തുനിന്ന് ഗവർണറുടെ വസതിയിലേക്കു കൊണ്ടുപോയി.+ എന്നാൽ പെസഹ ഭക്ഷിക്കാനുള്ളതുകൊണ്ട് അശുദ്ധരാകാതിരിക്കാൻ+ അവർ ഗവർണറുടെ വസതിയിൽ കയറിയില്ല. 29 അതുകൊണ്ട് പീലാത്തൊസ് പുറത്ത് വന്ന് അവരോട്, “ഈ മനുഷ്യന് എതിരെ എന്തു കുറ്റമാണു നിങ്ങൾ ആരോപിക്കുന്നത്” എന്നു ചോദിച്ചു. 30 അവർ പറഞ്ഞു: “കുറ്റവാളിയല്ലായിരുന്നെങ്കിൽ ഇവനെ ഞങ്ങൾ അങ്ങയെ ഏൽപ്പിക്കില്ലായിരുന്നല്ലോ.” 31 അപ്പോൾ പീലാത്തൊസ്, “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ച് വിധിക്ക്”+ എന്നു പറഞ്ഞു. അപ്പോൾ ജൂതന്മാർ, “ആരെയും കൊല്ലാൻ ഞങ്ങളുടെ നിയമം അനുവദിക്കുന്നില്ല”+ എന്നു പറഞ്ഞു. 32 തന്റെ മരണം ഏതുവിധത്തിലുള്ളതായിരിക്കുമെന്നു+ യേശു പറഞ്ഞത് ഇങ്ങനെ നിറവേറുകയായിരുന്നു.
33 പീലാത്തൊസ് ഗവർണറുടെ വസതിക്കുള്ളിലേക്കു തിരികെ കയറി യേശുവിനെ വിളിച്ച്, “നീ ജൂതന്മാരുടെ രാജാവാണോ”+ എന്നു ചോദിച്ചു. 34 അപ്പോൾ യേശു, “ഇത് അങ്ങ് സ്വയം തോന്നി ചോദിക്കുന്നതാണോ അതോ മറ്റുള്ളവർ എന്നെപ്പറ്റി പറഞ്ഞതിന്റെ പേരിൽ ചോദിക്കുന്നതാണോ” എന്നു ചോദിച്ചു. 35 പീലാത്തൊസ് പറഞ്ഞു: “അതിനു ഞാൻ ഒരു ജൂതനല്ലല്ലോ. നിന്റെ സ്വന്തം ജനതയും മുഖ്യപുരോഹിതന്മാരും ആണ് നിന്നെ എനിക്ക് ഏൽപ്പിച്ചുതന്നത്. നീ എന്താണു ചെയ്തത്?” 36 യേശു പറഞ്ഞു:+ “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.+ എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ എന്നെ ജൂതന്മാരുടെ കൈയിലേക്കു വിട്ടുകൊടുക്കാതിരിക്കാൻ എന്റെ സേവകർ പോരാടിയേനേ.+ എന്നാൽ എന്റെ രാജ്യം ഈ ലോകത്തുനിന്നുള്ളതല്ല.” 37 പീലാത്തൊസ് ചോദിച്ചു: “അപ്പോൾ, നീ ഒരു രാജാവാണോ?” മറുപടിയായി യേശു പറഞ്ഞു: “ഞാൻ ഒരു രാജാവാണെന്ന് അങ്ങുതന്നെ പറയുന്നല്ലോ.+ സത്യത്തിനു സാക്ഷിയായി നിൽക്കാൻവേണ്ടിയാണു ഞാൻ ജനിച്ചത്.+ ഞാൻ ലോകത്തേക്കു വന്നിരിക്കുന്നതും അതിനായിട്ടാണ്. സത്യത്തിന്റെ പക്ഷത്തുള്ളവരെല്ലാം എന്റെ സ്വരം കേട്ടനുസരിക്കുന്നു.”+ 38 പീലാത്തൊസ് യേശുവിനോട്, “എന്താണു സത്യം” എന്നു ചോദിച്ചു.
ഇതു ചോദിച്ചിട്ട് പീലാത്തൊസ് വീണ്ടും പുറത്ത് ചെന്ന് ജൂതന്മാരോടു പറഞ്ഞു: “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല.+ 39 പെസഹയ്ക്ക് ഞാൻ നിങ്ങൾക്കൊരു തടവുകാരനെ വിട്ടുതരുന്ന പതിവുണ്ടല്ലോ.+ ജൂതന്മാരുടെ രാജാവിനെ ഞാൻ നിങ്ങൾക്കു വിട്ടുതരട്ടേ?” 40 അപ്പോൾ അവർ വീണ്ടും, “ഇവനെ വേണ്ടാ, ബറബ്ബാസിനെ മതി” എന്ന് അലറി. ബറബ്ബാസ് ഒരു കവർച്ചക്കാരനായിരുന്നു.+
19 പിന്നെ പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി ചാട്ടയ്ക്ക് അടിപ്പിച്ചു.+ 2 പടയാളികൾ ഒരു മുൾക്കിരീടം മെടഞ്ഞുണ്ടാക്കി യേശുവിന്റെ തലയിൽ വെച്ചു. എന്നിട്ട് പർപ്പിൾ നിറത്തിലുള്ള ഒരു വസ്ത്രവും ധരിപ്പിച്ചു.+ 3 അവർ യേശുവിന്റെ അടുത്ത് വന്ന്, “ജൂതന്മാരുടെ രാജാവേ, അഭിവാദ്യങ്ങൾ!” എന്നു പറഞ്ഞു. അവർ മാറിമാറി യേശുവിന്റെ കരണത്ത് അടിച്ചു.+ 4 പീലാത്തൊസ് പിന്നെയും പുറത്ത് വന്ന് അവരോടു പറഞ്ഞു: “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല+ എന്നു നിങ്ങൾ മനസ്സിലാക്കാൻ ഇതാ, ഞാൻ അയാളെ നിങ്ങളുടെ അടുത്ത് കൊണ്ടുവരുന്നു.” 5 അപ്പോൾ, മുൾക്കിരീടവും പർപ്പിൾ നിറത്തിലുള്ള വസ്ത്രവും ധരിച്ച യേശു പുറത്തേക്കു വന്നു. പീലാത്തൊസ് അവരോട്, “ഇതാ, ആ മനുഷ്യൻ!” എന്നു പറഞ്ഞു. 6 എന്നാൽ മുഖ്യപുരോഹിതന്മാരും ഭടന്മാരും യേശുവിനെ കണ്ടപ്പോൾ, “അവനെ സ്തംഭത്തിലേറ്റ്! അവനെ സ്തംഭത്തിലേറ്റ്!”+ എന്ന് അലറിവിളിച്ചു. പീലാത്തൊസ് അവരോടു പറഞ്ഞു: “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി സ്തംഭത്തിലേറ്റിക്കൊള്ളൂ. ഞാൻ ഇയാളിൽ ഒരു കുറ്റവും കാണുന്നില്ല.”+ 7 അപ്പോൾ ജൂതന്മാർ പറഞ്ഞു: “ഞങ്ങൾക്ക് ഒരു നിയമമുണ്ട്. അതനുസരിച്ച് ഇവൻ മരിക്കണം.+ കാരണം ഇവൻ ദൈവപുത്രനെന്ന് അവകാശപ്പെടുന്നു.”+
8 ഇതു കേട്ടപ്പോൾ പീലാത്തൊസിനു പേടി കൂടി. 9 പീലാത്തൊസ് വീണ്ടും ഗവർണറുടെ വസതിക്കുള്ളിലേക്കു ചെന്ന് യേശുവിനോട്, “താൻ എവിടെനിന്നാണ്” എന്നു ചോദിച്ചു. പക്ഷേ യേശു മറുപടിയൊന്നും പറഞ്ഞില്ല.+ 10 അപ്പോൾ പീലാത്തൊസ് ചോദിച്ചു: “എന്താ, എന്നോട് ഒന്നും പറയില്ലെന്നാണോ? തന്നെ വിട്ടയയ്ക്കാനും വധിക്കാനും* എനിക്ക് അധികാരമുണ്ടെന്ന് അറിയില്ലേ?” 11 യേശു പറഞ്ഞു: “മുകളിൽനിന്ന് തന്നില്ലെങ്കിൽ അങ്ങയ്ക്ക് എന്റെ മേൽ ഒരു അധികാരവും ഉണ്ടാകുമായിരുന്നില്ല.+ അതുകൊണ്ടുതന്നെ എന്നെ അങ്ങയുടെ കൈയിൽ ഏൽപ്പിച്ചുതന്ന മനുഷ്യന്റെ പാപം കൂടുതൽ ഗൗരവമുള്ളതാണ്.”
12 ഇക്കാരണത്താൽ പീലാത്തൊസ് യേശുവിനെ വിട്ടയയ്ക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്നു നോക്കി. എന്നാൽ ജൂതന്മാർ ഇങ്ങനെ അലറി: “ഇവനെ വിട്ടയച്ചാൽ അങ്ങ് സീസറിന്റെ സ്നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഒരാൾ സീസറിനെ എതിർക്കുന്നു.”+ 13 ഇതു കേട്ടപ്പോൾ പീലാത്തൊസ് യേശുവിനെ പുറത്ത് കൊണ്ടുവന്നു. എന്നിട്ട് എബ്രായയിൽ ഗബ്ബഥ എന്നു പേരുള്ള, കൽത്തളം എന്ന സ്ഥലത്ത് ന്യായാസനത്തിൽ ഇരുന്നു. 14 പെസഹയുടെ ഒരുക്കനാളായിരുന്നു അന്ന്.+ അപ്പോൾ ഏകദേശം ആറാം മണി ആയിരുന്നു. പീലാത്തൊസ് ജൂതന്മാരോട്, “ഇതാ, നിങ്ങളുടെ രാജാവ്” എന്നു പറഞ്ഞു. 15 അവരോ, “അവന്റെ കഥ കഴിക്ക്! അവനെ കൊന്നുകളയണം! അവനെ സ്തംഭത്തിലേറ്റ്!” എന്ന് അലറിവിളിച്ചു. പീലാത്തൊസ് അവരോട്, “നിങ്ങളുടെ രാജാവിനെ ഞാൻ വധിക്കണമെന്നോ” എന്നു ചോദിച്ചു. മറുപടിയായി മുഖ്യപുരോഹിതന്മാർ, “ഞങ്ങൾക്കു സീസറല്ലാതെ മറ്റൊരു രാജാവില്ല” എന്നു പറഞ്ഞു. 16 അപ്പോൾ പീലാത്തൊസ് യേശുവിനെ സ്തംഭത്തിലേറ്റി കൊല്ലാൻ അവർക്കു വിട്ടുകൊടുത്തു.+
അവർ യേശുവിനെ ഏറ്റുവാങ്ങി. 17 യേശു തന്റെ ദണ്ഡനസ്തംഭവും ചുമന്നുകൊണ്ട് എബ്രായയിൽ ഗൊൽഗോഥ+ എന്നു വിളിക്കുന്ന തലയോടിടം+ എന്ന സ്ഥലത്തേക്കു പോയി. 18 അവിടെ അവർ യേശുവിനെ സ്തംഭത്തിൽ തറച്ചു.+ ഇരുവശങ്ങളിലായി വേറെ രണ്ടു പേരെയും സ്തംഭത്തിലേറ്റി.+ 19 പീലാത്തൊസ് ഒരു മേലെഴുത്ത് എഴുതി ദണ്ഡനസ്തംഭത്തിൽ വെച്ചു. അത് ഇങ്ങനെയായിരുന്നു: “നസറെത്തുകാരനായ യേശു, ജൂതന്മാരുടെ രാജാവ്.”+ 20 യേശുവിനെ സ്തംഭത്തിൽ തറച്ച സ്ഥലം നഗരത്തിന് അടുത്തായിരുന്നതുകൊണ്ട് ജൂതന്മാരിൽ പലരും ആ മേലെഴുത്തു വായിച്ചു. അത് എബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതിയിരുന്നു. 21 എന്നാൽ ജൂതന്മാരുടെ മുഖ്യപുരോഹിതന്മാർ പീലാത്തൊസിനോടു പറഞ്ഞു: “‘ജൂതന്മാരുടെ രാജാവ്’ എന്നല്ല, ‘ഞാൻ ജൂതന്മാരുടെ രാജാവാണ്’ എന്ന് ഇവൻ പറഞ്ഞു എന്നാണ് എഴുതേണ്ടത്.” 22 പീലാത്തൊസ് പറഞ്ഞു: “ഞാൻ എഴുതിയത് എഴുതി.”
23 യേശുവിനെ സ്തംഭത്തിൽ തറച്ചശേഷം പടയാളികൾ യേശുവിന്റെ പുറങ്കുപ്പായം നാലായി വീതിച്ച് ഓരോരുത്തരും ഓരോ കഷണം എടുത്തു. ഉള്ളങ്കിയും അവർ എടുത്തു. എന്നാൽ ഉള്ളങ്കി മുകൾമുതൽ അടിവരെ തുന്നലില്ലാതെ നെയ്തെടുത്തതായിരുന്നു. 24 അതുകൊണ്ട് അവർ പറഞ്ഞു: “ഇതു കീറേണ്ടാ. ഇത് ആർക്കു കിട്ടുമെന്നു നമുക്കു നറുക്കിട്ട് തീരുമാനിക്കാം.”+ “എന്റെ വസ്ത്രം അവർ വീതിച്ചെടുത്തു. എന്റെ ഉടുപ്പിനായി അവർ നറുക്കിട്ടു”+ എന്ന തിരുവെഴുത്ത് ഇങ്ങനെ നിറവേറി. ശരിക്കും അതുതന്നെയാണു പടയാളികൾ ചെയ്തത്.
25 ദണ്ഡനസ്തംഭത്തിന് അരികെ യേശുവിന്റെ അമ്മയും+ അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയയും മഗ്ദലക്കാരി മറിയയും നിൽക്കുന്നുണ്ടായിരുന്നു.+ 26 അമ്മയും താൻ സ്നേഹിച്ച ശിഷ്യനും+ അരികെ നിൽക്കുന്നതു കണ്ടിട്ട് യേശു അമ്മയോട്, “സ്ത്രീയേ, ഇതാ നിങ്ങളുടെ മകൻ” എന്നു പറഞ്ഞു. 27 പിന്നെ ശിഷ്യനോട്, “ഇതാ, നിന്റെ അമ്മ” എന്നും പറഞ്ഞു. അന്നുമുതൽ ആ ശിഷ്യൻ യേശുവിന്റെ അമ്മയെ തന്റെ വീട്ടിൽ താമസിപ്പിച്ചു.
28 ഇതിനു ശേഷം, എല്ലാം പൂർത്തിയായെന്നു മനസ്സിലാക്കിയ യേശു തിരുവെഴുത്തു നിറവേറാൻ, “എനിക്കു ദാഹിക്കുന്നു”+ എന്നു പറഞ്ഞു. 29 പുളിച്ച വീഞ്ഞു നിറച്ച ഒരു ഭരണി അവിടെയുണ്ടായിരുന്നു. അവർ നീർപ്പഞ്ഞി* അതിൽ മുക്കി ഒരു ഈസോപ്പുതണ്ടിൽ വെച്ച് യേശുവിന്റെ വായോട് അടുപ്പിച്ചു.+ 30 അതു രുചിച്ചിട്ട് യേശു, “എല്ലാം പൂർത്തിയായി”+ എന്നു പറഞ്ഞ് തല കുനിച്ച് ജീവൻ വെടിഞ്ഞു.*+
31 അന്ന് ഒരുക്കനാളായിരുന്നതുകൊണ്ട്+ ശബത്തിൽ (അതു വലിയ ശബത്തായിരുന്നു.)+ ശരീരങ്ങൾ ദണ്ഡനസ്തംഭത്തിൽ കിടക്കാതിരിക്കാൻ+ അവരുടെ കാലുകൾ ഒടിച്ച് ശരീരങ്ങൾ താഴെ ഇറക്കണം എന്നു ജൂതന്മാർ പീലാത്തൊസിനോട് അപേക്ഷിച്ചു. 32 അങ്ങനെ, പടയാളികൾ വന്ന് യേശുവിന്റെകൂടെ സ്തംഭത്തിലേറ്റിയ രണ്ടു പേരുടെയും കാലുകൾ ഒടിച്ചു. 33 എന്നാൽ യേശുവിന്റെ അടുത്ത് വന്നപ്പോൾ മരിച്ചെന്നു കണ്ടിട്ട് കാലുകൾ ഒടിച്ചില്ല. 34 പടയാളികളിൽ ഒരാൾ കുന്തംകൊണ്ട് യേശുവിന്റെ വിലാപ്പുറത്ത്* കുത്തി.+ ഉടനെ രക്തവും വെള്ളവും പുറത്ത് വന്നു. 35 ഇതു നേരിട്ട് കണ്ടയാളാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. അയാളുടെ വാക്കുകൾ സത്യമാണ്. താൻ പറയുന്നതു സത്യമാണെന്ന് അയാൾക്ക് അറിയാം. അതുകൊണ്ട് നിങ്ങൾക്കും അതു വിശ്വസിക്കാം.+ 36 “അവന്റെ അസ്ഥികളിൽ ഒന്നുപോലും ഒടിക്കില്ല”+ എന്ന തിരുവെഴുത്തു നിറവേറാനാണ് ഇതൊക്കെ സംഭവിച്ചത്. 37 “അവർ കുത്തിത്തുളച്ചവനെ അവർ നോക്കും”+ എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.
38 ഇതിനു ശേഷം, ജൂതന്മാരെ പേടിച്ച്+ യേശുവിന്റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്ന അരിമഥ്യക്കാരനായ യോസേഫ് യേശുവിന്റെ ശരീരം എടുത്തുകൊണ്ടുപോകാൻ പീലാത്തൊസിനോട് അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവാദം കൊടുത്തു. അങ്ങനെ യോസേഫ് ചെന്ന് യേശുവിന്റെ ശരീരം എടുത്തുകൊണ്ടുപോയി.+ 39 മുമ്പൊരിക്കൽ യേശുവിനെ കാണാൻ ഒരു രാത്രിസമയത്ത് ചെന്ന നിക്കോദേമൊസും+ അവിടെ എത്തി. മീറയും അകിലും കൊണ്ടുള്ള ഏകദേശം നൂറു റാത്തൽ സുഗന്ധക്കൂട്ടും നിക്കോദേമൊസ് കൊണ്ടുവന്നിരുന്നു.+ 40 അവർ യേശുവിന്റെ ശരീരം എടുത്ത് ജൂതന്മാരുടെ ശവസംസ്കാരരീതിയനുസരിച്ച്+ സുഗന്ധവ്യഞ്ജനങ്ങൾ ഇട്ട് ലിനൻതുണികൊണ്ട് ചുറ്റി.+ 41 യേശുവിനെ വധിച്ച* സ്ഥലത്ത് ഒരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തിൽ മുമ്പൊരിക്കലും ആരെയും വെച്ചിട്ടില്ലാത്ത പുതിയൊരു കല്ലറയുമുണ്ടായിരുന്നു.+ 42 അന്നു ജൂതന്മാരുടെ ഒരുക്കനാളായിരുന്നതുകൊണ്ടും+ അടുത്ത് അങ്ങനെയൊരു കല്ലറയുണ്ടായിരുന്നതുകൊണ്ടും അവർ യേശുവിന്റെ ശരീരം അതിൽ വെച്ചു.
20 ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, മഗ്ദലക്കാരി മറിയ കല്ലറയുടെ അടുത്ത് എത്തി.+ അപ്പോൾ, കല്ലറയുടെ വാതിൽക്കൽനിന്ന് കല്ല് എടുത്തുമാറ്റിയിരിക്കുന്നതു കണ്ടു.+ 2 മറിയ ഓടി ശിമോൻ പത്രോസിന്റെയും യേശുവിനു പ്രിയപ്പെട്ട ശിഷ്യന്റെയും+ അടുത്ത് ചെന്ന് അവരോടു പറഞ്ഞു: “അവർ കർത്താവിനെ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി.+ എവിടെയാണു വെച്ചിരിക്കുന്നതെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ.”
3 പത്രോസും മറ്റേ ശിഷ്യനും കല്ലറയുടെ അടുത്തേക്കു പോയി. 4 അവർ ഇരുവരും ഓടുകയായിരുന്നു. എന്നാൽ മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്ത് എത്തി. 5 ആ ശിഷ്യൻ കുനിഞ്ഞ് അകത്തേക്കു നോക്കിയപ്പോൾ ലിനൻതുണികൾ അവിടെ കിടക്കുന്നതു കണ്ടു.+ എന്നാൽ അകത്ത് കടന്നില്ല. 6 പിന്നാലെ ശിമോൻ പത്രോസും ഓടിയെത്തി. പത്രോസ് കല്ലറയുടെ അകത്ത് കടന്നു. ലിനൻതുണികൾ കിടക്കുന്നതു പത്രോസും കണ്ടു. 7 യേശുവിന്റെ തലയിലുണ്ടായിരുന്ന തുണി മറ്റു തുണികളുടെകൂടെയല്ലാതെ വേറൊരിടത്ത് ചുരുട്ടിവെച്ചിരിക്കുകയായിരുന്നു. 8 ആദ്യം കല്ലറയുടെ അടുത്ത് എത്തിയ മറ്റേ ശിഷ്യനും അപ്പോൾ അകത്ത് കടന്നു. എല്ലാം നേരിട്ട് കണ്ടപ്പോൾ ആ ശിഷ്യനും വിശ്വാസമായി. 9 യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുമെന്ന തിരുവെഴുത്ത് അവർക്ക് അപ്പോഴും മനസ്സിലായിരുന്നില്ല.+ 10 അങ്ങനെ, ശിഷ്യന്മാർ അവരുടെ വീടുകളിലേക്കു മടങ്ങി.
11 എന്നാൽ മറിയ, കല്ലറയ്ക്കു പുറത്ത് കരഞ്ഞുകൊണ്ട് നിന്നു. കരയുന്നതിന് ഇടയിൽ മറിയ കുനിഞ്ഞ് കല്ലറയുടെ അകത്തേക്കു നോക്കി. 12 വെള്ളവസ്ത്രം ധരിച്ച രണ്ടു ദൈവദൂതന്മാർ+ യേശുവിന്റെ ശരീരം കിടന്നിരുന്ന സ്ഥലത്ത്, ഒരാൾ തലയ്ക്കലും ഒരാൾ കാൽക്കലും, ഇരിക്കുന്നതു കണ്ടു. 13 അവർ മറിയയോട്, “സ്ത്രീയേ, എന്തിനാണ് ഇങ്ങനെ കരയുന്നത്” എന്നു ചോദിച്ചു. മറിയ അവരോടു പറഞ്ഞു: “അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി. അദ്ദേഹത്തെ അവർ എവിടെ വെച്ചെന്ന് എനിക്ക് അറിഞ്ഞുകൂടാ.” 14 ഇതു പറഞ്ഞിട്ട് മറിയ തിരിഞ്ഞുനോക്കിയപ്പോൾ യേശു നിൽക്കുന്നതു കണ്ടു. എന്നാൽ അതു യേശുവാണെന്നു മറിയയ്ക്കു മനസ്സിലായില്ല.+ 15 യേശു മറിയയോടു ചോദിച്ചു: “സ്ത്രീയേ, എന്തിനാണു കരയുന്നത്? ആരെയാണു നീ അന്വേഷിക്കുന്നത്?” അതു തോട്ടക്കാരനായിരിക്കുമെന്നു കരുതി മറിയ യേശുവിനോടു പറഞ്ഞു: “യജമാനനേ, അങ്ങാണു യേശുവിനെ എടുത്തുകൊണ്ടുപോയതെങ്കിൽ അദ്ദേഹത്തെ എവിടെ വെച്ചെന്നു പറയൂ. ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം.” 16 അപ്പോൾ യേശു, “മറിയേ” എന്നു വിളിച്ചു. മറിയ തിരിഞ്ഞ് എബ്രായയിൽ, “റബ്ബോനി!” (“ഗുരു!” എന്ന് അർഥം.) എന്നു പറഞ്ഞു. 17 യേശു മറിയയോടു പറഞ്ഞു: “എന്നെ ഇങ്ങനെ പിടിച്ചുനിറുത്തരുത്. ഞാൻ ഇതുവരെ പിതാവിന്റെ അടുത്തേക്കു കയറിപ്പോയിട്ടില്ല. നീ എന്റെ സഹോദരന്മാരുടെ അടുത്ത് ചെന്ന്+ അവരോട്, ‘ഞാൻ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും+ ആയവന്റെ അടുത്തേക്കു കയറിപ്പോകുന്നു’+ എന്നു പറയുക.” 18 “ഞാൻ കർത്താവിനെ കണ്ടു” എന്ന വാർത്തയുമായി മഗ്ദലക്കാരി മറിയ ശിഷ്യന്മാരുടെ അടുത്ത് എത്തി. യേശു തന്നോടു പറഞ്ഞതെല്ലാം മറിയ അവരെ പറഞ്ഞുകേൾപ്പിച്ചു.+
19 ആഴ്ചയുടെ ഒന്നാം ദിവസം നേരം വൈകിയ സമയത്ത് ശിഷ്യന്മാർ ജൂതന്മാരെ പേടിച്ച് വാതിൽ പൂട്ടി അകത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ യേശു വന്ന് അവരുടെ ഇടയിൽ നിന്ന്, “നിങ്ങൾക്കു സമാധാനം!”+ എന്നു പറഞ്ഞു. 20 ഇങ്ങനെ പറഞ്ഞിട്ട് യേശു കൈകളും വിലാപ്പുറവും* അവരെ കാണിച്ചു.+ കർത്താവിനെ കണ്ടപ്പോൾ ശിഷ്യന്മാർക്കു വലിയ സന്തോഷമായി.+ 21 യേശു വീണ്ടും അവരോടു പറഞ്ഞു: “നിങ്ങൾക്കു സമാധാനം!+ പിതാവ് എന്നെ അയച്ചതുപോലെ+ ഞാനും നിങ്ങളെ അയയ്ക്കുന്നു.”+ 22 അതിനു ശേഷം യേശു അവരുടെ മേൽ ഊതിയിട്ട് പറഞ്ഞു: “പരിശുദ്ധാത്മാവിനെ സ്വീകരിക്കൂ.+ 23 നിങ്ങൾ ആരുടെയെങ്കിലും പാപങ്ങൾ ക്ഷമിച്ചാൽ അവരോട് അവ ക്ഷമിച്ചിരിക്കുന്നു. നിങ്ങൾ ക്ഷമിക്കാതിരുന്നാലോ അവ നിലനിൽക്കുകയും ചെയ്യുന്നു.”
24 എന്നാൽ യേശു വന്നപ്പോൾ പന്ത്രണ്ടു പേരിൽപ്പെട്ട*+ തോമസ്+—ഇദ്ദേഹത്തെ ഇരട്ട എന്നു വിളിച്ചിരുന്നു—അവരുടെകൂടെയുണ്ടായിരുന്നില്ല. 25 മറ്റു ശിഷ്യന്മാർ തോമസിനോട്, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്നു പറഞ്ഞു. തോമസ് അവരോട്, “യേശുവിന്റെ കൈകളിലെ ആണിപ്പഴുതുകൾ* കണ്ട് അവയിൽ വിരൽ ഇട്ടുനോക്കാതെയും വിലാപ്പുറത്ത്* തൊട്ടുനോക്കാതെയും+ ഞാൻ വിശ്വസിക്കില്ല” എന്നു പറഞ്ഞു.+
26 എട്ടു ദിവസം കഴിഞ്ഞ് വീണ്ടും യേശുവിന്റെ ശിഷ്യന്മാർ ഒരു മുറിക്കുള്ളിൽ കൂടിവന്നിരിക്കുകയായിരുന്നു. തോമസും അവരുടെകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചുപൂട്ടിയിരുന്നെങ്കിലും യേശു പെട്ടെന്ന് അവരുടെ നടുവിൽ വന്ന് നിന്ന്, “നിങ്ങൾക്കു സമാധാനം!” എന്നു പറഞ്ഞു.+ 27 പിന്നെ യേശു തോമസിനോടു പറഞ്ഞു: “എന്റെ കൈകൾ കണ്ടോ? നിന്റെ വിരൽ ഇവിടെ ഇട്ടുനോക്ക്. എന്റെ വിലാപ്പുറത്ത്* തൊട്ടുനോക്ക്. സംശയിക്കാതെ* വിശ്വസിക്ക്.” 28 അപ്പോൾ തോമസ് യേശുവിനോട്, “എന്റെ കർത്താവേ! എന്റെ ദൈവമേ!”+ എന്നു പറഞ്ഞു. 29 യേശു തോമസിനോടു ചോദിച്ചു: “എന്നെ കണ്ടതുകൊണ്ടാണോ നീ വിശ്വസിക്കുന്നത്? കാണാതെ വിശ്വസിക്കുന്നവർ സന്തുഷ്ടർ.”+
30 ഈ ചുരുളിൽ എഴുതിയിട്ടില്ലാത്ത മറ്റ് അനേകം അടയാളങ്ങൾ യേശു ശിഷ്യന്മാർ കാൺകെ ചെയ്തിട്ടുണ്ട്.+ 31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങൾ വിശ്വസിക്കാനും വിശ്വസിച്ച് യേശുവിന്റെ പേര് മുഖാന്തരം നിങ്ങൾക്കു ജീവൻ കിട്ടാനും ആണ് ഇത്രയും കാര്യങ്ങൾ എഴുതിയത്.+
21 അതിനു ശേഷം തിബെര്യാസ് കടലിന്റെ തീരത്തുവെച്ച് യേശു ശിഷ്യന്മാർക്കു വീണ്ടും പ്രത്യക്ഷനായി. ഇങ്ങനെയായിരുന്നു ആ സംഭവം: 2 ശിമോൻ പത്രോസും തോമസും (ഇരട്ട എന്നും വിളിച്ചിരുന്നു.)+ ഗലീലയിലെ കാനായിൽനിന്നുള്ള നഥനയേലും+ സെബെദിപുത്രന്മാരും+ വേറെ രണ്ടു ശിഷ്യന്മാരും ഒരുമിച്ച് ഇരിക്കുകയായിരുന്നു. 3 ശിമോൻ പത്രോസ് അവരോട്, “ഞാൻ മീൻ പിടിക്കാൻ പോകുകയാണ്” എന്നു പറഞ്ഞു. “ഞങ്ങളും പോരുന്നു” എന്ന് അവർ പറഞ്ഞു. അങ്ങനെ, അവർ വള്ളത്തിൽ കയറി മീൻ പിടിക്കാൻ പോയി. പക്ഷേ അന്നു രാത്രി അവർക്ക് ഒന്നും കിട്ടിയില്ല.+
4 നേരം വെളുക്കാറായപ്പോൾ യേശു കടൽത്തീരത്ത് വന്ന് നിന്നു. എന്നാൽ അതു യേശുവാണെന്നു ശിഷ്യന്മാർക്കു മനസ്സിലായില്ല.+ 5 യേശു അവരോട്, “മക്കളേ, നിങ്ങളുടെ കൈയിൽ കഴിക്കാൻ വല്ലതുമുണ്ടോ” എന്നു ചോദിച്ചു. “ഇല്ല” എന്ന് അവർ പറഞ്ഞു. 6 യേശു അവരോടു പറഞ്ഞു: “വള്ളത്തിന്റെ വലതുവശത്ത് വല വീശൂ. അപ്പോൾ നിങ്ങൾക്കു കിട്ടും.” അവർ വല വീശി. വല വലിച്ചുകയറ്റാൻ പറ്റാത്തതുപോലെ അത്രയധികം മീൻ വലയിൽപ്പെട്ടു.+ 7 യേശു സ്നേഹിച്ച ശിഷ്യൻ+ അപ്പോൾ പത്രോസിനോട്, “അതു കർത്താവാണ്” എന്നു പറഞ്ഞു. അതു കർത്താവാണെന്നു കേട്ട ഉടനെ, നഗ്നനായിരുന്ന ശിമോൻ പത്രോസ് താൻ അഴിച്ചുവെച്ചിരുന്ന പുറങ്കുപ്പായവും ധരിച്ച്* കടലിൽ ചാടി കരയിലേക്കു നീന്തി. 8 വള്ളത്തിൽനിന്ന് കരയിലേക്ക് 300 അടി ദൂരമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മറ്റു ശിഷ്യന്മാർ മീൻ നിറഞ്ഞ വലയും വലിച്ചുകൊണ്ട് അവരുടെ ചെറുവള്ളത്തിൽ കരയ്ക്ക് എത്തി.
9 അവർ കരയിൽ ഇറങ്ങിയപ്പോൾ, അവിടെ തീക്കനലുകൾ കൂട്ടി അതിൽ മീൻ വെച്ചിരിക്കുന്നതു കണ്ടു; അപ്പവും അവിടെയുണ്ടായിരുന്നു. 10 യേശു അവരോട്, “നിങ്ങൾ ഇപ്പോൾ പിടിച്ച കുറച്ച് മീൻ കൊണ്ടുവരൂ” എന്നു പറഞ്ഞു. 11 ശിമോൻ പത്രോസ് വള്ളത്തിൽ കയറി വല കരയിലേക്കു വലിച്ചുകയറ്റി. അതിൽ നിറയെ വലിയ മീനുകളായിരുന്നു, 153 എണ്ണം! അത്രയധികം മീനുണ്ടായിരുന്നിട്ടും വല കീറിയില്ല. 12 യേശു അവരോട്, “വരൂ, ഭക്ഷണം കഴിക്കാം”+ എന്നു പറഞ്ഞു. ‘അങ്ങ് ആരാണ്’ എന്നു യേശുവിനോടു ചോദിക്കാൻ ശിഷ്യന്മാരാരും ധൈര്യപ്പെട്ടില്ല. കാരണം അതു കർത്താവാണെന്ന് അവർക്കു മനസ്സിലായിരുന്നു. 13 യേശു വന്ന് അപ്പം എടുത്ത് അവർക്കു കൊടുത്തു, മീനും കൊടുത്തു. 14 ഇതു മൂന്നാം തവണയാണു+ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനായത്.
15 അവർ ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ യേശു ശിമോൻ പത്രോസിനോട്, “യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്നു ചോദിച്ചു. പത്രോസ് യേശുവിനോട്, “ഉണ്ട് കർത്താവേ, എനിക്ക് അങ്ങയെ എത്ര ഇഷ്ടമാണെന്ന് അങ്ങയ്ക്ക് അറിയാമല്ലോ” എന്നു പറഞ്ഞു. യേശു പത്രോസിനോട്, “എന്റെ കുഞ്ഞാടുകളെ തീറ്റുക”+ എന്നു പറഞ്ഞു. 16 യേശു രണ്ടാമതും, “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്നു ചോദിച്ചു. അപ്പോൾ പത്രോസ്, “ഉണ്ട് കർത്താവേ, എനിക്ക് അങ്ങയെ എത്ര ഇഷ്ടമാണെന്ന് അങ്ങയ്ക്ക് അറിയാമല്ലോ” എന്നു പറഞ്ഞു. യേശു പത്രോസിനോട്, “എന്റെ കുഞ്ഞാടുകളെ മേയ്ക്കുക”+ എന്നു പറഞ്ഞു. 17 മൂന്നാമത് യേശു, “യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക് എന്നോട് ഇഷ്ടമുണ്ടോ” എന്നു ചോദിച്ചു. “നിനക്ക് എന്നോട് ഇഷ്ടമുണ്ടോ” എന്ന ഈ മൂന്നാമത്തെ ചോദ്യം കേട്ടപ്പോൾ പത്രോസിന് ആകെ സങ്കടമായി. പത്രോസ് യേശുവിനോടു പറഞ്ഞു: “കർത്താവേ, അങ്ങയ്ക്ക് എല്ലാം അറിയാം. എനിക്ക് അങ്ങയെ എത്ര ഇഷ്ടമാണെന്ന് അങ്ങയ്ക്ക് അറിയാമല്ലോ.” അപ്പോൾ യേശു പത്രോസിനോടു പറഞ്ഞു: “എന്റെ കുഞ്ഞാടുകളെ തീറ്റുക.+ 18 സത്യംസത്യമായി ഞാൻ നിന്നോടു പറയുന്നു: ചെറുപ്പമായിരുന്നപ്പോൾ നീ തനിയെ വസ്ത്രം ധരിച്ച് ഇഷ്ടമുള്ളിടത്തൊക്കെ നടന്നു. എന്നാൽ വയസ്സാകുമ്പോൾ നീ കൈ നീട്ടുകയും മറ്റൊരാൾ നിന്നെ വസ്ത്രം ധരിപ്പിക്കുകയും നിനക്ക് ഇഷ്ടമില്ലാത്തിടത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും.”+ 19 ഏതുവിധത്തിലുള്ള മരണത്താൽ പത്രോസ് ദൈവത്തെ മഹത്ത്വപ്പെടുത്തുമെന്നു സൂചിപ്പിക്കാനാണു യേശു ഇതു പറഞ്ഞത്. എന്നിട്ട് യേശു പത്രോസിനോട്, “തുടർന്നും എന്നെ അനുഗമിക്കുക”+ എന്നു പറഞ്ഞു.
20 പത്രോസ് തിരിഞ്ഞുനോക്കിയപ്പോൾ യേശു സ്നേഹിക്കുന്ന ശിഷ്യൻ+ പിന്നാലെ വരുന്നതു കണ്ടു. അത്താഴസമയത്ത് യേശുവിന്റെ മാറിലേക്കു ചാഞ്ഞ്, “കർത്താവേ, അങ്ങയെ ഒറ്റിക്കൊടുക്കുന്നത് ആരാണ്” എന്നു ചോദിച്ചത് ഈ ശിഷ്യനായിരുന്നു. 21 ഈ ശിഷ്യനെ കണ്ടിട്ട് പത്രോസ് യേശുവിനോട്, “കർത്താവേ, ഇയാളുടെ കാര്യമോ” എന്നു ചോദിച്ചു. 22 യേശു പത്രോസിനോടു പറഞ്ഞു: “ഞാൻ വരുന്നതുവരെ ഇവനുണ്ടായിരിക്കണം എന്നാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് എന്താണ്? നീ തുടർന്നും എന്നെ അനുഗമിക്കുക.” 23 ഇതു കേട്ടിട്ട്, ആ ശിഷ്യൻ മരിക്കില്ല എന്നൊരു സംസാരം സഹോദരങ്ങൾക്കിടയിൽ പരന്നു. എന്നാൽ യേശു പറഞ്ഞത് ഈ ശിഷ്യൻ മരിക്കില്ല എന്നല്ല, “ഞാൻ വരുന്നതുവരെ ഇവനുണ്ടായിരിക്കണം എന്നാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് എന്താണ്” എന്നു മാത്രമാണ്.
24 ഈ ശിഷ്യൻതന്നെയാണ്+ ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതും ഇവ എഴുതിയതും. ഈ ശിഷ്യന്റെ വാക്കുകൾ സത്യമാണെന്നു ഞങ്ങൾക്ക് അറിയാം.+
25 യേശു ചെയ്ത മറ്റ് അനേകം കാര്യങ്ങളുമുണ്ട്. അവയെല്ലാം വിശദമായി എഴുതിയാൽ ആ ചുരുളുകൾ ഈ ലോകത്തുതന്നെ ഒതുങ്ങില്ലെന്നാണ് എനിക്കു തോന്നുന്നത്.+
അഥവാ “തിരിച്ചറിഞ്ഞില്ല; അംഗീകരിച്ചില്ല.”
പദാവലി കാണുക.
പദാവലിയിൽ “വിജനഭൂമി” കാണുക.
അഥവാ “ദൈവം നേരിട്ട് സൃഷ്ടിച്ച ഒരേ ഒരു മകനിൽ.”
അഥവാ “മറ്റെല്ലാത്തിനും.”
അഥവാ “അളന്നല്ല.”
അഥവാ “ശരിക്കുള്ള ആരാധകർ.”
അഥവാ “തളർന്നവർ.” അക്ഷ. “വരണ്ടവർ.”
അഥവാ “ചെയ്യുന്നതു പതിവാക്കിയവർക്ക്.”
അഥവാ “അവരെല്ലാം യഹോവയാൽ പഠിപ്പിക്കപ്പെട്ടവരായിരിക്കും.”
അഥവാ “ഇതു കാരണം നിങ്ങൾ ഇടറിപ്പോയോ?”
അതായത്, പന്ത്രണ്ട് അപ്പോസ്തലന്മാർ.
അഥവാ “കാൽനടയായി സഞ്ചരിച്ചുകൊണ്ടിരുന്നു.”
അഥവാ “സത്യമാണു സംസാരിക്കുന്നത്.”
അഥവാ “നിങ്ങളിൽ ഒരു ഭൂതമുണ്ട്.”
പദാവലിയിൽ “പരിച്ഛേദന” കാണുക.
അഥവാ “അറസ്റ്റു ചെയ്യാൻ.”
അഥവാ “അറസ്റ്റു ചെയ്യാൻ.”
അഥവാ “മാനുഷികമായ മാനദണ്ഡങ്ങളനുസരിച്ച്.”
അഥവാ “വിത്താണ്.”
അഥവാ “ശ്രദ്ധിക്കാൻ.”
അഥവാ “ലഭിച്ചവരെ.”
അഥവാ “അയച്ച വ്യക്തിയെക്കുറിച്ച്.”
അഥവാ “ലാസർ രക്ഷപ്പെടും.”
അഥവാ “അറസ്റ്റു ചെയ്യാനായിരുന്നു.”
അർഥം: “രക്ഷിക്കേണമേ.”
അക്ഷ. “ചാകുന്നില്ലെങ്കിൽ.”
ആ സമയത്ത് നടക്കാനിരിക്കുന്ന സംഭവങ്ങളെയാണ് ഉദ്ദേശിച്ചത്.
അഥവാ “ഞങ്ങളുടെ സന്ദേശം.”
മറ്റൊരു സാധ്യത “അത്താഴം തയ്യാറായിക്കൊണ്ടിരിക്കുകയായിരുന്നു.”
അക്ഷ. “പാദങ്ങൾ.”
അഥവാ “ഉത്പാദിപ്പിക്കാൻ.”
അഥവാ “അറിയിച്ചുകൊടുത്തിരിക്കുന്നു.”
അഥവാ “അറസ്റ്റു ചെയ്തു.”
അഥവാ “സ്തംഭത്തിലേറ്റാനും.”
അഥവാ “സ്പോഞ്ച്.” ഒരു സമുദ്രജീവിയിൽനിന്ന് കിട്ടുന്ന അനേകം ചെറുസുഷിരങ്ങളുള്ള വസ്തു. ഇതിനു ദ്രാവകങ്ങൾ വലിച്ചെടുക്കാനാകും.
അക്ഷ. “ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു.”
അഥവാ “ശരീരത്തിന്റെ വശത്ത്.”
അഥവാ “സ്തംഭത്തിലേറ്റിയ.”
അഥവാ “ശരീരത്തിന്റെ വശവും.”
അതായത്, പന്ത്രണ്ട് അപ്പോസ്തലന്മാർ.
അഥവാ “ആണിപ്പാടുകൾ.”
അഥവാ “ശരീരത്തിന്റെ വശത്ത്.”
അഥവാ “ശരീരത്തിന്റെ വശത്ത്.”
അക്ഷ. “അവിശ്വാസിയായിരിക്കാതെ.”
അഥവാ “പുറങ്കുപ്പായം അരയിൽ ചുറ്റി; പുറങ്കുപ്പായംകൊണ്ട് അര കെട്ടി.”