നെഹമ്യ
1 ഹഖല്യയുടെ മകനായ നെഹമ്യയുടെ*+ വാക്കുകൾ: 20-ാം വർഷം* കിസ്ലേവ്* മാസത്തിൽ ഞാൻ ശൂശൻ*+ കോട്ടയിലായിരുന്ന* കാലം. 2 എന്റെ സഹോദരന്മാരിൽ ഒരാളായ ഹനാനിയും+ ചില യഹൂദാപുരുഷന്മാരും അവിടെ വന്നു. ഞാൻ അവരോട് അടിമത്തത്തിൽനിന്ന് മോചിതരായ ജൂതന്മാരെക്കുറിച്ചും+ യരുശലേമിനെക്കുറിച്ചും ചോദിച്ചു. 3 അപ്പോൾ അവർ പറഞ്ഞു: “അടിമത്തത്തിൽനിന്ന് മോചിതരായി ആ സംസ്ഥാനത്ത് ഇപ്പോൾ ബാക്കിയുള്ളവർ അപമാനം സഹിച്ച് പരിതാപകരമായ അവസ്ഥയിൽ കഴിയുകയാണ്.+ യരുശലേംമതിലുകൾ ഇടിഞ്ഞും+ അതിന്റെ കവാടങ്ങൾ കത്തിനശിച്ചും കിടക്കുന്നു.”+
4 ഈ വാർത്ത കേട്ട ഉടനെ ഞാൻ നിലത്ത് ഇരുന്ന് കരയാൻതുടങ്ങി; ദിവസങ്ങളോളം ദുഃഖിതനായിരുന്ന ഞാൻ ഉപവസിച്ച്+ സ്വർഗസ്ഥനായ ദൈവത്തിന്റെ സന്നിധിയിൽ പ്രാർഥിച്ചുകൊണ്ടിരുന്നു. 5 ഞാൻ പറഞ്ഞു: “സ്വർഗസ്ഥനായ ദൈവമേ, യഹോവേ, അങ്ങയെ സ്നേഹിച്ച് അങ്ങയുടെ കല്പനകൾ അനുസരിക്കുന്നവരോട് അചഞ്ചലസ്നേഹം കാണിക്കുകയും ഉടമ്പടി പാലിക്കുകയും ചെയ്യുന്ന, ഭയാദരവ് ഉണർത്തുന്ന, മഹാനായ ദൈവമേ,+ 6 ഈ ദാസൻ ഇന്നു പ്രാർഥിക്കുമ്പോൾ അങ്ങ് കണ്ണു തുറക്കേണമേ, എന്റെ പ്രാർഥനയ്ക്കു കാതോർക്കേണമേ. രാവും പകലും അങ്ങയുടെ ദാസരായ ഇസ്രായേല്യരെ ഓർത്ത് ഞാൻ പ്രാർഥിക്കുന്നു;+ ഇസ്രായേൽ ജനം അങ്ങയോടു ചെയ്തുപോയ പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു. ഞാനും എന്റെ പിതൃഭവനവും* പാപം ചെയ്തു.+ 7 അങ്ങ് അങ്ങയുടെ ദാസനായ മോശയ്ക്കു കൊടുത്ത കല്പനകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും ഞങ്ങൾ പാലിച്ചില്ലല്ലോ;+ അതു തീരെ മോശമായിപ്പോയെന്നു സമ്മതിക്കുന്നു.+
8 “അങ്ങയുടെ ദാസനായ മോശയോട് അങ്ങ് കല്പിച്ച ഈ വാക്കുകൾ* ദയവായി ഓർക്കേണമേ: ‘നിങ്ങൾ അവിശ്വസ്തത കാണിച്ചാൽ ജനതകളുടെ ഇടയിലേക്കു ഞാൻ നിങ്ങളെ ചിതറിച്ചുകളയും.+ 9 പക്ഷേ, നിങ്ങൾ എന്നിലേക്കു തിരിഞ്ഞ് എന്റെ കല്പനകൾ പ്രമാണിച്ച് അനുസരിക്കുന്നെങ്കിൽ, ചിതറിപ്പോയ നിങ്ങളെ ആകാശത്തിന്റെ അറുതികളിൽനിന്നായാലും ഞാൻ ശേഖരിച്ച് എന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുത്ത സ്ഥലത്ത്+ ഒന്നിച്ചുകൂട്ടും.’+ 10 അങ്ങ് മഹാശക്തികൊണ്ടും കൈക്കരുത്തുകൊണ്ടും മോചിപ്പിച്ച* അങ്ങയുടെ ദാസരും ജനവും ആണല്ലോ അവർ.+ 11 യഹോവേ, ഈ ദാസന്റെ പ്രാർഥനയ്ക്കും അങ്ങയുടെ പേരിനെ ഭയപ്പെടുന്നതിൽ ആനന്ദിക്കുന്ന മറ്റു ദാസരുടെ പ്രാർഥനയ്ക്കും ദയവായി കാതോർക്കേണമേ. ഇന്ന് അടിയന്റെ കാര്യം സാധിച്ചുതരേണമേ. രാജാവിന് എന്നോട് അനുകമ്പ തോന്നാൻ ഇടയാക്കേണമേ.”+
ഞാൻ ആ സമയത്ത് രാജാവിന്റെ പാനപാത്രവാഹകനായിരുന്നു.+
2 അർഥഹ്ശഷ്ട രാജാവിന്റെ+ വാഴ്ചയുടെ 20-ാം വർഷം+ നീസാൻ* മാസം. ഒരു ദിവസം, രാജാവിന്റെ മുന്നിൽ വെച്ചിരുന്ന വീഞ്ഞ് എടുത്ത് ഞാൻ പതിവുപോലെ രാജാവിനു കൊടുത്തു.+ പക്ഷേ, എന്റെ മുഖം ആകെ മ്ലാനമായിരുന്നു; രാജസന്നിധിയിലായിരിക്കെ മുമ്പൊരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല. 2 അതുകൊണ്ട്, രാജാവ് എന്നോടു ചോദിച്ചു: “നിനക്ക് അസുഖമൊന്നുമില്ലല്ലോ. പിന്നെ എന്താണു നിന്റെ മുഖം മ്ലാനമായിരിക്കുന്നത്? ഇതു മനസ്സിന്റെ വിഷമംതന്നെ, സംശയമില്ല.” അപ്പോൾ, ഞാൻ വല്ലാതെ പേടിച്ചു.
3 ഞാൻ രാജാവിനോടു പറഞ്ഞു: “രാജാവ് നീണാൾ വാഴട്ടെ! എന്റെ പൂർവികരെ അടക്കം ചെയ്ത നഗരം നശിച്ചും അതിന്റെ കവാടങ്ങൾ തീക്കിരയായും കിടക്കുമ്പോൾ+ എന്റെ മുഖം എങ്ങനെ മ്ലാനമാകാതിരിക്കും?” 4 അപ്പോൾ രാജാവ് എന്നോട്, “എന്താണു നിന്റെ അപേക്ഷ” എന്നു ചോദിച്ചു. ഉടനെ ഞാൻ സ്വർഗസ്ഥനായ ദൈവത്തോടു പ്രാർഥിച്ചു.+ 5 എന്നിട്ട് രാജാവിനോടു പറഞ്ഞു: “രാജാവിനു പ്രസാദമെങ്കിൽ, അങ്ങയ്ക്ക് ഈ ദാസനോടു പ്രീതി തോന്നുന്നെങ്കിൽ, എന്റെ പൂർവികരെ അടക്കം ചെയ്ത നഗരം വീണ്ടും പണിയാൻ എന്നെ യഹൂദയിലേക്ക് അയയ്ക്കേണമേ.”+ 6 അപ്പോൾ രാജാവ് എന്നോട്, “നിനക്ക് എത്ര നാൾ വേണ്ടിവരും, എന്നു തിരിച്ചുവരും” എന്നു ചോദിച്ചു. അങ്ങനെ, എന്നെ അയയ്ക്കാൻ രാജാവിനു സമ്മതമായി.+ എത്ര സമയം വേണമെന്നും ഞാൻ പറഞ്ഞു.+ അപ്പോൾ, മഹാറാണിയും* രാജാവിന്റെ അടുത്ത് ഇരിപ്പുണ്ടായിരുന്നു.
7 പിന്നെ ഞാൻ രാജാവിനോടു പറഞ്ഞു: “രാജാവിനു പ്രസാദമെങ്കിൽ, ഞാൻ അക്കരപ്രദേശത്തുകൂടെ*+ യഹൂദയിലേക്കു പോകുമ്പോൾ ആ പ്രദേശത്തെ ഗവർണർമാർ എന്നെ കടത്തിവിടേണ്ടതിന് അവർക്കു കത്തുകൾ എഴുതിത്തരേണമേ. 8 കൂടാതെ, ദേവാലയത്തിന്റെ കോട്ടയുടെ+ കവാടങ്ങൾക്കും നഗരമതിലുകൾക്കും+ ഞാൻ താമസിക്കാൻ പോകുന്ന വീടിനും വേണ്ട ഉത്തരങ്ങൾക്ക് ആവശ്യമായ തടി നൽകാൻ രാജാവിന്റെ ഉദ്യാനപാലകനായ* ആസാഫിനും ഒരു കത്തു തരേണമേ.” എന്റെ ദൈവത്തിന്റെ നന്മയുള്ള കൈ എന്റെ മേലുണ്ടായിരുന്നതുകൊണ്ട്+ ചോദിച്ചതെല്ലാം രാജാവ് എനിക്കു തന്നു.+
9 അങ്ങനെ, ഞാൻ യാത്ര ചെയ്ത് അക്കരപ്രദേശത്തുള്ള ഗവർണർമാരുടെ അടുത്ത് ചെന്ന് അവർക്കു രാജാവിന്റെ കത്തുകൾ കൈമാറി. രാജാവ് സൈന്യത്തലവന്മാരെയും കുതിരക്കാരെയും എന്നോടുകൂടെ അയച്ചിരുന്നു. 10 ഹോരോന്യനായ സൻബല്ലത്തും+ അമ്മോന്യ+ ഉദ്യോഗസ്ഥനായ തോബീയയും+ ഇതിനെക്കുറിച്ച് കേട്ടു. ഇസ്രായേൽ ജനത്തിനു ഗുണകരമാകുന്ന കാര്യം ചെയ്യാൻ ഒരാൾ വന്നത് അവർക്കു തീരെ ഇഷ്ടപ്പെട്ടില്ല.
11 ഒടുവിൽ, ഞാൻ യരുശലേമിലെത്തി മൂന്നു ദിവസം അവിടെ കഴിഞ്ഞു. 12 യരുശലേമിനുവേണ്ടി ചെയ്യാൻ ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ച കാര്യം ഞാൻ ആരോടും പറഞ്ഞിരുന്നില്ല. ഞാനും കൂടെയുണ്ടായിരുന്നവരിൽ ചിലരും രാത്രിയിൽ എഴുന്നേറ്റ് പുറപ്പെട്ടു. ഞാൻ സവാരി ചെയ്തിരുന്ന മൃഗമല്ലാതെ മറ്റൊരു മൃഗവും എന്റെകൂടെയുണ്ടായിരുന്നില്ല. 13 ഞാൻ രാത്രിയിൽ താഴ്വരക്കവാടത്തിലൂടെ+ പുറത്ത് ഇറങ്ങി വൻപാമ്പ്-നീരുറവയുടെ മുന്നിലൂടെ ചാരക്കൂനക്കവാടത്തിലേക്കു+ ചെന്നു. എന്നിട്ട്, ഇടിഞ്ഞുകിടക്കുന്ന യരുശലേംമതിലുകളും തീക്കിരയായി കിടക്കുന്ന നഗരകവാടങ്ങളും+ പരിശോധിച്ചു. 14 തുടർന്ന്, ഞാൻ ഉറവക്കവാടത്തിലേക്കും+ രാജാവിന്റെ കുളത്തിന് അടുത്തേക്കും ചെന്നു. പക്ഷേ, വഴി ഇടുങ്ങിയതായിരുന്നതുകൊണ്ട് ഞാൻ കയറിയിരുന്ന മൃഗത്തിനു മുന്നോട്ടു പോകാൻ പറ്റില്ലായിരുന്നു. 15 എങ്കിലും, ഞാൻ രാത്രിയിൽ താഴ്വരയിലൂടെ*+ മുന്നോട്ടു ചെന്ന് മതിൽ പരിശോധിച്ചു. അതിനു ശേഷം, ഞാൻ തിരിച്ച് താഴ്വരക്കവാടത്തിലൂടെത്തന്നെ മടങ്ങിപ്പോന്നു.
16 ഞാൻ എവിടെ പോയെന്നോ എന്തു ചെയ്തെന്നോ ഉപഭരണാധികാരികൾ+ അറിഞ്ഞില്ല. കാരണം ഞാൻ, ജൂതന്മാരോടോ പുരോഹിതന്മാരോടോ പ്രധാനികളോടോ ഉപഭരണാധികാരികളോടോ ജോലിക്കാരായ മറ്റുള്ളവരോടോ അതുവരെ ഒന്നും പറഞ്ഞിരുന്നില്ല. 17 ഒടുവിൽ ഞാൻ അവരോടു പറഞ്ഞു: “നമ്മുടെ അവസ്ഥ എത്ര ദയനീയമാണെന്നു നിങ്ങൾ കാണുന്നില്ലേ? യരുശലേം നശിച്ചും അതിന്റെ കവാടങ്ങൾ കത്തിച്ചാമ്പലായും കിടക്കുന്നു. വരൂ! നമുക്ക് യരുശലേമിന്റെ മതിലുകൾ വീണ്ടും പണിയാം. അങ്ങനെ, ഈ അപമാനം ഒഴിഞ്ഞുപോകട്ടെ.” 18 എന്നിട്ട് ഞാൻ, എന്റെ ദൈവത്തിന്റെ നന്മയുള്ള കൈ+ എന്നെ സഹായിച്ച വിധവും രാജാവ് എന്നോടു പറഞ്ഞ വാക്കുകളും+ അവരെ അറിയിച്ചു. അതു കേട്ട് അവർ ആ നല്ല കാര്യം ചെയ്യാൻ കരുത്താർജിച്ചു. “നമുക്ക് എഴുന്നേറ്റ് പണി തുടങ്ങാം” എന്ന് അവർ പറഞ്ഞു.+
19 ഹോരോന്യനായ സൻബല്ലത്തും അമ്മോന്യ+ ഉദ്യോഗസ്ഥനായ തോബീയയും+ ഗേശെം എന്ന അറേബ്യക്കാരനും+ ഇതു കേട്ടപ്പോൾ ഞങ്ങളെ പരിഹസിച്ചുതുടങ്ങി:+ “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്? രാജാവിനെ ധിക്കരിക്കുന്നോ”+ എന്നു പറഞ്ഞ് അവർ ഞങ്ങളെ നിന്ദിച്ചു. 20 പക്ഷേ, ഞാൻ അവരോടു പറഞ്ഞു: “സ്വർഗസ്ഥനായ ദൈവമാണു ഞങ്ങൾക്കു വിജയം തരുന്നത്.+ അതുകൊണ്ട്, ദൈവദാസരായ ഞങ്ങൾ എഴുന്നേറ്റ് പണിയും. പക്ഷേ, നിങ്ങൾക്ക് യരുശലേമിൽ ഓഹരിയോ അവകാശമോ ഇല്ല; നിങ്ങളെ ഓർക്കാൻമാത്രം നിങ്ങൾ അവിടെ ഒന്നും ചെയ്തിട്ടുമില്ലല്ലോ.”*+
3 മഹാപുരോഹിതനായ എല്യാശീബും+ അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ചേർന്ന് അജകവാടം+ പണിയാൻതുടങ്ങി. അവർ അതു വിശുദ്ധീകരിച്ച്*+ അതിന്റെ വാതിലുകൾ പിടിപ്പിച്ചു. അവർ അതു ഹമ്മേയ ഗോപുരം+ വരെയും ഹനനേൽ ഗോപുരം+ വരെയും വിശുദ്ധീകരിച്ചു. 2 അതിനോടു ചേർന്ന ഭാഗം യരീഹൊപുരുഷന്മാരും+ അതിന് അപ്പുറം ഇമ്രിയുടെ മകനായ സക്കൂരും പണിതു.
3 മത്സ്യകവാടം+ ഹസ്സെനയുടെ പുത്രന്മാർ പണിതു. അവർ അതിനു തടികൊണ്ട്+ ചട്ടം ഉണ്ടാക്കി അതിൽ കതകും കുറ്റികളും ഓടാമ്പലുകളും പിടിപ്പിച്ചു. 4 അതിന് അടുത്ത ഭാഗത്തെ അറ്റകുറ്റപ്പണികൾ ഹക്കോസിന്റെ മകനായ ഉരിയയുടെ മകൻ മെരേമോത്ത്+ നടത്തി. അതിന് അപ്പുറത്ത്, മെശേസബേലിന്റെ മകനായ ബേരെഖ്യയുടെ മകൻ മെശുല്ലാം+ അറ്റകുറ്റപ്പണി ചെയ്തു. തുടർന്നുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തിയതു ബാനയുടെ മകനായ സാദോക്കായിരുന്നു. 5 തെക്കോവ്യരാണ്+ അതിന് അടുത്ത ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തിയത്. പക്ഷേ, പണിക്കു മേൽനോട്ടം വഹിക്കുന്നവർക്കു കീഴ്പെട്ട് പണിയെടുക്കാൻ* അവരുടെ ഇടയിലെ പ്രമുഖന്മാർ തയ്യാറായില്ല.
6 പാസേഹയുടെ മകനായ യോയാദയും ബസോദ്യയുടെ മകനായ മെശുല്ലാമും പഴയനഗരകവാടത്തിന്റെ+ അറ്റകുറ്റപ്പണികൾ നടത്തി. അവർ അതിനു തടികൊണ്ട് ചട്ടം ഉണ്ടാക്കി അതിൽ കതകും കുറ്റികളും ഓടാമ്പലുകളും പിടിപ്പിച്ചു. 7 അതിന് അടുത്ത ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തിയതു ഗിബെയോന്യനായ+ മെലത്യയും മെരോനോഥ്യനായ യാദോനും ആയിരുന്നു. ഗിബെയോനിൽനിന്നും മിസ്പയിൽനിന്നും+ ഉള്ള ഇവർ അക്കരപ്രദേശത്തെ*+ ഗവർണറുടെ കീഴിലുള്ളവരായിരുന്നു. 8 ഹർഹയ്യയുടെ മകനായ ഉസ്സീയേൽ എന്ന സ്വർണപ്പണിക്കാരനായിരുന്നു അതിന് അപ്പുറത്തെ അറ്റകുറ്റപ്പണികൾ നടത്തിയത്. അതിന് അടുത്ത ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തിയതാകട്ടെ സുഗന്ധതൈലം ഉണ്ടാക്കുന്നവനായ ഹനന്യയും. യരുശലേമിൽ വിശാല-മതിൽ+ വരെയുള്ള ഭാഗത്ത് അവർ കല്ലു പാകി. 9 യരുശലേം ജില്ലയുടെ പകുതി ഭാഗത്തിന്റെ പ്രഭുവും ഹൂരിന്റെ മകനും ആയ രഫായ അതിന് അടുത്ത ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തി. 10 ഹരൂമഫിന്റെ മകനായ യദയ അതിന് അപ്പുറത്ത്, തന്റെ വീടിനു മുന്നിലുള്ള ഭാഗത്തെ കേടുപോക്കി. തുടർന്നുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തിയതു ഹശബ്നെയയുടെ മകനായ ഹത്തൂശായിരുന്നു.
11 ഹാരീമിന്റെ+ മകനായ മൽക്കീയയും പഹത്-മോവാബിന്റെ+ മകനായ ഹശ്ശൂബും ചേർന്ന് മറ്റൊരു ഭാഗത്തിന്റെയും* അപ്പച്ചൂളഗോപുരത്തിന്റെയും+ അറ്റകുറ്റപ്പണികൾ നടത്തി. 12 അടുത്ത ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തിയത് യരുശലേം ജില്ലയുടെ പകുതി ഭാഗത്തിന്റെ പ്രഭുവും ഹല്ലോഹേശിന്റെ മകനും ആയ ശല്ലൂമും പെൺമക്കളും ആയിരുന്നു.
13 ഹാനൂനും സനോഹനിവാസികളും+ ചേർന്ന് താഴ്വരക്കവാടത്തിന്റെ+ കേടുപാടുകൾ തീർത്തു. അവർ അതു പണിത് അതിൽ കതകുകളും കുറ്റികളും ഓടാമ്പലുകളും പിടിപ്പിച്ചു. അവർ ചാരക്കൂനക്കവാടം+ വരെ മതിൽ 1,000 മുഴം* നന്നാക്കി. 14 ബേത്ത്-ഹഖേരെം+ ജില്ലയുടെ പ്രഭുവും രേഖാബിന്റെ മകനും ആയ മൽക്കീയ ചാരക്കൂനക്കവാടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി. അവൻ അതു പണിത് അതിൽ കതകുകളും കുറ്റികളും ഓടാമ്പലുകളും പിടിപ്പിച്ചു.
15 മിസ്പ+ ജില്ലയുടെ പ്രഭുവും കൊൽഹോസെയുടെ മകനും ആയ ശല്ലൂൻ ഉറവക്കവാടത്തിന്റെ+ കേടുപോക്കി. അദ്ദേഹം അതും അതിന്റെ മേൽക്കൂരയും പണിത് കതകുകളും സാക്ഷകളും കഴകളും പിടിപ്പിച്ചു. കൂടാതെ, രാജാവിന്റെ ഉദ്യാനത്തിന്+ അടുത്തുള്ള കനാൽക്കുളത്തിന്റെ+ മതിലിന്റെ കേടുപാടും ദാവീദിന്റെ നഗരത്തിൽനിന്ന്+ താഴേക്ക് ഇറങ്ങുന്ന പടികൾവരെയുള്ള+ അറ്റകുറ്റപ്പണികളും തീർത്തു.
16 ബേത്ത്-സൂർ+ ജില്ലയുടെ പകുതി ഭാഗത്തിന്റെ പ്രഭുവും അസ്ബൂക്കിന്റെ മകനും ആയ നെഹമ്യ അതിന് അപ്പുറത്ത് അറ്റകുറ്റപ്പണികൾ നടത്തി. ദാവീദിന്റെ ശ്മശാനസ്ഥലത്തിന്റെ+ മുന്നിലുള്ള ഭാഗംമുതൽ കൃത്രിമക്കുളംവരെയും+ ശൂരന്മാരുടെ ഗൃഹംവരെയും ആണ് നെഹമ്യ കേടുപോക്കിയത്.
17 തുടർന്നുള്ള ഭാഗത്ത് ലേവ്യർ, അതായത് ബാനിയുടെ മകൻ രഹൂമും അതിന് അപ്പുറത്ത് തന്റെ ജില്ലയ്ക്കുവേണ്ടി കെയില+ ജില്ലയുടെ പകുതി ഭാഗത്തിന്റെ പ്രഭുവായ ഹശബ്യയും, അറ്റകുറ്റപ്പണികൾ നടത്തി. 18 അതിന് അപ്പുറത്ത് അവരുടെ സഹോദരന്മാർ കേടുപാടുകൾ തീർത്തു. കെയില ജില്ലയുടെ പകുതി ഭാഗത്തിന്റെ പ്രഭുവായ, ഹെനാദാദിന്റെ മകൻ ബവ്വായി അതിനു മേൽനോട്ടം വഹിച്ചു.
19 അതിന് അപ്പുറത്ത്, ആയുധശാലയിലേക്കുള്ള കയറ്റത്തിനു നേരെയുള്ള താങ്ങുതൂണിന്റെ ഭാഗം മിസ്പയിലെ പ്രഭുവും യേശുവയുടെ+ മകനും ആയ ഏസെർ കേടുപോക്കി.+
20 താങ്ങുതൂൺമുതൽ മഹാപുരോഹിതനായ എല്യാശീബിന്റെ+ വീട്ടുവാതിൽവരെയുള്ള അടുത്ത ഭാഗത്തെ അറ്റകുറ്റപ്പണികൾ സബ്ബായിയുടെ+ മകൻ ബാരൂക്ക് അത്യാവേശത്തോടെ ചെയ്തു.
21 അതിന് അപ്പുറം, അതായത് എല്യാശീബിന്റെ വീട്ടുവാതിൽമുതൽ വീടിന്റെ അറ്റംവരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തിയതു ഹക്കോസിന്റെ മകനായ ഉരിയയുടെ മകൻ മെരേമോത്തായിരുന്നു.+
22 യോർദാൻ ജില്ലയിലെ*+ പുരോഹിതന്മാരായിരുന്നു അതിന് അപ്പുറത്തുള്ള ഭാഗത്തെ കേടുപാടുകൾ തീർത്തത്. 23 ബന്യാമീനും ഹശ്ശൂബും തങ്ങളുടെ വീടിനു മുന്നിലുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തി. അനന്യയുടെ മകനായ മയസേയയുടെ മകൻ അസര്യ അതിന് അപ്പുറത്ത്, തന്റെ വീടിന് അടുത്തുള്ള ഭാഗത്തെ കേടുപാടുകൾ തീർത്തു. 24 അസര്യയുടെ വീടുമുതൽ താങ്ങുതൂൺവരെയും+ മതിലിന്റെ മൂലവരെയും ഉള്ള ഭാഗത്തെ കേടുപാടുകൾ തീർത്തതു ഹെനാദാദിന്റെ മകനായ ബിന്നൂവിയായിരുന്നു.
25 ഊസായിയുടെ മകൻ പാലാൽ അതിന് അപ്പുറത്ത്, താങ്ങുതൂണിനും രാജകൊട്ടാരത്തോടു+ ചേർന്നുനിൽക്കുന്ന ഗോപുരത്തിനും മുന്നിലുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തി. ഇവയിൽ മുകളിലത്തെ കെട്ടിടം കാവൽക്കാരുടെ മുറ്റത്തായിരുന്നു.+ പരോശിന്റെ+ മകൻ പെദായ തുടർന്നുള്ള ഭാഗത്തെ കേടുപാടുകൾ തീർത്തു.
26 ഓഫേലിൽ+ താമസിച്ചിരുന്ന ദേവാലയസേവകർ*+ കിഴക്കുള്ള ജലകവാടത്തിനു+ മുന്നിലുള്ള ഭാഗംവരെയും തള്ളിനിൽക്കുന്ന ഗോപുരംവരെയും അറ്റകുറ്റപ്പണികൾ നടത്തി.
27 അതിന് അപ്പുറം, തള്ളിനിൽക്കുന്ന മഹാഗോപുരത്തിന്റെ മുന്നിലുള്ള ഭാഗംമുതൽ ഓഫേൽ മതിൽവരെ തെക്കോവ്യർ+ കേടുപാടുകൾ തീർത്തു.
28 കുതിരക്കവാടത്തിൽനിന്ന്+ മുകളിലോട്ടു പോകുന്നിടത്ത് പുരോഹിതന്മാർ അവരവരുടെ വീടിനു മുന്നിലുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തി.
29 ഇമ്മേരിന്റെ മകൻ സാദോക്ക്+ അതിന് അപ്പുറത്ത്, തന്റെ വീടിനു മുന്നിലുള്ള ഭാഗത്തെ കേടുപാടുകൾ തീർത്തു.
തുടർന്നുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ കിഴക്കൻ കവാടത്തിന്റെ+ സൂക്ഷിപ്പുകാരനും ശെഖന്യയുടെ മകനും ആയ ശെമയ്യ നടത്തി.
30 അടുത്ത ഭാഗത്ത് ശേലെമ്യയുടെ മകൻ ഹനന്യയും സാലാഫിന്റെ ആറാമത്തെ മകനായ ഹാനൂനും ചേർന്ന് കേടുപാടുകൾ തീർത്തു.
ബേരെഖ്യയുടെ മകൻ മെശുല്ലാം+ അതിന് അപ്പുറത്ത്, തന്റെ വീടിനു* മുന്നിലുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തി.
31 അതിന് അപ്പുറത്ത്, ദേവാലയസേവകരുടെയും+ വ്യാപാരികളുടെയും വീടുവരെയുള്ള ഭാഗത്തും പരിശോധനക്കവാടത്തിനു മുന്നിലുള്ള ഭാഗത്തും മതിലിന്റെ മൂലയ്ക്കുള്ള മുകളിലത്തെ മുറിവരെയുള്ള ഭാഗത്തും സ്വർണപ്പണിക്കാരനായ മൽക്കീയ കേടുപാടുകൾ തീർത്തു.
32 മതിലിന്റെ മൂലയ്ക്കുള്ള മുകളിലത്തെ മുറിക്കും അജകവാടത്തിനും+ ഇടയിലുള്ള ഭാഗത്ത് സ്വർണപ്പണിക്കാരും വ്യാപാരികളും ചേർന്ന് അറ്റകുറ്റപ്പണികൾ നടത്തി.
4 ഞങ്ങൾ മതിൽ വീണ്ടും പണിയുന്നെന്ന വാർത്ത കേട്ടപ്പോൾ സൻബല്ലത്ത്+ രോഷാകുലനായി. ആകെ അസ്വസ്ഥനായ അയാൾ ജൂതന്മാരെ സ്ഥിരം പരിഹസിച്ചുകൊണ്ടിരുന്നു. 2 തന്റെ സഹോദരന്മാരുടെയും ശമര്യസൈന്യത്തിന്റെയും മുന്നിൽവെച്ച് അയാൾ പറഞ്ഞു: “ദുർബലരായ ഈ ജൂതന്മാർ എന്താണ് ഈ ചെയ്യുന്നത്? ഇത് ഒറ്റയ്ക്കു ചെയ്യാമെന്നാണോ അവരുടെ വിചാരം? അവർ ബലികൾ അർപ്പിക്കുമോ? ഒറ്റ ദിവസംകൊണ്ട് അവർ പണി തീർത്തുകളയുമോ? നാശാവശിഷ്ടങ്ങളുടെ കൂമ്പാരങ്ങൾക്കിടയിൽ കത്തിക്കരിഞ്ഞ് കിടക്കുന്ന കല്ലുകൾക്ക് ഇവർ ജീവൻ കൊടുക്കുമോ?”+
3 അപ്പോൾ, സൻബല്ലത്തിന്റെ അടുത്ത് നിന്നിരുന്ന അമ്മോന്യനായ+ തോബീയ+ പറഞ്ഞു: “ഒരു കുറുക്കൻ കയറിയാൽ മതി, അവർ പണിയുന്ന ആ കൻമതിൽ ഇടിഞ്ഞുപൊളിഞ്ഞ് താഴെ വീഴും.”
4 ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ. അവർ ഞങ്ങളെ നിന്ദിക്കുന്നല്ലോ.+ അവരുടെ നിന്ദ അവരുടെ തലയിലേക്കുതന്നെ മടങ്ങാൻ ഇടയാക്കണേ.+ അടിമത്തത്തിന്റെ നാട്ടിലേക്ക് അവരെ കൊള്ളവസ്തുക്കളെപ്പോലെ കൊണ്ടുപോകാൻ ഇടയാക്കേണമേ. 5 അവരുടെ കുറ്റം മൂടിക്കളയുകയോ അവരുടെ പാപം അങ്ങയുടെ മുന്നിൽനിന്ന് മായ്ച്ചുകളയുകയോ അരുതേ,+ അവർ ഈ പണിക്കാരെ അപമാനിച്ചല്ലോ.
6 ഞങ്ങൾ മതിലിന്റെ പണി തുടർന്നു. പൊളിഞ്ഞുകിടക്കുന്ന ഭാഗമെല്ലാം കേടുപോക്കി ചുറ്റും പാതി പൊക്കംവരെ മതിൽ കെട്ടിപ്പൊക്കി. ജനമെല്ലാം മനസ്സും ഹൃദയവും അർപ്പിച്ച് തുടർന്നും പണിയെടുത്തു.
7 യരുശലേംമതിലുകളുടെ അറ്റകുറ്റപ്പണികളും അതിന്റെ വിടവുകളുടെ കേടുപോക്കലും പുരോഗമിക്കുന്നെന്നു കേട്ടപ്പോൾ സൻബല്ലത്തും തോബീയയും+ അറേബ്യക്കാരും+ അമ്മോന്യരും അസ്തോദ്യരും+ അങ്ങേയറ്റം കുപിതരായി. 8 യരുശലേമിനു നേരെ ചെന്ന് യുദ്ധം ചെയ്ത് അവിടെ കുഴപ്പം സൃഷ്ടിക്കാൻ അവർ സംഘംചേർന്ന് ഗൂഢാലോചന നടത്തി. 9 പക്ഷേ, ഞങ്ങൾ ദൈവത്തോടു പ്രാർഥിച്ചു; അവർ കാരണം രാവും പകലും കാവൽ ഏർപ്പെടുത്തുകയും ചെയ്തു.
10 എന്നാൽ, യഹൂദാജനം ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “പണിക്കാർ* ആകെ തളർന്നു. പക്ഷേ, ഇനിയും കുറെയധികം അവശിഷ്ടങ്ങൾ നീക്കാനുണ്ട്. ഈ മതിൽ പണിയാൻ ഒരിക്കലും നമ്മളെക്കൊണ്ട് പറ്റില്ല.”
11 ഞങ്ങളുടെ ശത്രുക്കൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “അവർക്ക് എന്തെങ്കിലും സൂചന കിട്ടുകയോ അവർ നമ്മളെ കാണുകയോ ചെയ്യുന്നതിനു മുമ്പ് നമുക്ക് അവരുടെ ഇടയിലേക്കു ചെന്ന് അവരെ കൊല്ലാം. അങ്ങനെ, അവരുടെ പണി നിറുത്തിക്കണം.”
12 അവരുടെ സമീപത്ത് താമസിക്കുന്ന ജൂതന്മാർ വരുമ്പോഴെല്ലാം ഞങ്ങളോട്, “അവർ നാലുപാടുനിന്നും നമ്മുടെ നേരെ വരും” എന്നു കൂടെക്കൂടെ* പറയുമായിരുന്നു.
13 അതുകൊണ്ട്, മതിലിനു പിന്നിലെ താഴ്ന്ന സ്ഥലങ്ങളിൽ ഞാൻ പുരുഷന്മാരെ കുലമനുസരിച്ച് നിറുത്തി. തുറസ്സായ പ്രദേശങ്ങളിൽ നിന്ന അവരുടെ കൈയിൽ വാളും കുന്തവും വില്ലും കൊടുത്തിരുന്നു. 14 ഇവർക്കു പേടിയുണ്ടെന്നു മനസ്സിലായ ഉടനെ ഞാൻ എഴുന്നേറ്റ് പ്രധാനികളോടും+ ഉപഭരണാധികാരികളോടും ബാക്കിയുള്ളവരോടും പറഞ്ഞു: “അവരെ ഭയപ്പെടേണ്ടാ.+ മഹാനും ഭയാദരവ് ഉണർത്തുന്നവനും+ ആയ യഹോവയെ ഓർത്ത് നിങ്ങളുടെ സഹോദരങ്ങൾക്കും നിങ്ങളുടെ ഭാര്യമാർക്കും മക്കൾക്കും വീടുകൾക്കും വേണ്ടി പോരാടുവിൻ.”
15 അവരുടെ ഗൂഢാലോചന ഞങ്ങൾ അറിഞ്ഞെന്നും അവരുടെ പദ്ധതി സത്യദൈവം വിഫലമാക്കിയെന്നും ശത്രുക്കൾക്കു മനസ്സിലായി. അതോടെ, ഞങ്ങളെല്ലാം വീണ്ടും മതിൽപ്പണി ആരംഭിച്ചു. 16 അന്നുമുതൽ പകുതി പേർ ജോലി ചെയ്യുകയും+ പകുതി പേർ പടച്ചട്ട ധരിച്ച് കുന്തങ്ങളും പരിചകളും വില്ലുകളും ഏന്തി കാവൽ നിൽക്കുകയും ചെയ്തു. പ്രഭുക്കന്മാരാകട്ടെ,+ മതിൽ പണിയുന്ന യഹൂദാഗൃഹത്തെ മുഴുവനും പിന്തുണച്ചുകൊണ്ട് പിന്നിൽ നിന്നു. 17 ചുമട്ടുകാർ ഒരു കൈകൊണ്ടാണു പണി ചെയ്തത്; മറ്റേ കൈയിൽ ആയുധം* പിടിച്ചിരുന്നു. 18 നിർമാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഓരോ പണിക്കാരനും അരയിൽ വാൾ കെട്ടിയിരുന്നു. കൊമ്പു വിളിക്കുന്നയാൾ+ എന്റെ അടുത്താണു നിന്നിരുന്നത്.
19 പിന്നെ ഞാൻ പ്രധാനികളോടും ഉപഭരണാധികാരികളോടും ബാക്കിയുള്ളവരോടും പറഞ്ഞു: “വലുതും വിപുലവും ആയ ഒരു പണിയാണ് ഇത്. പണി നടക്കുന്നതു മതിലിന്റെ പല ഭാഗങ്ങളിലായതുകൊണ്ട് നമ്മൾ ഓരോരുത്തരും ഓരോ സ്ഥലത്താണ്. 20 അതുകൊണ്ട്, കൊമ്പുവിളി കേട്ടാൽ ഉടൻ നിങ്ങളെല്ലാം ഞങ്ങളുടെ അടുത്ത് ഒന്നിച്ചുകൂടണം. നമ്മുടെ ദൈവം നമുക്കുവേണ്ടി പോരാടും.”+
21 അങ്ങനെ, അതിരാവിലെമുതൽ നക്ഷത്രങ്ങൾ കണ്ടുതുടങ്ങുന്നതുവരെ ഞങ്ങൾ പണിയിൽ മുഴുകി. ഈ സമയമെല്ലാം മറ്റേ പകുതിപ്പേർ കുന്തവും ഏന്തി നിന്നു. 22 ഞാൻ ജനത്തോടു പറഞ്ഞു: “പുരുഷന്മാരെല്ലാം അവരുടെ പരിചാരകരുടെകൂടെ യരുശലേമിൽ രാത്രി കഴിച്ചുകൂട്ടട്ടെ. രാത്രിയിൽ അവർ നമുക്കു കാവൽ നിൽക്കും; പകൽസമയത്ത് പണിയും ചെയ്യും.” 23 ഞാനോ എന്റെ സഹോദരന്മാരോ എന്റെ പരിചാരകരോ+ എന്നെ അനുഗമിച്ചിരുന്ന കാവൽക്കാരോ വസ്ത്രം മാറിയില്ല. ഞങ്ങൾ ഓരോരുത്തരും വലങ്കൈയിൽ ആയുധവും പിടിച്ചിരുന്നു.
5 എന്നാൽ, ജനത്തിലെ പുരുഷന്മാരും അവരുടെ ഭാര്യമാരും അവരുടെ ജൂതസഹോദരന്മാർക്കെതിരെ വലിയ മുറവിളി കൂട്ടി.+ 2 ചിലർ പറഞ്ഞു: “ഞങ്ങളുടെ പുത്രന്മാരും പുത്രിമാരും എല്ലാംകൂടെ ഞങ്ങൾ കുറെയധികം പേരുണ്ട്. പട്ടിണി കിടന്ന് ചാകാതിരിക്കാൻ ഞങ്ങൾക്കു ധാന്യം കിട്ടണം.” 3 വേറെ ചിലരാകട്ടെ, “ക്ഷാമകാലത്ത് ധാന്യം കിട്ടാൻ ഞങ്ങൾ ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയംവെക്കുകയാണ്” എന്നു പറഞ്ഞു. 4 മറ്റു ചിലരുടെ പരാതി ഇതായിരുന്നു: “രാജാവിനു കപ്പം* കൊടുക്കാൻ ഞങ്ങൾക്കു ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഈടുവെച്ച് പണം കടം വാങ്ങേണ്ടിവന്നു.+ 5 ഞങ്ങളുടെ സഹോദരന്മാരുടെ അതേ ചോരയും മാംസവും ആണ് ഞങ്ങളുടേതും. അവരുടെ മക്കളെപ്പോലെതന്നെയാണു ഞങ്ങളുടെ മക്കളും. എന്നിട്ടും, ഞങ്ങൾക്കു ഞങ്ങളുടെ മക്കളെ അടിമകളായി വിടേണ്ടിവരുന്നു. ഞങ്ങളുടെ പെൺമക്കളിൽ ചിലർ ഇതിനോടകം അടിമകളായിക്കഴിഞ്ഞിരിക്കുന്നു.+ എന്നാൽ, ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും മറ്റുള്ളവരുടെ കൈവശമിരിക്കുന്നിടത്തോളം ഇത് അവസാനിപ്പിക്കാനുള്ള ശക്തി ഞങ്ങൾക്കില്ല.”
6 അവരുടെ മുറവിളിയും പരാതിയും കേട്ടപ്പോൾ എനിക്കു വല്ലാതെ ദേഷ്യം വന്നു. 7 ഞാൻ ഇതിനെക്കുറിച്ച് മനസ്സിരുത്തി ചിന്തിച്ചു. എന്നിട്ട്, പ്രധാനികളോടും ഉപഭരണാധികാരികളോടും അവരുടെ തെറ്റു ചൂണ്ടിക്കാണിച്ചുകൊണ്ട്, “നിങ്ങൾ നിങ്ങളുടെ സ്വന്തം സഹോദരന്മാരിൽനിന്നാണു പലിശ* ഈടാക്കുന്നത്”+ എന്നു പറഞ്ഞു.
കൂടാതെ, അവരുടെ ഈ പ്രവൃത്തി കാരണം ഞാൻ ഒരു വലിയ യോഗം വിളിച്ചുകൂട്ടുകയും ചെയ്തു. 8 ഞാൻ അവരോടു പറഞ്ഞു: “ജനതകൾക്കു വിൽക്കപ്പെട്ടിരുന്ന നമ്മുടെ ജൂതസഹോദരന്മാരിൽ കഴിയുന്നത്ര പേരെ ഞങ്ങൾ തിരികെ വാങ്ങിയതാണ്. എന്നിട്ട് ഇപ്പോൾ, നിങ്ങളുടെ ആ സ്വന്തം സഹോദരങ്ങളെ നിങ്ങൾ വിൽക്കുകയാണോ?+ ഞങ്ങൾ വീണ്ടും അവരെ തിരികെ വാങ്ങണമെന്നാണോ?” അതോടെ അവരുടെ വായടഞ്ഞു; അവർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. 9 തുടർന്ന് ഞാൻ പറഞ്ഞു: “നിങ്ങൾ ഈ ചെയ്യുന്നതു ശരിയല്ല. നമ്മുടെ ശത്രുക്കളായ ഈ ജനതകൾ നമ്മളെ അപമാനിക്കാതിരിക്കാൻ നിങ്ങൾ ദൈവഭയത്തോടെ+ നടക്കേണ്ടതല്ലേ? 10 മാത്രമല്ല, അവർക്കു പണവും ധാന്യങ്ങളും കടം കൊടുക്കാൻ ഞാനും എന്റെ സഹോദരങ്ങളും പരിചാരകന്മാരും ഉണ്ട്. അതുകൊണ്ട്, പലിശയ്ക്കു കടം കൊടുക്കുന്നതു നമുക്കു ദയവായി അവസാനിപ്പിക്കാം.+ 11 ഇന്നുതന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും ദയവുചെയ്ത് തിരികെ കൊടുക്കണം.+ ഒപ്പം, അവരിൽനിന്ന് നൂറിലൊന്ന്* എന്ന കണക്കിൽ പലിശയായി വാങ്ങിയിട്ടുള്ള പണം, ധാന്യം, പുതുവീഞ്ഞ്, എണ്ണ എന്നിവയും മടക്കിക്കൊടുക്കണം.”
12 അപ്പോൾ അവർ പറഞ്ഞു: “ഞങ്ങൾ മടക്കിക്കൊടുത്തുകൊള്ളാം. അവരിൽനിന്ന് ഇനി ഒന്നും ആവശ്യപ്പെടുകയുമില്ല. അങ്ങ് പറയുന്നതുപോലെതന്നെ ഞങ്ങൾ ചെയ്യാം.” അതുകൊണ്ട്, ഞാൻ പുരോഹിതന്മാരെ വിളിപ്പിച്ചു. വാക്കു പാലിക്കുമെന്ന് അവരെക്കൊണ്ട് പുരോഹിതന്മാരുടെ മുന്നിൽവെച്ച് സത്യം ചെയ്യിച്ചു. 13 കൂടാതെ, വസ്ത്രത്തിന്റെ മടക്കുകൾ കുടഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു: “വാക്കു പാലിക്കാത്തവരെയെല്ലാം സത്യദൈവം തന്റെ ഭവനത്തിൽനിന്നും തന്റെ അവകാശത്തിൽനിന്നും ഇതേ വിധത്തിൽ കുടഞ്ഞുകളയട്ടെ. അയാളെ ഇതുപോലെ കുടഞ്ഞുകളഞ്ഞ് ഒന്നുമില്ലാത്തവനാക്കട്ടെ.” അപ്പോൾ, സഭ മുഴുവനും “ആമേൻ!”* എന്നു പറഞ്ഞു. അവർ യഹോവയെ സ്തുതിച്ചു. ജനം വാക്കു പാലിച്ചു.
14 ഇനി മറ്റൊരു കാര്യം: അർഥഹ്ശഷ്ട+ രാജാവിന്റെ വാഴ്ചയുടെ 20-ാം വർഷമാണു+ ഞാൻ യഹൂദാദേശത്തിന്റെ ഗവർണറായി+ നിയമിതനാകുന്നത്. അന്നുമുതൽ അവന്റെ 32-ാം ഭരണവർഷംവരെയുള്ള+ 12 വർഷം ഞാനോ എന്റെ സഹോദരന്മാരോ ഗവർണർക്ക് അവകാശപ്പെട്ട ഭക്ഷണവിഹിതം വാങ്ങിയിട്ടില്ല.+ 15 പക്ഷേ, എനിക്കു മുമ്പുണ്ടായിരുന്ന ഗവർണർമാർ ജനത്തെ ഭാരപ്പെടുത്തിയിരുന്നു. അപ്പത്തിനും വീഞ്ഞിനും വേണ്ടി അവർ ദിവസേന 40 ശേക്കെൽ* വെള്ളിയാണ് ജനത്തിന്റെ കൈയിൽനിന്ന് വാങ്ങിയിരുന്നത്. ഇതിനു പുറമേ, അവരുടെ പരിചാരകരും ജനത്തെ ബുദ്ധിമുട്ടിച്ചിരുന്നു. പക്ഷേ, ദൈവഭയമുള്ളതുകൊണ്ട്+ ഞാൻ അതു ചെയ്തില്ല.+
16 മാത്രമല്ല, ഞാനും മതിൽപ്പണിയിൽ പങ്കെടുത്തു. ജോലി ചെയ്യാൻ എന്റെ എല്ലാ പരിചാരകരും അവിടെ എത്തിയിരുന്നു. ഞങ്ങൾ സ്വന്തമായി ഒരു നിലംപോലും സമ്പാദിച്ചില്ല.+ 17 ഉപഭരണാധികാരികളും 150 ജൂതന്മാരും എന്നോടൊപ്പമാണു ഭക്ഷണം കഴിച്ചിരുന്നത്. കൂടാതെ, ജനതകളിൽനിന്ന് ഞങ്ങളുടെ അടുത്ത് വരുന്നവർക്കും ആഹാരം കൊടുത്തിരുന്നു. 18 ദിവസേന ഒരു കാള, ഏറ്റവും നല്ല ആറു ചെമ്മരിയാട്, പക്ഷികൾ എന്നിവയെയാണ് എനിക്കുവേണ്ടി* പാകം ചെയ്തിരുന്നത്. പത്തു ദിവസത്തിലൊരിക്കൽ എല്ലാ തരം വീഞ്ഞും ഇഷ്ടംപോലെ വിളമ്പുമായിരുന്നു. എങ്കിലും, ഗവർണർക്ക് അവകാശപ്പെട്ട ഭക്ഷണവിഹിതം ഞാൻ ആവശ്യപ്പെട്ടില്ല. കാരണം, ജനം അപ്പോൾത്തന്നെ ആകെ ഭാരപ്പെട്ടിരിക്കുകയായിരുന്നു. 19 എന്റെ ദൈവമേ, ഈ ജനത്തിനുവേണ്ടി ഞാൻ ചെയ്തതൊക്കെയും ഓർത്ത് എന്നിൽ പ്രസാദിക്കേണമേ.*+
6 ഞാൻ മതിൽ പുതുക്കിപ്പണിതെന്നും+ അതിന് ഇപ്പോൾ വിടവുകളൊന്നുമില്ലെന്നും സൻബല്ലത്തിനും തോബീയയ്ക്കും+ ഗേശെം എന്ന അറേബ്യക്കാരനും+ ബാക്കി ശത്രുക്കൾക്കും വിവരം കിട്ടി. (പക്ഷേ, അപ്പോഴും കവാടങ്ങൾക്കു കതകുകൾ പിടിപ്പിക്കുന്ന ജോലി ബാക്കിയായിരുന്നു.)+ 2 ഉടനെ സൻബല്ലത്തും ഗേശെമും എനിക്ക് ഈ സന്ദേശം അയച്ചു: “നമുക്ക് ഒരു സമയം പറഞ്ഞൊത്ത് ഓനൊ+ സമതലത്തിലെ ഗ്രാമത്തിൽവെച്ച് ഒന്നു കൂടിക്കാണാം.” പക്ഷേ, എന്നെ ഉപദ്രവിക്കാനായിരുന്നു അവരുടെ പദ്ധതി. 3 അതുകൊണ്ട്, ഞാൻ അവരുടെ അടുത്തേക്കു ദൂതന്മാരെ അയച്ച് ഇങ്ങനെ പറയിച്ചു: “ഞാൻ ഒരു വലിയ പണിയിലാണ്. എനിക്ക് ഇപ്പോൾ വരാൻ സാധിക്കില്ല. നിങ്ങളെ കാണാൻ അങ്ങോട്ട് വന്ന് ഞാൻ എന്തിന് ഈ പണി മുടക്കണം?” 4 നാലു പ്രാവശ്യം അവർ അതേ സന്ദേശം അയച്ചു. അപ്പോഴെല്ലാം എന്റെ മറുപടി അതുതന്നെയായിരുന്നു.
5 സൻബല്ലത്ത് അഞ്ചാം പ്രാവശ്യവും അതേ സന്ദേശവുമായി തന്റെ പരിചാരകനെ എന്റെ അടുത്തേക്ക് അയച്ചു; തുറന്നിരിക്കുന്ന ഒരു കത്തുമായാണ് അവനെ അയച്ചത്. 6 അതിൽ ഇങ്ങനെ എഴുതിയിരുന്നു: “നീയും ജൂതന്മാരും വിപ്ലവം+ നടത്താൻ പദ്ധതിയിടുന്നുണ്ടെന്നു ജനതകൾക്കിടയിൽ ഒരു ശ്രുതിയുണ്ട്. ഗേശെമും+ അതുതന്നെയാണു പറയുന്നത്. നീ മതിൽ പണിയുന്നത് അതുകൊണ്ടാണെന്നും നീ അവരുടെ രാജാവാകാൻപോകുന്നെന്നും കേൾക്കുന്നു. 7 ‘യഹൂദയിൽ ഒരു രാജാവുണ്ട്!’ എന്നു നിന്നെക്കുറിച്ച് യരുശലേമിലുടനീളം പ്രസിദ്ധമാക്കാൻ നീ പ്രവാചകന്മാരെ നിയമിച്ചിട്ടുമുണ്ട്. വൈകാതെ ഈ വാർത്ത രാജാവിന്റെ ചെവിയിലും എത്തും. അതുകൊണ്ട് വരൂ, നമുക്ക് ഒരുമിച്ച് ഇക്കാര്യം ചർച്ച ചെയ്യാം.”
8 പക്ഷേ, ഞാൻ അവന് ഇങ്ങനെ മറുപടി അയച്ചു: “നീ ഈ പറയുന്നതൊന്നും സംഭവിച്ചിട്ടില്ല. ഇതൊക്കെ നീ സങ്കല്പിച്ചുണ്ടാക്കുന്ന* കാര്യങ്ങളാണ്.” 9 വാസ്തവത്തിൽ, അവർ ഞങ്ങളെ പേടിപ്പിക്കാൻ നോക്കുകയായിരുന്നു. “പണി ചെയ്ത് അവരുടെ കൈകൾ തളരും, അവർ പണി തീർക്കില്ല” എന്ന് അവർ പറഞ്ഞു.+ അതുകൊണ്ട് ദൈവമേ, എന്റെ കരങ്ങൾക്കു കരുത്തേകേണമേ+ എന്നു ഞാൻ പ്രാർഥിക്കുന്നു.
10 പിന്നെ, ഞാൻ മെഹേതബേലിന്റെ മകനായ ദലായയുടെ മകൻ ശെമയ്യയുടെ വീട്ടിലേക്കു പോയി. ശെമയ്യ അവിടെ വീടിനുള്ളിൽത്തന്നെ കഴിയുകയായിരുന്നു. അയാൾ പറഞ്ഞു: “അവർ അങ്ങയെ കൊല്ലാൻ വരുന്നുണ്ട്. അതുകൊണ്ട്, നമുക്ക് ഒരു സമയം തീരുമാനിച്ച് സത്യദൈവത്തിന്റെ ഭവനമായ ദേവാലയത്തിൽ ചെന്ന് വാതിൽ അടച്ച് അതിന് അകത്ത് ഇരിക്കാം. അവർ ഇന്നു രാത്രി അങ്ങയെ കൊല്ലാൻ വരും.” 11 പക്ഷേ, ഞാൻ പറഞ്ഞു: “എന്നെപ്പോലൊരാൾ പേടിച്ച് ഓടാനോ? എന്നെപ്പോലൊരു മനുഷ്യനു ദേവാലയത്തിനുള്ളിൽ കടന്നിട്ട് ജീവനോടിരിക്കാനാകുമോ?+ ഞാൻ അതു ചെയ്യില്ല!” 12 അതോടെ, ഇയാളെ ദൈവം അയച്ചിട്ടില്ലെന്നും എനിക്ക് എതിരെ പ്രവചിക്കാൻ തോബീയയും സൻബല്ലത്തും+ കൂലിക്കെടുത്തതാണെന്നും എനിക്കു മനസ്സിലായി. 13 പേടിപ്പിച്ച് എന്നെക്കൊണ്ട് പാപം ചെയ്യിക്കാനായിരുന്നു അയാളെ കൂലിക്കെടുത്തത്. അങ്ങനെയാകുമ്പോൾ, എന്റെ സത്പേരിനു കളങ്കം ചാർത്തി എന്നെ അപമാനിക്കാൻ അവർക്ക് ഒരു കാരണം കിട്ടുമായിരുന്നു.
14 എന്റെ ദൈവമേ, തോബീയയെയും+ സൻബല്ലത്തിനെയും അവരുടെ ഈ പ്രവൃത്തികളെയും ഓർക്കേണമേ; നോവദ്യ എന്ന പ്രവാചികയും എന്നെ നിരന്തരം പേടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ബാക്കിയുള്ള പ്രവാചകന്മാരും ചെയ്ത കാര്യങ്ങൾ മറന്നുകളയുകയും അരുതേ.
15 അങ്ങനെ, ഏലൂൽ* മാസം 25-ാം തീയതി മതിലിന്റെ പണി പൂർത്തിയായി; മൊത്തം 52 ദിവസമെടുത്തു.
16 ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്ത ഞങ്ങളുടെ ശത്രുക്കളും ചുറ്റുമുള്ള ജനതകളും ആകെ നാണംകെട്ടുപോയി.+ ഈ പണി പൂർത്തിയായതു ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താലാണെന്ന് അവർക്കു മനസ്സിലായി. 17 അക്കാലത്ത്, യഹൂദയിലെ പ്രധാനികൾ+ തോബീയയ്ക്കു ധാരാളം കത്തുകൾ അയയ്ക്കുമായിരുന്നു; തോബീയ അവയ്ക്കെല്ലാം മറുപടിയും അയയ്ക്കും. 18 യഹൂദയിൽ ധാരാളം പേർ അയാളോടു കൂറു പ്രഖ്യാപിച്ചിരുന്നു. കാരണം, ആരഹിന്റെ+ മകനായ ശെഖന്യയുടെ മരുമകനായിരുന്നു അയാൾ. അയാളുടെ മകനായ യഹോഹാനാനാകട്ടെ ബേരെഖ്യയുടെ മകനായ മെശുല്ലാമിന്റെ+ മകളെയാണു വിവാഹം കഴിച്ചിരുന്നത്. 19 അവർ എപ്പോഴും എന്റെ അടുത്ത് വന്ന് തോബീയയെ പുകഴ്ത്തിപ്പറയുകയും ഞാൻ പറയുന്നത് അയാളെ അറിയിക്കുകയും ചെയ്യുമായിരുന്നു. അപ്പോൾ, എന്നെ ഭീഷണിപ്പെടുത്താൻ തോബീയ കത്തുകൾ അയയ്ക്കും.+
7 മതിൽ പുതുക്കിപ്പണിതുകഴിഞ്ഞ+ ഉടനെ ഞാൻ കതകുകൾ പിടിപ്പിച്ചു.+ പിന്നെ, ഗായകരെയും+ ലേവ്യരെയും+ കവാടത്തിൽ കാവൽക്കാരെയും+ നിയമിച്ചു. 2 ഞാൻ എന്റെ സഹോദരനായ ഹനാനിക്ക്+ യരുശലേമിന്റെ ചുമതല കൊടുത്തു. ഹനാനിയോടൊപ്പം കോട്ടയുടെ+ അധിപനായ ഹനന്യയെയും നിയമിച്ചു; കാരണം, അയാൾ വളരെ ആശ്രയയോഗ്യനും മറ്റു പലരെക്കാളും ദൈവഭയമുള്ളവനും+ ആയിരുന്നു. 3 ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്ക്കുന്നതുവരെ യരുശലേംകവാടങ്ങൾ തുറക്കരുത്. കാവലുള്ളപ്പോൾത്തന്നെ കതകുകൾ അടച്ച് കുറ്റി ഇടണം. യരുശലേമിൽ താമസിക്കുന്നവരെ കാവൽക്കാരായി നിയമിക്കുക; അവരിൽ ചിലരെ കാവൽസ്ഥാനങ്ങളിലും മറ്റുള്ളവരെ സ്വന്തം വീടിനു മുന്നിലും നിയമിക്കണം.” 4 നഗരം വലുതും വിശാലവും ആയിരുന്നു. പക്ഷേ, നഗരത്തിന് ഉള്ളിൽ ആളുകൾ വളരെ കുറവായിരുന്നു;+ വീടുകളാകട്ടെ പുനർനിർമിച്ചിരുന്നുമില്ല.
5 അങ്ങനെയിരിക്കെ, പ്രധാനികളെയും ഉപഭരണാധികാരികളെയും ജനത്തെയും വിളിച്ചുകൂട്ടി അവരുടെ പേരുകൾ വംശാവലിയനുസരിച്ച് രേഖപ്പെടുത്താൻ+ ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ചു. ആദ്യം വന്നവരുടെ പേരുകൾ വംശാവലിക്രമത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പുസ്തകം ഞാൻ കണ്ടെത്തി. അതിൽ ഇങ്ങനെ എഴുതിയിരുന്നു:
6 ബാബിലോൺരാജാവായ നെബൂഖദ്നേസർ+ ബന്ദികളായി കൊണ്ടുപോയവരിൽ+ യരുശലേമിലേക്കും യഹൂദയിലേക്കും മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്. അവിടെ അടിമത്തത്തിൽ കഴിയുകയായിരുന്ന ഇവർ സ്വന്തം നഗരങ്ങളിലേക്കു+ 7 സെരുബ്ബാബേൽ,+ യേശുവ,+ നെഹമ്യ, അസര്യ, രയമ്യ, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബാനെ എന്നിവരോടൊപ്പം മടങ്ങിയെത്തി.
ഇസ്രായേല്യപുരുഷന്മാരുടെ സംഖ്യ:+ 8 പരോശിന്റെ വംശജർ 2,172; 9 ശെഫത്യയുടെ വംശജർ 372; 10 ആരഹിന്റെ+ വംശജർ 652; 11 പഹത്-മോവാബിന്റെ+ വംശത്തിലുള്ള യേശുവയുടെയും യോവാബിന്റെയും+ വംശജർ 2,818; 12 ഏലാമിന്റെ+ വംശജർ 1,254; 13 സത്ഥുവിന്റെ വംശജർ 845; 14 സക്കായിയുടെ വംശജർ 760; 15 ബിന്നൂവിയുടെ വംശജർ 648; 16 ബേബായിയുടെ വംശജർ 628; 17 അസ്ഗാദിന്റെ വംശജർ 2,322; 18 അദോനിക്കാമിന്റെ വംശജർ 667; 19 ബിഗ്വായിയുടെ വംശജർ 2,067; 20 ആദീന്റെ വംശജർ 655; 21 ഹിസ്കിയഗൃഹത്തിലെ ആതേരിന്റെ വംശജർ 98; 22 ഹാശൂമിന്റെ വംശജർ 328; 23 ബസായിയുടെ വംശജർ 324; 24 ഹാരീഫിന്റെ വംശജർ 112; 25 ഗിബെയോന്റെ+ വംശജർ 95; 26 ബേത്ത്ലെഹെമിലെയും നെതോഫയിലെയും പുരുഷന്മാർ 188; 27 അനാഥോത്തിലെ+ പുരുഷന്മാർ 128; 28 ബേത്ത്-അസ്മാവെത്തിലെ പുരുഷന്മാർ 42; 29 കിര്യത്ത്-യയാരീം,+ കെഫീര, ബേരോത്ത്+ എന്നിവിടങ്ങളിലെ പുരുഷന്മാർ 743; 30 രാമയിലെയും ഗേബയിലെയും+ പുരുഷന്മാർ 621; 31 മിക്മാസിലെ+ പുരുഷന്മാർ 122; 32 ബഥേലിലെയും+ ഹായിയിലെയും+ പുരുഷന്മാർ 123; 33 മറ്റേ നെബോയിലെ പുരുഷന്മാർ 52; 34 മറ്റേ ഏലാമിന്റെ വംശജർ 1,254; 35 ഹാരീമിന്റെ വംശജർ 320; 36 യരീഹൊയിൽനിന്നുള്ളവർ 345; 37 ലോദ്, ഹാദീദ്, ഓനൊ+ എന്നിവിടങ്ങളിൽനിന്നുള്ളവർ 721; 38 സെനായയിൽനിന്നുള്ളവർ 3,930.
39 പുരോഹിതന്മാർ:+ യേശുവഗൃഹത്തിലെ യദയയുടെ വംശജർ 973; 40 ഇമ്മേരിന്റെ വംശജർ 1,052; 41 പശ്ഹൂരിന്റെ+ വംശജർ 1,247; 42 ഹാരീമിന്റെ+ വംശജർ 1,017.
43 ലേവ്യർ:+ ഹോദെവയുടെ വംശജരിൽ കദ്മിയേൽഗൃഹത്തിലെ+ യേശുവയുടെ വംശജർ 74. 44 ഗായകർ:+ ആസാഫിന്റെ+ വംശജർ 148; 45 കവാടത്തിന്റെ കാവൽക്കാർ:+ ശല്ലൂം, ആതേർ, തൽമോൻ, അക്കൂബ്,+ ഹതീത, ശോബായി എന്നിവരുടെ വംശജർ ആകെ 138.
46 ദേവാലയസേവകർ:*+ സീഹയുടെ വംശജർ, ഹസൂഫയുടെ വംശജർ, തബ്ബായോത്തിന്റെ വംശജർ, 47 കേരോസിന്റെ വംശജർ, സീയയുടെ വംശജർ, പാദോന്റെ വംശജർ, 48 ലബാനയുടെ വംശജർ, ഹഗാബയുടെ വംശജർ, ശൽമായിയുടെ വംശജർ, 49 ഹാനാന്റെ വംശജർ, ഗിദ്ദേലിന്റെ വംശജർ, ഗാഹരിന്റെ വംശജർ, 50 രയായയുടെ വംശജർ, രസീന്റെ വംശജർ, നെക്കോദയുടെ വംശജർ, 51 ഗസ്സാമിന്റെ വംശജർ, ഉസയുടെ വംശജർ, പാസേഹയുടെ വംശജർ, 52 ബേസായിയുടെ വംശജർ, മെയൂനിമിന്റെ വംശജർ, നെഫൂശ്സീമിന്റെ വംശജർ, 53 ബക്ബുക്കിന്റെ വംശജർ, ഹക്കൂഫയുടെ വംശജർ, ഹർഹൂരിന്റെ വംശജർ, 54 ബസ്ലീത്തിന്റെ വംശജർ, മെഹീദയുടെ വംശജർ, ഹർശയുടെ വംശജർ, 55 ബർക്കോസിന്റെ വംശജർ, സീസെരയുടെ വംശജർ, തേമഹിന്റെ വംശജർ, 56 നെസീഹയുടെ വംശജർ, ഹതീഫയുടെ വംശജർ.
57 ശലോമോന്റെ ദാസന്മാരുടെ വംശജർ:+ സോതായിയുടെ വംശജർ, സോഫേരെത്തിന്റെ വംശജർ, പെരീദയുടെ വംശജർ, 58 യാലയുടെ വംശജർ, ദർക്കോന്റെ വംശജർ, ഗിദ്ദേലിന്റെ വംശജർ, 59 ശെഫത്യയുടെ വംശജർ, ഹത്തീലിന്റെ വംശജർ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ വംശജർ, ആമോന്റെ വംശജർ. 60 ദേവാലയസേവകരും+ ശലോമോന്റെ ദാസന്മാരുടെ വംശജരും കൂടെ ആകെ 392.
61 തെൽ-മേലഹ്, തെൽ-ഹർശ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നിവിടങ്ങളിൽനിന്ന് വന്ന ചിലർക്ക് അവരുടെ പിതൃഭവനമോ വംശമോ തെളിയിക്കാനും അവർ ഇസ്രായേല്യരാണെന്നു സ്ഥാപിക്കാനും കഴിഞ്ഞില്ല.+ താഴെപ്പറയുന്നവരാണ് അവർ: 62 ദലായയുടെ വംശജർ, തോബീയയുടെ വംശജർ, നെക്കോദയുടെ വംശജർ; ആകെ 642. 63 പുരോഹിതന്മാരിൽപ്പെട്ടവർ: ഹബയ്യയുടെ വംശജർ, ഹക്കോസിന്റെ+ വംശജർ, ബർസില്ലായിയുടെ വംശജർ. ഈ ബർസില്ലായി ഗിലെയാദ്യനായ ബർസില്ലായിയുടെ+ പെൺമക്കളിൽ ഒരാളെ വിവാഹം കഴിച്ചതുകൊണ്ടാണ് ആ പേരിൽ അറിയപ്പെട്ടത്. 64 ഇവർ വംശാവലി തെളിയിക്കാൻ ആവശ്യമായ രേഖകൾ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അതുകൊണ്ട് അവരെ പൗരോഹിത്യസേവനത്തിന് അയോഗ്യരെന്നു പ്രഖ്യാപിച്ചു.*+ 65 ഊറീമും തുമ്മീമും+ ഉപയോഗിക്കാൻ കഴിയുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ അതിവിശുദ്ധവസ്തുക്കൾ കഴിക്കരുതെന്നു+ ഗവർണർ*+ അവരോടു പറഞ്ഞു.
66 സഭയുടെ മൊത്തം അംഗസംഖ്യ 42,360+ ആയിരുന്നു; 67 ഇതു കൂടാതെ, അടിമകളായി 7,337 സ്ത്രീപുരുഷന്മാരും+ ഗായികാഗായകന്മാരായി+ 245 പേരും ഉണ്ടായിരുന്നു. 68 അവർക്ക് 736 കുതിരകളും 245 കോവർകഴുതകളും 69 435 ഒട്ടകങ്ങളും 6,720 കഴുതകളും ഉണ്ടായിരുന്നു.
70 പിതൃഭവനത്തലവന്മാരിൽ ചിലർ പണിക്കുവേണ്ടി സംഭാവന കൊടുത്തു.+ ഗവർണർ 1,000 സ്വർണദ്രഹ്മ,* 50 കുഴിയൻപാത്രം, 530 പുരോഹിതവസ്ത്രം+ എന്നിവ ഖജനാവിലേക്കു നൽകി. 71 ചില പിതൃഭവനത്തലവന്മാർ ഈ നിർമാണവേലയ്ക്കായുള്ള ഖജനാവിലേക്ക് 20,000 സ്വർണദ്രഹ്മയും 2,200 വെള്ളിമിനയും* കൊടുത്തു. 72 ബാക്കിയുള്ള ആളുകൾ 20,000 സ്വർണദ്രഹ്മയും 2,000 വെള്ളിമിനയും 67 പുരോഹിതവസ്ത്രവും നൽകി.
73 പുരോഹിതന്മാരും ലേവ്യരും കവാടത്തിന്റെ കാവൽക്കാരും ഗായകരും+ ദേവാലയസേവകരും ബാക്കിയുള്ള ഇസ്രായേല്യരും അവരവരുടെ നഗരങ്ങളിൽ താമസമാക്കി. അങ്ങനെ ഇസ്രായേല്യരെല്ലാം അവരവരുടെ നഗരങ്ങളിൽ താമസമുറപ്പിച്ചു.+ ഏഴാം മാസമായപ്പോഴേക്കും+ ഇസ്രായേല്യർ തങ്ങളുടെ നഗരങ്ങളിൽ താമസമാക്കിയിരുന്നു.+
8 അങ്ങനെയിരിക്കെ, ജനം മുഴുവൻ ഏകമനസ്സോടെ ജലകവാടത്തിനു+ മുന്നിലുള്ള പൊതുസ്ഥലത്ത്* ഒന്നിച്ചുകൂടി. യഹോവ ഇസ്രായേലിനു കൊടുത്ത+ മോശയുടെ നിയമത്തിന്റെ* പുസ്തകം+ കൊണ്ടുവരാൻ അവർ പകർപ്പെഴുത്തുകാരനായ* എസ്രയോടു+ പറഞ്ഞു. 2 അങ്ങനെ, ഏഴാം മാസം+ ഒന്നാം ദിവസം പുരുഷന്മാരും സ്ത്രീകളും, കേട്ട് മനസ്സിലാക്കാൻ കഴിവുള്ള എല്ലാവരും അടങ്ങുന്ന സഭയുടെ മുന്നിൽ എസ്ര പുരോഹിതൻ നിയമപുസ്തകം കൊണ്ടുവന്നു.+ 3 എസ്ര ജലകവാടത്തിനു മുന്നിലുള്ള പൊതുസ്ഥലത്തുവെച്ച് പ്രഭാതംമുതൽ നട്ടുച്ചവരെ അതിൽനിന്ന് ഉറക്കെ വായിച്ചുകേൾപ്പിച്ചു.+ പുരുഷന്മാരും സ്ത്രീകളും, കേട്ട് മനസ്സിലാക്കാൻ കഴിവുള്ള എല്ലാവരും അതു ശ്രദ്ധയോടെ കേട്ടു.+ 4 ഈ പരിപാടിക്കുവേണ്ടി തടികൊണ്ട് പ്രത്യേകമായി ഉണ്ടാക്കിയ പ്രസംഗവേദിയിലാണു പകർപ്പെഴുത്തുകാരനായ എസ്ര നിന്നത്. എസ്രയുടെ അടുത്ത് വലതുവശത്ത് മത്ഥിഥ്യ, ശേമ, അനായ, ഊരിയാവ്, ഹിൽക്കിയ, മയസേയ എന്നിവരും ഇടതുവശത്ത് പെദായ, മീശായേൽ, മൽക്കീയ,+ ഹാശൂം, ഹശ്ബദ്ദാന, സെഖര്യ, മെശുല്ലാം എന്നിവരും ഉണ്ടായിരുന്നു.
5 ഉയർന്ന ഒരു സ്ഥലത്ത് നിന്ന് ജനം മുഴുവൻ കാൺകെ എസ്ര പുസ്തകം തുറന്നു. അപ്പോൾ എല്ലാവരും എഴുന്നേറ്റു. 6 എസ്ര, മഹോന്നതനും സത്യദൈവവും ആയ യഹോവയെ സ്തുതിച്ചു. ഉടനെ, ജനം മുഴുവൻ കൈകൾ ഉയർത്തി “ആമേൻ!* ആമേൻ!” എന്നു പറഞ്ഞു.+ എന്നിട്ട്, അവർ യഹോവയുടെ സന്നിധിയിൽ മുട്ടുകുത്തി നമസ്കരിച്ചു. 7 യേശുവ, ബാനി, ശേരെബ്യ,+ യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദിയ, മയസേയ, കെലീത, അസര്യ, യോസാബാദ്,+ ഹാനാൻ, പെലായ എന്നീ ലേവ്യർ ജനത്തിനു നിയമം വിശദീകരിച്ചുകൊടുത്തു.+ ആ സമയം ജനം മുഴുവൻ നിൽക്കുകയായിരുന്നു. 8 അവർ സത്യദൈവത്തിന്റെ നിയമപുസ്തകത്തിൽനിന്ന് ഉറക്കെ വായിക്കുകയും അതു വ്യക്തമായി വിശദീകരിച്ച് അർഥം പറഞ്ഞുകൊടുക്കുകയും ചെയ്തു. വായിച്ചുകേൾക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ അങ്ങനെ അവർ ജനത്തെ സഹായിച്ചു.+
9 നിയമത്തിൽനിന്ന് വായിച്ചുകേട്ട സമയത്ത് ജനമെല്ലാം കരഞ്ഞു. അതുകൊണ്ട്, അന്നു ഗവർണറായിരുന്ന* നെഹമ്യ, പുരോഹിതനും പകർപ്പെഴുത്തുകാരനും ആയ എസ്ര,+ ജനത്തെ പഠിപ്പിച്ചുകൊണ്ടിരുന്ന ലേവ്യർ എന്നിവർ ജനത്തോടു പറഞ്ഞു: “ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിശുദ്ധമാണ്.+ ദുഃഖിക്കുകയോ കരയുകയോ അരുത്.” 10 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ പോയി ഏറ്റവും നല്ല ഭക്ഷണം കഴിക്കുകയും മധുരപാനീയങ്ങൾ കുടിക്കുകയും ചെയ്യുക. ആഹാരമില്ലാത്തവർക്ക് ആഹാരം കൊടുത്തയയ്ക്കുകയും വേണം;+ ഈ ദിവസം നമ്മുടെ കർത്താവിനു വിശുദ്ധമല്ലോ. സങ്കടപ്പെടരുത്. കാരണം, യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം.”* 11 “കരയാതിരിക്കൂ! ഈ ദിവസം വിശുദ്ധമാണ്, നിങ്ങൾ സങ്കടപ്പെടരുത്” എന്നു പറഞ്ഞ് ലേവ്യർ ജനത്തെ മുഴുവൻ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. 12 പറഞ്ഞ കാര്യം ജനത്തിനു മനസ്സിലായതുകൊണ്ട്+ അവർ തിന്നാനും കുടിക്കാനും ആഹാരം കൊടുത്തയയ്ക്കാനും ആഹ്ലാദിച്ചുല്ലസിക്കാനും+ വേണ്ടി പിരിഞ്ഞുപോയി.
13 അടുത്ത ദിവസം, നിയമത്തിൽ എഴുതിയിരിക്കുന്നതിനെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച കിട്ടാൻ ജനത്തിന്റെ പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും പകർപ്പെഴുത്തുകാരനായ എസ്രയുടെ ചുറ്റും കൂടി. 14 യഹോവ മോശയിലൂടെ ഇസ്രായേലിനു കൊടുത്ത നിയമത്തിൽ ഏഴാം മാസത്തെ ഉത്സവത്തിന്റെ സമയത്ത് ഇസ്രായേല്യർ കൂടാരങ്ങളിൽ* താമസിക്കണമെന്ന് എഴുതിയിരിക്കുന്നതു കണ്ടു.+ 15 കൂടാതെ, “എഴുതിയിരിക്കുന്നതനുസരിച്ച് കൂടാരങ്ങൾ ഉണ്ടാക്കാൻ മലനാട്ടിലേക്കു പോയി ഒലിവ് മരത്തിന്റെയും പൈൻ മരത്തിന്റെയും മിർട്ടൽ മരത്തിന്റെയും മറ്റു മരങ്ങളുടെയും ധാരാളം ഇലകളുള്ള ശിഖരങ്ങളും ഈന്തപ്പനയോലകളും കൊണ്ടുവരണം” എന്ന കാര്യം അവരുടെ എല്ലാ നഗരങ്ങളിലും യരുശലേമിൽ എല്ലായിടത്തും പ്രഖ്യാപിച്ച് പ്രസിദ്ധമാക്കണമെന്ന്+ അതിൽ രേഖപ്പെടുത്തിയിരുന്നതും അവർ ശ്രദ്ധിച്ചു.
16 അങ്ങനെ, ജനം പോയി അവയെല്ലാം കൊണ്ടുവന്ന് തങ്ങളുടെ പുരമുകളിലും മുറ്റത്തും സത്യദൈവത്തിന്റെ ഭവനത്തിന്റെ മുറ്റങ്ങളിലും+ ജലകവാടത്തിന്+ അടുത്തുള്ള പൊതുസ്ഥലത്തും എഫ്രയീംകവാടത്തിന്+ അടുത്തുള്ള പൊതുസ്ഥലത്തും കൂടാരങ്ങൾ പണിതു. 17 അടിമത്തത്തിൽനിന്ന് മടങ്ങിവന്ന സഭ മുഴുവൻ കൂടാരങ്ങൾ പണിത് അതിൽ താമസിച്ചു. നൂന്റെ മകനായ യോശുവയുടെ+ കാലംമുതൽ അന്നുവരെ ഇസ്രായേല്യർ ഈ വിധത്തിൽ ഇത് ആഘോഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവരെല്ലാം ആഹ്ലാദിച്ചുല്ലസിച്ചു.+ 18 ആദ്യദിവസംമുതൽ അവസാനദിവസംവരെ എന്നും സത്യദൈവത്തിന്റെ നിയമപുസ്തകം വായിച്ചു.+ അവർ ഏഴു ദിവസം ഉത്സവം ആഘോഷിച്ചു. വ്യവസ്ഥയനുസരിച്ച്, എട്ടാം ദിവസം പവിത്രമായ ഒരു സമ്മേളനവും നടത്തി.+
9 ആ മാസം 24-ാം ദിവസം ഇസ്രായേല്യർ ഒന്നിച്ചുകൂടി; അവർ വിലാപവസ്ത്രം ധരിച്ചും തലയിൽ പൊടി വാരിയിട്ടും ഉപവസിച്ചു.+ 2 ഇസ്രായേല്യവംശജരെല്ലാം വിദേശികളുടെ അടുത്തുനിന്ന് മാറിനിന്ന്+ സ്വന്തം പാപങ്ങളും പിതാക്കന്മാരുടെ തെറ്റുകളും ഏറ്റുപറഞ്ഞു.+ 3 എന്നിട്ട് അവർ എല്ലാവരും എഴുന്നേറ്റുനിന്ന് കാൽ ദിവസം* തങ്ങളുടെ ദൈവമായ യഹോവയുടെ നിയമപുസ്തകത്തിൽനിന്ന് ഉറക്കെ വായിക്കുകയും+ കാൽ ദിവസം കുറ്റങ്ങൾ ഏറ്റുപറഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ കുമ്പിടുകയും ചെയ്തു.
4 യേശുവ, ബാനി, കദ്മിയേൽ, ശെബന്യ, ബുന്നി, ശേരെബ്യ,+ ബാനി, കെനാനി എന്നിവർ ലേവ്യരുടെ വേദിയിൽ+ കയറിനിന്ന് തങ്ങളുടെ ദൈവമായ യഹോവയോട് ഉറക്കെ വിളിച്ചപേക്ഷിച്ചു. 5 ലേവ്യരായ യേശുവ, കദ്മിയേൽ, ബാനി, ഹശബ്നെയ, ശേരെബ്യ, ഹോദിയ, ശെബന്യ, പെതഹ്യ എന്നിവർ പറഞ്ഞു: “എഴുന്നേറ്റുനിന്ന് നിങ്ങളുടെ ദൈവമായ യഹോവയെ നിത്യതയിലുടനീളം* സ്തുതിക്കുക.+ എത്ര പുകഴ്ത്തിയാലും സ്തുതിച്ചാലും പോരാത്തത്ര മഹനീയമായ അങ്ങയുടെ പേര് അവർ സ്തുതിക്കട്ടെ.
6 “അങ്ങ് മാത്രമാണ് യഹോവ.+ അങ്ങ് സ്വർഗത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സൈന്യങ്ങളെയും സൃഷ്ടിച്ചു; ഭൂമിയും അതിലുള്ളതൊക്കെയും സമുദ്രങ്ങളും അവയിലുള്ളതൊക്കെയും അങ്ങ് സൃഷ്ടിച്ചു; അങ്ങ് അവയെ എല്ലാം സംരക്ഷിച്ച് അവയുടെ ജീവൻ നിലനിറുത്തുകയും ചെയ്യുന്നു. സ്വർഗീയസൈന്യം അങ്ങയുടെ മുന്നിൽ കുമ്പിടുന്നു. 7 അബ്രാമിനെ+ തിരഞ്ഞെടുത്ത് കൽദയരുടെ ദേശമായ ഊരിൽനിന്ന്+ കൊണ്ടുവന്ന് അബ്രാഹാം എന്ന പേര് കൊടുത്ത+ സത്യദൈവമായ യഹോവയാണ് അങ്ങ്. 8 അബ്രാഹാമിന്റെ ഹൃദയം അങ്ങയുടെ മുന്നിൽ വിശ്വസ്തമെന്നു+ കണ്ട് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യബൂസ്യർ, ഗിർഗശ്യർ എന്നിവരുടെ ദേശം അബ്രാഹാമിന്, അബ്രാഹാമിന്റെ സന്തതിക്ക്,* കൊടുക്കുമെന്ന് അങ്ങ് അബ്രാഹാമുമായി ഒരു ഉടമ്പടി ചെയ്തു;+ അങ്ങ് നീതിമാനായതുകൊണ്ട് വാക്കു പാലിക്കുകയും ചെയ്തു.
9 “ഈജിപ്തിൽ ഞങ്ങളുടെ പൂർവികർ അനുഭവിച്ച ക്ലേശങ്ങൾ അങ്ങ് കണ്ടു;+ ചെങ്കടലിന് അടുത്തുവെച്ച് അവർ നിലവിളിച്ചത് അങ്ങ് കേട്ടു. 10 ഈജിപ്തുകാർ അവരോടു ധാർഷ്ട്യത്തോടെയാണു പെരുമാറിയതെന്ന്+ അങ്ങ് അറിഞ്ഞു. അതുകൊണ്ട്, അങ്ങ് ഫറവോനും അയാളുടെ എല്ലാ ഭൃത്യന്മാർക്കും ആ ദേശത്തെ ജനത്തിനും എതിരെ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു.+ അങ്ങനെ, അങ്ങ് ഒരു പേര് നേടി; അത് ഇന്നുവരെ നിലനിൽക്കുന്നു.+ 11 അങ്ങ് അവരുടെ മുന്നിൽ കടൽ വിഭജിച്ചു; ആ ഉണങ്ങിയ നിലത്തുകൂടെ അവർ അക്കരെ കടന്നു.+ ഇളകിമറിയുന്ന വെള്ളത്തിലേക്ക് ഒരു കല്ല് എറിഞ്ഞുകളയുന്നതുപോലെ, അവരെ പിന്തുടർന്നവരെ അങ്ങ് ആഴങ്ങളിലേക്ക് എറിഞ്ഞുകളഞ്ഞു.+ 12 പകൽസമയത്ത് മേഘസ്തംഭവും രാത്രിയിൽ അഗ്നിസ്തംഭത്തിന്റെ പ്രകാശവും കൊണ്ട് അങ്ങ് അവരെ വഴിനടത്തി.+ 13 അങ്ങ് സീനായ് പർവതത്തിൽ ഇറങ്ങിവന്നു;+ സ്വർഗത്തിൽനിന്ന് അവരോടു സംസാരിച്ച്+ അവർക്കു നീതിയുള്ള ന്യായത്തീർപ്പുകളും സത്യനിയമങ്ങളും* നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു.+ 14 അങ്ങയുടെ ദാസനായ മോശയിലൂടെ അങ്ങ് വിശുദ്ധശബത്തിനെക്കുറിച്ച്+ അവരെ അറിയിക്കുകയും അങ്ങയുടെ കല്പനകളും ചട്ടങ്ങളും നിയമവും കൊടുക്കുകയും ചെയ്തു. 15 അവർക്കു വിശന്നപ്പോൾ അങ്ങ് ആകാശത്തുനിന്ന് അപ്പം കൊടുത്തു;+ ദാഹിച്ചപ്പോൾ പാറയിൽനിന്ന് വെള്ളം പുറപ്പെടുവിച്ചു.+ അങ്ങ് അവർക്കു കൊടുക്കുമെന്നു സത്യം ചെയ്തിരുന്ന* ദേശത്തേക്കു ചെന്ന് അതു കൈവശമാക്കാൻ അവരോടു പറഞ്ഞു.
16 “പക്ഷേ ഞങ്ങളുടെ പൂർവികർ ധാർഷ്ട്യം കാണിച്ചു.+ അവർ ദുശ്ശാഠ്യക്കാരായി.*+ അവർ അങ്ങയുടെ കല്പനകൾ അനുസരിക്കാതിരുന്നു. 17 അനുസരണംകെട്ടവരായ അവർ അവരുടെ ഇടയിൽ അങ്ങ് കാണിച്ച അതിശയകരമായ കാര്യങ്ങൾ ഓർത്തില്ല.+ ദുശ്ശാഠ്യം കാണിച്ച അവർ ഈജിപ്തിലെ അടിമത്തത്തിലേക്കു മടങ്ങിപ്പോകാൻ ഒരു തലവനെ നിയമിച്ചു.+ പക്ഷേ, അങ്ങ് ക്ഷമിക്കാൻ മനസ്സുള്ള, അനുകമ്പയുള്ള,* കരുണാമയനായ, പെട്ടെന്നു കോപിക്കാത്ത, ഏറെ അചഞ്ചലസ്നേഹം കാണിക്കുന്ന ഒരു ദൈവമാണ്.+ അതുകൊണ്ട്, അങ്ങ് അവരെ ഉപേക്ഷിച്ചുകളഞ്ഞില്ല.+ 18 അവർ തങ്ങൾക്കുവേണ്ടി ഒരു കാളക്കുട്ടിയുടെ ലോഹപ്രതിമ* ഉണ്ടാക്കി, ‘ഇസ്രായേലേ, നിങ്ങളെ ഈജിപ്തിൽനിന്ന് നയിച്ചുകൊണ്ടുവന്ന നിങ്ങളുടെ ദൈവം ഇതാണ്’+ എന്നു പറയുകയും അവരുടെ പ്രവൃത്തികളാൽ കടുത്ത അനാദരവ് കാണിക്കുകയും ചെയ്തു. 19 എന്നിട്ടും, മഹാകാരുണ്യവാനായതുകൊണ്ട് അങ്ങ് അവരെ വിജനഭൂമിയിൽ* ഉപേക്ഷിച്ചില്ല.+ പകൽസമയത്ത് അവരെ നയിച്ച മേഘസ്തംഭവും രാത്രിയിൽ പ്രകാശം ചൊരിഞ്ഞ് അവരെ വഴിനടത്തിയ അഗ്നിസ്തംഭവും അവരെ വിട്ടുമാറിയില്ല.+ 20 ഉൾക്കാഴ്ചയുണ്ടാകാൻ അങ്ങയുടെ നല്ല ആത്മാവിനെ അവർക്കു കൊടുത്തു.+ അവർക്കു മന്ന കൊടുക്കുന്നതു നിറുത്തിക്കളഞ്ഞില്ല.+ ദാഹിച്ചപ്പോൾ അങ്ങ് അവർക്കു വെള്ളം കൊടുത്തു.+ 21 അവർക്ക് 40 വർഷം വിജനഭൂമിയിൽ ഭക്ഷണം കൊടുത്തു.+ അവർക്ക് ഒന്നിനും ഒരു കുറവുമില്ലായിരുന്നു. അവരുടെ വസ്ത്രങ്ങൾ പഴകിപ്പോയില്ല.+ അവരുടെ കാലുകൾ നീരുവെച്ച് വീങ്ങിയതുമില്ല.
22 “അങ്ങ് അവർക്കു രാജ്യങ്ങളെയും ജനതകളെയും വിഭാഗിച്ച് കൊടുത്തു.+ അങ്ങനെ, അവർ ഹെശ്ബോൻരാജാവായ+ സീഹോന്റെ+ ദേശവും ബാശാൻരാജാവായ ഓഗിന്റെ+ ദേശവും കൈവശമാക്കി. 23 അങ്ങ് അവരുടെ മക്കളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിച്ചു.+ അവർ കൈവശമാക്കുമെന്ന് അവരുടെ പൂർവികരോട് അങ്ങ് വാഗ്ദാനം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുവരുകയും ചെയ്തു.+ 24 അങ്ങനെ, അവരുടെ മക്കൾ ചെന്ന് ആ ദേശം കൈവശമാക്കി.+ അവിടെ താമസിച്ചിരുന്ന കനാന്യരെ അങ്ങ് അവർക്കു കീഴ്പെടുത്തിക്കൊടുത്തു.+ അവരുടെ രാജാക്കന്മാരെയും ആ ദേശത്തെ ജനതകളെയും അങ്ങ് അവരുടെ കൈയിൽ ഏൽപ്പിച്ചു; അവർക്ക് അവരോട് എന്തും ചെയ്യാമായിരുന്നു. 25 ഫലഭൂയിഷ്ഠമായ* ആ ദേശവും+ കോട്ടമതിലുള്ള നഗരങ്ങളും അവർ പിടിച്ചെടുത്തു.+ എല്ലാ തരം വിശിഷ്ടവസ്തുക്കളും നിറഞ്ഞ വീടുകൾ, ജലസംഭരണികൾ,* മുന്തിരിത്തോട്ടങ്ങൾ, ഒലിവുതോട്ടങ്ങൾ,+ ധാരാളം ഫലവൃക്ഷങ്ങൾ എന്നിവയെല്ലാം അവർ കൈവശമാക്കി. അവർ തിന്ന് തൃപ്തരായി തടിച്ച് കൊഴുത്തു. അങ്ങയുടെ മഹാനന്മ വേണ്ടുവോളം ആസ്വദിച്ച് അവർ ജീവിച്ചു.
26 “പക്ഷേ, അനുസരണംകെട്ടവരായിത്തീർന്ന അവർ അങ്ങയെ ധിക്കരിച്ച്+ അങ്ങയുടെ നിയമത്തിനു പുറംതിരിഞ്ഞു.* അങ്ങയുടെ പ്രവാചകന്മാർ ആവശ്യമായ മുന്നറിയിപ്പു കൊടുത്ത് അവരെ അങ്ങയുടെ അടുത്തേക്കു മടക്കിക്കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അവർ അവരെ കൊന്നുകളഞ്ഞു. അവർ തങ്ങളുടെ പ്രവൃത്തികളാൽ കടുത്ത അനാദരവ് കാണിക്കുകയും ചെയ്തു.+ 27 ഇതു കാരണം അങ്ങ് അവരെ അവരുടെ എതിരാളികളുടെ കൈയിൽ ഏൽപ്പിച്ചു;+ അവരോ അവരെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു.+ പക്ഷേ, അവർ തങ്ങളുടെ കഷ്ടതയിൽ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോഴെല്ലാം തന്റെ മഹാകരുണകൊണ്ട് സ്വർഗത്തിൽനിന്ന് അതു കേട്ട് എതിരാളികളുടെ കൈയിൽനിന്ന് അവരെ വിടുവിക്കാൻ രക്ഷകന്മാരെ കൊടുത്തു.+
28 “പക്ഷേ, അവർക്കു സ്വസ്ഥത കിട്ടിയാൽ ഉടൻ അവർ വീണ്ടും അങ്ങയുടെ മുന്നിൽവെച്ച് തിന്മ പ്രവർത്തിക്കുമായിരുന്നു.+ അപ്പോൾ, അങ്ങ് അവരെ ഉപേക്ഷിച്ച് ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കുകയും അവർ അവരുടെ മേൽ ആധിപത്യം നടത്തുകയും ചെയ്യും.*+ ആ സമയത്ത്, അവർ തിരിഞ്ഞ് സഹായത്തിനായി അങ്ങയെ വിളിച്ചപേക്ഷിക്കും.+ അങ്ങ് മഹാകാരുണ്യവാനായതുകൊണ്ട് അതു സ്വർഗത്തിൽനിന്ന് കേട്ട് അവരെ രക്ഷിക്കും; പല തവണ അങ്ങ് ഇങ്ങനെ ചെയ്തു.+ 29 അങ്ങയുടെ നിയമത്തിലേക്കു തിരികെ കൊണ്ടുവരാൻ അവർക്കു മുന്നറിയിപ്പു കൊടുക്കുമ്പോഴും അവർ ധാർഷ്ട്യത്തോടെ അങ്ങയുടെ കല്പനകൾക്കു ചെവി കൊടുക്കാൻ വിസമ്മതിച്ചു.+ അനുസരിക്കുന്നവരെ ജീവനോടിരിക്കാൻ സഹായിക്കുന്ന ദിവ്യചട്ടങ്ങൾ+ ലംഘിച്ച് അവർ പാപം ചെയ്തു; ദുശ്ശാഠ്യത്തോടെ പുറംതിരിഞ്ഞ് മർക്കടമുഷ്ടി കാണിച്ചു; അനുസരിക്കാൻ കൂട്ടാക്കിയില്ല. 30 വർഷങ്ങളോളം അങ്ങ് അവരോടു ക്ഷമിക്കുകയും+ അങ്ങയുടെ ആത്മാവിനാൽ പ്രവാചകന്മാരിലൂടെ വീണ്ടുംവീണ്ടും മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു. പക്ഷേ, അവർ കേൾക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ, അങ്ങ് അവരെ ചുറ്റുമുള്ള ദേശങ്ങളിലെ ജനതകളുടെ കൈയിൽ ഏൽപ്പിച്ചു.+ 31 പക്ഷേ, അങ്ങ് മഹാകാരുണ്യവാനായതുകൊണ്ട് അവരെ നിശ്ശേഷം ഇല്ലാതാക്കുകയോ+ ഉപേക്ഷിക്കുകയോ ചെയ്തില്ല. കാരണം, അങ്ങ് അനുകമ്പയും കരുണയും ഉള്ള ദൈവമാണല്ലോ.+
32 “ഞങ്ങളുടെ ദൈവമേ, മഹാനും ശക്തനും ഭയാദരവ് ഉണർത്തുന്നവനും ആയ ഞങ്ങളുടെ ദൈവമേ, തന്റെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം കാണിക്കുകയും ചെയ്ത ദൈവമേ,+ അസീറിയയിലെ+ രാജാക്കന്മാരുടെ കാലംമുതൽ ഇന്നോളം ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും+ പുരോഹിതന്മാർക്കും+ പ്രവാചകന്മാർക്കും+ പൂർവികർക്കും അങ്ങയുടെ സർവജനത്തിനും നേരിട്ടിരിക്കുന്ന കഷ്ടതകളൊന്നും അങ്ങ് നിസ്സാരമായി കാണരുതേ! 33 അങ്ങ് വിശ്വസ്തതയോടെ പ്രവർത്തിച്ചതുകൊണ്ട് ഞങ്ങൾ അനുഭവിച്ച കാര്യങ്ങളോടുള്ള ബന്ധത്തിൽ അങ്ങ് നീതിമാനാണ്; വാസ്തവത്തിൽ, ദുഷ്ടത പ്രവർത്തിച്ചതു ഞങ്ങളാണ്.+ 34 ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പൂർവികരും അങ്ങയുടെ നിയമം പാലിക്കുകയോ മുന്നറിയിപ്പായി ഓർമിപ്പിച്ച കാര്യങ്ങൾക്കും കല്പനകൾക്കും ചെവി കൊടുക്കുകയോ ചെയ്തിട്ടില്ല. 35 അങ്ങ് അവർക്കു കൊടുത്ത വിശാലവും ഫലഭൂയിഷ്ഠവും ആയ രാജ്യത്ത് അങ്ങ് സമൃദ്ധമായി വർഷിച്ച നന്മ ആസ്വദിച്ച് ജീവിച്ച കാലത്തുപോലും അവർ അങ്ങയെ സേവിക്കുകയോ+ തങ്ങളുടെ മോശമായ പ്രവൃത്തികളിൽനിന്ന് പിന്തിരിയുകയോ ചെയ്തില്ല. 36 അതുകൊണ്ട് ഇതാ, ഞങ്ങൾ ഇന്ന് അടിമകളായി കഴിയുകയാണ്.+ ദേശത്തെ വിളവും നല്ല വസ്തുക്കളും ആസ്വദിച്ച് ജീവിക്കാൻവേണ്ടി അങ്ങ് ഞങ്ങളുടെ പൂർവികർക്കു കൊടുത്ത ദേശത്ത് ഞങ്ങൾ ഇപ്പോൾ അടിമകളായി കഴിയുന്നു. 37 ഞങ്ങളുടെ പാപങ്ങൾ കാരണം, ആ ദേശത്തെ സമൃദ്ധമായ വിളവ് ഇപ്പോൾ അനുഭവിക്കുന്നത് അങ്ങ് ഞങ്ങളുടെ മേൽ ആക്കിവെച്ച രാജാക്കന്മാരാണ്.+ ഞങ്ങളെയും ഞങ്ങളുടെ മൃഗങ്ങളെയും അവർ തോന്നിയതുപോലെ ഭരിക്കുന്നു. ഞങ്ങൾ ഇപ്പോൾ വലിയ കഷ്ടത്തിലാണ്.
38 “ഇക്കാരണങ്ങളാലെല്ലാം ഞങ്ങൾ ഒരു കരാർ എഴുതിയുണ്ടാക്കുന്നു.+ അത് അനുസരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിൽ മുദ്രവെച്ച് സാക്ഷ്യപ്പെടുത്തുന്നു.”+
10 അതിൽ മുദ്രവെച്ച് സാക്ഷ്യപ്പെടുത്തിയവർ+ ഇവരാണ്:
ഹഖല്യയുടെ മകനും ഗവർണറും* ആയ നെഹമ്യയും കൂടാതെ
സിദെക്കിയ, 2 സെരായ, അസര്യ, യിരെമ്യ, 3 പശ്ഹൂർ, അമര്യ, മൽക്കീയ, 4 ഹത്തൂശ്, ശെബന്യ, മല്ലൂക്ക്, 5 ഹാരീം,+ മെരേമോത്ത്, ഓബദ്യ, 6 ദാനിയേൽ,+ ഗിന്നെഥോൻ, ബാരൂക്ക്, 7 മെശുല്ലാം, അബീയ, മീയാമിൻ, 8 മയസ്യ, ബിൽഗായി, ശെമയ്യ എന്നിവരും; ഇവർ പുരോഹിതന്മാരായിരുന്നു.
9 ലേവ്യർ: അസന്യയുടെ മകനായ യേശുവ, ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവി, കദ്മിയേൽ,+ 10 അവരുടെ സഹോദരന്മാരായ ശെബന്യ, ഹോദിയ, കെലീത, പെലായ, ഹാനാൻ, 11 മീക്ക, രഹോബ്, ഹശബ്യ, 12 സക്കൂർ, ശേരെബ്യ,+ ശെബന്യ, 13 ഹോദിയ, ബാനി, ബനീനു.
14 ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്-മോവാബ്,+ ഏലാം, സത്ഥു, ബാനി, 15 ബുന്നി, അസ്ഗാദ്, ബേബായി, 16 അദോനിയ, ബിഗ്വായി, ആദീൻ, 17 ആതേർ, ഹിസ്കിയ, അസ്സൂർ, 18 ഹോദിയ, ഹാശൂം, ബസായി, 19 ഹാരീഫ്, അനാഥോത്ത്, നേബായി, 20 മഗ്പീയാശ്, മെശുല്ലാം, ഹേസീർ, 21 മെശേസബേൽ, സാദോക്ക്, യദ്ദൂവ, 22 പെലത്യ, ഹാനാൻ, അനായ, 23 ഹോശയ, ഹനന്യ, ഹശ്ശൂബ്, 24 ഹല്ലോഹേശ്, പിൽഹ, ശോബേക്ക്, 25 രഹൂം, ഹശബ്ന, മയസേയ, 26 അഹീയ, ഹാനാൻ, ആനാൻ, 27 മല്ലൂക്ക്, ഹാരീം, ബാനെ.
28 ബാക്കിയുള്ള ജനം, അതായത് പുരോഹിതന്മാരും ലേവ്യരും കവാടത്തിന്റെ കാവൽക്കാരും ഗായകരും ദേവാലയസേവകരും* ദേശത്തെ ജനതകളിൽനിന്ന് തങ്ങളെത്തന്നെ വേർതിരിച്ച് സത്യദൈവത്തിന്റെ നിയമം അനുസരിക്കുന്ന എല്ലാവരും+ അവരുടെ ഭാര്യമാരും മക്കളും, അങ്ങനെ, അറിവും വകതിരിവും ഉള്ള എല്ലാവരും,* 29 അവരുടെ സഹോദരന്മാരായ പ്രമുഖരോടു ചേർന്ന് സത്യദൈവത്തിന്റെ ദാസനായ മോശയിലൂടെ കൊടുത്ത ദൈവത്തിന്റെ നിയമം അനുസരിച്ചുകൊള്ളാമെന്നും നമ്മുടെ കർത്താവായ യഹോവയുടെ എല്ലാ കല്പനകളും ന്യായത്തീർപ്പുകളും ചട്ടങ്ങളും കൃത്യമായി പാലിച്ചുകൊള്ളാമെന്നും, അങ്ങനെ ചെയ്യാത്തപക്ഷം ശാപം ഏറ്റുകൊള്ളാമെന്നും ആണയിട്ടു. 30 ഞങ്ങൾ ഞങ്ങളുടെ പെൺമക്കളെ ദേശത്തെ ജനതകൾക്കു കൊടുക്കുകയോ അവരുടെ പെൺമക്കളെ ഞങ്ങളുടെ ആൺമക്കൾക്കുവേണ്ടി എടുക്കുകയോ ചെയ്യില്ല.+
31 ശബത്തിലോ+ വിശുദ്ധദിവസത്തിലോ+ ദേശത്തെ ജനതകൾ ചരക്കുകളോ ഏതെങ്കിലും തരം ധാന്യമോ വിൽക്കാൻ കൊണ്ടുവന്നാൽ, ഞങ്ങൾ അവരിൽനിന്ന് ഒന്നും വാങ്ങില്ല. ഏഴാം വർഷം+ ഞങ്ങൾ വിളവെടുക്കുകയോ കിട്ടാനുള്ള കടം തിരികെ വാങ്ങുകയോ ചെയ്യില്ല.+
32 കൂടാതെ, നമ്മുടെ ദൈവത്തിന്റെ ഭവനത്തിലെ* ശുശ്രൂഷയ്ക്കുവേണ്ടി ഞങ്ങൾ ഓരോരുത്തരും വർഷംതോറും ഒരു ശേക്കെലിന്റെ* മൂന്നിലൊന്നു വീതം കൊടുക്കാം എന്നു പ്രതിജ്ഞ ചെയ്തു.+ 33 ശബത്തിലെയും+ അമാവാസിയിലെയും+ കാഴ്ചയപ്പം,*+ പതിവ് ധാന്യയാഗം,+ പതിവ് ദഹനയാഗം എന്നിവയ്ക്കും ഉത്സവങ്ങൾ,+ വിശുദ്ധവസ്തുക്കൾ, ഇസ്രായേലിനു പാപപരിഹാരം വരുത്താനുള്ള പാപയാഗങ്ങൾ,+ നമ്മുടെ ദൈവത്തിന്റെ ഭവനത്തിലെ മറ്റു ജോലികൾ എന്നിവയ്ക്കും വേണ്ടിയായിരുന്നു ഇത്.
34 മാത്രമല്ല, നിയമത്തിൽ എഴുതിയിരിക്കുന്നതുപോലെ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ കത്തിക്കാനുള്ള വിറകു+ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും പിതൃഭവനക്രമത്തിൽ വർഷാവർഷം എപ്പോൾ കൊണ്ടുവരുമെന്നു ഞങ്ങൾ നറുക്കിട്ട് തീരുമാനിക്കുകയും ചെയ്തു. 35 ഞങ്ങളുടെ നിലങ്ങളിലെ ആദ്യവിളയും എല്ലാ തരം ഫലവൃക്ഷങ്ങളുടെയും ആദ്യഫലവും വർഷംതോറും യഹോവയുടെ ഭവനത്തിൽ കൊണ്ടുവരും.+ 36 കൂടാതെ, നിയമത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയും കൊണ്ടുവരും.+ കന്നുകാലികളുടെയും ആടുകളുടെയും കടിഞ്ഞൂലുകളെയും കൊടുക്കും. ഞങ്ങൾ അവയെ ഞങ്ങളുടെ ദൈവത്തിന്റെ ഭവനത്തിൽ, അവിടെ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരുടെ അടുത്ത്, കൊണ്ടുവരും.+ 37 ഞങ്ങളുടെ ആദ്യഫലമായ തരിമാവ്,+ സംഭാവനകൾ, എല്ലാ തരം മരങ്ങളുടെയും പഴങ്ങൾ,+ പുതുവീഞ്ഞ്, എണ്ണ+ എന്നിവ കൊണ്ടുവന്ന് ഞങ്ങളുടെ ദൈവത്തിന്റെ ഭവനത്തിലെ സംഭരണമുറികളിൽ*+ പുരോഹിതന്മാരെ ഏൽപ്പിക്കും. ഒപ്പം, നിലങ്ങളിൽനിന്നുള്ള വിളവിന്റെ പത്തിലൊന്നു* ലേവ്യർക്കും കൊടുക്കും;+ ഞങ്ങളുടെ കാർഷികനഗരങ്ങളിലെ വിളവിന്റെ പത്തിലൊന്ന് അവർക്കുള്ളതാണല്ലോ.
38 ഈ പത്തിലൊന്നു ലേവ്യർ സ്വീകരിക്കുമ്പോൾ അഹരോന്റെ മകനായ പുരോഹിതൻ അവരോടൊപ്പമുണ്ടായിരിക്കണം. ഈ പത്തിലൊന്നിന്റെ പത്തിലൊന്നു ലേവ്യർ നമ്മുടെ ദൈവത്തിന്റെ ഭവനത്തിൽ, സംഭരണശാലയിലെ മുറികളിൽ, കൊടുക്കണം.+ 39 ഇസ്രായേല്യരും ലേവ്യപുത്രന്മാരും ധാന്യവും പുതുവീഞ്ഞും എണ്ണയും+ സംഭാവനയായി കൊണ്ടുവരേണ്ടത്+ ഈ സംഭരണമുറികളിലേക്കാണ്. വിശുദ്ധമന്ദിരത്തിലെ പാത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നതും ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരും കവാടത്തിന്റെ കാവൽക്കാരും ഗായകരും ഉള്ളതും അവിടെയാണ്. നമ്മുടെ ദൈവത്തിന്റെ ആലയത്തെ ഞങ്ങൾ അവഗണിക്കില്ല.+
11 ജനത്തിന്റെ പ്രഭുക്കന്മാർ യരുശലേമിലാണു താമസിച്ചിരുന്നത്.+ പക്ഷേ, ബാക്കിയുള്ള ജനത്തിൽ പത്തിൽ ഒരാളെ വീതം വിശുദ്ധനഗരമായ യരുശലേമിൽ താമസിക്കാൻ കൊണ്ടുവരുന്നതിനു ജനം നറുക്കിട്ടു.+ ബാക്കി ഒൻപതു പേർ മറ്റു നഗരങ്ങളിലും താമസിച്ചു. 2 യരുശലേമിൽ താമസിക്കാൻ സ്വമനസ്സാലെ മുന്നോട്ടു വന്ന എല്ലാവരെയും ജനം അനുഗ്രഹിക്കുകയും ചെയ്തു.
3 യരുശലേമിൽ താമസിച്ചിരുന്ന സംസ്ഥാനത്തലവന്മാർ ഇവരാണ്. (ബാക്കി ഇസ്രായേലും പുരോഹിതന്മാരും ലേവ്യരും ദേവാലയസേവകരും*+ ശലോമോന്റെ ദാസന്മാരുടെ+ പുത്രന്മാരും മറ്റ് യഹൂദാനഗരങ്ങളിലാണു താമസിച്ചിരുന്നത്. ഓരോരുത്തനും അവനവന്റെ നഗരത്തിലെ സ്വന്തം അവകാശത്തിൽ താമസിച്ചു.+
4 ചില യഹൂദ്യരും ബന്യാമീന്യരും യരുശലേമിൽ താമസിച്ചിരുന്നു.) യഹൂദ്യർ ഇവരായിരുന്നു: പേരെസിന്റെ+ മകനായ മഹലലേലിന്റെ മകനായ ശെഫത്യയുടെ മകനായ അമര്യയുടെ മകനായ സെഖര്യയുടെ മകനായ ഉസ്സീയയുടെ മകൻ അഥായ, 5 ശേലാന്യന്റെ മകനായ സെഖര്യയുടെ മകനായ യൊയാരീബിന്റെ മകനായ അദായയുടെ മകനായ ഹസായയുടെ മകനായ കൊൽഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയ. 6 യരുശലേമിൽ താമസിച്ചിരുന്ന പേരെസിന്റെ പുത്രന്മാർ ആകെ 468 പേർ; അവർ പ്രാപ്തരായ പുരുഷന്മാരായിരുന്നു.
7 ബന്യാമീന്യർ ഇവരായിരുന്നു: എശയ്യയുടെ മകനായ ഇഥീയേലിന്റെ മകനായ മയസേയയുടെ മകനായ കോലായയുടെ മകനായ പെദായയുടെ മകനായ യോവേദിന്റെ മകനായ മെശുല്ലാമിന്റെ മകൻ സല്ലു;+ 8 അദ്ദേഹത്തെ കൂടാതെ ഗബ്ബായി, സല്ലായി എന്നിവരും ഉണ്ടായിരുന്നു; ആകെ 928 പേർ. 9 സിക്രിയുടെ മകനായ യോവേലായിരുന്നു അവരുടെ മേൽവിചാരകൻ. ഹസ്സെനൂവയുടെ മകൻ യഹൂദയായിരുന്നു നഗരത്തിന്റെ ചുമതലക്കാരിൽ രണ്ടാമൻ.
10 പുരോഹിതന്മാർ: യൊയാരീബിന്റെ മകനായ യദയ, യാഖീൻ,+ 11 സത്യദൈവത്തിന്റെ ഭവനത്തിന്റെ* ഒരു നായകനായ അഹീതൂബിന്റെ+ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹിൽക്കിയയുടെ മകൻ സെരായ. 12 ഒപ്പം, ദൈവഭവനത്തിലെ പണികൾ ചെയ്ത അവരുടെ സഹോദരന്മാരുമുണ്ടായിരുന്നു; ആകെ 822 പേർ. കൂടാതെ, മൽക്കീയയുടെ മകനായ പശ്ഹൂരിന്റെ+ മകനായ സെഖര്യയുടെ മകനായ അംസിയുടെ മകനായ പെലല്യയുടെ മകനായ യരോഹാമിന്റെ മകൻ അദായയും 13 സഹോദരന്മാരും; പിതൃഭവനത്തലവന്മാരായ ഇവർ ആകെ 242 പേർ. കൂടാതെ, ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകൻ അമശെസായിയും 14 അദ്ദേഹത്തെപ്പോലെ വീരശൂരപരാക്രമികളായ സഹോദരന്മാരും; ആകെ 128 പേർ. ഒരു പ്രമുഖകുടുംബത്തിലെ അംഗമായ സബ്ദീയേലായിരുന്നു അവരുടെ മേൽവിചാരകൻ.
15 ലേവ്യർ: ബുന്നിയുടെ മകനായ ഹശബ്യയുടെ മകനായ അസ്രിക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകൻ ശെമയ്യയും+ 16 ലേവ്യതലവന്മാരിൽ സത്യദൈവത്തിന്റെ ഭവനത്തിന്റെ പുറത്തെ കാര്യാദികളുടെ ചുമതല വഹിച്ചിരുന്ന ശബ്ബെത്തായിയും+ യോസാബാദും+ 17 ആസാഫിന്റെ+ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകൻ മത്ഥന്യയും.+ ഇദ്ദേഹം പ്രാർഥനയുടെ സമയത്ത് സ്തുതിഗീതങ്ങൾക്കു+ നേതൃത്വം കൊടുത്തിരുന്ന സംഗീതസംഘനായകനായിരുന്നു. രണ്ടാം സ്ഥാനം വഹിച്ചിരുന്ന ബക്ബുക്കിയ, യദൂഥൂന്റെ+ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകനായ അബ്ദ എന്നിവരും ഇക്കൂട്ടത്തിൽപ്പെടും. 18 വിശുദ്ധനഗരത്തിലുണ്ടായിരുന്ന ലേവ്യർ ആകെ 284 പേർ.
19 കവാടത്തിന്റെ കാവൽക്കാർ: അക്കൂബും തൽമോനും+ അവരുടെ സഹോദരന്മാരും, ആകെ 172 പേർ.
20 ബാക്കി ഇസ്രായേലും പുരോഹിതന്മാരും ലേവ്യരും മറ്റ് യഹൂദാനഗരങ്ങളിലാണു താമസിച്ചിരുന്നത്. ഓരോരുത്തനും തനിക്ക് അവകാശമായി കിട്ടിയ സ്ഥലത്ത് താമസിച്ചു. 21 ദേവാലയസേവകർ+ താമസിച്ചിരുന്നത് ഓഫേലിലാണ്;+ സീഹയും ഗിശ്പയും അവരുടെ ചുമതല വഹിച്ചു.
22 ഉസ്സിയായിരുന്നു യരുശലേമിലുള്ള ലേവ്യരുടെ മേൽവിചാരകൻ. ഇദ്ദേഹം മീക്കയുടെ മകനായ മത്ഥന്യയുടെ+ മകനായ ഹശബ്യയുടെ മകനായ ബാനിയുടെ മകനായിരുന്നു. ആസാഫിന്റെ പുത്രന്മാരായ ഗായകരിൽപ്പെട്ട അദ്ദേഹം സത്യദൈവത്തിന്റെ ഭവനത്തിലെ പണിക്കു മേൽനോട്ടം വഹിച്ചു. 23 അവരുടെ കാര്യത്തിൽ ഒരു രാജകല്പനയുണ്ടായിരുന്നു;+ അതനുസരിച്ച്, ഗായകർക്ക് ഓരോ ദിവസത്തേക്കുംവേണ്ട ഭക്ഷണസാധനങ്ങൾ കൊടുക്കാനുള്ള ഏർപ്പാടു ചെയ്തിരുന്നു. 24 യഹൂദയുടെ മകനായ സേരഹിന്റെ കുടുംബത്തിൽപ്പെട്ട മെശേസബേലിന്റെ മകൻ പെതഹ്യയായിരുന്നു ജനത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും രാജാവിന്റെ ഉപദേഷ്ടാവ്.*
25 യഹൂദ്യരിൽ ചിലർ താമസമാക്കിയ സ്ഥലങ്ങളുടെയും അവയുടെ നിലങ്ങളുടെയും കാര്യം: അവർ കിര്യത്ത്-അർബയിലും+ അതിന്റെ ആശ്രിതപട്ടണങ്ങളിലും* ദീബോനിലും അതിന്റെ ആശ്രിതപട്ടണങ്ങളിലും യക്കബ്സയേലിലും+ അതിന്റെ ഗ്രാമങ്ങളിലും 26 യേശുവയിലും മോലാദയിലും+ ബേത്ത്-പേലെത്തിലും+ 27 ഹസർ-ശൂവാലിലും+ ബേർ-ശേബയിലും അതിന്റെ ആശ്രിതപട്ടണങ്ങളിലും 28 സിക്ലാഗിലും+ മെഖോനയിലും അതിന്റെ ആശ്രിതപട്ടണങ്ങളിലും 29 ഏൻ-രിമ്മോനിലും+ സൊരയിലും+ യർമൂത്തിലും 30 സനോഹയിലും+ അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും+ അതിനോടു ചേർന്ന നിലങ്ങളിലും അസേക്കയിലും+ അതിന്റെ ആശ്രിതപട്ടണങ്ങളിലും താമസിച്ചു. അവർ ബേർ-ശേബ മുതൽ ഹിന്നോം താഴ്വര+ വരെയുള്ള സ്ഥലത്ത് താമസമാക്കി.*
31 ബന്യാമീന്യർ ഗേബയിലും+ മിക്മാശിലും അയ്യയിലും ബഥേലിലും+ അതിന്റെ ആശ്രിതപട്ടണങ്ങളിലും 32 അനാഥോത്തിലും+ നോബിലും+ അനന്യയിലും 33 ഹാസോരിലും രാമയിലും+ ഗിഥയീമിലും 34 ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും 35 ലോദിലും ഓനൊയിലും+ ശില്പികളുടെ താഴ്വരയിലും ആണ് താമസിച്ചിരുന്നത്. 36 യഹൂദയിൽനിന്നുള്ള ചില ലേവ്യഗണങ്ങളെ ബന്യാമീന്യരുടെ ദേശത്തും താമസിപ്പിച്ചു.
12 ശെയൽതീയേലിന്റെ+ മകനായ സെരുബ്ബാബേലിന്റെയും+ യേശുവയുടെയും+ കൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ഇവരാണ്: സെരായ, യിരെമ്യ, എസ്ര, 2 അമര്യ, മല്ലൂക്ക്, ഹത്തൂശ്, 3 ശെഖന്യ, രഹൂം, മെരേമോത്ത്, 4 ഇദ്ദൊ, ഗിന്നെഥോയി, അബീയ, 5 മീയാമിൻ, മയദ്യ, ബിൽഗ, 6 ശെമയ്യ, യൊയാരീബ്, യദയ, 7 സല്ലു, ആമോക്ക്, ഹിൽക്കിയ, യദയ. ഇവരായിരുന്നു യേശുവയുടെ കാലത്ത് പുരോഹിതന്മാരുടെയും അവരുടെ സഹോദരന്മാരുടെയും തലവന്മാർ.
8 ലേവ്യർ: യേശുവ, ബിന്നൂവി, കദ്മിയേൽ,+ ശേരെബ്യ, യഹൂദ എന്നിവരും നന്ദി അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾക്കു നേതൃത്വം കൊടുത്ത മത്ഥന്യയും+ സഹോദരന്മാരും. 9 അവരുടെ സഹോദരന്മാരായ ബക്ബുക്കിയയും ഉന്നിയും കാവൽച്ചുമതല നിർവഹിച്ചുകൊണ്ട്* അവരുടെ എതിർവശത്ത് നിന്നു. 10 യേശുവയ്ക്കു യോയാക്കീമും യോയാക്കീമിന് എല്യാശീബും+ എല്യാശീബിനു യോയാദയും+ ജനിച്ചു. 11 യോയാദയ്ക്കു യോനാഥാനും യോനാഥാന് യദ്ദൂവയും ജനിച്ചു.
12 യോയാക്കീമിന്റെ കാലത്ത് പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്ന പുരോഹിതന്മാർ: സെരായയ്ക്കു+ മെരായ; യിരെമ്യക്കു ഹനന്യ; 13 എസ്രയ്ക്കു+ മെശുല്ലാം; അമര്യക്ക് യഹോഹാനാൻ; 14 മല്ലൂകിക്കു യോനാഥാൻ; ശെബന്യക്കു യോസേഫ്; 15 ഹാരീമിന്+ അദ്ന; മെരായോത്തിനു ഹെൽക്കായി; 16 ഇദ്ദൊയ്ക്കു സെഖര്യ; ഗിന്നെഥോനു മെശുല്ലാം; 17 അബീയയ്ക്കു+ സിക്രി; മിന്യാമീനു...;* മോവദ്യക്കു പിൽതായി; 18 ബിൽഗയ്ക്കു+ ശമ്മൂവ; ശെമയ്യയ്ക്ക് യഹോനാഥാൻ; 19 യൊയാരീബിനു മത്ഥെനായി; യദയയ്ക്ക്+ ഉസ്സി; 20 സല്ലായിക്കു കല്ലായ്; ആമോക്കിന് ഏബെർ; 21 ഹിൽക്കിയയ്ക്കു ഹശബ്യ; യദയയ്ക്കു നെഥനയേൽ.
22 എല്യാശീബ്, യോയാദ, യോഹാനാൻ, യദ്ദൂവ+ എന്നിവരുടെ കാലത്തെ ലേവ്യപിതൃഭവനത്തലവന്മാരുടെയും പുരോഹിതന്മാരുടെയും പേരുകൾ രേഖപ്പെടുത്തിവെച്ചു. പേർഷ്യൻ രാജാവായ ദാര്യാവേശിന്റെ കാലംവരെയുള്ളവരുടെ പേരുകളാണ് ഇങ്ങനെ രേഖപ്പെടുത്തിയത്.
23 എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെയുള്ള ലേവ്യപിതൃഭവനത്തലവന്മാരുടെ പേരുകൾ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 24 ലേവ്യരുടെ തലവന്മാർ ഹശബ്യ, ശേരെബ്യ, കദ്മിയേലിന്റെ+ മകനായ യേശുവ+ എന്നിവരായിരുന്നു. അവരുടെ സഹോദരന്മാർ ദൈവപുരുഷനായ ദാവീദ് നിർദേശിച്ചപോലെ അവരുടെ എതിർവശത്ത് ഓരോ കാവൽക്കൂട്ടമായി നിന്ന് സ്തോത്രവും നന്ദിയും അർപ്പിച്ചുപോന്നു.+ 25 മത്ഥന്യ,+ ബക്ബുക്കിയ, ഓബദ്യ, മെശുല്ലാം, തൽമോൻ, അക്കൂബ്+ എന്നിവർ കവാടത്തിന്റെ കാവൽക്കാരായിരുന്നു.+ അവർ കവാടങ്ങൾക്കടുത്തുള്ള സംഭരണമുറികൾക്കു കാവൽ നിന്നു. 26 ഇവർ പുരോഹിതനും പകർപ്പെഴുത്തുകാരനും* ആയ എസ്രയുടെയും+ യോസാദാക്കിന്റെ മകനായ യേശുവയുടെ+ മകൻ യോയാക്കീമിന്റെയും ഗവർണറായ നെഹമ്യയുടെയും സമകാലികരായിരുന്നു.
27 യരുശലേംമതിലുകളുടെ ഉദ്ഘാടനത്തിനുവേണ്ടി ലേവ്യരെ, അവർ താമസിച്ചിരുന്ന സ്ഥലങ്ങളിൽനിന്നെല്ലാം തിരഞ്ഞുപിടിച്ച് യരുശലേമിൽ കൊണ്ടുവന്നു. ഇലത്താളം, തന്ത്രിവാദ്യം, കിന്നരം എന്നിവയുടെ അകമ്പടിയോടെ നന്ദി അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ പാടി+ മതിലിന്റെ ഉദ്ഘാടനം ഒരു വലിയ ആഘോഷമാക്കാനാണ് അവരെ കൊണ്ടുവന്നത്. 28 പരിശീലനം കിട്ടിയ ഗായകരെല്ലാം* ജില്ലയിൽനിന്നും* യരുശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിൽനിന്നും നെതോഫത്ത്യരുടെ+ ഗ്രാമങ്ങളിൽനിന്നും 29 ബേത്ത്-ഗിൽഗാലിൽനിന്നും+ ഗേബയുടെയും+ അസ്മാവെത്തിന്റെയും+ നിലങ്ങളിൽനിന്നും വന്നുകൂടി. ഈ ഗായകർ യരുശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിലെല്ലാം ഗ്രാമങ്ങൾ നിർമിച്ച് താമസിക്കുകയായിരുന്നു. 30 പുരോഹിതന്മാരും ലേവ്യരും അവരെത്തന്നെയും ജനത്തെയും ശുദ്ധീകരിച്ചു;+ അതിനു പുറമേ, കവാടങ്ങളും+ മതിലും+ ശുദ്ധീകരിച്ചു.
31 പിന്നെ, ഞാൻ യഹൂദാപ്രഭുക്കന്മാരെ മതിലിനു മുകളിലേക്കു കൊണ്ടുവന്നു; നന്ദി അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ ആലപിക്കുന്ന രണ്ടു ഗായകസംഘത്തെയും ഘോഷയാത്രയായി അവരെ അനുഗമിക്കാനുള്ള ആളുകളെയും നിയമിക്കുകയും ചെയ്തു. ഒരു കൂട്ടം മതിലിനു മുകളിലൂടെ ചാരക്കൂനക്കവാടത്തിന്റെ+ ദിശയിൽ വലതുവശത്തേക്കു നടന്നു. 32 ഹോശയ്യയും യഹൂദാപ്രഭുക്കന്മാരിൽ പകുതി പേരും അവരെ അനുഗമിച്ചു. 33 അവരുടെ കൂടെ അസര്യ, എസ്ര, മെശുല്ലാം, 34 യഹൂദ, ബന്യാമീൻ, ശെമയ്യ, യിരെമ്യ എന്നിവരും പോയി. 35 കൂട്ടത്തിൽ, കാഹളം ഊതുന്ന ചില പുരോഹിതപുത്രന്മാരുമുണ്ടായിരുന്നു.+ അവർ ഇവരായിരുന്നു: ആസാഫിന്റെ മകനായ സക്കൂരിന്റെ+ മകനായ മീഖായയുടെ മകനായ മത്ഥന്യയുടെ മകനായ ശെമയ്യയുടെ മകനായ യോനാഥാന്റെ മകൻ സെഖര്യ; 36 ഒപ്പം, ദൈവപുരുഷനായ ദാവീദിന്റെ സംഗീതോപകരണങ്ങളുമായി+ സെഖര്യയുടെ സഹോദരന്മാരായ ശെമയ്യ, അസരേൽ, മീലലായി, ഗീലലായി, മായായി, നെഥനയേൽ, യഹൂദ, ഹനാനി എന്നിവരും. പകർപ്പെഴുത്തുകാരനായ എസ്ര+ അവരുടെ മുന്നിൽ നടന്നു. 37 ഉറവക്കവാടത്തിന്റെ അടുത്ത്+ എത്തിയ അവർ നേരെ ദാവീദിന്റെ നഗരത്തിലെ+ പടികൾക്കു+ മുകളിലൂടെ ദാവീദിന്റെ ഭവനത്തിനു മുകളിലായുള്ള മതിലിന്റെ കയറ്റം കയറി കിഴക്ക് ജലകവാടത്തിലേക്കു+ പോയി.
38 നന്ദി അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ ആലപിക്കുന്ന മറ്റേ ഗായകസംഘം മതിലിലൂടെ എതിർദിശയിൽ* നടന്നു. ബാക്കി പകുതി പേരെയും കൂട്ടി ഞാനും അവരെ അനുഗമിച്ചു. ഞങ്ങൾ അപ്പച്ചൂളഗോപുരം+ കടന്ന് വിശാലമതിലിന്റെ അടുത്തേക്കു+ പോയി. 39 പിന്നെ, എഫ്രയീംകവാടം,+ പഴയനഗരകവാടം,+ മത്സ്യകവാടം,+ ഹനനേൽ ഗോപുരം,+ ഹമ്മേയ ഗോപുരം, അജകവാടം+ എന്നിവ കടന്ന് കാവൽക്കാരുടെ കവാടത്തിൽ എത്തി നിന്നു.
40 ഒടുവിൽ, നന്ദി അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ ആലപിക്കുന്ന ഗായകസംഘങ്ങൾ രണ്ടും സത്യദൈവത്തിന്റെ ഭവനത്തിനു മുന്നിൽ വന്ന് നിന്നു. ഞാനും എന്നോടൊപ്പം വന്ന ഉപഭരണാധികാരികളിൽ പകുതി പേരും 41 കൂടാതെ, കാഹളം പിടിച്ചുകൊണ്ട് പുരോഹിതന്മാരായ എല്യാക്കീം, മയസേയ, മിന്യാമീൻ, മീഖായ, എല്യോവേനായി, സെഖര്യ, ഹനന്യ എന്നിവരും 42 മയസേയ, ശെമയ്യ, എലെയാസർ, ഉസ്സി, യഹോഹാനാൻ, മൽക്കീയ, ഏലാം, ഏസെർ എന്നിവരും അവിടെ വന്ന് നിന്നു. യിസ്രഹ്യയുടെ നേതൃത്വത്തിൽ ഗായകരെല്ലാം ഉറക്കെ പാടി.
43 സത്യദൈവം അവർക്കു മഹാസന്തോഷം കൊടുത്തതുകൊണ്ട് അന്ന് അവർ അനേകം ബലികൾ അർപ്പിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു.+ സ്ത്രീകളും കുട്ടികളും ആനന്ദിച്ചുല്ലസിച്ചു.+ യരുശലേമിലെ സന്തോഷാരവം അങ്ങു ദൂരെവരെ കേൾക്കാമായിരുന്നു.+
44 ലേവ്യരും+ പുരോഹിതന്മാരും ശുശ്രൂഷ ചെയ്യുന്നതുകൊണ്ട് യഹൂദയിലെ ജനമെല്ലാം വലിയ സന്തോഷത്തിലായിരുന്നു. പുരോഹിതന്മാർക്കും ലേവ്യർക്കും നിയമമനുസരിച്ച് നഗരങ്ങളോടു ചേർന്നുള്ള നിലങ്ങളിൽനിന്ന് കിട്ടേണ്ട ഓഹരി+ ശേഖരിച്ചുവെക്കാനുള്ള ഏർപ്പാട് അന്നു ചെയ്തു. സംഭാവനകളും+ ആദ്യഫലങ്ങളും+ പത്തിലൊന്നും*+ സൂക്ഷിക്കുന്ന ആ സംഭരണശാലകളുടെ+ ചുമതല വഹിക്കാൻ ആളുകളെ നിയമിക്കുകയും ചെയ്തു. 45 പുരോഹിതന്മാരും ലേവ്യരും തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണത്തോടു ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളും ചെയ്യാൻതുടങ്ങി. അങ്ങനെതന്നെ ഗായകരും കവാടത്തിന്റെ കാവൽക്കാരും ചെയ്തു. ദാവീദും മകനായ ശലോമോനും നിർദേശിച്ചിരുന്നതുപോലെയാണ് അവർ ഇതു ചെയ്തത്. 46 പണ്ട്, ദാവീദിന്റെയും ആസാഫിന്റെയും കാലത്ത്, ഗായകർക്കും ദൈവത്തിനുള്ള സ്തുതിഗീതങ്ങൾക്കും നന്ദി അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾക്കും സംഗീതസംഘനായകന്മാരുണ്ടായിരുന്നു.+ 47 സെരുബ്ബാബേലിന്റെ+ കാലത്തും നെഹമ്യയുടെ കാലത്തും ഇസ്രായേല്യരെല്ലാം ഗായകർക്കും കവാടത്തിന്റെ കാവൽക്കാർക്കും+ ഓരോ ദിവസത്തെയും ആവശ്യമനുസരിച്ച് ഒരു വിഹിതം കൊടുത്തുപോന്നു.+ ലേവ്യർക്കും അവർ ഒരു ഓഹരി കൊടുത്തു.+ ലേവ്യരോ അഹരോന്റെ വംശജർക്കുവേണ്ടി ഓഹരി നീക്കിവെച്ചു.
13 അന്നേ ദിവസം ജനം കേൾക്കെ മോശയുടെ പുസ്തകം വായിച്ചു;+ അതിൽ ഇങ്ങനെ എഴുതിയിരുന്നു: അമ്മോന്യനോ മോവാബ്യനോ+ ഒരിക്കലും സത്യദൈവത്തിന്റെ സഭയിൽ പ്രവേശിക്കരുത്.+ 2 കാരണം, ഇസ്രായേല്യരെ അപ്പവും വെള്ളവും കൊടുത്ത് സ്വീകരിക്കുന്നതിനു പകരം അവർ അവരെ ശപിക്കാൻ ബിലെയാമിനെ കൂലിക്കെടുത്തു.+ എങ്കിലും, നമ്മുടെ ദൈവം ആ ശാപം അനുഗ്രഹമാക്കി മാറ്റി.+ 3 നിയമം വായിച്ചുകേട്ട ഉടനെ, വിദേശവേരുകളുള്ള എല്ലാവരെയും* അവർ ഇസ്രായേല്യരിൽനിന്ന് വേർതിരിച്ചുതുടങ്ങി.+
4 ദൈവഭവനത്തിലെ* സംഭരണമുറികളുടെ*+ ചുമതലയുള്ള പുരോഹിതൻ എല്യാശീബായിരുന്നു;+ തോബീയയുടെ+ ഒരു ബന്ധുവായിരുന്നു എല്യാശീബ്. 5 അദ്ദേഹം വലിയൊരു സംഭരണമുറി തോബീയയ്ക്കു വിട്ടുകൊടുത്തിരുന്നു. ഈ മുറിയിലാണു മുമ്പ് ധാന്യയാഗവും കുന്തിരിക്കവും ഉപകരണങ്ങളും വെച്ചിരുന്നത്. കൂടാതെ, ലേവ്യർക്കും+ ഗായകർക്കും കവാടത്തിന്റെ കാവൽക്കാർക്കും അർഹതപ്പെട്ട ധാന്യം, പുതുവീഞ്ഞ്, എണ്ണ+ എന്നിവയുടെ പത്തിലൊന്ന്,* പുരോഹിതന്മാർക്കുള്ള സംഭാവന എന്നിവ സൂക്ഷിച്ചിരുന്നതും ഇവിടെയാണ്.+
6 ഈ സമയത്തൊന്നും ഞാൻ യരുശലേമിലില്ലായിരുന്നു. കാരണം, ബാബിലോൺരാജാവായ അർഥഹ്ശഷ്ടയുടെ+ ഭരണത്തിന്റെ 32-ാം വർഷം+ ഞാൻ രാജാവിന്റെ അടുത്തേക്കു പോയിരുന്നു. കുറച്ച് കാലം കഴിഞ്ഞ് ഞാൻ രാജാവിനോട് അവധിക്കായി അപേക്ഷിച്ചു. 7 യരുശലേമിൽ മടങ്ങിയെത്തിയപ്പോൾ, എല്യാശീബ്+ ചെയ്ത ഒരു ഹീനകൃത്യം എന്റെ ശ്രദ്ധയിൽപ്പെട്ടു; അയാൾ തോബീയയ്ക്കു+ ദൈവഭവനത്തിന്റെ മുറ്റത്തുതന്നെ ഒരു സംഭരണമുറി വിട്ടുകൊടുത്തിരിക്കുന്നു. 8 ഇത് എനിക്കു തീരെ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട്, ഞാൻ തോബീയയുടെ വീട്ടുസാമാനങ്ങളെല്ലാം സംഭരണമുറിയിൽനിന്ന് വലിച്ചെറിഞ്ഞു. 9 അതിനു ശേഷം, എന്റെ ആജ്ഞയനുസരിച്ച് അവർ സംഭരണമുറികൾ ശുദ്ധീകരിച്ചു. എന്നിട്ട്, സത്യദൈവത്തിന്റെ ഭവനത്തിലെ ഉപകരണങ്ങളും+ ധാന്യയാഗവും കുന്തിരിക്കവും വീണ്ടും അവിടെ കൊണ്ടുവന്ന് വെച്ചു.+
10 ലേവ്യരുടെ വിഹിതം+ അവർക്കു കൊടുക്കാതിരുന്നതുകൊണ്ട്+ ലേവ്യരും ഗായകരും ശുശ്രൂഷ ഉപേക്ഷിച്ച് സ്വന്തം വയലുകളിലേക്കു+ പോയെന്നും ഞാൻ മനസ്സിലാക്കി. 11 അതുകൊണ്ട്, ഞാൻ ഉപഭരണാധികാരികളെ+ ശകാരിച്ചു. “സത്യദൈവത്തിന്റെ ഭവനം അവഗണിക്കപ്പെട്ട് കിടക്കുന്നത് എന്തുകൊണ്ടാണ്”+ എന്നു ഞാൻ ചോദിച്ചു. എന്നിട്ട്, ഞാൻ ലേവ്യരെ ഒരുമിച്ചുകൂട്ടി യഥാസ്ഥാനങ്ങളിൽ വീണ്ടും നിയമിച്ചു. 12 യഹൂദാജനം മുഴുവനും ധാന്യം, പുതുവീഞ്ഞ്, എണ്ണ എന്നിവയുടെ പത്തിലൊന്നു+ സംഭരണമുറികളിലേക്കു കൊണ്ടുവന്നു.+ 13 പിന്നെ, ഞാൻ പുരോഹിതനായ ശേലെമ്യ, പകർപ്പെഴുത്തുകാരനായ* സാദോക്ക്, ലേവ്യനായ പെദായ എന്നിവരെ സംഭരണമുറികളുടെ ചുമതല ഏൽപ്പിച്ചു. മത്ഥന്യയുടെ മകനായ സക്കൂരിന്റെ മകൻ ഹാനാനായിരുന്നു അവരുടെ സഹായി. ആശ്രയയോഗ്യരായിരുന്നതുകൊണ്ടാണ് ഇവരെ നിയമിച്ചത്. തങ്ങളുടെ സഹോദരന്മാർക്കുള്ള വിഹിതം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ഇവർക്കായിരുന്നു.
14 എന്റെ ദൈവമേ, ഞാൻ ചെയ്ത ഈ കാര്യത്തിന്റെ പേരിൽ എന്നെ ഓർക്കേണമേ.+ എന്റെ ദൈവത്തിന്റെ ഭവനത്തോടും അതിലെ സേവനങ്ങളോടും* ഉള്ള ബന്ധത്തിൽ ഞാൻ കാണിച്ച അചഞ്ചലമായ സ്നേഹം മറന്നുകളയരുതേ.+
15 അക്കാലത്ത്, യഹൂദയിലെ ജനം ശബത്തിൽ മുന്തിരിച്ചക്കു* ചവിട്ടുന്നതും+ ധാന്യം ധാരാളമായി കൊണ്ടുവന്ന് കഴുതകളുടെ പുറത്ത് കയറ്റുന്നതും ഞാൻ കണ്ടു. വീഞ്ഞും മുന്തിരിപ്പഴവും അത്തിപ്പഴവും എല്ലാ തരം ചുമടുകളും ശബത്തുദിവസം യരുശലേമിൽ കൊണ്ടുവരുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടു.+ അതുകൊണ്ട്, ആ ദിവസം ഭക്ഷണസാധനങ്ങൾ വിൽക്കരുതെന്നു ഞാൻ അവർക്കു മുന്നറിയിപ്പു കൊടുത്തു.* 16 ആ നഗരത്തിൽ താമസിച്ചിരുന്ന സോർദേശക്കാർ ശബത്തിൽ മത്സ്യവും എല്ലാ തരം വ്യാപാരച്ചരക്കുകളും കൊണ്ടുവന്ന് യഹൂദ്യർക്കും യരുശലേമിലുള്ളവർക്കും വിറ്റുപോന്നു.+ 17 അതുകൊണ്ട്, ഞാൻ യഹൂദയിലെ പ്രധാനികളെ ശകാരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്തു കൊള്ളരുതായ്കയാണ് ഈ കാണിക്കുന്നത്? ശബത്തുദിവസം അശുദ്ധമാക്കുന്നോ? 18 ഇതുതന്നെയല്ലേ നിങ്ങളുടെ പൂർവികരും ചെയ്തത്? അതുകൊണ്ടാണല്ലോ നമ്മുടെ ദൈവം നമ്മുടെ മേലും ഈ നഗരത്തിന്മേലും ഇക്കണ്ട നാശമെല്ലാം വരുത്തിയത്. നിങ്ങളാകട്ടെ, ഇപ്പോൾ ശബത്തിനെ അശുദ്ധമാക്കി ഇസ്രായേലിനോടുള്ള ദൈവകോപം വർധിപ്പിക്കുകയാണ്.”+
19 ശബത്തിനു മുമ്പ് യരുശലേംകവാടങ്ങളിൽ ഇരുട്ടു വീഴാൻ തുടങ്ങിയ ഉടൻ കതകുകൾ അടയ്ക്കാൻ ഞാൻ കല്പിച്ചു. ശബത്ത് കഴിയുന്നതുവരെ അവ തുറക്കരുതെന്നും ഞാൻ പറഞ്ഞു. ശബത്തുദിവസം ഒരു ചുമടും അകത്ത് കൊണ്ടുവരാതിരിക്കാൻ ഞാൻ കവാടങ്ങളിൽ എന്റെ ചില പരിചാരകന്മാരെ നിറുത്തുകയും ചെയ്തു. 20 അതുകൊണ്ട്, കച്ചവടക്കാരും പല തരം വ്യാപാരച്ചരക്കുകൾ വിൽക്കുന്നവരും യരുശലേമിനു വെളിയിൽ രാത്രി കഴിച്ചുകൂട്ടി. ഒന്നുരണ്ടു തവണ ഇങ്ങനെ സംഭവിച്ചു. 21 അപ്പോൾ, ഞാൻ അവർക്ക് ഈ മുന്നറിയിപ്പു കൊടുത്തു: “എന്തിനാണു നിങ്ങൾ മതിലിനു മുന്നിൽ രാത്രി കഴിച്ചുകൂട്ടുന്നത്? ഇനി ഇത് ആവർത്തിച്ചാൽ എനിക്കു ബലം പ്രയോഗിക്കേണ്ടിവരും.” അതിൽപ്പിന്നെ, ശബത്തുദിവസം അവരെ അവിടെയെങ്ങും കണ്ടിട്ടില്ല.
22 ശബത്തുദിവസത്തിന്റെ പവിത്രത+ നിലനിറുത്തേണ്ടതിനു ലേവ്യർ ക്രമമായി തങ്ങളെത്തന്നെ വിശുദ്ധീകരിക്കണമെന്നും കവാടങ്ങളിൽ വന്ന് കാവൽ നിൽക്കണമെന്നും ഞാൻ അവരോടു പറഞ്ഞു. എന്റെ ദൈവമേ, ഇതും എന്റെ പേരിൽ കണക്കിടേണമേ. അങ്ങയുടെ സമൃദ്ധമായ അചഞ്ചലസ്നേഹത്തിനൊത്ത് എന്നോടു കനിവ് തോന്നേണമേ.+
23 അസ്തോദ്യർ,+ അമ്മോന്യർ, മോവാബ്യർ+ എന്നിവരിൽപ്പെട്ട സ്ത്രീകളെ വിവാഹം കഴിച്ച* ചില ജൂതന്മാരെയും ഞാൻ അവിടെ കണ്ടു.+ 24 അവരുടെ മക്കളിൽ പകുതി പേർ അസ്തോദ്യഭാഷയും പകുതി പേർ മറ്റു പല ജനതകളുടെ ഭാഷകളും ആണ് സംസാരിച്ചിരുന്നത്. അവരുടെ മക്കൾക്ക് ആർക്കും പക്ഷേ, ജൂതന്മാരുടെ ഭാഷ സംസാരിക്കാൻ അറിയില്ലായിരുന്നു. 25 അതുകൊണ്ട്, ഞാൻ അവരെ ശകാരിക്കുകയും ശപിക്കുകയും ചെയ്തു. അവരിൽ ചില പുരുഷന്മാരെ അടിച്ചു;+ അവരുടെ മുടി വലിച്ചുപറിച്ചു. എന്നിട്ട്, അവരെക്കൊണ്ട് ദൈവനാമത്തിൽ സത്യം ചെയ്യിച്ചു. ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ പെൺമക്കളെ അവരുടെ ആൺമക്കൾക്കു കൊടുക്കരുത്. അവരുടെ പെൺമക്കളിൽ ആരെയും നിങ്ങൾക്കോ നിങ്ങളുടെ ആൺമക്കൾക്കോ വേണ്ടി എടുക്കുകയുമരുത്.+ 26 ഇവർ കാരണമല്ലേ ഇസ്രായേലിലെ ശലോമോൻ രാജാവ് പാപം ചെയ്തത്? മറ്റൊരു ജനതയ്ക്കും ഇതുപോലൊരു രാജാവുണ്ടായിരുന്നില്ല.+ ശലോമോൻ ദൈവത്തിനു പ്രിയങ്കരനായിരുന്നു.+ അതുകൊണ്ട്, ദൈവം ശലോമോനെ ഇസ്രായേലിനു മുഴുവൻ രാജാവാക്കി. പക്ഷേ, വിദേശികളായ ഭാര്യമാർ അദ്ദേഹത്തെക്കൊണ്ടുപോലും പാപം ചെയ്യിച്ചു.+ 27 നിങ്ങൾ വിദേശികളായ സ്ത്രീകളെ വിവാഹം കഴിച്ച് നമ്മുടെ ദൈവത്തോട് അവിശ്വസ്തത കാട്ടുകയോ?+ നിങ്ങൾ ഇങ്ങനെയൊരു മഹാദോഷം ചെയ്തെന്ന് എനിക്കു വിശ്വസിക്കാനേ പറ്റുന്നില്ല.”
28 മഹാപുരോഹിതനായ എല്യാശീബിന്റെ+ മകനായ യോയാദയുടെ+ ആൺമക്കളിലൊരാൾ ഹോരോന്യനായ സൻബല്ലത്തിന്റെ+ മരുമകനായതുകൊണ്ട് ഞാൻ അയാളെ എന്റെ അടുത്തുനിന്ന് ഓടിച്ചുകളഞ്ഞു.
29 എന്റെ ദൈവമേ, പുരോഹിതന്മാരുമായും ലേവ്യരുമായും ചെയ്ത ഉടമ്പടിയും+ പൗരോഹിത്യവും അവർ മലിനമാക്കിയത് ഓർത്ത് അവരെ ശിക്ഷിക്കേണമേ.
30 വിദേശീയമായ എല്ലാ മലിനതയിൽനിന്നും ഞാൻ അവരെ ശുദ്ധീകരിച്ച് പുരോഹിതന്മാർക്കും ലേവ്യർക്കും അവരവർ ചെയ്യേണ്ട കാര്യങ്ങൾ നിയമിച്ചുകൊടുത്തു.+ 31 കൂടാതെ, ആദ്യഫലങ്ങൾക്കുള്ള ഏർപ്പാടും നിശ്ചിതസമയങ്ങളിൽ വിറകു കൊണ്ടുവരാൻ വേണ്ട ക്രമീകരണവും ചെയ്തു.+
എന്റെ ദൈവമേ, എന്നെ പ്രിയത്തോടെ* ഓർക്കേണമേ.+
അർഥം: “യഹോവ ആശ്വസിപ്പിക്കുന്നു.”
അതായത്, പേർഷ്യൻ രാജാവായ അർഥഹ്ശഷ്ട ഒന്നാമന്റെ വാഴ്ചയുടെ 20-ാം വർഷം.
അനു. ബി15 കാണുക.
അഥവാ “സൂസ.”
അഥവാ “കൊട്ടാരത്തിലായിരുന്ന.”
പദാവലി കാണുക.
അഥവാ “മോശയ്ക്ക് അങ്ങ് നൽകിയ മുന്നറിയിപ്പ്.”
അക്ഷ. “വീണ്ടെടുത്ത.”
അനു. ബി15 കാണുക.
അഥവാ “രാജ്ഞിയും.”
അതായത്, യൂഫ്രട്ടീസിനു പടിഞ്ഞാറുള്ള പ്രദേശം.
അഥവാ “രാജാവിന്റെ വനപാലകനായ.”
അഥവാ “നീർച്ചാലിലൂടെ.”
അഥവാ “നിങ്ങൾക്ക് അവിടെ ഒന്നിനുമുള്ള അർഹതയില്ലല്ലോ.”
അഥവാ “സമർപ്പിച്ച്.”
അക്ഷ. “കീഴിലുള്ള പണിക്കു കഴുത്തു കൊടുക്കാൻ.”
അതായത്, യൂഫ്രട്ടീസിനു പടിഞ്ഞാറുള്ള പ്രദേശം.
അഥവാ “അളന്നുതിരിച്ച ഭാഗത്തിന്റെയും.”
ഏകദേശം 445 മീ. (1,460 അടി). അനു. ബി14 കാണുക.
മറ്റൊരു സാധ്യത “സമീപത്തുള്ള ജില്ലയിലെ.”
അഥവാ “നെഥിനിം.” അക്ഷ. “നൽകപ്പെട്ടവർ.”
അഥവാ “ഹാളിന്; മുറിക്ക്.”
അഥവാ “ചുമട്ടുകാർ.”
അക്ഷ. “പത്തു വട്ടം.”
അഥവാ “കുന്തം.”
പദാവലി കാണുക.
അഥവാ “കൊള്ളപ്പലിശ.”
അഥവാ “(മാസംതോറും) ഒരു ശതമാനം.”
അഥവാ “അങ്ങനെതന്നെയാകട്ടെ!”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അഥവാ “എന്റെ ചെലവിൽ.”
അഥവാ “ചെയ്തതിന്റെയെല്ലാം പേരിൽ എന്നെ എന്നെന്നും ഓർക്കേണമേ.”
അക്ഷ. “ഹൃദയത്തിൽ മനഞ്ഞുണ്ടാക്കുന്ന.”
അനു. ബി15 കാണുക.
അഥവാ “നെഥിനിം.” അക്ഷ. “നൽകപ്പെട്ടവർ.”
അഥവാ “അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യസേവനത്തിൽനിന്ന് ഒഴിവാക്കി.”
അഥവാ “തിർശാഥ.” ഒരു സംസ്ഥാനത്തിന്റെ ഗവർണർക്കുള്ള പേർഷ്യൻ സ്ഥാനപ്പേര്.
ഇത് 8.4 ഗ്രാം തൂക്കമുള്ള, ദാരിക്ക് എന്ന പേർഷ്യൻ സ്വർണനാണയമാണെന്നു പൊതുവേ കരുതുന്നു. ഇതു ഗ്രീക്കുതിരുവെഴുത്തുകളിലെ ദ്രഹ്മ അല്ല. അനു. ബി14 കാണുക.
എബ്രായതിരുവെഴുത്തുകളിലെ മിന = 570 ഗ്രാം. അനു. ബി14 കാണുക.
അഥവാ “പൊതുചത്വരത്തിൽ.”
പദാവലി കാണുക.
അഥവാ “ശാസ്ത്രിയായ.”
അഥവാ “അങ്ങനെതന്നെയാകട്ടെ!”
അഥവാ “തിർശാഥയായിരുന്ന.” ഒരു സംസ്ഥാനത്തിന്റെ ഗവർണർക്കുള്ള പേർഷ്യൻ സ്ഥാനപ്പേര്.
അഥവാ “ശക്തി.”
അഥവാ “താത്കാലിക വാസസ്ഥലങ്ങളിൽ.”
അഥവാ “മൂന്നു മണിക്കൂർ.”
അഥവാ “അനാദികാലംമുതൽ അനന്തകാലംവരെ.”
അക്ഷ. “വിത്തിന്.”
അഥവാ “ആശ്രയയോഗ്യമായ നിയമങ്ങളും.”
അക്ഷ. “കൈ ഉയർത്തിയ.”
അക്ഷ. “അവരുടെ കഴുത്തു വഴങ്ങാതാക്കി.”
അഥവാ “കൃപയുള്ള.”
അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമ.”
പദാവലി കാണുക.
അഥവാ “വളക്കൂറുള്ള.”
പദാവലി കാണുക.
അക്ഷ. “അങ്ങയുടെ നിയമം അവർ പുറകിൽ എറിഞ്ഞുകളഞ്ഞു.”
അഥവാ “അവരെ അടിച്ചമർത്തുകയും ചെയ്യും.”
അഥവാ “തിർശാഥയും.” ഒരു സംസ്ഥാനത്തിന്റെ ഗവർണർക്കുള്ള പേർഷ്യൻ സ്ഥാനപ്പേര്.
അഥവാ “നെഥിനിമും.” അക്ഷ. “നൽകപ്പെട്ടവരും.”
മറ്റൊരു സാധ്യത “കാര്യങ്ങൾ മനസ്സിലാക്കാൻ തക്ക പ്രായമായ എല്ലാവരും.”
അഥവാ “ആലയത്തിലെ.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
അഥവാ “അടുക്കിവെച്ചിരിക്കുന്ന അപ്പം.”
അഥവാ “ഊണുമുറികളിൽ.”
അഥവാ “ദശാംശം.”
അഥവാ “നെഥിനിമും.” അക്ഷ. “നൽകപ്പെട്ടവരും.”
അഥവാ “ആലയത്തിന്റെ.”
അക്ഷ. “രാജാവിന്റെ കൈക്കാരൻ.”
അഥവാ “ചുറ്റുമുള്ള പട്ടണങ്ങളിലും.”
അഥവാ “താവളമടിച്ചു.”
മറ്റൊരു സാധ്യത “ശുശ്രൂഷയുടെ സമയത്ത്.”
തെളിവനുസരിച്ച് എബ്രായപാഠം ഇവിടെ ഒരു പേര് വിട്ടുകളഞ്ഞിരിക്കുന്നു.
അഥവാ “ശാസ്ത്രിയും.”
അക്ഷ. “ഗായകപുത്രന്മാരെല്ലാം.”
അതായത്, യോർദാനു ചുറ്റുമുള്ള പ്രദേശം അടങ്ങുന്ന ജില്ല.
അഥവാ “മുന്നിൽ.”
അഥവാ “ദശാംശവും.”
അഥവാ “എല്ലാ സങ്കരസന്താനത്തെയും.”
അഥവാ “ദൈവത്തിന്റെ ആലയത്തിലെ.”
അഥവാ “ഊണുമുറികളുടെ.”
അഥവാ “ദശാംശം.”
അഥവാ “ശാസ്ത്രിയായ.”
അഥവാ “അതിന്റെ പരിപാലനത്തോടും.”
പദാവലി കാണുക.
മറ്റൊരു സാധ്യത “ഭക്ഷണസാധനങ്ങൾ വിൽക്കരുതെന്ന് ആ ദിവസം ഞാൻ അവർക്കു മുന്നറിയിപ്പു കൊടുത്തു.”
അഥവാ “വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന.”
അഥവാ “എന്നെന്നും.”